മഴ പോൽ, തുടർക്കഥ, ഭാഗം 20 വായിക്കുക…..

രചന : മഞ്ചാടി

ഉള്ളിൽ നിറഞ്ഞ പരിഭ്രാന്തിയോടെ വീണ്ടുമവൻ തല മുടി പിച്ചി വലിച്ചതും പെട്ടന്നുണ്ട് അവന്റെ ശരീരത്തിന് വിറവൽ ബാധിക്കുന്നു….

ചുണ്ട് കോടി വായിലൂടെ നുരയും പദയും ഒലിച്ചിറങ്ങിയതും ബോധം മറഞ്ഞവൻ കിടക്കയിലേക്ക് കുഴഞ്ഞ് വീണിരുന്നു…

മറ്റൊരു മുറിയിൽ ഉറക്കമൊഴിച്ചിരിക്കുന്ന പത്മാവാതിയുടെ കാതുകളിൽ ഭദ്രന്റെ അലർച്ച മുഴങ്ങിയതും നെറ്റി മെല്ലെ ചുളിഞ്ഞു വന്നു… ചാടി എഴുന്നേറ്റ് ഗോവണിപടികൾ തിടുക്കത്തിൽ കയറുമ്പോൾ പിറകിലായ് അച്യുതനും വസുധയും പിന്നെ ഭഗീരനുമുണ്ടായിരുന്നു…..ചെറുതായി ചാരിയിരുന്ന വാതിൽ പൊളി തുറന്ന് അകത്തു കയറിയ അവരെ വരവേറ്റത് ബോധം മറഞ്ഞു കിടക്കുന്ന മൂന്ന് ശരീരങ്ങൾ….

ഭൂത കാലം ഒരു തവണ കൂടി ആവർത്തിച്ചിരിക്കുന്നു…

കഴുത്തിൽ സൂചി തുളഞ്ഞു കയറിയ മട്ടിൽ മറിഞ്ഞു കിടക്കുന്ന ഭദ്രനെ കണ്ടതും പത്മാവതിയുടെ ഞരമ്പുകൾ വലിഞ്ഞു മുറുകിയിരുന്നു…. തന്റെ പദ്ധതികളോരോന്നും പൊളിഞ്ഞ ദേശത്തിൽ മേശ പുറത്ത് വെച്ചിരുന്ന ജഗ്ഗെടുത്തവരും എറിഞ്ഞുടച്ചു….ഘോരമായ ശബ്ദത്തോടെ ചില്ലു കഷ്ണങ്ങൾ നിലത്താക്ക് ചിതറി വീണ്…

“”നാശം… പിടിക്കാൻ ഇവിനെ ഒക്കെ ആണല്ലോ ഈ പണിക്ക് ഏല്പിച്ചത്…. എല്ലാം നശിപ്പിച്ചു….

ഇനി എന്താ നോക്കി നിക്കുന്നെ…. ദേ നുരയും പതയും ഒലിപ്പിച്ച് ഉണ്ണി കിടക്കുന്നു…. ആ അടുക്കള പുറത്തുള്ള മീൻ വെട്ടണ കത്തിയില്ലേ…. എടുത്ത് കൊണ്ട് താ….നെഞ്ചിൽ കുത്തി കയറ്റി ആ ഭ്രാന്തനെ അങ്ങ് തീർത്തു കളയാം… ശേഖര വർമ്മ (മുത്തശ്ശൻ ) മറ്റൊരുത്തിയിൽ പോയി പെറീപ്പിച്ച് ഉണ്ടാക്കിയ തലമുറ ഇന്നിവിടെ തീരണം…. സ്വത്തും മുതലും ഒന്നും എനിക്ക് വേണ്ട പക്ഷെ ഉണ്ണി ഇനി ജീവിക്കണ്ടാ….””

ഒരു ഭ്രാന്തിയെ പോലെ പരസ്പര ബന്ധമില്ലാതെ എന്തൊക്കെയോ പുലമ്പുന്ന പത്മാവാതിയെ അച്യുതനൊന്ന് പിടിച്ചുലച്ചു….

“”അമ്മ എന്തൊക്കെയാ ഈ പറയുന്നേ…. ഉണ്ണിയെ ഇവിടെ ഇട്ട് വെറും അങ്ങ് കൊന്ന് കളഞ്ഞാൽ എന്താ അതിലൊരു രസമുള്ളത്…. വില്പത്രമനുസരിച്ച് പിന്നെ നമ്മൾ ഇത്രയും നാൾ കാത്തിരുന്ന മനക്കലെ കോടി കണക്കിന് വിലയുള്ള സ്വത്തിന്റെ അവകാശി ദേ…. ഈ പീറ പെണ്ണാ….

ഉണ്ണീടെ ഭാര്യ…. അതിനാണോ നമ്മൾ ഇത്രയും കാലം കാത്തിരുന്നത്….അമ്മേ…. പറയാൻ…

ഞങ്ങളെ ഒക്കെ നക്കാപിച്ചകൾ ആക്കാനാണോ അമ്മക്ക് ഇഷ്ട്ടം….ഗായത്രിയും ഉണ്ണിയുമായുള്ള വിവാഹം ഒന്ന് നടക്കട്ടെ… എന്നിട്ട് ഉണ്ണിയെ എന്ത് വീണെങ്കിലും അമ്മ ചെയ്തോ….””

കലി തുള്ളി നിന്നിരുന്ന പത്മാവതിയുടെ മുഖത്ത് പെട്ടന്നൊരു ചിരി വിടർന്നു…. ക്രൂരമായൊരു ചിരി…..

ഉള്ളിൽ വീണ്ടുമവർ കുരുക്കുകൾ മെനയുകയായിരുന്നു…

“”അച്യുതാ….ഒരു തവണ എല്ലാ നശിച്ചെന്ന് കരുതി ഈ പത്മാവതി തോറ്റ് പിന്മാറില്ല….പത്മാവതി എവിടെയും തോറ്റ ചരിത്രമില്ല…. ഇനി എന്താ ചെയ്യേണ്ടത് എന്ന് എനിക്കറിയാം….”””

മറ്റുള്ളവരൊക്കെയും ആകാംഷയോടെ പത്മാവാതിയെ നോക്കിയെങ്കിലും ആ സ്ത്രീ മൗനത്തെ കുടിച്ചിരുന്നു…

കുറച്ചു നേരത്തെ കണക്കുകൂട്ടലുകൾക്ക് ശേഷം വീണ്ടുമവരുടെ മുഖത്താ പഴയ ചിരി തെളിഞ്ഞു….

ക്രൂരത നിറഞ്ഞ…. പകയെരിയുന്ന വന്യാമായൊരു ചിരി….

ഉണ്ണിയേട്ടൻ അപ്പോഴും അതെ കിടപ്പായിരുന്നു….വിറവൽ ബാധിച്ച ശരീരത്തോടെ കോടിയ ചുണ്ടിലൂടെ നുരയും പതയും ഒലിച്ച് കുഴഞ്ഞുള്ള കിടപ്പ്…മറ്റൊരു വഷത്ത് മരുന്നിന്റെ മയക്കിൽ ബോധം മറഞ്ഞ് കിടക്കുകയായിരുന്നു അമ്പിളി…

ശത്രു പക്ഷത്തുള്ളവർ അൽപ്പ നേരം കൂടി എന്തൊക്കെയോ ചർച്ച ചെയ്തിരുന്നു… പിന്നീട് മനക്കലെ തറവാട്ടിലെ മുറ്റത്ത് കിടന്നിരുന്ന രണ്ട് കാറുകൾ ഗേറ്റ് കടന്ന് എങ്ങോ ദൂരേക്ക് കുതിച്ചു…

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

ഓടിട്ട ഒരു കുഞ്ഞു വീടിന്റെ മുന്നിലെത്തിയതും ഭഗീരനുണ്ട് കാറിന്റെ ഡോർ തുറന്ന് പുറത്തിറങ്ങുന്നു…കൂടെ വല്യമ്മയും…..

ഇറയത്തുള്ള മഞ്ഞ ബൾബിന്റെ നറുങ്ങു വെട്ടം ഒഴിച്ച് ചുറ്റും കൂരാകൂരിരുട്ടായിരുന്നു….പുറത്ത് തൂക്കിയിട്ടിരുന്ന മണി രണ്ട് മൂന്ന് തവണ ശക്തിയിൽ അടിച്ചതും ഉറക്ക ചവിടോടെ ഒരു സ്ത്രീ കതക് തുറന്നു…

അപ്പച്ചി….

മനക്കലെ തറവാട്ടിലുള്ളവരെ കണ്ടതും അപ്പച്ചിയുടെ മുഖം സംശയത്തോടെ ചുളിഞ്ഞു വന്നു….

“”എന്താ… എന്താ നിങ്ങളീ നേരത്ത് അമ്പിളിയുണ്ടോ നിങ്ങളുടെ കൂടെ….””

“”ദേ തള്ളേ…. ഞങ്ങൾക്ക് അധിക സമയം ഇവിടെ നിൽക്കാൻ നേരമില്ല …. ഉള്ള കാര്യം എന്താന്ന് വെച്ചാൽ അങ്ങ് പറയാം അതിന്റെ ഇടക്ക്…. എന്താ ഏതാ എന്തിനാ… എന്നുള്ള ചോദ്യങ്ങൾ വേണ്ട ശ്രദ്ധിച്ചു കേട്ടോളൂ…. നിങ്ങളുടെ അമ്പിളിയെ ഇനി മനക്കലെ തറവാട്ടിലെ മരുമോളായി ആവിശ്യമില്ല….

ആ പെണ്ണ് കാറിലുണ്ട്….ഇനി ഒരിക്കലും അവൾ മനക്കലെ തറവാടിന്റെ പടി ചവിട്ടാൻ പാടില്ല….

ഇനി അങ്ങനെ എങ്ങാനും സംഭവിച്ചാൽ തല പോകുന്നത് നിങ്ങളുടേതായിരിക്കും….അത് കൊണ്ട് ഇനി മുതൽ അവളീ വീടിന്റെ പുറം ചാടാതെ നിങ്ങൾ വേണം നോക്കാൻ…. ഒന്നും വെറുതെ വേണ്ട…. ചെയ്യുന്ന പണിക്ക് അർഹിക്കുന്നതിനേക്കാളേറെ പ്രതിഫലം മനക്കലെ തറവാട്ടുകാർ തരും…. “”

കാറിന്റെ ഡിക്കി തുറന്ന് ഭഗീരൻ അത്യാവശ്യം വലിപ്പമുള്ളൊരു പെട്ടിയെടുത്തു….അപ്പച്ചിയെ ഏൽപ്പിക്കുമ്പോൾ അവരുടെ കണ്ണുകളിൽ വല്ലാത്തൊരു തിളക്കമായിരുന്നു….

“”ഇതാ…. ഇത് വെറും അഡ്വാൻസ്… പണി ഒരു പാകപിഴയും കൂടാതെ എടുത്താൽ ബാക്കി കൂടി തരും….പ്രശ്നങ്ങളെന്തെങ്കിലും സംഭവിച്ചാൽ അറിയാലോ….””

ഒന്ന് കൂടി ഓർമ്മപ്പെടുത്തിയവൻ ബാക്ക് സീറ്റിൽ കിടത്തിയിരുന്ന അമ്പിളിയെ തോളിലിട്ട് ആ കൊച്ചു വീടിന്റെ അകത്തേക്ക് കയറി…. നടുമുറിയിൽ ഉണ്ടായിരുന്ന അറ്റം പൊളിഞ്ഞു പൊടി പിടിച്ച പഴയ ഒരു സോഫയിൽ അവളെ കിടത്തി…

അപ്പച്ചി ആ സമയമെത്രയും ഭഗീരൻ തന്നേൽപ്പിച്ച പെട്ടിയെ ആർത്തിയോടെ തിരിച്ചും മറിച്ചും നോക്കുന്ന തിരക്കിലായിരുന്നു…

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

അടഞ്ഞ കൺപോളകൾ പ്രയാസത്തോടെയവൾ വലിച്ചു തുറക്കുമ്പോൾ പരിചിതമായ ഏതോ മുറിയിലായിരുന്നു… തുറന്നിട്ട ജനാലയിലൂടെ സൂര്യ കിരണങ്ങൾ അകത്തേക്ക് തള്ളി കയറുന്നുണ്ട്….

തലക്കപ്പോഴും വല്ലാത്തൊരു ഭാരമായിരുന്നു….

സ്ഥലകാല ബോധം വന്നതും ആ പെണ്ണ് തട്ടി പിടഞ്ഞെഴുന്നേറ്റു….. ചുറ്റും പേടിയോടെ അവൾ മിഴികളോടിച്ചു കൊണ്ടിരുന്നു …..

“”ആഹാ…. ന്റെ അമ്പിളി കുട്ടി എഴുന്നേറ്റോ… അപ്പച്ചി നോക്കി ഇരിക്കുവായിരുന്നു…. നീ പോയതിൽ പിന്നെ ഈ വീടിന് ഇപ്പൊ പണ്ടത്തെ വൃത്തിയും വെടിപ്പും ഒന്നും ഇല്ല…. പിന്നെ അപ്പു മോനാണെങ്കി കൊറേ നാളായി പറയുന്നു അമ്പിളി ചേച്ചിയെ കാണാൻ കൊതിയാവുന്നുണ്ട് ന്ന് …. ഇത്ര പെട്ടന്ന് നീ ഇവിടെ എത്തുമെന്ന് ഞാനും പ്രതീക്ഷിച്ചില്ല …. ഏതായാലും മോള് പെട്ടന്ന് എഴുന്നേറ്റ് താഴെയും മുകളിമുള്ള മുറികളൊക്കെ ഒന്ന് തൂത്തു വാരി തുടച്ചിട്….””

പരിഹാസത്തോടെയുള്ള അപ്പച്ചിയുടെ വർത്തമാനം കേട്ടതും നെഞ്ചിൻ കൂട് വല്ലാതെ പിടക്കുകയായിരുന്നു… ഒന്നും അങ്ങോട്ട് മനസ്സിലാവുന്നില്ല…. ഇന്നലെ ഉണ്ണിയേട്ടനെ പാട്ട് പാടി കൊടുത്ത് ഉറക്കി താനും എപ്പഴോ ഉറങ്ങിയിരുന്നു…. പിന്നെ ഇരുട്ടിൽ ഒരു രൂപത്തെ കണ്ടതും നിലവിളിക്കാൻ വാ തുറക്കും മുന്നേ അയാൾ തന്റെ വാ പൊത്തി പിടിച്ചതും ഓർമയുണ്ട്…

“”അപ്പച്ചി…. ഞാൻ…എങ്ങനാ ഇവിടെ… നിക്കി ഉണ്ണിയേട്ടന്റെ അടുത്തോട്ട് പോണം… ന്നെ കാണാതെ ഉണ്ണിയേട്ടന് പറ്റില്ല….””

ഉണ്ണിക്കുട്ടനെ കാണാത്തതിലുള്ള പരിഭവത്താൽ അപ്പോഴേക്കും ആ പെണ്ണിന്റെ മിഴികളിൽ നീർ മുത്തുകൾ ഉരുണ്ട് കൂടി….എത്രയും പെട്ടന്നവനെ കാണാനുള്ള കൊതിയായിരുന്നു….ധൃതിയായിരുന്നു അവളിൽ നിറയെ….

“”പ്പാഹ്ഹ്ഹ്… ഡീ ഉരുമ്പെട്ടോളെ…. മിണ്ടി പോവരുത് നിന്നെ ഇനി ആ മനക്കലെ തറവാടിന്റെ പടിക്കല് പോലും കണ്ട് പോവരുത് ന്നാ അവിടന്ന് പറഞ്ഞേക്കുന്നെ…. ഓരോന്ന് കാട്ടി കൂട്ടുമ്പോ ഓർക്കേണ്ടിയിരുന്നു….പിന്നെ കുറച്ച് മാസങ്ങൾക്കുള്ളിൽ നിന്റെ ഡിവോഴ്സ് പേപ്പർ വരുമെന്നും പറഞ്ഞിട്ടുണ്ട്….പിന്നെ എന്റെ കണ്ണ് വെട്ടിച്ച് എങ്ങാനും നീ ഈ വീടിന്റെ പുറത്തിറങ്ങിയാൽ പിന്നെ നിന്റെ കിടപ്പ് മുറി അങ്ങ് തെരുവിലായിരിക്കും ഓർത്തോ…. ഒഴിഞ്ഞു പോയല്ലോ എന്ന് കരുതി സമാധാനിച്ചതാ…. ന്നാലും വലിഞ്ഞു കേറി വന്നിരിക്കുന്നത് കണ്ടില്ലേ…. ഇനി ഇതിനേം കൂടി ഞാൻ തന്നേ തീറ്റി പോറ്റണല്ലോ…. ന്റെ കാവിലമ്മേ….””

അപ്പച്ചിയിൽ നിന്നുമുള്ള ഓരോ വാക്കും കാര മുള്ള് പോലെ ആ പെണ്ണിന്റെ ഹൃദയത്തിൽ കുത്തി തറക്കുന്നുണ്ടായിരുന്നു….ഒരു തരം മരവിപ്പോടെ നിലത്തേക്ക് പടിഞ്ഞിരുന്നു…

“”ഇനി ആ മനക്കലെ തറവാടിന്റെ പടിക്കല് പോലും കണ്ട് പോവരുത് ന്നാ അവിടന്ന് പറഞ്ഞേക്കുന്നെ….പിന്നെ കുറച്ച് മാസങ്ങൾക്കുള്ളിൽ നിന്റെ ഡിവോഴ്സ് പേപ്പർ വരുമെന്നും പറഞ്ഞിട്ടുണ്ട്….”””

കാതിൽ ഒരിടി മുഴക്കം പോലെ വീണ്ടുമാ വാക്കുകൾ പ്രതിധ്വനിച്ചു കൊണ്ടിരുന്നു…ചാല് തീർത്തൊഴുകുന്ന കണ്ണീരോടെ കാൽ മുട്ടിലേക്ക് മുഖം പൂഴ്ത്തി വെച്ചവൾ…നെഞ്ചിൽ താലിയുടെ കൂർത്ത അറ്റം ഉരഞ്ഞ് മുറിവേൽപ്പിക്കുന്നത് പോലെ തോന്നിയാ പെണ്ണിന്…

“”ഉണ്ണിയേട്ടാ… നിക്കി പറ്റില്ല… ന്നെ ഇഷ്ട്ടല്ലതായോ…. അമ്പൂട്ടിക്ക് പറ്റില്ല…””

സങ്കടം തിങ്ങി നിറഞ്ഞ ഏങ്ങലടികൾ അവളിൽ നിന്നും പുറം ചാടി കൊണ്ടിരുന്നു…

“”ഉണ്ണിക്കുട്ടാ… അമ്പൂട്ടീനെ വേണ്ടാന്ന് പറയല്ലേ…””

ഉള്ളിലെ നോവ് ഒട്ടും സഹിക്കാവയ്യാതെയവൾ തൊണ്ട പൊട്ടി കരഞ്ഞു….

“”ഞാൻ എന്ത് തെറ്റ് ചെയ്തൂന്നാ നിങ്ങളീ പറയുന്നേ…. ന്നെ വേണ്ടാന്ന് പറയല്ലേ….

ഉണ്ണിക്കുട്ടനില്ലാതെ ഈ അമ്പൂട്ടിക്ക് വയ്യ….അമ്പൂട്ടി പോയാൽ ഒത്തിരി വിഷമാവും ന്നൊക്കെ പറഞ്ഞിട്ട്… ഇപ്പൊ ന്നെ വേണ്ടേ…. ന്നാലും നിക്കി…. നിക്കി വേണം ന്റെ ഉണ്ണിക്കുട്ടനെ….””

മുഖം കൈ വെള്ള കൊണ്ട് പൊത്തിപ്പിടിച്ചവൾ കണ്ണീരിനിടയിലും പുലമ്പി കൊണ്ടിരുന്നു…

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

ഏറെ നേരം അടഞ്ഞിരുന്ന കൺപോളകൾ വലിച്ചു തുറക്കുമ്പോൾ ഉണ്ണിയേട്ടൻ ആശുപത്രി മുറിയിലായിരുന്നു….കയ്യിൽ ഡ്രിപ്പിട്ടിട്ടുണ്ട്… തലക്കപ്പോഴും വല്ലാത്ത ഭാരമുണ്ടായിരുന്നു ….ഒരു ദീർഘ നിദ്രക്കു ശേഷം ഉണർന്നത് പോലെ തോന്നിയവന്…. ഇന്നേതാ ദിവസം ഏതാ മാസം ഏതാ വർഷം…. ഒന്നും ഓർക്കുന്നില്ല…. ഇത്രയും നാൾ താൻ ഉറക്കത്തിലായിരുന്നു എന്നൊരു തോന്നൽ….

ആ ഉറക്കിൽ എന്തൊക്കെയോ സ്വപ്നം കണ്ടിരുന്നു… ഒരു പെണ്ണ്…. തന്നേ പ്രാണന്നു തുല്യം സ്നേഹിക്കുന്നൊരു പെണ്ണ്….

“”ഉണ്ണിയേട്ടാ…..””

കാതിലവളുടെ മധുരമൂറും വിളികൾ അലയടിക്കുന്നു….തന്റെ കൂടെ കുറുമ്പ് കൂടിയും കളിച്ചും നടന്നിരുന്നൊരു കുസൃതിക്കാരി…. പീലികൾ തിങ്ങി നിറഞ്ഞ വിടർന്ന കണ്ണുകളിൽ എന്നും നിറഞ്ഞു നിന്നിരുന്നത് തന്നോടുള്ള പ്രണയമായിരുന്നു…. നാണം കൊണ്ട് മുഖം കുനിയുമ്പോൾ ചുവന്ന് തുടുക്കുന്ന കവിളുകളും ഒരറ്റക്കൽ മൂക്കുത്തിയും…. പിന്നെ ചുണ്ടിൽ ഉറവ വറ്റാതെ നിൽക്കുന്ന ചെറു ചിരിയും….

അവന്റെ ഹൃദയന്തരങ്ങളിൽ തെളിഞ്ഞു നിന്നവളുടെ രൂപമായിരുന്നത്….ആ പെണ്ണിന്റെ പേരോ താനും അവളും തമ്മിലുള്ള ബന്ധമോ ഓർക്കുന്നില്ല….

പക്ഷെ ആ മുഖം മാത്രം വെണ്ണ പോൽ മനസ്സിലങ്ങനെ തെളിഞ്ഞു നിൽക്കുന്നു….

കണ്ണുകൾ വീണ്ടുമവൻ ഇറുകെ മൂടി തുറന്നു…

“”””ഒത്തിരി ഇഷ്ട്ടാ… ഒത്തിരി ഒത്തിരി ഇഷ്ട്ടാ…. ന്റെ ഉണ്ണികുട്ടനെ…. ന്റെ പ്രാണനാ…..””””

ഒരു സ്വാകാര്യം പോലെ ഏറെ നേർത്തൊരു ശബ്ദം വന്ന് കാതിൽ മന്ത്രിക്കുന്നു…. നൂല് പൊട്ടിയ പട്ടം പോലെ അവന്റെ മനസ്സ് എങ്ങോട്ടാ സഞ്ചരിച്ചു….ഓർമ്മകളുടെ വേലിയേറ്റമായിരുന്നു ഉള്ളിൽ….

അവസാനം തന്റെ കുഞ്ഞു പെങ്ങളിലത് തങ്ങി നിന്നു….നിലവിളികൾ…. ഹൃദയത്തിൽ കുത്തുന്ന നിലവിളികൾ….

കൺകോണിലൂടെ കണ്ണുനീർ ഒഴുകി ഇറങ്ങിയിരുന്നു…എങ്കിലും കൈത്തലം കൊണ്ടവനത് തുടച്ചു നീക്കി…

അവിടെ കിടന്നവന് വീർപ്പ് മുട്ടും പോലെ…

ആശുപത്രിയിൽ തിരക്ക് കൂടി വരുന്നുണ്ടായിരുന്നു….

മുറിയിൽ തിങ്ങി നിറഞ്ഞ മരുന്നിന്റെ ഗന്ധം അവനെ കൂടുതൽ ആസ്വസ്ഥനാക്കി…

ഭൂതകാലമായിരുന്നു മനസ്സ് നിറയെ…. കുഞ്ഞു പെങ്ങളുമൊത്തുള്ള സുവർണ്ണ നിമിഷങ്ങൾ….

പിന്നെ പിന്നെ ഓർമ്മകൾ ആ പെണ്ണിലേക്കെത്തി…

കണ്ണടച്ചവൻ മുന്നിലെ വെളിച്ചത്തെ ഇരുട്ടാക്കി മാറ്റി….

ആ പെണ്ണിന്റെ കുറുമ്പ് നിറഞ്ഞ മുഖം ഓർമ്മകളിൽ വിരിയുന്നുണ്ട്….പിന്നെ കുപ്പിവള കിലുക്കം പോലുള്ള ഒത്തിരി ഒത്തിരി ചേലുള്ള തേനൂറും പൊട്ടിച്ചിരികൾ കാതിൽ അലയടിച്ചു…. വന്നു മൂടിയ അസ്വസ്ഥത വിട്ടകലും പോലെ… പകരം മനസ്സിനെ ഒരു തരം തണുപ്പ് മൂടി പൊതിഞ്ഞു…..

ആ കുളിര് ശരീരമാകെ പടർന്നു കയറുന്നതവൻ അറിയുന്നുണ്ടായിരുന്നു….

പത്മാവതിയും കൂട്ടരും ഉണ്ണിയേട്ടനെ ആശുപത്രിയിൽ എത്തിച്ച ഉടനെ തറവാട്ടിലേക്ക് തിരികെ മടങ്ങിയിരുന്നു…. വീണ്ടും ചില കാര്യങ്ങൾ അവർക്ക് ചെയ്ത് തീർക്കാൻ ബാക്കിയുണ്ട്….തറവാട്ടിൽ ചെറിയമ്മയുടെയും ഗായത്രിയുടെയും അഭാവം ശത്രു പക്ഷത്തിന് പദ്ധതികളോരൊന്നും എളുപ്പത്തിൽ നടത്താൻ കൂടുതൽ സാഹയിച്ചു….

അമ്പിളി പെണ്ണിന്റെ വസ്ത്രങ്ങളും കുപ്പിവളകളും കരി വളകളും പൊട്ടും ചാന്തും അങ്ങനെ എല്ലാം അവരാ വീട്ടിൽ നിന്നും ഒഴിച്ചു…. താൻ ഭ്രാന്തനായിരുന്ന സമയത്ത് തനിക്കൊരു ഭാര്യ ഉണ്ടായിരുന്നു എന്ന കാര്യം ഉണ്ണിയേട്ടനിൽ നിന്നും തന്ത്രപൂർവ്വം മറച്ചു വെക്കാനായിരുന്നു അവരതൊക്കെ ചെയ്തു കൂട്ടിയത്…. അമ്പിളിയെ കുറിച്ചുള്ള ഒരോർമ്മയും അവന്റെ മനസ്സിലേക്ക് തിരികെ എത്തരുത് എന്ന ഗൂഢമായ ലക്ഷ്യത്തോടെ….

ഉച്ചയോടടുത്തതും നിറയെ തട്ടുകളുള്ള തൂക്ക് പാത്രത്തിൽ ഉണ്ണിയേട്ടന് കഴിക്കാനുള്ളതൊക്കെ നിറച്ച് വീണ്ടുമവർ ആശുപത്രിയിലെത്തി… മുറിയിലേക്ക് കയറുമ്പോൾ കട്ടിലിൽ ചായ്ച്ചു വെച്ച തലയിണയിൽ ചാരി ഇരുന്നു ഏതോ പുസ്തകം വായിക്കുന്ന തിരക്കിലായിരുന്നു ഉണ്ണിയേട്ടൻ….

അവരെ കണ്ടെങ്കിലും അവന്റെ കണ്ണുകൾ പരതിയത് അവൾക്ക് വേണ്ടിയായിരുന്നു…. പേരും ഊരും ഒന്നുമറിയാത്ത ആ മൂക്കുത്തി പെണ്ണിന് വേണ്ടി…. അവൾ തന്റെ ആരായിരിക്കും എന്നറിയാനുള്ള ആകാംഷയായിരുന്നു…. വിടർന്ന കണ്ണുകൾ മെല്ലെ ചുങ്ങി വന്നു…മുഖത്ത് നിരാശ പടർന്നു പിടിച്ചു…. ആ പെണ്ണിനെ ഒന്ന് കാണാൻ വല്ലാത്ത കൊതി തോന്നി….ഹൃദയം എന്തിനോ വേണ്ടി പിടയുന്നുണ്ടായിരുന്നു…

“”മോനെ…. ഉണ്ണിക്കുട്ടാ…””

സ്നേഹം ചാലിച്ച വിളിയോടെ പത്മാവതി അവനെ ഇറുകെ പുണർന്നു… വസുധ ഒരു പുഞ്ചിരിയോടെ അവന്റെ നെറുകിൽ തഴുകുന്നുണ്ടായിരുന്നു…

“”മോനിപ്പോ ഞങ്ങളെയൊക്കെ ഓർമ്മയുണ്ടോ….””

“”മുത്തശ്ശി, വല്യമ്മ, വല്യച്ഛൻ, ഭഗീരൻ എന്തേ ഞാൻ പറഞ്ഞത് ശെരിയല്ലേ….””

ഓരോരുത്തരെയും നേരെ ചൂണ്ടി കൊണ്ടവൻ കളിയോടെ പറഞ്ഞതും പത്മാവാതിയിൽ വല്ലാത്ത ആഹ്ലാതമായിരുന്നു…. താൻ ഇത്രയും നാൾ കാത്തിരുന്ന ഉണ്ണിയുടെ തിരോധനത്തിന് ഇനി അധിക നാളുകളിലെന്നതിലുള്ള ഉന്മാദം….

“”നിക്കറിയാം…. മോനൊന്നും അങ്ങോട്ട് മനസ്സിലാവുന്നില്ലെന്ന്…. കുഞ്ഞോൾടെ മരണം ന്റെ കുട്ടീടെ മനസ്സിന്റെ താളം തെറ്റിച്ചു….മൂന്ന് വർഷത്തോളായി…. ആ സമയത്ത് നടന്നതൊന്നും മോൻ ഓർമ്മ ഉണ്ടാവില്ലെന്ന് ഡോക്ടർ ഞങ്ങളോട് പറഞ്ഞിരുന്നു…. മോന് വല്ലതും ഓർക്കുന്നുണ്ടോ… അലറി ബഹളം വെച്ചതും അങ്ങനെ എന്തെങ്കിലും….””

അമ്പിളിയെ കുറിച്ചുള്ള ഓർമ്മകൾ അവന്റെ മനസ്സിൽ ഇനിയുണ്ടാവില്ലെന്ന് ഡോക്ടർ പറഞ്ഞിരുന്നെങ്കിലും ഒന്ന് കൂടി ഉറപ്പു വരുത്താനായിരുന്നു പത്മാവതി അങ്ങനെ ഒരു ചോദ്യം ഉന്നയിച്ചത്….

കുഞ്ഞോളെ കുറിച്ച് കേട്ടപ്പോഴേക്കും ആ ഏട്ടന്റെ കണ്ണിൽ നീർ തിളക്കം ഉടലെടുത്തിരുന്നു…..

തന്റെ കൊച്ചു പെങ്ങൾക്ക് വേണ്ടി രണ്ടിട്ടി കണ്ണുനീർ അവന്റെ പീലികളെ നനയിച്ചു….

മൂകതയോടെ അവൻ ഇല്ലെന്ന് തലയാട്ടി…ഓർമ്മകളിലേക്ക് പ്രേമത്തോടെ ഇടയ്ക്കിടെ നുണഞ്ഞു കയറുന്ന ആ പെണ്ണിനെ കുറിച്ച് ചോദിക്കണമെന്നുണ്ടെകിലും എന്തോ അവൻ മൗനത്തെ കൂട്ടുപിടിച്ചിരുന്നു…

അത്രമേൽ പ്രിയപ്പെട്ടവളായിരുന്നു അവളെങ്കിൽ ഇന്ന് മുത്തശ്ശിയോടപ്പം തന്നേ കാണാൻ ഓടി എത്തില്ലേ… തന്നേ ആ മാറോട് ചേർക്കില്ലേ…

ചുംബനങ്ങൾ കൊണ്ട് മൂടില്ലേ…. ഇല്ല അങ്ങനെ ഒരുവൾ ഈ ലോകത്തില്ല എല്ലാം തന്റെ തോന്നലുകളാണെന്നവൻ മനസ്സിനെ സ്വയം പറഞ്ഞു പഠിപ്പിച്ചു…. എങ്കിലും ഉള്ളിലൊരു ചെറു നോവ് കിടന്നു പുകയുന്നുണ്ടായിരുന്നു….

പാത്മാവാതിയിൽ വീണ്ടുമാ പഴയ പുഞ്ചിരി സ്ഥാനം പിടിച്ചു.. പകയെരിയുന്ന വന്യമായൊരു തിളക്കമുള്ള ചെറു ചിരി….

ഉണ്ണിയേട്ടനെ വീണ്ടുമവർ സ്നേഹം നടിച്ച് ചേർത്ത് പിടിച്ചു…

“”മോന് പറയുന്നത് കൊണ്ടൊന്നും തോന്നരുത്…. എന്തിനാ ഇത്രയും പെട്ടന്ന് അങ്ങനെ ഒരു തീരുമാനം എന്നും മോന് വിചാരിക്കും….അതായാലും ഞാൻ പറയാം…. മോന്റെ വിവാഹം നടത്താൻ ഞങ്ങളെല്ലാവരും കൂടി നിശ്ചയിച്ചു വധു… നമ്മുടെ ഗായത്രി കുട്ടി തന്നെയാണ്…. ന്റെ കുട്ടിക്ക് പരിഭവം ഒന്നും തോന്നരുത്…. ഇനി നിനക്ക് ഏറ്റവും കൂടുതൽ വേണ്ടത് ഒരു ഭാര്യയുടെ പരിചരണമാണെന്ന് ഡോക്ടർ പ്രതേകം പറഞ്ഞിട്ടുണ്ട്…. അത് കൊണ്ടാ ഇങ്ങനെ ഒന്ന് പെട്ടന്ന് തന്നേ ഞങ്ങൾ ഉറപ്പിച്ചത്…. ഉണ്ണിക്കുട്ടാ ഈ കല്യാണം വേണ്ടെന്ന് പറയരുത്…. ന്റെ കൂട്ടീടെ ആരോഗ്യല്ലേ ഞങ്ങക്ക് വലുത്….””

“”മുത്തശ്ശി…. ഗായു അതെങ്ങനെ…. ഞാനവളെ എന്റെ സ്വന്തം പെങ്ങളൂട്ടിയെ പോലെ കൊണ്ട് നടന്നതല്ലേ…. പെട്ടന്ന് ഇങ്ങനെ ഒക്കെ പറയുമ്പോ..””

“”അതൊക്കെ നിക്കറിയാം… മോന് മാനസിക റോഖം പിടിച്ചൂന്ന് നാട്ടിലാകെ പാട്ടാ… അത് കൊണ്ട് നമ്മുക്ക് ഒത്തൊരു പെണ്ണിനെ കിട്ടാൻ പാടാ അത് കൊണ്ട് നമ്മുടെ കുടംബത്തിലുള്ളവർ തന്നേ അല്ലെ നല്ലത്….””

മറുപടി ഒന്നും പറയാതെ വെറുതെ അവനൊന്ന് തല ചലിപ്പിച്ചു…. മനസ്സ് വീണ്ടും ക്ഷുഭിതമാകുന്നു..ശരീരമാകെ തളരുന്നത് പോലെ…വീണ്ടുമാ അസ്വസ്ഥത അവനെ പിടി മുറുക്കി കൊണ്ടിരുന്നു…. ഹൃദയം എന്തിനോ വേണ്ടി പിടക്കുന്നുണ്ട്…

തലയിണ കിടക്കയിലേക്ക് തന്നേ വെച്ചവൻ മലർന്നു കിടന്നു….ഉത്തരത്തിലേക്ക് കണ്ണും നട്ടിരിക്കുമ്പോൾ ആ പെണ്ണിന്റെ മുഖമായിരുന്നു ഉള്ളം നിറയെ…. തന്നേ പ്രേമത്തോടെ നോക്കുന്നുണ്ടവൾ… ഇടക്കെപ്പഴോ കണ്ണ് നിറച്ച് എങ്ങോട്ടാ ഓടി മറഞ്ഞു..

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

ചുക്കി ചുളിഞ്ഞ് അലങ്കോലമായി കിടക്കുന്ന കിടക്ക അവൾ കുടഞ്ഞു വിരിച്ചു… പിന്നെയും ചൂലെടുത്ത് ബാക്കി ഭാഗം കൂടി വൃത്തിയാക്കുമ്പോൾ പിറകിലൂടെ ആരോ വന്ന് കെട്ടി പിടിക്കുന്നു…

ഞെട്ടി തിരിഞ്ഞു നോക്കുമ്പോൾ അപ്പു മോനാണ്…മുന്നിലെ കുഞ്ഞരി പല്ലുകളിൽ രണ്ടെണ്ണവും പറിഞ്ഞ് മോണ കാട്ടി ചിരിക്കുന്നുണ്ട്….

തുടരും…

ലൈക്ക് കമൻ്റ് ചെയ്യണേ….

രചന : മഞ്ചാടി