അവിടെ ഒരു പെണ്ണ് .. എന്തോ വശപിശകു തോന്നുന്നല്ലോ…പോയി മുട്ടി നോക്കിയാലോ…

രചന: രമ്യ മണി

“ഡാ.. ബാലു.. നോക്ക്.. അവിടെ ഒരു പെണ്ണ് .. എന്തോ വശപിശകു തോന്നുന്നല്ലോ…പോയി മുട്ടി നോക്കിയാലോ, ഒന്ന് കുളിപ്പിച്ചെടുത്താൽ മതി വൃത്തിയാവാൻ !”.

“ഏതാ കണ്ണാ. ആ കുഞ്ഞിനെ കുളിപ്പിക്കുന്നവളെയാണോ ?? ശെരിയാ.. കൂടെ ആരും ഇല്ലന്ന് തോന്നുന്നു വാ പോയി നോക്കാം”.

പറഞ്ഞു കൊണ്ടു കണ്ണനും ബാലുവും റോഡ് മുറിച്ചു കടന്നു.

പൈപ്പിൽ നിന്നു വെള്ളം എടുത്തു കൈയിലുള്ള കുഞ്ഞിനെ കുളിപ്പിക്കുകയായിരുന്നു അവൾ.

ഓരോ തുള്ളി വെള്ളം ദേഹത്തു വീഴുമ്പോളും കുഞ്ഞു കരഞ്ഞുകൊണ്ടേയിരുന്നു.

കണ്ണനും ബാലുവും അവൾക്കു ചുറ്റും നിന്നു.

“ചേച്ചീ.. വരുന്നോ ഞങ്ങടെ കൂടെ? ഭക്ഷണോം താമസോം എല്ലാം വേണ്ടത് തരാമെന്നേ”.

പേടിച്ചരണ്ട മിഴികളോടെ അവൾ അവരെ നോക്കി.

ആ മിഴികളിൽ ഞാൻ എന്തിനീ ലോകത്തു ജനിച്ചു എന്ന മട്ടിലുള്ള വിഷാദം കനത്തു നിന്നിരുന്നു

തന്നോട് ചേർന്ന് വരുന്ന അവരെ കണ്ടപ്പോൾ അവൾ നനഞ്ഞ കുഞ്ഞിനെ തോളിലിട്ടു വേഗത്തിൽ മുന്നോട്ടു നടന്നു. കുഞ്ഞിന്റെ ദേഹത്തെ വെള്ളം അവളുടെ സാരിയിലൂടെ ഒലിച്ചിറങ്ങാൻ തുടങ്ങി.

അവരുടെ വേഗം കൂടുന്നതിനനുസരിച്ചു അവളും കാലുകൾ നീട്ടി വച്ച് ഓടാൻ തുടങ്ങി.

കുഞ്ഞിനെയും കൊണ്ടുള്ള ആ ഓട്ടം ചെന്നവസാനിച്ചത്‌ അരയാലിനോട് ചേർന്നുള്ള ബസ് കാത്തിരിപ്പു കേന്ദ്രത്തിലായിരുന്നു. അവിടെ കണ്ട സിമെന്റ് ബെഞ്ചിൽ അവൾ കയറി ഇരുന്നു.

അതു സാമാന്യം ആളുകൾ കൂടുന്ന അങ്ങാടി ആയിരുന്നു, അതുകൊണ്ടു തന്നെ കണ്ണനും ബാലുവും ഒന്നും സംഭവിക്കാത്ത മട്ടിൽ അടുത്തുള്ള ചായപീടികയിൽ ചെന്നു കയറി.

അവൾ കുഞ്ഞിനെ മാറോടടുക്കി പിടിച്ചു കൊണ്ടു പകപ്പോടെ ചുറ്റും നോക്കി. കണ്ണനും ബാലുവും അവിടെ കൂടിയിരുന്ന ആളുകളോട് എന്തൊക്കെയോ പറയുന്നതും എല്ലാവരും കൂടെ തന്റെ നേരെ നടന്നു വരുന്നതും ഭീതിയോടെ അവൾ കണ്ടു.

അവൾ കുഞ്ഞിനെ ഒന്നുകൂടി മുറുക്കി പിടിച്ചു.

എന്നിട്ട് തലയിൽ ശക്തിയായി ചൊറിഞ്ഞു.

അതോടെ എണ്ണമയമൊട്ടും ഇല്ലാത്ത മുഷിഞ്ഞുലഞ്ഞ നീണ്ട ചുരുളൻ മുടി അഴിഞ്ഞു വീണ് ബെഞ്ചിൽ കിടന്നു.

വെയിൽ പടിഞ്ഞാറു ചാഞ്ഞു ഇരുൾ പരന്നു തുടങ്ങിയിരുന്നു.

“നീയേതാടി.. ഇതിനു മുന്നേ നിന്നെ ഇവിടെ കണ്ടിട്ടില്ലല്ലോ..സത്യം പറഞ്ഞോ.. ഏതാ ഈ കയ്യിലുള്ള കുട്ടി? ഏതോ നല്ല കുടുംബത്തിലെ പോലുണ്ടല്ലോ.. നീ ഈ വെളുത്ത കുട്ടിയെ എവിടുന്നു മോഷ്ട്ടിച്ചതാടീ”

ചോദ്യങ്ങൾ ശരം കണക്കെ നാലുപാടു നിന്നും അവൾക്കു നേരെ നീണ്ടു.

അവളിൽ നിന്നും ഉത്തരമില്ലെന്നു കണ്ടപ്പോൾ ആളുകൾ അവൾക്കു ചുറ്റും കൂടി. പെട്ടെന്ന് കണ്ണൻ അവളുടെ കയ്യിൽ നിന്നും കുഞ്ഞിനെ തട്ടിപറിച്ചെടുത്തു.

ബാലു മുന്നോട്ട് വന്നു അവളുടെ അഴിഞ്ഞ മുടിയിൽ പിടിച്ചു വലിച്ചു.

അതൊരു തുടക്കം ആയിരുന്നു, അവിടെ ഉള്ളവരും അതിലെ പോയവരും എല്ലാം അവളെ ഉപദ്രവിക്കാൻ തുടങ്ങി, അടി കൊണ്ട കവിളുകൾ പൊത്തി പിടിച്ചു കൊണ്ടു അവൾ കുഞ്ഞിന് വേണ്ടി മറുകൈ നീട്ടി കരഞ്ഞു.

ഓരോരുത്തരും പിശാച് ബാധിച്ചവരെ പോലെ അവളെ ഭ്രാന്തമായി വലിച്ചിഴക്കാൻ തുടങ്ങി.

വിങ്ങി വീർത്ത അവളുടെ മിഴികൾ അരുതേ എന്നു കെഞ്ചുന്നുണ്ടായിരുന്നു.

അവളുടെ കരച്ചിലിന് ആരുടേയും മനസ്സിളക്കാൻ സാധിച്ചില്ല. പകരം ഒരു ഇരയെ കിട്ടിയ സന്തോഷത്തിൽ എല്ലാവരും മത്സരിച്ചു.

അതോടൊപ്പം അവളുടെയും കുഞ്ഞിന്റെയും ഫോട്ടോയും ആരൊക്കെയോ മൊബൈലിൽ പകർത്തുന്നുണ്ടായിരുന്നു.

ഒടുവിലൊരു പോലീസ് ജീപ്പിന്റെ ശബ്ദത്തിനെ ആളുകളെ അവളിൽ നിന്നും അടർത്താൻ സാധിച്ചുള്ളൂ.

ജീപ്പ് അരയാലിനു ചുവട്ടിൽ നിർത്തിയതും പോലീസുകാരും ഒപ്പം വളരെ ക്ഷീണിതനായ ഒരാളും വണ്ടിയിൽ നിന്നും പുറത്തേക്കിറങ്ങി.

അയാൾ അടുത്തേക്ക് ചെന്നതും കുഞ്ഞ് കരഞ്ഞു കൊണ്ടയാളുടെ നേരെ കൈ നീട്ടി.

“സാർ.. ഈ സ്ത്രീ മോഷ്ടിച്ചു കൊണ്ടുവന്ന കുട്ടിയാണ് തോന്നുന്നു. ഞങ്ങൾ അവളീന്നു വളരെ പണിപ്പെട്ടാണ് കുഞ്ഞിനെ വാങ്ങിയത്”

ബാലു കുഞ്ഞിനെ അയാളെ ഏൽപ്പിച്ചു കൊണ്ടു പറഞ്ഞു.

ആളുകളുടെ അടിയേറ്റവശയായി ഒരു രൂപം വെറും നിലത്തു കൂനിക്കൂടി ഇരിക്കുന്നതയാൾ കണ്ടു.

അവളുടെ നെറ്റി പൊട്ടി ചോര ഒലിക്കുന്നുണ്ടായിരുന്നു. ഒരു പഴന്തുണി കെട്ടുപോലെ തളർന്നുള്ള ആ ഇരിപ്പു കണ്ടപ്പോൾ അയാളുടെ ഇടനെഞ്ചു വിങ്ങി.

കുറച്ചു സമയം അയാൾക്കു ശബ്ദം തൊണ്ടയിൽ കുരുങ്ങി.

പിന്നീട് പതുക്കെ അയാൾ അവളെ താങ്ങി എണീപ്പിച്ചു, ചേർത്തു പിടിച്ചു.

“നിങ്ങളൊക്കെ മനുഷ്യരാണോ.. ഇവളെ ഇങ്ങനെ ഇഞ്ചിഞ്ചായി തല്ലി ചതയ്ക്കാൻ… ഒരു സ്ത്രീയാണെന്ന പരിഗണന കൊടുത്തില്ലേലും ഒരു മനുഷ്യജീവി.. അങ്ങനെയെങ്കിലും കാണാമായിരുന്നില്ലേ”…

“സാർ, ഇതൊരു പിച്ചക്കാരിയാ.. കുഞ്ഞിനെ മോഷ്ടിച്ചു വരികയാ .. അതാ”… കൂട്ടത്തിൽ ആരോ ഒരാൾ പറഞ്ഞു തുടങ്ങി

“എന്ന് നിങ്ങളങ്ങു തീരുമാനിച്ചോ? ഇവൾ ഞാൻ താലി കെട്ടിയ, എന്റെ കുഞ്ഞിന്റെ അമ്മയാണെടാ…

കഴിഞ്ഞ മൂന്നു ദിവസമായി ഭക്ഷണോം കുളിയും ഒന്നും ഇല്ലാതെയുള്ള അവളുടെ അലച്ചിൽ ആയിരിക്കും പിച്ചക്കാരിയെ പോലെ തോന്നിപ്പിക്കുന്നതു..

“ഞങ്ങൾ കുടുംബമായി പഴനിക്ക് വണ്ടിയിൽ പോയികൊണ്ടിരിക്യായിരുന്നു”. “പ്രസവശേഷം മനസ്സിനുണ്ടായ താളം തെറ്റൽ… ഇടക്ക് എവിടെയോ വണ്ടി നിർത്തിയപ്പോൾ ഏതോ സ്റ്റേഷനിൽ രാത്രി ഇവൾ കുഞ്ഞിനെ എടുത്തിറങ്ങി”.

“പിന്നീടങ്ങോട്ട് ഇവളെയും മോളെയും ഞാൻ തിരഞ്ഞു കൊണ്ടിരിക്യായിരുന്നു. ഞാൻ പോലീസിൽ ആയിട്ടു പോലും കണ്ടുപിടിക്കാൻ ഒരുപാടു കഷ്ടപ്പെട്ടു, എന്തോ ഭാഗ്യത്തിനാ അന്വേഷണത്തിന്റെ ഭാഗമായി ഈ സ്റ്റേഷനിൽ ഉണ്ടായിരുന്നപ്പോൾ തന്നെ ഈ വിവരം അറിഞ്ഞതും എനിക്ക് ഇവരോടൊപ്പം എത്താൻ പറ്റീതും”

“ജീവനെങ്കിലും ബാക്കി വച്ചല്ലോ, സമാധാനം… ആരെയും കുറ്റപ്പെടുത്താൻ പറ്റില്ല.. നമ്മൾ എല്ലാവരും അങ്ങനെയാണ്. ഒന്നും ഓർക്കാതെ മുൻധാരണയോടെ എടുത്തു ചാടി പ്രവർത്തിക്കും, പിന്നീട് വരുന്നവർ കാര്യം പോലും അന്വേഷിക്കാതെയാവും ഓരോന്ന് ചെയ്യുന്നതും പറയുന്നതും, നിയമം കയ്യിലെടുക്കാനുള്ള അവകാശം ആർക്കും ഇല്ല”.

“ഒന്നിന്റെയും പുറകിലെ സത്യാവസ്ഥ അന്വേഷിക്കാൻ ആരും മിനക്കെടാറില്ല. ശരിയാണ് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരും ഉണ്ടായിരിക്കാം, എല്ലാത്തിന്റെയും ചീത്തവശം മാത്രെ നമ്മൾ ആദ്യം കാണു..

പിന്നീടു സത്യം മറ്റൊന്നാണെങ്കിൽ, ആർക്കും അതിൽ ഒരു താത്പര്യോം ഉണ്ടാവില്ല. അപ്പോളേക്കും എല്ലാം കൈ വിട്ടുപോകും”.

അയാളുടെ വാക്കുകൾ കൂരമ്പുകളായി പലരുടെയും നെഞ്ചിൽ പതിച്ചു.

നിലത്തു ചരലിൽ ഏതോ ഒരു ബിന്ദുവിലേക്കു നോക്കികൊണ്ടിരുന്ന അവളെയും, കുഞ്ഞിനേയും ചേർത്തു പിടിച്ചു കൊണ്ടു അയാൾ ചെന്നു വണ്ടിയിൽ കയറി..

അപ്പോൾ ഒരു മഴ എവിടെനിന്നെന്നറിയാതെ ആർത്തലച്ചു വന്നു, അവിടെ കൂടിയവരെയെല്ലാം നനച്ചു കൊണ്ട് പെയ്തിറങ്ങി… കുറ്റാരോപിതയായ നിരപരാധിയുടെ തോരാത്ത കണ്ണീരു പോലെ !!!

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : രമ്യ മണി