എന്റെ തൊട്ടടുത്തായി കയറി നിന്ന ആളെ കണ്ട് ഞെട്ടിപ്പോയി. അഭിയേട്ടൻ… ഇത്രയ്ക്ക് തൊട്ടടുത്ത് ഇതാദ്യമായാണ്

രചന : ശാന ഷാഫി

സഖാവിൻെറ പെണ്ണ്…

പത്തു വർഷത്തിനു ശേഷം ഈ വാകച്ചുവട്ടിലിരിക്കുമ്പോൾ മനസ്സ് വല്ലാതെ അസ്വസ്ഥമാവുന്നു. താഴെ വീണു കിടക്കുന്ന രക്തവർണമാർന്ന ഓരോ പൂവിലും തൻെറ ഇന്നലെകൾ തെളിയുന്നത് പോലെ…

കോളേജിന്റെ ഒത്ത നടുക്കായി ഉയർത്തിക്കെട്ടിയ ആ ബാനറിൽ ഒന്നുകൂടി മിഴികളോടിച്ചു.

‘ പൂർവ്വ വിദ്യാർത്ഥി സംഗമവും സഖാവ് അഭിജിത്ത് അനുസ്മരണവും.’

കൂടെ അഭിയേട്ടൻെറ ചിരിക്കുന്ന ഫോട്ടോയും. ആ കണ്ണിലും ചിരിയിലുമൊക്കെ ഇപ്പോഴും ജീവനുള്ളത് പോലെ…

ഓഡിറ്റോറിയത്തിനകത്ത് നിന്ന് ഓരോരുത്തരും അഭിയേട്ടൻെറ ഓർമ്മകൾ പങ്കുവെക്കുന്നത് വ്യക്തമായി കേൾക്കാം. എന്തുകൊണ്ടോ, അധികനേരം അവിടിരിക്കാൻ മനസ്സനുവദിച്ചില്ല.

അതാണ് ഇവിടേക്ക് വന്നത്.

മാനത്ത് കാർമേഘം ഉരുണ്ടു കൂടുകയാണ്. ഒരു മഴയ്ക്കുള്ള തയ്യാറെടുപ്പാണെന്ന് തോന്നുന്നു.

ഒപ്പം ഓർമ്മകളുടെ പേമാരിയിൽ നനഞ്ഞലിയാൻ തൻെറ മനസ്സും വെമ്പൽ കൊള്ളുകയാണ്.

❤❤❤❤❤❤❤❤❤

കോളേജിലെ തൻെറ ആദ്യ ദിവസം…

കോരിച്ചൊരിയുന്ന മഴയത്ത് ഒരു കൈ കൊണ്ട് കുട നിവർത്തിപ്പിടിച്ചും മറ്റേ കൈ കൊണ്ട് പുസ്തകം മാറോടടുക്കിപ്പിടിച്ചും പരിഭ്രമിച്ച മുഖഭാവത്തോടെ നടക്കുമ്പോഴായിരുന്നു പെട്ടെന്നൊരാൾ തൻെറ കുടയിലേക്ക് ഓടിക്കയറിയത്. ഒരു ഞെട്ടലോടെ ആ മുഖത്തേക്ക് നോക്കിയപ്പോൾ ‘ഓഡിറ്റോറിയം വരെ ഞാനുമുണ്ടെന്ന്’ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

അന്നാ മഴയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാളുടെ കൂടെ ഒരു കുടയിൽ ചേർന്നു നടക്കുമ്പോൾ പേരറിയാത്തൊരു വികാരമായിരുന്നു ഉള്ളിൽ…

ഞാനിവിടെ ആദ്യമാണെന്ന് അറിഞ്ഞപ്പോൾ ഈ കോളേജിനെ കുറിച്ച് വാതോരാതെ വിശദീകരിക്കുന്ന അയാളെ ഇടയ്ക്ക് ഇടംകണ്ണിട്ടൊന്നു നോക്കി.

മുണ്ടും ഷർട്ടുമാണ് വേഷം. മുഖത്തിന് യോജിച്ച രീതിയിലുള്ള താടിയും പ്രകാശം പൊഴിക്കുന്ന കണ്ണുകളും ചുണ്ടുകളിൽ സദാ നിറഞ്ഞു നിൽക്കുന്ന പുഞ്ചിരിയും ചിരിക്കുമ്പോൾ താടിക്കിടയിലൂടെ പ്രത്യക്ഷമാവുന്ന നുണക്കുഴിയുമൊക്കെ ആദ്യ കാഴ്ചയിൽ തന്നെ ആരെയും ആകർഷിക്കുന്നതായിരുന്നു.

ഓഡിറ്റോറിയത്തിനടുത്ത് നിന്ന് തിരിച്ചു പോവുമ്പോഴേക്കും ആ താടിക്കാരൻ എൻെറ ഹൃദയത്തിൽ സ്ഥാനം പിടിച്ചിരുന്നു.

പിന്നീടുള്ള ദിവസങ്ങളിൽ അവനെ കുറിച്ചുള്ള അന്വേഷണമായിരുന്നു. കാംപസിൻെറ പ്രിയപ്പെട്ട സഖാവിനെ കുറിച്ചറിയാൻ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല.

സഖാവ് അഭിജിത്ത്… കോളേജിൽ ആർക്കെന്ത് പ്രശ്നം വന്നാലും അത് പരിഹരിക്കാൻ ആദ്യം മുന്നിട്ടിറങ്ങുന്ന കോളേജിന്റെ കാവൽക്കാരൻ…

ജൂനിയേഴ്സിൻെറ പ്രിയപ്പെട്ട അഭിയേട്ടൻ…

അദ്ധ്യാപകരുടെ ഇഷ്ട വിദ്യാർത്ഥിയായ ആ താടിക്കാരൻ എം.എ അവസാന വർഷമാണ്. എതിർ പാർട്ടിക്കാർ പോലും സ്നേഹത്തോടെ ‘സഖാവേ’ എന്നു വിളിക്കുന്ന അഭിയേട്ടനോട് മനസ്സിൽ ആരാധന തോന്നാൻ ഇതൊക്കെ തന്നെ ധാരാളമായിരുന്നു.

ആരാധന മൂത്ത് പ്രണയത്തിലേക്കെത്താൻ അധികം ദിവസമൊന്നും വേണ്ടി വന്നില്ല.

പിന്നെ ഞാൻ കോളേജിൽ വരുന്നത് തന്നെ അഭിയേട്ടനെ കാണാൻ വേണ്ടി മാത്രമായി. ഒരു ദിവസം കണ്ടില്ലെങ്കിൽ അന്ന് ഉറങ്ങാൻ പോലും പറ്റാതായി. അഭിയേട്ടൻെറ പ്രസംഗ വേദികളിലൊക്കെ നിറസാന്നിധ്യമായി. അങ്ങനെ ഒരു വർഷത്തോളം ആരുമറിയാതെ ഞാനെൻെറ പ്രണയം മനസ്സിൽ കൊണ്ടു നടന്നു.

ഒന്നാം വർഷത്തിലെ പരീക്ഷയുടെ അവസാന ദിവസം പ്രതീക്ഷിക്കാതെ വന്ന വേനൽ മഴയിൽ നനയാതിരിക്കാൻ വരാന്തയിലേക്ക് ഓടിക്കയറിയ ഞാൻ എന്റെ തൊട്ടടുത്തായി കയറി നിന്ന ആളെ കണ്ട് ഞെട്ടിപ്പോയി. അഭിയേട്ടൻ… ഇത്രയ്ക്ക് തൊട്ടടുത്ത് ഇതാദ്യമായാണ്. പുറത്ത് മഴ തകർത്തു പെയ്യുമ്പോഴും ഞാൻ വിയർക്കാൻ തുടങ്ങി.

“വേനൽമഴ ഇത്തവണ കുറച്ച് താമസിച്ചാ വന്നത് അല്ലേ ഗൗരീ…”

ചോദിച്ചയാളുടെ മുഖത്ത് നോക്കാതെ മഴയിലേക്ക് നോക്കി മൂളുന്നതിനിടയിലാണ് ആലോചിച്ചത് എൻ്റെ പേരെങ്ങനെ അറിഞ്ഞൂന്ന്. ചോദ്യഭാവത്തിൽ ഞാനഭിയേട്ടനെ നോക്കി.

“അറിയാം… പേര് മാത്രമല്ല, എല്ലാം… ആരോടും പറയാതെ മനസ്സിലൊളിപ്പിച്ച് നടക്കുന്ന തൻെറ പ്രണയമടക്കം…”

അതു കേട്ടപ്പോഴേക്കും എൻെറ ഹൃദയം പടപടാന്ന് മിടിക്കാൻ തുടങ്ങി. ചമ്മലും പേടിയും കലർന്ന മുഖത്തെ ഭാവം അഭിയേട്ടനിൽ നിന്ന് മറച്ചു പിടിക്കാൻ വേണ്ടി ഞാൻ വീണ്ടും മഴയിലേക്ക് തന്നെ ശ്രദ്ധിക്കാൻ തുടങ്ങി.

“പക്ഷേ, തൻെറ പ്രണയനായകൻ ഒരു പ്രാരാബ്ധക്കാരനാണെടോ… എടുത്താൽ പൊങ്ങാത്തത്ര ഉത്തരവാദിത്തങ്ങളുള്ളവൻ… എല്ലാം കഴിഞ്ഞ് ഒരു ദിവസം ഞാൻ വരുമ്പോൾ ഈ പ്രണയം ഇതു പോലെയുണ്ടെങ്കിൽ വാകപ്പൂക്കളാൽ കോർത്തെടുത്ത ഒരു മാല ചാർത്തി ഞാൻ കൂടെ കൂട്ടും… ഇത് സഖാവിന്റെ വാക്കാണ്… മരിച്ചാലും മാറില്ല…”

അതും പറഞ്ഞ് എനിക്കൊരു പുഞ്ചിരിയും നൽകി അഭിയേട്ടൻ നടന്നകലുമ്പോൾ കാണുന്നതും കേൾക്കുന്നതുമൊക്കെ സ്വപ്നമാണോ എന്നറിയാത്ത അവസ്ഥയിലായിരുന്നു ഞാൻ…

പിന്നീടുള്ള ദിവസങ്ങളിൽ അഭിയേട്ടനെ കാണാൻ പറ്റിയില്ലെങ്കിലും ആ മുഖം മനസ്സിൽ തെളിയാത്ത ഒരു നിമിഷം പോലുമുണ്ടായിരുന്നില്ല.

ഒരു മാസത്തിനു ശേഷം തകർത്തു പെയ്യുന്ന മഴയുള്ള ഒരു പ്രഭാതത്തിൽ പത്രം വായിക്കുന്നതിനിടെ അച്ഛൻ വിളിച്ചു പറഞ്ഞു:

“ഗൗരീ, നിനക്കിന്ന് ക്ലാസില്ലാട്ടോ… ഹർത്താലാണ്. ഒരാളെ കുത്തിക്കൊന്നിട്ടുണ്ട്.”

അഭിയേട്ടനില്ലാത്ത കാംപസിലേക്ക് പൊതുവേ പോകാൻ മടിയുണ്ടായിരുന്ന എനിക്ക് അത് കേട്ടപ്പോൾ സന്തോഷമാണ് തോന്നിയത്.

അച്ഛന്റെ കൈയിൽ നിന്ന് പത്രം വാങ്ങി ആ വാർത്തയിലേക്കൊന്ന് നോക്കിയതേയുള്ളൂ…

കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി…

കൊല്ലപ്പെട്ടയാളുടെ സ്ഥാനത്ത് തൻെറ അഭിയേട്ടൻ… ഒരലർച്ചയോടെ കൈയ്യിലിരുന്ന പത്രം ഞാൻ വലിച്ചു കീറുമ്പോഴും അച്ഛനും അമ്മയും ഒന്നും മനസ്സിലാവാതെ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു.

അവസാനമായി ആ മുഖം കാണാൻ ഞാൻ പോയില്ല. ജീവനില്ലാത്ത ആ ചിരിയും കണ്ണുകളും കാണാൻ എന്നെ കൊണ്ട് സാധിക്കില്ലായിരുന്നു.

പിന്നീട് ഒരു വർഷത്തോളം നഗരത്തിലെ അറിയപ്പെടുന്ന സൈക്യാട്രിസ്റ്റിൻെറ പേഷ്യൻറായിരുന്നു ഞാൻ…

❤❤❤❤❤❤❤❤❤

“താനിവിടെ വന്നിരിക്കുവാണോ?”

പിന്നിൽ നിന്നുള്ള ആ ചോദ്യമാണ് ഓർമ്മകളിൽ നിന്നും തിരിച്ചു കൊണ്ടു വന്നത്.

തിരിഞ്ഞു നോക്കിയപ്പോൾ പ്രണവാണ്. തൻെറ ക്ലാസ്മേറ്റ്…

” ഗൗരീ… താനിപ്പോഴും തനിച്ചാണെന്ന് ഞാനിന്നാണെടോ അറിഞ്ഞത്… ഈയൊരു ദിവസത്തിൽ ചോദിക്കാൻ പാടുണ്ടോ എന്നറിയില്ല… എന്നാലും ഇനിയൊരവസരം കിട്ടിയെന്നു വരില്ല. അതുകൊണ്ട് ചോദിക്കുവാ… ഞാൻ വിളിച്ചോട്ടേ തന്നെ എൻെറ ജീവിതത്തിലേക്ക്… ഒരു സഹതാപത്തിന് പുറത്ത് ചോദിക്കുന്നതല്ല. ഇഷ്ടമായിരുന്നു ഒരുപാട്… ഇപ്പോഴും ഇഷ്ടമാണ്…”

പ്രണവിൻെറ ചോദ്യം ആദ്യമൊരു ഞെട്ടലുണ്ടാക്കിയെങ്കിലും അത് പുറത്തു കാണിക്കാതെ ഞാനവനെ നോക്കി പുഞ്ചിരിച്ചു.

” ഞാനിപ്പോഴും തനിച്ചാണെന്ന് പ്രണവിനോടാരാ പറഞ്ഞത്… എൻെറ കൂടെ അഭിയേട്ടൻെറ ഓർമ്മകളുണ്ട്. ഈ ജന്മം മുഴുവൻ ജീവിച്ചു തീർക്കാൻ എനിക്കതു മതി.”

” ഇത്രയ്ക്ക് തൻെറയുള്ളിൽ ആഴത്തിൽ പതിയാൻ മാത്രമുള്ള ബന്ധമൊക്കെ നിങ്ങൾ തമ്മിൽ ഉണ്ടായിരുന്നോ…?”

“എന്നോട് പലരും ഈയൊരു ചോദ്യം ചോദിച്ചിട്ടുണ്ട്. ശരിയാണ് പ്രണവ്… ഒരു കരസ്പർശം കൊണ്ട് പോലും അഭിയേട്ടൻെറ പ്രണയം ഞാനറിഞ്ഞിട്ടില്ല. പക്ഷേ, ആ പ്രണയം മരണമില്ലാതെ എൻെറയുള്ളിൽ ജീവിക്കാൻ അഭിയേട്ടൻെറ വാക്കുകൾ തന്നെ ധാരാളമായിരുന്നു. നിനക്കറിയോ അഭിയേട്ടൻ ഇപ്പോഴും ഈ ഭൂമിയിലുണ്ടെന്ന് വിശ്വസിക്കുന്നവളാണ് ഞാൻ. എല്ലാ കടമകളും തീർത്ത് ഒരു ദിവസം വാകപ്പൂക്കൾ കൊണ്ട് കോർത്തെടുത്ത മാലയുമായി എന്നെ തേടി വരുമ്പോൾ മറ്റൊരാളുടെ താലിയുമായി ഞാനെങ്ങനെയാടോ ആ മുമ്പിൽ നിൽക്കുന്നത്…?”

ഇടർച്ചയോടെ ഞാനത് പറഞ്ഞു തീർത്തപ്പോഴേക്കും മഴത്തുള്ളികളോരോന്നായി മണ്ണിലേക്ക് പതിയാൻ തുടങ്ങിയിരുന്നു.

“നല്ല മഴ വരുന്നുണ്ടെന്ന് തോന്നുന്നു ഗൗരീ… നമുക്കാ വരാന്തയിലോട്ട് കേറി നിൽക്കാം…”

“ഇല്ല പ്രണവ്… നീ പൊയ്ക്കോളൂ… എനിക്കീ മഴ നനയണം.”

ഞാനെന്തോ ഭ്രാന്ത് പറഞ്ഞെന്ന മട്ടിൽ എന്നെ ഒന്നുകൂടി തിരിഞ്ഞു നോക്കി അവൻ വരാന്തയിലേക്ക് ഓടിപ്പോയി.

അവനറിയില്ലല്ലോ എന്നിലേക്ക് പെയ്യുന്ന ഓരോ മഴത്തുള്ളിയിലും എൻെറ അഭിയേട്ടനുണ്ടെന്ന്…

മരണത്തിന് പോലും തോൽപ്പിക്കാൻ കഴിയാത്ത ആ പ്രണയമുണ്ടെന്ന്…..

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : ശാന ഷാഫി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top