കഥകളിൽ നിന്ന് കേട്ടറിഞ്ഞ രണ്ടാനമ്മയല്ല ഇത് തന്റെ അമ്മ തന്നെയാണെന്ന് അവളും തിരിച്ചറിഞ്ഞു…

രചന: ബാസി ബാസിത്

“ഇന്ന് മോൾക്ക് പുതിയ അമ്മ വരുമല്ലോ”
പുതിയ ഉടുപ്പ് അണിയിക്കുന്നതിനിടെ അമ്മായി അത് പറഞ്ഞപ്പോൾ ചുണ്ടിൽ ബാക്കി നിന്നിരുന്ന പുഞ്ചിരി എങ്ങോ മാഞ്ഞു പോയി.

കേട്ടറിഞ്ഞ കഥയിലെ കുഞ്ഞമ്മമാരുടെ മുഖം മനസ്സിൽ തെളിഞ്ഞിട്ടാകണം പിച്ച വെക്കാൻ പോലുമാകാത്ത തന്റെ കുഞ്ഞനിയന്റെ ചാരേക്കവൾ എണീറ്റോടിയത്.

തൊട്ടിലിൽ കിടക്കുന്ന കുഞ്ഞനിയനെ വാരിയെടുത്തു മടിയിൽ ഇരുത്തി അമ്മ ചെയ്തിരുന്ന പോലെ ഉമ്മ വെക്കുമ്പോൾ ആ ആറു വയസ്സുകാരിയുടെ കണ്ണിൽ നനവ് പടരുന്നുണ്ടായിരുന്നു…

അടിച്ച് മുറിവ് ഒക്കെ ആക്കുന്ന അമ്മയാണോ അച്ചാ പുതിയ അമ്മ, എന്റെ കുഞ്ഞാവയെ അവര് അടിക്കോ എന്ന അവളുടെ നിഷ്കളങ്കമായ ചോദ്യം കെട്ടിട്ടാവണം അണിഞ്ഞൊരുങ്ങി പുഞ്ചിരിച്ചു നിന്ന അച്ഛന്റെ മുഖം മങ്ങിയത്.

പിന്നെ ആഘോഷങ്ങൾ കഴിഞ്ഞു ആളൊഴിഞ്ഞ പന്തലിൽ നിന്നവൾ അകത്തേക്ക് കയറുമ്പോൾ ചമയങ്ങൾ അതികമില്ലാത്ത അറയിൽ പുഞ്ചിരിച്ചിരിക്കുന്ന പുതു പെണ്ണിനെ/പുതിയ അമ്മയെ പതിയെ കട്ടു നോക്കി നിറഞ്ഞ മിഴിയോടെ അകത്തേക്ക് ഒടുന്നവളെ കണ്ടിട്ടാവും അച്ഛന്റെ കണ്ണിൽ നിന്ന് ഒരു തുള്ളി നിലത്തു വീണു ചിതറിയത്.

പാൽ കൊടുത്ത് താരാട്ട് പാടി ഉറക്കാൻ ഒരുങ്ങുമ്പോൾ ചാരെ വന്ന് കുഞ്ഞനിയനു നേരെ കൈ നീട്ടിയെ കുഞ്ഞമ്മക്ക് വിട്ടു കൊടുക്കാതെ ഉറക്കെ നിലവിളിക്കുമ്പോഴും അവളുടെ കണ്ണിൽ ഭയം നിഴലിച്ചു നിൽക്കുന്നുണ്ടായിരുന്നു.

രാത്രിയിൽ എപ്പോയോ ഞെട്ടിയുണരുമ്പോൾ പൊട്ടി കരയുന്ന കുഞ്ഞനിയനെ തോളിൽ കിടത്തി ഉറക്കോഴിഞ്ഞു താരാട്ടു പാടി ഇരുട്ടിൽ നടക്കുന്ന രൂപത്തിൽ ഒരു വേള അമ്മയുടെ രൂപം അവളുടെ കണ്ണിൽ തെളിഞ്ഞിട്ടെന്നോണം ആ കൈകളിൽ മുറുകെ പിടിച്ചു.

തൊട്ടടുത്ത പകലിൽ അച്ഛന് നാസ്ത എടുത്തു വെച്ചു തന്റെ ഒരു പ്ളേറ്റുമായി തന്റെ ചാരെ വന്നിരുന്ന് കടലക്കറിയിൽ മുക്കിയെടുത്ത പത്തിരി കഷ്ണം വായിലേക്ക് നീട്ടുമ്പോൾ തന്റെ അമ്മയെ അവരിൽ കൂടെ കണ്ടിട്ടായിരുന്നു അവൾ വായ തുറന്നതും.

നിറഞ്ഞ കണ്ണോടെ രണ്ടാമതൊരു കഷ്ണം കൂടെ കറിയിൽ മുക്കിയെടുക്കുമ്പോൾ അമ്മ എന്തിനാണ് കരയുന്നത് എന്ന മോളുടെ ചോദ്യം കേട്ടിട്ടയിരുന്നു ഒരിക്കലും അമ്മയാകാൻ കഴിയില്ലെന്ന് വിധിയെഴുതപെട്ടതിന്റെ പേരിൽ ഡൈവോഴ്‌സ് ചെയ്യപ്പെട്ട് പുനർ വിവാഹിതയായവളുടെ കണ്ണുകൾ കൂടുതൽ ശക്തമായി ഒഴുകിയത്.

മോൾ എന്താ വിളിച്ചേ… ഒരിക്കൽ കൂടെ വിളിച്ചേ എന്നും പറഞ്ഞ് അവളെ ചേർത്ത് വെക്കുമ്പോൾ കഥകളിൽ നിന്ന് കേട്ടറിഞ്ഞ രണ്ടാനമ്മയല്ല ഇത് തന്റെ അമ്മ തന്നെയാണെന്ന് അവളും തിരിച്ചറിയുന്നുണ്ടായിരുന്നു.

രചന: ബാസി ബാസിത്