തോളിലെ ഷാൾ ഊരി കൊടുത്തു കയ്യിൽ കെട്ടാൻ ആംഗ്യം കാണിച്ചു…..

രചന: എന്ന് സ്വന്തം ബാസി

“എവിടെ നോക്കിയാടി വണ്ടി ഓടിക്കുന്നെ…നീ ഒക്കെ വണ്ടി ഓട്ടുന്നുണ്ടെന്നു കരുതി ഇവിടെ ആർക്കും റൊഡിലൂടെ പോകണ്ടേ…”

അതിവേഗം വന്ന് ബൈക്കിൽ കുത്തി തെറിപ്പിച്ച activa ക്കാരിയുടെ മുഖത്തു നോക്കി സുബൈർ ഒച്ചവെക്കുമ്പോൾ ബാസി ചോര ഒഴുകുന്ന കൈകളോടെ റോട്ടിൽ നിന്ന് എഴുന്നേൽക്കുന്നുണ്ടായിരുന്നു.

“നിന്ന് കരയാതെ ഹോസ്പിറ്റലിൽ കൊണ്ട് പോടി… ചോര പോകുന്നത് കാണണില്ലെ…”

തോളിലെ ഷാൾ ഊരി കൊടുത്തു കയ്യിൽ കെട്ടാൻ ആംഗ്യം കാണിച്ച് അടുത്ത ടാക്സിക്ക് കൈ കാണിച്ച് ഹോസ്പിറ്റലിലേക്ക് പോയി.

“അടുത്ത ആഴ്ച അവന് തിരിച്ചു പോകണ്ടതാ…ഈ പെണ്ണുകാണൽ എങ്കിലും ഒന്ന് നടന്നു കിട്ടുമെന്ന് കരുത്തിയതാ…. അപ്പൊ ഓരോന്നിങ് വന്നോളും…”

സുബൈർ അത് പറഞ്ഞു നിർത്തുമ്പോൾ അവൾ ബാസിയുടെ മുഖത്തേക്ക് ദയനീയമായി ഒന്ന് നോക്കി.

“പ്രശ്നം ആക്കണ്ട” എന്ന മട്ടിൽ അവളുടെ മുഖത്ത് നോക്കി ബാസി കണ്ണു ചിമ്മി തലയാട്ടിയപ്പോൾ അവളുടെ മുഖം ഒന്ന് തെളിഞ്ഞു.

“മുറിവ് അത്യാവശ്യം വലുതാണ് 6 സ്റ്റിച് വേണ്ടി വരും… ”

കാര്യങ്ങൾ എല്ലാം ചോദിച്ചറിഞ് മുറിവിലേക്ക് നോക്കി ഡോക്ടർ പറഞ്ഞു.

“സാറേ വേറെ കുഴപ്പം ഒന്നും ഇല്ലല്ലോ”

സുബൈർ ഡോക്ടറോടായി ചോദിച്ചു.

“പുറത്ത് ഒന്നും കാണുന്നില്ല… തലക്ക് മുറിവുള്ളൊണ്ട് 1 ദിവസം ഒബ്സർവേഷനിൽ നിൽക്കുന്നത് നന്നാവും…”

അതുംപറഞ്ഞു ഡോക്ടർ വാർഡ് റൂമിന് പുറത്തോട്ട് പോയി.

“ടീ നിന്റെ വീട്ടിലെ നമ്പർ തന്നെ..”

“എന്റെ വീട്ടിൽ അറിയിക്കരുത് പ്ലീസ്.. ഞാൻ ഉപ്പയും ഉമ്മയും അറിയാതെ വണ്ടി എടുത്തു പൊന്നാണ്…

അറിഞ്ഞാൽ എന്നെ കൊല്ലും പ്ലീസ്…”

അതും പറഞ്ഞ് അവൾ കരയാൻ തുടങ്ങി.

“നീ ഒക്കെ വണ്ടി ഓടിക്കാതിരിക്കന്നെ നല്ലത്”

“ഒഴിവാക്കെടാ…”ബാസി പറഞ്ഞു.

“ഇന്ന് ഭാര്യനെ കാണിക്കേണ്ട ദിവസാണ് എനിക്കിപ്പോ പോണം…ടീ എന്ത് വേണേലും നോക്കണം ഞാൻ വന്നിട്ട് പോയാൽ മതി നീ…”

സുബൈർ കടുപ്പത്തിൽ പറഞ്ഞപ്പോൾ അവൾ ഭയത്തോടെ സമ്മതം മൂളി.

അൽപ്പം സമയം കഴിഞ്ഞ്,ഇഞ്ചക്ഷന്റെ തരിപ്പ് പോയപ്പോൾ ബാസി വേദന കൊണ്ട് പുളയാൻ തുടങ്ങി.

കണ്ണു നിറയുന്നത് അവൾ കാണാതിരിക്കാൻ ഇടത് കൈ കണ്ണിന് മുകളിൽ വെച്ച് കട്ടിലിൽ കിടന്നു.

വേദന കൊണ്ട് പുളയുന്ന ബാസിയുടെ മുറിവുള്ള കയ്യിൽ അവൾ മെല്ലെ തടവി. തീ തട്ടിയ പ്രതീതിയിൽ അവൻ കണ്ണ് തുറന്നു.ഭയത്തോടെ അവൾ അവനെ തന്നെ നോക്കി.വേദനക്കിടയിലും അവന്റെ ചുണ്ടിൽ ചെറു പുഞ്ചിരി വിടർന്നു.

പഴയെ പോലെ കണ്ണ് ചിമ്മിക്കിടന്നപ്പോൾ അവൾ തടവികൊണ്ടിരുന്നു.

“നിന്റെ പേരെന്താ”

“സൽ‍മ”

“പഠിക്കാണോ”

“മ്..”

“എന്താ പഠിക്കുന്നെ..”

“ബി എ 2nd year”

“മ്…”

നീണ്ട ഒരു നിശ്ശബ്ദദക്ക് ശേഷം ചിരിച്ചു കൊണ്ട് ബാസി ചോദിച്ചു.

“നിനക്ക് ലൗവർ ഉണ്ടോ..”അവൾ ചിരിച്ചു.

“എന്താ ചിരിക്കുന്നെ പറ..”

“ഉണ്ടായിരുന്നു ഇപ്പൊ ഇല്ല..”

“നീ തേച്ചൊ..അതോ അവനോ..”ബാസി ചിരിച്ചു.

“ഞാൻ തേച്ചു..”

“ശേ നീ തേപ്പ്‌ പെട്ടിയാലെ..”

“ഞാൻ പാവാ അവൻ തീരെ ശരിയല്ല അതാ..”

“മ്..നിന്റെ കല്യാണം നോക്കൽ ഒക്കെ തുടങ്ങിയോ…”

“മ്…തുടങ്ങിക്ക്…നീളം ഇല്ലാത്തൊണ്ടു ഒന്നും ശരിയാകുന്നില്ല..”

“എന്നാ ഞാൻ കെട്ടിയാലോ…”

“എന്ത്..”

“ഒന്നൂല്യ..”

“നിങ്ങളെ പേരെന്താ…”

തടവി കൊണ്ടിരിക്കുന്ന കൈ മാറ്റി ചിരിച്ചുകൊണ്ട് അവൾ ചോദിച്ചു.

“ബാസി..”

“നിങ്ങൾക്ക് ലൗവർ ഉണ്ടോ..”

“നമ്മളെ ഒക്കെ ആര് നോക്കാനാടോ…”

പിന്നെയും കുറെ നേരം അവർ സംസാരിച്ചു കൊണ്ടിരുന്നു.

“ആഹ്..”

ബാസി വേദന അഭിനയിച്ചു.

അവൾ വേഗം തടവാൻ തുടങ്ങി.

ബാസി ചിരിച്ചപ്പോൾ ആ വേദനയിലെ കള്ളത്തരം മനസ്സിലാക്കി അവളും ചിരിച്ചു.

“ടീ സുബൈർ വരുന്നു..”

അവൾ ഭയത്തോടെ പിന്നോട്ട് മാറി നിന്നു.

“ഇനി നീ പൊയ്ക്കോ..”

സുബൈർ അവളോടായി പറഞ്ഞു.

“പോകാൻ വരട്ടെ അഡ്രസ്‌ എഴുതി തന്നിട്ട് പോയാൽ മതി… എനിക്കെന്തെങ്കിലും പറ്റിയാലോ…”

ബാസി ഒരു കള്ള ചിരിയോടെ പറഞ്ഞു.

************

“അവൾക്ക് പഠിക്കണമെന്ന് ആഗ്രഹം ഉണ്ട്…”

“ഓ അതിനെന്താ അവൻ അടുത്ത അഴ്ച്ച തിരിച്ചു പോകും പിന്നെ 1 അര വർഷം കഴിഞ്ഞേ തിരിച്ചു വരൂ… അപ്പോഴേക്ക് അവളുടെ പഠനം തീരുമല്ലോ…”

സുബൈർ നൽകിയ മറുപടിക്ക് ബാസി തലയാട്ടി സമ്മതിച്ചു.

“മോന് കൈക്ക് എന്താ പറ്റിയത്…”

“അത് ഒരുത്തി വണ്ടി കൊണ്ട് വന്ന് കേറ്റിയതാ..”

സുബൈർ പറഞ്ഞു തുടങ്ങിയപ്പോഴേക്ക് ബാസി ഇടപെട്ടു.

“ചെറിയ ഒരു ആക്സിഡന്റാണ്…”

“മോളെ ചായ എടുത്തോ…”

“ആ ദാ വരുന്നു..”

ചുവന്ന ചുരിദാറിൽ ഉടുത്തൊരുങ്ങിയ സൽ‍മ അടുക്കളയില് നിന്ന് ഡൈനിങ് ഹാളിലേക്ക് വന്നു.

അവൾ ബാസിയെ നോക്കി ഒരു നിമിഷം അത്ഭുതത്തോടെ സ്തംഭിച്ചു നിന്നു.

ശേഷം മുന്നോട്ട് വന്ന് ചായ നൽകി.

“ടാ നീ ഇവളാണെന്ന് അറിഞ്ഞാണോ വന്നേ…”

“മ് എന്തേ…”

“ഇപ്പോൾ നിങ്ങൾ ഒന്നായി നമ്മൾ പുറത്തും”

“അതിന് അവൾക്ക് അറിയില്ലല്ലോ…”

ബാസി ചിരിച്ചു കൊണ്ട് പറഞ്ഞു.

“എന്താ രണ്ടു പേർക്കും ഒരു സ്വകാര്യം പറച്ചിൽ…”

അവളുടെ ഉപ്പ ചോദിച്ചു.

“ഇവന് ഇസ്റ്റായിന്ന് പറയുവായിരുന്നു…”

അത് കേട്ട് അകത്തേക്ക് കയറി പോകുന്ന സൽ‍മ തല തിരിച്ച്‌ ബാസിയെ നോക്കി പുഞ്ചിരിച്ചു

ആ പുഞ്ചിരിയിൽ രണ്ടു ജീവനുകൾ ഒന്നായി തളിർക്കുകയായിരുന്നു.

ലൈക്ക് കമൻ്റ് ചെയ്യണേ….

രചന : എന്ന് സ്വന്തം ബാസി