നീ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞാൽ ഞാനിനി കുടിക്കില്ല.. പ്ലീസ് ഒന്ന് പറയെടി.. എന്നെ വിശ്വാസമില്ലേ

രചന : വാക പെണ്ണ്

സ്നേഹം

**********

” ഡി…. എനിക്ക് നിന്നെ ഇഷ്ടവാ…

കള്ളും കുടിച്ച് നാട്ടിൽ അടി ഉണ്ടാക്കുന്നവൻ അങ്ങനെ പറഞ്ഞപ്പോൾ അവനോട് ദേഷ്യം തോന്നി.

അവനെയൊന്നു കൂർപ്പിച്ചു നോക്കി.

” ദേ നിന്റെ നോട്ടത്തിലാ.. ഞാൻ വീണേ… ചുമ്മ പ്രേമിക്കാനൊന്നും അല്ലടി… കെട്ടാൻ തന്നെയാ…

ഓട്ടോ ഡ്രൈവർ ആണെങ്കിലും ഇതുവരെ ഓട്ടോ സ്റ്റാൻഡിൽ വണ്ടിയേയും ആളെയും ഇത് വരെ കണ്ടിട്ടില്ല. എങ്ങനെ കാണും മുഴുവൻ സമയവും ആ കള്ളുഷാപ്പിൽ അല്ലേ.. വല്ലപ്പോഴും എവിടേലും വച്ച് കാണും ഇങ്ങോട്ട് ചിരിക്കുമ്പോൾ തിരിച്ചൊരു ചിരി ഞാനും കൊടുക്കും. ഇതിപ്പോ മൂക്കറ്റം കുടിച്ചിട്ട് വന്നു പറയുന്നത് കേട്ടില്ലേ.. ഇഷ്ടാണത്രേ… മറുപടി കൊടുക്കാതെ പോകാൻ ശ്രമിച്ചപ്പോൾ വീണ്ടും തടഞ്ഞു നിർത്തി.

” ഞാനിന്ന് കുടിച്ചിട്ടുണ്ട്… നിന്നോടിഷ്ടം പറയാൻ വരുമ്പോ എനിക്ക് ആകെയൊരു വിറയൽ.. അതാ കുടിച്ചേ…

കുടിച്ച കള്ളിന്റെ പുറത്താണല്ലോ ഓരോന്ന് പറയുന്നത് എന്നോർത്ത് ഒന്നും മിണ്ടാതെ നിന്നു.

ഇടയിൽ എപ്പോഴോ എന്റെ നോട്ടം അയാളുടെ നെറ്റിയിൽ പതിഞ്ഞു.

” അതിന്നലെ ഒരാൾ കൈവയ്ക്കാൻ വന്നപ്പോൾ തടഞ്ഞതാ.. ചെറിയ ഒരു മുറിവ്.. അത് വിട്…

നോട്ടം കണ്ടിട്ടാണെന്ന് തോന്നുന്നു അയാൾ ആദ്യമേ ഇങ്ങോട്ട് പറഞ്ഞു.

” ടി… നിനക്ക് എന്നെ വിശ്വാസം ഉണ്ടോ…? നീ പറഞ്ഞാ ഞാനിന്ന് മുതൽ നന്നായിക്കോളാം..

എന്നെ ഇഷ്ടപ്പെടാൻ പറ്റുവെങ്കിൽ പറയ് ഞാനിപ്പോ സത്യം ചെയ്യാം… ഇനി കുടിക്കില്ലെന്ന്…

വിശ്വാസം ഉണ്ടോ….?

” ഇല്ല….

എന്തോ ഇല്ലെന്ന് പറയാനാണ് തോന്നിയത്..

അല്ലേലും ഇവനെയൊക്കെ എങ്ങനെ ആരു സ്നേഹിക്കാൻ.

” നിന്നെ നോക്കാൻ ദേ ഈ വണ്ടി തന്നെ ധാരാളവല്ലേ ? എന്നെ നിനക്ക് ഇഷ്ടായില്ലേ.. ?

” ഇല്ല.. ഇഷ്ടായില്ല..

” പൊന്ന് പോലെ നോക്കിക്കോളാടി.. വണ്ടിടെ പേപ്പർ ഒക്കെ ശരിയാക്കി.. നാളെ മുതൽ സ്റ്റാൻഡിൽ വയ്ക്കാൻ നിൽക്കുവാ.. ഒരു ദീർഘനിശ്വാസം വിട്ടു ദൂരെക്ക് നോക്കിനിന്നു.

” എന്നിട്ട് എന്നെ നിനക്ക് ഇഷ്ടല്ല അല്ലേ ?

” അല്ല

” വേറെ ആരോടെങ്കിലും ഇഷ്ടം ഉണ്ടോ? അതാണോ ഇങ്ങനെ പറഞ്ഞത് ?

” അല്ല…

“ഹ്മ്മ്…. അപ്പോൾ ഞാൻ നന്നാവണ്ടാവിശ്യം ഇല്ല… എപ്പോഴെങ്കിലും മനസ്സ് മാറിയാ പറയണേ…

എന്റെ ചങ്ക് പറിച്ചിട്ടാ നീ പോകുന്നത്… എന്നെ കരയിച്ചിട്ടാ പോകുന്നത്… ഇത് വരെ ഒരു പെണ്ണിനോട് ഇഷ്ടം തോന്നിയിട്ടില്ല…

പക്ഷേ നീ അന്ന് എന്നെ നോക്കിയപ്പോൾ തന്നെ എനിക്ക് എന്തോ ഇഷ്ടായി…

നാക്ക് കുഴയുന്നുണ്ടെങ്കിലും അത്രയും എങ്ങനെയോ പറഞ്ഞൊപ്പിച്ചു.

” ഇന്ന് എനിക്ക് കുടിക്കണം… അത് എത്ര പൈസയായാലും ഞാൻ കുടിക്കും… അപ്പോൾ ശരി..

അയാൾ മുന്നേ നടന്നു പോകുന്നത് നോക്കി അങ്ങനെ നിന്നു. നെഞ്ചിൽ കൈ വച്ച് ഒന്ന് നിശ്വസിച്ചു.

” കുടിച്ചാ അവന് ഭ്രാന്താ മോളെ… ഇത് കാര്യമാക്കണ്ട… ഇതുവരെ ഒരു പെണ്ണിനോടും അവൻ മോശായിട്ട് പെരുമാറിയിട്ടില്ല..

എല്ലാം കേട്ട് നിന്ന ഒരു ചേച്ചി എന്നോടായി പറഞ്ഞു.

ഒന്ന് ചിരിച്ച് ഞാൻ വീട്ടിലേക്കു നടന്നു.

അമ്മയോടെല്ലാം പറഞ്ഞപ്പോഴും അടച്ചു വച്ച അദ്ധ്യായം വീണ്ടും എനിക്ക് മുന്നിൽ തുറന്നിട്ടു.

മുറിയിലേക്കു കയറി വാതിലടച്ചു. കിടക്കയിലേക്ക് വീണു. കണ്ണുനീർ തലയിണയെ നനച്ചു.

ഒരുവനെ സ്നേഹിച്ചത് തെറ്റായിരുന്നോ ? സ്നേഹം ഒരു തെറ്റാണോ ? ഉള്ളറിഞ്ഞു സ്നേഹിച്ചവരെല്ലാം എന്നെങ്കിലും വേദനിക്കപ്പെടും.. ഇട്ടിട്ട് പോകില്ലെന്ന് പറയുമ്പോൾ അവരെ അകമഴിഞ്ഞ് വിശ്വസിച്ചു ചേർത്തു പിടിക്കും.. ഒടുവിൽ പല കാരണങ്ങൾ നിരത്തി വച്ച് നിറയുന്ന കണ്ണുകൾക്ക് നേരെ മുഖം തിരിച്ച് അവരങ്ങു പോകും..

പിന്നീടുള്ള കുറ്റപ്പെടുത്തലുകളിൽ, പരിഹാസങ്ങളിൽ മറുപടി പറയാനില്ലാതെ തല കുനിച്ചു നിൽക്കേണ്ടി വരും..

പൊട്ടിക്കരയാൻ പോലും കഴിയാതെ നീറ്റലെല്ലാം നെഞ്ചിലൊളിപ്പിക്കേണ്ടി വരും.. തളർന്നു പോകരുതെന്ന് കരുതുമ്പോഴേക്കും നിലതെറ്റി ദുഃഖത്തിന്റെ കയത്തിലേക്ക് വീണിട്ടുണ്ടാകും..

തോറ്റു കൊടുക്കാതെ ജീവിച്ചു തുടങ്ങിയതല്ലേ…

വീണ്ടും…..

ശരിയാണ് ഞാനാണ് തെറ്റുകാരി.. എന്തിനവൻ ചിരിക്കുമ്പോൾ തിരികെ ചിരിച്ചു. എന്തിനവന്റെ മുന്നിലൂടെ വന്നു.. വല്ലപ്പോഴുമൊക്കെ അവൻ എന്തെങ്കിലും ചോദിക്കുമ്പോൾ എന്തിനതിന് മറുപടി പറഞ്ഞു..

കുറ്റങ്ങളെല്ലാം സ്വയം ഏറ്റെടുത്തു.

രാത്രി വിളമ്പി വച്ച ചോറ് കഴിക്കുമ്പോഴും അമ്മ എനിക്ക് നേരെ തൊടുത്തു വിടുന്ന അസ്ത്രങ്ങൾ ലക്ഷ്യം പിഴക്കാതെ എന്നിലേക്ക്‌ തന്നെ ആഴത്തിൽ ചെന്നു പതിച്ചുക്കൊണ്ടിരുന്നു. ഓരോ വറ്റുകളും തൊണ്ടക്കുഴിയിൽ കുരുങ്ങിയത് പോലൊരു തോന്നൽ..

പിറ്റേന്ന് ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ ക്ലാസ്സിന് പോയി.. അയാളെ കാണാറുള്ള സ്ഥലങ്ങളിൽ നിന്നും തല കുനിച്ചു നടന്നു. പിന്നീടുള്ള ദിവസങ്ങളിലും അത് തന്നെ ആവർത്തിച്ചു. താൻ പേടിച്ചത് പോലെ ഒന്നും ഉണ്ടായില്ല. അയാളെ കണ്ടുമില്ല.. തെല്ലൊരാശ്വാസം അനുഭവപ്പെട്ടു.

” ഇന്ന് ഒരു കൂട്ടരു നിന്നെ കാണാൻ വരുന്നുണ്ട്… അച്ഛൻ എല്ലാം ഉറപ്പിച്ചു എന്നാലും ചടങ്ങ് മുടക്കേണ്ടെന്ന് പറഞ്ഞു.

ഒന്നും മിണ്ടാതെ കേട്ട് നിന്നു. എനിക്ക് ഇപ്പൊ കല്യാണം വേണ്ടെന്നോ.. എന്നോടൊരു അഭിപ്രായം ചോദിച്ചില്ലെന്നോ ഒന്നും പരാതി ഉയർത്തിയില്ല.

ഉയർത്തിയാൽ ഓർമ്മകളുടെ പുകമറയിൽ അകപ്പെടുത്തി കളയും… പൂർത്തികരിക്കാത്ത ഒരു വാക്കിലൂടെ പോലും..

” തീയതി കുറിച്ചു വരുന്ന മാസം പതിനെട്ടിനു.. ഇനിയിപ്പോ ആകെ തിരക്കായി…ചെക്കന്റെ വീട്ടുക്കാർക്ക് ഒരേ നിർബന്ധം എത്രയും പെട്ടെന്ന് കല്യാണം വേണമെന്ന്..

അച്ഛൻ അമ്മയോടു പറയുന്നത് അകത്തിരുന്ന് കേട്ടു.

ചുണ്ടിൽ ഒരു പുഞ്ചിരി വന്നു…

തോറ്റു പോയവളുടെ മങ്ങിയ പുഞ്ചിരി.

” എന്റെ നിർബന്ധം കൊണ്ടൊന്നും അല്ല കല്യാണം ഇത്ര വേഗം ആക്കിയത്.. വീട്ടുകാർക്കാ… ഇത്രയും ദിവസം ഇതൊരു ജയിലായിരുന്നു എനിക്ക്.. നിന്നോട് തുറന്ന് പറയാലോ.. എനിക്ക് ഒരു പെണ്ണിനെ ഇഷ്ടാ… നിന്നെ സ്നേഹിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്.. നിന്റെ അച്ഛനോട് പറയാൻ ശ്രമിച്ചതാ..

എല്ലാം എനിക്കറിയാം ഒക്കെ ശരിയാവും എന്ന് പറഞ്ഞു എന്നെ തിരിച്ചുവിട്ടു. ഞാൻ അവളെ വിളിച്ചിറക്കി കൊണ്ട് വരും.. അത് വരെ നിനക്കിവിടെ നിൽക്കാം..

താലികെട്ടിയവൻ മുന്നിൽ നിന്ന് അത്രയും പറയുമ്പോഴും എന്നിൽ ഭാവമാറ്റങ്ങളൊന്നും തന്നെയുണ്ടായില്ല.

ഉള്ളിൽ നോവ് തോന്നിയില്ല.

മനസ്സ് അങ്ങനൊന്നു ആഗ്രഹിച്ചതുപോലെ.. അയാൾ പുറത്തേക്ക് നടന്നപ്പോൾ ഞാൻ കിടക്കയിലേക്ക് ചാഞ്ഞു. എല്ലാം മറന്നൊരു ഉറക്കം..

നീണ്ട രണ്ട് മാസങ്ങൾക്ക് ശേഷം നിലവിളക്ക് പിടിച്ചു കയറിയ വീടിന്റെ പടികൾ ഒന്നിന്റെയും അകമ്പടിയില്ലാതെ ഇറങ്ങി. ആരുടേയും ജീവിതത്തിൽ ഒരു കരടായി അവശേഷിച്ചു അവിടെ കടിച്ചു തൂങ്ങി നിൽക്കാൻ എന്തോ മനസ്സ് വന്നില്ല.

മുറ്റത്ത്‌ അച്ഛനും അമ്മയും നിൽക്കുന്നത് കണ്ടപ്പോൾ പുച്ഛം തോന്നി. എന്റെ ഇഷ്ടമോ സമ്മതമോ ഇല്ലാതെ.. ഒരു വാക്ക് ചോദിക്കാതെ കൈ പിടിച്ചു കൊടുത്തതല്ലേ… അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. എന്തിനായിരുന്നു…? ആർക്ക് വേണ്ടിയായിരുന്നു…?

ഡിവേഴ്സ് നോട്ടീസിനൊപ്പം ഇട്ട് കൊടുത്ത മാലയും മോതിരവും തിരിച്ചു തന്നു. പരാതി ഇല്ലാതെ എന്നിലെ താലിയും വേർപ്പെടുത്തി തിരികെ നൽകി. പതിയെ നെറ്റിയിലെ ചുവപ്പും മായ്ച്ചു കളഞ്ഞു.

മുറിയിൽ അടച്ചിട്ടിരിക്കാൻ മാത്രം താൻ തളർന്നു പോയിട്ടില്ല. ഒരു ചെറിയ ജോലി കണ്ട് പിടിച്ചു.

ആരും എതിർത്തില്ല. എനിക്ക് ഒരാശ്വാസം ആയിക്കോട്ടെ എന്ന് കരുതികാണും. ഒന്നിലും അധികം ഇടപെടാതെ എന്റെ ലോകത്തിൽ താൻ ചുരുങ്ങി പോയിരുന്നു. അവരുടെ ചോദ്യങ്ങൾക്ക് നേർത്ത ചിരിയിൽ മാത്രം മറുപടി ഒതുക്കി.

അവരുടെ പഴയ എന്നെ തിരികെ നൽകാൻ മാത്രം കഴിഞ്ഞില്ല.

ഒരുവനെ സ്നേഹിച്ചതിനു കുറ്റപ്പെടുത്താതെ ചേർത്തു പിടിച്ചിരുന്നെങ്കിൽ ഒരുപക്ഷെ ഞാൻ ഇന്നും പഴയ ഞാനായി തന്നെയിരിക്കുമായിരുന്നു.

നേരം ഇരുട്ടി തുടങ്ങിയതുക്കൊണ്ടാണ് ഓട്ടോ സ്റ്റാൻഡിലേക്ക് തിരിഞ്ഞു നടന്നത്. ആദ്യ വണ്ടിയിൽ കയറി ഇരുന്ന് ഡ്രൈവറെ കണ്ടപ്പോഴാണ് ചെന്നു പെട്ടത് എവിടെയെന്ന് മനസിലായത്. അയാൾ കുടിച്ച് കാണുമോ എന്നായിരുന്നു ഉള്ളിലെ ഭയം. ഒന്ന് തിരിഞ്ഞു നോക്കി അയാൾ വണ്ടിയെടുത്തു.

വീടിന്റെ മുന്നിൽ നിർത്തി അയാൾ ഒന്ന് ചിരിച്ചു.

ചുരുട്ടി പിടിച്ച അൻപതു രൂപയുടെ നോട്ട് അയാൾക്ക്‌ നേരെ നീട്ടി. അതെ ചിരിയോടെ അത് വാങ്ങി കീശയിൽ വച്ചു. ഞാൻ വീടിനുള്ളിൽ കയറുന്നത് വരെ അയാൾ വണ്ടിയിലിരുന്നു. മുറിയിൽ കയറി ജനാല തുറന്നു നോക്കി. അയാളുടെ വണ്ടി കണ്ണിൽ നിന്ന് മറയുന്നത് വരെ നോക്കി നിന്നു.

പിറ്റേന്ന് ഒരു ഞായറാഴ്ചയായിരുന്നു. ആരുടെയോ ശബ്ദം കേട്ടാണ് ഹാളിലേക്ക് ചെന്നത്.

മുന്നിലിരിക്കുന്നയാളെ കണ്ട് തല കുനിച്ചു നിന്നു.

അച്ഛൻ ഒന്നും പറയാതെ എന്നെ നോക്കി ഇരുന്നു.

” സ്ത്രീധനം ഒന്നും വേണ്ട… അതൊക്കെ അവൾ എനിക്ക് തന്നു.

നിവർത്തി പിടിച്ച കൈവള്ളയിൽ ഞാനിന്നലെ കൊടുത്ത അൻപതു രൂപയുടെ നോട്ട്.

” അടിയും കുടിയുമൊക്കെ നിർത്തി… നിന്റെ കല്യാണം കഴിഞ്ഞെന്നു കേട്ടപ്പോൾ നിന്നെക്കാൾ നല്ലൊരു പെണ്ണിനെ കെ_ട്ടി കൂ_ടെ കൂട്ടണമെന്ന് തോന്നി.. വാശിപ്പുറത്ത് കുടിയും അടിയും എല്ലാം നിർത്തി. പക്ഷേ നിന്നെ മറക്കാനോ മറ്റൊരുത്തിയെ സ്നേഹിക്കാനോ മാത്രം കഴിഞ്ഞില്ല..

ആദ്യമായിട്ടും അവസാനമായിട്ടും സ്നേഹിച്ചത് നിന്നെയായിരുന്നു.

അമ്പരപ്പോടെ അയാളുടെ മുഖത്തുനോക്കി..

ഒരാളെ ഇങ്ങനെ സ്നേഹിക്കാൻ കഴിയുമോ എന്നായിരുന്നു സംശയം. അൽപ്പം തിരക്കുണ്ടെന്ന് പറഞ്ഞ് ആൾ ഇറങ്ങി പോകുമ്പോൾ എന്തിനോ ഞാനും ഗേറ്റ് വരെ ഒപ്പം പോയി. യാത്ര പറഞ്ഞു അയാൾ വണ്ടിയിൽ കയറിയപ്പോൾ നിറഞ്ഞൊരു പുഞ്ചിരി നൽകി.

അകത്തേക്കു കയറിയപ്പോൾ അച്ഛൻ എന്നെ ചേർത്തു പിടിച്ചു..

“അവൻ നല്ലവനാ…

നൂറ് പവൻ സ്വർണമോ ഒരു കാറോ സ്ത്രീധനം വാങ്ങാതെ അയാൾ എന്നെ ജീവിതത്തിൽ ക്ഷണിച്ചു.

എന്റെ ഇഷ്ടങ്ങൾ എല്ലാമറിഞ്ഞ് ഒരാൾ… എന്റെ ആഗ്രഹം പോലെ മുടങ്ങി പോയ പഠനം എനിക്ക് തിരിച്ചു തന്നു. അതിന്റെ ഉറപ്പിൽ നല്ലൊരു ജോലിയും ശരിയായി. സ്നേഹം കൊണ്ട് എന്നെ പഴയ ഞാനാക്കി മാറ്റി. ചോർന്നു പോകാത്ത വിധം ചേർത്തു നിർത്തി.

” എനിക്ക് ഭ്രാന്തായിരുന്നെടി….

മടിയിലേക്ക് തലവച്ച് കിടന്നുക്കൊണ്ട് അയാൾ പറഞ്ഞു. ആ മുഖത്തു നോക്കി ഞാനൊന്ന് ചിരിച്ചു കൂടെ അയാളും..

അതെ അയാൾക്ക്‌ ഭ്രാന്തായിരുന്നു..

മുഴുത്ത ഭ്രാന്ത്….

ആ ഭ്രാന്തിന് എന്റെ പേരായിരുന്നെന്ന് മാത്രം…

സ്നേഹമെന്ന ഭ്രാന്ത്….

ശുഭം..

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : വാക പെണ്ണ്