അവന്‍റെ നിശ്വാസത്തിന്‍റെ ചൂടിലമര്‍ന്ന് അവളുടെ ഇമയടഞ്ഞും തുറന്നും കൊണ്ടിരുന്നു…

രചന : ഷാഹില്‍ കൊടശ്ശേരി

“നന്ദേട്ടാ വേണ്ടാ..!”

“ഒന്നിങ്ങടുത്ത് വാ പാറൂ…!”

“വിട് നന്ദേട്ടാ.. ദേ കയ്യിലെ പ്രസാദം താഴെപ്പോവ്വ്വേ…!”

“കാറ്റിനെപ്പോലും ഇത്രമാത്രം മോഹിപ്പിക്കുന്ന നിന്‍റെ കാര്‍ക്കൂന്തലില്‍ ചൂടിയ മുല്ലപ്പൂവിന്‍റെ കാച്ചെണ്ണ ചേര്‍ന്ന ഒരുമണമുണ്ട് പാറൂ..! അതിനു പകരംവെയ്ക്കാനാവില്ല ഒരു ശ്രീകോവിലിലെ പ്രസാദത്തിനും.

നന്ദനവളെ ചേര്‍ത്തുനിര്‍ത്തി..!

ആ കണ്‍മഷി പരന്ന കണ്ണുകളിലോട്ട് സൂക്ഷിച്ചുനോക്കിക്കൊണ്ട് പറഞ്ഞു..!

“ഭയമാ പെണ്ണേ എനിക്ക്.. ഭഗവാന്‍ കൃഷ്ണന്‍ പോലും നിന്നെ മോഹിച്ച് എന്നില്‍നിന്നടര്‍ത്തിയെടുക്കുമോ എന്ന ഭയം..!”

ഒരു വല്ലാത്ത ഭാവത്തോടെ നന്ദന്‍റെ കണ്ണുകളിലേക്ക് നോക്കി അവള്‍ മൗനം പാലിച്ചിരിക്കുകയാണ്..

ഇടവഴിയില്‍ ഇരുഭാഗത്തും തഴച്ചുവളര്‍ന്ന കൈതച്ചെടികളുടെ ഇലകളോടൊപ്പം അവളുടെ ധാവണിയും കാറ്റില്‍ തഴുകുന്നുണ്ടായിരുന്നു..!

കണ്ണുകള്‍ കണ്ണോടു ചേര്‍ക്കാന്‍ വെമ്പിട്ട് അവനവളിലേക്കടുക്കുമ്പോള്‍ പാര്‍വതി ഒരനര്‍ഗ്ഗ നിശ്വാസത്തോടെ അവളുടെ ഇമ ഇറുകിയടച്ചു പിന്നോട്ടാഞ്ഞ് പുളഞ്ഞു..!

അവനവളുടെ അരയില്‍ ചേര്‍ത്തുപിടിച്ചുകൊണ്ട് പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു…!

പാറൂ..! നിന്‍റെ കണ്ണുകളില്‍ കാണുന്ന ആ തിളക്കമുണ്ടല്ലോ..!

നിമിഷങ്ങളെ നിമിഷങ്ങളില്‍ നിന്നടര്‍ത്തിയെടുത്ത് എന്നെ നിന്നിലേക്കടുപ്പിക്കുന്നത് ആ തിളക്കമാണ്..!

അവന്‍റെ നിശ്വാസത്തിന്‍റെ ചൂടിലമര്‍ന്ന് അവളുടെ ഇമയടഞ്ഞും തുറന്നും കൊണ്ടിരുന്നു..!

കയ്യിലുള്ള പ്രസാദത്തില്‍ മുറുകെപ്പിടിച്ച് അമര്‍ത്തി ഞെരിക്കുന്നതോടൊപ്പം അവന്‍റെ അധരം ആ കണ്ണുകളിലേക്കടുത്തുകൊണ്ടിരുന്നു..!

നിര്‍വൃതി ചാര്‍ത്തിയ വിഭ്രാന്തിയോടെ അവളവന്‍റെ നെഞ്ചില്‍ കൈവെച്ച് തള്ളി മാറ്റി..!

“എന്ത് വൃത്തികേടാ നന്ദേട്ടാ ഈ ചെയ്യ്ണേ..!”

കുതിച്ച് പൊങ്ങിയ നന്ദന്‍റെ ശ്വാസനിശ്വാസത്തിന്‍റെ തോത് പതിയെ അമര്‍ന്നില്ലാതാവുമ്പോള്‍ അവളുടെ കണ്ണുകളില്‍ നിന്ന് കണ്ണെടുത്ത് അവജ്ഞഭാവത്തോടെ മുഖം തിരിച്ചു നിന്നു..!

മുണ്ട് മടക്കിയുടുത്ത് തിരിഞ്ഞുനടക്കാന്‍ തുനിഞ്ഞപ്പൊഴേക്കും പാര്‍വതിയുടെ കൈകള്‍ നന്ദന്‍റെ കൈതണ്ടയില്‍ പിടി മുറുകിയിരുന്നു..!

“ദേഷ്യായോ നന്ദേട്ടന്..!”

“ന്നെ വിടുന്നുണ്ടോ.. നിക്ക് പോണം..”

“അങ്ങനങ്ങട്ട് വിടാന്‍ മനസ്സില്ല..! എന്താ കൊച്ചു കുട്ട്യോളെ പോലെ..!”

അവനവളിലേക്കൊന്നൂടെ നോക്കി അമര്‍ഷം ഒരിത്തിരി പോലും ഒതുക്കിമാറ്റാതെ ചോദിച്ചു..!

“കുട്ടിത്തം എനിക്കല്ല.. നിനക്കാ..!

എന്‍റെ പെണ്ണല്ലേ നീ.. എന്നിട്ടെന്തിനാ എന്നെ ഒരന്യപുരുഷനെപ്പോലെ..”

“ആണല്ലോ..!”

നന്ദന്‍ വാക്കുകള്‍ പൂര്‍ത്തിയാക്കും മുന്‍പേ പാര്‍വ്വതി ഇടക്കുകയറി പറഞ്ഞു..!

“നന്ദേട്ടന്‍ ന്‍റെ കഴുത്തില്‍ മിന്നുകെട്ടും വരെ നിക്ക് നന്ദേട്ടന്‍ ഒരന്യപുരുഷന്‍ തന്ന്യാ..! ഇതെല്ലാം തെറ്റാണ് നന്ദേട്ടാ..!

അന്ന് ഏട്ടന്‍ തന്നെയല്ലേ പറഞ്ഞിരുന്നേ..

പ്രണയം മനസ്സിന്‍റെ അകത്തളത്തില്‍ കത്തിനില്‍ക്കുന്ന ഒരു മെഴുകുതിരിയാണെന്ന്..!

അതിന്‍റെ പ്രകാശമാണ് പ്രതീക്ഷകളിലേക്ക് പ്രണയത്തെ കൊണ്ടെത്തിക്കുന്നത്..!

അല്ലാതെ ഉരുകിയെരിയുന്ന മെഴുകുകണങ്ങളല്ല..

“ഉരുകിയമരുന്ന മെഴുകുകണങ്ങളാണ് ആ തിരി പ്രകാശിപ്പിക്കുന്നതെന്ന് പാറു എന്താ മനസ്സിലാക്കാത്തേ..!”

“എന്‍റെ ശരീരം ഉരുക്കിയൊഴുക്കി വിട്ടിട്ടു വേണോ നന്ദേട്ടാ നമ്മുടെ പ്രണയത്തിന് പ്രകാശമേകാന്‍…!”

“നീ എന്താ ഇങ്ങനെയൊക്കെ പറയുന്നേ..?”

“നിക്ക് സാഹിത്യമൊന്നുമറിയില്ലെങ്കിലും നന്ദേട്ടന്‍റെ മനസ്സ് വായിച്ചെടുക്കാനറിയാം.. ആ മനസ്സില്‍ തോന്നിയ ഉദ്ദേശവുമറിയാം…

അതിന് മനശാസ്ത്രം പഠിക്കേണ്ട ആവശ്യമൊന്നുമില്ല.. എന്‍റെ പ്രണയം ഏട്ടനു വേണ്ടി സമര്‍പ്പിച്ചത് ഏട്ടന്‍റെ ഹൃദയത്തിലാ..

അതുകൊണ്ടു മാത്രമാണത്..! ഭഗവാന്‍ ശ്രീകോവിലിന്‍റെ മുന്നില്‍ വെച്ച് നന്ദേട്ടനു പറയാനാവുമോ ഏട്ടന്‍ ഉദ്ദേശിച്ചത് ഇതല്ലാന്ന്..!”

നന്ദന് മറുപടിയില്ലായിരുന്നു..!

സ്വയം കുറ്റമാരോപിക്കപ്പെട്ട കുറ്റവാളിയെപ്പോലെ അവന്‍ ഒന്നുരണ്ടടി പിറകോട്ടു നടന്നു..!

ചുണ്ടില്‍ വിരിഞ്ഞ പുഞ്ചിരി ഒട്ടും മാറാതെ പാര്‍വതി നന്ദന്‍റെ കൈവിരലുകള്‍ ചേര്‍ത്തു പിടിച്ചുകൊണ്ടു പറഞ്ഞു…..

ശരിയാ നന്ദേട്ടാ..!

പ്രകാശമേകി സൗരഭ്യം പരത്തുമ്പഴും ഉരുകിയലിയുന്ന മെഴുകുകണങ്ങളാണ് ആ സൗരഭ്യത്തിന് കാരണംന്ന് പാറൂനറിയാഞ്ഞിട്ടല്ല..! ആ സൗരഭ്യം ആവോളമാസ്വദിക്കണമെങ്കില്‍ ന്‍റെ കഴുത്തില്‍ ഈ ശ്രീകോവിലകത്തില്‍ പൂജിച്ച് വെച്ച ഒരു താലിച്ചരട് വേണംന്ന് ആഗ്രഹണ്ട്..! അത് മാത്രാ പാറു നന്ദേട്ടനോട് ആവശ്യപ്പെടുന്ന പ്രണയോപഹാരം.!

നിക്ക് വേണ്ടിയത് സാധിച്ച് തര്വോ..!”

ആ തിളങ്ങുന്ന കണ്ണുകള്‍ നിറഞ്ഞുതുളുമ്പിയിരുന്നു..!

പാര്‍വ്വതിയുടെ കൈവിരലുകള്‍ നെഞ്ചോട് ചേര്‍ത്തുവെച്ചുകൊണ്ട് നന്ദന്‍ നിറഞ്ഞ മനസ്സോടെ പുഞ്ചിരിച്ചു..!

പ്രണയം മധുരമേറുന്നത് അത് ഹൃദയത്തില്‍ വസിക്കുമ്പൊഴാണെന്ന തിരിച്ചറിവോടെ പാര്‍വതി ചാര്‍ത്തിക്കൊടുത്ത ചന്ദനക്കുറിയുമായി നന്ദന്‍ ഇടവഴിയിലൂടെ അവളോടൊപ്പം നടന്നു..!

ഇന്നവരുടെ വിവാഹമാണ്..!

ഭഗവാന്‍ ശ്രീകൃഷ്ണന്‍റെ തിരുസന്നിധിയില്‍ വെച്ച് പൂജിച്ച മഞ്ഞച്ചരടിനു വേണ്ടി അവളിലെ മെഴുകുകണങ്ങള്‍ അവനു വേണ്ടി ദാഹം പൂണ്ടിരുന്നു..!

ശുഭകാര്യങ്ങള്‍ അതിന്‍റെ ചിട്ടയോടെ പരിപൂര്‍ണ്ണമാവാന്‍ ആത്മാവ് മതിയാവുമെന്ന വിശ്വാസമാവാം ഒരിറ്റ് കണ്ണീരിന്‍റെ നനവോടെ പാര്‍വതി ശ്രീകോവില്‍ അവസാന പുശ്പാര്‍ച്ചന നടത്തിയതും..!

“ഇതെന്താ.. മുഹൂര്‍ത്തം കഴിയാറായല്ലോ..

വരനെ കണ്ടില്ല…!”

താലത്തില്‍ വെച്ച താലിച്ചരട് സ്വയം അണിഞ്ഞുകൊണ്ടവള്‍ സുമംഗലിയായി വീട്ടിലേക്ക് നടന്നു..!

കാച്ചെണ്ണയില്‍ മുക്കിയ മുല്ലപ്പൂമൊട്ടുകള്‍ മുറിയൊട്ടാകെ വിതറി പൂര്‍ണ്ണനഗ്നയായി നിന്നു..!

ഒരു കരിന്തിരിയുടെ കൊച്ചുവെട്ടത്തില്‍ നന്ദന്‍റെ പാര്‍വ്വതി ആളിക്കത്തുമ്പോള്‍
വാഗ്ദാനം നിറവേറ്റിയ സന്തോഷം വെന്തുകരിഞ്ഞ് ചാരമാവുന്ന ആ മുഖത്ത് കാണാമായിരുന്നു..!!

അലക്ഷ്യമായി വീശിയ കാറ്റിനോടൊപ്പം വന്ന ഒരു പത്രക്കടലാസ് അവളിലെ നഗ്നതയുടെ അഗ്നിയിലേക്കമര്‍ന്നില്ലാതായി..!!

വെന്തു വെണ്ണീറായി ബാക്കിവെച്ച പ്രണയത്തോടൊപ്പം ആ കലാസിലെ വരികള്‍ മായാതെ തെളിഞ്ഞുകണ്ടു..!

വാഹനാപകടത്തില്‍ മരിച്ച ആ യുവാവിന് നന്ദന്‍റെ ഛായയായിരുന്നു..!

ഒരു കൊച്ചുതെന്നലില്‍ ആ കടലാസും പൊടിഞ്ഞ് ചാരമായി അവളുടെ ജീവച്ഛവമായ നഗ്നതയിലേക്കലിഞ്ഞ് പ്രണയത്തിന്‍റെ
സൗരഭ്യം ചാര്‍ത്തുന്നുണ്ടായിരുന്നു..!

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : ഷാഹില്‍ കൊടശ്ശേരി