എന്നെക്കൊണ്ട് പറ്റണില്ല ഉമ്മാ, ഇക്കയില്ലാത്ത ആ വീട്ടിലേക്ക് ഇനീം പോവാൻ… തന്റെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങുന്ന കണ്ണീർ തുള്ളികൾ ഷാളുകൊണ്ട് തുടച്ചുമാറ്റി…

രചന : ഫൈസി ബിൻ ആദം

“എന്നെക്കൊണ്ട് പറ്റണില്ല ഉമ്മാ, ഇക്കയില്ലാത്ത ആ വീട്ടിലേക്ക് ഇനീം പോവാൻ”

തന്റെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങുന്ന കണ്ണീർ തുള്ളികൾ ഷാളുകൊണ്ട് തുടച്ചുമാറ്റി തന്റെ മൂന്ന് മക്കളേയും ചേർത്ത് പിടിച്ച് ഷംന ഉമ്മയെ നോക്കി. ഉമ്മ അവളെ ദയനീയമായൊന്ന് നോക്കി

“നിന്റെ സർട്ടിഫിക്കറ്റ് എല്ലാം അവിടല്ലേ മോളെ… നീ പോവാതെ പിന്നെങ്ങനാ…”

ഒന്നും മിണ്ടാതെ മക്കളെ ചേർത്ത് പിടിച്ച് തേങ്ങി,

നിറകണ്ണുകളോടെ അവൾ പുറത്ത് കാത്ത് നിൽക്കുന്ന അനിയന്റെ ബൈക്കിൽ കയറി.

ജീവനുതുല്യം സ്നേഹിച്ചിരുന്ന തന്റെ ഭർത്താവിന്റെ മരണത്തിന് ശേഷം ആദ്യമായാണ് അവൾ ആ വീട്ടിൽ പോകുന്നത്. ബൈക്കിൽ ഇരുന്ന് വീടെത്തുന്നവരെ അവളുടെ ഹൃദയം പെട പെടാന്ന് തുടിച്ചു. വീടിലേക്കുള്ള ദൂരം കുറയുംതോറും അവളുടെ മനസ്സും ശരീരവും മരവിച്ചു.

തന്നേയും മക്കളേയും പൊന്നുപോലെ സ്നേഹിച്ച തന്റെ ഇക്കയില്ലാത്ത വീട്ടിലേക്ക് കയറി ചെല്ലുന്നതിനെ കുറിച്ച് അവൾക്ക് ഓർക്കാൻ പോലും സാധിക്കുന്നില്ലായിരുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി… അവളുടെ മനസിലൂടെ തങ്ങളുടെ വിവാഹ ജീവിതത്തിലെ മനോഹര നിമിഷങ്ങൾ മിന്നിമറഞ്ഞു… പെട്ടെന്നാണ് അനിയന്റെ ശബ്ദം അവളുടെ കാതിലൂടെ തുളച്ച് കയറിയത്

“ഇത്താ, ഇങ്ങളെന്താ ഇറങ്ങാത്തെ… വീടെത്തി”

തന്റെ ചിന്തയിൽ നിന്നും ഞെട്ടി അവൾ ബൈക്കിൽ നിന്നും ഇറങ്ങി. മെല്ലെ മെല്ലെ അവൾ വീടിനെ ലക്ഷ്യം വെച്ച് മുന്നോട്ട് നടന്നു. വല്ലാത്ത ഒരു അവസ്ഥയായിരുന്നു അവളുടേത് അപ്പോൾ. നെഞ്ച് പൊട്ടി പൊളിയുന്ന പോലെ തോന്നി അവൾക്ക്.

ഷംനയെ കാത്ത് ഭർത്താവിന്റെ ഉമ്മയും ഉപ്പയും വാതിൽക്കൽ തന്നെ ഉണ്ടായിരുന്നു. അവൾ കണ്ണീരോടെ അവളെ വീട്ടിലേക്ക് കയറ്റി. ആരോടും ഒന്നും മിണ്ടാതെ അവൾ തന്റെ മുറിയെ ലക്ഷ്യം വെച്ച് നടന്നു. മുറി അടച്ചിട്ടിരിക്കുകയാണ്. അവൾ അവിടെ നിന്നും പോയതിന് ശേഷം ആരും ആ മുറി തുറന്നിട്ടില്ല. തന്റെ വിറക്കുന്ന കൈകൾ കൊണ്ട് മെല്ലെ വാതിൽ തള്ളി തുറന്ന് അവൾ മുറിയുടെ അകത്ത് കയറി വാതിലടച്ചു. മെല്ലെ കട്ടിലിൽ പോയിരുന്നു.

തന്റെയും പാതിയുടേയും ഇണക്കങ്ങളും പിണക്കങ്ങളും കുഞ്ഞു കുഞ്ഞു തല്ല്പിടിത്തങ്ങൾക്കും ഭ്രാന്തമായ പ്രണയങ്ങൾക്കും സാക്ഷിയായ കട്ടിലിൽ അവൾ മെല്ലെ തലോടി. കട്ടിലിൽ കിടക്കുമ്പോൾ അവർ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പിടിച്ച് വലിച്ച് തല്ലുകൂടിയിരുന്ന പുതപ്പിനെ അവൾ ചേർത്ത് പിടിച്ചു. ദേഷ്യം വരുമ്പോൾ പരസ്പരം എടുത്തെറിഞ്ഞിരുന്ന തലയണകൾ അവൾ തന്റെ നെഞ്ചോട് ചേർത്ത് വെച്ചു.

ഒരു കുട്ടിയെപ്പോലെ അവൾ തേങ്ങി തേങ്ങി കരഞ്ഞു

“എന്തിനാ ഇക്കാ എന്നേയും മക്കളേയും തനിച്ചാക്കി പോയേ…”

പെട്ടെന്നാണ് അവളുടെ കാതിലൂടെ ഒരു ശബ്ദം തുളച്ച് കയറിയത്

“കുറേ നേരായല്ലോ തുടങ്ങീട്ട്, എന്താ സംഭവം…?”

ഷംന മെല്ലെ കണ്ണ് തുറന്ന് നോക്കി. തന്റെ തൊട്ട് മുന്നിൽ മുണ്ടും മടക്കി കുത്തി രണ്ട് കൈകൾ കൊണ്ട് തുടയിലും ഉരസി അങ്ങനെ കൂളായി നിക്കുന്ന ഭർത്താവിനെ നോക്കി ഉറക്കപിച്ചയിൽ അവൾ ചോദിച്ചു

“അപ്പൊ ഇങ്ങള് ചത്തില്ലേ!!!

ഞെട്ടലോടെ ഭർത്താവ് ഷംനയെ നോക്കി കണ്ണുരുട്ടി

“ആഹാ അപ്പൊ അതാണല്ലേ മനസ്സിലിരിപ്പ്. എന്നോട് പിണങ്ങി എന്നെ കുറേ ചീത്തയും വിളിച്ച് നാളെ മക്കളേം കൊണ്ട് വീട്ടിൽ പോവാണ്, ഇനി ഇങ്ങോട്ട് വരില്ല എന്നൊക്കെ പറഞ്ഞ് പോത്തുപോലെ കിടന്നുറങ്ങിയിട്ട് നേരം വെളുത്തപ്പോൾ ഞാൻ ചത്തില്ലേ എന്നോ…”

താൻ ഇത്രേം നേരം കണ്ടത് ഒരു സ്വപ്നമായിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ഷംനക്ക് ശ്വാസം ഒന്ന് നേരെ ആയത്. അവൾ ഭർത്താവിനെ കെട്ടിപിടിച്ച് കവിളിൽ ആഞ്ഞൊരു ഉമ്മവെച്ച് നല്ലൊരു കടിയും കൊടുത്ത് കുളിക്കാൻ കയറി…

ജീവിതത്തിൽ ചില ബന്ധങ്ങളുടെ വില മനസ്സിലാകുന്നത് അവ നമുക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടുമ്പോഴാണ്…

എല്ലാവർക്കും നന്മകൾ മാത്രം നേരുന്നു…

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : ഫൈസി ബിൻ ആദം