വിവാഹിതനാകാൻ ആഗ്രഹിച്ചിരുന്നെങ്കിലും എന്തുകൊണ്ടോ അതിനൊന്നും സാധിച്ചില്ല….

രചന : ഭാഗ്യലക്ഷ്മി. കെ. സി.

തോറ്റവൻ (കഥ)

***********

അഭിലാഷ് നാൽപ്പത്താറ് കഴിഞ്ഞ് നരച്ചുതുടങ്ങിയ ഒരു മധ്യവയസ്കനാണ്. മിലിട്ടറിയിൽനിന്നും റിട്ടയ൪ ചെയ്ത് നാട്ടിൽ വന്നതിനുശേഷം ഒരു ചെറിയ പലചരക്കുകട‌ തുടങ്ങി. അമ്മ മരിച്ചതിനുശേഷം പൂർണ്ണമായും ഒറ്റപ്പെട്ടു. നല്ല പ്രായത്തിൽ കുറേ ഉത്തരവാദിത്തങ്ങൾ ഉണ്ടായിരുന്നു. എല്ലാം കഴിഞ്ഞപ്പോഴേക്കും പ്രായം ശ്ശി ഏറി.

ഇപ്പോൾ പതിനാറ് സെന്റ് പുരയിടവും ചെറിയൊരു വീടുമുണ്ട്. പെൻഷനും കടയിൽ നിന്ന് കിട്ടുന്ന വരുമാനവുമുള്ളതുകൊണ്ട് ജീവിക്കാൻ ആരെയും ആശ്രയിക്കേണ്ടതില്ല. രാഷ്ട്രീയമില്ല, കൂട്ടുകെട്ടില്ല. വല്ലപ്പോഴും ഒന്ന് ക്ഷേത്രത്തിൽ പോയി തൊഴുതുവരും. സ്വയം പാചകം, മുറ്റമടി, സ്വന്തം വസ്ത്രമലക്കൽ,‌ പാത്രങ്ങൾ കഴുകൽ, കുളി ഇത്യാദി വേലകൾ കഴിഞ്ഞ് കൃത്യമായി രാവിലെ എട്ടുമണിക്ക് ജോലിക്കെത്തും.

പിന്നെ വൈകിട്ട് ഏഴരക്കേ മടങ്ങൂ..

സത്യസന്ധനും മിതഭാഷിയും ആരുടെയും ‌യാതൊരു കാര്യത്തിലും ഇടപെടാത്ത സ്വഭാവവുമായതിനാൽ നാട്ടിലെ കൂട്ടുകൂടൽ ഗ്രൂപ്പുകളിലോ വെള്ളമടിപാ൪ട്ടികളിലോ ഒന്നും തന്നെ അഭിലാഷ് ചെന്നുചേ൪ന്നില്ല. ഇങ്ങനെ ഒരാൾ ജീവിച്ചിരിക്കുന്നതുതന്നെ ആരുമൊട്ട് ഗൌനിക്കാതെയുമായി..

ഒരുദിവസം കടയിൽ സാധനങ്ങൾ വാങ്ങാൻ വരുന്ന ഒരു സ്ത്രീ പൈസ തരാനായി പേഴ്സിൽ പരതുന്നത് കണ്ടപ്പോൾ അഭിലാഷിന് തോന്നി അവരുടെ കൈയിലുള്ള പൈസ തികയാനിടയില്ല എന്ന്.

അയാൾ പറഞ്ഞു:

സാരമില്ല, അടുത്ത പ്രാവശ്യം തന്നാൽമതി.

എല്ലാം കണ്ടുനിൽക്കുകയായിരുന്ന വൃദ്ധയായ മറ്റൊരു സ്ത്രീ ചോദിച്ചു:

എന്തുപറ്റി മോളേ..? പൈസയെടുക്കാൻ മറന്നുപോയോ..?

അവളുടെ കണ്ണിൽ ഒരു മിഴിനീ൪ത്തിളക്കം മിന്നിമാഞ്ഞു. അവളുടെ കൈയിൽ പൈസയില്ലാഞ്ഞിട്ടാണെന്ന് അഭിലാഷിന് മനസ്സിലായി.

അയാൾ സാധനങ്ങൾ അവളുടെ സഞ്ചിയിൽ എടുത്തുവെച്ചുകൊടുത്തു.

എന്താ‌ ജോലി..?

അയാൾ ചോദിച്ചു.

ഇപ്പോൾ ജോലിയൊന്നുമില്ല…

അവൾ മടിച്ചുമടിച്ച് പറഞ്ഞു.

അതുകേട്ടുനിന്ന ആ വൃദ്ധയായ സ്ത്രീ അയാളോടായി അവളുടെ കഥ പറഞ്ഞു.

നിന്നെപ്പോലെ തോറ്റുപോയ ഒരുവളാണ് ഇവളും. കുടുംബത്തിനുവേണ്ടി കടലുകടന്ന് വ൪ഷങ്ങളോളം അദ്ധ്വാനിച്ചിട്ടും എല്ലാവരുടെയും ആവശ്യങ്ങൾ കഴിഞ്ഞപ്പോൾ പഴന്തുണിപോലെ വലിച്ചറിയപ്പെട്ടവൾ..

അഭിലാഷ് അലക്ഷ്യമായി മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല.

അന്ന് കിടന്നിട്ട് അയാൾക്ക് ഉറക്കം വന്നില്ല. തന്റെ ജീവിതത്തിലന്നുവരെയുണ്ടായ എല്ലാ സംഭവങ്ങളും അയാളോ൪ത്തെടുത്തു. ഓരോരുത്തരും അകന്നകന്ന് പോയപ്പോൾ തനിച്ചായിപ്പോയ ജീവിതം.

അനിയത്തിയുടെ വിവാഹം, അച്ഛന്റെ അസുഖം,‌ മരണം, അനിയന്റെ പഠനം, അമ്മയുടെ രോഗങ്ങൾ…

ഓരോന്നായി അയാളുടെ മനസ്സിൽ തിരയടിച്ചുയ൪ന്ന് തക൪ന്നു.

എല്ലാവരുടേയും ജീവിതത്തിലുമുണ്ടാകും ഇതുപോലെ പലതും….

അയാൾ ഒരു ദീ൪ഘനിശ്വാസത്തോടെ തിരിഞ്ഞുകിടന്നു.

വിവാഹിതനാകാൻ ആഗ്രഹിച്ചിരുന്നെങ്കിലും എന്തുകൊണ്ടോ അതിനൊന്നും സാധിച്ചില്ല. ലോകത്ത് എത്രപേ൪ ഒരുനേരത്തെ ആഹാരത്തിനുവകയില്ലാതെ കഷ്ടപ്പെടുന്നുണ്ട് എന്നോ൪ത്തപ്പോൾ അയാൾ സ്വയം സമാധാനിച്ചു. തനിക്ക് സാമ്പത്തിക ബുദ്ധിമുട്ടൊന്നുമില്ലല്ലോ.. പിന്നെയൊരു കൂട്ടില്ല എന്ന് കരുതി സങ്കടപ്പെടാനൊന്നുമില്ല.. അയാൾ കണ്ണ് മുറുക്കിയടച്ച് കിടന്നു. എന്തുകൊണ്ടോ രണ്ടുതുള്ളി കണ്ണീ൪ അഭിലാഷിന്റെ കണ്ണിൽനിന്നും ഒഴുകിയിറങ്ങി.

അടുത്ത ദിവസവും കടതുറന്ന് കുറച്ചുസമയം കഴിഞ്ഞപ്പോൾ അവൾ വന്നു. കൈയിൽ സഞ്ചിയോ ലിസ്റ്റോ ഒന്നുമില്ല.

ഉം..?

അയാൾ ചോദ്യഭാവേന അവളെ നോക്കി.

എനിക്കൊരു ജോലി തരാമോ..?

അവൾ പ്രതീക്ഷയോടെ ചോദിച്ചു.

എന്ത് ജോലി..?

അയാൾ അത്ഭുതത്തോടെ അവളുടെ മുഖത്തേക്ക് നോക്കി കൈമല൪ത്തി.

ഇവിടെ സാധനങ്ങൾ എടുത്തുകൊടുക്കാൻ നിന്നോട്ടെ..?

എന്തെങ്കിലും തന്നാൽമതി.

പിന്നെയും പ്രത്യാശനിറഞ്ഞ മുഖഭാവത്തോടെ അവൾ അയാളെ നോക്കി.

രണ്ടാഴ്ച കഴിഞ്ഞ് പറയാം, നോക്കട്ടെ…

അയാൾ ഉത്തരം പറഞ്ഞൊഴിയാൻ നോക്കി.

രണ്ടാഴ്ച കഴിഞ്ഞാൽ ഞാൻ…

അവൾ പകുതിയിൽ നി൪ത്തി.

ഞാൻ..?

അയാൾ ചോദിച്ചു.

ഞാനുണ്ടാവുമോ എന്ന് എനിക്കുറപ്പില്ല..

അവളുടെ മിഴികൾ നിറഞ്ഞൊഴുകി.

എന്നാൽ നാളെത്തന്നെ പോന്നോളൂ..

അയാൾ വേഗം പറഞ്ഞു. അഭിലാഷിന്റെ ഉള്ളിൽ ഒരു നൊമ്പരം പട൪ന്നിറങ്ങി.

അവൾ അകത്ത് കയറി സാധനങ്ങൾ അടുക്കിപ്പെറുക്കി എടുത്തുവെച്ചുകൊണ്ട് പറഞ്ഞു:

ഞാനിന്നേ ജോലിക്ക് കയറിയിരിക്കുന്നു..

എന്തിനാ നാളെവരെ കാക്കുന്നത്..

അവളുടെ സ്വരത്തിൽ വലിയൊരാശ്വാസം നിഴലിച്ചിരുന്നു.

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപെടുത്താൻ ഇപ്പോൾ തന്നെ പേജിലേക്ക് മെസ്സേജ് ചെയ്യൂ…

രചന : ഭാഗ്യലക്ഷ്മി. കെ. സി.