നിനക്കൊക്കെ വല്ല കൂലിപ്പണിക്കും പൊക്കൂടേ ടീ.. തെങ്ങു പോലെ വളർന്നു.. എന്തിനാ സ്ക്കൂളിൽ വരണേ…

രചന : ഡിൻ്റാ ജോമോൻ

തങ്കമണി

*************

പണ്ട് സ്ക്കൂളിൽ പഠിച്ചിരുന്ന കാലത്ത് ഓരോ ക്ലാസ്സിലും അദൃശ്യമായ മൂന്ന് തട്ടുകൾ ഉണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട്.

അതിൽ ആദ്യത്തെ തട്ടിൽ സമ്പന്ന കുടുബത്തിൽ നിന്നുള്ള സുന്ദരികളായ കുട്ടികൾ. അവർ ഡാഡി…മമ്മി എന്നേ വിളിക്കൂ. അവരുടെ യൂണിഫോം ചുളിക്കില്ലാതെ, ഒരു പ്രത്യേക വാസനയോടെ നല്ല വൃത്തിയായിരിക്കും. അവരുടെ ചോറു പാത്രത്തിൽ മൂന്നോ നാലോ കറികൾ കാണും. അവരുടെ ഡാഡിയോ മമ്മിയോ പി.ടി.എയിൽ അംഗങ്ങളായിരിക്കുകയും അവരുടെ അഭിപ്രായങ്ങൾക്ക് വിലയുണ്ടാവുകയും ചെയ്യും..

സ്ക്കൂളിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾക്ക് അവർ കൈയയച്ച് സംഭാവനകൾ നൽകും.

ഡാഡിയും മമ്മിയും ഇടയ്ക്കിടെ വന്ന് അവരുടെ കുട്ടികളുടെ പുരോഗതി അന്വേഷിച്ച്.. ടീച്ചറോട് കുറച്ച് ഇംഗ്ലീഷൊക്കെ കലർത്തി കുശലാന്വേഷണം നടത്തും. അങ്ങനെ അവർ ക്ലാസിലെ ഏറ്റവും ഫ്രണ്ടിലെ ബെഞ്ചിൽ സ്ഥാനം കിട്ടുകയും മറ്റുള്ള കുട്ടികളിൽ നിന്ന് അകലം പാലിച്ച് കഴിയുകയും ചെയ്യും.

രണ്ടാമത്തെ തട്ടിൽ മിഡിൽ ക്ലാസ് ഫാമിലിയിലെ കുട്ടികൾ. അവർ അച്ഛൻ.. അമ്മ എന്നോ അപ്പൻ.. അമ്മ എന്നോ വിളിക്കും. അവരെ സ്കൂളിൽ കൊണ്ടാക്കി അവരുടെ അച്ഛൻമാർ പിന്നെ ആ വഴിക്ക് തിരിഞ്ഞു നോക്കാറില്ല.

എന്നിരുന്നാലും പി.ടി.എ മീറ്റിങ്ങിന് നിർബന്ധിച്ചാൽ വരും. വീട്ടിൽ വന്നാൽ പുസ്തകമെടുത്തു വച്ച് പഠിക്കെടീ എന്നെങ്കിലും പറയും. ചോറും പേരിന് രണ്ടു കൂട്ടം കറിയും ചോറ്റു പാത്രത്തിൽ കാണും.

അവരുടെ യൂണിഫോമിന് മുഷിഞ്ഞ മണം കാണില്ല. അവർ ക്ലാസിൻ്റെ നടുവിലെ തട്ടിൽ ഇരിക്കും.. വല്യ ശല്ല്യമില്ലാത്ത അത്യാവശ്യം പഠിക്കുന്ന നിർഗുണ പരബ്രഹ്മ ആത്മാക്കൾ.

മൂന്നാമത്തെ തട്ടിൽ.. ഏറ്റവും താഴേക്കിടയിലുള്ള കുടുംബത്തിൽ നിന്ന് വരുന്നവർ. അവർക്ക് മിക്കവർക്കും കൂലിപ്പണിക്കു പോകുന്ന അമ്മയും ഉപേക്ഷിച്ചു പോയ അച്ഛനും ഉണ്ടാവും. അല്ലെങ്കിൽ ചോര ചത്ത് കരുവാളിച്ച കണ്ണുള്ള അമ്മയും കുടിച്ചു വന്ന് കുനിച്ചു നിർത്തി ഇടിക്കുന്ന അച്ഛന്മാരും ഉണ്ടായിരിക്കും.

അവർ അച്ഛന്മാരെക്കുറിച്ച് ഒരിക്കലും സംസാരിക്കാറില്ല… അമ്മമാരെക്കുറിച്ച് വളരെ വിരളമായും സംസാരിക്കും. അവരുടെ യൂണിഫോമിന് മുഷിഞ്ഞ ഗന്ധവും ചുളിവുകളും കീറലുകളും ഉണ്ടായിരിക്കും.

അവർ ഉച്ചക്ക് പൈപ്പിലെ വെള്ളം കുടിച്ച് സ്ക്കൂൾ വളപ്പിലെ മാവിൻ ചുവട്ടിൽ പോയി ഇരിക്കും.

അവർക്ക് പഠിക്കണോ. പഠിക്കാനാഗ്രഹമുണ്ടോ.. പഠിച്ചോ എന്നൊന്നും ആരും അന്വേഷിക്കില്ല.

അവർ ഏറ്റവും ബാക്കിലെ ബെഞ്ചിൽ ഇരിക്കും.

ഇനി തങ്കമണിയിലേക്ക് വരാം.. തങ്കമണിയുടെ സ്ഥാനം ഏറ്റവും ബാക്കിലെ ബെഞ്ചിൽ.. നല്ല ഉരുക്കു പോലുള്ള ശരീരം. ഞാൻ ഒമ്പതാം ക്ലാസ്സിൽ വരുമ്പോൾ തങ്കമണി വിജയകരമായി അവിടെ രണ്ടു കൊല്ലം പൂർത്തിയാക്കിയിരുന്നു. ക്ലാസിലെ ഏറ്റവും മുതിർന്ന കുട്ടി. നിർമല ടീച്ചർ വടിയും കൊണ്ട് വരുന്നതു തന്നെ തങ്കമണിയെ അടിക്കാനാണെന്നു തോന്നും.

അങ്ങനെ അന്നത്തെ കണക്കു ക്ലാസിൽ നിർമല ടീച്ചർ വടിയും കയ്യിൽ പിടിച്ച് ഒരു ചോദ്യം..

“എ പ്ലസ് ബി ഓൾ സ്വകയർ ഈക്വൽ ടു…”

തങ്കമണി പറയ്… ടീച്ചർ വടി തങ്കമണിയിലേക്ക് നീട്ടി.

നടുവിലെ ബെഞ്ചിലിരിക്കുന്ന ഞാൻ തിരിഞ്ഞു നോക്കി. തങ്കമണി ചാടിയെഴുന്നേറ്റ് ഉത്തരം പറയാൻ മെനക്കെടാതെ കൈ നീട്ടി.

“നിനക്കൊക്കെ വല്ല കൂലിപ്പണിക്കും പൊക്കൂടേ ടീ.. തെങ്ങു പോലെ വളർന്നു.. എന്തിനാ സ്ക്കൂളിൽ വരണേ?”ടീച്ചർ ചൂരല് വച്ച് കൈവെള്ളയിൽ രണ്ടടി കൊടുത്തു. തങ്കമണി അടി വാങ്ങി തല കുനിച്ച് ഇരുന്നു.

അങ്ങനെ ടീച്ചർ തങ്കമണിക്ക് നടയടി അടിച്ച് കൈയുടെ പെരുപ്പ് ഒന്നു കുറച്ചു. ക്ലാസിലെ കുരുട്ടടക്കയായിരുന്ന ഞാൻ ഒന്നുകൂടി ചുളുങ്ങി ഇരുന്ന് ടീച്ചറുടെ കാഴ്ച മറച്ചു.

അടുത്ത അടി ആരു വാങ്ങും എന്നാലോചിക്കുന്നതിനിടയിൽ ഒന്നു തിരിഞ്ഞു നോക്കി. ഉരുക്കു പോലിരുന്ന തങ്കമണി ആരും കാണാതെ കണ്ണീര് തുടയ്ക്കുന്നു. മുൻ ബെഞ്ചിലിരുന്ന ഏതോ ഒരു സുന്ദരി ഉത്തരം പറഞ്ഞ് ഞങ്ങളെ രക്ഷിച്ചു.

അങ്ങനെ ലഞ്ച് ബ്രേക്കിന് മണിയടിച്ചു. ഞാൻ ചോറ്റു പാത്രമെടുത്ത് തങ്കമണിയെ നോക്കി.

മുറ്റത്ത് മാവിൻ ചുവട്ടിൽ കെട്ടിയ തറയിൽ ഇരിക്കുന്ന തങ്കമണിയെ കണ്ടു. ഞാൻ ചോറു പാത്രം തൂ_ക്കി തങ്കമണിയുടെ അടുത്ത് ഇരുന്നു.

”എന്താ കുട്ടീ?”

” തങ്കമണി ഉണ്ണുന്നില്ലേ?”

“വിശപ്പില്ല”

”ചോറ്റുപാത്രം എന്ത്യേ?”

“അത് കൊണ്ടരാൻ മറന്നു പോയി”

” തങ്കമണീടെ അമ്മ അത് കണ്ട്ട്ടിണ്ടാവില്ല്യേ?

എന്നിട്ട് കൊണ്ടുവന്നില്ലേ?”എനിക്ക് അതിശയം തോന്നി. എൻ്റെ അമ്മയാണെങ്കില് ഞാനെങ്ങാൻ പാത്രം മറന്നു വെച്ചാ അതും നെഞ്ചത്തടുക്കിപ്പിടിച്ച് പാടത്തും പറമ്പത്തും കൂടെ ഓടി സ്ക്കൂളിൽ കൊണ്ടു തരും.

” അമ്മ വീട്ടിലില്ല.. പണിക്കുപോയി”

”സാ_രല്യാ.. എൻ്റേന്ന് കഴിക്കാം”

ഞാൻ ചോറു പാത്രം തുറന്ന് അതിൻ്റെ മൂടിയിൽ കുറച്ച് ചോറും ഒരു കഷണം മുട്ട വറുത്തതും കുറച്ച് പയറുപ്പേരിയും തങ്കമണിക്ക് നീട്ടി.

“വേണ്ട കുട്ടീ…യ്ക്ക് വേണ്ട” തങ്കമണി മുട്ട വറുത്തതിലേക്ക് നോക്കി പറഞ്ഞു.

” കഴിക്ക് തങ്കമണി… അമ്മ കുത്തി നിറച്ച് ഇടും. ഈ ചോറു മുഴുവൻ എനിക്ക് ഉണ്ണാൻ പറ്റില്ല.”

തങ്കമണി മനസില്ലാ മനസ്സോടെ ചോ_റെടുത്ത് കഴിച്ചു തുടങ്ങി.

”നുള്ളിപ്പെറുക്കി ഇരിക്കണോണ്ടാ ഇങ്ങനെ ഇരിക്കണേ .. അങ്ങട് വാരി വലിച്ച് തിന്ന്.”തങ്കമണി പാത്രം കഴുകി താഴെ വച്ച് എന്നെ നോക്കി.

ഭക്ഷണം കഴിഞ്ഞ് അവൾ ചോറ്റു പാത്രം അടച്ചു വയ്ക്കുമ്പോൾ ഞാൻ ആ കൈകളിലേക്ക് നോക്കി.പാറപോലെ ഉറച്ച കൈവെള്ളകൾ.

ഞാൻ പതുക്കെ തങ്കമണിയുടെ കൈയിൽ തൊട്ടു.

“കുട്ടീടെ കൈ പഞ്ഞി പോലെ ഇ_രിക്കണു” തങ്കമണി കൈവലിച്ചു.

”കുട്ടി പണിയൊന്നും എടുക്കാത്തോണ്ടാ കൈയൊക്കെ മിനുസായി പഞ്ഞി പോലെ ഇരിക്കണെ”

” തങ്കമണി പണിയെടുക്കോ?”

“പിന്നെ… ഇല്ലാണ്ട്, രാവിലെ ഒരു വീട്ടില് പണീണ്ട്. വൈകീട്ട് രണ്ടു വീട്ടിലും”

” എന്തു പണി?”

“അവിടെ മുറ്റമടിക്കും, പാത്രം കഴുകും പിന്നെ തുണിയലക്കും. ”

“എന്നിട്ട് അവര് കാശ് തരോ?”

” അമ്മയാ വാങ്ങാ.. അമ്മയക്ക് കാശിന് എപ്പോഴും പ്രയാസാ.. അമ്മ പറഞ്ഞു ഇനി പഠിക്കണ്ടാന്ന്.. പഠിച്ചിട്ടിപ്പോ എന്തു കിട്ടാനാ? അമ്മ റോഡു പണിക്ക് പോണോണ്ട് വീടു വാടകേം ചെലവും കഴിയണ്ടേ?”

“എന്നിട്ട് തങ്കമണി പഠിപ്പു നിർത്താൻ പോവാ?”

“നിയ്ക്കും തോന്നണുണ്ട് നിർത്തണംന്ന്..

അല്ലെങ്കിലും ഞാൻ പഠിക്കാനൊന്നല്ല വരണേ..

നിങ്ങളെയൊക്കെ കാണാലോ.. ആരെങ്കിലും ചോദിച്ചാ പഠിക്കാന്ന് പറയാലോ?”

“നമുക്ക് ഒരുമിച്ചിരുന്ന് പഠിച്ചാലോ?”

“അയ്യോ വേണ്ട കുട്ടീ…കുട്ടീടെ പഠിപ്പും കൂടി ഇല്ല്യാണ്ടാവും”

ഞാൻ പിറ്റേന്നു തുടങ്ങി അമ്മയോടു പറഞ്ഞ് ഒരു പൊതിച്ചോറു കൂടി തങ്കമണിക്ക് കൊണ്ടുവരാൻ തുടങ്ങി. ഞങ്ങൾ ഒരുമിച്ചിരുന്ന് പഠിക്കാൻ തുടങ്ങി.

നിർമല ടീച്ചറുടെ മുൻപിൽ തങ്കമണിയെക്കൊണ്ട് ഒരു ഉത്തരമെങ്കിലും പറയിക്കണമെന്ന് എനിക്ക് വാശിയായി. തങ്കമണിയും പഠിക്കാൻ ഉത്സാഹം കാട്ടി. അല്ലെങ്കിലും വിശന്നിരിക്കുന്ന ഒരു കുട്ടി ഭക്ഷണത്തിനെക്കുറിച്ചല്ലാതെ പഠിത്തത്തെക്കുറിച്ച് എങ്ങനെ ചിന്തിക്കും?

അങ്ങനെ ഒരു ദിവസം നിർമല ടീച്ചർ പിന്നേയും എ പ്ലസ് ബി ഓൾ സ്ക്വയർ ൻ്റെ ഉത്തരം തങ്കമണിയോട് ചോദിച്ച് ക്ലാസു തുടങ്ങി.

തങ്കമണി ചാടിയെഴുന്നേറ്റ് ‘എ സ്ക്വയർ പ്ലസ് ടു എബി പ്ലസ് ബി സ്ക്വയർ’എന്ന് വച്ച് കാച്ചി.

നിർമല ടീച്ചറുടെ കയ്യിൽ നിന്ന് ആദ്യമായി അന്ന് വടി താഴെ വീണു.

അങ്ങനെ ഒമ്പതാം ക്ലാസിൽ ജയിച്ച് ഞങ്ങൾ രണ്ടും പത്തിലെത്തി.

എൻ്റെ പൊതിച്ചോറിനും ഒരുമിച്ചുള്ള പഠിത്തത്തിനും പകരമായി തങ്കമണി ചെറിയ ഒരു ചില്ലു കുപ്പിയിൽ ഉപ്പിലിട്ട മാങ്ങ, നെല്ലിക്ക, ലൂപിക്ക ഇത്യാദി വകകളും ചിലപ്പോൾ കപ്പലണ്ടി വറുത്തത് നാരങ്ങാ മിട്ടായി തുടങ്ങിയവയും തന്ന് എന്നെ സന്തോഷിപ്പിച്ചിരുന്നു.

ഒന്നും സൗജന്യമായല്ല അവൾ സ്വീകരിച്ചിരുന്നത് എന്ന് സാരം.

അങ്ങനെ ഊണു കഴിഞ്ഞ് കപ്പലണ്ടി കൊറിച്ചിരിക്കുമ്പോൾ തങ്കമണിയുടെ സങ്കടങ്ങൾ പെരുമഴയായി പെയ്തിറങ്ങും. ഞാനതിൽ മുങ്ങിത്തപ്പി ശ്വാസം കിട്ടാതെ പിടയും. ഒരാൾക്ക് ഇത്രയും സങ്കടങ്ങളോ എന്ന് നെടുവീർപ്പിടും.

അങ്ങനെ പത്താം ക്ലാസിലെ പരീക്ഷയിൽ തങ്കമണി കഷ്ടിച്ച് ജയിക്കുകയും ഞാൻ ഡിസ്റ്റിങ്ങ്ഷനോടുകൂടി പാസാവുകയും ചെയ്തു.

റിസൾട്ട് പേപ്പർ ടീച്ചർമാരെ കാണിക്കുക എന്നൊരു ചടങ്ങുണ്ട്. അവിചാരിതമായി കിട്ടിയ വലിയ വിജയത്തിൽ ഞങ്ങൾ രണ്ടാളും റിസൾട്ട് പേപ്പർ നിർമല ടീച്ചറെ കാണിക്കാനുള്ള വരിയിൽ നിൽക്കുകയാണ്.

ടീച്ചർ എൻ്റെ മുന്നിൽ നിൽക്കുന്ന സുന്ദരിക്ക് കിട്ടാതെ പോയ ഡിസ്റ്റിങ്ങ്ഷനിൽ സങ്കടപ്പെടുകയും തൊട്ടു പിന്നിൽ നിൽക്കുന്ന എനിക്ക് കിട്ടിയ ഡിസ്റ്റിങ്ങ്ഷനിൽ”നിനക്ക് ഇത് എങ്ങനെ കിട്ടി” എന്ന് പരിഹസിക്കുകയും ചെയ്തു. ഞാൻ എൻ്റെ പുറകിൽ നിൽക്കുന്ന തങ്കമണിയെ നോക്കി.

അവൾ കരയാൻ വന്ന് വിതുമ്പി നിൽക്കുന്ന എന്നെ പിടിച്ചു വലിച്ച് മാവിൻ ചോട്ടിൽ കൊണ്ടിരുത്തി.

അവൾ കൊണ്ടു വന്ന നാരങ്ങ മിഠായിയുടെ പൊതി തുറന്നു. ഞാൻ ആകാശത്തേയ്ക്ക് നോക്കി നെടുവീർപ്പിട്ട് അച്ഛൻ പറയാറുള്ള ഒരു തത്വം പറഞ്ഞു.

”അല്ലെങ്കിലും നമ്മളെ തളർത്തിക്കളയാൻ ആർക്കും പറ്റില്ല.. നമ്മുടെ കഠിനാധ്വാനവും നിശ്ചയധാർഠ്യവും നമ്മെ ഉയരത്തിലെത്തിക്കുക തന്നെ ചെയ്യും.” തങ്കമണി അത് കേട്ടതായി പോലും തോന്നിയില്ല. അല്ലെങ്കിലും അരപ്പട്ടിണിക്കാരന് എന്ത് ഫിലോസഫി?

എന്തായാലും ഞങ്ങളുടെ വിജയത്തിന് ആ നാരങ്ങ മിട്ടായിനേക്കാൾ മധുരമുണ്ടായിരുന്നു.

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : ഡിൻ്റാ ജോമോൻ


Comments

Leave a Reply

Your email address will not be published. Required fields are marked *