അവൾ ഒരു ബാധ്യത ആവുമെന്ന് മനസിലായ അന്ന് തന്നെ അവളെ ഞാൻ വീട്ടിൽ കൊണ്ടു വിട്ടു…

രചന : മഞ്ജു കണ്ണൂർ

എന്നിലെ അവൾ…

***********

വീട്ടിൽ എല്ലാവരും തീരുമാനിച്ചു,,,, കിരണിന് ഈ സൂര്യയെ വേണ്ട. അല്ലേലും മാറാരോഗിയായ ഒരു കുഞ്ഞിന് ജന്മം നൽകാൻ കഴിയാത്ത അവളെ എന്തിനാണ് എനിക്ക്.

വിവാഹം കഴിഞ്ഞ് ഒരു വർഷമേ ഒരുമിച്ച് ജീവിച്ചുള്ളു കിരണും സൂര്യയും . സന്തോഷം നിറഞ്ഞ ജീവിതമായിരുന്നു. അതിനിടയിലാണ് ക്യാൻസർ എന്ന വില്ലൻ അവരുടെ ഇടയിൽ വന്നത്.

അന്നു മുതൽ തീരുമാനിച്ചതാണ് എല്ലാവരും അവളെ ഒഴിവാക്കണം എന്ന്.

അവൾ ഒരു ബാധ്യത ആവുമെന്ന് മനസിലായ അന്ന് തന്നെ അവൾടെ വീട്ടിൽ കൊണ്ടു വിട്ടു.

ഇന്നിപ്പോൾ കോടതിയിറങ്ങാൻ വയ്യ എല്ലാം പരസ്പരം സംസാരിച്ച് അവസാനിപ്പിക്കാം എന്ന അവളുടെ അച്ഛന്റെ വാക്കിന് പുറത്താണ് വീണ്ടും അവൾടെ വീട്ടുപടിക്കൽ വന്നത്.

“കിരണേട്ടാ.”

അടുത്ത വീട്ടിലെ അപ്പൂസാണ് വിളിക്കുന്നത്. കിരൺ അവന് നേരെ തിരിഞ്ഞു.

ഒന്നും പറയാതെ അവൻ അവന്റെ കുഞ്ഞിളം കൈയ്യിലെ കടലാസെടുത്ത് കിരണിന് നേരെ നീട്ടി.

കടലാസിലെ അക്ഷരങ്ങൾ കണ്ട മാത്രയിൽ കിരണിന് പിടികിട്ടി.

സൂര്യ എഴുതിയത്. ഒരൽപ്പം ഇഷ്ടക്കേടോടെ അവനാ വരികളിൽ കണ്ണോടിച്ചു.

“ഏട്ടാ എന്തേ ഈ പടിക്കൽ വന്നിട്ടും എന്നെയൊന്ന് കാണാൻ വരാത്തെ. ഏട്ടനിവിടെ എന്നെ കൊണ്ടു വിട്ടിട്ട് മാസങ്ങൾ ആയിരിക്കുന്നു. എന്റെ മുഖം ഒരിക്കലെങ്കിലും കാണണമെന്ന് തോന്നിയിട്ടില്ലേ.

മുൻപൊക്കെ എന്നെ ഒരു നിമിഷം പിരിഞ്ഞിരിക്കാൻ വയ്യെന്ന് പറഞ്ഞയാളാ. സാരമില്ല എനിക്ക് സങ്കടമില്ല ഏട്ടാ ഒക്കെ എന്റെ വിധിയാ

ഏട്ടനൊത്ത് ജീവിച്ച് കൊതി തീർന്നില്ല. ഈ ജന്മം മുഴുവൻ ഓർത്തിരിക്കാനുള്ള സ്നേഹം എനിക്ക് ഏട്ടൻ തന്നിട്ടുണ്ടല്ലോ എനിക്കത് മതി.

നമ്മടെ വല്ല്യമ്മ പറയാ ഏട്ടൻ വേറെ പെണ്ണാലോചിക്കണുണ്ടെന്ന് എനിക്ക് സമാധാനായി എനിക്കെന്തേലും പറ്റിയാ എന്റേട്ടൻ ഒ_റ്റയ്ക്കാവും എന്നൊരു പേടിയാർന്ന് അതിപ്പോൾ മാറിക്കിട്ടി.

മരിക്കണ മുമ്പ് എനിക്ക് കാണണം എന്റേട്ടന്റെ കല്യാണം.

പിന്നെ വീട്ടിൽ എന്തുണ്ട് അമ്മയ്ക്ക് വയ്യായ്കയൊന്നും ഇല്ലല്ലോ അമ്മയോട് പറയണം ഞാൻ തിരക്കിയെന്ന് . ആ വീടും പറമ്പും കാണാൻ കൊതിയാവാ. ഇത്തവണ പഞ്ചാര മാവ് പൂക്കുമോ അതിലെ മധുരമുണ്ണാൻ എനിക്ക് ഭാഗ്യല്ലാതായല്ലോ. ഏട്ടാ മുൻപത്തെ പോലെത്തന്നാണോ ഇപ്പഴും മൂക്കത്താണോ ദേഷ്യം .

ആ തലമുടിയിൽ വിരലോടിച്ച് മാപ്പുപറഞ്ഞാൽ തീരണതല്ലേ എന്റേട്ടന്റെ ദേഷ്യം. പുതിയ ജീവിതം തുടങ്ങുമ്പോൾ എന്നെ ഓർക്കുമോ ഏട്ടൻ.

ഏട്ടാ ഒന്ന് അകത്തേക്ക് വരാമോ ? ഒന്നിനും വേണ്ടിയല്ല. അവസാനമായി ഒന്നൂടെ എന്റേട്ടനെ എനിക്ക് കാണണം . വരില്ലേ

സൂര്യ…..

ഒരു നിമിഷം ഹൃദയം മുറിഞ്ഞ പോലെ തോന്നി കിരണിന്. പിറകോട്ട് ചിന്തിക്കുമ്പോൾ കുറ്റബോധം കൊണ്ട് ശരീരം തളരുന്നു. ഒന്നും ആലോചിച്ചില്ല അവൾടെ മുറി ലക്ഷ്യമാക്കി നടക്കവെ അവിടേക്കുള്ള ദൂരം കൂടിയ പോലെ തോന്നി കിരണിന്. കണ്ടമാത്രയിൽ സൂര്യയെ ചേർത്തുപിടിക്കുമ്പോൾ കിരൺ ഉറപ്പിച്ചു മരണത്തിന് പോലും എന്നിലെ ഇവളെ വിട്ടു കൊടുക്കില്ലെന്ന്.

ശുഭം.

സന്തോഷവും സങ്കടവും ഒരുമിച്ച് അനുഭവിക്കേണ്ടതാണ് ഭാര്യ ഭർതൃ ബന്ധം.

തളരുമ്പോൾ താങ്ങായ് നിൽക്കണം.

സ്നേഹമാണ് വലുത് . സ്നേഹത്തിനായ് സ്നേഹിക്കുന്നവർക്കായ് സമർപ്പിക്കുന്നു .

ആദ്യമായി ഒരു ശ്രമം നടത്തിയതാണ് തെറ്റുകൾ തിരുത്തി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ലൈക്ക് കമൻ്റ് ചെയ്യണേ….

രചന: മഞ്ജു കണ്ണൂർ