കണ്ടില്ലേ മോനേ ഇവളുടെ അഹമ്മതിയും അഹങ്കാരവും.. ഇങ്ങനെ ഒരു ധിക്കാരിയെ ആണല്ലോ നീ- യെടുത്തു ത- ലയിൽ വ- ച്ചത്.

രചന : ബിന്ധ്യ ബാലൻ

അഗ്നി

**************

“ഡോ എണീക്കെടോ.. തന്റെ കണ്ണിലെന്താ മത്തനാണോ.. സ്ത്രീകളുടെ സീറ്റിൽ ആണോ വന്നിരിക്കുന്നത്… ബ്ലഡി ഫൂൾ.. സ്റ്റുപ്പിഡ്.”

ജോലി സ്ഥലത്ത് നിന്നും എല്ലാ വീക്കെൻഡ്‌ലിലും വീട്ടിലേക്കുള്ള യാത്രയിലായിരുന്നു ഞാൻ. എന്നത്തേയും പതിവ് പോലെ സൈഡ് സീറ്റ് പകർന്നു തന്ന ഉറക്കത്തിന്റെ ലഹരി നുണഞ്ഞിരിക്കുമ്പോൾ ആണ് കൂട്ടുകാരിയുടെ ബോംബ് പൊട്ടുന്നത് പോലുള്ള ഒച്ചയും ബഹളവും കേട്ടത്.

ഉറക്കത്തിലാണ്ടു പോയ കണ്ണുകൾ വലിച്ച് തുറന്നു നോക്കുമ്പോൾ കണ്ടത് ഞങ്ങൾ ഇരിക്കുന്ന സീറ്റിന്റെ പിന്നിലെ സീറ്റിൽ സ്ത്രീകളുടെ സീറ്റ് ആണെന്ന് ശ്രദ്ധിക്കാതെ ഓടിക്കയറി വന്നിരുന്ന ഒരു ചേട്ടനോട് അവൾ തട്ടികയറുകയാണ്.

“അറിയാതെ വന്നിരുന്നതാടോ ഞാൻ നോക്കിയില്ല.. താൻ ക്ഷമിക്ക് ”

എന്നൊക്കെ അയാൾ അവളോട്‌ പറഞ്ഞു നോക്കിയെങ്കിലും അവളുടെ ഉള്ളിലെ പ്രതികരണ സിംഹം സട കുടഞ്ഞെഴുന്നേറ്റിരുന്നത് കൊണ്ട് ആ പറഞ്ഞതൊന്നും അവൾ ചെവി കൊണ്ടില്ല..

പിന്നെയും പിന്നെയും പറഞ്ഞു കത്തിക്കയറുന്ന അവളെ കയ്യിൽ ബലമായി പിടിച്ചമർത്തിയിരുത്തി അയാളോട് ഞാൻ പറഞ്ഞു

“പൊന്നു ചേട്ടാ വിട്ടേക്ക്… സീൻ ആക്കല്ലേ ”

“ഞാനാണോ കൊച്ചേ സീൻ ആക്കിയത്.. തന്റെ കൂട്ടുകാരിയോട് പറയ്.. ഇതിപ്പോ ഇതിന്റെ വർത്താനം കേട്ടാൽ ആൾക്കാർ കരുതുമല്ലൊ ഞാൻ വേറേ ഏതാണ്ടാ ചെയ്തതെന്ന്… ”

“ആഹാ.. താൻ എന്താടോ പറഞ്ഞേ.. ഒന്നൂടെ പറയെടോ.. അല്ലെങ്കിൽ വേണ്ട, ഡ്രൈവറെ വണ്ടി പോലീസ് സ്റ്റേഷനിലോട്ട് വിട്.. ഇയാളെ ഞാൻ ഇന്ന് ശരിയാക്കുന്നുണ്ട്.. ”

അയാളുടെ സംസാരം അവളെ വീണ്ടും ദേഷ്യം പിടിപ്പിച്ചു… എങ്കിലും, വണ്ടി പോലീസ് സ്റ്റേഷനിൽ ഒക്കെ കയറി വരുമ്പോൾ ഇത്രയും ആളുകളുടെ സമയം പോകും വണ്ടിയുടെ ടൈമിങ്ങും തെറ്റും എന്നൊക്കെ കണ്ടക്ടർ ഓടി വന്ന് ആധിയോടെ പറഞ്ഞപ്പോൾ അവൾ പിന്നെ എതിർത്തൊന്നും പറയാൻ പോയില്ല.. ആ പ്രശ്നം അവിടെ അവസാനിച്ചു..

കുറ്റക്കാരനായ ചേട്ടൻ ഞാൻ നോക്കുമ്പോൾ ദേ വടി വിഴുങ്ങിയത്‌ പോലെ എഴുന്നേറ്റു നിൽക്കുന്നു..

എനിക്ക് ഒരേ സമയം ചിരിയും വന്നു, അയാളോട് പാവവും തോന്നി.

ഞാൻ എന്റെ അടുത്തിരിക്കുന്നവളുടെ കയ്യിൽ നുള്ളിക്കൊണ്ട് മെല്ലെ പറഞ്ഞു

“നിനക്കിതെന്തിന്റെ അസുഖം ആണ് ഗീതു..വെറുതെ അയാളുടെ മെക്കിട്ട് കേറി…”

“അപ്പൊ അയാൾ കാണിച്ചതോ.. അതെന്താ നീ പറയാത്തത്..? ”

പെണ്ണിന്റെ മുഖം വീണ്ടും ചുവന്നു. അത് കണ്ടൊരു ചിരിയോടെ ഞാൻ പറഞ്ഞു

“എന്റെ പെണ്ണേ അയാൾ അറിയാതെ വന്നിരുന്നതല്ലേ.. അറിഞ്ഞപ്പോ ദേ എഴുന്നേറ്റു മാറുകയും ചെയ്തു. നീ ഇത്രയും വലിയ ബഹളമൊന്നും ഉണ്ടാക്കണ്ടായിരുന്നു.. അയാൾ സ്ത്രീകളോട് മോശമായി ഒന്നും പറയുകയോ ചെയ്യുകയോ ചെയ്തില്ലല്ലോ.. അങ്ങനെ ആയിരുന്നേൽ ഓക്കേ..

ഇതിപ്പോ വെറുതെ ഒരു സീൻ ഉണ്ടാക്കിയപ്പോ നിനക്ക് സന്തോഷം ആയോ കുരിപ്പേ.. ”

“ആ സന്തോഷം ആയി.. ഞാനേ നിന്നെപ്പോലെ അല്ല.. എനിക്കിത്തിരി പ്രതികരണ ശേഷി കൂടുതൽ ആണ്.. ഇതൊക്കെ കണ്ടാൽ ഞാൻ റിയാക്ട് ചെയ്യും.. അല്ലാതെ നിന്നെപ്പോലെ ഒന്നും മിണ്ടാതെ ആരോടും കയർക്കാതെ നാണം കുണുങ്ങി ഇരിക്കത്തില്ല..

എന്റെ പൊന്നു അഗ്നി.. നിനക്കാരാടി ഈ പേരിട്ടത്.. നിനക്കൊട്ടും ചേരുന്നില്ല കേട്ടോ ഈ പേര്. നീ ഒരു കാര്യം ചെയ്യ്, ഗസറ്റിൽ കൊടുത്ത് നിന്റെ പേര് വല്ല ലക്ഷ്മിയെന്നോ പാർവതി എന്നോ ആക്കാൻ നോക്ക്.. അല്ല പിന്നെ..ഇങ്ങനെ ഉണ്ടോ പെണ്ണുങ്ങൾ… ദേ അഗ്നി ഞാൻ വീണ്ടും വീണ്ടും പറയുവാ ഇങ്ങനെ പഞ്ചപാവമായി ജീവിക്കാൻ ആണ് ഉദ്ദേശം എങ്കിൽ നീ കഷ്ട്ടപ്പെടും മോളെ..

പെൺകുട്ടികൾ ആയാൽ കുറച്ചൊക്കെ ബോൾഡ് ആവണ്ടേ. ഇത് അതൊന്നുമില്ലാത്തൊരു മണ്ക്കൂസ്.. ”

മുഖം വീർപ്പിച്ച് എന്നേ നോക്കി അത്രയും പറഞ്ഞിട്ട്, ബാഗിൽ നിന്നൊരു പാക്കറ്റ് ബിസ്ക്കറ്റ് എടുത്ത് പൊട്ടിച്ച്, അയാളോടുള്ള ദേഷ്യം ആ ബിസ്ക്കറ്റിനോട് കാണിക്കുന്ന അവളെ കണ്ടപ്പോൾ ചിരിച്ചു പോയി ഞാൻ.

എന്റെ ചിരി കണ്ട്, വലിയൊരു ചിരിയോടെ ബിസ്ക്കറ്റ് എനിക്ക് നേരെ നീട്ടി

“ഇന്നാ മുണുങ് ” എന്നവൾ പറയുമ്പോൾ ആ കണ്ടക്ടർ ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു

“അപ്പൊ ശരി മോളെ. തിങ്കളാഴ്ച കാണാം ഇനി.. ”

ഇറങ്ങേണ്ട സ്റ്റോപ്പ് എത്താറായപ്പോൾ സീറ്റിൽ നിന്നെഴുന്നേറ്റ് ബാഗ് തോളിൽ ഇട്ടു കൊണ്ട് ഞാൻ അവളോട്‌ യാത്ര പറയുമ്പോൾ ആണ് ഒരു കള്ളച്ചിരിയോടെ അവൾ പറഞ്ഞത്

“വീട്ടിൽ നിനക്കൊരു സർപ്രൈസ് ഉണ്ട് മോളെ.. വേഗം ചെല്ല് ”

“എന്താടി… എന്ത് സർപ്രൈസ്.. പറ ”

ആകാംഷയോടെ ഞാൻ ചോദിച്ചു.

“അയ്യടാ.. എങ്കിൽ പിന്നെ എനിക്കങ്ങു കാര്യം പറഞ്ഞാൽ പോരെ.. സർപ്രൈസ് എന്ന്‌ പറയണോ… ദേ സ്റ്റോപ്പ്‌ എത്തി.. നീ വീട്ടിൽ ചെന്നിട്ട് ആ സർപ്രൈസിന്റെ കെട്ടഴിച്ചിട്ട് എന്നേ വിളിക്ക് കേട്ടോ.. ”

“പോടീ.. കാ‍ന്താരി.. ”

അവളെ നോക്കിയൊരു ചിരിയോടെ ഞാൻ ബസിൽ നിന്നിറങ്ങി…

എന്നാലും എന്തായിരിക്കും അവൾ പറഞ്ഞ സർപ്രൈസ് എന്നോർത്ത് നടന്ന് പോകുമ്പോൾ ആണ് പിന്നിൽ നിന്നൊരു വിളി

“മോളെ.. ”

തിരിഞ്ഞു നോക്കുമ്പോൾ, അച്ഛനാണ്.. എന്നേ കൊണ്ട് പോകാൻ പതിവ് പോലെ സ്റ്റോപ്പിൽ വന്നു നിന്നതായിരുന്നു.. ഗീതു പറഞ്ഞ കാര്യം മനസിലിട്ടു നടന്നപ്പൊ അച്ഛൻ നിൽക്കുന്നത് ഞാൻ കണ്ടില്ല..

അച്ഛന്റെ കൂടെ വണ്ടിയിൽ വീട്ടിലേക്ക് പോകുമ്പോൾ മനസ് മുഴുവൻ ഗീതു പറഞ്ഞതായിരുന്നു.. എന്നാലും എന്തായിരിക്കും അവൾ പറഞ്ഞ സർപ്രൈസ്.. അച്ഛനോട് ചോദിച്ചാലോ… ഏയ്‌ വേണ്ട… ചിലപ്പോ ആ വട്ടു പെണ്ണ് എന്നേ ചുമ്മാ ഇളക്കാൻ പറഞ്ഞതാവും എന്നൊക്കെ ചിന്തിച്ചങ്ങനെ ഇരിക്കുമ്പോൾ ആണ് അച്ഛൻ പറഞ്ഞത്

“അച്ഛന്റെ മോൾക്ക്‌ വീട്ടിൽ ചെല്ലുമ്പോൾ ഒരു സർപ്രൈസ് ഉണ്ട്ട്ടോ.. ”

ഞാൻ അച്ഛനെ സൂക്ഷിച്ചു നോക്കി.. അച്ഛന്റെ മുഖത്തൊരു കള്ളച്ചിരിയുണ്ട്.

അപ്പൊ ഗീതു ചുമ്മാ പറഞ്ഞതല്ല..എല്ലാവരും കൂടി എനിക്കിട്ട് എന്തോ ഒപ്പിച്ചിട്ടുണ്ട്.. ഞാൻ വീണ്ടും ആകാംഷയോടെ ചോദിച്ചു

“എന്താ അച്ഛാ.. പറയ്.. ”

“അത് വീട്ടിൽ ചെന്നിട്ട് പറയാട്ടോ… അച്ഛന്റെ മോള് കുറച്ചു കൂടി ക്ഷമിക്ക് ”

ഒരു പൊട്ടിച്ചിരിയോടെ അച്ഛൻ പറയുമ്പോൾ ഞാൻ കാര്യം എന്തെന്നറിയാതെ കണ്ണും മിഴിച്ച് ഇരിപ്പായി..

വീട്ടിലെത്തി കുളിയും കഴിഞ്ഞു ചായ കുടിച്ചിരിക്കുമ്പോൾ ആണ് അച്ഛനും അമ്മയും കൂടി ആ സർപ്രൈസ് എന്റെ മുന്നിൽ പൊട്ടിച്ചത്.. കാര്യം അറിഞ്ഞപ്പോൾ സത്യത്തിൽ വലിയ ഷോക്ക് ആയിരുന്നു.

ഞാൻ വേഗം ഫോണെടുത്ത് ഗീതുവിനെ വിളിച്ചു. എന്റെ വിളിക്കായി കാത്തിരുന്ന പോലെ ഒറ്റ റിങ്ങിൽ അവൾ കോൾ എടുത്തു.

“ഹലോ.. ”

“എടി.. ഞാൻ.. ഞാൻ ഇപ്പോ ഒരു കാര്യം കേട്ടു… അത് ഒള്ളതാണോ ”

“അതേലോ… നിന്റെ ബെസ്റ്റ് ഫ്രണ്ട് ആയ ഈ ഗീതുവിന്റെ അപ്പച്ചിയുടെ മകൻ ഗഗന് വേണ്ടി മിസ്സ്‌ അഗ്നി ദേവദാസിനെ പെണ്ണ് ചോദിക്കാൻ നാളെ ഞങ്ങൾ അങ്ങ് വരുവാണ്”

ഒരു ചിരിയോടെ അവൾ പറഞ്ഞു.

“എടി… അത് പിന്നെ… ഞാൻ… ഞാൻ.. ”

“നീ ഒന്നും പറയണ്ട… അഗ്നി നിന്നെപ്പോലൊരു പെണ്ണിനെ വേറൊരു വീട്ടിലേക്ക് അയക്കാൻ സാധിക്കാത്തത് പോലെ എനിക്ക് ഇഷ്ട്ടമാണ്.. സുഹൃത്തായല്ല, കൂടെപ്പിറപ്പിനെ പോലെയാണ് ഞാൻ നിന്നെ കാണുന്നത്.. ആ നീ എപ്പോഴും കൂടെ വേണം.. പിന്നെ, ഗഗൻ,അവൻ നിന്നെ കണ്ടയന്ന് ഫ്ലാറ്റ് ആയതാണ്.. നീ ഓർക്കണില്ലേ, വല്യമ്മായീടെ മോന്റെ കല്യാണത്തിന് നീ വന്നത്.. അന്നാ അവൻ നിന്നെ ആദ്യമായി കാണുന്നത്… നിന്നെക്കുറിച്ചു എന്നോട് ചോദിച്ചു.. ഞാൻ പറഞ്ഞു എന്റെ അഗ്നി നല്ല കുട്ടിയാണ്, പാവമാണ് എല്ലാവരോടും സ്നേഹമാണ് എന്നൊക്കെ.. അവൻ ടോട്ടൽ ഫ്ലാറ്റ്… രണ്ട് ദിവസം മുൻപ് എന്റെ അമ്മ നിന്റെ അച്ഛനോടും അമ്മയോടും സംസാരിച്ചിരുന്നു. ഗഗന്റെ ഫോട്ടോയും അയച്ചു കൊടുത്തു. അവനെ കുറിച്ച് അറിഞ്ഞതും അവന്റെ ഫോട്ടോയും കൂടി കണ്ടതും അവർക്ക് സമ്മതമായി. എങ്കിലും നിന്റെ മനസ് അറിയണമല്ലോ എന്ന്‌ അവർ പറഞ്ഞു.. അപ്പൊ അച്ഛനോടു ഞാൻ പറഞ്ഞു അവളുടെ മനസ് എനിക്ക് അറിയാം, അവൾക്ക് ഈ കല്യാണത്തിന് സമ്മതം ആയിരിക്കും എന്ന്‌..”

അവൾ പറഞ്ഞു നിർത്തി..

“ഓഹോ.. അപ്പൊ ഇത്‌ നിന്റെ തലയ്ക്കകത്ത് വന്ന ഐഡിയ ആണല്ലേ…”

ഞാൻ ഗൗരവത്തോടെ ചോദിച്ചു.

“അതേല്ലോ… സമ്മതിച്ചെക്ക് മോളെ… എന്റെ ആങ്ങളയ്ക്ക് ചേർന്ന പെണ്ണ് നീയാണ്.. നിന്നെ അവന് കിട്ടുന്നത് അവന്റെ ഭാഗ്യം… ”

“ഓഹോ.. സുഖിപ്പിക്കല്ലേ… ”

“ഒന്ന് സുഖിപ്പിക്കാന്ന് വച്ചപ്പോ നിനക്ക് വേണ്ടേൽ വേണ്ട… തമാശ കള പെണ്ണേ, നീ പറയ് നിനക്ക് ഇഷ്ടം ആണോ ഈ പ്രെപ്പോസൽ? ”

അവൾ ചോദിച്ചു.

“അച്ഛനും അമ്മയ്ക്കും ഇഷ്ടം ആയീന്നു വച്ചാൽ, അതെനിക്ക് കിട്ടുന്ന ഏറ്റവും നല്ല ഗിഫ്റ്റ് ആണ്..

അവരിന്നോളം എനിക്ക് വേണ്ടി മാത്രമാണ് ജീവിച്ചത്.. എനിക്ക് വേണ്ടി എന്റെ അച്ഛനും അമ്മയും തിരഞ്ഞെടുക്കുന്നത് ഒരിക്കലും മോശം ആവില്ല ഗീതു..”

പതിഞ്ഞ സ്വരത്തിൽ പറഞ്ഞു നിർത്തുമ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു.

“ദാറ്റ്സ് മൈ ഗേൾ… അപ്പൊ നാളെ രാവിലെ പത്തു മണിക്ക് ഞങ്ങൾ എത്തും.. നല്ല ചുന്ദരികുട്ടിയായി നിൽക്കണം കേട്ടോ.. ന്നാ നീ വച്ചോ.. നിനക്ക് സമ്മതം ആയെന്ന് ഞാൻ ആ തെണ്ടിയെ വിളിച്ചു പറയട്ടെ. . ഗുഡ്‌നൈറ്റ്. ”

ഒരു ചിരിയോടെ അവൾ ഫോൺ കട്ട്‌ ചെയ്തു.

പിറ്റേന്ന് അവൾ പറഞ്ഞ സമയത്ത് തന്നെ അവർ വീട്ടിൽ വന്നു.. എല്ലാവർക്കും നേരത്തെ തന്നെ എന്നേ അറിയാമായിരുന്നത് കൊണ്ടും, എനിക്ക് മറ്റ് ഇഷ്ടക്കേടുകൾ ഇല്ലാതിരുന്നത് കൊണ്ടും കാര്യങ്ങൾ എല്ലാം അതിന്റെ മുറയ്ക്ക് തന്നെ വേഗത്തിൽ നടന്നു.

ഒരു മാസത്തെ ഫോൺ വിളികൾക്കും കൂടിക്കാഴ്ചകൾക്കും ജീവിതത്തെ വല്ലാതെയങ്ങു മോഹിപ്പിക്കാനുള്ള കരുത്തുണ്ടായിരുന്നു..

ഓരോ ഫോൺ വിളിയിലും എന്റെ പൂച്ചക്കുഞ്ഞ് എന്നുള്ള പ്രിയപ്പെട്ടവന്റെ വിളി അത്രമേൽ പ്രണയം നിറഞ്ഞതായിരുന്നു..

അങ്ങനെ കൃത്യം ഒരു മാസം കഴിഞ്ഞു,മേടത്തിലെ ഒരു തിങ്കളാഴ്ച അമ്പലപ്പുഴകണ്ണന്റെ തിരുനടയിൽ വച്ച് എന്റെ കഴുത്തിൽ താലി വീണു.

ആദ്യരാത്രിയുടെ ആലസ്യത്തിൽ നിന്ന് കണ്ണ് തുറന്ന് ഒരു നവ വധുവിന്റെ എല്ലാ നാണത്തോടെയും ഞാൻ എഴുന്നേറ്റു.

ഇനി മുതൽ ഇതാണ് നിന്റെ വീട്, അവരുടെ ഇഷ്ട്ടാനിഷ്ടങ്ങൾക്ക് അനുസരിച്ചു നല്ല കുട്ടിയായി ജീവിക്കണം മോള്.. എന്ന അമ്മയുടെ ഉപദേശം മനസിലേക്കോടി വന്നു.

വേഗം തന്നെ കുളിച്ച് വൃത്തിയായി അടുക്കളയിൽ ചെല്ലുമ്പോൾ ഏട്ടന്റെ അമ്മയും അമ്മായിമാരും ഗീതുവും എല്ലാവരും ഉണ്ട്.. എല്ലാവരെയും നോക്കി ഒരു ചിരിയോടെ നിൽക്കുമ്പോൾ ആണ് അമ്മ ഒരു കപ്പ് കൊണ്ട് വന്ന് കയ്യിലേക്ക് തന്നിട്ട് പറഞ്ഞത്

“അവന് കാലത്ത് കാപ്പിയാണ് മോളെ ഇഷ്ടം…. പക്ഷെ എനിക്കും അച്ഛനും ചായയും… ഇനി മോള് വേണം ഒക്കെ കണ്ടറിഞ്ഞു ചെയ്യാൻ കേട്ടോ.. ”

“ഉവ്വ് അമ്മേ.. ഞാൻ ചെയ്തോളാം ”

എന്ന്‌ പറഞ്ഞു കാപ്പിയുമായി ഞാൻ മുറിയിലേക്ക് നടക്കുമ്പോൾ ആണ് പിന്നാലെ വന്ന് അമ്മ തോണ്ടി വിളിച്ചത്

“എന്താ അമ്മേ.. ”

“അത് മോളെ.. ഒരു കാര്യം പറയാൻ വിട്ടു പോയി. ഇന്നലെ തന്നെ പറയണമെന്നോർത്തതാണ് ഞാൻ..

പിന്നെ വേണ്ടാന്ന് വച്ചതാ.. ”

അമ്മ സ്വരം താഴ്ത്തിക്കൊണ്ട് പറഞ്ഞു

“എന്താമ്മേ.. എന്തായാലും പറഞ്ഞോ.. ”

“അത് വേറൊന്നുമല്ല മോളെ…കല്യാണത്തിന് വന്നവരുടെയെല്ലാം കണ്ണ് മോളുടെ സ്വർണത്തിൽ ആയിരുന്നു.. എല്ലാവർക്കും അറിയണം എത്ര പവൻ ആണെന്ന്.. അൻപത് പവൻ ഉണ്ടെന്നു ഞാൻ ആരോടും പറഞ്ഞില്ല.. ഒക്കെ അസൂയക്കാരാണ്.. മാത്രമല്ല കല്യാണം നടന്ന വീടല്ലേ കള്ളന്മാർ നോട്ടമിട്ടിട്ടുണ്ടാവും.. അത് കൊണ്ട് മോളൊരു കാര്യം ചെയ്യ് കയ്യിൽ രണ്ടു വളയും കാതിൽ കമ്മലും ഇട്ടിട്ട് ബാക്കി സ്വർണം മുഴുവൻ അമ്മയ്ക്ക് തന്നേര്.. അമ്മ അലമാരയിൽ വച്ച് പൂട്ടിക്കോളാം..

താക്കോൽ എപ്പോഴും ദേ അമ്മേടെ അരയിൽ ഉണ്ടാകും.. ”

അത്രയും പറഞ്ഞിട്ട് അരയിൽ തിരുകിയ താക്കോൽക്കൂട്ടം അമ്മയെന്നെ എടുത്തു കാണിച്ചു..

“ഇതാണോ.. അതിനെന്താ.. അമ്മ എന്റെ കൂടെ വാ.. ഇപ്പൊ തന്നെ എടുത്തു തന്നേക്കാം ”

അമ്മയെ നോക്കി ഒരു പുഞ്ചിരിയോടെ അത്രയും പറഞ്ഞിട്ട്, റൂമിൽ ചെന്ന് സ്വർണം മുഴുവൻ ഞാൻ അമ്മയെ ഏൽപ്പിച്ചു..

എന്നേ കെട്ടിപ്പിടിച്ച്‌ ഉമ്മയും തന്ന് സന്തോഷത്തോടെ പോകുന്ന അമ്മയെ നോക്കി നിൽക്കുമ്പോൾ മനസ്സിൽ ഒരാശ്വാസം ആയിരുന്നു.. എന്നേ അവർ സ്വന്തം മകളായി അംഗീകരിച്ചല്ലോ എന്നോർത്ത്.

കല്യാണത്തിന്റെ തിരക്കുകളും വിരുന്നു പോകലുകളും മധുവിധു ആഘോഷങ്ങളുമെല്ലാം ഒഴിഞ്ഞു ജീവിതം മറ്റൊരു തിരിവിലേക്കെത്തി.

ഏട്ടന്റെ ആഗ്രഹപ്രകാരം വീടിനടുത്തുള്ള ഒരു സ്ഥാപനത്തിൽ ജോലിക്ക് കയറി അക്കൗണ്ടന്റ് ആയിട്ട്..

ജോലിക്ക് പോകുന്നതിനു മുൻപും ജോലി കഴിഞ്ഞു വന്നതിന് ശേഷവും ഒരു ഭാര്യയുടെയും മകളുടെയും ആയിട്ടുള്ള എല്ലാ കടമകളും സന്തോഷത്തോടെ തന്നെ ഞാൻ നിറവേറ്റി. എല്ലാവർക്കും അവരുടെ ഇഷ്ട്ടങ്ങൾക്ക് അനുസരിച്ചു വച്ച് വിളമ്പി എല്ലാവരുടെയും കാര്യങ്ങൾ ഭംഗിയായി നോക്കി അങ്ങനെ മൂന്ന് മാസം കൊണ്ട് ആ വീടുമായി ഞാൻ ഇഴുകിചേർന്നു.

ഒരു ദിവസം പതിവ് പോലെ ജോലി കഴിഞ്ഞു വരുമ്പോൾ കാണുന്നത് ഉമ്മറത്തു അച്ഛന്റെ കൂടെയിരിക്കുന്ന ഏട്ടനെ ആണ്.

“ആഹാ ഏട്ടനിന്നെന്താ നേരത്തെ . ”

“ചുമ്മാ പോന്നതാണ്.. ഹാഫ് ഡേ ലീവ് എടുത്തു.. നീ പോയ് ഒരു കാപ്പി കൊണ്ട് വാ..”

“ഇപ്പൊ എടുക്കാം ”

എന്ന്‌ പറഞ്ഞു അകത്തേക്ക് കയറുമ്പോൾ പിന്നിൽ നിന്ന് അമ്മ പറഞ്ഞു

“മോളെ ഞങ്ങൾക്ക് ചായ മതി കേട്ടോ ”

മെല്ലെയൊന്നു തലയാട്ടി അകത്തേക്ക് നടക്കുമ്പോൾ അന്നാദ്യമായി ഒരു ചെറിയ സങ്കടം ഉള്ളിൽ നിറഞ്ഞു.. അറിയാതെ അമ്മയെ ഓർത്തു അന്നേരം..

എങ്കിലും അതൊന്നും ഗൗനിക്കാതെ എല്ലാവർക്കും കാപ്പിയും ചായയുമിട്ട് ഒരു ട്രയിലേക്ക് എടുത്തു വച്ച് വാതിക്കലേക്ക് ചെല്ലുമ്പോൾ ആണ്, അവിടെ അച്ഛനും അമ്മയും ഏട്ടനും കാര്യമായെന്തോ ഡിസ്‌കസ് ചെയ്യുന്നത് കണ്ടത്. എന്നേ കണ്ടതും മൂവരും സംസാരം നിർത്തി

“എന്താ അമ്മേ മൂന്ന്‌ പേരും കൂടി കാര്യമായാണല്ലോ… എന്നോടും പറയ്.. ”

ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു

ഏട്ടനാണ് മറുപടി പറഞ്ഞത്

“നിന്നോട് പറയാം.. നീയിപ്പോ പോയി അടുക്കളയിൽ എന്താന്ന് വച്ചാ ചെയ്യാൻ നോക്ക്.. എനിക്ക് നന്നായി വിശക്കുന്നുണ്ട് ”

പെട്ടെന്നെന്തോ ആ മറുപടി എന്റെ കണ്ണ് നിറച്ചു.. ആ വീട്ടിൽ ഞാൻ ആരുമല്ലാതായിപ്പോയത് പോലൊരു തോന്നൽ. എങ്കിലും ഒന്നും മിണ്ടാതെ ഞാൻ എന്റെ ജോലികളിലേക്ക് തിരിഞ്ഞു.

രാത്രിയിൽ എല്ലാ പണികളും കഴിഞ്ഞ് റൂമിൽ ചെന്നപ്പോഴാണ് ഏട്ടൻ പറഞ്ഞത്

“അഗ്നി.. നമ്മുടെ ഈ വീടിന് കുറച്ചു ലോൺ ഉണ്ടായിരുന്നു.. ഒരു പത്തുലക്ഷം രൂപ…അതെത്രയും പെട്ടെന്ന് അടച്ചില്ലേൽ ആകെ പ്രോബ്ലം ആണ്. ഇപ്പൊ ബിസിനസ്‌ ഒക്കെ കുറച്ചു ഡൾ ആണ്. അത് കൊണ്ട് ഞാനും അച്ഛനും അമ്മയും കൂടി തീരുമാനിച്ച് നാളെ നിന്റെ കുറച്ചു സ്വർണം വിൽക്കുവാണ്.. നിനക്ക് എതിരഭിപ്രായം ഉണ്ടാവില്ല എന്നറിയാം. എങ്കിലും നിന്നോട് ഒരു വാക്ക് പറയണമല്ലോ. ”

ഒക്കെ കേട്ട് കുറച്ചു നേരം ഞാൻ മൗനമായി ഇരുന്നു..

“നിന്റെ വീട്ടുകാർ എനിക്ക് തന്ന സ്വർണം ആണെങ്കിലും അതെടുക്കാൻ തീരുമാനിക്കുമ്പോൾ നീയും അറിയണമല്ലോ..”

ഞാൻ അറിയാതെ ചിരിച്ചു പോയി..

പിന്നെ ചോദിച്ചു

“അപ്പൊ എന്റെ അനുവാദം വേണ്ടേ…? ”

എന്നിൽ നിന്നു അങ്ങനെ ഒരു ചോദ്യം ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലാത്തതിനാൽ വലിയൊരു ഞെട്ടൽ ഏട്ടനിൽ ഉണ്ടാക്കി. ആ ഞെട്ടലിലേക്ക് നോക്കി ഗൗരവത്തോടെ ഞാൻ പറഞ്ഞു

“ഏട്ടൻ പറഞ്ഞത് ശരിയാണ്, എന്റെ വീട്ടുകാർ എനിക്ക് സ്വർണം തന്നത് നമ്മുടെ ആവശ്യങ്ങൾക്ക് വേണ്ടിയാണ്.. ഏട്ടൻ പറഞ്ഞത് പോലെ ഈ കടം വീട്ടുക എന്നതാണു ഇപ്പോഴത്തെ നമ്മുടെ ആവശ്യം.. അത് ചെയ്യുക തന്നെ വേണം… എങ്കിലും എന്റെ അച്ഛനും അമ്മയും കഷ്ടപ്പെട്ടു ഉണ്ടാക്കി തന്ന സ്വർണം എടുക്കുമ്പോൾ അതിനെക്കുറിച്ച് എന്നോടും ആലോചിക്കുന്നതല്ലേ അതിൻറെ ഒരിത്.”

ഞാൻ പറഞ്ഞത് കേട്ട് അരിശത്തോടെ

“ഓഹ്.. അപ്പൊ അത് നിന്റെ സ്വർണ്ണം ആണല്ലേ… അപ്പൊ നിന്റേത് എന്റേത് എന്നിങ്ങനെ നിനക്ക് വേർതിരിവ് ഉണ്ടല്ലേ.. അല്ലെങ്കിൽ നീയിങ്ങനെ പറയില്ലായിരുന്നല്ലോ.. പാവം പോലെ നീ അഭിനയിക്കുവായിരുന്നല്ലേ… അഹങ്കാരവും തന്റേടവും മനസ്സിൽ ഉണ്ടായിരുന്നു അല്ലേടി…

ദേ എനിക്കിനി നിന്റെ സ്വർണം വേണ്ട.. എന്റെ കടം വീട്ടാൻ എനിക്ക് അറിയാം. ”

ഇന്ന് പറഞ്ഞ് ഏട്ടൻ ചെന്ന് അച്ഛനോടും അമ്മയോടും കാര്യം പറഞ്ഞു. അവരെന്നെ അവരുടെ മുന്നിലേക്ക് വിളിപ്പിച്ചു. വലിയൊരു കുറ്റം ചെയ്ത കുറ്റവാളിയെ എന്നപോലെ എന്നെയൊന്നു ചുഴിഞ്ഞു നോക്കിയിട്ട് അമ്മ ചോദിച്ചു

“ഇവൻ പറഞ്ഞത് നേരാണോ.. നിന്റെ സ്വർണം നീ തരില്ലെന്ന് പറഞ്ഞോ ”

ഒരു ചിരിയോടെ ഞാൻ പറഞ്ഞു

“എന്റെ സ്വർണം ഞാൻ തരില്ല എന്നല്ല പറഞ്ഞത്, എന്റെ സ്വർണം എന്ത് കാര്യത്തിന് വേണമെങ്കിലും എ_ടുക്കാം അതെന്നോടും കൂടി തീരുമാനിച്ചിട്ട് മാത്രം എന്നേ ഞാൻ പറഞ്ഞുള്ളൂ ”

“പാവം പോലിരുന്ന നീ ആള് കൊള്ളാലോ.. നിന്റെ വീട്ടുകാർ എന്റെ മോന് കൊടുത്ത സ്വർണം വിൽക്കാൻ അവനെന്തിനാ നിന്റെ അനുവാദം ”

അമ്മയാണ് ചോദിച്ചത്.

കഴുത്തിൽ കിടന്ന താലി ഉയർത്തി കാ_ണിച്ചു കൊണ്ട് ഞാൻ പറഞ്ഞു

“ദേ ഇത്‌ തന്നെയാണ് എന്റെ ഉത്തരം.. ഇതെന്റെ കഴുത്തിൽ കെട്ടിയത് കൊണ്ട് മാത്രം കിട്ടിയതാണ് വന്നതിന്റെ പിറ്റേന്ന് തന്നെ അമ്മ തൂത്തു വാരി ഈ അലമാരയിൽ വച്ച എന്റെ സ്വർണം.. അത് അമ്മയുടെ കയ്യിലേക്ക് തരുമ്പോൾ എനിക്കൊരു വിശ്വാസം ഉണ്ടായിരുന്നു ഞാൻ ഈ വീട്ടിൽ നിങ്ങൾ മൂന്ന് പേരുടെ ഒപ്പം നാലാമതായി ഉള്ളതാണെന്ന്. വന്ന് കയറിയ അന്ന് മുതൽ ഈ വീടും നിങ്ങളും എന്റെ സ്വന്തം ആണെന്ന് കരുതി സന്തോഷത്തോടെ തന്നെയാണ് നിങ്ങൾക്കായി.. ഈ വീടിനായി ഞാൻ ഓരോ കാര്യവും ചെയ്തത്. പക്ഷെ ജോലി ചെയ്യാൻ ഒരാൾ എന്നതൊഴിച്ചു നിങ്ങൾ ആരും ഈ വീട്ടിൽ എനിക്കൊരു സ്ഥാനവും തന്നിട്ടില്ല എന്ന് ഇന്നെനിക്കു മനസിലായി. ഇവിടെ നിങ്ങളിൽ ഒരാൾ ആയാണ് നിങ്ങൾ എന്നേ കണ്ടിരുന്നതെങ്കിൽ, കാര്യങ്ങൾ എന്നെയും കൂടി വിളിച്ചിരുത്തി സംസാരിക്കുമായിരുന്നു.

ഇത്‌ നിങ്ങൾ മൂന്ന് പേരും കൂടി തീരുമാനിക്കുന്നു… ഞാൻ അത് അനുസരിക്കുന്നു.. അത് കൊള്ളാലോ.. എന്തായാലും അങ്ങനെ അനുസരിക്കാൻ ഈ അഗ്നിയെ കിട്ടില്ല… ഇപ്പൊ ഞാൻ അനുസരിച്ചാൽ പിന്നെ ജീവിതം മുഴുവൻ നിങ്ങളെ അനുസരിക്കാൻ മാത്രമായിരിക്കും എന്റെ വിധി.

അതുണ്ടാവാതിരിക്കാൻ, എന്നേ നിങ്ങളിൽ ഒരാൾ ആയി കാണാൻ ഇപ്പോഴേ ഞാൻ ഇങ്ങനെ ആണ് എന്ന് അറിയിച്ചില്ലെങ്കിൽ അത് എനിക്കുള്ള കുഴി ഞാൻ തന്നെ വെട്ടുന്നത് പോലെ ആണ്.. ”

“കണ്ടില്ലേ മോനേ ഇവളുടെ അഹമ്മതിയും അഹങ്കാരവും..ആ ഗീതുവിന്റെ വാക്ക് കേട്ട് ഇങ്ങനെ ഒരു ധിക്കാരിയെ ആണല്ലോ നീയെടുത്തു തലയിൽ വച്ചത്.. എന്തൊക്കെ വിശേഷണങ്ങൾ ആയിരുന്നു,

പാവം പെണ്ണ് ആരോടും ദേഷ്യപ്പെടാത്തവള് ഒച്ചയുണ്ടാക്കാത്തവള്.. ഒക്കെ വെറും അഭിനയം ആയിരുന്നല്ലേ ”

അമ്മ ദേഷ്യത്തോടെ ചുണ്ട് കോട്ടി മകനോട് പറഞ്ഞു.ഏട്ടൻ ചുവന്ന മുഖത്തോടെ എന്നേ നോക്കി.

എനിക്ക് അതിശയം തോന്നി, കുറച്ചു മുൻപ് വരെ സ്നേഹത്തോടെ മാത്രം പെരുമാറിയിരുന്നവർ എത്ര വേഗമാണ് സ്വഭാവം മാറ്റിയത്. എന്നിട്ടും പറയുന്നു ഞാനാണ് അഭിനയിക്കുന്നതെന്ന്. സത്യത്തിൽ എനിക്ക് ചിരിയാണ് വന്നത്.

“നീയെന്താ അഗ്നി ഞങ്ങളെ പരിഹസിക്കുവാണോ.. നീ ഒന്നോർത്തോ ഞാൻ നിന്റെ ഭ_ർത്താവാണ്..

ഇത്‌ ഇനിയുള്ള കാലം നീ കഴിയേണ്ട വീടും.. സൊ സംസാരിക്കുമ്പോൾ അത് കൂടി ഓർത്ത് വേണം സംസാരിക്കാൻ ”

ഭർത്താവ് പറഞ്ഞു വരുന്നതിന്റെ പൊരുൾ എനിക്ക് വേഗം പിടികിട്ടി.. ഞാൻ ഒന്നും മിണ്ടാതെ മുറിക്കു പുറത്തേക്കിറങ്ങി. പിന്നെ മെല്ലെ തിരിഞ്ഞു നിന്നിട്ട് മൂന്ന്‌ പേരോടുമായി പറഞ്ഞു

“ഈ നിൽക്കുന്നത് എന്റെ ഭർത്താവ് ആണെന്നും, അച്ഛനും അമ്മയും ആണെന്നും ഇത്‌ ഇനിയുള്ള കാലം ഞാൻ കഴിയെണ്ട വീടാണെന്നും എനിക്ക് ബോധ്യമുണ്ട്.. ആ ബോധ്യത്തോടു കൂടി തന്നെ പറയുവാണ് ഞാൻ,ഈ വീട്ടിൽ നിങ്ങൾ മൂന്ന്‌ പേരല്ല എന്നെയും ചേർത്ത് നാല് പേരുണ്ടെന്നും എല്ലാ കാര്യത്തിലും അതങ്ങനെ തന്നെ ആയിരിക്കണം എന്നുമുള്ള ബോധ്യം നിങ്ങൾക്കും ഉണ്ടാവണം.. ഇനി അതല്ല മാറി ചിന്തിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ട് ആണെങ്കിൽ , നാളെ രാവിലെ ഞാനീ വീടിന്റെ പടിയിറങ്ങുമ്പോൾ ഞാൻ അമ്മയെ ഏല്പിച്ച സ്വർണം മുഴുവൻ എന്റെ കയ്യിൽ ഉണ്ടാവണം”

ഒന്ന് പറഞ്ഞു നിർത്തി, എന്നേ നോക്കി സ്തംഭിച്ചു നിൽക്കുന്ന മൂന്ന്‌ പേരോടുമായി ബാക്കിയെന്നോണം ഞാൻ പറഞ്ഞു

“സ്നേഹിക്കുന്നവർക്ക് ഈ അഗ്നി അടിമ ആയിരിക്കും.. പാവം ആയിരിക്കും… അടക്കവും ഒതുക്കവും ഉള്ള അഹങ്കാരം ഇല്ലാത്ത പെണ്ണായിരിക്കും.. ഒക്കെ സഹിക്കാനും ക്ഷമിക്കാനും എന്റെ അമ്മ എന്നേ പഠിപ്പിച്ചിട്ടുണ്ട്.. അതേ സമയം, പ്രതികരിക്കേണ്ട കാര്യങളിൽ പ്രതികരിക്കേണ്ടത് പോലെ പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കണമെന്ന് ചൊല്ലി തന്ന് വളർത്തിയ ചങ്കൂറ്റമുള്ളൊരു അച്ഛന്റെ മകൾ കൂടിയാണ് ഞാൻ…

അത് ഓർത്താൽ നന്ന്.

അപ്പൊ ഒന്ന് കൂടി പറയുവാണ്, എന്റെ ആവശ്യം എന്നെയും നിങ്ങളിൽ ഒരാളായി കാണുക എന്നത് മാത്രമാണ്.. അത് സമ്മതം അല്ലെങ്കിൽ, നാളെ രാവിലെ ഞാൻ പോകും… കൊണ്ട് വന്ന സ്വർണം മുഴുവൻ നാളെ രാവിലെ എന്റെ കണ്മുന്നിൽ ഉണ്ടാവണം… ”

പറയാനുള്ളത് മുഴുവൻ പറഞ്ഞ് മനസ്സിൽ ഇത്തിരി നേരം കൊണ്ട് തോന്നിയ സങ്കടവും ദേഷ്യവും അമർഷവുമെല്ലാം പുറത്തേക്ക് ഒഴുക്കിക്കളഞ്ഞു ശാന്തമായ മനസോടെ മുറിയിലേക്ക് നടക്കുമ്പോൾ മനസ് പറയുന്നുണ്ടായിരുന്നു എല്ലാം നല്ലതിന്..

വാൽകഷ്ണം : തൊട്ടതിനും പിടിച്ചതിനും പ്രതികരിക്കുന്നതിൽ ഒരു കാര്യവുമില്ല.. ദേ അഗ്നിയെപോലെ പ്രതികരിക്കേണ്ട സമയത്ത് അതിന്റെ ആ ഒരു പവറിൽ തന്നെ പ്രതികരിക്കണം

ലൈക്ക് കമൻ്റ് ചെയ്യണേ…..

രചന : ബിന്ധ്യ ബാലൻ