വിശപ്പ് കൊണ്ടെനിക്കിരിക്കാൻ വയ്യേ.. ഞാനിപ്പോ ലേബറൂമിന്നിറങ്ങി ഓടും എന്ന അവസ്ഥയായി..

രചന : Reshma Kishor

വേറെ പണിയൊന്നും ഇല്ലാത്തോണ്ട് ഒരു കല്യാണോം കഴിച്ച് ഡിഗ്രീ ലാസ്റ്റ് സെമെസ്റ്റർ എക്സാമൊക്കെ കഴിഞ്ഞ് റെസ്റ്റെടുക്കുമ്പോഴാണ് കെട്ട്യോൻ ഒരു അഭിപ്രായം പറഞ്ഞത്..

“നമുക്കൊന്ന് കാർഡ് വാങ്ങി നോക്കിയാലോ??”

” മിനിമം ബാലൻസ് പോലും ഇല്ലാത്ത എന്റെ എ ടി എം കാർഡ് കിട്ടിയിട്ട് എന്തിനാ മനുഷ്യാ ”

“ഇത് ആ കാർഡല്ല.. ”

ഒരു ഗ്ലാസും കൂടി നല്ലോണം കലക്കിയെടുക്കട്ടെ മോളേന്ന് മനസ് ചോദിച്ചപ്പോഴാണ് എനിക്ക് ബോധോദയം ഉണ്ടായത്.. അടുത്ത ദിവസം തന്നെ പട്ടി ചന്തയ്ക്ക് പോവുമ്പോലെ ഞാനും കെട്ട്യോനും കൂടി യാത്ര പുറപ്പെട്ടു..

വഴിയിൽ കണ്ടൊരു മെഡിക്കൽ ഷോപ്പിൽ കേറി ചേച്ചിയോട് കാർഡ് ചോദിച്ചപ്പോ എന്റെ നെറ്റിയിലേക്കും കഴുത്തിലേയ്ക്കും വല്ലാത്തൊരു നോട്ടം…

എവിടെ എന്റെ പടച്ചട്ടാ.. ഞാനെന്റെ താലിമാലയെടുത്തു ചേച്ചിയ്ക്ക് കാണാൻ വേണ്ടി പുറത്തിട്ടു..

പിന്നെ കാരണവന്മാരായിട്ട് സിന്ദൂരം തൊട്ട് നടക്കുന്നോണ്ട് ഞാൻ അതൊന്നും ചെയ്യാറില്ല…

“ശെരിക്കും കല്യാണം കഴിഞ്ഞതാ ചേച്ചി ”

മനസ്സിൽ പറഞ്ഞത് കേട്ടിട്ടായിരിക്കും ചേച്ചി കാർടെടുത്ത് തന്നു

വീട്ടിലെത്തി പിറ്റേന്ന് അതിരാവിലെ, അതായത് ഒരു ഒൻപത് മണിയോടടുത്ത സമയം കാർഡുമായി ഞാനെണീറ്റ് ബാ*ത്‌റൂമിൽ പോയി പുറത്തിറങ്ങാൻ തുടങ്ങിയപ്പോ മുന്നിലൊരാൾക്കൂട്ടം…

“ഇവരൊക്കെ എന്താ ഇവിടെ…. എന്റെ മൂളിപാട്ട് കേട്ടിട്ട് കയ്യിൽ തരാൻ താക്കോലും കൊണ്ട് വന്നതാണോ?”

ഏയ്.. അല്ല.. ഇന്നലെ വാങ്ങിയ ലോട്ടറീടെ ഫലപ്രഖ്യാപനത്തിനായി കാത്തുനിൽക്കുന്ന ജനക്കൂട്ടമാണ് മുന്നിൽ കാണുന്നത്..

ശ്വാസമടക്കിപ്പിടിച്ച് നിങ്ങളിത് കേൾക്കുക.. റിസൾട്ട്‌ പോസിറ്റീവ് ആണ്

ഫോണെടുത്ത് കെട്ട്യോനെ വിളിച്ച് നേരെ അങ്ങ് കാര്യം പറഞ്ഞു

“കാർഡിൽ രണ്ടുവര ”

“അതങ്ങനേന്നും അല്ലടീ.. ഞാൻ വീട്ടിൽ വരുമ്പോ എക്സ്പ്രഷനൊക്കെ ഇട്ട് കണ്ണൊക്കെ നിറഞ്ഞ് പറയണ്ടേ ”

“എന്തിന് ”

“അല്ല.. ഓരോരോ കീഴ് വഴക്കങ്ങൾ ആകുമ്പോ..അല്ല നിനക്ക് മസാല ദോശ വേണ്ടേ

“എനിക്കൊന്നും വേണ്ട… ഡയറി മിൽക്ക് മതി.. പിന്നെ കിൻഡർ ജോയ് ”

ഇത്രേം പറഞ്ഞ് ഫോൺ വെച്ചിട്ട് ഞാനെന്റെ റസ്റ്റ്‌ തുടർന്നു..

പൊതുവെ ശരീരമനങ്ങി പണിയെടുക്കാത്ത ഞാൻ വീണ്ടും ആ ശീലം തുടർന്നുപോന്നു..

ഒടുവിൽ ബെഡ് എന്നോടാ നഗ്നസത്യം വിളിച്ചു പറഞ്ഞു

“എന്റെ പൊന്നുചേച്ചി ഒന്നെണീറ്റ് പോയി തരുവോ…”

തിന്നും കുടിച്ചും ഒൻപത് മാസത്തെ യാതൊരു ക്ഷീണവുമില്ലാത്ത സുഗവാസത്തിന് ശേഷം ആ ദിവസം വന്നു..ഡോക്ടർ മാമൻ കുഞ്ഞാവ വരൂന്ന് പറഞ്ഞ ദിവസം..

തലേന്ന് തന്നെ ഹോസ്പിറ്റലിൽ പോയി അഡ്മിറ്റ് ആയിരുന്നെങ്കിലും പ്രസവത്തിന്റെ യാതൊരു ലക്ഷണവും കണ്ട് തുടങ്ങാത്തത് കൊണ്ട് രാത്രി ഒന്നുറങ്ങാൻ കിടന്നപ്പോ സിസ്റ്റർ കയ്യിൽ ഒരു താലോം കൊണ്ട് ദേ വരുന്നു..

തേനാണെന്ന് വിചാരിച്ചു കൊതിപ്പിടിച്ച് കുടിച്ചു.. വേണ്ടായിരുന്നു…

“ഇതിത്തിരി കയ്പ്പാണല്ലോടെ ”

അമ്മ റൂമിലും ഞാൻ ബാത്‌റൂമിലും ആ രാത്രി കഴിച്ചുകൂട്ടി..

നേരം വെളുത്തതെ ഉള്ളൂ.. സിസ്റ്റർ വന്ന് വേഗം കുളിച്ച് റെഡിയായി വരാൻ പറഞ്ഞു…

കല്യാണത്തിന് പോകുമ്പോ പോലും കുളിക്കാത്ത ഞാനാ.. എന്റെയൊരു അവസ്ഥ…

ഏഴ് മണിയ്ക്ക് റെഡിയായി പുറത്ത് നിൽകുന്നവരെയൊക്ക റ്റാറ്റാ കാണിച്ച് ഞാൻ ലേബർ റൂമിന്റെ വാതിൽ തള്ളി തുറന്ന് യുദ്ധഭൂമിയിലേയ്ക്ക് കാലെടുത്തു വെച്ചു..

ആരും വന്നിട്ടില്ല.. ഏയ്യ് ഞാൻ ഫസ്റ്റേ..

ഒൻപത് മണിയൊക്കെ കഴിഞ്ഞതും തിരക്ക് കൂടാൻ തുടങ്ങി.. കിട്ടിയ ബെഡിൽ കിടന്ന് നല്ല സ്വപ്‌നൊക്കെ കണ്ട് ഞാൻ ഉറക്കം തുടങ്ങി

പെട്ടെന്ന് അലാറം അടിക്കുന്നത് കേട്ട് ഞെട്ടിയുണർന്ന് നോക്കി..

അലാറമല്ല.. അടുത്ത ബെഡിലെ ചേച്ചിയ്ക്ക് പെയിൻ തുടങ്ങിയതാ…

“ചേച്ചി മൂന്നാമത്തെ പ്രസവമാണെന്ന്.. പോരാളി… എക്സ്പീരിയൻസ് ഉള്ള ചേച്ചിയൊക്കെ ഇങ്ങനെ കരയാവോ.. ഛെ.. മോശം..”

എല്ലാവർക്കും ലേഡി ഡോക്ടർ.. എനിക്ക് മാത്രം മെയിൽ ഡോക്ടർ… ഡോക്ടർ മ്യാമൻ ഇടയ്ക്കൊക്കെ എന്റെ വിശേഷം അന്വേഷിച്ച് വരുമ്പോ വേദന നിർത്തി വെച്ച് അടുത്ത് കിടന്ന ചേച്ചിയൊക്കെ “അയ്യേ ” എന്ന ഭാവത്തിലൊരു നോട്ടം

“മെയിൽ ഡോക്ടറെന്താ പിടിച്ച് തിന്നുവോ…

ചേച്ചി നിലവിളി തുടർന്നോളൂ.. ഇനി ഡോക്ടർ വരുമ്പോ നോക്കാട്ടോ ”

കുറേനേരം കഴിഞ്ഞപ്പോ സിസ്റ്റർ എന്തോ ഒരു കുന്ത്രാണ്ടം വയറിന് മേലെ കൊണ്ട് വെച്ചു

“പോയി.. ഉറങ്ങാനുള്ള മൂഡ് പോയി.. ”

കോട്ടുവായിട്ടോണ്ട് കണ്ണ് തുറന്നു നോക്കി..

അടുത്ത ബെഡിലെ അന്തേവാസികൾ എന്നെ നോക്കി അസൂയ കൊണ്ടു.. അവരേം കുറ്റം പറയാൻ പറ്റില്ല എല്ലാരും വേദന കൊണ്ട് നിലവിളിക്കുമ്പോ ഞാൻ മാത്രം സ്വപ്നം കണ്ട് പുഞ്ചിരിക്കുന്നു

“എന്തിനാ നിന്നെയിപ്പോ ഇങ്ങോട്ട് കെട്ടിയെടുത്തെ.. വീട്ടിലെങ്ങാനും മൂടിപ്പുതച്ച് കിടന്നാ പോരെ”

എന്ന് ആരോ ചോദിച്ച പോലൊരു തോന്നൽ..

ഏയ്യ് തോന്നിയതാവും

അങ്ങനെ കൊച്ചിന്റെ ഹാർട്ട്‌ ബീറ്റൊക്കെ കേട്ട് താളം പിടിച്ച് കിടന്നപ്പോ വയറിനകത്തൊരു മേളം..

“വേദന വന്നോ?”

ഞാൻ എന്നോട് തന്നെ ചോദിച്ചു

അയ്യേ.. ഇതതല്ല.. വിശപ്പിന്റെ വിളിയാ.. വിശപ്പ് സഹിക്കാഞ്ഞ് ആമാശയം ഓരിയിടുന്ന ശബ്ദം തൊട്ടടുത്ത ഹോട്ടലിന്റെ അടുക്കള വരെ കേൾക്കാം

“എനിക്കിപ്പോ പാപ്പം തിന്നണം..”

ആരോട് പറയാൻ.. ആര് കേൾക്കാൻ…

ഉച്ചയായിട്ടും വിശപ്പ് മാത്രം തുടർന്ന് പോന്നു..

അടുത്തുണ്ടായിരുന്ന മൂന്ന് പേരും അതിവേഗം ബഹുദൂരം പ്രസവിച്ചുപോയി.

ഞാൻ മാത്രം മഴ കാത്തു കഴിയുന്ന കാക്കയായിട്ട് വിശന്ന് വിശന്നിങ്ങനെ കിടക്കുവാണ്….

പെട്ടെന്ന് എന്റെ മൂക്കിനെ തുളച്ചുകൊണ്ട് അതിങ്ങെത്തി

“ഈശ്വരാ.. ദോശേടേം സാമ്പാറിന്റേം മണം..

വിശന്നിട്ടാണെൽ ആമാശയം തൊണ്ടെടെ താഴെ വന്ന് ”

ഇന്നെങ്ങാനും വല്ലോം കിട്ടുവോ ” എന്നും പറഞ്ഞ് കരഞ്ഞോണ്ട് നിക്കുന്ന്..

“വിശപ്പ് കൊണ്ടെനിക്കിരിക്കാൻ വയ്യേ..

ഞാനിപ്പോ ലേബറൂമിന്നിറങ്ങി ഓടും” എന്ന അവസ്ഥയായി..

കുറച്ച് മുൻപ് പ്രസവിച്ച ചേച്ചി അടുത്തെവിടെയോ ഇരുന്ന് കഴിക്കുവാണ്..

“വിശന്ന് കിടക്കുന്ന ശത്രുക്കൾക്ക് പോലും ഈ ഗതി വരുത്തല്ലേ..”

മൂന്ന് മണിയായിട്ടും വയറീന്ന് വിശപ്പല്ലാതെ വേറൊന്നും വരുന്നില്ല..

“ആരെങ്കിലും എനിക്കിത്തിരി വെള്ളം തരുവോ..

ഇല്ലേൽ ഞാനിപ്പോ ചാവും..”

ദേ വരുന്നൊരു മാലാഖ..

വെള്ളത്തിന്റെ കുപ്പി തുറന്ന് അടപ്പിൽ വെറും നാല് തുള്ളി വെള്ളം ഒഴിച്ച് തന്നേക്കുന്ന്..

“താനെന്തൊരു ദുഷ്ടയാടോ..”

സിസേറിയൻ ആയിരിക്കും.. അതുകൊണ്ട് കൂടുതൽ വെള്ളം തരില്ലെന്ന് പറഞ്ഞ് എന്നെ തളർത്തിക്കളഞ്ഞു.

അങ്ങനെ ആ റൂമിലെ ഞാനൊഴികെ അവസാനത്തെ കൊച്ചിനും പെയിൻ വന്നു.

അതിന്റെ നിലവിളി കേട്ടാലറിയാം കെട്ട്യോൻ അങ്ങ് ദുഫായിലിരുന്ന് വല്ലാതെ തുമ്മുന്നുണ്ട്..

അങ്ങനെ അതും ട്രോഫി വാങ്ങി പുറത്തേയ്ക്ക് പോയി..

ഒറ്റയ്ക്ക് വന്ന ഞാൻ മോൺസ്റ്റർ ആയിട്ടങ്ങനെ കിടന്നപ്പോ എവിടെയോ ഒരു കാലൊച്ച..

അടിവാതിലും പൊളിച്ചു വന്നേക്കാണ് കടവാവൽ.. ആരാണയാൾ..

ഓ ഡോക്ടർ ആയിരുന്നല്ലേ…

എല്ലാവരേം പോയി കണ്ടിട്ടുവരാൻ പറഞ്ഞപ്പോ ഞാനൊന്ന് ഞെട്ടി..

“ഞാൻ മരിച്ചുപോവോ ഡോട്ടറേ ”

ഡോർ തുറന്ന് നോക്കിയപ്പോ ഫാൻസൊക്കെ എന്നെ കാത്തു നിക്കുന്നു..

ഓട്ടോഗ്രാഫ് തരാനൊന്നും ഇപ്പൊ നേരമില്ല…

പോയിട്ട് പിന്നെ വാ..

“ഫാൻസ്‌ അല്ലായിരുന്നോ.. വീട്ടുകാരൊക്കെ എന്നെ കാണാൻ നിക്കുന്ന്.. ഒറപ്പിച്ച് ഞാനിപ്പോ മരിക്കും ”

എന്നെ സിസ്റ്റർ വിളിച്ചോണ്ട് പോയി ബെഡിൽ കിടത്തി..

രണ്ട് ദിവസം മുൻപ് വാങ്ങിയിട്ട് മുഴുവൻ കഴിക്കാതെ ബാക്കി വെച്ച മട്ടൺ ബിരിയാണി എന്നിൽ കുറ്റബോധമുണ്ടാക്കി..

എന്തൊരു ടേസ്റ്റ് ആയിരുന്ന്…

“കത്തീം കടാരേം കൊണ്ടൊരു കാടിളകി വരുന്നുണ്ടല്ലോ ”

എന്നെ നോക്കാൻ വരുന്ന ടീം ആണ്… അനസ്തീഷ്യ കിട്ടിയത് മാത്രം ഓർമയുണ്ട്..

സുഖനിദ്ര ശുഭനിദ്ര..

“പക്കത്തിലെ വാ സെമ്പകം ”

നീണ്ട ഉറക്കം കഴിഞ്ഞ് കണ്ണ് തുറന്നു.. ഒരു ഡസൺ കണ്ണുകൾ എന്നെ നോക്കുന്ന്…

“അല്ല.. നിങ്ങളൊക്കെ എന്താ എന്റെ സ്വപ്നത്തില്.. അയ്യോ ഇവിടിരുന്ന എന്റെ വയറെവിടെ പോയി.. ”

അമ്മേടെ കയ്യിൽ ഒരു പാവക്കുഞ്ഞ് കണ്ണ് ചിമ്മുന്ന്…

സന്തോഷം കൊണ്ടാണോന്നറിയില്ല വിശപ്പ് വീണ്ടും പൂർവ്വാധികം ശക്തിയോടെ ഉടലെടുത്തു..

ആ വാർത്ത കേട്ടെന്റെ കണ്ണ് നിറഞ്ഞു.. ട്രിപ്പ്‌ ഇട്ടിട്ടുണ്ട്.. ഇന്നിനി ഒന്നും കഴിക്കാൻ കൊടുക്കണ്ട നാളെ ലൈറ്റ് ആയിട്ട് എന്തേലും കൊടുക്കാം..

പകച്ചുപോയി ഞാൻ..

എല്ലാം കഴിഞ്ഞെന്ന് വിചാരിച്ച് ആശ്വസിക്കാൻ വരട്ടെ…

“കഥ ഇനിയാണ് ആരംഭിക്കുന്നത് ”

മരവിപ്പ് മാറിയതും വേദന തുടങ്ങി.. നടുവിനാണോ വയറിനാണോന്ന് തിരിച്ചറിയാൻ പറ്റാത്ത വേദന..

അൺ സഹിക്കബിൾ…

പിന്നീട് വീട്ടിൽ വന്ന ശേഷം, പനി വന്നാൽ പോലും ചൂടുവെള്ളത്തിൽ കുളിക്കാത്ത എന്നെ തിളച്ചവെള്ളം കൊണ്ട് പുഴുങ്ങി എടുക്കാനായിരുന്നു വീട്ടുകാർക്കിഷ്ടം..

രാത്രിയിലെ കൊച്ചിന്റെ ഗാനമേളയൊക്കെ കഴിഞ്ഞ് വെളുപ്പിന്നുറങ്ങുന്നത് ശീലമായി..

വല്ലപ്പോഴും വന്നെത്തി നോക്കി കൊച്ചിന് കിസ്സും കൊടുത്തിട്ട് പോണ കെട്ട്യോനിത് വല്ലതും അറിയണോ….

കെട്ട്യോനെ അടുത്ത ജന്മം എന്റെ ഭാര്യായിട്ട് ജെനിപ്പിക്കണേ എന്നുള്ള കരാർ ഒപ്പുവെച്ചാണ് ഞാനും ദൈവോം പിരിഞ്ഞത്..

കൊച്ചിന് ചരട് കെട്ടി എല്ലാരും പോയി കഴിഞ്ഞപ്പോ ഞാൻ കെട്ട്യോനോട് ചോദിച്ചു

“നമുക്ക് ഒന്നില് നിർത്താല്ലേ ”

“എയ്.. ഇവൾക്ക് കൂട്ടിന് ഒരാൾ കൂടി വേണ്ടേ

ലേബർ റൂം മുതൽ ഇരുപത്തെട്ട് ദിവസം വരെയുള്ള യാത്ര ആ ഒരു നിമിഷം ഞാൻ ഓർത്തെടുത്തു

” എന്റെ പൊന്നോ.. വേണ്ട… പിന്നെ ഇനീം ഒരു കൊച്ച് വേണമെന്ന് അത്ര നിർബന്ധമാണേൽ ചേട്ടൻ ഒരു കല്യാണം കൂടി കഴിക്കണേൽ എനിക്ക് വിരോധമില്ലാട്ടോ ”

ഇതൊക്കെ കേട്ട് മടീൽ കിടക്കുന്ന മോൾടെ മുഖത്തൊരു പുച്ഛം

” പുല്ല്… വേറെവിടേലും ജനിച്ചാ മതിയായിരുന്ന്

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Reshma Kishor