എന്നോട് പ്രേമിക്കരുതെന്ന് പറയാൻ നിങ്ങൾക്ക് എന്ത് അവകാശം. നിങ്ങളും പ്രേമിച്ചു കെട്ടിയവർ അല്ലെ

രചന : മഹാദേവൻ

” എന്നോട് പ്രേമിക്കരുതെന്ന് പറയാൻ നിങ്ങൾക്ക് എന്ത് അവകാശം. നിങ്ങളും പ്രേമിച്ചു കെട്ടിയവർ അല്ലെ. അന്ന് എന്റെ സ്ഥാനത്ത്‌ നിങ്ങളായിരുന്നല്ലോ..”

മകളുടെ ചോദ്യം ഇടിത്തീപോലെയായിരുന്നു നെഞ്ചിൽ വന്ന് പതിച്ചത്.

മകൾക്ക് മുന്നിൽ ഉത്തരം കിട്ടാതെ നിൽക്കുകയായിരുന്നു.

പ്രതീക്ഷിച്ചിരുന്നു ഈ ചോദ്യം..

പക്ഷേ കേൾക്കുമ്പോൾ നെഞ്ചിൽ എന്തോ തുളച്ചു കയറുംപോലെ.

അതെ ഒരിക്കൽ താനും പ്രണയിച്ചതല്ലേ..

വീട്ടുകാരെ ധിക്കരിച്ചു ഇറങ്ങിപോന്നതല്ലേ. അന്ന് തന്റെ അച്ഛനും അമ്മയും തന്നോട് പറഞ്ഞ അതെ വാക്കുകൾ അല്ലെ ഇപ്പോൾ ഞാൻ മകളോട് പറയുന്നത്. അവരുടെ അതെ സ്ഥാനത്തല്ലേ ഇപ്പോൾ ഞാനും.

” മോളെ…. അമ്മ പറയുന്നത്..”

വാക്കുകൾ മുഴുവനാക്കാൻ സമ്മതിച്ചില്ല അവൾ.

” അമ്മയ്ക്കും അച്ഛനും ഒരു കാലത്ത് ശരിയെന്നു തോന്നിയത് ഇപ്പോൾ എങ്ങനെ തെറ്റാകും അമ്മേ?

മുൾമുനകൾ പോലെയായിരുന്നു ചോദ്യം.

നെഞ്ച് പിടയ്ച്ചു നിൽക്കാനല്ലാതെ പറയാൻ ഒരു ന്യായവും ഇല്ലാത്ത ചോദ്യങ്ങൾ.

മനസ്സിൽ തോന്നിയ ഇഷ്ടം അമ്മയോട് പറയുമ്പോൾ പഠിപ്പും ജോലിയും ഇല്ലാത്തവനെയൊക്കെ ആണോ നീ പ്രേമിക്കുന്നതെന്ന് കളിയാക്കി.

അങ്ങനെ ആർക്കെങ്കിലും എറിഞ്ഞുകൊടുക്കാൻ അല്ല നിന്നെ വളർത്തിയതെന്ന്‌ വാശിയോടെ പറഞ്ഞു.

കൂലിപ്പണിക്കാരനെ പ്രണയിച്ചതിന്റെ പേരിൽ അപഹാസ്യയായപ്പോൾ അവർ കാണിച്ച അതെ വാശിയിൽ ഒരിക്കൽ പ്രണയിച്ചവനൊപ്പം ഇറങ്ങുമ്പോൾ അമ്മ തലയിൽ കൈ വെച്ച് പ്രാകിയിട്ടുണ്ട്

” നീയൊന്നും ഒരു കാലത്തും ഗുണം പിടിക്കില്ലെന്ന്. നാളെ എന്റെ സ്ഥാനത്ത് നീ വരണം.

അന്നേ നിനക്ക് മനസ്സിലാക്കൂ പെറ്റ വയറിന്റെ വേദന എന്താണെന്ന്. ”

അച്ഛൻ മൗനത്തിനുള്ളിൽ കരച്ചിലടക്കി നിന്നിട്ടുണ്ട്.

അന്ന് വരെ ഒരു പാവാട തുണിപോലും വാങ്ങിത്തരാത്ത അമ്മാവൻ പറയുന്നത് കേട്ടിട്ടുണ്ട്

” അവൾ എന്നോട് ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ പൊന്നിട്ട് നാലാളറിയേ ഞാൻ നടത്തിയേനെ നിങ്ങടെ കല്യാണം ” എന്ന്.

അത് വരെ തിരിഞ്ഞു നോക്കാത്ത കുടുംബക്കാർ തറവാടിന്റ പേര് കളഞ്ഞ തലതെറിച്ചവളായി മുദ്രകുത്തിയപ്പോൾ ജീവിച്ചുകാണിക്കാനുള്ള വാശിയായിരുന്നു.

ഗർഭിണിയാണെന്ന് അറിഞ്ഞ നിമിഷം അത് വരെ ഉണ്ടായിരുന്ന ദേഷ്യമെല്ലാം മറന്ന് ആദ്യം വിളിച്ചത് അമ്മയായിരുന്നു.

ഫോണിലൂടെ പരിചരണത്തിന്റെ ബാലപാഠം പറഞ്ഞു തന്നത് മുത്തശ്ശിയായിരുന്നു.

ഏഴാംമാസം കൂട്ടിക്കൊണ്ടുപോകാൻ അച്ഛൻ വരുമ്പോൾ ആദ്യം പറഞ്ഞത് മാപ്പ് ആയിരുന്നു.

ഒരു എടുത്തു ചാട്ടത്തിന്റെ നോവേൽപ്പിച്ച മുറിവുകൾക്ക് അതൊരു പ്രായശ്ചിത്തമല്ലെന്ന് അറിയാം…

എങ്കിലും…..

ജനിച്ചത് പെൺകുട്ടി ആയപ്പോൾ ആദ്യം കയ്യിലെടുത്ത കെട്യോൻ ചിരിയോടെ ” അടുത്ത ഒളിച്ചോട്ടത്തിനുള്ള ആളായാലോ ” എന്ന് തമാശരൂപേണ പറയുമ്പോൾ അടുത്ത് നിൽക്കുന്ന അമ്മ പറഞ്ഞത് ഓർക്കുന്നുണ്ട് ”

തൻകുഞ്ഞ് പൊൻകുഞ്ഞാണ്‌… പോകുമ്പോഴേ അറിയൂ ”

അതൊരു താക്കീത് ആയിരുന്നു. ആ വാക്കിൽ ഇനിയും മാറാത്ത മുറിവിന്റെ നീറ്റലുണ്ടായിരുന്നു.

വേരറുത്തു പോകുമ്പോൾ പൊടിയുന്ന കണ്ണുനീരിന്റെ വറ്റാത്ത നനവുണ്ടായിരുന്നു.

അന്ന് അമ്മ പറഞ്ഞ അതെ അവസ്ഥയിലാണ് ഇപ്പോൾ.

മോള് വളർന്നു തുടങ്ങിയത് മുതൽ നെഞ്ചിൽ തീയാണ്. ഒരിക്കലും ഞങ്ങളുടെ ഇഷ്ട്ടങ്ങൾക്കപ്പുറം അവൾ പോകരുതേ എന്ന ആഗ്രഹം. പലപ്പോഴും പറഞ്ഞത് ”

മോളെ…. നമ്മളെ കണ്ണ് കാണിക്കാനും വഴി തെറ്റിക്കാനും ഒത്തിരി ആണുങ്ങൾ ഉണ്ടാകും.

അവർക്കൊന്നും പിടി കൊടുക്കരുത്. ഇപ്പോൾ പഠിക്കേണ്ട സമയമാണ്. പിന്നെ ഒരു ജോലി.. അത് കഴിഞ്ഞ് മോൾക്ക് വേണ്ടി അച്ഛനും അമ്മയും നല്ലൊരാളെ കണ്ടെത്തിത്തരും.

ഒരു അമ്മയുടെ സ്വാർത്ഥതയായിരുന്നു അത്.

തന്റെ മകൾ പേരുദോഷം വരുത്തല്ലേ എന്ന പ്രാർത്ഥന.

അപ്പോഴൊക്കെ ചിന്തിച്ചിട്ടുണ്ട്

” ഒരിക്കൽ തന്റെ അമ്മയും ഇതുപോലെ ഒക്കെ ചിന്തിച്ചിട്ടുണ്ടാകില്ലേ.. എന്നിട്ട്….

പക്ഷേ, പണ്ട് അമ്മ പറഞ്ഞപോലെ തന്നെ സംഭവിച്ചു. അമ്മയുടെ ആാാ സ്ഥാനത്തിപ്പോ..

പെറ്റ വയറിന്റെ വേദന എന്തെന്ന് അറിയുന്ന നിമിഷങ്ങൾ..

മുഖത്തേക്ക് കൈ ചൂണ്ടി മകൾ ചോദിച്ച ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ലാതെ മൗനത്തിനുള്ളിൽ നീറിക്കൊണ്ട് പതിയെ അവൾക്ക് മുന്നിൽ നിന്നും പിൻവാങ്ങി…

രാത്രി കിടക്കുമ്പോൾ അടുത്ത് കിടക്കുന്ന കെട്ട്യോനെ തോണ്ടി വിളിച്ചു മോള് ചോദിച്ച ചോദ്യങ്ങളും മനസ്സിന്റെ പിരിമുറുക്കങ്ങളും പറയുമ്പോൾ അതിയാൻ ദേ, ചിരിക്കുന്നു.

” നിങ്ങടെ മോൾടെ കാര്യമാണ് പറയുന്നത്.

അല്ലാതെ അപ്പുറത്തെ വീട്ടിലേ കാര്യമല്ല പറയുന്നത് ഇങ്ങനെ നിരാസമായി കണ്ടു പൊട്ടിച്ചിരിക്കാൻ. ”

അയാളുടെ ചിരി ദേഷ്യം വരുത്തിയിരുന്നു. ഒരു അച്ഛനാണ് മകളുടെ പ്രേമത്തെ കുറിച്ച് പറഞ്ഞപ്പോൾ ചിരിക്കുന്നത്.

മുഖം കനപ്പിച്ച് കൊണ്ട് അദ്ദേഹത്തിൽ നിന്നും പുറംതിരിഞ്ഞു കിടക്കുമ്പോൾ തോളിൽ അദ്ദേഹം മെല്ലെ തൊട്ടു.

” എടി, അവൾ ചോദിച്ചതിൽ എന്താണ് തെറ്റ്. അവളെ ഇക്കാര്യത്തിൽ ചോദ്യം ചെയ്യാൻ നമുക്ക് എന്ത് അവകാശമാണ് ഉള്ളത്. അതെ തെറ്റ് നല്ല വൃത്തിയായി ചെയ്ത് നിന്റ വീട്ടുകാരെ കണ്ണ്നീര് കുടിപ്പിച്ചവരല്ലേ നമ്മൾ. ഇന്ന് അവരുടെ സ്ഥാനത്തു ഞാനും നീയുമായി, അത്രേ ഉളളൂ വ്യത്യാസം.

പിന്നെ ദൈവം സഹായിച്ചു ജീവിതത്തിൽ വലിയ തട്ടും കെടും ഉണ്ടായില്ല എന്നോർത്ത് നമുക്ക് സന്തോഷിക്കാം. അന്ന് നിന്നെ എതിർത്തെങ്കിലും ഇന്ന് അതോർത്തു അവരും സന്തോഷിക്കുന്നുണ്ടാകും.

ഇന്നത്തെ കാലത്ത് പൊന്നും പണവും പത്രാസും ജോലിയുമൊന്നും ഇല്ലേലും പെണ്ണിന്റെ കണ്ണ് നിറയുന്നില്ലല്ലോ എന്നോർത്തു സന്തോഷിക്കുന്നവരായി മാറിയിരിക്കുന്നു പലരും ജാതകം നോക്കി പത്തിൽ പത്തു പൊരുത്തവും പെണ്ണിനൊപ്പം പൊന്നും പൊതിഞ്ഞു കൊടുത്തിട്ട് അവസാനം വാർത്തകളിലൂടെ അവാസനമിടിപ്പും നിലയ്ക്കുന്ന ഒരുപാട് കാഴ്ചകൾ നമുക്ക് മുന്നിൽ തന്നെ നടക്കുവല്ലേ.

പിന്നെ മോൾക്ക് അങ്ങനെ ഒരു ഇഷ്ടമുണ്ടെങ്കിൽ എടുത്തുച്ചാടി ശാസിച്ചത് കൊണ്ടോ തല്ലിയത് കൊണ്ടോ കാര്യമില്ല.. ഇന്നത്തെ പെൺകുട്ടികളാണ്. വാശി കൂടും.

ഒരിക്കൽ ഇതുപോലെ ഒരു വാശിയിലാണ് നമ്മളും……

അതുകൊണ്ട് ഞാൻ അവളോട് സംസാരിക്കാം…

അവളെ പോറ്റാൻ കഴിവുള്ളവനാണെങ്കിൽ അതിലവൾ സന്തോഷം കണ്ടെത്തുന്നുണ്ടെങ്കിൽ പിന്നെ നമുക്കെന്തിനാടോ പിടിവാശി? ഒരിക്കൽ നിന്റ വീട്ടുകാർ എന്റെ പഠിപ്പും ജോലിയും പറഞ്ഞു വാശി പിടിച്ചത് കൊണ്ടാണ് നമ്മൾ അന്ന് അങ്ങനെ ഒരു തീരുമാനം എടുത്തത്.

ഇന്നിപ്പോ അതെ സ്ഥാനത്തു നമ്മുടെ മകൾ വരുമ്പോൾ നമ്മളും ഇതേ പ്രശ്നം പറഞ്ഞു പിന്തിരിപ്പിക്കാൻ നോക്കിയാൽ നമ്മളും ദുഃഖിക്കേണ്ടിവരും. അതുകൊണ്ട് വെറുതെ സ്വന്തം പല്ലിട കുത്തി നാറ്റിക്കാനും പിന്നീട് നാറാനും നിൽക്കാതെ മോൾടെ ആഗ്രഹത്തിനിപ്പോ എതിര് പറയണ്ട..

ബാക്കിയെല്ലാം ഞാൻ സംസാരിച്ചോളാം അവളോട്.

ഇനി ഇതോർത്തു കരയണ്ട…

കെട്ട്യോൻ സമാധാനിപ്പിച്ചു പുറം തിരിഞ്ഞു കിടക്കുമ്പോൾ ഇത്രയൊക്കെ വെള്ളം കോരിയൊഴിച്ചാകും അണയാത്ത തീ ഉണ്ടായിരുന്നു മനസ്സിൽ…

ഒരു അമ്മയല്ലേ…. അമ്മയുടെ മനസ്സല്ലേ…. ആ വേവലാതി ഇല്ലാതിരിക്കോ….

അപ്പോഴൊക്കെ പണ്ട് അമ്മ പറഞ്ഞൊരു വാക്ക് നെഞ്ചിൽ നീറ്റലായി അവശേഷിച്ചിരുന്നു

” നാളെ എന്റെ സ്ഥാനത്ത് നീ വരണം. അന്നേ നിനക്ക് മനസ്സിലാകൂ പെറ്റ വയറിന്റെ വേദന എന്താണെന്ന്..” !

ലൈക്ക് കമന്റ്‌ ചെയ്യണേ…

രചന : മഹാദേവൻ