സഖിയെ, തുടർക്കഥ, ഭാഗം 2 വായിക്കുക….

രചന : Vava…

രാവിലെ പതിവുപോലെതന്നെ ഗൗരി എഴുന്നേറ്റ് മുഖം കഴുകി താഴേക്കു ചെന്നു.

അടുക്കളയിൽ അമ്മയും വിദ്യേടത്തിയും തിരക്കുപിടിച്ച പണിയിലാണ്. കവലയിലുള്ള ചായക്കടയിലേക്ക് പലഹാരങ്ങൾ ഉണ്ടാക്കി നൽകുന്നുണ്ട്. അതുകൊണ്ട് രണ്ടാളും നേരം പുലരുമ്പോഴേക്കും ഉണരും. ഏടത്തി തയ്യൽ ജോലിയും ചെയ്യുന്നുണ്ട്.ഗൗരിയുടെ അതെ പ്രായമാണ് വിദ്യക്കും

വിദ്യാ ലക്ഷ്മി… പേരുപോലെ തന്നെ ഐശ്വര്യമാണ്‌ ആ മുഖം കാണാൻ. ഏട്ടൻ ഗൗതം കൃഷ്ണയുടെ സങ്കല്പത്തിനൊത്ത പെൺകുട്ടി. ഗൗരിയുടെ അച്ഛൻ ശ്രീധരനും അമ്മ അംബികക്കും നല്ലൊരു മകളും ഗൗരിയുടെയും ഗീതുവിന്റെയും പ്രിയപ്പെട്ട ചേച്ചിയുമാണവൾ. സന്തോഷപരമായ ജീവിതം.

അവരുടെ കൊച്ചു സ്വർഗത്തിലേക്ക് വന്ന മാലാഖകുട്ടിയാണ് മാളൂട്ടി.

എന്നാൽ സന്തോഷങ്ങൾക്ക് ആയുസ് നീണ്ടുകിട്ടിയില്യ. രംഗബോധമില്ല്യാത്ത കോമാളിയുടെ കടന്നുവരവ് ആ കുടുംബത്തെ ഒന്നടങ്കം ഉലച്ചു. സ്വന്തം കുഞ്ഞിനെ കൊതി തീരുവോളം താലോലിക്കാൻ പോലും അവനായില്ല്യ.

മകന്റെ മരണം ശ്രീധരനെ പാടെ തളർത്തി. ഒരു കുടുംബത്തിൽ ഒരാളുടെ വേർപാട് ആ കുടുംബത്തെ എത്രമാത്രം തളർത്തും എന്നവർ അനുഭവിച്ചു തുടങ്ങി.

“” അമ്മേ….. “” പാത്രം കഴുകികൊണ്ടിരുന്ന ഗൗരി ഒന്നു തിരിഞ്ഞു നോക്കി. മാളൂട്ടി കണ്ണും തിരുമ്മി നടന്നു വരുന്നുണ്ട്.

“” ങ്ങാഹ്… ചുന്ദരികുട്ടി എഴുന്നേറ്റോ…അമ്മ ദേ പുറത്തുണ്ട്ട്ടോ… ചെന്നു പല്ലൊക്കെ തേച്ചു കുളിക്ക്… “”

ഗൗരി ജോലി തുടർന്ന് കൊണ്ട് തന്നെ പറഞ്ഞു.

“”ഉം.. ഹ്ഹ…”” ഒന്നു മൂളിക്കൊണ്ട് മാളൂട്ടി പുറത്തേക്കു നടന്നു. പണികളൊക്കെ ഒരുവിധം ഒതുക്കി സമയം നോക്കിയപ്പോൾ 7 ആയി. ഗീതൂട്ടി ഇതുവരെ ഉണർന്നിട്ടില്യ. ഗീതു കയ്യും തുടച്ചു അവളുടെ മുറിയിലേക്ക് നടന്നു.

ഗൗതമി കൃഷ്ണ… എല്ലാവരുടെയും ഗീതുട്ടിയാണവൾ. പ്ലസ് ടു ആയെങ്കിലും പഠിപ്പിനേക്കാൾ മുന്നിലാണ് വായാടിത്തരവും കുറുമ്പും.

ഗൗരി ചെല്ലുമ്പോൾ തലയണയും കെട്ടിപ്പിടിച്ച് നല്ല ഉറക്കമാണ് പെണ്ണ്.

“” ഡീ… ഗീതുവെ… എഴുന്നേറ്റെ… സമയം എത്രയായിന്നു വെല്ല ബോധവും ഉണ്ടോ… “”

എവിടെ… കുലുക്കി വിളിച്ചിട്ടും പെണ്ണിനോരു കുലുക്കവുമില്ല്യ.

“” കുറച്ചൂടി ഉറങ്ങട്ടെ കുഞ്ഞേച്ചി… പ്ലീസ്… ഒരഞ്ചു മിനിറ്റുടെ… “” ഒന്നു കുറുകികൊണ്ടവൾ വീണ്ടും ചുരുണ്ടു കൂടുന്നത് കണ്ടു ഗൗരി തുടയിൽ ഒരടി വെച്ചുകൊടുത്തതും പെണ്ണ് ചാടി എഴുന്നേറ്റു.

“” മര്യാദക്ക് എഴുന്നേറ്റു പോ പെണ്ണെ… അവളുടെ ഒരു ഉറക്കം… നാലു വയസ്സായ ആ കൊച്ചെഴുന്നേറ്റു… എന്നിട്ടും തമ്പ്രാട്ടീടെ പള്ളിയുറക്കം മതിയാക്കാറായില്ല്യല്ലേ… “”

ഗൗരി അവളെ ഒന്നു കണ്ണുരുട്ടി നോക്കി.

“” ങും.. ഹുo…. ഈ കുഞ്ഞേച്ചി… “” ഇനിയും നിന്നാൽ ഗൗരിയുടെ കയ്യുടെ ചൂടറിയും എന്നറിയാവുന്നതുകൊണ്ട് ഗീതുട്ടി പുതപ്പും മാറ്റി മടിയോടെ എഴുന്നേറ്റു.ഗൗരി അവളെ ഒന്നു നോക്കി തിരിഞ്ഞു നടന്നു.

അടുക്കളയിൽ ചെന്നു ഒരു ഗ്ലാസ്‌ കട്ടനുമെടുത്തു പിന്നാമ്പുറത്തു ചെന്നിരുന്നു. കുറച്ചു മാറി വിദ്യേടത്തി മാളൂട്ടിയെ കുളിപ്പിക്കുന്നുണ്ട്. ഒരു കുഞ്ഞു തുവർത്തും ചുറ്റി തല മുടിയിൽ സോപ്പും തേച്ചു വലിച്ചു കളിക്കുണ്ട് കക്ഷി. വിദ്യേടത്തി ഒന്നു കണ്ണുരുട്ടിയപ്പോൾ ചുണ്ടും പിളർത്തി അനങ്ങാതെ നിന്നുകൊടുക്കുന്ന മാളൂട്ടിയെ കണ്ട് ഗൗരിക്ക് ചിരിപ്പൊട്ടി.

ചായമാറ്റി വെച്ചവൾ മാളൂട്ടിക്കരുകിൽ ചെന്നു വെള്ളം തട്ടി തെറുപ്പിച്ചു.

“” ഹൈസ്… നല്ല ചേലായിട്ടുണ്ടല്ലോ പെണ്ണെ കാണാൻ… “” കളി ഇഷ്ടായെന്ന പോലെ അവൾ കുണുങ്ങി ചിരിച്ചു. വിദ്യേടത്തിയും ഒരു ചിരി വിരിഞ്ഞു.

“” ങ്ങാഹ്… അംബികേച്ചി… ആ ചെക്കൻ വന്നൂന്ന് കേട്ടല്ലോ… തേവാങ്കോട്ടെ രുദ്രൻ… മുംബൈലോ മറ്റോ അല്ലായിരുന്നോ… അല്ല അവന്റെ ഭ്രാന്തൊക്കെ മാറിയോ… കൊറേ ചികിത്സ ഒക്കെ നടത്തിത്തല്ലേ… “”

ശബ്‌ദം കേട്ട് വെള്ളം തട്ടിത്തെറുപ്പിച്ചിരുന്ന ഗൗരിയുടെ കൈകൾ നിശ്ചലമായി.ഉള്ളിലൂടെ ഒരു വേദന പടർന്നത് പോലെ…

വിദ്യാ ഗൗരിയെ ഒന്നു നോക്കി. താഴേക്കു ദൃഷ്ടിയൂന്നി ഇരിക്കുന്നുണ്ട്

അടുത്ത വീട്ടിലെ മല്ലിക ചേച്ചിയുടെ മതിലിനപ്പുറം നിന്നുള്ള ചോദ്യം കേട്ട് പശുകൾക്ക് പുല്ലിട്ടു കൊടുത്തിരുന്ന അംബിക അവർക്കു നേരെ തിരിഞ്ഞു.

“” അതൊക്കെ മാറി മല്ലി… അവനിപ്പോ കുഴപ്പൊന്നൂല്യ… “”

അംബിക ചെറിയ വാക്കുകളിൽ മറുപടി ഒതുക്കി.

“” മ്മ്… എന്തൊക്കെ ആയാലും ആ ചെക്കന്റെ ഭാവി പോയില്യേ… അല്ലെങ്കിലും കുറെ സ്വത്തും പണവും ഒന്നും ഉണ്ടായിട്ടും കാര്യല്ല്യ… അതൊക്കെ സമാധാനത്തോടെ അനുഭവിക്കാനും യോഗം വേണം… പാവം ആ യാശോധചേച്ചി… എന്തോരം കണ്ണീരു കുടിച്ചു…. “” അവരെ നോക്കി ഒന്നു നെടുവീർപ്പിട്ടുകൊണ്ട് മല്ലിക തിരിഞ്ഞു പോയി.

❤❤❤❤❤❤❤❤

“”ശ്രീ മാമേ “” ഉമ്മറത്ത് ചാരുകസേരയിൽ ഇരുന്നു പത്രം വായിച്ചിരുന്ന ശ്രീധരൻ ശബ്‌ദം കേട്ട് നിവർത്തി പിടിച്ചിരുന്ന പത്രം താഴ്ത്തി നോക്കി.

ഇരുപതിയെട്ട് വയസ്സോളം പ്രായം വരുന്ന ഒരു ചെറുപ്പക്കാരൻ ചെറുപുഞ്ചിരിയോടെ നടന്നു വരുന്നു.

“” ങ്ങഹ്ഹ്.. ചന്ദ്രു.. വാടാ… കൊറേ നാളായല്ലോ.. നിന്നെ ഈ വഴിക്കൊക്കെ ഒന്നു കണ്ടിട്ട്…

രുക്മണി എന്തു പറയുന്നു… “”

അയാൾ കുശലം പോലെ ചോദിച്ചു.

ചന്ദ്രു ഉമ്മറത്തേക്ക് കയറി അരമതിലിൽ അയാൾക്കടുത്തായി ഇരുന്നു.

“” അമ്മക്ക് സുഖം മാമേ… അമ്മായി ഒക്കെ എന്ത്യേ… ആരെയും കാണുന്നില്ല്യല്ലോ…

“” അവരൊക്കെ അപ്പുറത്തുണ്ടാവും… ഞാൻ ചായ എടുക്കാൻ പറയാം… “”

ശ്രീധരൻ അകത്തേക്ക് നോക്കി ഭാര്യയെ വിളിക്കാൻ ആഞ്ഞതും ചന്ദ്രു തടഞ്ഞു.

“” വേണ്ട.. മാമേ… ഞാൻ വീട്ടിൽ നിന്നു കുടിച്ചിട്ടാ ഇറങ്ങിയത്… “” ചന്ദ്രു പുഞ്ചിരിയോടെ പറഞ്ഞു.

“” കുഞ്ഞേച്ചി… വായോ… സമയായീട്ടോ… “”

ഗീതു അകത്തേക്ക് നോക്കി കൂകി വിളിച്ചുകൊണ്ടു ഉമ്മറത്തേക്കിറങ്ങി വന്നു. ശ്രീധരനോട് വർത്തമാനം പറഞ്ഞിരിക്കുന്ന ചന്ദ്രുവിനെ കണ്ടതും അവളുടെ മുഖം വിടർന്നു.

ബ്ലു കളർ ഷർട്ടും വെള്ള മുണ്ടുമാണ് വേഷം.

ഇരുനിറമാണ്. ദൃഢമായ ശരീരം. കട്ടി മീശയും കുറ്റിതാടിയുമായി കാണാൻ നല്ല ചന്തമാണ്.

“” ഇതാര്… ഡിങ്കനോ… എന്താണ് ഈ വഴിയൊക്കെ…

ഗീതൂട്ടി ഒരു പ്രത്യേക താളത്തിൽ കുസൃതിയോടെ ചോദിച്ചു.

“” ഡീ… ഡീ… പൂത്താംകീരീ… നിന്റെ വായാടിത്തരം കുറച്ചു കൂടുന്നുണ്ട്… ഞാൻ നിന്നെ പഠിപ്പിക്കണ മാഷാ അതോർമ്മ വേണം… വന്നു വന്നു പെണ്ണിനിപ്പോ ഒരു ബഹുമാനവും ഇല്ല്യണ്ടായി…

ചന്ദ്രു ചെറു ദേഷ്യത്തോടെ അവളെ നോക്കി.

പെണ്ണ് ചുണ്ടുകൊട്ടി ചിരിച്ചു.

“” ഇവള് പഠിക്കുന്നൊക്കെ ഉണ്ടോ ചന്ദ്രു? അതോ ഉഴപ്പാണോ? “” ശ്രീധരൻ ചോദിച്ചു

“” പഠിക്കുന്നൊക്കെ ഉണ്ട് മാമേ… കുറച്ചു കളി കൂടുതലാണെന്നെ ഒള്ളൂ… “”

അവൻ അവളുടെ മുഖത്ത് തന്നെ നോക്കി പറഞ്ഞു.

“” ഹാ… പഠിച്ച അവൾക്കന്നെ കൊള്ളാം… “”

അപ്പോഴേക്കും ഗൗരിയും ഉമ്മറത്തേക്കെത്തിയിരുന്നു.

“” ങ്ഹാ… ചന്തു എപ്പോ വന്നു… “”

ഗൗരി കയ്യിൽ വച്ചു കെട്ടികൊണ്ട് അവർക്കടുത്തേക്ക് വന്നു.

“” ഞാൻ ഇപ്പൊ വന്നോളു… വാ.. നമുക്ക് ഒരുമിച്ചിറങ്ങാം… “” ചന്ദ്രു അത് പറഞ്ഞേഴുന്നേറ്റു.

ശ്രീധരനോട് യാത്രപറഞ്ഞവർ ഇറങ്ങി.

പാടവരമ്പിലൂടെ മുന്നിൽ ഗീതുവും പുറകിലായി ഗൗരിയും ചന്ദ്രുവും നടന്നു. ഗൗരിയും ചന്ദ്രുവും ഒരേ സ്കൂളിലെ തന്നെ ഹൈസ്കൂൾ ഹയർസെക്കന്ററി അധ്യാപകർ ആണ്. ചന്ദ്രുവിന്റെ ക്ലാസ്സിലാണ് ഗീതുട്ടി.

“” കൂട്ടുകാരൻ വന്നിട്ട് കാണാൻ പോയിരുന്നില്യേ..”

നടത്തതിനിടയിൽ ഗൗരി ഒന്നു തിരിഞ്ഞു ചന്ദ്രുവിനോട് ചോദിച്ചു.

“” ആ…നീ അറിഞ്ഞൂലെ… ഞാൻ പോയിരുന്നു… “”

“” മ്മ്… ” എന്തെല്ലാമോ ചോദിക്കണം എന്നുണ്ടെങ്കിലും മറ്റൊന്നും മിണ്ടാതെയവൾ മുന്നോട്ടു നടന്നു. ചന്ദ്രുവും ഒന്നും മിണ്ടിയില്ല്യ.

ജംഗ്ഷൻ എത്തിയതും കണ്ടു അവിടവിടെയായി ചിതറി നിൽക്കുന്ന ആളുകളെ. കാര്യം അറിയാതെ മൂന്നാളും ആൽമരച്ചുവട്ടിലേക്കു നോക്കിയതും കണ്ടു കലിയോടെ ആരെയോ പിടിച്ചു നെഞ്ചിൽ ആഞ്ഞു ചവിട്ടുന്നവനെ…

“”രുദ്രേട്ടൻ… “” ഗൗരി നിശബ്‌ദം മനസ്സിൽ ഉരുവിട്ടു.

തുടരും….

ഇഷ്ടാവുന്നില്യേ… കൂട്ടുകാരെ…എന്തായാലും എനിക്ക് വേണ്ടി രണ്ട് വരി കുറിച്ചിട്ടു പോണേ…

രചന : Vava…