തനിക്കും കുടുംബത്തിനും വേണ്ടി കഷ്ടപ്പെടുന്ന ഇവളെയാണല്ലോ ഒരു നിമിഷം താൻ മറന്നു പോയത്

രചന : ശ്യാം കല്ലുകുഴിയിൽ

ജന്നൽ അവളുടെ പിൻ കഴുത്തിൽ പറ്റിയിരിക്കുന്ന വെള്ളത്തുള്ളികളിലേക്ക് മാധവന്റെ ചുണ്ട് നീങ്ങി… പിന്നിലൂടെ അവളെ അവനിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് അവളുടെ പിൻ കഴുത്തിൽ അവൻ ചുണ്ടുകൾ അമർത്തി..

” ന്താ ഇത്ര ധൃതിയാണോ.. ” ലിസി വശ്യമായി ചിരിച്ചു ചോദിച്ച് കൊണ്ട് അവന്റ കണ്ണുകളിലേക്ക് നോക്കി.. മാധവൻ ചെറു പുഞ്ചിരിയോടെ അവളെ വീണ്ടും അവനിലേക്ക് ചേർത്ത് പിടിച്ചു..

അപ്പോഴേക്കും ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് അവന്റ മൊബൈൽ ശബ്ദിച്ചു തുടങ്ങി.. അവളെ ഒരു കൈകൊണ്ട് ചേർത്ത് പിടിച്ച് മറ്റേ കൈകൊണ്ട് മാധവൻ മൊബൈൽ എടുത്ത് നോക്കി. മൊബൈൽ തെളിഞ്ഞ പേര് കണ്ടപ്പോൾ മാധവൻ അവളിൽ നിന്ന് പിടിവിട്ട് അൽപ്പം മാറി നിന്ന് കാൾ അറ്റൻഡ് ചെയ്തു…

” ഇത് എവിടെയാ വരാറായില്ലേ… ” ഫോൺ ചെവിയിലേക്ക് വയ്ക്കും മുന്നേ മാധവൻ ഭാര്യയുടെ ശബ്ദം കേട്ടു..

” എനിക്ക് ഒന്ന് രണ്ട് പേരെ കാണാൻ ഉണ്ട് അവരെ വെയിറ്റ് ചെയ്തു നിൽക്കുകയാ,, ഞാൻ അൽപ്പം വൈകും നീ കഴിച്ച് കിടന്നോ… ” മാധവൻ പെട്ടെന്ന് വായിൽ വന്ന കള്ളം പറഞ്ഞു..

” വേഗം വരണേ… ” മാധവൻ ഒന്ന് മൂളികൊണ്ട് കാൾ കട്ട്‌ ആക്കി, കട്ടിലിൽ ചെന്ന് ഇരുന്നു..

” വീട്ടിൽ നിന്ന് ആകുമല്ലേ.. ” ലിസി ചിരിച്ചു കൊണ്ട് വന്ന് മാധവന്റെ അടുക്കൽ ഇരുന്നു..

ഫോണിൽ ഭാര്യയുടെ ശബ്ദം കേട്ടപ്പോൾ മാധവന്റെ മനസ്സിൽ എന്തോ കുറ്റബോധം അലട്ടി, അയ്യാൾ തലകുമ്പിട്ടു കട്ടിലിൽ ഇരുന്നു.. ലിസി ഷെൽഫിൽ നിന്ന് മദ്യകുപ്പിയും ഗ്ലാസും വെള്ളവും എടുത്തു കൊണ്ട് വന്നു.. രണ്ട് ഗ്ലാസ്സിലേക്ക് മദ്യം പകർന്നു അതിൽ ഒരു ഗ്ലാസ്‌ മാധവന് നേർക്ക് നീട്ടി..

” ഇത് അങ്ങ് പിടിപ്പിച്ചോ, അപ്പൊ ഒരു മൂഡ് ഒക്കെ വരും… ” ലിസി ചിരിച്ചു കൊണ്ട് പറഞ്ഞ് മാധവന്റെ കയ്യിൽ കൊടുത്തു. മാധവൻ ഒറ്റവലിക്ക് ഗ്ലാസ്‌ കാലിയാക്കി, മദ്യം ഉള്ളിലേക്ക് ഇറങ്ങിയതും അയാൾക്ക് ആദ്യം ഓക്കാനം വന്നു, അത് പിടിച്ചു നിർത്തി കൈകൾ പിന്നിലേക്ക് കുത്തി മാധവൻ മുകളിലേക്ക് നോക്കി ഇരുന്നു…

” ന്താ മാഷേ നല്ല ടെൻഷൻ ഉണ്ടല്ലോ ആദ്യം ആയിട്ടാണോ ഈ പരിപാടിക്ക് ഇറങ്ങുന്നേ… ”

കയ്യിൽ ഇരുന്ന മദ്യം അൽപ്പം കുടിച്ച് കൊണ്ട് ലിസി ചോദിച്ചു… മാധവൻ അപ്പോഴും ഒന്നും മിണ്ടാതെ ഇരിക്കുക ആയിരുന്നു…

” ഭാര്യ ആകും വിളിച്ചത് അല്ലെ.. എന്താ അവരിപ്പോ അടിപ്പിക്കുന്നില്ലേ, അതൊ നിങ്ങൾക്ക് മടുത്തോ…. ” ലിസി അൽപ്പം ഉച്ചത്തിൽ ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ അയ്യാളിലേക്ക് ദേഷ്യം അരിച്ചു കയറി.. മാധവൻ ശക്തമായി കൈ കട്ടിലിലേക്ക് അടിച്ചു.

” അല്ലേതന്നെ ഞാൻ എന്തിനാ അതൊക്ക തിരക്കുന്നേ, ഇന്ന് എന്നെ വിലയ്ക്ക് വാങ്ങിയത് നിങ്ങൾ ആണ്, അപ്പൊ ഇന്ന് ഞാൻ നിങ്ങൾക്ക് അടിമയാണ്, നിങ്ങൾക്ക് ഇഷ്ട്ടം ഉള്ളത് ചെയ്തോളു … ”

അത് പറഞ്ഞ് ലിസി കട്ടിലിലേക്ക് മലർന്ന് കിടന്നു. അവളുടെ സ്ഥാനം തെറ്റി കിടക്കുന്ന ഡ്രെസ്സിൽ കൂടെ പുറത്തേക്ക് തള്ളി നിൽക്കുന്ന ശരീരം കണ്ടപ്പോൾ മാധവന്റെ ഉള്ളിൽ പുച്ഛം ആണ് തോന്നിയത്.. അവൾക്ക് പറഞ്ഞുറപ്പിച്ച പൈസ അവൾക്കരികിൽ ഇട്ടു കൊടുത്തിട്ട് മാധവൻ അവിടെ നിന്ന് ഇറങ്ങി….

പുറത്ത് ഇറങ്ങി ഇരുട്ടിലൂടെ മുന്നോട്ട് നടക്കുമ്പോൾ മാധവന്റെ മനസ്സ് കുറ്റബോധം കൊണ്ട് നീറുകയായിരുന്നു..കൂടെ ജോലി ചെയ്യുന്ന രഘുവിന്റെ വാക്ക് കേട്ടാണ് ലിസിയുടെ അരികിലേക്ക് പോയത്. തന്റെ കുടുംബത്തെ മറന്ന് അങ്ങനെ ഒരു തീരുമാനം എടുക്കാൻ തോന്നിയ ആ നശിച്ച നിമിഷത്തെ അയ്യാൾ ശപിച്ചു… ഒരുപക്ഷെ തന്റെ ഭാര്യയാണ് ഇങ്ങനെ പോയിരുന്നത് എങ്കിൽ എന്താകുമായിരുന്നു അവസ്ഥ, അയാൾക്ക് അയാളോട് തന്നെ ലജ്ജ തോന്നി.. എത്രയും പെട്ടെന്ന് വീട്ടിലെത്തണം മാധവൻ വേഗത്തിൽ നടന്നു… ബസ്സ്റ്റാൻഡിൽ വച്ചിരുന്ന ബൈക്ക് എടുത്ത് അയ്യാൾ വേഗത്തിൽ വീട്ടിലേക്ക് ഓടിച്ചു പോയി.. വീട്ടിൽ എത്തി ബൈക്കിൽ നിന്ന് ഇറങ്ങിയപ്പോഴേക്കും വാതിൽ തുറന്ന് മാധവന്റെ ഭാര്യ പുറത്തേക്ക് ഇറങ്ങി…

” നീ ഉറങ്ങിയില്ലായിരുന്നോ.. ” വീട്ടിലേക്ക് കേറികൊണ്ട് മാധവൻ ചോദിച്ചു…

” ഇല്ല കിടന്നിട്ട് ഉറക്കം വന്നില്ല… ന്താ പെട്ടെന്ന് ആരെ കാണാൻ പോയത… ”

” അത് ഒരു ഫ്രണ്ട് അവൻ നാളെ പുറത്തേക്ക് പോകുകയാണ്.. ” അയ്യാൾ മുറിയിലേക്ക് കയറി,

ഉറങ്ങികിടക്കുന്ന തന്റെ മക്കളെ അൽപ്പനേരം നോക്കി നിന്നു…

” നിൽക്കാതെ പോയി കുളിക്ക്, അല്ല നിങ്ങള് എന്തേലും കഴിച്ചോ… ”

” ഇല്ല കഴിച്ചില്ല,, നീ കഴിച്ചായിരുന്നോ… ”

” ആഹാ ചേട്ടൻ തന്നെയല്ലേ എന്നോട് കഴിച്ചു കിടന്നോളാൻ പറഞ്ഞത്… ഞാൻ കഴിച്ചു ബാക്കി ചോറിൽ വെള്ളവും ഒഴിച്ചു… ”

“അത് സാരമില്ല… ” മാധവൻ ഡ്രസ്സ്‌ മാറി കുളിക്കാൻ കയറി… കുളി കഴിഞ്ഞ് ഇറങ്ങി അടുക്കളയിലേക്ക് ചെല്ലുമ്പോൾ ഭാര്യ ചപ്പാത്തി പരത്തുകയാണ്..

” ഇതെന്തിനാ ചപ്പാത്തി… ചോറ് ഇരിപ്പില്ലായിരുന്നോ….”

” പിന്നെ ഈ പാതിരാത്രി വെള്ളമൊഴിച്ച ചോറ് കഴിക്കുകയല്ലേ.. രണ്ട് ചപ്പാത്തി ഉണ്ടാക്കാൻ വല്യ പാട് ഒന്നുമില്ല… നിങ്ങള് അങ്ങോട്ട് ഇരിക്ക് ഇപ്പോൾ റെഡിയാവും.. ”

തനിക്കും കുടുംബത്തിനും വേണ്ടി കഷ്ടപ്പെടുന്ന ഇവളെയാണല്ലോ ഒരു നിമിഷം താൻ മറന്നു പോയത് എന്നോർത്തപ്പോൾ മാധവന്റെ നെഞ്ചിൽ ഒരു നീറ്റൽ ഉണ്ടായി.. മാധവൻ അവൾക്കരികിലേക്ക് ചേർന്ന് നിന്ന് അവളുടെ മുടികൾ ഒതുക്കി കവിളിൽ ഒരു ഉമ്മ കൊടുത്തു…

” അയ്യേ നിങ്ങള് കള്ളുകുടിച്ചല്ലേ മനുഷ്യ.. ”

മാധവനെ തള്ളി മാറ്റിക്കൊണ്ട് അവൾ പറഞ്ഞു..

” ഞാൻ അങ്ങനെ കഴിക്കാറില്ലല്ലോ, ഇത് ആ കൂട്ടുകാരനെ കാണാൻ പോയപ്പോൾ ചെറുതായിട്ട്…

” മാധവൻ അൽപ്പം വിക്കി വിക്കി പറഞ്ഞു… ”

ഇത് സ്ഥിരം ആക്കാതെ ഇരുന്നാൽ നിങ്ങൾക്ക് കൊള്ളാം അല്ലെ ഞാൻ എന്റെ മക്കളെയും കൊണ്ട് എന്റെ വീട്ടിൽ പോയി നിൽക്കും പറഞ്ഞേക്കാം…

” അയ്യോ ഇനി ഉണ്ടാകില്ലേ..” മാധവൻ തൊഴുതു പറഞ്ഞുകൊണ്ട് പിണക്കം നടിച്ചു നിൽക്കുന്ന ഭാര്യയെ പിന്നിലൂടെ ചേർത്ത് പിടിച്ചു കൊണ്ട് അവളുടെ കഴുത്തിൽ മുഖം ചേർത്ത് നിന്നു…

” മതി ശൃഗാരം …ഞാൻ ഇതൊന്ന് ഉണ്ടാക്കട്ടെ…. ” അവൾ വീണ്ടും പരിഭവം കാണിച്ചു..

മാധവൻ ഒന്ന് കൂടെ അവളെ ചേർത്ത് പിടിച്ചപ്പോഴേക്കും ഉറങ്ങി കിടന്ന മോൾ എഴുന്നേറ്റ് കരച്ചിൽ തുടങ്ങി…

” ഇനി ചേട്ടൻ ഇവിടെ നിന്ന് ഉണ്ടാക്കി കഴിച്ചോ. ”

അവൾ അത് പറഞ്ഞ് മാധവനെ തട്ടി മാറ്റി മോളുടെ അരികിലേക്ക് ഓടി… അത് കണ്ട് മാധവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു..

ചപ്പാത്തി കഴിച്ച് പാത്രങ്ങൾ കഴുകി വച്ച് ലൈറ്റ് ഓഫ്‌ ആക്കി ബെഡ് റൂമിലേക്ക് ചെല്ലുമ്പോൾ, മോൾക്ക് പാലും കൊടുത്ത് അവൾക്കൊപ്പം ഭാര്യയും ഉറങ്ങിയിരുന്നു. മാധവൻ അവൾക്കരികിൽ അൽപ്പനേരം ഇരുന്നു, കുറച്ചു നേരം അവളുടെ തലയിൽ തലോടി ഇരുന്ന് കവിളിൽ ഒരു ഉമ്മ നൽകി… അപ്പോഴും അയ്യാളുടെ ഉള്ളിൽ കുറ്റബോധം അലയടിക്കുന്നുണ്ടയിരുന്നു..മാധവൻ അവളുടെ കാൽക്കൽ ഇരുന്ന് ആ കാലുകൾ പിടിച്ചു കൊണ്ട് ചെയ്ത തെറ്റിന് ഒരു നൂറു തവണ മനസ്സിൽ മാപ്പ് പറഞ്ഞു… അയ്യാളുടെ ഹൃദയത്തിൽ നിന്ന് ഉതിർന്ന കണ്ണീർ അവളുടെ പാദങ്ങളിൽ ഇറ്റിറ്റ് വീണുകൊണ്ടിരുന്നു….

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ശ്യാം കല്ലുകുഴിയിൽ