മാഷേ ഇന്നെങ്കിലും ഒന്ന് പറയാമോ എന്നോട് എന്നെ സ്നേഹിച്ചിരുന്നു എന്ന്…

രചന : ജെസ്‌ന ജെസി

“മാഷേ ഇന്നെങ്കിലും ഒന്ന് പറയാമോ എന്നോട് എന്നെ സ്നേഹിച്ചിരുന്നു എന്ന്.”

“ഞാൻ എത്ര തവണ പറഞ്ഞു കണ്മണി നീയെനിക്ക് ഞാൻ പഠിപ്പിക്കുന്ന ഒരു സ്റ്റുഡന്റ് മാത്രമാണെന്ന്.ഇനിയെങ്കിലും നീയതൊന്ന് മനസിലാക്ക്.”

“ഇല്ല എനിക്കത് മനസിലാകില്ല, കാരണം ആ കണ്ണുകളിൽ പലതവണ ഞാൻ കണ്ടിട്ടുണ്ട് എന്നോടുള്ള പ്രണയം. എന്നിട്ടും എന്നോടെന്തിനാ ഇങ്ങനെയൊക്കെ പറയുന്നത്?”

“നിനക്കെത്ര പറഞ്ഞാലും മനസിലാവില്ലേ കണ്മണി? നീയെനിക്ക് വെറുമൊരു സ്റ്റുഡന്റ് മാത്രമാണ്.

അതിനപ്പുറം എന്തെങ്കിലും നീ മനസ്സിൽ കൊണ്ട് നടക്കുന്നുണ്ടെങ്കിൽ ഇപ്പോൾതന്നെ അതെല്ലാം മനസിൽനിന്ന് എടുത്ത് കളയണം.”

ദേഷ്യത്തോടെ അത്രയും പറഞ്ഞ് ഒന്ന് തിരിഞ്ഞു പോലും നോക്കാതെ നടന്നകലുന്ന അമീറിനെ കാൺകെ കണ്മണിയുടെ കണ്ണുകൾ തുലാവർഷത്തിലെന്നപോലെ നിർത്താതെ പെയ്യാൻ തുടങ്ങി.

ആദ്യമായി താൻ സ്നേഹിച്ച പുരുഷൻ, ആദ്യകാഴ്ചയിൽ തന്നെ തന്റെ ഹൃദയത്തിൽ ചേക്കേറിയ തന്റെ പ്രാണൻ, ജീവിതത്തിൽ എന്നും കൂടെയുണ്ടാവണമെന്ന് ആഗ്രഹിച്ച ആ വ്യക്തിയാണ് തന്റെ ഹൃദയം കീറിമുറിക്കുന്ന വാക്കുകൾ പറഞ്ഞത്. ഓർക്കും തോറും അവളുടെ നെഞ്ചകം വിങ്ങി.

സ്ഥലകാലബോധം പോലും മറന്ന് ആർത്തുകരഞ്ഞുകൊണ്ട് താഴേക്കിരുന്നു പോയി അവൾ.

അവിടെനിന്നും എങ്ങനെയൊക്കെയോ വീട്ടിലേക്കെത്തിയ അവൾ ഉടനെ മുറിയിൽ കയറി വാതിലടച്ചു കിടന്നു.അന്ന് രാത്രി ഭക്ഷണം പോലും കഴിക്കാൻ കൂട്ടാക്കാതെ തലവേദനയാണെന്ന കള്ളം പറഞ്ഞു മുറിയിൽ തന്നെ കഴിച്ചുകൂട്ടി.

ഇതേ സമയം തന്റെ കുടിലിൽ അമീറിന്റെ കണ്ണുകളും പെയ്യുകയായിരുന്നു.താൻ പോലും അറിയാതെ തന്നിൽ പ്രണയം നിറച്ച പെണ്ണിനോട് സ്നേഹിച്ചില്ലെന്ന് കള്ളം പറയേണ്ടി വന്നതിൽ അമീറിന്റെ മനസും നീറുകയായിരുന്നു.അവന്റെ ഓർമ്മകൾ പിന്നിലേക്ക് സഞ്ചരിച്ചു,

❤❤❤❤❤❤❤❤❤

കോളേജിന്റെ ആദ്യദിനങ്ങളിൽ തന്നെ അമീർ ശ്രദ്ധിച്ചിരുന്നു കരിനീല കണ്ണുള്ള കണ്മണിയെ.

ആരെയും ഒന്നുകൂടി നോക്കാൻ പ്രേരിപ്പിക്കുന്ന വിധം അവളുടെ കീഴ്ച്ചുണ്ടിൽ ഒരു കാക്കപ്പുള്ളിയും സ്ഥാനം പിടിച്ചിരുന്നു. എത്രയൊക്കെ മനസിനെ പിടിച്ചുനിർത്താൻ ശ്രമിച്ചെങ്കിലും കടലിനോടടുക്കുന്ന പുഴപോലെ അമീറിന്റെ ഹൃദയം കണ്മണിയെ സ്നേഹിച്ചു തുടങ്ങിയിരുന്നു.ക്ലാസ്സിൽ പോകുന്നത് പോലും അവളെ ഒരു നോക്ക് കാണാനായിരുന്നു. അവളെ എന്നെങ്കിലും കാണാതിരുന്നാൽ എന്തിനോ വേണ്ടി അവന്റെ ഹൃദയം നോവുമായിരുന്നു.

ക്ലാസ്സിൽ പോലും ഇടയ്ക്കിടെ തന്നെത്തേടിയെത്തുന്ന കണ്മണിയുടെ നോട്ടം അമീറിന്റെ ചുണ്ടിൽ പുഞ്ചിരി വിരിയിക്കുന്നുണ്ടായിരുന്നു, എങ്കിലും പരസ്പരം പറയാതെ അവർ രണ്ടുപേരും നിശബ്‍ദം പ്രണയിക്കുകയായിരുന്നു.

❤❤❤❤❤❤❤❤❤

മോനെയെനുള്ള ഉമ്മയുടെ വിളിയാണ് അമീറിനെ ഓർമകളിൽനിന്നും തിരികെ കൊണ്ടുവന്നത്.

വേഗം തന്നെ കണ്ണുകൾ തുടച്ചു ഉമ്മയുടെ മുറിയിലേക്ക് ചെന്നു. കരഞ്ഞു വീർത്ത മകന്റെ മുഖം അവരെ വേദനിപ്പിച്ചു.

“എന്താ അനക്ക് പറ്റിയെ?”

“ഒന്നുമില്ലുമ്മ വെറുതെ എന്തൊക്കെയോ ആലോചിച്ച് പോയി.”

“മോനെന്ന ഉമ്മയോട് കള്ളം പറയാൻ തുടങ്ങിയത്. എനിക്കറിയാം നിന്നെ അത്രയും വേദനിപ്പിച്ച എന്തോ ഒരു സംഭവം ഇന്നുണ്ടായിട്ടുണ്ട് .എന്തായാലും എന്നോട് പറയ് മോനെ.”

വാത്സല്യപൂർവമുള്ള ഉമ്മയുടെ വാക്കുകൾ കേട്ട് കണ്ണീരോടെ തന്റെ മനസിലെ സങ്കടമെല്ലാം അമീർ അവരോട് പറഞ്ഞു.

“എനിക്കൊത്തിരി….. ഇഷ്ടമാണ് ഉമ്മാ…..എന്റെ കണ്മണിയെ. പക്ഷെ……….. ഈ കഷ്ടപ്പാടിനിടയ്ക്ക്…… അവളെയും കൊണ്ട്…..വരാൻ മനസനുവദിക്കുന്നില്ല.ഒരുപാട് നല്ല……സൗകര്യത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്ന കുട്ടിയ അവൾ. അവളെ എങ്ങനെയ ഞാൻ…….”

പലപ്പോഴും അവന്റെ വാക്കുകൾ ഇടയ്ക്ക് മുറിഞ്ഞു പോകുന്നുണ്ടായിരുന്നു. മുടിയിഴകളിലൂടെ വിരലുകളോടിച്ചു സാന്ത്വനിപ്പിക്കാൻ മാത്രമേ ആ വൃദ്ധയ്ക്കായുള്ളു.

“നീ പറഞ്ഞത് ശരിയാണ് അവളെയും കൂടെ ഈ പ്രാരാബ്ദത്തിനിടയിൽ കൊണ്ടുവരേണ്ട. മാത്രവുമല്ല നീയിങ്ങനെ ചെയ്താൽ അവളുടെ വീട്ടുകാരുടെ അവസ്ഥയൊന്ന് ആലോചിച്ച് നോക്കിയിട്ടുണ്ടോ?”

“എനിക്കറിയാം ഉമ്മാ, അതുകൊണ്ടാണ് ഇന്നെന്റെ കണ്മണിയെ ഞാൻ വേദനിപ്പിച്ചത്. അതെത്രമാത്രം അവളെ വേദനിപ്പിച്ചെന്നോ സഹിക്കാനാവുന്നില്ല ഉമ്മാ……..”

“ഒരാൾക്ക് ഒരാളോട് സ്നേഹം തോന്നുന്നത് തെറ്റല്ല മോനെ. തിരിച്ചയാൾക്കും സ്നേഹം ഉണ്ടെങ്കിലും അർഹിക്കാത്തതൊന്നും എന്റെ മോൻ ആഗ്രഹിക്കരുത്.എല്ലാം മറന്നു അവൾക്ക് നല്ലൊരു ജീവിതം ഉണ്ടാകാൻ നമുക്ക് അ=ല്ലാഹുവിനോട് ദുവ ചെയ്യാം.”

അടുത്ത ദിവസം തീരെ ഉന്മേഷമില്ലാതെയാണ് അമീർ കോളേജിലേക്ക് പുറപ്പെട്ടത്. അവന്റെ മനസാകെ കലുഷിതമായിരുന്നു. കണ്മണിയെ കുറിച്ചുള്ള ചിന്തകളാൽ ഒന്നിലും ശ്രദ്ധ കേന്ദ്രികരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. അവളെയൊന്ന് കാണാൻ അവന്റെ ഹൃദയം തുടിച്ചുകൊണ്ടിരുന്നു. പക്ഷെ അന്നവൾ കോളേജിലേക്ക് വന്നിരുന്നില്ല. അതറിഞ്ഞു അവനിൽ ഒരു ഭയം ഉടലെടുത്തു.

“കണ്മണി നീയെന്താ കോളേജിൽ വരാത്തത്?”

അമീറിന്റെ ചോദ്യത്തിനവൾ മറുപടിയൊന്നും പറയാതെ അവനെത്തന്നെ നോക്കി നിന്നു.അവളുടെ ഈയവസ്ഥക്ക് കാരണം താനാണെന്ന ഓർമയിൽ അവന് സ്വയം പുച്ഛം തോന്നി.

“നമുക്കൊന്ന് മുറ്റത്തേക്കിറങ്ങിയാലോ?”

അതുകേട്ട് ശരിയെന്ന ഭാവത്തിൽ അവളൊന്നു തലയാട്ടി എന്നല്ലാതെ അവനോടൊന്നും മിണ്ടാൻ കൂട്ടാക്കിയില്ല.

“നിന്റെ ഈയവസ്ഥക്ക് കാരണം ഞാൻ ആണെന്ന് അറിയാം, നിനക്കെന്താ എന്നെ മനസിലാവാത്തത്, എനിക്കൊന്നും തന്നെയില്ല, അതിലേക്ക് നിന്നെയും വലിച്ചിഴയ്ക്കാൻ വയ്യാത്തോണ്ടാ പെണ്ണെ അല്ലാതെ നിന്നോട് ഇഷ്ടമില്ലാതെ അല്ല.”

അവളിൽ നിന്നും മറുപടിയൊന്നുമില്ലെങ്കിലും അവൻ തുടർന്നു.

“ഇതെല്ലാം പ്രായത്തിന്റെ കുഴപ്പമാണ് കുട്ടി. ഇപ്പോൾ നിനക്കെന്നോട് പ്രണയമാണ്. ഒരുപക്ഷെ നാളെ നമ്മൾ ഒരുമിച്ചൊരു ജീവിതം തുടങ്ങിയാൽ ചിലപ്പോൾ നീയൊന്നും വേണ്ടായിരുന്നു എന്ന് ചിന്തിക്കും.നമ്മൾ രണ്ടും രണ്ട് വിശ്വാസങ്ങൾ ഉള്ളവരാണ് സാമ്പത്തിക സ്ഥിതിയും അങ്ങനെ തന്നെ.

നിനക്കെന്നോടുള്ള സ്നേഹം സത്യമാണെങ്കിൽ നാളെ മുതൽ നീ കോളേജിൽ വരണം, പഠിച്ചു ഉയർന്ന മാർക്കൊടെ പാസായി നല്ലൊരു ജോലി കണ്ടെത്തണം. സ്വന്തം കാലിൽ നിൽക്കാനാകുമ്പോൾ അന്നും നീയെന്നെ സ്നേഹിക്കുന്നുണ്ടെങ്കിൽ നമ്മൾ ഒരുമിച്ച് ജീവിക്കും. ഇത് ഞാൻ നിനക്ക് തരുന്ന വാക്കാണ്.”

അവളിൽ നിന്ന് മറുപടിയൊന്നും കിട്ടിയില്ലെങ്കിലും അവളുടെ പുഞ്ചിരിയിൽ ഉണ്ടായിരുന്നു അവനുള്ള മറുപടി അതു മനസിലാക്കി അവൻ പോകാൻ തുടങ്ങി.അപ്പോഴണ് ചായ കുടിക്കാനായി വിളിക്കാൻ അവളുടെ അമ്മ വന്നത്.അവളുടെ മാറ്റം അവരും ശ്രദ്ധിച്ചു.സ്നേഹപൂർവ്വം ആ ക്ഷണം നിരസിച്ചു കൊണ്ട് വീട്ടിലേക്ക് മടങ്ങുമ്പോൾ അവനുറപ്പുണ്ടായിരുന്നു അടുത്തദിവസം തൊട്ട് അവൾ കോളേജിൽ വരുമെന്ന്.

അവസാനിച്ചു

അവരുടെ ഭാവി എന്താകുമെന്നൊന്നും അറിയില്ല, എങ്കിലും അവരുടെ സ്നേഹം ആത്മാർത്ഥമാണെങ്കിൽ എന്നെങ്കിലും അവർ ഒന്നിക്കുമായിരിക്കും

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ

രചന : ജെസ്‌ന ജെസി