നിന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു, എന്നാലും ഒറ്റയ്ക്ക് ഓണസദ്യയുണ്ടാക്കാൻ നിനക്ക് കഴിഞ്ഞല്ലോ

രചന : സജി തൈപ്പറമ്പ്

അനൂ.. വാഴയില കിട്ടീല്ലാട്ടോ ,എല്ലായിടത്തും അന്വേഷിച്ചു, ബസാറിലൊക്കെ പേപ്പർ ഇല മാത്രമേയുള്ളു

അത് സാരമില്ല സിദ്ദൂ .. ,എങ്ങനെ കിട്ടാനാ?

ഈ മരുഭൂമിയിൽ ആരും വാഴക്കൃഷി ചെയ്യുന്നില്ലല്ലോ? സിദ്ദു, ഒരു കാര്യം ചെയ്യ് അതവിടെ വച്ചിട്ട് ,കുട്ടികളെ ഒരുക്കാൻ നോക്ക്,

അവരൊക്കെ ഇപ്പോഴിങ്ങ് വരില്ലേ?

ഉം ,പന്ത്രണ്ട് മണിയാകുമ്പോൾ ഫാമിലിയുമായിട്ടെത്താമെന്ന ഷിയാസും, നജീബും പറഞ്ഞത്,

വിഭവങ്ങളൊക്കെ റെഡിയല്ലേഡാ..

എല്ലാം ഓക്കെയാണ്, എനിക്കിനി പപ്പടം കൂടി കാച്ചിയിൽ മതി

ഓഹ് ഡാർലിങ്ങ് ,നിന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു, എന്നാലും ഒറ്റയ്ക്ക് ഓണസദ്യയുണ്ടാക്കാൻ നിനക്ക് കഴിഞ്ഞല്ലോ,

അങ്ങനെ മുഴുവൻ ക്രെഡിറ്റും എനിക്ക് തരണ്ടാ ,

കുറെയൊക്കെ റെഡിമെയ്ഡ് ഐറ്റംസാ,

പായസമൊക്കെ പാല് തിളപ്പിച്ചൊഴിക്കേണ്ട ആവശ്യമേയുണ്ടായിരുന്നുള്ളു

ഓകെ ഓകെ,

ഞാനപ്പോൾ കുട്ടികളെ റെഡിയാക്കിയെടുക്കട്ടെ, നീയും പപ്പടം കാച്ചിയിട്ട് വേഗം കുളിച്ചൊരുങ്ങിക്കോ?

നിന്നെ സാരിയുടുത്തൊന്ന് കാണാൻ കിട്ടുന്ന ഒരേ ഒരു ദിവസമാണിന്ന്

അത് നിനക്കറിയാൻ വയ്യാഞ്ഞിട്ടാ സിദ്ദു, ഈ സാരിയുടുക്കുന്നത് പോലെ ഇത്ര ബുദ്ധിമുട്ട് വേറൊന്നുമില്ല ,അതുടുത്ത് ട്രാവല് ചെയ്യുന്നവരെയും ജോലി ചെയ്യുന്നവരെയും സമ്മതിക്കണം

ഉം ശരി സംസാരിച്ച് നിന്ന് വെറുതെ സമയം കളയണ്ടാ,

യു ക്യാര്യോൺ

സിദ്ദു ,ബെഡ് റൂമിലേക്കും അനു ,അടുക്കളയിലേക്കും പോയി.

❤❤❤❤❤❤❤

സദ്യ ഗംഭീരം ,ഡാ മച്ചാ… ഗൾഫിലെത്തിയിട്ട് ആദ്യമായാണ് ഒരു ഓണസദ്യ കഴിക്കുന്നത് ,അനുവിനും കൂടി ഇവിടെ ജോലി ശരിയായത് നമ്മുടെ എല്ലാവരുടെയും ഭാഗ്യമാടാ സിദ്ദൂ …

ഉം ഒരുപാടങ്ങ് പൊക്കണ്ടാട്ടോ ഒരു വിധമങ്ങ് ഒപ്പിച്ചെന്നേയുള്ളു, നാട്ടിൽ നമ്മുടെ ബന്ധുക്കളൊക്കെ ഓണമാഘോഷിക്കുമ്പോൾ, ആ ഗൃഹാതുരത്വവും പേറി, നമ്മൾ കുറച്ച് പ്രവാസികളിവിടെ നിരാശയോടെ ഇരിക്കണ്ടല്ലോന്ന് കരുതി ഒന്ന് ഡ്രൈ ചെയ്തന്നേയുള്ളു

അനു,വിനയാന്വിതയായി.

ങ്ഹാ അത് പറഞ്ഞപ്പോഴാ, ഡാ സിദ്ദു, നാട്ടിൽ അച്ഛനും അമ്മയുമൊക്കെ സുഖമായിരിക്കുവല്ലേ?

ഷിയാസിൻ്റെ ആ ചോദ്യം കേട്ട് സിദ്ദുവിൻ്റെ ഉള്ള് പിടച്ചു.

ഈശ്വരാ .. നേരാണല്ലോ? രണ്ട് ദിവസമായി അച്ഛനെയും അമ്മയെയും വിളിച്ചിട്ട് ,ഉത്രാടത്തിൻ്റെ തലേന്നാണ് അവസാനം വിളിച്ചത് ,നാട്ടിലേക്ക് വരാൻ ലീവ് കിട്ടില്ലെന്നറിഞ്ഞപ്പോൾ അമ്മയ്ക്കും അച്ഛനും ഒത്തിരി സങ്കടമായിരുന്നു ,

സത്യത്തിൽ ലീവ് കിട്ടാത്തതായിരുന്നില്ല

സീസൺ ആയത് കൊണ്ട് ,ടിക്കറ്റ് ചാർജൊക്കെ സാധാരണയിലും ഇരട്ടിയായത് കൊണ്ട് അനുവാണ് പറഞ്ഞത്, ഓഫ് സീസണിൽ വല്ലതും പോയാൽ മതിയെന്ന് ,ചെറുപ്പം മുതലേ അവളുടെ അച്ഛനും അമ്മയും വിദേശത്ത് ജോലി ചെയ്തിരുന്നതിനാൽ, നാട്ടിൽ എല്ലാവരുമൊന്നിച്ചുള്ള ഓണാഘോഷത്തിൻ്റെ ത്രില്ലൊന്നും അവൾക്കറിയില്ലല്ലോ?

എന്താടാ നീ ആലോചിക്കുന്നത് ?

ഷിയാസിൻ്റ ചോദ്യം കേട്ട് സിദ്ദു ചിന്തയിൽ നിന്നുണർന്നു.

ആഹ് ഒന്നുമില്ലെടാ ,അമ്മയ്ക്കും അച്ഛനും അസുഖങ്ങളൊന്നുമില്ല,

അവർ സുഖമായിരിക്കുന്നു,

കുറ്റബോധത്തോടെയാണ് സിദ്ദു മറുപടി പറഞ്ഞത്.

എങ്കിൽ ഞങ്ങളിറങ്ങുന്നെടാ,

നാളെ കാണാം,

ഓകെ ഡാ ..ബൈ, നജീബേ… അപ്പോൾ പറഞ്ഞത് പോലെ?

എല്ലാവരും പോയി കഴിഞ്ഞപ്പോൾ, തനിക്ക് ഒട്ടും കംഫർട്ടല്ലാത്ത സെറ്റ് സാരി അഴിച്ച് മാറ്റാൻ,

അനു അസ്വസ്ഥത പ്രകടിപ്പിച്ച് കൊണ്ട് അകത്തേയ്ക്ക് പോയത് കണ്ട് സിദ്ദു വേഗം മൊബൈലെടുത്ത് നാട്ടിലെ ലാൻറ് ഫോണിലേക്ക് വിളിച്ചു.

അങ്ങേത്തലയ്ക്കൽ അച്ഛനായിരുന്നു, ഫോൺ അറ്റൻ്റ് ചെയ്തത്.

അച്ഛാ… ഹാപ്പി ഓണം , അമ്മയെന്ത്യേ? പായസമൊക്കെ കുടിച്ച് മത്തടിച്ച് കിടക്കുവായിരിക്കുമല്ലേ?

ഇല്ല മോനേ … അവള് പശുവിന് വെള്ളം കൊടുക്കാൻ തൊഴുത്തിലേക്ക് പോയി,

നിങ്ങളെപ്പോലെ ഞങ്ങൾക്കും ഇത്തവണ ഇവിടെ ഓണമൊന്നുമില്ലായിരുന്നു, ഭാനുമതിയാണ് പറഞ്ഞത്,

മക്കളവിടെ ഉണക്ക കുബ്ബൂസുമൊക്കെ കഴിച്ച് കിടക്കുമ്പോൾ, ഇവിടെ സദ്യയുണ്ടാക്കിയാൽ മനസ്സുറപ്പോടെ നമുക്കെങ്ങനെയത് കഴിക്കാൻ കഴിയുമെന്ന് , ശരിയാണ് മോനേ അവൾ പറഞ്ഞത്,

നിങ്ങളെ കുറിച്ചോർക്കുമ്പോൾ, ഈ ദിവസം ഞങ്ങൾക്ക് സദ്യയും പായസവുമൊന്നും തൊണ്ടേന്ന് കീഴ്പ്പോട്ടിറങ്ങില്ല, അത് കൊണ്ട് നിങ്ങള് നാട്ടിൽ വരുന്ന ദിവസം സദ്യവട്ടമൊരുക്കാമെന്ന് ഞാനവളെ പറഞ്ഞ് സമാധാനിപ്പിച്ചു, അല്ലേലും മക്കളും മരുമക്കളും ചെറുമക്കളും കൂടെയുള്ളപ്പോഴാണ്,

മാതാപിതാക്കൾക്കെല്ലാം ഒരു ഓണത്തിൻ്റെ ഫീലിങ്ങ്സ് ഉണ്ടാവുന്നത്, നീ വിഷമിക്കേണ്ട മോനേ…

ഇന്നല്ലെങ്കിൽ മറ്റൊരു ദിവസം ലീവ് കിട്ടുമല്ലോ? അപ്പോൾ നമുക്കെല്ലാവർക്കും ഓണം ഗംഭീരമാക്കാം,

അതിന് ചിങ്ങമാസം വരെ കാത്തിരിക്കുകയൊന്നും വേണ്ട, ഞാൻ ദേ അമ്മയ്ക്ക് കൊടുക്കാം

വേണ്ടച്ഛാ… അമ്മയെ ഞാൻ പിന്നെ വിളിച്ച് കൊള്ളാം, കുറച്ച് ജോലിത്തിരക്കുണ്ട്

അമ്മയുടെ മുന്നിൽ താൻ പൊട്ടിക്കരഞ്ഞ് പോകുമെന്ന് പേടിച്ചിട്ടാണ്, സിദ്ദു അച്ഛനോടങ്ങനെ പറഞ്ഞത്

താനെന്തൊരു പാപിയാണ് ,മകനും മരുമകളും ചെറുമക്കളും അടുത്തില്ലാതിരുന്നത് കൊണ്ട് അവർ ഇത്തവണ ഓണം ആഘോഷിച്ചില്ല പക്ഷേ ഇവിടെ താനും ഭാര്യയും കൂട്ടുകാരോടൊപ്പം സദ്യ കഴിച്ച് മതിമറന്നപ്പോൾ ഒരിക്കൽപ്പോലും അച്ഛനെയും അമ്മയെയും കുറിച്ച് ഒന്നോർത്തില്ലല്ലോ?

കുറ്റബോധം കൊണ്ട് അയാളുടെ മനസ്സ് നീറിക്കൊണ്ടിരുന്നു

NB : അതെ ,ഓണം മലയാളിക്ക് ഏറ്റവുമധികം സന്തോഷമുള്ള ദിവസമാണ്, പക്ഷേ ആ ദിവസത്തിൽ പോലും , മനസ്സ് തുറന്ന് ഒന്ന് ചിരിക്കാൻ കഴിയാതെ, ഒരുപാട് പേർ ,ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ ജോലിത്തിരക്കുമായി കഴിയുന്ന, തങ്ങളുടെ പ്രിയപ്പെട്ടവരുടെ വരവിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ടെന്ന് ഓർക്കുക ,എന്തെങ്കിലും മാർഗ്ഗമുണ്ടെങ്കിൽ, എത്ര പൈസ ചിലവാക്കിയിട്ടാണെങ്കിലും ആ ഒരു ദിവസം, നിങ്ങളവരുടെ അടുത്തെത്തി ചേരണം,

ഒരു പക്ഷേ, നിങ്ങളുടെ തിരക്കുകളൊക്കെ ഒഴിഞ്ഞിട്ട് വരാമെന്ന് കരുതിയാൽ, ചിലപ്പോൾ, ആ കാത്തിരിപ്പ് എത്ര കാലമുണ്ടാകുമെന്ന് നമുക്ക് ഉറപ്പ് പറയാനാകില്ല.

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : സജി തൈപ്പറമ്പ്