സഖിയെ, തുടർക്കഥയുടെ ഭാഗം 23 വായിച്ചു നോക്കൂ…

രചന : Vava…

അധിക നേരം മാഷിന് മുന്നിൽ പിടിച്ചു നിൽക്കാനുള്ള ത്രാണി ഗീതുവിനില്യായിരുന്നു.

രുക്മണിയമ്മയോട് യാത്ര പറഞ്ഞവൾ വേഗത്തിൽ അവിടെ നിന്നും ഇറങ്ങി നടന്നു.

കണ്ടറിഞ്ഞ സത്യത്തിന്റെ പകപ് അപ്പോഴും വിട്ടു മാറിയിരുന്നില്യ.

“” മാഷ്ക് വെല്യേച്ചിയെ ഇഷ്ടായിരുന്നോ… “”

മനസ്സിനോട് സ്വയം ചോദിച്ച ചോദ്യം ഉള്ളിനെ പൊള്ളിക്കുന്ന പോലെ.

മാഷ് തന്നെ അവഗണിച്ചിട്ടുള്ള ഓരോ സന്ദർഭവും അവൾക്കുള്ളിൽ മിന്നി മാഞ്ഞു.

കണ്ണുനീർ ഉരുണ്ടു കൂടി മുന്നിലെ പാതയെ അവ്യക്തമാക്കി.

നീറുന്ന നെഞ്ചോടെ ഓരോ ചുവടും വെച്ച് നടന്നു.

❤❤❤❤❤❤❤❤

“”എന്ത് ബന്ധം?””

“” കണ്ണന്റെ അമ്മ വസുന്ധരയുടെ ഏട്ടൻ വാസുദേവന്റെ മകനാണ് വൈശാഖാൻ… “”

“” ഏഹ്ഹ്… “” കേട്ടതിന്റെ പകപ്പിൽ അവൾ കണ്ണും മിഴിച്ചു യശോദാമ്മയെ നോക്കി.

അവർക്കത് കണ്ട് പെട്ടെന്ന് ചിരിയാണ് വന്നത്.

“” നീ കണ്ണുമിഴിക്കണ്ട ഞാൻ പറഞ്ഞത് സത്യ…”” അവരൊന്നവളെ നോക്കി പിന്നെ തുടർന്നു.

“” തൃച്ചംബരം കണ്ണന്റെ അമ്മയുടെ തറവാടാണ്.

തൃച്ചംമ്പരത്തെ പ്രഭാകര വർമ്മയുടെ ഇളയ മകളായിരുന്നു വസുന്ധര. മൂത്ത മകൻ വാസുദേവനും.

തൃച്ചംബരംക്കാര് പണ്ടിവിടത്തെ വലിയ ചട്ടമ്പികളായിരുന്നു. അതുകൊണ്ട് തന്നെ തേവാങ്കോട്ട്കാരായിട്ട് അത്ര രസത്തിൽ അല്ലായിരുന്നു.

അങ്ങനെ ഇരിക്കെയാണ് വസുന്ധരയുമായി അദ്ദേഹം പ്രണയത്തിൽ ആകുന്നത്.കുടുംബക്കാർ തമ്മിലുള്ള പ്രശ്നം ഒന്നും അവരെ ബാധിച്ചിരുന്നില്യ.

ഇതെങ്ങനെയോ അറിഞ്ഞ പ്രഭാകാര വർമ വസുന്ധരയെ ശകാരിച്ചും മർദിച്ചും തിരുത്താൻ ശ്രമിച്ചു. പക്ഷെ അവളതിന് വഴങ്ങിയില്ല്യ.

അന്ന് രാത്രി ആരുടെയോ സഹായത്താൽ വസുന്ധര അദ്ദേഹത്തിന്റെ ഒപ്പം സ്വന്തവും ബന്ധവും ഉപേക്ഷിച്ചു ഇറങ്ങി വന്നു. തേവാങ്കോട്ടെ കാർന്നോര് അവരെ ഇരുകയ്യും നീട്ടി സ്വീകരിച്ചു.””

അവരൊന്നു നിർത്തി. ഗൗരി മറ്റൊന്നും ചോദിക്കാതെ മൗനമായി അവരെ കേട്ടിരുന്നു. ഒന്നു നിശ്വസിച്ചു കൊണ്ട് വീണ്ടും തുടർന്നു.

“” ഒളിച്ചോട്ടക്കഥ പെട്ടെന്ന് തന്നെ നാടാകെ പരന്നു. തൃച്ചംബരത്തുകാർക്ക് അത് വലിയൊരു അപമാനമായി തോന്നി.

തേവാൻങ്കോട്ട്കാരോട് അവർക്ക് തീർത്താൽ തീരാത്ത പകയായത് മാറി.

ഒരിക്കെ അദ്ദേഹത്തെയും ഇവിടത്തെ കാർന്നോരെയും അവർ കൊല്ലാൻ വരെ ശ്രമിച്ചിരുന്നു. പക്ഷെ എന്തോ ഭാഗ്യത്താൽ രക്ഷപ്പെട്ടു.അതെ പിന്നെ മറ്റു ശ്രമങ്ങൾ ഒന്നും ഉണ്ടായിരുന്നില്യ. പക്ഷെ ബിസ്സിനെസ്സിന്റെ കാര്യത്തിലും മറ്റും അവരെന്നും എതിരാളികളായി തുടർന്നു.

കാലം പോകെ പോകെ ഇപ്പൊ നാട്ടുകാരും ആ കഥകളൊക്കെ മറന്നു.

പ്രഭാകര വർമ്മ ഇപ്പൊ കിടപ്പിലാണ്. പക്ഷെ അവരുടെ ഉള്ളിലിന്നും ഉണ്ടാവും. അതായിരിക്കും വൈശാഖനും തീർക്കാൻ ശ്രമിക്കുന്നത്… “”

യശോദാ പറഞ്ഞ് നിർത്തി. അപ്പോഴും കൈകൾ അവളുടെ മുടിയിഴകളെ കോന്തികൊണ്ടിരുന്നു.

“” രുദ്രേട്ടന്റെ അമ്മയുടെയും രഘുവച്ചന്റെയും പ്രണയ വിവാഹം ആണെന്നറിയാമായിരുന്നു…

ഇങ്ങനെ ഒരു ബന്ധം ഉള്ളത് അറിഞ്ഞിരുന്നില്യ.

ഈ കഥകളെല്ലാം രുദ്രേട്ടനറിയില്യേ…. “” ഗൗരി സംശയത്താൽ ചോദിച്ചു.

“” മ്മ്…. അവനും അറിയാം… “”

“” അമ്മ എങ്ങനെയാ ഇതൊക്കെ അറിഞ്ഞത്… “”

“” എന്നോട് എല്ലാം അദ്ദേഹം പറഞ്ഞതാണ്… “”

അവരുടെ ചൊടികളിൽ ഒരു മൃതു മന്ദഹാസം വിരിഞ്ഞു.

“” അമ്മായിയാമ്മയും മരുമോളും നല്ല വർത്താനത്തിലാണല്ലോ… എന്താണെന്നു പറഞ്ഞാൽ ഞങ്ങൾക്കും കേൾക്കാമായിരുന്നു…””

ശബ്‌ദം കേട്ട ഭാഗത്തേക്ക്‌ രണ്ടാളും തല ചരിച്ചു നോക്കിയപ്പോൾ നിർമല ചേച്ചിയാണ്. ഇന്ന് വൈകി വരൊള്ളു എന്ന് പറഞ്ഞിരുന്നു.

കൂടെ ഉള്ള പെൺകുട്ടിയെ കണ്ട് ഗൗരി സംശയത്തിൽ നോക്കി.

“” ഞങ്ങള് ഓരോ നാട്ടുവാർത്തനവും പറഞ്ഞിരിക്കയിരുന്നു. അല്ല ഇതാരാ കൂടെ,.. ഇതാണോ ചേച്ചിടെ മോളെന്നു പറഞ്ഞത്… “”

അമ്മയും ആ പെൺകുട്ടിയെ ഒന്നു നോക്കി

“” ങ്ഹാ… ചേച്ചി… പിള്ളേര് ട്യൂഷന് പോയേക്കാ…ഇവളെ വീട്ടിൽ ഒറ്റക്കാക്കി വരാൻ എനിക്കൊരു പേടി…ആരെയും വിശ്വസിക്കാൻ പറ്റാത്ത കാല… പ്രായായ പെങ്കൊച്ചല്ലേ…

അപ്പൊ ഞാനിങ്ങു കൂട്ടി… “”

“”ങ്ഹാ.. അത് നന്നായി… നീ മോളെ അകത്തു കൊണ്ടോയി എന്തെങ്കിലും കഴിക്കാൻ കൊടുക്ക്.””

യാശോദാമ്മ എഴുന്നേറ്റു. ഒപ്പം ഗൗരിയും.

“” മോൾക്ക് മനസ്സിലായില്യലെ… ഇതെന്റെ ആകെയുള്ളൊരു ചേച്ചിടെ മോളാ. മൂന്നു മാസം മുൻപ് ചേച്ചി മരിച്ചു…ഇവൾടെ അച്ഛൻ പണ്ടേ ഉപേക്ഷിച്ചു പോയതാ…വേറെ ആരൂല്ല്യ… ഇവളെ അപ്പൊ ഞാൻ വീട്ടിലെക്ക് കൊണ്ടുവന്നു. ഇപ്പൊ ഡിഗ്രിക്ക് പഠിക്കാ.ടൗണിലെ കോളേജില് പോകുന്നുണ്ട്… “”

ഒന്നും ചോദിക്കാതെ തന്നെ നിർമല ഗൗരിക്കു മുന്നിൽ എല്ലാം തുറന്നു പറഞ്ഞു.

ഗൗരി ഭാവിതയെ നോക്കി ഒന്നു പുഞ്ചിരിച്ചു. അവളും തിരിച്ചൊരു നറു ചിരി സമ്മാനിച്ചു.

“” കയറി വാ… “” ഗൗരി അവളുടെ ഉണ്ടക്കവിളിൽ ഒന്നു തട്ടിക്കൊണ്ടു അകത്തേക്ക് ക്ഷണിച്ചു.

ഗൗരിയുമായി കുറച്ചു നേരം കൊണ്ട് തന്നെ ഭവിത പെട്ടെന്നടുത്തിരുന്നു. അവളൊരു പാവമാണെന്ന് ഗൗരിക്കും മനസ്സിലായി.

വൈകും നേരം ചായയുടെ നേരമായതും യശോദാമ്മയും നിർമല ചേച്ചിയും അടുക്കള ഭരണം ആരംഭിച്ചു.

ഇലയടയും കുമ്പിളപ്പവും ഉണ്ടാക്കി തുടങ്ങി.

യാശോദാമ്മക്ക് എല്ലാത്തിനും പ്രത്യേക കൈപുണ്യം ആണ്.

ഗൗരിയും ഭവിതയും അവർക്കു സഹായമായി നിന്നു.

കുറച്ചു കഴിഞ്ഞതും ഗൗരി രുദ്രനെ കാണാതെ വന്നതും വിളിച്ചു നോക്കാൻ ഫോണെടുക്കാൻ മുറിയിലേക്ക് ചെന്നു.

ഫോണെടുത്തു നമ്പർ ഡയൽ ചെയ്യാൻ നിൽക്കുമ്പോഴാണ് ബാത്രൂമിന്റെ ഡോർ തുറക്കുന്ന ശബ്‌ദം കേട്ടത്.

തിരിഞ്ഞു നോക്കിയപ്പോൾ രുദ്രനാണ്.

“” ങേ… രുദ്രേട്ടൻ ഇതെപ്പോ വന്നു… ഞാൻ കണ്ടില്ല്യല്ലോ… “”

“” ഞാൻ വന്നപ്പോ നീ അടുക്കളയില്ലായിരുന്നു. അതാ വിളിക്കാതിരുന്നത്… “”

“” ങ്ഹാ… എന്നാ വാ.. ചായ കുടിക്കാം… താഴെ ജിത്തേട്ടനും ചന്തുവും വന്നിട്ടുണ്ട്… “” അവൾ ഫോൺ അവിടെ തന്നെ വെച്ച് തിരിഞ്ഞു.

“” ആ വാ… “” അവളുടെ തോളിൽ കയ്യിട്ടുകൊണ്ട് അവൻ പറഞ്ഞു.

താഴെക്കിറങ്ങി ചെന്നതും ജിത്തുവും ചന്ദ്രുവും സിറ്റ്ഔട്ടിൽ ഇരിക്കുന്നത് കണ്ട് അവൻ അങ്ങോട്ട് ചെന്നു.

ജിത്തു ചുമരിൽ ചാരി ഫോണും നോക്കിയും ചന്ദ്രു ദൂരേക്ക് കണ്ണും നട്ട് എന്തോ ആലോചിച്ചും ഇരിക്കുന്നുണ്ട്. അവനും അവരുടെ കൂടെ നിലത്തേക്കിരുന്നു.

ചന്ദ്രുവിന്റെ മനസ്സിൽ ഗീതുവിന്റെ കലങ്ങിയ കണ്ണുകൾ കൊണ്ടുള്ള നോട്ടം മായാതെ നിൽക്കുകയായിരുന്നു. അതിന്റെ അർത്ഥം മനസ്സിലാക്കാൻ ശ്രമിച്ചു. മനസ്സെന്തോ അസ്വസ്ഥമാകുന്ന പോലെ. അതവന്റെ മുഖത്തും പ്രതിഫലിച്ചിരിന്നു.

“” നിനക്കെന്തു പറ്റീ ടാ …. മുഖം ആകെ വല്ലാതെയിരിക്കുന്നു… “” രുദ്രൻ അവനെ ഒന്നു നോക്കി കൊണ്ട് ചോദിച്ചു.

ചന്ദ്രുവും ഒന്നു തലയുയർത്തി നോക്കി.

“” ഹ്മ്മ്… ശെരിയ… ഞാനും അത് ശ്രദ്ധിച്ചു… രാവിലെ കണ്ടപ്പോ ഉള്ള ആളല്ല വൈകിട്ടായപ്പോ… എന്താ കാര്യം… “”

ജിത്തുവും ചോദ്യം ഉന്നയിച്ചു.

“” ഏയ്യ്… ഒന്നുല്ല്യ… “”

ഒറ്റവാക്കിൽ അവൻ മറുപടി നിർത്തി.

അടുത്ത് ചെയറിലിരുന്ന പത്രവും നിവർത്തി പിടിച്ച് മറ്റൊരു സംസാരത്തിനു താൽപ്പര്യം ഇല്ല്യാന്ന പോലെ ഇരുന്നു.

“” ങ്ഹാ… ഇനി ചോദിച്ചിട്ട് കാര്യല്ല്യ… നിങ്ങള് സംസാരിക്ക് ഞാൻ കുറച്ചു വെള്ളം കുടിച്ചിട്ട് വരാം…””

ജിത്തു ചന്ദ്രുവിനെ ഒന്നു നോക്കി എഴുന്നേറ്റ് അടുക്കള ലക്ഷ്യം വെച്ച് നടന്നു.

“” ങ്ഹാ.. എല്ലാവരും ഉണ്ടല്ലോ ഇന്നെന്താ നിർമലേച്ചി സ്പെഷ്യൽ… “” അവൻ നിർമലക്കടുത്തായി വന്നു നിന്നു.

വാതിലിനടുത്ത് പിന്തിരിഞ്ഞു നിൽക്കുന്ന ഭവിതയെ അവൻ കണ്ടിരുന്നില്യ.

“” നിന്റെ ഇഷ്ടവിഭവം തന്നെ… കുമ്പിളപ്പം… “”

അവർ ഇടിലിചെമ്പ് തുറന്നു അതെല്ലാം പ്ലേറ്റിലെക്ക് എടുത്തിട്ടു. ചൂടൻ ആവി മുഖത്തടിച്ചപ്പോൾ അവരുടെ മുഖം ഒന്നു ചുളിഞ്ഞു.

“” ആഹാ… അടിപൊളി… “”

അവൻ ചൂട് വകവെക്കാതെ പ്ളേറ്റിൽ നിന്നും ഒന്നെടുത്തു.

ചൂട് കൊണ്ട് കൈപൊള്ളിയതും കുമ്പിളപ്പം കയ്യിൽ കിടന്നോന്നു അമ്മാനമാടി. അതേ സമയം പിന്നോട്ട് തിരിഞ്ഞ ഭവിതയിൽ ആയിരുന്നു നേരെ ചെന്നു മുട്ടി നിന്നത്.

അവളെ കണ്ട ജിത്തു ഒന്നു ഞെട്ടി അന്തം വിട്ടു നിന്നുപോയി. അവന്റെ നോട്ടത്തിൽ അവൾ ഒന്നു വല്ലാതെയായി മുഖം ചുളിച്ചു. പെട്ടെന്ന് സ്വബോധം വന്ന പോലെ ജിത്തു അവളിൽ നിന്നും അടർന്നു പിന്നോട്ട് മാറി.

“” ഇതവളല്ലേ…ഇവളെന്താ ഇവിടെ… “”അവൻ മനസ്സിൽ ചോദിച്ചു.

“” ഏതവളുടെ കാര്യാ… “”

“” ദോ ദവൾടെ…. “”

കണ്ണുകൊണ്ട് മുന്നോട്ട് ചൂണ്ടി പറഞ്ഞു. മറുപടി പറഞ്ഞു കഴിഞ്ഞാണ് ശബ്‍ദം ആരുടേയാണെന്നു ശ്രദ്ധിച്ചത്.

അടുത്തു തന്നെ സൂക്ഷിച്ചു നോക്കി നിൽക്കുന്ന ഗൗരിയെ കണ്ടപ്പോഴാണ് ആത്മഗതം കുറച്ചു ഉച്ചത്തിൽ ആയി പോയെന്നു അവനു മനസ്സിലായത്.

അവൾക്കു നേരെ നല്ലൊരു ഇളി പാസാക്കി.

“” എന്താ മോനെ… അവളെ കണ്ടപ്പോ ഉള്ളിലെ കോഴി സട കുടഞ്ഞെഴുന്നേറ്റൊ…? “” ഇരു പിരികവും പൊക്കി അവൾ ചോദിച്ചു.

“” പോടീ… ഞാൻ ഡീസെന്റ് ആയി…. “”

“” മ്മ് ഉവാ… “” അവൾ അർത്ഥം വെച്ചൊന്നു തലയാട്ടി.

“‘വേണെങ്കിൽ വിശ്വസിക്ക്… നീ ഇത് പറ… അതാരാ.. അവളെന്താ ഇവിടെ…””

“”മ്മ്…അത് നിർമലേച്ചിടെ ചേച്ചിടെ മോളാ…പേര് ഭവിത… പഠിക്കാ..ഡിഗ്രി തേർഡ് ഇയർ…. “”

ഗൗരി പാത്രം കഴുകികൊണ്ട് പറഞ്ഞു.

“” ഹ്മ്മ്… “”

അവനൊന്നു മൂളിക്കൊണ്ട് കയ്യിലെ കുമ്പിളപ്പം ഒരു കഷ്ണം എടുത്ത് വായിലേക്കിട്ടു ചവച്ചു. പിന്നെ എന്തോ ആലോചിച്ചു അവളെ നോക്കി ഒന്നു ചിരിച്ചു കൊണ്ട് പുറത്തേക്കു കടന്നു.

❤❤❤❤❤❤

“” ഗൗരി…”” തന്റെ നെഞ്ചിൽ തലവെച്ചു കിടക്കുന്നവളെ നോക്കി രുദ്രൻ വിളിച്ചു..

“”മ്മ്..എന്താ രുദ്രേട്ടാ…””

അവൾ കണ്ണുകളുയർത്തി അവനെ നോക്കി.

“” ഞാൻ നിന്നെ കെട്ടിയില്ല്യായിരുന്നെങ്കി… നീ എന്തു ചെയ്തേനെടി… “”

പെട്ടെന്നുള്ള ചോദ്യത്തിൽ നെറ്റി ഒന്നു ചുളിഞ്ഞെങ്കിലും പെണ്ണിൽ ആ സമയം കുറുമ്പ് നിറഞ്ഞിരുന്നു.

“” ഞാൻ ആപ്പോ ആ നിവിയേട്ടനെയും കെട്ടി സുഖായി അങ്ങ് ജീവിച്ചേനെ… ഹാ… എന്തു ചെയ്യാൻ… യോഗല്യണ്ടായി പോയി… “” ഊറി വന്ന ചിരി പെണ്ണ് ചുണ്ട് കൂട്ടി പിടിച്ച് അടക്കി നിർത്തി.

“” മ്മ്.. നിവിക്കും നിന്നെ നല്ല ഇഷ്ടം ആയിരുന്നൂടി..ചെറിയൊരു നഷ്ടബോധം ഉണ്ടവന്…. “”

അവന്റെ മറുപടിയിൽ അവളിലെ ചിരിക്ക് മങ്ങലേറ്റിരുന്നു.

“” എന്നാ ഞാനൊരു കാര്യം ചെയ്യാം നിങ്ങളെയും ഡിവോഴ്സ് ചെയ്ത് അയ്യാളെ പോയി കെട്ടാം…

എന്താ മതിയോ…. ഹും… “”

പെണ്ണ് ദേഷ്യത്താൽ അവനിൽ നിന്നും തിരിഞ്ഞു കിടന്നു.

അത് കണ്ട് രുദ്രേട്ടനിൽ ഒരു ചിരി വിരിഞ്ഞു.

“” ഗൗരിയെ… പിണങ്ങിയോടി…. “” അവളെ വട്ടം പിടിച്ചു ചേർന്ന് കിടന്നു കൊണ്ട് ചോദിച്ചു.

” ഡീ… “” പെണ്ണൊന്നും മിണ്ടാത്തത് കണ്ട് വീണ്ടും വിളിച്ചു.

“” ഞാൻ വെറുതെ പറഞ്ഞതല്ലേ പെണ്ണെ… നിനക്കെന്നെ മറന്നു ഒരു ജീവിതം ഇല്ല്യാന്ന് എനിക്കറിഞുടെ…. “” അവൻ പെണ്ണിനെ ഒന്നു കൂടി ചേർത്തു പിടിച്ചു.അവളുടെ ചെവിയിലായി ചുണ്ടുചേർത്തു.

പെണ്ണിൽ ഒരു പുഞ്ചിരി തെളിഞ്ഞു.

തിരിഞ്ഞ് അവന്റെ നെഞ്ചിലേക്കു കയറി കിടന്നു.

“” നിവിയേട്ടന് എന്നോടൊരു ഇഷ്ടം ഉള്ള കാര്യം നിക്കറിയില്യർന്നു… അറിഞ്ഞെങ്കി മുൻപേ പറഞ്ഞു ഞാൻ തിരുത്തിയേനെ… ഹാ… പോട്ടെ…നിവിയേട്ടനായി ഒരാള് എവിടെയെങ്കിലും കാത്തിരിപ്പുണ്ടാവും… “”

അവളൊരു പ്രതീക്ഷയോടെ പറഞ്ഞു.

രുദ്രേട്ടനും അത് ശെരി വെച്ചു.

തുടരും….

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Vava…