എന്റെ സ്വപ്നങ്ങൾക്ക് വിലങ്ങു തടിയാകാൻ കടന്നുവന്ന അവളോടെനിക്ക് ദേഷ്യം തോന്നി….

രചന : Saran Prakash

”ഒരു ദിവസത്തെ സന്തോഷത്തിനുവേണ്ടിയാണെങ്കിൽ നിങ്ങൾക്ക് മദ്യപിക്കാം… ഒരു വർഷത്തെ സന്തോഷത്തിനുവേണ്ടിയാണെങ്കിൽ നിങ്ങൾക്ക് വിവാഹിതനാകാം… ഒരായുസ്സ് മുഴുവൻ സന്തോഷിക്കണമെങ്കിൽ നിങ്ങളൊരു യാത്രികനാകണം…”

മുറിയിലെ ചുമരിൽ മനോഹരമായ കൈപ്പടയിലെഴുതിവെച്ചതു വായിച്ചുകൊണ്ടായിരുന്നു അമ്മ അകത്തേക്ക് കടന്നുവന്നത്….

ആ വരവിന്റെ ഉദ്ദേശം നന്നേ ബോധമുള്ളതുകൊണ്ടാകാം, ഞാനതിൽ ശ്രദ്ധ ചെലുത്താതെ ലാപ്‌ടോപ്പിൽ തന്നെ നോക്കിയിരുന്നു….

”ഇനിയെങ്ങോട്ടാണ് യാത്ര??”

കട്ടിലിൽ എനിക്കൊപ്പമിരുന്നുകൊണ്ടു അമ്മയും ലാപ്ടോപ്പിലേക്കെത്തിനോക്കി…..

”ഹിമാലയം”??

സ്‌ക്രീനിൽ കണ്ട ചിത്രങ്ങൾ തിരിച്ചറിഞ്ഞു ആശ്ചര്യത്തോടെ എന്നെ നോക്കി അമ്മ ചോദിക്കുമ്പോൾ അതെ എന്നുള്ള അർത്ഥത്തിൽ ഞാൻ തലയാട്ടി….

”അതൊരുപാട് ദൂരെയല്ലേ…”??

ആശ്ചര്യം വിട്ടുമാറാതെയുള്ള അമ്മയുടെ മുഖഭാവത്തിൽ എന്നിലൊരു ചിരി വിടർന്നു….

ഏതൊരു യാത്രികന്റെയും സ്വപ്നത്തിൽ ഒരിക്കലെങ്കിലും ഹിമാലയം ഒരു ലക്ഷ്യമായിരിക്കും….

ചിലരത് നേടിയെടുക്കുന്നു… മറ്റുചിലർ അതൊരു സ്വപ്നമായിത്തന്നെ കൊണ്ട് നടക്കുന്നു….

ഈ അവധിക്കാലം എനിക്കെന്റെ ഈ സ്വപ്നസാക്ഷാത്ക്കാരത്തിനുള്ളതാണ്….

മുറിയിലെ ചുമരുകളിലേക്ക് ഞാൻ കണ്ണോടിക്കുമ്പോൾ, അമ്മയും പിന്തിരിഞ്ഞു ചുമരിലേക്ക് നോക്കി….

ലക്ഷ്യത്തിലേക്കുള്ള എന്റെ യാത്രയുടെ പാതയും,

സമയവും, കൃത്യമായി ആസൂത്രണം ചെയ്തുവെച്ചിരിക്കുന്ന ചുമരിലെ ഭൂപടത്തിലേക്കും,

എന്റെ മുഖത്തേക്കും അമ്മ മാറി മാറി നോക്കി….

ആ കണ്ണുകളിൽ ഒരസഹിഷ്ണുത ഞാൻ കാണുന്നുണ്ടായിരുന്നു….

ഓരോ അവധിക്കാലവും യാത്രകളെന്ന സ്വപ്നവുമായി ഞാൻ വരുമ്പോൾ അമ്മയുടെ ഉള്ളിൽ ഒരാഗ്രഹം മാത്രമേയുണ്ടായിരുന്നുള്ളൂ…. എന്റെ വിവാഹം….

കള്ളക്കണ്ണീരൊഴുക്കിയും, കള്ളത്തരങ്ങൾ കാണിച്ചും, പലപ്പോഴായി അതിനു ശ്രമിച്ചെങ്കിലും പിടിനൽകാതെ ഞാനതിൽ നിന്നുമെല്ലാം വഴുതിമാറുമായിരുന്നു…

കാരണം, എന്റെ പ്രണയിനി മുറ്റത്തിരിക്കുന്ന ബുള്ളറ്റും, പ്രണയം, അവളുടെ പുറത്തേറിയുള്ള യാത്രകളുമായിരുന്നു….

ചുമരിൽ കോറിയിട്ട വാക്കുകൾ പോലെ അതിനോളം ആനന്ദം നൽകുന്ന മറ്റൊന്നുമില്ല…

ഒരുപക്ഷേ അത് തിരിച്ചറിഞ്ഞതുകൊണ്ടാകാം പിന്നീട് അമ്മ എന്നെ വിവാഹത്തിനായി നിർബന്ധിച്ചതേയില്ല…

അതുകൊണ്ടു തന്നെ ഒന്നും മിണ്ടാതെ അന്നും മുറിയിൽ നിന്നു മടങ്ങുമ്പോഴും അമ്മയുടെ കണ്ണുകളിൽ കണ്ടിരുന്ന നീരസത്തിലും, അമ്മയുടെ സ്വപ്‌നങ്ങൾ എനിക്കു മുൻപിൽ അടിയറവു പറയുകയാണെന്ന് തോന്നി….

പക്ഷേ,,

ഓർമ്മകളിൽ നിന്നും തലയുയർത്തി ഞാൻ എനിക്കരികിലിരിക്കുന്ന പെൺകുട്ടിയുടെ മുഖത്തേക്ക് നോക്കി…

ഹിമാലയ യാത്രയെന്ന എന്റെ വലിയ സ്വപ്നത്തിലേക്കായ് ഞാനന്ന് ചുവടുവെക്കുമ്പോൾ, മുറിയിലേക്ക് എത്തിയ അമ്മയും മുറിക്കു പുറത്തു നിന്നിരുന്ന അച്ഛനും കൃത്യമായി ആസൂത്രണം ചെയ്യുകയായിരുന്നു എന്റെ വിവാഹമെന്നറിയാൻ ഞാൻ ഒരുപാടു വൈകിപ്പോയി….

പെണ്ണുകാണൽ ചടങ്ങിൽ പെൺകുട്ടിയോട് രഹസ്യമായി ഇഷ്ടമായില്ലെന്നു മുഖത്തുനോക്കി പറഞ്ഞപ്പോൾ പതിവുരീതിയിൽ മറ്റാരും ഒന്നുമറിയാതൊരു വഴുതിപോക്കായിരുന്നു ഞാൻ ഉദ്ദേശിച്ചതെങ്കിലും,, അച്ഛന്റെ ഉറ്റമിത്രത്തിന്റെ മകളും, അച്ഛന് നേരിട്ടറിയാവുന്ന കുട്ടിയുമായതുകൊണ്ട് എനിക്കു മുൻപേ അച്ഛൻ ചരടുവലികൾ നടത്തിയിരുന്നു…. വിവാഹ ഒരുക്കങ്ങളിൽ പോലും….

”മുഹൂർത്തമായി… കെട്ടിമേളം കെട്ടിമേളം….”

താലിച്ചരട് എനിക്ക് നേരെ നീട്ടികൊണ്ടു പൂജാരി പറയുമ്പോൾ ഉയർന്നു കേട്ട കെട്ടിമേളത്തെക്കാൾ മുഴക്കമുണ്ടായിരുന്നു താളം തെറ്റിയ എന്റെ ഹൃദയമിടിപ്പിന്….

സ്വപ്നസാക്ഷാത്ക്കാരത്തിനായി ഞാൻ കുറിച്ചുവെച്ച അതെ ദിവസത്തിൽ,, പ്രണയവും തേടി എന്റെ പ്രണയിനിയുടെ കൈകളിൽ ചേർത്തുപിടിക്കേണ്ട അതെ മുഹൂർത്തത്തിൽ എന്റെ കൈകൾ ഉയരുന്നത്, മറ്റേതോ ലോകത്തേക്ക്….

കണ്ണുകൾ നിറയുന്നുണ്ടോ??? ഉണ്ടായിരിക്കാം…

യാത്രയെ പ്രണയിക്കുന്നവന്റെ കണ്ണുകൾ ആ നിമിഷം നിറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളു…

ചടങ്ങുകളെല്ലാം കഴിഞ്ഞു മുറിയിലേക്ക് കയറുമ്പോൾ ചുമരിൽ നോക്കി മിഴിച്ചിരിക്കുന്ന അവളെയാണ് ഞാൻ കണ്ടത്….

ഇഷ്ടമില്ലെന്നു പറഞ്ഞിട്ടും, എന്റെ സ്വപ്നങ്ങൾക്ക് വിലങ്ങു തടിയാകാൻ കടന്നുവന്ന അവളോടെനിക്ക് എന്തെന്നില്ലാത്ത അരിശം തോന്നി….

പക്ഷേ അച്ഛനും അമ്മയും നടത്തിയ ഈ നാടകത്തിലെ ഒന്നുമറിയാത്ത വെറുമൊരു കഥാപാത്രമാണവളെന്ന ചിന്തയിൽ ആ അരിശം താനേ അലിഞ്ഞില്ലാതായി…

ഒപ്പം ന*ഷ്ടപെട്ട ആ സ്വപ്നം നേടിയെടുക്കണമെന്ന വാശി എന്റെയുള്ളിൽ ആർത്തിരമ്പി….

സമയമല്പം വൈകി എന്നതൊഴിച്ചാൽ ബാക്കിയുള്ള എന്റെ പദ്ധതികളെല്ലാം കൃത്യമാണെന്ന ചിന്തയിൽ,

കൂടെ ജീവിക്കാനെത്തിയ അവളെയും,, ആദ്യരാത്രിയെന്ന ചടങ്ങിനെയും വില വെക്കാതെ ഞാനെന്റെ സ്വപ്നത്തിലേക്കുള്ള യാത്രക്കൊരുങ്ങി….

പെട്ടിയും ബാഗുമെല്ലാം ഒതുക്കി വെക്കുമ്പോൾ അവളെന്നെ മിഴിച്ചുനോക്കി കട്ടിലിനരികിൽ നിൽപ്പുണ്ടായിരുന്നു….

”ഇതെന്റെ സ്വപ്നമാണ്… ഒരുപാടുകാലമായെന്റെ ഉള്ളിൽ കൊണ്ടുനടക്കുന്ന ഒരു വലിയ സ്വപ്നം…

അതുകൊണ്ടെനിക്ക്…”

ഏതൊരു പെണ്ണിനും അംഗീകരിക്കാനാകാത്ത നിമിഷങ്ങളാണ് അതെന്നു തോന്നിയതുകൊണ്ടാകാം,

വാക്കുകൾ മുഴുവനാക്കാൻ കഴിയാതെ ഞാൻ അവൾക്ക് മുൻപിൽ തലതാഴ്ത്തി…

മറുപടിയായി ഒരു മൂളൽ നൽകി അവൾ തുറന്നു കിടന്നിരുന്ന ജനലഴികളിലൂടെ പുറത്തേക്ക് നോക്കി…

ഒരുപക്ഷേ കണ്ണിൽ പൊടിഞ്ഞ കണ്ണുനീർ തുള്ളികളെ എന്നിൽ നിന്നും മറക്കാനാകണം….

ഒന്നും മിണ്ടാതെ തല താഴ്ത്തി ഞാൻ കുളിമുറിയിലേക്ക് നടന്നകന്നു…

കുളിച്ചൊരുങ്ങി തലയും തോർത്തി പുറത്തേക്കിറങ്ങവേ ആ കാഴ്ച കണ്ടു ഞാനൊന്നു നടുങ്ങി….

തുണികളൊതുക്കി വെച്ചിരുന്ന പെട്ടിയും ബാഗും നിലത്തു കിടക്കുന്നുണ്ട്…. പകരം ഇരു വശത്തേക്കായി തൂങ്ങിക്കിടക്കുന്ന തുണി സഞ്ചിയിൽ ആ വസ്ത്രങ്ങൾ അടുക്കി വെച്ചിരിക്കുന്നു….

”ബുള്ളറ്റ് യാത്രക്ക് നല്ലതു ഇത്തരം ബാഗുകളാണ്…. പുറകിലെ കാരിയറിൽ ഒതുക്കിവെക്കാം….”

എന്റെ മുഖത്തെ ആശ്ചര്യം കണ്ടിട്ടാകണം ചുമരരികിൽ നിന്നും അവൾ എന്നെ നോക്കി പറയുമ്പോൾ തലയുയർത്തി അവളെ നോക്കിയ എന്റെ കണ്ണുകൾ സഞ്ചരിച്ചത് അവൾക്ക് പുറകിലെക്കായിരുന്നു….

അവിടെ ചുമരിൽ ഞാൻ തയ്യാറാക്കി വെച്ചിരുന്ന പദ്ധതിയിൽ അവൾ മാറ്റം വരുത്തിയിരിക്കുന്നു….

അവൾ കോറിയിട്ട പുതിയ വഴികളും, സമയവുമെല്ലാം എന്റെ ആസൂത്രണത്തിൽ നിന്നും ഏറെ മുന്നിട്ടു നിൽക്കുന്നു….

അമ്പരപ്പോടെ അതിലേക്കും നോക്കി നിൽക്കുമ്പോൾ അവളെന്റെ അരികിലെത്തി മടക്കിപിടിച്ചിരുന്ന വലംകൈ തുറന്നുകൊണ്ടു എനിക്ക് നേരെ നീട്ടി…

‘ഒരു വടക്കു നോക്കി യന്ത്രം….’

”പോകുന്ന വഴികളിൽ ചിലപ്പോൾ നെറ്റ്‌വർക്ക് ഉണ്ടാകണമെന്നില്ല…. അത്തരം സ്ഥലങ്ങളിൽ ദിശയറിയാൻ ഉപയോഗിക്കാം…”

അവളുടെ ആ വാക്കുകൾ എന്നിലെ അമ്പരപ്പിന്റെ വ്യാപ്തി കൂട്ടുകയായിരുന്നു…. ഒരു യാത്രികനായ ഞാൻ പോലും ചിന്തിക്കാത്ത കാര്യങ്ങളാണ് അവളിൽ നിന്നും ഞാൻ അറിയുന്നത്….

”ഇതൊക്കെ തനിക്കെങ്ങനെ??”

ആകാംക്ഷ നിറഞ്ഞ എന്റെ സ്വരം കേട്ടിട്ടാകണം അവളൊന്നു പുഞ്ചിരിച്ചു….

”ആണുങ്ങൾക്ക് മാത്രമല്ലല്ലോ.. ഞങ്ങൾ സ്ത്രീകൾക്കുമുണ്ട് യാത്രകളെ സ്വപ്നം കാണുന്നൊരു മനസ്സ്…. പക്ഷേ…”

വാക്കുകൾ മുഴുവനാക്കാതെ അവളെന്റെ കണ്ണുകളിലേക്ക് നോക്കി… ആ കണ്ണുകളിൽ ഞാൻ കാണുന്നുണ്ടായിരുന്നു…. സ്വപ്നങ്ങളുള്ളിതൊക്കി ജീവിക്കുന്ന ഒരു പെൺസമൂഹത്തെ….

ബാഗുമെടുത്തു മുറിവിട്ടറങ്ങവേ ഒരിക്കൽക്കൂടി ഞാനവളെ പിന്തിരിഞ്ഞു നോക്കി… ഒപ്പം പുറകിലെ ചുമരിൽ ഞാൻ കോറിയിട്ട വരികളിലേക്കും….

പതിയെ ആ ചുമരിനടുത്തേക്ക് നടന്നു നീങ്ങി ആ വരികളെ ഞാനൊന്നു തിരുത്തിക്കുറിച്ചു…

‘ഒരായുസ്സ് മുഴുവൻ സന്തോഷിക്കണമെങ്കിൽ യാത്രകളെ സ്നേഹിക്കുന്നൊരു ജീവിതപങ്കാളിക്കൊപ്പം ദൂരങ്ങൾ താണ്ടണം….’

തിരുത്തിക്കുറിച്ച ആ വരികൾ കണ്ടിട്ടാകണം, ആനന്ദക്കണ്ണീർ പൊഴിച്ചുകൊണ്ട്, കുപ്പിവള ചില്ലുകൾ പൊട്ടിച്ചിതറുംപോലെ അവൾ ചിരിച്ചു…

കൈപ്പിടിച്ചവൾക്കൊപ്പം ആ സ്വപ്നയാത്രയിലേക്കിറങ്ങവേ, കണ്ടു നിന്നിരുന്ന അച്ഛനും അമ്മയും ഒരു ചെറുചിരിയോടെ പറയുന്നുണ്ടായിരുന്നു…..

‘ചങ്കരനൊത്ത ചക്കി’ തന്നെയെന്ന്…

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Saran Prakash

Scroll to Top