ഞങ്ങളുടെ ചെറിയ ചെറിയ വിജയങ്ങളിൽ അപ്പന് ഭയങ്കര അഭിമാനം ആയിരുന്നു,

രചന : Piouz Vazhakkan

എന്റെ അപ്പൻ ഒരു പോസ്റ്മാൻ ആയിരുന്നു..

പോസ്റ്മാൻ ന്റെ ജോലി മാത്രമല്ല അപ്പൻ ചെയ്തിട്ടുള്ളത്,

18 വയസിൽ ഞങ്ങടെ അങ്ങാടിയിൽ വന്ന ഒരു മീൻകാരൻ ചേട്ടനെ, എല്ലാവരും ഓടിപ്പിച്ചിട്ടും, ഒറ്റയ്ക്ക് അവരെ എതിർത്തു കൂടെ നിർത്തി മീൻ വിറ്റിട്ടുണ്ട് എന്റെ അപ്പൻ, ഇപ്പോഴും 60 വയസിലും ആ ചേട്ടൻ ഞങ്ങടെ നാട്ടിൽ മീൻ വിൽക്കുന്നത് എന്റെ അപ്പന്റെ പേരിലാണ്,

ടോർച്ചു മുതൽ തീവണ്ടി വരെ ചിലപ്പോൾ എന്റെ അപ്പൻ നന്നാക്കും,

ആഴമുള്ള കിണറ്റിൽ ഇറങ്ങി വലിയ പാമ്പിനെ പിടിക്കും,

രാത്രിയും, രാവിലെയും അങ്ങാടിയിലെ പോസ്റ്റിലെ ഫൂസ് കുത്തി ലൈറ്റ് ഇടാനും, ഓഫ് ചെയ്യാനും എന്റെ അപ്പനെ ഉണ്ടായിരുന്നുള്ളു, അപ്പനുള്ളപ്പോൾ ഒരു രാത്രിയിൽ പോലും അങ്ങാടിയിൽ ലൈറ്റ് തെളിയാതെ ഇരുന്നിട്ടില്ല..

ഞങ്ങളുടെ ചെറിയ ചെറിയ വിജയങ്ങളിൽ അപ്പന് ഭയങ്കര അഭിമാനം ആയിരുന്നു,

സമൂഹ ഗാനം പാടി ഒന്നും കിട്ടിയില്ലെങ്കിൽ പോലും

“എന്റെ മക്കൾ നന്നായി പാടി, അവർക്കു പക്ഷെ സമ്മാനം കൊടുത്തില്ല എന്നും പറഞ്ഞു അഭിമാനം പൂണ്ടു നടന്നവൻ ആണ് അപ്പൻ

മിണ്ടുന്നതിനും പറയുന്നതിനും ഞങ്ങളെ പൊക്കി പറയുന്നത് കേട്ടിട്ട് നാണക്കേട് കൊണ്ട് അപ്പനോട് ഒരുപാട് വഴക്കു ഇട്ടിട്ടുണ്ട്..

അപ്പന്റെ സന്തോഷങ്ങൾ കണ്ടില്ലെന്നു നടിച്ചിട്ടുണ്ട്..

കേടാകുന്ന വാച്, കുട, ടോർച്, റേഡിയോ,

ഇവയെല്ലാം നന്നാക്കാൻ അറിയാമെങ്കിലും ഫോൺ അപ്പനൊരു കീറാമുട്ടിയായിരുന്നു..

പണ്ടൊക്കെ നാട്ടിൽ സൈക്കിൾ ചവിട്ട് കാർ ഉണ്ടായിരുന്നു,,കുറെ ടൂബ് ലൈറ്റുകൾ റോഡിൽ വച്ചു ഷർട്ട് ഇടാതെ അതിൽ കിടന്ന് കൊണ്ട് വലിയ കല്ലെടുത്തു നെഞ്ചിൽ വച്ചു ടൂബ് ലൈറ്റ് കൾ പൊട്ടിക്കും

പിന്നെ ഒരു റിം ഒന്നുമില്ലാത്ത സൈക്കിൾ ൽ തകര പാട്ടാ വലിച്ചു കെട്ടി സൈക്കിളിൽ തല കുത്തി മറിയുന്ന ഒരു അഭ്യാസം,

അങ്ങനെ ഒരു ദിവസം ഒരു സൈക്കിൾ ചവിട്ടുകാരൻ വന്നു, അയാൾ അഭ്യാസം കാണിക്കുന്നതിനിടയിൽ സൈക്കിൾ ൽ നിന്നും വീണു

അയാൾക്കു അപകടം പറ്റി, അത് കണ്ടു നിന്നിരുന്ന അപ്പൻ അയാളെയും കൊണ്ട് ആശുപത്രിയിൽ പോയി, തങ്ക സാമി എന്നായിരുന്നു അയാളുടെ പേര്, ഒരു തമിഴൻ, ആശുപത്രിയിൽ നിന്നും അപ്പൻ വീട്ടിലേയ്ക്ക് ഓടി വന്നു,

പോസ്റ്റാഫീസിൽ കൊടുക്കാൻ ഒരു ലീവ് ആപ്ലിക്കേഷൻ തന്നു, തങ്ക സാമിയെയും കൊണ്ട് അയാളുടെ നാട്ടിലേയ്ക്ക് പോകുകയാണെന്ന് പറഞ്ഞു,

അങ്ങനെ അപ്പൻ പോയി..

ദിവസങ്ങൾ കഴിഞ്ഞു, അപ്പൻ വന്നില്ല, ഏതാണ്ട് ഒരു മാസത്തിനു ശേഷം ആണ് അപ്പൻ വന്നത്,

ഇത്രയും നാൾ വൈകിയതിന്റെ കാര്യം ചോദിച്ചപ്പോൾ അപ്പൻ പറഞ്ഞത് “തങ്കസാമിയ്ക്ക് രണ്ട് കുഞ്ഞ് മക്കൾ ആണ്, അയാളുടെ കാല് മുറിച്ചു കളയേണ്ടി വന്നു, കുറച്ച് നാൾ അവിടെ നിന്നു,

അയാളുടെ സൈക്കിളിൽ എനിക്കറിയാവുന്ന അഭ്യാസം ഞാൻ കാണിച്ചു, കിട്ടിയ കാശ് അവർക്കു കൊടുത്തു, എന്നിട്ടാണ് ഇങ്ങോട്ട് വന്നത് എന്ന്,

ആന്റണി ഒലിവർ ട്വിസ്റ്റ് വിശ്വസിക്കാതെ ഇരുന്നത് പോലെ ഞങ്ങളും വിശ്വസിച്ചില്ല, പക്ഷെ കുറെ വർഷങ്ങൾക്കു ശേഷം ഒരു മുചക്ര വണ്ടിയിൽ അപ്പനെ കാണാൻ തങ്കസാമി വന്നു..

അപ്പൻ അയാളെ സഹായിച്ച കഥ പറഞ്ഞു,

അപ്പോൾ അപ്പൻ ഞങ്ങളെ ഒന്ന് നോക്കി

അതിൽ എല്ലാമുണ്ടായിരുന്നു…

വർഷങ്ങൾക്കു ശേഷം ഫോൺ കൾ വന്നു തുടങ്ങിയ സമയം, ചേച്ചിടെ ചേട്ടൻ ഫോൺ കൊണ്ട് വന്നു,

ഗൾഫിന്ന് നോക്കിയ, എനിക്കും ചേച്ചിക്കും ഫോൺ..

അത് കണ്ടപ്പോൾ അപ്പനും വേണം..

അങ്ങനെ അപ്പൻ വാശിയായി

ആ വാശിയിൽ അപ്പനും കിട്ടി ഒരു ഫോൺ

അത് ചേച്ചി കൊണ്ട് കൊടുത്തതാണ്,

നോക്കിയയുടെ ഒരു സാദാ കീപാഡ് ഫോൺ..

(ഇപ്പോഴും ഉണ്ട് )

പക്ഷെ ഫോൺ എങ്ങനെ ഉപയോഗിക്കണം എന്ന് അപ്പന് അറിയില്ലായിരുന്നു,

നമ്പറുകൾ എല്ലാം അപ്പൻ എഴുതി വയ്ക്കും,

(ഇപ്പോഴും ഉണ്ട് ആ ഡയറി )

ഇങ്ങോട്ട് വരുന്ന കാൾ എടുക്കേണ്ട ബട്ടൺ വരെ അപ്പന് തെറ്റിയിട്ടുണ്ട്..

ഒരുപാട് അബദ്ധങ്ങൾ വെറുമൊരു കീപാഡ് ഫോണിൽ വരെ അപ്പന് പറ്റിയിട്ടുണ്ട്..

ഒരു ഫോൺ ന്റെ പേരിൽ ഞങ്ങളുണ്ടാക്കിയ പുകിലുകൾ അത്രയും വലുതായിരുന്നു..

മക്കളെ സ്നേഹിച്ചു,

മക്കൾ തിരിച്ചു സ്നേഹിക്കുന്നില്ല എന്നൊരു തോന്നൽ അപ്പനിലും ഉണ്ടായിട്ടുണ്ടാവും ഉറപ്പ്..

മക്കളുടെ വിജയങ്ങൾ അപ്പന്മാർ ആഘോഷിക്കുന്നത് മറ്റുള്ളവരോട് പറഞ്ഞിട്ടാണ്, അവരുടെ ഉള്ളിലെ സന്തോഷം ആണ് അവർ പ്രകടിപ്പിക്കുന്നത്,

തങ്ങളുടെ മക്കൾ തങ്ങളോട് കാണിക്കാത്ത സ്നേഹം മറ്റുള്ളവരോട് കാണിക്കുമ്പോൾ, ആ മറ്റുള്ളവരെ പോലെയാകാൻ ആഗ്രഹിക്കുകയാണ് ഓരോ മാതാപിതാക്കളും…

HOME

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Piouz Vazhakkan