സഖിയെ, തുടർക്കഥ, ഭാഗം 36 വായിച്ചു നോക്കൂ…

രചന : Vava…..

വൈകുന്നേരം ബസ്സിൽ വന്നിറങ്ങി കുട നിവർത്തികൊണ്ട് ഗീതു മഴയിലൂടെ നടന്നു . ഇടക്ക് വായനശാലയുടെയും ചായക്കടയുടെ മുന്നിലേക്കും ഒന്നു നോട്ടം ചെന്നിരുന്നു.

ഇപ്പോൾ എന്നും ഈ സമയം തന്നെ നോക്കി കൊണ്ട് രണ്ട് കണ്ണുകളവിടെ ഉണ്ടാവാറുണ്ട്.

ഇടക്ക് ആ ചുണ്ടിൽ ഒരു ചിരി തിളങ്ങുന്നത് മിന്നായം പോലെ കാണാറുണ്ട്. എങ്കിലും തിരിച്ചൊരു പുഞ്ചിരി താൻ നൽകാറില്യായിരുന്നു.

ആ നോട്ടം കാണുമ്പോഴേ അതിന്റെ അർഥങ്ങൾ ചിന്തിച്ചു മനക്കോട്ട കെട്ടാതെ സ്വയം ഒഴിഞ്ഞു മാറുകയാണ്.

വെറുതെയെങ്കിലും മനസ്സിൽ ഒരു പ്രതീക്ഷ മുള പൊട്ടിയാൽ നാളെ അതൊരു വൻമരമായി മാറിയേക്കാം.

അവസാനം ആഴ്ന്നിറങ്ങിയ അതിന്റെ വേരുകൾ ഹൃദയത്തെ ചുറ്റിവരിയും… ശ്വാസം മുട്ടിക്കും….

ഇന്നനുഭവിക്കുന്ന വേദന വീണ്ടും വർധിക്കും…

വേണ്ടാ…. ഒന്നും വേണ്ടാ…..

“” ഗീതു…. നിൽക്ക്….. “”

ഓരോ ആലോചനയോടെ നടന്നു പോകുമ്പോഴാണ് പിന്നിൽ നിന്നും വിളി കേട്ടത്.

സംശയത്തോടെ തിരിഞ്ഞു നോക്കിയപ്പോൾ മാഷാണ്.

വെള്ള മുണ്ട് മടക്കി കുത്തി ഒരു കൈ തലയിലും വെച്ച് മഴയിലൂടെ ഓടി വന്ന മാഷ് നേരെ കുടയിലേക്ക് കയറിയതും ഗീതു ഒരു ഞെട്ടലോടെ അവനെ നോക്കി.

ദേഹമാകെ നനഞ്ഞാണ് നിൽപ്പ്.മുന്നിലേക്ക് നീണ്ടു കിടക്കുന്ന അവന്റെ നീണ്ട മുടിയിഴകളിൽ നിന്നും ഇറ്റിറ്റു വീഴുന്ന വെള്ളത്തുള്ളികൾ അവൾ കൗതുകത്തോടെ നോക്കി നിന്നു.

“” മ്മ്… “” തന്നെ ഉറ്റുനോക്കി നിൽക്കുന്ന ഗീതുവിന്റെ നേരെ ഒറ്റപുരികം പൊക്കി ചോദിച്ചതും

“” മ്മ്ച്ചും… “” പെണ്ണ് ഒന്നുമില്ലയെന്ന അർത്ഥത്തിൽ ചുമൽ കൂച്ചി കാണിച്ചുകൊണ്ട് അവനിൽ നിന്നും നോട്ടം മാറ്റി.

“” എന്നാ പിന്നെ വാ… പോവാം… “” ഗീതുവിന്റെ കയ്യിൽ നിന്നും കുടയും വാങ്ങി അവൻ നടക്കാനാഞ്ഞു.

“” യ്യോ… ഞാനും..””

കുടമാറിയപ്പോൾ തലയിൽ വെള്ളം വീണപ്പോൾ അവളും അവനൊപ്പം കുടയിലേക്ക് ചേർന്ന് നിന്നു.

രണ്ടാളുടെയും ഇടയിലെ നിശബ്ദതക്കു ഭംഗം വരുത്തി മഴപെയ്യുന്ന ശബ്‌ദം മാത്രം കേൾക്കാം.

എളുപ്പത്തിൽ എത്തുന്നതിനു വേണ്ടി രണ്ട് പാടത്തിന്റെ നടുക്കുള്ള വഴിയിലൂടെ ആണ് എന്നും പോകാറും വരാറും ഉള്ളത്.

ഇന്നാണെങ്കിൽ മഴ പെയ്തു ചെളികൂടി വഴി ആകെ മോശമായിരുന്നു.

“” ഏയ്യ്… സൂക്ഷിച്… “”

ചെളിയിൽ കാലിടറി വീഴാനാഞ്ഞ പെണ്ണിന്റെ ഇടുപ്പിലാണ് പെട്ടെന്ന് പിടി കിട്ടിയത്. പെണ്ണിനെ വീഴാതെ ചേർത്തു നിർത്തിയതും ഗീതു ഒരു കൈകൊണ്ടവനെ വട്ടം ചുറ്റിപിടിച്ചുകൊണ്ട് മറുകൈ അവന്റെ ഷർട്ടിൽ കോർത്തു പിടിച്ചു.

അരയിൽ അവന്റെ കൈ മുറുകുന്നതറിഞ്ഞതും തന്നെ അന്താളിച്ചു നോക്കുന്ന പെണ്ണിന്റെ നോട്ടത്തെ വകവെക്കാതെ അവളെ പൊക്കിയെടുത്തു അടുത്ത് കണ്ട വൈക്കോൽ മാടത്തിലെക്ക് കയറി.

“” ഇപ്പൊ ഇവിടെ നിക്കാം.. മഴയൊന്നു കുറഞ്ഞിട്ടു പോകാൻ… ഇല്ല്യേങ്കി ചിലപ്പോ ചെളിയിൽ കിടക്കും…. “”

ചന്ദ്രു പറഞ്ഞു.

“” മ്മ്മ്.. “” അവളൊന്നു മൂളി.

“” ഇങ്ങനെ മുക്കാതേയും മൂളാതെയും നിനക്കൊന്നു വാ തുറന്നു മിണ്ടിക്കൂടെ ഗീതു…

എന്നോട് സംസാരിച്ചു എന്ന് കരുതി ഞാൻ നിന്നെ പിടിച്ചു തിന്നത്തോന്നും ഇല്ല്യ…. “” അവൻ അൽപ്പം ദേഷ്യത്തോടെ തന്നെ പറഞ്ഞു കൊണ്ട് അവളെ നോക്കി.

എന്നിട്ടും ഗീതു ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ട് ആ ദേഷ്യം ഒന്നു കൂടി വർധിച്ചിരുന്നു.അത് കണ്ടതും ഗീതുവിനൽപ്പം പേടി തട്ടിയിരുന്നു

“” അത്…. നിക്കറിയില്ല്യ മാഷേ… മാഷിന്റെ അടുത്ത് മാത്രം…… നിക്കാവണില്ല്യ… “”

മനസ്സിലുള്ളത് തുറന്നു പറയാൻ അവൾ മടികാണിച്ചില്ല്യ.

അൽപ്പം നേരം അവൻ നിശബ്ദതമായി നിന്നു.

ദൂരേക്ക് എങ്ങോ നോക്കി അവളും.

“” നീ എന്നെ സ്നേഹിക്കുന്നുണ്ടോ? “” മൗനത്തെ ഭേതിച്ചുകൊണ്ടുള്ള മാഷ്ടെ ചോദ്യത്തിൽ പെണ്ണ് തല ചെരിച്ചു അവനെ നോക്കി.

“” സ്നേഹിക്കുന്നുണ്ടോ എന്നോ… നിങ്ങളെന്റെ ജീവനല്ലേ മാഷേ…. “” മനസ്സ് ഉറക്കെ വിളിച്ചു പറയുന്നുണ്ടെങ്കിലും ശബ്‌ദം പുറത്തേക്കു വന്നില്യ

ഗീതു വെറുതെ ഒന്നു ചിരിച്ചു.

കൈകൾ മാറിൽ പിണച്ചുകെട്ടി നിന്നുകൊണ്ട് അവൻ ആ പെണ്ണിന്റെ മുഖത്തെ ഭാവങ്ങളെ സസൂക്ഷ്മം വീക്ഷിച്ചു കൊണ്ടിരുന്നു.

ഉത്തരം ഉണ്ടായിരുന്നില്യ അവൾക്ക്…

അല്ലെങ്കിലും ഇനി എന്തിനത് വീണ്ടും ആവർത്തിക്കണം… ഒരിക്കൽ ഒരു പൊട്ടത്തരമായി കണ്ട് തള്ളിക്കളഞ്ഞതല്ലേ തന്റെ പ്രണയം… വീണ്ടും എന്തിനീ ചോദ്യം…?

മഴയിലേക്ക് നോക്കി ആലോചനയോടെ നിൽക്കുന്ന പെണ്ണിനെ തോളിൽ പിടിച്ച് മാഷ് തന്റെ നേരെ തിരിച്ചു നിർത്തി.

“” പറ ഗീതു…. ഒരിക്കൽ കൂടി നിന്റെ നാവിൽ നിന്നും എനിക്കത് കേൾക്കണം…. നീ എന്നെ പ്രണയിക്കുന്നുണ്ടോ….? “” ഇരു കൈകളും അവളുടെ തോളിൽ വെച്ചുകൊണ്ട് പെണ്ണിന്റെ കണ്ണുകളിലേക്ക് നോക്കി ചോദിക്കുമ്പോൾ ആ കണ്ണുകളിൽ നനവൂറുന്നത് കണ്ടു.

“” അതെ… ഇഷ്ടാ നിക്കെന്റെ… മാഷിനെ..””

പിടിച്ചു നിർത്താൻ ശ്രമിച്ചിട്ടും അതിരുകൾ പൊട്ടിച്ചുകൊണ്ട് കണ്ണുനീർ കവിളിലൂടെ ഒഴുകി.

തന്റെ മറുപടി കേട്ടതും ആ മുഖം വിടർന്നതും കണ്ണുകളിൽ തനിക്കു വേണ്ടി മാത്രം ഒരു കുസൃതി ചിരി തിളങ്ങിയതും അവൾ നോക്കി നിന്നു.

“” കരയാതെ കണ്ണുതുടച്ചേ… എന്നിട്ടിവിടെ ഇരിക്ക് .”

വൈക്കോൽ തട്ടിലായവൻ അവളെ പിടിച്ചിരുത്തി.

അവൾക്കടുത്തായി അവനും ഇരുന്നു.

കവിളുകൾ അമർത്തി തുടച്ചു കൊണ്ട് മഴയിലേക്ക് നോക്കിയിരിക്കുന്ന പെണ്ണിന്റെ കൈകളിൽ അവൻ കൈ ചേർത്തത്തും ഗീതു അവനെ നോക്കി.

“” ഇനി പറ… നിന്റെ പ്രണയത്തെക്കുറിച്ച്…

എനിക്ക് കേൾക്കണം… “” കോർത്തുപിടിച്ചിരിക്കുന്ന കൈയിൽ ഒന്നമർത്തി കൊണ്ട് പറഞ്ഞു.

ഗീതു മുന്നിലേക്ക് നോക്കി തന്നെ കുറച്ചു നേരം ഇരുന്നു.

“” കുട്ടിക്കാലം തൊട്ടേ മാഷിന്റെ കയ്യിൽ തൂങ്ങി നടക്കാനും.. മാഷിന്റെ അടുത്ത് കുറുമ്പ് കാട്ടനുമൊക്കെ കുഞ്ഞി ഗീതുവിന് ഒത്തിരി ഇഷ്ടയിരുന്നു….വളരുന്തോറും ആ ഇഷ്ടം കൂടീട്ടെ ഒള്ളൂ….

കൗമാരത്തിൽ എപ്പോഴോ മറ്റാരോടും തോന്നാത്ത ഒരു വികാരമാണ് എനിക്ക് മാഷിനോടെന്നു തിരിച്ചറിഞ്ഞു… ഈ കണ്ണിലെ കുസൃതിയിലും ചുണ്ടിലെ പുഞ്ചിരിയിലും എപ്പോഴൊക്കെയോ അടിമപ്പെട്ട് പോയി….

മാഷിന് വെല്യേച്ചിനെ ഇഷ്ടാണെന്നറിഞ്ഞ ആ ദിവസമായിരുന്നു മാഷെന്നിൽ എത്രത്തോളം വേരോന്നിയിട്ടുണ്ടെന്നു എനിക്ക് മനസ്സിലായത്.

പ്രായമോ… വ്യത്യാസമോ…. ഒന്നും ഈ പൊട്ടിപെണ്ണിന് ഒരു തടസ്സമായി തോന്നിയിരു ന്നില്ല്യാ….

ഒത്തിരി ഇഷ്ടാണെനിക്ക് മാഷിനെ…. അതേ അറിയാവൂ…. ഇതൊക്കെ എന്റെ വെറും പൊട്ടത്തരം ആയി തോന്നാം…

പക്ഷെ…. ഗീതുവിന്റെ ഹൃദയത്തിൽ പ്രണയത്തിന് ഒരു മുഖമേ ഒള്ളൂ…. അതവളുടെ മാഷിന്റെയാ…..

പറഞ്ഞു നിർത്തിയതും കൈകളിലെ മുറുക്കം കൂടിയതറിഞ്ഞു.

പരസ്പരം കോർത്ത കണ്ണുകൾ ഇതുവരെ അറിയാതെ പോയ കഥകൾ ചൊല്ലി. മൗനം പോലും വാചാലമായ നിമിഷങ്ങൾ.

അന്നാദ്യമായി തന്റെ മാഷിന്റെ കണ്ണുകളിൽ അവൾ കണ്ടു… തന്നോടായി പറയാതെ പറയുന്നൊരു പ്രണയം…

തുടരും…

ഇഷ്ടവുന്നില്യേ….

അഭിപ്രായം ഒരു വരിയിൽ എങ്കിലും കുറിച്ചിട്ടു പോണേ… ഈ തുടർക്കഥ ഉടനെ തീരും കേട്ടോ

കാത്തിരിക്കണേ…

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Vava….