മകളെ ഒരു കൂലിപ്പണിക്കാരന് കൊടുക്കാൻ അവർ തയ്യാറാവില്ലെന്നാണ് അവൾ പറയുന്നത്

രചന : സജി തൈപ്പറമ്പ് .

രമേശൻ എൻ്റെ ക്ളാസ്മേറ്റ് മാത്രമായിരുന്നില്ല

ഞങ്ങൾ ഉറ്റ ചങ്ങാതിമാരും ഒരേ നാട്ടുകാരുമായിരുന്നു

എൻ്റെ മാതാപിതാക്കൾ ഉദ്യോഗസ്ഥരും അവൻ്റെ അച്ഛൻ കൂലിപ്പണിക്കാരനുമായിരുന്നു

അത് കൊണ്ട് തന്നെ സ്കൂളിലവൻ ഉച്ചക്കഞ്ഞി കുടിക്കാൻ ചോറ്റ് പാത്രവും പ്ളാവിലകരണ്ടിയും കൊണ്ട് വരുമ്പോൾ ഞാൻ ലഞ്ച് ബോക്സുമായിട്ടാണ് ചെന്നിരുന്നത്, പക്ഷേ ,അവനെ കഞ്ഞി കുടിക്കാൻ സമ്മതിക്കാതെ ഞാൻ കൊണ്ട് വരുന്ന ഉച്ചഭക്ഷണം ഞങ്ങൾ വീതിച്ച് കഴിക്കുമായിരുന്നു

അന്ന് മുതലാണ് എന്ത് കിട്ടിയാലും ഞങ്ങളത് പങ്ക് വയ്ക്കുന്ന ശീലം തുടങ്ങിയത് .

സ്കൂൾ ജീവിതം കഴിഞ്ഞ് ഞാൻ കോളേജിൽ പോയി തുടങ്ങിയെങ്കിലും വീട്ടിലെ പ്രാരാബ്ദം കാരണം രമേശൻ പത്താം ക്ളാസ്സ് കൊണ്ട് പഠിപ്പ് നിർത്തി പത്രമിടാനും, അല്ലറ ചില്ലറ തൊഴിലിനുമൊക്കെ പോയി തുടങ്ങി

അപ്പോഴും ഞങ്ങളുടെ സൗഹൃദത്തിന് ഒരു കോട്ടവും സംഭവിച്ചില്ല , വൈകുന്നേരങ്ങളിലും ഒഴിവു ദിവസങ്ങളിലുമൊക്കെ ഞങ്ങൾ കണ്ട് മുട്ടി.

എനിക്ക് പോക്കറ്റ് മണി കിട്ടുന്ന പൈസയ്ക്ക് ഞങ്ങൾ സിനിമ കണ്ടു, ഹോട്ടൽ ഫുഡ് കഴിച്ചു,

പക്ഷേ എല്ലാ ദിവസവും അങ്ങനെയായിരുന്നില്ല,

അവന് കൂലി കിട്ടുന്ന ദിവസങ്ങളിൽ ചിലവ് അവൻ്റെ വകയായിരിക്കും

മാസങ്ങളും വർഷങ്ങളും കഴിഞ്ഞപ്പോൾ എനിക്ക് വിദേശത്ത് ജോലി കിട്ടി

അവനെ പിരിഞ്ഞ് പോകാൻ എനിക്ക് തീരെ താല്‌പര്യമിലായിരുന്നു

പക്ഷേ അവൻ എന്നെ നിർബന്ധിച്ച് പറഞ്ഞയക്കുകയായിരുന്നു ഞാനവിടെ ചെന്ന് സെറ്റിൽഡായാൽ അവന് കൂടി ഒരു വിസ ശരിയാക്കിയാൽ ഞങ്ങൾക്ക് വിദേശത്ത് ഒരുമിച്ച് കഴിയാമല്ലോ എന്നായിരുന്നു അവൻ എന്നോട് പറഞ്ഞത്

അങ്ങനെ ഞാൻ ഗൾഫിൽ പോയെങ്കിലും കോളിങ്ങിലൂടെയും ചാറ്റിങ്ങിലൂടെയും ഞങ്ങളുടെ ബന്ധം എപ്പോഴും ലൈവായിരുന്നു.

അപ്പോഴാണ് അവൻ ഒരു പെൺകുട്ടിയെ പരിചയപ്പെട്ടതും അവർ തമ്മിൽ ലൗവ്വായതും.

ഇതിനിടയ്ക്ക് പെട്ടെന്നുണ്ടായ അസുഖത്തിൽ അവൻ്റെ അമ്മ മരിച്ചു ,അത് പറയാൻ എന്നെ വിളിച്ച അവൻ്റെ കരച്ചില് കേട്ട് ഞാനും കരഞ്ഞ് പോയി

എനിക്ക് സഹിക്കാൻ പറ്റുന്നില്ല പ്രകാശ്.. നീയടുത്തുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച് പോകുന്ന സമയമാണിത് ,നിനക്കറിയാമല്ലോ എൻ്റെ അമ്മയായിരുന്നു എനിക്കെല്ലാം

അവൻ പറഞ്ഞത് ശരിയാണ് സ്കൂളിൽ പഠിക്കുന്ന കാലത്ത് അവൻ്റെ അമ്മയുടെ സ്നേഹം ഞാനും ഒരുപാട് തവണ അടുത്തറിഞ്ഞിട്ടുള്ളതാണ്

എത്രയോ പ്രാവശ്യം രമേശൻ്റെയൊപ്പം എനിക്കും, അവൻ്റെയമ്മ ചോറ് കുഴച്ച് വായിൽ വച്ച് തന്നിരിക്കുന്നു

മരിച്ച് പോയത് എൻ്റെയും കൂടി അമ്മയാണെന്ന് എനിക്ക് തോന്നിയത് കൊണ്ടാണ് അന്ന് രാത്രിയിലെ വിമാനത്തിൽ കമ്പനിയിൽ ലീവ് പോലും കൊടുക്കാതെ ഞാൻ നാട്ടിലേക്ക് പറന്നത്

ഞാനെത്തുമെന്നറിയാവുന്നത് കൊണ്ട് സംസ്കാര ചടങ്ങുകൾ നീട്ടി വച്ചു

എൻ്റെ സാന്നിദ്ധ്യത്തിലായിരുന്നു ചിത എരിഞ്ഞ് തുടങ്ങിയത്.

അമ്മയില്ലാത്ത ആ വീട് ശൂന്യമായത് പോലെ ഞങ്ങൾക്ക് തോന്നി

ഡാ നിനക്ക് തിരിച്ച് പോകണ്ടേ?

ചടങ്ങുകൾ കഴിഞ്ഞപ്പോൾ അവൻ എന്നോട് ചോദിച്ചു.

അതെങ്ങനാടാ, മരിച്ചത് അന്യരൊന്നുമല്ലല്ലോ എൻ്റെയും കൂടി അമ്മയല്ലേ?ഇനിയിപ്പോൾ അടിയന്തിരം കൂടി കഴിഞ്ഞിട്ടേ ഞാൻ പോകുന്നുള്ളു

അങ്ങനെ അവന് പിന്തുണയുമായി ഞാനവൻ്റെ കൂടെ തന്നെ നിന്നു

ഒരാഴ്ച കഴിഞ്ഞപ്പോൾ കമ്പനിയിൽ നിന്ന് എന്നെ ഡിസ് മിസ്സ് ചെയ്തതായി എനിക്കൊരു മെയില് വന്നു, അതറിഞ്ഞ രമേശന് ഒത്തിരി സങ്കടമായി

നിന്നോട് ഞാൻ അപ്പോഴേ തിരിച്ച് പോകാൻ പറഞ്ഞതല്ലേ? ഞാൻ കാരണം നിൻ്റെ ഭാവിയല്ലേ തുലഞ്ഞത് അമ്മ മരിച്ച കാര്യം നിന്നെ അറിയിക്കേണ്ടിയിരുന്നില്ല എന്നെനിക്കിപ്പോൾ തോന്നുവാ

കടുത്ത നിരാശയോടെ അവൻ പറഞ്ഞു

ഒന്ന് പോടാ വിദേശത്ത് മാത്രമേ എനിക്ക് ഭാവിയുള്ളോ ? ശ്രമിച്ചാൽ ഇവിടെയും എനിക്ക് ജോലി കിട്ടാൻ വലിയ പ്രയാസമൊന്നുമില്ല

ഞാനവനെ ആശ്വസിപ്പിച്ചുവെങ്കിലും നാട്ടിലെ ലക്ഷക്കണക്കിന് തൊഴിലന്വേഷകരിൽ ഒരാൾ മാത്രമാണ് ഞാനെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്

എനിക്ക് ജോലി കിട്ടാൻ താമസിക്കുന്തോറും അവൻ്റെ വിഷമം കൂടിക്കൂടി വന്നു.

എങ്കിൽ നിൻ്റെ കൂടെ നാളെ മുതൽ ഞാൻ പണിക്ക് വരാം വൈകുന്നേരമാകുമ്പോൾ പത്ത് തൊള്ളായിരം രൂപ കിട്ടില്ലേ?

ഞാനൊരു ഉപായം പറഞ്ഞു

അത് വേണ്ട പ്രകാശ് ,എന്നെപ്പോലൊരു കൂലിപ്പണിക്കാരനാകാനാണോ നിൻ്റെ അച്ഛനും അമ്മയും നിന്നെ കഷ്ടപ്പെട്ട് ഇത്രയും പഠിപ്പിച്ചത് ,മാത്രമല്ല സൂട്ടും കോട്ടുമിട്ട് ഏസി റൂമിലിരുന്ന് ശീലിച്ച നീ, പൊരിവെയിലത്ത് കഷ്ടപ്പെടുന്നത്, എനിക്ക് സഹിക്കാൻ പറ്റില്ല ,സാരമില്ല എന്തെങ്കിലുമൊരു വഴി ദൈവം കാണിച്ച് തരും

പക്ഷേ അത് വരെ എൻ്റെ അച്ഛൻ്റെയും അമ്മയുടെയും ചോദ്യങ്ങൾക്ക് മുന്നിൽ പിടിച്ച് നില്ക്കാനാവില്ല

കുറച്ച് കാശുണ്ടായിരുന്നെങ്കിൽ സ്വന്തമായിട്ടൊരു കമ്പനി തുടങ്ങാമായിരുന്നു

ഞാനവനോട് കാര്യം പറഞ്ഞു

ആണോ അതിനെത്ര കാശ് വേണ്ടി വരും ?

ഓഹ് ഒരു അഞ്ചെട്ട് കോടി മതിയാകും, എന്താ നിൻ്റെ കൈയ്യിൽ എടുക്കാനുണ്ടാവുമോ?

ഞാനവനെ കളിയാക്കി ചോദിച്ചു

നീ പരിഹസിക്കണ്ട, എൻ്റെ കരളോ , കിഡ്നിയോ കൊടുത്താൽ അത്രയും കിട്ടുമെങ്കിൽ ഞാൻ റെഡിയാണ്, നീ ആളെ അന്വേഷിച്ചോളു,

ഒന്ന് പോടാ ,എൻ്റെയും നിൻ്റെയും കൂടി വിറ്റാൽ പോലും പത്തോ പതിനഞ്ചോ ലക്ഷമേ കിട്ടു,

അതൊക്കെ വിട്, നമുക്ക് വേറെന്തെങ്കിലും സംസാരിക്കാം

ഇതിനിടയിൽ അവൻ്റെ ലവർ സുജാതയ്ക്ക്, വീട്ടിൽ വേറെ കല്യാണമാലോചിക്കുന്ന കാര്യം ,

അവനെന്നോട് വന്ന് പറഞ്ഞു

നിങ്ങൾ തമ്മിൽ ഇഷ്ടമാണെന്ന് അവളുടെ വീട്ടുകാർക്കറിയില്ലേ?

ഞാൻ അവനോട് ചോദിച്ചു

അറിയാം പക്ഷേ ,മകളെ ഒരു കൂലിപ്പണിക്കാരന് കൊടുക്കാൻ അവർ തയ്യാറാവില്ലെന്നാണ് അവൾ പറയുന്നത്

എങ്കിൽ ,നിൻ്റെ കൂടെ ഇറങ്ങി വരാൻ നീ അവളോട് പറയണം

ഞാനത് പറഞ്ഞതാണ് പക്ഷേ സാമ്പത്തികമായി ഞെരുക്കമുള്ളൊരു വീട്ടിലേക്ക് അവള് കൂടി വന്നാൽ ജീവിതം ഒന്ന് കൂടി ദുഷ്കരമാകത്തേയുള്ളുവെന്നും ,ദൂരേയ്ക്ക് എവിടേക്കെങ്കിലും ഒളിച്ചോടിപ്പോയി വാടകവീടെടുത്ത് താമസിക്കാനാണെങ്കിൽ അവള് വരാമെന്നുമാണ് പറയുന്നത് ,യാതൊരു സമ്പാദ്യവുമില്ലാത്ത ഞാനെങ്ങനെയാ അവളെയും കൊണ്ട് ദൂരെ പോകുന്നതും വാടകവീടെടുക്കുന്നതും

അവൻ നിസ്സഹായതയോടെ ചോദിച്ചു .

പിന്നെ എന്ത് ചെയ്യാനാണ് നിൻ്റെ തീരുമാനം?

എനിക്കറിയില്ലെടാ ,അവളെ വിട്ട് കളയാനും എനിക്ക് കഴിയുന്നില്ല

സാരമില്ല, നീ വിഷമിക്കേണ്ട എന്തെങ്കിലുമൊരു വഴി തെളിഞ്ഞ് വരും

അങ്ങനെ അന്നത്തെ ചർച്ചകളൊക്കെ കഴിഞ്ഞ് രാത്രി ഞങ്ങൾ രണ്ട് പേരും വീട്ടിലേക്ക് മടങ്ങി.

പിറ്റേന്ന് ഉച്ചയോട് കൂടി അവൻ എൻ്റെ ഫോണിലേക്ക് വിളിച്ചു.

എടാ നീയറിഞ്ഞില്ലേ? എനിക്ക് ലോട്ടറി അടിച്ചെടാ ,ഒന്നും രണ്ടുമല്ല, ഓണം ബംപറായ പന്ത്രണ്ട് കോടി..

അത് കേട്ട് എനിക്കും ഒരുപാട് സന്തോഷമായി ,അവന് നല്ലൊരു വീട് പണിയാമല്ലോ? അവൻ്റെ താഴെയുള്ള രണ്ട് സഹോദരിമാരുടെ വിവാഹവും ബുദ്ധിമുട്ടില്ലാതെ നടത്താമല്ലോ?

അതിനുമൊക്കെ അപ്പുറം സുജാതയുടെ വീട്ടുകാർ അവരുടെ വിവാഹത്തിന് മുൻകൈ എടുക്കുമെന്നതായിരുന്നു എൻ്റെ ഏറ്റവും വലിയ സന്തോഷം.

ഞാൻ ഫോൺ കട്ട് ചെയ്ത് രമേശൻ്റെ വീട്ടിലേക്കോടി

എടാ വേഗമിറങ്ങ്, നമുക്കുടനെ സുജാതയുടെ വീട്ടിലെത്തണം , ആദ്യം അവളുടെ വീട്ടുകാരുമായി സംസാരിച്ച് നിങ്ങളുടെ വിവാഹമുറപ്പിച്ച് വയ്ക്കാം,

ഇനിയവർ രണ്ട് കൈയ്യും നീട്ടി നിന്നെ സ്വീകരിച്ചോളും

ഞാൻ അവനോട് ആവേശത്തോടെ പറഞ്ഞു.

ആദ്യം നമ്മൾ പോകുന്നത് സുജാതയുടെ വീട്ടിലല്ല,

നിനക്ക് കമ്പനി തുടങ്ങാൻ പറ്റിയ സ്ഥലം നോക്കാനാണ് ,നീ പറഞ്ഞില്ലേ? അഞ്ചെട്ട് കോടി രൂപയുണ്ടെങ്കിൽ സ്വന്തമായി കമ്പനി തുടങ്ങാമെന്ന്

കമ്മീഷനെല്ലാം കഴിച്ച് അത്രയും രൂപ കിട്ടുമെന്നാണ് എല്ലാവരും പറയുന്നത്, പിന്നെ എൻ്റെ വീട്ടിലേക്ക് വന്നാൽ ഭാവി ജീവിതം ബുദ്ധിമുട്ടാകുമെന്ന് ആശങ്കപ്പെട്ട അവളെക്കാൾ എനിക്ക് വലുത് ,എനിക്കൊരു വിഷമം വന്നപ്പോൾ സ്വന്തം ജോലി പോലും ഉപേക്ഷിച്ച് എൻ്റെ കൂടെ നിന്ന നീ തന്നെയാണ് പ്രകാശാ…

കൈയ്യിൽ കാശുണ്ടെങ്കിൽ എത്ര കാമുകിമാരെ വേണമെങ്കിലും കിട്ടും, പക്ഷേ നിന്നെ പോലൊരു കൂട്ടുകാരനെ ഒരിക്കൽ മാത്രമേ കിട്ടൂ

സത്യത്തിൽ അവൻ്റെ ആ വാക്കുകൾ കേട്ടിട്ട് എനിക്ക് കരയണോ ചിരിക്കണോ എന്ന കൺഫ്യൂഷനായിരുന്നു…

നിൻ്റെ ഉടമസ്ഥതയിലുള്ള കമ്പനിയിൽ എനിക്കൊരു ജോലിക്കാരനായാൽ മാത്രം മതി, വെറുതെയെന്തിനാ നിനക്ക് കിട്ടിയ സൗഭാഗ്യം നീ എനിക്ക് കൂടി വീതിച്ച് തരുന്നതെന്ന് ഞാൻ ചോദിച്ചപ്പോൾ അവൻ എന്നോട് പറയുവാ

പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ എനിക്കാവശ്യത്തിന് ഉച്ചക്കഞ്ഞി കിട്ടുമായിരുന്നിട്ടും നിനക്ക് മാത്രം കഴിക്കാനായി നിൻ്റെയമ്മ പൊതിഞ്ഞ് തന്ന് വിട്ട ഉച്ചഭക്ഷണത്തിൻ്റെ പാതിയും അന്ന് നീയെന്തിനാ എനിക്ക് തന്നത് ,അതിനോളം വരില്ലടാ ഒന്നും

അതാണെൻ്റെ ചങ്ക് രമേശൻ

ശുഭം…..

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : സജി തൈപ്പറമ്പ് .