ഏട്ടാ നാളെ നമ്മുടെ വിവാഹ വാർഷികമാ. നല്ലൊരു ദിവസമായിട്ട് നാളെ എന്നെ വഴക്കു പറയരുത്

രചന : Subitha Shiji

സ്നേഹമുള്ള സിംഹം

❤❤❤❤❤❤❤❤

ഏട്ടാ നാളെ നമ്മുടെ വിവാഹ വാർഷികം ആണെന്ന് അറിയാല്ലോ… നല്ലൊരു ദിവസമായിട്ട് നാളെ എന്നെ വഴക്കുപറയരുത്…ബെഡ്ഷീറ്റ് മാറ്റി വിരിക്കുന്നതിനിടയിൽ ഇന്ദു വേണുവിനോട് പറഞ്ഞു..

നീ എന്തെങ്കിലും ഒപ്പിച്ചാൽ ഞാൻ വഴക്ക് പറയും അതിപ്പോ എന്ത് വിശേഷ ദിവസം ആണെന്ന് പറഞ്ഞിട്ടും യാതൊരു കാര്യവും ഇല്ല…

അതിന് ഞാൻ എന്താ ഒപ്പിക്കാറുള്ളത്…

എന്തെങ്കിലും കാര്യമുള്ള കാര്യത്തിനാണോ എന്നെയിങ്ങനെ വഴക്ക് പറയുന്നത്…ഏതെങ്കിലും മുറിയിലെ ലൈറ്റ് കിടത്താൻ മറന്നാലോ. ഫാൻ ഓഫാക്കാൻ മറന്നാലോ, പൈപ്പിൽ നിന്നും ഒരിറ്റ് വെള്ളം പോയാലോ, സോഫവിരി മാറികിടന്നാലോ,മുറിയിൽ എവിടെയെങ്കിലും ഇത്തിരി മാറാല പിടിച്ചാലോ പോലുള്ള ചെറിയ കാര്യങ്ങൾക്കല്ലേ എന്നെ ഇങ്ങനെ ചീത്ത പറയുന്നത്…

എത്ര ചീത്ത പറഞ്ഞിട്ടും നീ നന്നാവുന്നില്ലല്ലോ…

ഇതൊക്കെ വീണ്ടും വീണ്ടും ആവർത്തിച്ചു കൊണ്ട് തന്നെ ഇരിക്കേല്ലേ.. ഇപ്പൊത്തന്നെ നോക്ക് ബാത്ത് റൂമിലെ ലൈറ്റ് നീ കെടുത്തീട്ടില്ലല്ലോ…

അത് ഞാനല്ല അച്ചുവാ… അവൾ വേഗം പോയി ബാത്‌റൂമിലെ ലൈറ്റ് കിടത്തിയിട്ട് വന്നു

നീ അല്ലെ ഇതെല്ലാം ശ്രദ്ധിക്കേണ്ടത്… കറന്റ്‌ ബില്ല് എത്രയാണെന്നാ വിചാരം….. വീട്ടു ചിലവിനെപ്പറ്റി എന്തെങ്കിലും നിനക്ക് അറിയണോ….വരുമ്പോൾ തന്നെ കുറിക്ക് അടക്കാനുള്ളത് കുടുംബശ്രീ എന്നൊക്കെ പറഞ്ഞു കണക്ക് പറഞ്ഞു വാങ്ങാൻ അറിയാം…. മറ്റ് കാര്യങ്ങൾ ഒന്നും അവൾക്കറിയണ്ട…

പറയണ കേട്ടാൽ തോന്നും ഇതൊക്കെ നടത്തി കിട്ടുന്നതൊക്കെ ഞാൻ വേറെ ആർക്കോ കൊണ്ടുപോയ കൊടുക്കുകയാണെന്നു….. രണ്ട് മാസം കൂടി കഴിഞ്ഞാൽ എന്റെ കുറി വട്ടമെത്തുകയാണ് രൂപ ഒന്നും രണ്ടുമല്ല 2,85,000 രൂപയാ വട്ടമെത്തി കിട്ടുന്നത്…അത് കിട്ടിയിട്ട് അവിടെ തന്നെ ഒരു ഫിക്സഡ് ഡെപ്പോസിറ്റ് ഇടണം നല്ല പലിശ കിട്ടുമെന്നാണ് സുമ പറഞ്ഞത് … എന്നിട്ട് അതിന്റെ പലിശ കൊണ്ട് വേറൊരു കുറിയും ചേരണം…..മോള് വലുതായി വരുകയല്ലെ ഇങ്ങനെ മിച്ചം പിടിച്ച് എന്തെങ്കിലുമൊക്കെ ഉണ്ടാക്കുന്നതാ ഭാവിയിൽ ഉപകാരപ്പെടുന്നത്….

ഒരുപാട് ചിന്തിച്ചു കൂട്ടണ്ട…..മോള് വലുതാവുമ്പോൾ ഉള്ള കാര്യമല്ലേ ….

അത് അപ്പൊ നോക്കാം…..ഇപ്പൊ നീ കിടക്കാൻ നോക്ക് എനിക്ക് കുറച്ചു കണക്കു കൂടി എഴുതാനുണ്ട്……മക്കൾ ഉറങ്ങിയോടി……

ആ അവരുരങ്ങി…….അല്ല നാളെ വെഡിങ് ആനിവേഴ്സറി ആയിട്ട് എന്താ ഏട്ടാ പ്ലാൻ…

എന്ത് പ്ലാൻ പ്രേതേകിച്ച് ഒന്നും ഉണ്ടാകാറില്ലല്ലോ പിന്നെ എന്തിനാ ആവിശ്യമില്ലാത്ത ഒരു ചോദ്യം….

അല്ല എന്നത്തേയും പോലെ അല്ലല്ലോ ഇത് പത്താമത്തെ വിവാഹവാർഷികം അല്ലെ..

കഴിഞ്ഞ ദിവസം രവിയേട്ടന്റെയും സീമചേച്ചിയുടെയും വിവാഹവാർഷികം ആയിരുന്നു കേക്ക്മുറിയും ഗിഫ്റ്റ് കൊടുക്കലും ഒക്കെ ഫോട്ടോ സഹിതം ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തിരുന്നു…അവരൊക്കെ എന്ത് സന്തോഷമായിട്ടാണ് വാർഷികം ഒക്കെ ആഘോഷിക്കുന്നത്…നമ്മുടെ കാര്യത്തിൽ ആണെങ്കിലോ ഇതുവരെ ഒന്നിച്ചൊരു കേക്ക് പോലും മുറിച്ചിട്ടില്ല …..

ഫേസ്ബുക്കിൽ ഇടാമെന്ന് വെച്ചാൽ ഒരു നല്ല ഫോട്ടോയും എന്റെ കൈയിൽ ഇല്ല….അതെങ്ങനാ ഫോട്ടോ എടുക്കുന്നതും അലർജിയല്ലേ…

ദേ ആ വക പരിപാടി ഒന്നും എനിക്ക് ഇഷ്ടമല്ലെന്നു നിനക്കറിയില്ലേ…. ഫേസ്ബുക്കിൽ ഇട്ട് നാട്ടാരെയൊക്കെ അറിയിച്ചിട്ട് വേണം കടയിൽ വരുന്ന ഓരോരുത്തരോടും മറുപടി പറഞ്ഞു മടുക്കാൻ ….

നീ കിടന്ന് ഉറങ്ങാൻ നോക്കിയേ വെറുതെ ഓരോന്നു സംസാരിച്ച് മനുഷ്യന്റ സ്വസ്ഥത കളയാതെ..

ഇന്ദു വേഗം തിരിഞ്ഞു കിടന്നു… അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…ഇതൊക്കെ തനിക്ക് ശീലമായ കാര്യങ്ങൾ തന്നെ ആണ്…. പക്ഷെ പലപ്പോഴും അത് ഉൾക്കൊള്ളാൻ പറ്റിയിട്ടില്ല എന്നതാണ് സത്യം… ചിലപ്പോളെങ്കിലും സങ്കടങ്ങളൊക്കെ അണപൊട്ടി ഒഴുകാറുണ്ട്….

അന്ന് തന്റെ തലയിണ കണ്ണീർ മഴയിൽ നനഞ്ഞു കുതിരാറുമുണ്ട്….. കുറെ മനസ്സിൽ പതിപറഞ്ഞു കരയുമ്പോൾ മനസിന്‌ വല്ലാത്തൊരു ആശ്വാസമാണ്…… വിവാഹജീവിതത്തെ കുറിച്ച് വലിയ സ്വപ്നങ്ങൾ ഒന്നും തനിക്കുണ്ടായിരുന്നില്ല…

പക്ഷെ ചെറിയ ചെറിയ ആഗ്രഹങ്ങൾ പോലും അവഗണിക്കപ്പെടുന്നത് മനമുരുകുന്ന വേദനയോടെ നോക്കി നിൽക്കാൻ മാത്രമേ തനിക്ക് പറ്റിയിട്ടുള്ളു…. ഇടയ്ക്കിടെ കണ്ണ് പൊട്ടുന്ന രീതിയിൽ വഴക്ക് പറയും എന്നതൊഴിച്ചാൽ തന്നെയും മക്കളെയും നന്നായി നോക്കുന്നുണ്ട്….

സ്നേഹം കടലോളം ഉണ്ടെന്ന്‌ പലപ്പോഴും തോന്നിയിട്ടുണ്ട് എങ്കിലും ഒരു മണൽ തരിയോളം പുറത്ത് കാട്ടില്ല എന്ന് മാത്രം……. എന്തിനേറെ പറയുന്നു തറവാട്ടിൽ ആയിരുന്നപ്പോൾ അച്ഛനും അമ്മക്കും വരെ വേണുവേട്ടനെ പേടിയായിരുന്നു …. എന്തിന് എപ്പോളാണ് ദേഷ്യം വരുന്നത് എന്ന് ആർക്കും പറയാൻ പറ്റില്ല…… അതുകൊണ്ട് തന്നെ നാട്ടുകാർ എല്ലാവരും കൂടി ഒരു ഇരട്ടപേരും ഇട്ടിട്ടുണ്ട് മുരടൻ… ചിലപ്പോൾ തനിക്കും തോന്നാറുണ്ട് എന്തൊരു മുരട്ട് സ്വഭാവം ആണെന്ന്… ഓരോന്നോർത്ത് കിടന്ന് അവളും ഉറക്കത്തിലേക്കു വഴുതി വീണു…

പിറ്റേന്ന് വെളുപ്പിനെ എഴുനേറ്റു രാവിലത്തേക്കുള്ള ഭക്ഷണം തയാറാക്കി വെച്ച് അവൾ അമ്പലത്തിലേക്കു പോകാനായി ഒരുങ്ങി….

വരില്ല എന്നറിയാം എങ്കിലും വെറുതെ ചോദിച്ചു…

വേണുവേട്ടൻ അമ്പലത്തിലേക്ക് വരുന്നുണ്ടോ….

മുഖത്തടിച്ചപോലെ മറുപടി വന്നു ഞാൻ വരാറില്ലല്ലോ പിന്നെയെന്തിനാ ചോദിക്കുന്നെ..

മേശവലിപ്പിൽ നിന്നും ഒരു നൂറു രൂപ എടുത്തപ്പോളും വന്നു ചോദ്യം …

ഇത്രയും കാശെന്തിനാ അൻപത് രൂപ എടുത്താൽ പോരെ നിനക്ക്…

ഇല്ല നൂറുരൂപ തന്നെ വേണം എനിക്കൊരു ദമ്പതിപൂജ നടത്തണം..

അപ്പോളും ആ ചുണ്ടിൽ വിരിഞ്ഞത് ഒരു പരിഹാസച്ചിരി ആണ്…. എന്ത് പറയാൻ ദൈവങ്ങളോടും നീരസം ഉള്ള ആളാണല്ലോ.

അവൾ വേഗം അമ്പലത്തിലേക്കു ഇറങ്ങി….

അമ്പലത്തിൽ എത്തി വഴിപാട് ശീട്ടാക്കാൻ കൌണ്ടറിലേക്ക് നടക്കുമ്പോളാണ് സീമചേച്ചിയെ കണ്ടത്…

ഇന്ദു നീ അറിഞ്ഞോ…ആ കുറികമ്പനിക്കാര് മുങ്ങീന്ന് പറയണ കേട്ടല്ലോ . ഇന്നലെ ഓഫീസിൽ നിന്നും വന്നപ്പോൾ രവിയേട്ടൻ പറഞ്ഞതാണേ…

എനിക്കും ഉണ്ടായിരുന്നല്ലോ അവിടെ ഒരു കുറി….

ഇന്നലെ ഇത് അറിഞ്ഞപ്പോൾ മുതൽ രവിയേട്ടൻ എനിക്ക് സ്വസ്ഥത തന്നിട്ടില്ല… ഞാൻ കൊണ്ടുപോയി കളഞ്ഞു എന്നാണ് മൂപ്പര് പറയുന്നത്..

രവിയേട്ടൻ ഇങ്ങനെയാണെങ്കിൽ മൂക്കിൻതുമ്പത്ത് ദേഷ്യം ഉള്ള നിന്റെ വേണൂന്റെ കാര്യം എന്തായിരിക്കും അല്ലെ… ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ…..ഇത്തിരി മനസമാധാനം കിട്ടാനാണ് ഞാൻ രാവിലെ തന്നെ അമ്പലത്തിലേക്ക് എത്തിയത്…..

വഴിപാട് എഴുതി ദേവിയുടെ മുന്നിൽ തൊഴുത് നിൽക്കുമ്പോളും കേട്ടതൊന്നും സത്യമാവരുതേ എന്ന് മാത്രം ആയിരുന്നു അവളുടെ പ്രാർത്ഥന… ചിട്ടിപിരിവിന് പോകുന്ന സുമ പറഞ്ഞിട്ടാണ് താൻ ചിട്ടി എഴുതിയത് ….. മറ്റുള്ള സ്ഥാപനങ്ങളിൽ കിട്ടുന്നതിനേക്കാൾ കൂടുതൽ ലാഭം കിട്ടുമെന്ന് പറഞ്ഞ് ചേർപ്പിച്ചതാണ്….. അവൾക്കൊരു വരുമാനം കൂടി ആകുമല്ലോ എന്ന് പറഞ്ഞപ്പോൾ വേണുവേട്ടനെ ഒരുപാട് നിർബന്ധിച്ച് എഴുതിപ്പിച്ചു….. പ്രൈവറ്റ് കമ്പനി ആയത് കൊണ്ട് ഏട്ടന് വലിയ താല്പര്യം ഒന്നും ഉണ്ടായില്ല..

പിന്നെ സുമയുടെ അവസ്ഥ അറിയാവുന്നത് കൊണ്ടും തന്റെ നിർബന്ധം കൊണ്ടും സമ്മതിച്ചു എന്ന് മാത്രം……ഒന്നും വേണ്ടായിരുന്നു ഭഗവതി……ഈ പത്തു കൊല്ലത്തിനിടയിൽ ആദ്യമായാണ് അറിയാതെയാണെങ്കിൽ പോലും തന്റെ ഭാഗത്തു നിന്നും ഇത്രയും വലിയൊരു തെറ്റ് സംഭവിക്കുന്നത്…….

ഒരു കാര്യവും ഇല്ലാതെ തന്നെ ദേഷ്യപ്പെടുന്ന ഏട്ടൻ ഇനി ഇപ്പോ ഇത് അറിയുമ്പോൾ എങ്ങിനെയാവും പ്രതികരിക്കുക എന്ന ചിന്ത അവളെ കൂടുതൽ അസ്വസ്ഥയാക്കി…. ഇതുവരെ തന്നെ തല്ലിയിട്ടില്ല പക്ഷെ ഇന്ന് വേണമെങ്കിൽ അതും സംഭവിക്കാം….പേടിയോടെ തന്നെയാണ് അവൾ വീട്ടിലേക്ക് മടങ്ങിയത്…

തിരിച്ചു വീട്ടിലെത്തിയപ്പോളും അവളുടെ മനസ് ആകെ ശൂന്യമായിരുന്നു…. മക്കൾ നല്ല ഉറക്കത്തിൽ ആയിരുന്നു… കുളി കഴിഞ്ഞ് കടയിലേക്ക് പോകാൻ നിൽക്കുന്ന വേണുവേട്ടന് കഴിക്കാനായി പുട്ടും കടലയും എടുത്ത് കൊടുത്ത് കൊണ്ട് വീണ്ടും അവൾ ആലോചനയിൽ ആയിരുന്നു..

ഇന്ദു ചായ എവിടെ… നീ ഇവിടെയെങ്ങും അല്ലെ..

“ഇന്ദു” വേണുവിന്റെ ശബ്ദം ഉയർന്നു…

പെട്ടെന്നാണ് ഇന്ദു ചിന്തയിൽ നിന്നും ഉണർന്നത്..

ചായ ഇപ്പൊ കൊണ്ടുവരാട്ടോ..

ഇനി ചായ വേണ്ട.. നിനക്ക് ഇത് എന്തുപറ്റി ആകെ ഒരു മ്ലാനത… വെഡിങ് ആനിവേഴ്സറി ആഘോഷിക്കുന്നില്ല എന്ന് പറഞ്ഞിട്ടാണോ അതോ രാവിലെ ഞാൻ നൂറു രൂപ എടുക്കേണ്ടെന്നു പറഞ്ഞിട്ടോ…. എന്താടി കാര്യം പറ…..

“ഏയ്‌ ഒന്നൂല്ല ഏട്ടാ….

വേണു കൈ കഴുകി ഇന്ദുന്റെ അടുത്ത് ചെന്നു നിന്നുകൊണ്ട് ചോദിച്ചു..

ഒന്നൂല്ലാഞ്ഞിട്ടൊന്നുമല്ല എന്നോട് പറയാൻ പറ്റാത്തത് കൊണ്ടാവും അല്ലെ… ചിട്ടികമ്പനി പൊളിഞ്ഞ കാര്യം നീ അറിഞ്ഞല്ലേ…

ആ ചോദ്യം അവളിൽ വല്ലാത്തൊരു ഞെട്ടൽ ആണ് ഉണ്ടാക്കിയത്…

ഏട്ടൻ അറിഞ്ഞിരുന്നോ ഈ കാര്യം..

ഉവ്വ് ഞാൻ അറിഞ്ഞിട്ട് രണ്ട് ദിവസമായി…….

നിന്നോട് പറയാഞ്ഞിട്ടാണ്… ഇന്നലെ രാത്രി പാസ്ബുക്ക് എടുത്ത് നടത്തിയ തുക എത്രയാണെന്നൊക്കെ കണക്കുകൂട്ടി വെച്ച് ഒരു പരാതി എഴുതി വെച്ചിട്ടുണ്ട്…ഇനി അതൊന്നു പോലീസ് സ്റ്റേഷനിൽ കൊടുക്കണം… നീ അറിയുമ്പോൾ അറിയട്ടെ എന്ന് വിചാരിച്ചു…..ഇനി വെറുതെ നിന്നെയും വിഷമിപ്പിച്ചിട്ടെന്തിനാ…

ഏട്ടാ എന്നാലും ഇത്രയും നാളും കഷ്ടപ്പെട്ട് ഉണ്ടാക്കിയത് മുഴുവൻ പോയില്ലേ….

ഇങ്ങനെയൊക്കെ ആവും എന്ന് എനിക്കറിയില്ലായിരുന്നു.. ഞാനാണ് തെറ്റുകാരി…..

ഏട്ടൻ വേണ്ടാന്നു പറഞ്ഞിട്ടും ഞാനാണ് നിർബന്ധിച്ചത്.. എല്ലാം പോയില്ലേ.. ഇനി അത്രയും തുക ഉണ്ടാക്കണമെങ്കിൽ എത്ര നാൾ കഷ്ടപ്പെടണം.. ഞാൻ എന്തൊക്കെ സ്വപ്നം കണ്ടിരുന്നതാ…. ഇന്ദു അത്രയും പറഞ്ഞ് പൊട്ടി കരഞ്ഞു കഴിഞ്ഞിരുന്നു….

വേണു അവളെ തന്റെ നെഞ്ചോട് ചേർത്ത് നിർത്തി മുടിയിൽ തലോടി കൊണ്ട് പറഞ്ഞു……

നീ എങ്ങിനെ തെറ്റുകാരി ആവും നമ്മുടെ കുടുംബത്തിന്റെ നന്മ ആഗ്രഹിച്ചു ചെയ്തതല്ലേ…..

അതിങ്ങനെ ആയി പോയി എന്നുമാത്രം……നീ വിഷമിക്കേണ്ട കുറച്ച് വൈകി ആണെങ്കിലും നടത്തിയ പണം തിരികെ കിട്ടും എന്നാണ് അറിയാൻ കഴിഞ്ഞത് ….. ഇനി ഇപ്പൊ കിട്ടിയില്ലെങ്കിലും അത് ഒരസുഖം വന്ന് ചിലവായി പോയി എന്ന് കരുതിയാൽ മതി….. പോയത് പോയി ഇനി അതിനെ കുറിച്ചോർത്തു വിഷമിച്ചിട്ടെന്തു കാര്യം….കൂടുതൽ ലാഭം നോക്കി പോയാൽ അവസാനം ഇങ്ങനെയേ വരൂ….

ആരോഗ്യം ഉണ്ടെങ്കിൽ പണം ഇനിയും ഉണ്ടാക്കാം……. നല്ലൊരു ദിവസമായിട്ട് നീ കരഞ്ഞു വെല്ല അസുഖവും വരുത്തി വെക്കേണ്ട…. ഇന്ന് വൈകുന്നേരം ഞാൻ നേരത്തെ വരാം പത്ത് കൊല്ലമായില്ലേ നീ ഈ മുരടനെ സഹിക്കാൻ തുടങ്ങിയിട്ട് അത് നമുക്ക് കേക്ക് മുറിച്ചു തന്നെ ആഘോഷിച്ചുകളയാം…..

അവൾ അപ്പോഴും തനിക്ക് പൂർണമായും മനസിലാക്കാൻ പറ്റാതിരുന്ന തന്റെ മറുപാതിയുടെ സ്നേഹചൂടിൽ ചേർന്നുനിൽക്കുകയായിരുന്നു..

സന്തോഷിക്കുമ്പോൾ ഒപ്പം ചിരിക്കുന്നില്ലെങ്കിലും സങ്കടപെട്ടപ്പോൾ തന്നെ ചേർത്തുപിടിച്ചല്ലോ എന്നോർത്തു മനസ്സ് നിറഞ്ഞു കൊണ്ട് തന്നെ

ഇതൊക്കെ പറഞ്ഞ് അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും വേണുവിന്റെ ഉള്ളം ആ സമയവും നീറി പുകയുകയായിരുന്നു.. തന്റെ ഇത്ര നാളത്തെ അധ്വാനം മുഴുവനും ഒരിക്കലും തിരിച്ചുകിട്ടാത്ത രീതിയിൽ നഷപെട്ടുപോയല്ലോ എന്നോർത്ത് അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു …..പക്ഷെ തന്റെ പ്രിയപെട്ടവൾക്ക് വേണ്ടി നിറഞ്ഞ കണ്ണുകളെ സാക്ഷിയാക്കി അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു ….

ശുഭം….

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Subitha Shiji


Comments

Leave a Reply

Your email address will not be published. Required fields are marked *