എനിക്ക് ഡിവോഴ്സ് വേണം.. ഇനി അയാളുടെ അടുത്തേക്ക് പോകാൻ എനിക്ക് പറ്റില്ല….

രചന : Vipin PG

” ഡിവോഴ്സ് ”

കല്യാണം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ ഇങ്ങനെയൊരു കടുത്ത തീരുമാനം ഞാന്‍ എടുത്തപ്പോള്‍ എല്ലാവരും ഞെട്ടി.

അമ്മ ആദ്യം ചോദിച്ച ചോദ്യം ഇതാണ്

“ മോളെ,, ആളുകള്‍ എന്ത് വിചാരിക്കും”

ആള്‍ക്കാരെ ബോധിപ്പിക്കാനാണോ നമ്മള്‍ ജീവിക്കുന്നത്. ആയിരുന്നിരിക്കും,, ആയിരുന്ന കാലവും ഉണ്ടാകും. പക്ഷെ ഇന്നതിന്റെ ആവശ്യമില്ല. അമ്മ അങ്ങനെ ചോദിച്ചതിനു പകരം

“ മോളെ,, എന്താ നിന്റെ പ്രശ്നം ”

എന്ന് ചോദിച്ചിരുന്നെകില്‍ എന്ന് ഞാന്‍ ചിന്തിച്ചു. പക്ഷെ അമ്മ ചോദിച്ചില്ല. കാരണം,, ഞാന്‍ പറയാതെ തന്നെ കാര്യങ്ങള്‍ അമ്മയ്ക്ക് നല്ല ബോധ്യമുണ്ട്. അയാളൊരു ഭ്രാന്തനാണ്.

ഇക്കാര്യത്തില്‍ അച്ഛന്‍ അച്ഛന്റെ നിലപാടും വ്യക്തമാക്കി. കല്യാണം കഴിഞ്ഞ പെണ്‍കുട്ടികള്‍ വീട്ടില്‍ നില്‍ക്കാന്‍ പറ്റില്ല. ഓരോരുത്തരായി വന്നവരെല്ലാം ഇത് തന്നെ പറഞ്ഞു.

പക്ഷെ ഞാന്‍ ഒരടി പുറകോട്ടു പോയില്ല. എനിക്ക് ഡിവോഴ്സ് വേണം. ഞാന്‍ മറ്റൊരു താമസ സ്ഥലം കണ്ടെത്തി. അങ്ങോട്ട്‌ മാറുന്നതിനു മുന്നേ അമ്മയുമായി ഒന്നുകൂടി സംസാരിച്ചു. അമ്മ അവാസനമായി പറഞ്ഞത് ഇങ്ങനെയാണ്,,,

“ മോളെ,, നീ ഈ പറഞ്ഞതിന്റെ അപ്പുറം ഞാന്‍ കണ്ടിട്ടുണ്ട്,, എന്റെ നിലവിളി ശബ്ദം പുറത്ത് കേള്‍ക്കാതിര്‍ക്കാന്‍ എന്റെ വായില്‍ തുണി കുത്തി കയറ്റിയിട്ടുണ്ട്. എന്നിട്ടും ഞാന്‍ പൊരുത്തപ്പെട്ടു. എല്ലാവരെയും ബോധിപ്പിക്കാന്‍”

അതിനുള്ള മറുപടി പറയാതെ ഞാന്‍ വീട്ടില്‍ നിന്നിറങ്ങി,, ഇനി ഈ കഥ ഇവിടെ എത്തിച്ച കഥ പറയാം,,

ഞാന്‍ മായ,, ഒരു കമ്പനിയില്‍ അക്കൌണ്ടന്റ് ആയി ജോലി ചെയ്യുകയായിരുന്നു. നല്ല ജോലിയാണ്,,

നല്ല ശമ്പളമുണ്ട്. അങ്ങനെ ലൈഫ് ഹാപ്പി ആയിട്ട് പോകുമ്പോഴാണ് ജീവന്റെ ആലോചന വരുന്നത്. ഒരു കല്യാണത്തെ കുറിച്ച് ഗൌരവമായി ചിന്തിച്ചത് കൊണ്ട് തന്നെ നോക്കാമെന്ന് കരുതി. നല്ല കുടുംബം കാഴ്ചയ്ക്ക് നല്ല മനുഷ്യന്‍ നല്ല സംസാരം. രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബമാണ്.

ആളെ എനിക്ക് ബോധിച്ചത് കൊണ്ട് ബാക്കി കാര്യങ്ങള്‍ എല്ലാം ഞാന്‍ കാരണവന്മാര്‍ക്ക് വിട്ടു കൊടുത്തു. സ്ത്രീധനം തരില്ല എന്നൊന്നും പറയാനും മാത്രമുള്ള വളര്‍ച്ചയും ധൈര്യവും എനിക്കുണ്ടായില്ല.

പക്ഷെ കല്യാണം കഴിഞ്ഞു മൂന്നാം മാസം സ്ഥിതി മാറി. ഒരു സാധാരണ മദ്യപാനി മാത്രമായിരുന്ന ജീവന്‍ ഒരു മുഴു കുടിയനായി മാറാന്‍ തുടങ്ങി. സമയത്ത് വീട്ടില്‍ വരില്ല,, മിക്ക ദിവസവും കുടിച്ചിട്ട് വരും. വന്നാല്‍ വീടിനകത്ത് ശര്‍ദ്ദിക്കും. അത് ഒരു പരിധി കടന്നപ്പോള്‍ ഞാന്‍ അത് ചോദ്യം ചെയ്യാന്‍ തുടങ്ങി. ചോദ്യം ചെയ്യുന്നത് ഒട്ടും ഇഷ്ടമില്ലാത്ത സൈക്കോ ഷമ്മിയുടെ വേറൊരു വേര്‍ഷന്‍ ആയിരുന്നു ജീവന്‍.

ചിലപ്പോഴത്തെ ചോദ്യം ചെയ്യലില്‍ കൈയ്യില്‍ കിട്ടുന്നത് വച്ച് എന്നെ അടിക്കാന്‍ തുടങ്ങി. അയാളുടെ അമ്മ ഇതെല്ലാം കണ്ടു നില്‍ക്കും. അവരും പറയുന്നത് ഇതേ കാര്യം തന്നെ,,

“ ഞാന്‍ അനുഭവിച്ചത് വച്ച് നോക്കിയാല്‍ ഇതൊക്കെ എന്ത്,, നീ അവനെ പതിയെ മാറ്റിയെടുക്കാന്‍ നോക്ക്” എന്ന്.

ശ്രമിച്ചു,, ഞാന്‍ മാറ്റാന്‍ ശ്രമിച്ചു. പക്ഷെ മാറിയില്ല. ഞാന്‍ ബന്ധപ്പെട്ടവരെയെല്ലാം കാര്യമറിയിച്ചു. അപ്പോഴേക്കും അമ്മ അയാളുടെ സൈഡ് ആയി.

“എന്റെ മകന്‍ പാവമാണ്,, അവളുടെ സ്വഭാവം ശരിയല്ല,, ഏത് സമയവും ഫോണില്‍ കുത്തിക്കൊണ്ടിരിക്കും”

എങ്ങാനും ഗാര്‍ഹിക പീഠനത്തിന് കേസ് വന്നാലോ എന്ന് കരുതിയാണ് ഈ മലക്കം മറിച്ചില്‍.

പക്ഷെ ആ വീട്ടിലെ അച്ഛന്‍ കാര്യം പറഞ്ഞു. നിനക്ക് പറ്റില്ലെങ്കില്‍ അടുത്ത വഴി നോക്കിക്കോളാന്‍.

ഞാന്‍ അടുത്ത വഴി നോക്കി,, പക്ഷെ ഗാര്‍ഹിക പീഡനത്തിന് പരാതി കൊടുക്കാന്‍ ചെന്നപ്പോഴാണ് ഇവിടെ സ്ഥിതി ശരിക്കും മനസ്സിലായത്. ഇവിടെ എല്ലാം പ്രഹസനമാണ്,, രാഷ്ട്രീയ സ്വാധീനമുണ്ടെങ്കില്‍ ഇവിടെ നീതി കിട്ടാന്‍ പ്രയാസമാണ്. പല കാര്യങ്ങളും പറഞ്ഞ് പോലീസുകാര്‍ എന്നെ പേടിപ്പിച്ചു,, ഫോണ്‍ വിളിച്ചു ഞെട്ടിച്ചു.

എന്നിട്ടും ഞാന്‍ അടി പതറിയില്ല. ഞാന്‍ പ്രെഗ്നന്റ് ആയിരുന്നു. അത് ഞാന്‍ വേണ്ടെന്നു വയ്ക്കാന്‍ തീരുമാനിച്ചു. രണ്ടു വഴിക്ക് പിരിയാന്‍ സാധ്യതയുള്ളത് കൊണ്ട് ഒരു കുഞ്ഞുണ്ടായാല്‍ അതിന്റെ ഭാവി തുലഞ്ഞു പോകും. അല്ലെങ്കില്‍ തന്നെ അയാളുടെ കുഞ്ഞിനെ വളര്‍ത്താന്‍ എനിക്ക് താല്പര്യമുണ്ടായില്ല. ജീവിതത്തില്‍ നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളിയാനത്. എനിക്കത് ചെയ്യാന്‍ സാധിച്ചില്ല.

അതൊരു മഹാ പാപമായി കണക്കാക്കിയ സകലരും അക്കാര്യത്തില്‍ എന്നെ ഒറ്റപ്പെടുത്തി. തീര്‍ന്നില്ല. ഞാന്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ചു വന്ന ഭാര്യയായി. അപ്പോഴാണ്‌ പുരോഗതി മുഴുവന്‍ സോഷ്യല്‍ മീഡിയയില്‍ ആണെന്നും കാര്യത്തിലേയ്ക്ക് വരുമ്പോള്‍ എല്ലാവരും പഴഞ്ചന്‍ ആണെന്നും ഞാന്‍ മനസ്സിലാക്കിയത്.

എന്തായാലും ഞാന്‍ വീട് മാറി,, ഒരു ഹോസ്റ്റലില്‍ താമസം തുടങ്ങി,, കേസ് നടത്തി,, എന്റെ കുഞ്ഞിനെ പ്രസവിച്ചു. ആരുമുണ്ടായിരുന്നില്ല,, ആരും വേണ്ട. കൂടെ ജോലി ചെയ്തവരും കുറച്ചു കൂട്ടുകരുമാല്ലാതെ ആരും വന്നില്ല. ഞാന്‍ ഉറച്ചു തീരുമാനിച്ചിരുന്നു. ആത്മഹത്യ ചെയ്യില്ല,,

അയാളുടെ അടുത്തേയ്ക്ക് ഒരു തിരിച്ചു പോക്കില്ല.

കുഞ്ഞിനെ ഡേ കേറില്‍ ഏല്‍പ്പിച്ചിട്ടും ജോലിക്ക് പോകേണ്ടി വന്നു. ആ സമയത്തൊക്കെ നന്നായി ബുദ്ധിമുട്ടിയെങ്കിലും ജീവിതത്തില്‍ ആരുമല്ലാത്തവര്‍ ആ സമയങ്ങളില്‍ ആരൊക്കെയോ ആയി,,

എനിക്ക് ഡിവോഴ്സ് കിട്ടി,,, സത്യത്തില്‍ അത് ഞാന്‍ ആഘോഷിച്ചു,, നമ്മുടെ സന്തോഷമല്ലേ സെലിബ്രെറ്റു ചെയ്യേണ്ടത്. അന്ന് കൂടെയുള്ളവര്‍ക്കെല്ലാം ട്രീറ്റ് കൊടുത്ത് ഞാന്‍ ആഘോഷിച്ചു,, ഞാന്‍ തിരിച്ചറിഞ്ഞു. ഡിവോര്സ് സെലിബ്രെട്റ്റ് ചെയ്യണ്ടാതാണെന്ന്. അതിനു ശേഷം ഞാന്‍ ബര്‍ത്ത് ഡേ ആഘോഷിചിട്ടില്ല,,

എന്റെ ബര്‍ത്ത് ഡേ അന്നാണ്. എനിക്ക് രണ്ടാം ജീവിതം കിട്ടിയ അന്നത്തെ ദിവസം.

ഞാന്‍ ഇന്നും ഒറ്റയ്ക്ക് ജീവിക്കുന്നു,, എന്റെ കുഞ്ഞു വലുതായി,, ഇന്നും ജോലി ചെയ്യുന്നു,,

പുതിയൊരു ജീവിതം നോക്കുന്നു,,,

രചന : Vipin PG