ഈ വിവാഹം നടക്കില്ല, കുടുംബക്കാരേ വെറുപ്പിച്ച് ഇവളുടെ പ്രണയം അംഗീകരിക്കാൻ സാധ്യമല്ല

രചന : Aparna Nandhini Ashokan

വാതിൽ തുറന്നപ്പോൾ ജിതിന്റെ അമ്മ മുന്നിൽ നിൽക്കുന്നതു കണ്ട് പല്ലവി ഒരു നിമിഷം വല്ലാതെ ഭയന്നു പോയി. അവളുടെ മുഖത്തത് ആ ഭയം പ്രകടമായതു കണ്ട് അവർ പല്ലവിയുടെ കൈകളിൽ കൈകൾ ചേർത്തു പിടിച്ചു.

“മോള് ഭയക്കേണ്ട കാര്യമൊന്നും ഇവിടെയില്ല.

നിങ്ങളുടെ വിവാഹ കാര്യം സംസാരിക്കാനാണ് ഞാൻ വന്നത്..”

“എന്റെ വീട്ടിൽ സമ്മതിക്കുമെന്നു തോന്നുന്നില്ല അമ്മേ.. വീട്ടുക്കാരെ ചതിച്ച് ജിതിന്റെ കൂടെ ഇറങ്ങി വരാനും എനിക്കു മനസ്സനുവധിക്കുന്നില്ല..”

“മോള് പോയി അച്ഛനെയും അമ്മയെയും വിളിച്ചിട്ട് വായോ. നമുക്ക് പരിഹാരമുണ്ടാക്കാവുന്ന പ്രശ്നങ്ങളെ ഉള്ളൂ”

അൽപസമയത്തിനു ശേഷം പല്ലവിയുടെ അച്ഛനും അമ്മയും സ്വീകരണമുറിയിലേക്കു കടന്നുവന്നു.

“പല്ലവിയുടെ അച്ഛനല്ലേ..ഞാൻ സുധ. ഇവിടെ ടൗണിലൊരു ബേക്കറി നടത്തുന്നുണ്ട്.എന്റെ മകൻ ജിതിനും പല്ലവിയും അഞ്ചുവർഷമായി പ്രണയത്തിലാണ്.ഞങ്ങളോട് നേരത്തെ കാര്യങ്ങളെല്ലാം അവൻ പറഞ്ഞിരുന്നു.

പല്ലവിമോൾക്ക് ഇപ്പോൾ വിവാഹാലോചനകൾ നോക്കി തുടങ്ങിയല്ലോ. നിങ്ങളോട് കുട്ടികളുടെ കാര്യം സംസാരിക്കാമെന്നു വിചാരിച്ചു വന്നതാണ്.”

“നിങ്ങൾ വന്നു സംസാരിച്ചതിനു സന്തോഷം പക്ഷേ ഞങ്ങളുടെ മോൾക്കൊരു പ്രണയവിവാഹം നടത്തി കൊടുക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്.പല്ലവിക്ക് ഒരു അനുജത്തി കൂടിയുണ്ട്. ചേച്ചി ഇങ്ങനെയൊരു കാര്യം ചെയ്തു വെച്ചാൽ അവൾക്കു നല്ലൊരു ആലോചന വന്നെന്നു വരില്ല.

അതുമാത്രമല്ല ഞങ്ങളുടെ കുടുംബക്കാരൊന്നും ഈ വിവാഹം അംഗീകരിക്കില്ല.അവരെയെല്ലാം വെറുപ്പിച്ച് ഇവളുടെ പ്രണയം അംഗീകരിക്കാൻ ഞങ്ങൾക്ക് സാധ്യമല്ല. ഞാനൊരു പഴയ ചിന്താഗതിക്കാരനാണ്.

നിങ്ങളെ പോലെ മക്കൾ ചെയ്യുന്ന കാര്യങ്ങൾക്കെല്ലാം കൂട്ടുനിൽക്കാനാവുന്നൊരു അച്ഛനല്ല. ക്ഷമിക്കണം. നിങ്ങൾക്ക് പോകാം..”

തുറന്നടിച്ച പോലെയുള്ള അച്ഛന്റെ സംസാരം കേട്ടപ്പോൾ പല്ലവിയുടെ കണ്ണുകൾ നിറഞ്ഞു വന്നൂ.

“പല്ലവിയുടെ അച്ഛൻ ഈ വിവാഹത്തിനു സമ്മതിക്കില്ലെന്നു അറിഞ്ഞുകൊണ്ടാണ് ഞാൻ വന്നത്. എന്റെ മോൻ ചെയ്യുന്ന കാര്യങ്ങൾക്കെല്ലാം കൂട്ടുനിൽക്കുന്ന അമ്മയാണ് ഞാൻ. മക്കൾ തെറ്റായ തീരുമാനങ്ങളിലേക്ക് പോകാറില്ലെന്ന വിശ്വാസം എനിക്കുണ്ട്.

ജിതിന് ജോലിയുണ്ട്. വരുമാനമുണ്ട്. പല്ലവിയെ വിവാഹം ചെയ്താൽ പൊന്നുപോലെ നോക്കുമെന്ന വാഗ്ദാനമൊന്നും ഞാൻ തരില്ല. പക്ഷേ പല്ലവി അവനൊപ്പം സുരക്ഷിതയായിരിക്കും സന്തോഷവതിയായിരിക്കും അതിൽ ഉറപ്പു തരാൻ എനിക്കാവും..”

“സ്വന്തം മകനെ കുറിച്ച് ഒരമ്മയ്ക്ക് കുറ്റം പറയാനാവില്ലാലോ. മക്കളെ പറ്റി ഇങ്ങനെയൊക്കെ തന്നെയല്ലേ എല്ലാവരും പറയുക..”

ജിതിന്റെ അമ്മയെ തന്റെ അച്ഛൻ പരിഹസിക്കുന്നതു പോലെയാണ് സംസാരിക്കുന്നതെന്നു പല്ലവിയ്ക്ക് മനസിലായി. അമ്മയിനി സംസാരിക്കാൻ നിൽക്കില്ലെന്നും ഇറങ്ങി പോയെക്കുമെന്നും അവൾക്കു തോന്നി.

എന്നാൽ പല്ലവിയുടെ ചിന്തകൾക്കു വിപരീതമായി അമ്മ വീണ്ടും സംസാരിക്കാനാരംഭിച്ചു.

“പല്ലവിയുടെ അച്ഛന് തെറ്റി. ജിതിനെ നിങ്ങൾക്കു മുൻപിൽ നല്ലവനായി ചിത്രീകരിക്കാനല്ല ഇത്രയും സംസാരിച്ചത്.

പല്ലവി എന്റെ മോളായി വരണമെന്നു അതിയായി ആഗ്രഹിക്കുന്നതുകൊണ്ടാണ്.

അച്ഛനെയും അമ്മയെയും വഞ്ചിച്ച് ജിതിനൊപ്പം ഇറങ്ങി വരാൻ തനിക്ക് സാധിക്കില്ലെന്നും എത്ര വർഷം കാത്തിരുന്നാലും തന്റെ അച്ഛന്റെ അനുവാധത്തോടെ മാത്രം കല്ല്യാണം നടക്കണമെന്നാണ് ആഗ്രഹമെന്നും ആദ്യമേ അവനോട് പറഞ്ഞ കുട്ടിയാണവൾ. സ്വന്തം വീട്ടുക്കാരോട് ആത്മാർത്ഥതയുള്ളവൾ.

എത്രയോ പെൺകുട്ടികൾ വീട്ടുക്കാർക്കുണ്ടാകുന്ന അപമാനത്തെ മറന്ന് ആർക്കെങ്കിലുമൊപ്പം ഇറങ്ങിപോകുന്നു.അതിൽ നിന്നെല്ലാം വ്യത്യസ്ഥമായി കുടുംബത്തോട് സ്നേഹവും ആത്മാർത്ഥതയും നിങ്ങളുടെ മകൾക്കുണ്ട്. അങ്ങനെയൊരു കുട്ടിയെ ഞങ്ങളുടെ വീടിന് മകളായി കിട്ടുന്നതു ഭാഗ്യമാണ്.

പല്ലവി അവളുടെ അച്ഛന്റെ വാക്കു ധിക്കരിച്ച് ഒരു കാരണവശാലും ജിതിനൊപ്പം വരില്ല.

അതാലോചിച്ചു നിങ്ങൾ പേടിക്കേണ്ട. മറ്റൊരു വിവാഹത്തിന് ആ കുട്ടി സന്തോഷത്തോടെ സമ്മതിച്ചു തരുമെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ.

പല്ലവിയുടെ ഇഷ്ടം മാത്രം നിങ്ങൾ നോക്കേണ്ട.എന്റെ മകനെ പറ്റി നന്നായി അന്വേക്ഷിച്ചിട്ടു ഈ വിവാഹത്തിന് സമ്മതിച്ചാൽ മതി..”

“ഞങ്ങൾ സമ്മതിച്ചാലും കുടുംബക്കാർ ഇതൊന്നും അംഗീകരിച്ചു തരില്ല. അവരെ വെറുപ്പിക്കാനാവുകയുമില്ല.ഞങ്ങളുടെ അഭിമാന പ്രശ്നമാണിത്..”

അച്ഛന്റെ സംസാരം ഒന്നു അയഞ്ഞതു കണ്ടപ്പോൾ പല്ലവിക്ക് അതിശയം തോന്നി.

“മറ്റൊരു വിവാഹം നിർബന്ധിച്ചു നടത്തികൊടുത്തിട്ട് ഈ കുട്ടിക്ക് നല്ലൊരു ജീവിതം കിട്ടിയില്ലെങ്കിൽ നിങ്ങൾ ഈ പറയുന്ന ബന്ധുകൾക്ക് അതിനു പരിഹാരമുണ്ടാക്കാനാകുമോസ്വന്തം മക്കളുടെ കാര്യത്തിൽ അച്ഛനമ്മമാർക്കാണ് അവസാന വാക്ക്. അതിനപ്പുറം മറ്റുള്ളവരുടെ വാക്കുകൾക്ക് അമിത പ്രാധാന്യം കൊടുക്കരുത്.

നിങ്ങളുടെ മക്കൾക്ക് എവിടെയാണ് സന്തോഷമെന്ന് നിങ്ങളേക്കാൾ മറ്റാർക്കാണറിയുക..”

“ജിതിന്റെ അമ്മ പറയുന്നത് ശരിയായിരിക്കാം പക്ഷേ പ്രണയ വിവാഹമാണെന്നു അറിഞ്ഞാൽ ആൾക്കാരെന്തു പറയുമെന്നോർത്താണ് നാണക്കേട് തോന്നുന്നേ..”

“പ്രണയം തെറ്റാവുന്നതെങ്ങനെയാടോ പരസ്പരം സ്നേഹിച്ചു ജീവിക്കുമ്പോഴല്ലേ നല്ലൊരു ദാമ്പത്യമുണ്ടാകുന്നത്.. അവർ രണ്ടു വീട്ടുക്കാർക്കും ഒരുവിധത്തിലും ദോഷവും വിഷമതകളും വരുത്താതെ അഞ്ചുവർഷം പ്രണയിച്ചു. രണ്ടാളും പഠിച്ച് നല്ലൊരു ജോലി വാങ്ങിച്ചു. ഇപ്പോൾ നമ്മുടെ അനുഗ്രഹത്തോടെ ഒന്നിക്കണമെന്ന് കുട്ടികൾ ആഗ്രഹിക്കുന്നു. ഇതൊക്കെയല്ലേ യഥാർത്ഥ പ്രണയം.നമ്മൾ അംഗീകരിക്കേണ്ട പ്രണയം..”

“ഉം..”

“നിങ്ങൾ ആലോചിച്ചിട്ടു എന്നെ വിളിക്കൂ.

പല്ലവിയ്ക്കായി ഞാനും എന്റെ വീടും കാത്തിരിക്കുകയാണ്. ഞാൻ ഇറങ്ങട്ടെ..”

“നിങ്ങൾക്കൊരു പെൺകുട്ടിയില്ലാത്തതു കാരണമാകും ഇത്ര നിസാരമായി സംസാരിച്ചു പോകാൻ സാധിക്കുന്നത്. പെൺമക്കളുണ്ടാവണം, എങ്കിലേ ഒരു അച്ഛന്റെ വേദന പറഞ്ഞാൽ മനസ്സിലാവൂ”

“മൂന്നു പെൺകുട്ടികളുടെ അമ്മയാണ് ഞാൻ.

അതിൽ രണ്ടുപേരുടെയും പ്രണയ വിവാഹമായിരുന്നൂ. ഞാൻ അവരോട് എതിർപ്പു കാണിച്ചില്ല. പകരം പഠിപ്പു കഴിഞ്ഞ് വിവാഹം നടത്താമെന്നു പറഞ്ഞൂ. അവർ പഠിച്ചു.ജോലി നേടി.

അതിനുശേഷം വിവാഹം നടത്തി കൊടുത്തൂ. പ്രണയവിവാഹം ആണെങ്കിലും വീട്ടുക്കാർ നടത്തി കൊടുക്കുന്നതാണെങ്കിലും അതിന്റെ ഭാവി നമുക്ക് പ്രവചിക്കാനാകുമോ. സ്വന്തമായി വരുമാനമുണ്ടാക്കാൻ ഞാനെന്റെ മക്കളെ പ്രാപ്തയാക്കി. നാളെ ജീവിതത്തിലൊരു പ്രശ്നമുണ്ടായാൽ നേരിടാൻ പഠിപ്പിച്ചു.

അച്ഛൻ മരിച്ചുപോയ നാലുമക്കളെ വളർത്തിയൊരു അമ്മയാണ് ഞാൻ. അതുകൊണ്ടു തന്നെ എന്റെ രണ്ടു പെൺകുട്ടികളുടെ പ്രണയവിവാഹമായതിന് ഒരുപാട് പഴികേൾക്കേണ്ടു വന്നിട്ടുണ്ട്.എന്റെ വളർത്തുദോഷമാണെന്നു പലരും പറഞ്ഞൂ. പക്ഷേ ഞാനെന്റെ മക്കൾക്കൊപ്പം നിന്നൂ.

മറ്റു മാതാപിതാക്കളുടെ വേദന എനിക്കു മനസിലാകും. അതുകൊണ്ടാണ് നിങ്ങളോട് സംസാരിക്കാൻ വന്നത്.

അൽപസമയത്തേക്കാണെന്നു പറഞ്ഞാണ് ബേക്കറിയിൽ നിന്നിറങ്ങിയത്. ഇനി വൈകിയാൽ പറ്റില്ല. ഞാൻ ഇറങ്ങട്ടെ.

പല്ലവി ധൈര്യായീട്ടിരിക്കൂ.അച്ഛനെ വേദനിപ്പിക്കുന്ന ഒരു വാക്കു പോലും ഇതിന്റെ പേരിൽ പറയാൻ ഇടവരരുത്. നിങ്ങൾ ആഗ്രഹിച്ച പോലെ കാര്യങ്ങൾ നടക്കുമെന്നു വിശ്വസിക്കൂ. അച്ഛനും അമ്മയും അംഗീകരിക്കുന്നതു വരെ ക്ഷമിക്കണം.അമ്മ പോവുകയാണ്.

എന്തു മനപ്രയാസം വന്നാലും എന്നെ വിളിക്കാം.

ജിതിന്റെ അമ്മയായി മാത്രം കരുതേണ്ട. എന്റെ മൂന്നു പെൺകുട്ടികൾക്കൊപ്പം മോളെയും ഞാൻ ഇതുവരെ കണ്ടിട്ടുള്ളൂ..”

അവർ പല്ലവിയുടെ നെറുകിൽ തലോടി.

പല്ലവിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നൂ.

“ശരി അമ്മേ.. ഞാൻ വിളിക്കാം..”

“മോളെ ഒരിക്കൽകൂടി പറയുകയാണ്. അച്ഛന് കാര്യങ്ങൾ മനസിലാക്കാനും ഉൾക്കൊള്ളാനുമുള്ള സമയം നീ കൊടുക്കണം. വീട്ടിൽ പ്രശ്നങ്ങളൊക്കെ ഉണ്ടായേക്കാം. അതിന്റെ പേരിൽ ജോലിക്കു പോകാതെ ലീവെടുക്കാനോ ജോലി കളയാനോ നിൽക്കരുത്. നിന്നെ അച്ഛൻ പഠിപ്പിച്ചത് അതിനു വേണ്ടിയല്ല.

പല്ലവിയെ കാണാൻ ജിതിൻ ജോലി സ്ഥലത്തേക്ക് വരുമെന്നു വിചാരിച്ച് ഈ കുട്ടിയെ വീട്ടിലിരുത്തരുത്. അവൻ വരില്ല. ഞാൻ ഇറങ്ങട്ടെ മോളെ..”

“ഉം..”

“ജിതിനെ പറ്റി എനിക്കൊന്നും അറിയില്ല. ഞാൻ അന്വേക്ഷിക്കട്ടെ.അതിനു ശേഷം തീരുമാനം അറിയിക്കാം.പക്ഷേ പെൺകുട്ടിയുടെയും അവളുടെ വീട്ടുക്കാരുടെയും മനസ്സും വിഷമതകളും മനസ്സിലാക്കുന്ന നിങ്ങളെ പോലെയൊരു അമ്മയ്ക്കൊപ്പം എന്റെ മോളുടെ ജീവിതം സുരക്ഷിതമാണെന്ന് എനിക്ക് ഉറപ്പായി. അടുത്ത ദിവസം തന്നെ അയാളെ കൂട്ടി നിങ്ങൾ വരൂ. ബാക്കിയെല്ലാം അതിനു ശേഷം തീരുമാനിക്കാം..”

പ്രതീക്ഷിക്കാതെയുള്ള അച്ഛന്റെ സംസാരം കേട്ടപ്പോൾ പല്ലവിയുടെ മുഖത്ത് അതിയായ സന്തോഷം പ്രകടമായി. അവൾ നിറകണ്ണുകളോടെ അമ്മയുടെ കൈകളിൽ മുറുകെ പിടിച്ചു.. അമ്മ പുഞ്ചിരിച്ചുകൊണ്ടു അവളെ തന്നോട് ചേർത്തു നിർത്തി നെറുകയിൽ തലോടി.

“ഞങ്ങൾ ഉടനെ തന്നെ വരാം. നമ്മുടെ മക്കളുടെ സന്തോഷം നടത്തി കൊടുക്കാനാകുമെന്നാണ് എന്റെയും പ്രതീക്ഷ. ഇപ്പോൾ ഞാൻ ഇറങ്ങട്ടെ..”

കാറിൽ കയറി പോകുന്ന ജിതിന്റെ അമ്മയെ നോക്കി പല്ലവി പുഞ്ചിരിച്ചൂ.

അമ്മ അങ്ങനെയാണ്. ഒരുപാട് പ്രകടനങ്ങളില്ല സ്നേഹം ചൊരിയുന്ന വാക്കുകളില്ല. പക്ഷേ ആത്മാർത്ഥതയോടെ മാത്രമേ ഓരോ വാക്കും പറയുകയുള്ളൂ. ഈ ടൗണിലെ തന്നെ ഏറ്റവും തിരക്കുള്ള ബേക്കറി ഉടമയാണ്. സാമ്പത്തികം കൊണ്ട് ഞങ്ങളെക്കാൾ ഒത്തിരി മുന്നിൽ നിൽക്കുന്നവർ.

പക്ഷേ പണത്തിന്റെയോ പ്രൗഢിയുടെയോ അഹങ്കാരം അമ്മയ്ക്കില്ല. ആ അമ്മയുടെ മകനും ഇല്ല. അതാണല്ലോ തനിക്കു വേണ്ടി ഇവിടെ വരെ വന്നതും സംസാരിച്ചതും.

നമ്മളെ മനസ്സിലാക്കാനും, അംഗീകരിക്കാനും ഹൃദയത്തോടു ചേർത്തു നിർത്താനും ഇങ്ങനെ ചിലരുണ്ടാകുമ്പോൾ ജീവിതം എത്ര മനോഹരമാണ്..!!

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Aparna Nandhini Ashokan


Comments

Leave a Reply

Your email address will not be published. Required fields are marked *