ഇവൻ നിന്റെ ആരാ… ആ നിൽപ്പ് കണ്ടാലറിയാം നിങ്ങൾ തമ്മിൽ എന്താണെന്ന്…

രചന : Bindu G

വളർത്തുദോഷം

❤❤❤❤❤❤

എന്തൊരു ഇരിപ്പാണെന്റെ ജാനകിക്കുട്ടീ ഇത്…..

കൈമുട്ട് വെച്ച് തന്റെ തലക്കിട്ട് ഒന്നു തോണ്ടി ഒരു മൂളിപ്പാട്ടും പാടി ഒരു കയ്യിൽ വെള്ളവും മറുകയ്യിൽ തീറ്റയുമായി ലൗബേർഡ്സിന്റെ കൂടിനരികിലേക്കു നീങ്ങുന്ന മകളെ അവർ കണ്ണിമയ്ക്കാതെ നോക്കി.

സിറ്റൗട്ടിൽ നിന്നുള്ള ഒതുക്കിൽ തൂണും ചാരി ഇരിക്കുകയായിരുന്നു ജാനകി. മനസ്സിലാകെ വേവലാതി ആയിരുന്നു.

സ്വീകരണമുറിയിലെ സെറ്റിയിൽ കിടന്ന് ടിവി ചാനലുകൾ മാറ്റി കൊണ്ടിരിക്കുന്ന മിഥുനെ അവർക്ക് കാണാം. അന്നത്തെ ആക്സിഡന്റിൽ വിജയേട്ടൻ മരിക്കുമ്പോൾ മിഥുന് പതിനാലു വയസ്സും മീനാക്ഷിക്ക് എട്ടു വയസ്സുമാണ് പ്രായം.

പിന്നീടങ്ങോട്ട് ഒരുപാട് കഷ്ടപ്പെട്ടു ഈ മക്കളെ വളർത്തി ഇവിടം വരെ എത്തിക്കാൻ. നീണ്ട പത്ത് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.

ഇപ്പോൾ ആറുമാസം മുമ്പ് മോന് ജോലി ആയി കഴിഞ്ഞതിനു ശേഷമാണ് തനിക്ക് ശ്വാസം ഒന്ന് നേരെ വിടാൻ പറ്റിയത്. എന്നിട്ടും ഇന്നലെ കൂടിയ കുടുംബക്കാരുടെയും ബന്ധുക്കളുടെയും ഒക്കെ മുമ്പിൽ തലയും താഴ്ത്തി നിൽക്കേണ്ടി വന്നു.

തന്റെ വളർത്തു ദോഷം കൊണ്ടാണ് എന്ന കുറ്റപ്പെടുത്തൽ ഒളിഞ്ഞും തെളിഞ്ഞും കേൾക്കേണ്ടി വന്നു. പക്ഷേ അതിലൊന്നും തനിക്ക് സങ്കടം ഇല്ല.

അച്ഛനില്ലാത്ത തന്റെ മോളുടെ ഭാവി ഇനി എന്താവും എന്നതോർത്തിട്ടുള്ള വേവലാതിയേ ഉള്ളൂ.

എന്റെ പൊന്നമ്മയ്ക്ക് എന്നോടുള്ള പിണക്കം മാറിയില്ലേ ഇതുവരെ… മീനു വന്ന് ജാനകിയുടെ അരികിലിരുന്ന് കഴുത്തിലൂടെ കയ്യിട്ട് തോളിലേക്ക് തലചായ്ച്ചു. അവൾക്കറിയാം അമ്മയ്ക്കും ഏട്ടനും തന്നോട് പിണക്കമല്ല സങ്കടമാണെന്ന്. അവർക്കു മാത്രമല്ല തനിക്കുമുണ്ട് സങ്കടം പുറത്തു കാണിക്കുന്നില്ല എന്നേയുള്ളൂ. ഇഷ്ടപ്പെട്ടു വരികയായിരുന്നു അവനെ. സ്നേഹിച്ചു തുടങ്ങിയിരുന്നു. അവനും ഒത്തുള്ള ജീവിതം സ്വപ്നം കണ്ടു തുടങ്ങിയിരുന്നു. അതിനിടയിലാണ് കല്യാണത്തിന് വെറും ഒരു ആഴ്ച മാത്രമുള്ളപ്പോൾ എല്ലാം ഇന്നലെ അവസാനിച്ചത്.

******************

കഴിഞ്ഞ ഒരാഴ്ചയായി നടന്ന സംഭവങ്ങൾ വീണ്ടും അവളുടെ മനസ്സിലേക്ക് ഓടി വന്നു. എക്സാമിന് തന്നെ കൊണ്ടുപോകാൻ അമൽ വന്നപ്പോൾ സന്തോഷമായിരുന്നു മനസ്സു നിറയെ. നിശ്ചയം കഴിഞ്ഞിട്ട് രണ്ടാഴ്ച ആയെങ്കിലും ആദ്യമായിട്ടായിരുന്നു അവന്റെ കൂടെ ഉള്ള ഒരു യാത്ര.

കോളേജ് ഗേറ്റിനു മുമ്പിലെ ഗുൽമോഹറിന് ചുവട്ടിൽ നിർത്തിയ കാറിൽ നിന്നിറങ്ങുമ്പോൾ അവൾ തന്റെ ഹാൻഡ്ബാഗും ഫോണും എല്ലാം സീറ്റിൽ തന്നെ വെച്ചു. എക്സാം കഴിഞ്ഞാൽ പെട്ടെന്ന് വരാട്ടോ എന്ന് പറഞ്ഞ് നടന്നകലുമ്പോൾ കൈവീശി കാറിൽ ചാരി നിൽപ്പുണ്ടായിരുന്നു അവൻ.

എക്സാം കഴിഞ്ഞപ്പോൾ ഫ്രണ്ട്സിനെ ഒന്നും കാത്തുനിൽക്കാതെ ഓടി വരികയായിരുന്നു മീനു. കാർ ഓടിത്തുടങ്ങുമ്പോൾ അവൾ ശ്രദ്ധിച്ചു അവന്റെ മുഖത്ത് ഒരു മുറുക്കം.

ഒറ്റയ്ക്കിരുന്നു മുഷിഞ്ഞതിന്റെതേവാം എന്ന് അവൾ സമാധാനിച്ചു. കുറെ ദൂരം പിന്നിട്ടിട്ടും അവൻ ഒന്നും സംസാരിക്കാതെ ഇരുന്നപ്പോൾ അവൾക്കെന്തോ ഒരു വീർപ്പുമുട്ടൽ.

എന്തുപറ്റി?…..കാത്തിരുന്നു മുഷിഞ്ഞോ?….

ഒടുവിൽ അവൾ തന്നെ മൗനം ഭേദിച്ചു.

ക്രൂദ്ധമായ ഒരു നോട്ടമായിരുന്നു അവന്റെ മറുപടി. അവൻ അവളുടെ ഫോൺ എടുത്ത് ഒരു ഫോട്ടോ കാണിച്ചു. താനും തങ്ങളുടെ പ്ലസ് ടു ബാച്ചിലെ ലിജോ കുര്യനും നിൽക്കുന്ന സെൽഫി.

കഴിഞ്ഞാഴ്ച നീതുവിന്റെ കല്യാണത്തിന് എല്ലാവരും ഒത്തുകൂടിയപ്പോൾ എടുത്തതാണ്. ഇതിലെന്താ ഇത്ര പ്രത്യേകത അവൾക്കൊന്നും മനസ്സിലായില്ല.

അവൾ അമ്പരപ്പോടെ ചോദ്യഭാവത്തിൽ അവന്റെ മുഖത്തേക്ക് നോക്കി.

ഇവൻ നിന്റെ ആരാ?…. ആ നിൽപ്പ് കണ്ടാലറിയാം നിങ്ങൾ തമ്മിൽ എന്താണെന്ന്….

അയ്യോ ഇതെന്റെ ക്ലാസ്മേറ്റ് ലിജോ…

ഞാൻ പറഞ്ഞില്ലായിരുന്നോ നീതുവിന്റെ കല്യാണത്തിന് പോകുന്ന കാര്യം…

അന്നെടുത്തതാണ്….. പേടിപ്പിച്ചു കളഞ്ഞല്ലോ…. അവൾ അവന്റെ കൈത്തണ്ടയിലൊന്നു നുള്ളി.

അമൽ തന്നെ ഒന്ന് പേടിപ്പിച്ചതാണ്. ഇന്നത്തെ കാലത്ത് ഇത്തരം സൗഹൃദങ്ങൾ മനസ്സിലാക്കാൻ പറ്റാത്തതല്ലല്ലോ… ഒരു ആൺകുട്ടിയും പെൺകുട്ടിയും ഫ്രീ ആയിട്ട് ഒന്ന് അടുത്ത് ഇടപഴകിയാൽ ഒന്നിച്ച് ഒരു ഫോട്ടോ എടുത്താൽ അതിൽ മറ്റു ബന്ധങ്ങൾ ഒന്നും ഉണ്ടാവില്ല എന്ന് ആർക്കാണറിയാത്തത്.

പക്ഷേ അവന്റെ മുഖത്ത് നോക്കിയപ്പോൾ അവൾക്ക് എന്തോ പന്തികേട് തോന്നി. അവൾ എത്ര ആണയിട്ട് പറഞ്ഞിട്ടും അവന്റെ മുഖം തെല്ലും അയഞ്ഞില്ല. വീടെത്തും വരെ പിന്നെ രണ്ടാളും സംസാരിച്ചില്ല

ഗേറ്റിനു വെളിയിൽ വണ്ടി നിർത്തിയപ്പോൾ അവൾക്ക് വീണ്ടും അമ്പരപ്പായി.. ഇങ്ങനെ ഒന്നും ചെയ്യല്ലേ….. പ്ലീസ്‌…..ഒന്നുമില്ല… വെറുതേ ഓരോന്നാലോചിക്കല്ലേ…. എനിക്ക് പേടിയാ…..

അവൾ അവനെ നോക്കി കെഞ്ചി.

ഇറങ്ങ്…. അവന്റെ ശബ്ദം കനത്തിരുന്നു.

പിറ്റേന്ന് ലിജോ ഏട്ടനെ വിളിച്ചപ്പോഴാണ് താൻ ശരിക്കും ഞെട്ടിയത്. ഏട്ടന് താനും ലിജോയും ആയുള്ള സൗഹൃദം അറിയാവുന്നതു കൊണ്ട് കുഴപ്പമില്ല. തന്നോടുള്ളതിനേക്കാൾ അടുപ്പം ലിജോയ്ക്ക് ഏട്ടനോടുണ്ട്. അമൽ ലിജോയെ അന്വേഷിച്ച് ചെന്നിരുന്നു എന്നും കുറെ ദേഷ്യപ്പെട്ടു എന്നൊമൊക്കെ പറഞ്ഞപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല അവൾക്ക്.

തലേദിവസം നടന്ന കാര്യങ്ങൾ അമ്മയോടും ഏട്ടനോടും പറഞ്ഞിരുന്നില്ല അവൾ. വെറുതെ അവരെക്കൂടി വിഷമിപ്പിക്കേണ്ടല്ലോ എന്നുകരുതി. ഇനി മറച്ചു വെച്ചിട്ട് കാര്യമില്ല. അവൾ നടന്നതൊക്കെ അമ്മയോടും ഏട്ടനോടും പറഞ്ഞു. കൂട്ടത്തിൽ ഒന്നുകൂടി പറഞ്ഞു. അപ്പോൾ അവളുടെ സ്വരം ഉറച്ചിരുന്നു .

ഇതു ശരിയാവില്ല ഏട്ടാ… ഇപ്പോഴേ ഇങ്ങനെ സംശയം ആയാൽ…. ജീവിതം തുടങ്ങിയിട്ട് പോലുമില്ല അതിനുമുമ്പ്…. എനിക്ക് വയ്യ പേടിയാവുന്നു…. നമുക്കിത് വേണ്ട ഏട്ടാ….

ഇത്തവണ പക്ഷേ അമ്മയാണ് ഞെട്ടിയത്. അവൾ തീരുമാനിച്ചു കഴിഞ്ഞിരുന്നു. ഏട്ടനും.

പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു.

കുടുംബക്കാർ പ്രശ്നം ഏറ്റെടുത്തു.

അങ്ങോട്ടുമിങ്ങോട്ടും കുറ്റപ്പെടുത്തലുകളും പഴിചാരലുകളും. ഒടുവിൽ എത്തി നിന്നത് വിവാഹ നിശ്ചയത്തിന് അണിഞ്ഞ മോതിരം തിരികെ കൊടുക്കലിലായിരുന്നു.

*****************

അവൾ എഴുന്നേറ്റു. അമ്മയെയും പിടിച്ചെഴുന്നേൽപ്പിച്ചു. ഏട്ടന്റെ അടുത്തേക്ക് ചെന്നു….

ഏട്ടാ ഞാൻ ഒരു കാര്യം പറയട്ടെ… ഏട്ടനും അമ്മയും സമ്മതിക്കണം… എനിക്ക് കോഴ്സ് കംപ്ലീറ്റ് ചെയ്യണം. ഉടനെ ഒന്നും ഇനി ഒരു കല്യാണത്തിന് എന്നെ നിർബന്ധിക്കരുത്. എന്റെ കാര്യം ഓർത്ത് നിങ്ങൾ സങ്കടപ്പെടുകയും ചെയ്യരുത്. ആദ്യം പഠിത്തം പിന്നെ ഒരു ജോലി അതിനുശേഷം മതി കല്യാണം. ഇത് ഞാൻ മുൻപും പറഞ്ഞിട്ടുള്ളതാണ് ഇനിയെങ്കിലും എന്നെ അതിന് സമ്മതിക്കണം. ഏട്ടൻ എനിക്ക് വാക്ക് തരണം.

അതെങ്ങിനെയാ മോളെ… ഇവന്റെ കാര്യം കൂടി നോക്കണ്ടേ… നിന്നെക്കാൾ ആറ് വയസ്സിന് മൂത്തതാണ് ഇവൻ. നിന്റെത് കഴിഞ്ഞിട്ട് വേണ്ടേ അവന്റേത്….

അമ്മ എന്താ ഈ പറയുന്നത്… എനിക്കുവേണ്ടി എന്തിനാ ഏട്ടന്റെ കാര്യം മാറ്റിവെക്കുന്നത്?..

അവൾക്ക് പെട്ടെന്ന് അരുണയെ ഓർമ്മവന്നു.

അരുണേച്ചി പാവം എത്രയായി കാത്തിരിക്കുന്നു.

അമ്മാവന്റെ മകളാണ് അരുണ. മിഥുനും അരുണയും തമ്മിൽ ഇഷ്ടത്തിലാണ്. രണ്ടു വീട്ടുകാരും ഏകദേശം പറഞ്ഞുറപ്പിച്ചു വച്ചിരിക്കുന്നതാണ്.

ഇനി അത് വൈകിക്കൂടാ.

മീനു ജാനകിയുടെ നേരെ തിരിഞ്ഞു. അരുണേച്ചിയെ എത്രയും പെട്ടെന്ന് ഇങ്ങോട്ട് കൂട്ടണം… മാത്രമല്ല കുറച്ചുകാലം നാത്തൂൻപോരൊക്കെ എടുത്ത് ഒന്ന് പതം വരുത്തിയിട്ടൊക്കെ വേണം എനിക്ക് ഇവിടുന്ന് പോകാൻ…. അവൾ മുഖത്ത് ഗൗരവം വരുത്തി.

എടീ…. നിന്നെ ഞാൻ…. മിഥുൻ അവൾക്ക് നേരെ കൈയ്യൊങ്ങിക്കൊണ്ടടുത്തു.

അമ്മേ ദേ ഈ ഏട്ടൻ…. അവൾ ഓടി അമ്മയുടെ പിറകിൽ ഒളിച്ചു. ചിരിച്ചുകൊണ്ട് അവൾക്കുനേരെ കൈയ്യോങ്ങി അടുക്കുന്ന അവനെ അവർ തടഞ്ഞു. ജാനകിയും അപ്പോൾ ഉള്ള് തുറന്നു ചിരിക്കുകയായിരുന്നു. രണ്ടുപേരും അവരെ കെട്ടിപ്പിടിച്ചു. കവിളിൽ ഒരോ മുത്തം കൊടുത്തു.

അവരുടെ മനസ്സപ്പോൾ കാറും കോളും നീങ്ങിയ ആകാശം പോലെ തെളിമയാർന്നിരുന്നു.

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Bindu G