നാണമില്ലേ ഡീ നിനക്ക്, ഇങ്ങനെയൊക്കെ ചുറ്റിക്കളിക്കു നടക്കാൻ…

രചന : ഉണ്ണി കെ പാർത്ഥൻ

പറയുവാനിനിയുമേറേ..

❤❤❤❤❤❤❤

“വല്ല ലോഡ്ജിലും പോയി റൂം എടുത്തു കാര്യം നടത്താതേ നടുറോഡിൽ കാറിൽ എന്താ രണ്ടിന്റെയും പരിപാടി…”

കാറിന്റെ ചില്ലിൽ ആഞ്ഞിടിച്ചു കൊണ്ട് ആരുടെയോ അലർച്ച കേട്ട് പ്രിയങ്കയും ജിത്തുവും ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി..

“എന്താ.. എന്താ ചേട്ടന്മാരേ പ്രശ്നം…”

ജിത്തു അവരേ നോക്കി ചോദിച്ചു..

“അല്ല… ഇമ്മാതിരി പരിപാടി ഇവിടെ നടക്കില്ല അത്രന്നെ..”

കൂട്ടത്തിലേ ഒരു മധ്യവയസ്കൻ അവരേ നോക്കി പറഞ്ഞു..

“എന്ത് പരിപാടി ചേട്ടാ..”

അന്ധാളിപ്പോടെ പ്രിയങ്ക അവരോട് ചോദിച്ചു..

“ഓ.. ഒന്നുമറിയില്ല.. പുണ്യാളത്തിക്ക്..”

വഷളൻ ചിരി ചിരിച്ചു കൊണ്ട് കൂട്ടത്തിൽ ഉള്ള വേറൊരു ചെറുപ്പക്കാരൻ പ്രിയങ്കയേ ചൂഴ്ന്നു നോക്കി കൊണ്ട് പറഞ്ഞു..

നടു റോഡിൽ വിവസ്ത്രയായ പോലേ തോന്നി അയ്യാളുടെ നോട്ടം കണ്ട് പ്രിയങ്കക്ക്…

“ചേട്ടന്മാർക്ക് എന്താ അറിയേണ്ടത്.. ഞങ്ങൾ കാറിൽ എന്ത് ചെയ്യുന്നതാ നിങ്ങൾ കണ്ടത്..”

ജിത്തു അവരേ നോക്കി ചോദിച്ചു..

“നേരം കൊറേ ആയിലോ.. കാറിനുള്ളിൽ രണ്ടാളും കൂടി അടച്ചിട്ട്…”

പാതിയിൽ നിർത്തി അയ്യാൾ..

“അതിന് ഇപ്പൊ എന്താ ചേട്ടാ.. അമ്മയും മോനും എന്തേ ഇങ്ങനെ ഇരിക്കാൻ പാടില്ലേ..”

ജിത്തുവിന്റെ ശബ്ദം വല്ലാതെ കനത്തിരുന്നു…

“ഉവ്വേ.. ഒരു അമ്മേം മോനും വന്നേക്കുന്നു..

നാണമില്ലേ ഡീ നിനക്ക്.. ഇങ്ങനെയൊക്കെ ചുറ്റിക്കളിക്കു നടക്കാൻ…”

കൂട്ടത്തിൽ ഒരാൾ പ്രിയങ്കയേ നോക്കി ചോദിച്ചു…

അയ്യാളുടെ ചോദ്യം കേട്ട് പ്രിയങ്കയുടെ നെഞ്ചിലേക്ക് ഒരു പിടച്ചിൽ ആഞ്ഞിറങ്ങി..

ദയനീയമായ മുഖത്തോടെ പ്രിയങ്ക ജിത്തുവിനെ നോക്കി..

പ്രിയങ്കയുടെ മുഖം കണ്ട് ജിത്തുവിന്റെ ഉള്ളു പിടഞ്ഞു..

“നാണമില്ലേ തനിക്കു ഇങ്ങനെയൊക്കെ സംസാരിക്കാൻ.. ഇതെന്റെ അമ്മയാണ്..

അതൊന്നും നിങ്ങളേ ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല..

കൊറേ സദാചാരക്കാർ വന്നിരിക്കുന്നു…”

ജിത്തു അയ്യാളെ നോക്കി പറഞ്ഞു..

“ഉവ്വ്.. ഇതൊക്കെ ഞങ്ങൾ കൊറേ കണ്ടിട്ടുണ്ട് മോനേ.. ഇമ്മാതിരി ഉഡായിപ്പ് പിടിച്ചു കഴിഞ്ഞാൽ.. പിന്നെ അവൾ അനിയത്തിയാകും..

ചേച്ചിയാകും… കാമുകിയാകും.. ദേ.. ഇപ്പൊ അമ്മയുമായി…”

അയ്യാൾ പറഞ്ഞു തീരും മുൻപേ പ്രിയങ്കയുടെ വലതു കൈ അയ്യാളുടെ കവിളിൽ പതിച്ചു..

“ചെറ്റേ.. അനാവശ്യം പറയുന്നതിന് ഒരു പരിധിയുണ്ട്.. നീയൊക്കെ എത്ര പെട്ടന്നാടാ ഞങ്ങളേ മറ്റേ രീതിയിൽ കണ്ടത്.. വരുന്ന വഴി കാർ കേടായി… വഴിയിൽ പെട്ട് പോയി… എന്താ ഇങ്ങനെ ഇവിടെ കിടക്കുന്നത്.. എന്തേലും സഹായം വേണോ എന്ന് ചോദിക്കുന്നതിന്നു പകരം..

നീയൊക്കെ ആദ്യമേ എന്തൊക്കെയായാടാ ചിന്തിച്ചു കൂട്ടിയത്..

അതും സ്വന്തം മോനു മുന്നിൽ എന്നെ നീയൊക്കെ കൂടി..”

പറഞ്ഞു മുഴുമിപ്പിക്കും മുന്നേ പ്രിയങ്കയുടെ വലതു കൈ ഒരു വട്ടം കൂടി അയ്യാളുടെ കവിളിൽ ആഞ്ഞു പതിച്ചു..

“ധൈര്യമുണ്ടേൽ തിരിച്ചടിക്ക്… കാണട്ടെ.. നിങ്ങളുടെ..”

പാതിയിൽ നിർത്തി കിതപ്പോടെ പ്രിയങ്ക അവരെ നോക്കി..

കൂട്ടത്തിൽ ഉള്ള ചിലർ വേഗം അവിടന്ന് പിൻ വലിഞ്ഞു…

“ഡാ..”

തിരിഞ്ഞു നടന്ന ഒരാളുടെ പിന്നാലേ ഓടി ചെന്ന് പ്രിയങ്ക അയ്യാളുടെ ഷർട്ടിൽ പിടിച്ചു..

“നീ ഇപ്പൊ റെക്കോർഡ് ചെയ്ത വീഡിയോ എവിടെഡാ..”

പ്രിയങ്കയുടെ പിടുത്തം അയ്യാളുടെ ഷർട്ടിൽ ഒന്നുടെ മുറുകി..

“ഇല്ല… ചേച്ചി.. ഞാൻ… എടുത്തില്ല..”

അയ്യാൾ വിക്കി കൊണ്ട് പറഞ്ഞു..

“മര്യാദക്ക്.. നീ ആ വീഡിയോ ഡിലിറ്റ് ചെയ്തോ.. അതെങ്ങാനും നീ പുറത്ത് വിട്ടാൽ നിന്റെ വീട്ടിൽ കേറി ഞാൻ..”

പാതിയിൽ നിർത്തി…

അയ്യാളെ കടുപ്പിച്ചു നോക്കി കൊണ്ട് പ്രിയങ്ക ഷർട്ടിലെ പിടുത്തം വിട്ടു..

അയ്യാൾ വേഗം മൊബൈലിൽ നിന്നും വീഡിയോ ഡിലിറ്റ് ചെയ്തു..

“അല്ല… നിങ്ങൾക്കൊക്കെ എന്തിന്റെ കഴപ്പ് മൂത്തിട്ടാ.. ഇങ്ങനെ വല്ലവന്റെയും കാര്യത്തിൽ കേറി ഇടപെടുന്നേ.. കൊറേ സദാചാരക്കാർ വന്നിരിക്കുന്നു.. ചെറ്റകൾ… ഒറ്റയെണ്ണത്തിനെ ഇനി എന്റെ കണ്മുന്നിൽ കാണരുത്.. പോടാ എല്ലാം..”

പ്രിയങ്ക അലർച്ച കേട്ട് എല്ലാരും വേഗം തിരിഞ്ഞു നടന്നു..

“കാർ നന്നാക്കാൻ എപ്പോ വരുമെടാ..”

തിരിഞ്ഞു നിന്നു കൊണ്ട് പ്രിയങ്ക ജിത്തുവിനെ നോക്കി ചോദിച്ചു..

“അവർ ഇപ്പൊ എത്തും അമ്മേ..”

ജിത്തു മറുപടി കൊടുത്തു…

പിന്നെ അമ്പരപ്പോടെ പ്രിയങ്കയേ നോക്കി..

“എന്തേഡാ.. ഇങ്ങനെ നോക്കുന്നത്.. ആദ്യമായി കാണുന്നത് പോലേ…”

“ഹേയ്… ഒന്നുല്ല.. അമ്മയേ ഇങ്ങനെ ഞാൻ കണ്ടിട്ടില്ല ലോ.. അതിന്റെ ഒരു പകപ്പ്.. അതാണ്..

എന്തൊക്കെ വാക്കുകൾ ആണ് അമ്മേ..

അമ്മയുടെ നാവിൽ നിന്നു വന്നത്..

ഇരുപത് വയസായി എനിക്ക്..

പക്ഷേ….

അമ്മയുടെ നാവിൽ നിന്നും അരുതാത്തതായ ഒരു വാക്ക് പോലും കേട്ടിട്ടില്ല..

പക്ഷേ.. ഇപ്പൊ.. ഇവിടെ നടന്നത് സ്വപ്നമാണോ എന്നാ ഞാൻ ആലോചിക്കുന്നത്…”

“എന്നിട്ട്…”

പ്രിയങ്ക ജിത്തുവിനെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു..

“എന്നാലും.. ഇതെങ്ങനെ അമ്മേ..”

“സാഹചര്യം.. അത് നമ്മേ പ്രതികരിക്കാൻ പ്രാപ്തരാക്കണം… ഇല്ലേ ചിലപ്പോൾ നമ്മൾ..

എല്ലാർക്കും മുന്നിൽ അപഹാസ്യരായി മാറും..

പ്രതീകരിക്കേണ്ട സമയം പ്രതികരിക്കുക തന്നേ വേണം മോനേ..”

പ്രിയങ്ക ജിത്തുവിനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞിട്ട് വീണ്ടും കാറിൽ കയറി ഡോർ അടച്ചു സീറ്റിലേക്ക് ചാരി…

ശുഭം…

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ഉണ്ണി കെ പാർത്ഥൻ