എന്റെ കുട്ടി പിഴച്ചവളാണ് എന്നോ….. ഏതവനാടാ ഇങ്ങനെ വായിൽ വരുന്നതൊക്കെ പറയുന്നേ

രചന : Indu Rejith

ദയ

❤❤❤❤❤❤

ശനിയാഴ്ച ശമ്പളവും വാങ്ങി വേഗത്തിൽ അവർ ശേഖരൻ തട്ടാന്റെ ഒറ്റമുറി പീടികയിലേക്ക് നടന്നു…

പിൻകഴുത്തിലൂടെ ഒഴുകി ഇറങ്ങിയ വിയർപ്പ് തുള്ളികൾ ഒന്ന് പതുക്കെ പോ ശ്രീദേവി കൊച്ചേ എന്ന് കൂടെ കൂടെ പുലമ്പികൊണ്ടിരുന്നു….

ഭാഗ്യം കട പൂട്ടിയില്ല…

“അടയ്ക്കാറായോ ശേഖരേട്ട…..” ?

“അല്ല ആരിത് റേഷൻ കട ഇതല്ല ശ്രീദേവിയെ….

ഇത് സ്വർണക്കടയാ കാർഡ് നീട്ടിയാൽ ഇവിടുനൊന്നും കിട്ടില്ല…. സന്ധ്യക്ക് കടം പറഞ്ഞു വന്നതാണെങ്കിൽ എന്റെ വായിന്നു ചിലപ്പോൾ പ്രായത്തിന് ചേരാത്തത് എന്തെങ്കിലും വീണെന്നിരിക്കും..

“ഞാനൊരു വെള്ളിക്കൊല്ലുസ്സ് വാങ്ങാൻ വന്നതാ സ്വർണം ഒന്നും വേണ്ടാ…. പണം കൊണ്ട് വന്നിട്ടുണ്ട് കടം ഒന്നും പറയില്ല ശേഖരേട്ട….”

എങ്കിൽ ഏതാണ് വേണ്ടതെന്നു നോക്കിയെട്….

“ശ്ശെ….. മേലാകെ വിയർപ്പ് നാറുവാ ഞാൻ തിണ്ണയിലോട്ട് തരാം അവിടെ നിന്ന് മതി കച്ചവടം…..

അവർ രണ്ടടി പിറകിലേക്ക് നടന്നു….

മുന്നിലേക്ക് നീട്ടിയ പെട്ടിയിൽ നിറയെ ചേലുള്ള വെള്ളിക്കൊല്ലുസ്സുകൾ….. ഓരോന്നും അവർ കയ്യിലെടുത്തു ഭംഗി നോക്കി കൊണ്ടേയിരുന്നു….

“ഓഹ് ഇത് വല്ലതും നടക്കുമോ വെറുതെ മെനക്കെടുത്താൻ ഒന്ന് എടുത്തോണ്ട് പോ വേഗം ശ്രീദേവി…..”

“ഈ നിറയെ കിലുക്കമുള്ള കൊല്ലുസ്സിന് എത്രയാവും….”

“ആയിരം അടുക്കും അത്രേം ഉണ്ടോ നിന്റെ കൈയിൽ”……

കൂടുതൽ ഒന്നും ചിന്തിക്കാൻ നിന്നില്ല…. പിഞ്ഞിയ പേഴ്സിൽ നിന്നും ഉള്ളത് മുഴുവൻ ആ തിണ്ണയിലെ ബെഞ്ചിലേക്ക് കുടഞ്ഞിട്ടു….. നൂറ്റമ്പത് രൂപയുടെ കുറവുണ്ട് അത്‌ ഞാൻ അടുത്ത ആഴ്ച ഈ ദിവസം എത്തിച്ചേക്കാം….

“കടം ഇല്ലെന്നു ഞാൻ നേരത്തേ പറഞ്ഞതല്ലേ ശ്രീദേവി….”

അയാളുടെ നെറ്റി ചുളിഞ്ഞു….

“ഓരോരോ മാരണങ്ങൾ…..”

“എന്റെ മോള് ദയ പത്തു പാസ്സായി പള്ളിക്കൂടത്തിൽ അവളാ ഒന്നാമത്തെ മുടുക്കി….

അയൽപ്പക്കത്തുള്ളോരൊക്കെ അവരുടെ കുട്ട്യോൾക്ക് ഓരോന്ന് വാങ്ങി കൊടുക്കണ കാണുമ്പോൾ….

എന്തോ നെഞ്ചിൽ ഒരു ഭാരം…. അവള് ഒന്നും ആവശ്യപ്പെട്ടിട്ട് അല്ല…. എന്റെ ഒരു സന്തോഷം….

ഒഴിഞ്ഞ പാദവുമായിട്ട് അവള് മുന്നിൽ നിക്കുന്ന കാണുമ്പോളൊക്കെ മനസ്സിൽ ഓർത്തു വെച്ചതാ പത്തു കടക്കുമ്പോൾ ഇത്തരം ഒരെണ്ണം….എനിക്ക് ജീവനുണ്ടെങ്കിൽ ബാക്കി ഞാൻ വൈകിക്കില്ല ശേഖരേട്ട….ഇതിങ്ങു തന്നേക്ക്……

മനസ്സില്ലാ മനസോടെ അയാൾ അതെടുത്തൊരു വർണകടലാസ്സിൽ വെച്ചു…..

അല്ല ശ്രീദേവി നിന്റെ മോളെങ്ങനാ…..

എന്താ ശേഖരേട്ട അങ്ങനെ ചോദിക്കാൻ…..

അല്ല കൊച്ചു കുട്ട്യോൾക്കാണ് ഇമ്മാതിരി കിലുക്കം തൂക്കിയത് പൊതുവെ വാങ്ങി ഇടാറ്….

തന്തേടേം തള്ളേടേം കണ്ണും വെട്ടത്തൂന് മാറിയാലും കണ്ടു പിടിക്കാൻ…. അവളും ആ തരക്കാരി ആണെന്നു തോന്നുന്നല്ലോ… ഓടി പോയാൽ പിടിക്കാനാണോ ഇത്….. ഈ പ്രായത്തിലെ പെൺപുള്ളേരൊന്നും ഈ കിലുക്കത്തിൽ ഒന്നും നിക്കില്ല ശ്രീദേവി…. പിടിയനായ്ക്കായാലും ചങ്ങല ഇട്ടുനിർത്തുന്നതാ നല്ലത്….. പഠിത്തമൊക്കെ നിർത്തി എതെങ്കിലും ഒരുത്തന്റെ തലേൽ വെക്കുന്നതാ നല്ലത്…”

ഞാൻ ഇറങ്ങുവാ….. എന്റെ കുട്ടി പിഴയ്ക്കില്ല……പിഴച്ചാൽ ദാ ആ ആറ്റിൽ ചാടി ചാവും ഈ ശ്രീദേവി…. മറക്കണ്ട ശേഖരേട്ട…..

വാങ്ങിയത് തിരികെ ഏല്പിച്ചു നടക്കണമെന്നുണ്ടായിരുന്നു ദയയുടെ ഒഴിഞ്ഞ പാദത്തിൽ ഒരു വെല്ലിക്കൊലുസ് ഉമ്മ വെയ്ക്കുന്ന സ്വപ്നത്തെ കുറിച്ചോർത്തപ്പോൾ കാലുകൾ മുന്നിലേക്ക് വേഗത്തിൽ നടന്നു…..

രണ്ടു വളവു കഴിഞ്ഞപ്പോൾ ടോർച്ചും ചൂട്ടുമൊക്കെയായി തെക്കേലെ പിള്ളേരും മറ്റ് അയൽപ്പക്കത്തുള്ളൊരും ആറ്റിൻ കടവിൽ നിക്കുന്നു….

നീ ഇങ്ങു പോരെ ശ്രീദേവിയെ…… അവർക്കൊരു സംശയം അത്രേ ഉള്ളു…..

അരികിലെ ഇഞ്ചക്കാട്ടിൽ നിന്നു വടിയും കുത്തിപിടിച്ചു നിന്ന പാറു മുത്തി പറഞ്ഞു…..

കൊച്ചെന്തേ മുത്തിയെ….. ഇവരിത് ആരെയാ തിരയണെ….

“നിന്റെ പിഴച്ച വിത്തിനെ….തുഫ്ഫ്…..”

പ്രായം തികയുന്നതിനു മുൻപ് അവൾ…. എന്നിട്ട് നാട്ടുകാരെ ബോധിപ്പിക്കാൻ ആറ്റിൽ ചാടി നല്ലപിള്ള ചമഞ്ഞേക്കുന്നു….

രാവന്തിവരെ പണിയെടുത്തിട്ട് കൂര പറ്റാൻ സമ്മതിക്കില്ല ശവങ്ങൾ…. ഇവളെയൊക്കെ മുള്ളുമുരുക്കെ…..അല്ലേൽ എന്തിനാ ഞാനൊന്നും പറയുന്നില്ല…..

കൂടി നിന്നവരിൽ ആരുടെയോ നാവ് പറഞ്ഞു നിർത്തി….

എന്റെ കുട്ടി പിഴച്ചവളാണ് എന്നോ….. ഏതവന്റെ നാവാടാ വായിൽ വരുന്നതൊക്കെ തോന്നുമ്പടി വിളമ്പുന്നത്….. ഈ വയറ്റിൽ പിറന്നവളാ അവളെങ്കിൽ അവൾ പിഴയ്ക്കില്ല… എന്റെ കുഞ്ഞിന് ഇത് എന്ത് പറ്റിയെൻെറ ഈശ്വര……

തളർന്നു വീണ അവരെ ആരൊക്കെയോ വീട്ടിലെത്തിച്ചു……. തിരച്ചിലിനോടുവിൽ ദയയുടെ തണുത്ത് മരവിച്ച ശരീരം ആറ്റുവെള്ളത്തിൽ നിന്നും കരയ്ക്കടുപ്പിച്ചു..

നാണം കെട്ടവൾ കിടക്കുന്നത് കണ്ടില്ലേ……

സത്യമറിയാതെ ഒരു കൊച്ചു പെൺകുട്ടിയുടെ ശവശരീരത്തെ അപമാനിക്കരുത്…. അവൾ അങ്ങനെ ഒരു പെണ്ണല്ല എനിക്കറിയാം അവളെ…

ആ ശബ്ദത്തിന്റെ ഉടമയിലേക്ക് ടോർച്ചു വെട്ടം പതിഞ്ഞു…..

എങ്കിൽ നീ ഏറ്റെടുത്തോട….. പ്രായം തികയാത്ത അവളുടെ പിന്നാലെ മണത്തു നടക്കുന്നത് പലരും കണ്ടിട്ടുണ്ട്…. അല്ല ഒരിക്കൽ അടുത്തു കിട്ടിയതോടെ തീർന്നോ നിന്റെ കൗതുകം…..?

ആൾക്കൂട്ടം അവന് നേരെ തിരിഞ്ഞു..

“അതേ നടന്നിട്ടുണ്ട് അത് ഇത്തരത്തിൽ നേടാനായിരുന്നില്ല…..”

കാലമാകുമ്പോൾ അവളുടെ അമ്മയുടെ സമ്മതത്തോടെ കൈ പിടിക്കാനായിരുന്നു മോഹം…

ഒരിക്കൽ പോലും എന്നോടൊന്ന്‌ ഇഷ്ടത്തോടെ മിണ്ടിയിട്ടില്ല ആ കുട്ടി… പതിനഞ്ചു വയസ്സിന്റെ പക്വത അല്ല അവൾക്കുള്ളത്…. കൊച്ചു പെണ്ണിന്റെ പുറകെ നടന്നത് അവളുടെ ശരീരം മോഹിച്ചല്ല ആ മനസ്സിന്റെ പവിത്രത കണ്ടിട്ടാ…ആ അമ്മയെ ചതിക്കാൻ ആവാത്തത് കൊണ്ട് ആ അവളെ നിങ്ങളിങ്ങനെ കാര്യമറിയാതെ അപമാനിക്കുന്നത് കാണുമ്പോൾ സഹിക്കണില്ല…..

ദയ പിഴച്ചവളല്ല…….

നിനക്കൊരു പരുങ്ങൽ ഉണ്ടല്ലോടാ….. കൂടി നിന്നവർ മാറിമറിയവനെ കൈയേറ്റം ചെയ്യാൻ ഒരുങ്ങി മുന്നിലേക്ക് വന്നു……

ദയ പിഴച്ചവളല്ല അവൻ അലറി കരഞ്ഞു കൊണ്ടിരുന്നു…….

വഴിവക്കിലൊക്കെ അവളെ നോക്കി നടക്കണ ഒരു ഗതിം പരഗതിം ഇല്ലാത്ത ഒരുത്തന ഇതിനു പിന്നിലെന്നു പറയണ്…. നാട്ടിലെ ആണുങ്ങൾ അവനെ പേപ്പട്ടിയെ തല്ലണപോലെ മാറി പെരുമാറുവാ….. സത്യം അവര് പറയിച്ചോളും എന്തിനാ പോലീസ്…..

എന്നെ ആറ്റിൻകടവിൽ ഒന്ന് കൊണ്ടുപോകുമോ ആരെങ്കിലും….??

എന്തിന്….അവിടെ ആകെ തല്ലും പിടിയുമാ…..

എന്റെ മോളേ ഒന്ന് കാണാൻ…..

പറഞ്ഞു തീരും മുൻപ് കണാരൻ മുറ്റത്ത് കിതച്ചു വന്നു നിന്നു….

“ആ പയ്യൻ സമ്മതിച്ചു….. അവനാ…. കാര്യം കഴിഞ്ഞപ്പോൾ കൈ ഒഴിഞ്ഞു…..”

പോലീസിൽ ഏല്പിക്കാൻ ആള് പോയിട്ടുണ്ട്…..

ഒറ്റ ശ്വാസത്തിൽ അയാൾ അത്‌ പറഞ്ഞു കളഞ്ഞു….

എന്നാൽ പോയകാലമൊക്കെ തന്റെ കുഞ്ഞിനുള്ള അന്നം തേടി അലഞ്ഞു നടന്നവൾക്ക് അടിതെറ്റുന്നത് പോലെ……

എനിക്ക് ആറ്റിൻകടവിൽ ഒന്ന് പോണം എന്റെ മോളെ കൊന്നവനോട് ഒരു വാക്ക് ചോദിക്കണം എനിക്ക്……

നീയൊന്ന് സമാധാനിക്ക് ശ്രീദേവി…..

പറ്റില്ല്ലാ………..ഞാനിനി എന്തിനാ ജീവിക്കണേ… എന്നെ കൂടി കൊല്ലാൻ പറ അവനോട്…… നിന്നു കൊടുത്തോളം ഞാൻ….

മാസങ്ങൾക്ക് ശേഷം

❤❤❤❤❤❤❤❤

ഈ കാശ് തട്ടാൻ ശേഖരേട്ടന്റെ കടയിൽ ഒന്ന് കൊടുത്തേക്കുമോ ഗോപിക്കുട്ടാ….. ജോലിക്ക് ഒന്നും പോകാൻ കഴിയാത്തത് കൊണ്ട് കൈയിൽ കാശ് ഒന്നും വന്നില്ല…..

അതാ വൈകിച്ചത് എന്ന് പറയണം….പറഞ്ഞ വാക്ക് മാറ്റില്ല ഈ ശ്രീദേവി എന്നുകൂടി പറഞ്ഞേക്ക്….. ഒരിക്കലെങ്കിലും ഇതുമിട്ട് കിലുക്കി അവൾ കുളക്കടവിലൊക്കെ എന്റെ കൂടെ വരുമെന്ന് കുറേ സ്വപ്നം കണ്ടു വെറുതെ……

നമുക്കൊക്കെ സ്വപ്നം കാണാനേ യോഗമുള്ളൂ……

എല്ലാം കൊണ്ടുതുലച്ചില്ലേ…. എന്നെ തനിച്ചാക്കി എന്റെ പൊന്നുമോള് പോയില്ലേ…..

❤❤❤❤❤❤❤❤❤

ശ്രീദേവി അമ്മ തന്ന്‌വിട്ട കാശ് ആണ്…..

പറഞ്ഞ വാക്കൊന്നും മാറില്ല എന്ന് പറഞ്ഞേക്കാൻ പറഞ്ഞു……

അവൻ തിരികെ നടന്നപ്പോൾ ഒരു മാസം മുൻപുള്ള ആ ദിനം അയാളുടെ ഓർമയിൽ വന്നു….

ആ ഇളം ശരീരം….. അയാളെ ഭ്രാന്ത് പിടിപ്പിച്ച നിമിഷങ്ങൾ……വായിൽ തിരുകിയ തുണിയിലൂടെ അരിച്ചിറങ്ങിയ അവളുടെ നേർത്ത കരച്ചിൽ……. അന്ന് വൈകുന്നേരം ശ്രീദേവി കടയിൽ വന്നപ്പോൾ പരിഭ്രമം കാട്ടാതെയുള്ള തന്റെ പെരുമാറ്റം…..വഴിയേ പോയവനെ പെണ്ണുപിടിയൻ ആക്കാൻ കൂട്ടുന്നിന്ന അയാളുടെ ഉന്നത ബന്ധങ്ങൾ…..

മകളുടെ കാലന് അമ്മ കരമടച്ചു കടം തീർത്തു…. അയാൾ ഒന്ന് പൊട്ടിച്ചിരിച്ചു…..

ശ്രീദേവി ആറ്റിൽ ചാടിയെന്ന്‌ ശേഖരേട്ട…..

അപ്പോൾ അവൾ വാക്കിനു വ്യവസ്ഥ ഉള്ളവളു തന്നെ…..

റോഡിലൂടെ പോകുന്ന സ്കൂൾ കുട്ടികളുടെ ശരീരത്തെ തൊട്ടുതലോടി അയാളുടെ കണ്ണുകൾ നിർവൃതി നുകർന്നു…..

ശുഭം

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Indu Rejith