ആദ്യകാഴ്ചയിൽ തന്നെ അവളോട് അയാൾക്ക് ഒരിഷ്ടം തോന്നിത്തുടങ്ങിയിരുന്നു…

രചന : സജി തൈപ്പറമ്പ്.

മുന്തിരിങ്ങ കഴുകി മിക്സിയുടെ ജാറിലേക്കിടുമ്പോഴും അയാളുടെ നോട്ടം ബസ്സ്റ്റോപ്പിൽ നില്ക്കുന്ന അവളിലേക്കായിരുന്നു.

വേമ്പനാട്ട് കായലിൻ്റെ അരിക് ചേർന്ന് ബേക്കറി നടത്തുകയാണയാൾ ,

കഴിഞ്ഞ ഓഗസ്റ്റിലെ ജലോത്സവത്തിനാണ് ഇതിന് മുമ്പ് അവളെ അയാൾ അവസാനമായി കണ്ടത്

അന്നൊക്കെയവൾ ഹിജാബ് ധരിക്കാറില്ലായിരുന്നു, പകരം തല മുടി പാതിമറയുന്നൊരു ഷാളാണുണ്ടായിരുന്നത് ,

അവളുടെ വട്ട മുഖവും മുല്ലമൊട്ട് പോലെയുള്ള പല്ല് കാട്ടിയുള്ള ചിരിയുമായിരുന്നു അന്ന് ,തന്നെ അവളിലേക്കാകർഷിച്ചതെന്ന് അയാളോർത്തു.

ഒരു നിമിഷം അയാളുടെ ഓർമ്മകൾ ആറേഴ് മാസം പുറകിലേക്ക് പോയി,

അന്നൊരു കൂട്ടുകാരിയുമായിട്ടായിരുന്നു ജ്യൂസ് കുടിക്കാൻ ആദ്യമായവൾ തൻ്റെ കടയിലെത്തിയത്,

അവരുടെ വേഷത്തിൽ നിന്നും സംസാരത്തിൽ നിന്നും അവൾ ടൗണിലേതോ ടെക്സ്റ്റൈൽസിലാണ് ജോലി ചെയ്യുന്നതെന്നും അവളുടെ പേര് നിഷാന എന്നാണെന്നും അയാൾ മനസ്സിലാക്കിയിരുന്നു.

കായലിനക്കരെയുള്ള തുരുത്തിലെവിടെയോ ആയിരുന്നു അവളുടെ വീട്

ആദ്യകാഴ്ചയിൽ തന്നെ അവളോട് അയാൾക്ക് ഒരിഷ്ടം തോന്നിത്തുടങ്ങിയിരുന്നു, അത് വെറുമൊരിഷ്ടമല്ലെന്നും പ്രണയമായിരുന്നുവെന്നും അയാൾക്ക് മനസ്സിലായത് പിറ്റേ ദിവസം കൂട്ടുകാരിയോടൊപ്പം അവളെ കാണാതിരുന്നപ്പോൾ അയാളനുഭവിച്ച ഉത്കണ്ഠയിലൂടെയായിരുന്നു.

പിന്നെ രണ്ട് ദിവസത്തിന് ശേഷമായിരുന്നു അവൾ വന്നത് ,അന്നുമവൾ കൂട്ടുകാരിയോടൊപ്പം കടയിൽ ചെന്നു, അന്ന് കുറച്ച്‌ സ്നാക്സും വാങ്ങി അവൾ തിരിച്ച് പോയപ്പോൾ തൻ്റെ മനസ്സിലുണ്ടായിരുന്ന പ്രണയത്തെക്കുറിച്ച് അവളോട് തുറന്ന് പറയാതിരുന്നതിൽ അയാൾക്ക് നിരാശ തോന്നി.

ഇനി കാണുമ്പോൾ എന്തായാലും അവളോട് തൻ്റെ ഇഷ്ടം തുറന്ന് പറയണമെന്ന് അയാളുറപ്പിച്ചു

പിറ്റേന്ന് പെരുമ്പറ കൊട്ടുന്ന മനസ്സുമായി, അയാൾ അവളെ കാത്തിരുന്നു ,

അവളന്ന് ബസ് സ്റ്റോപ്പിലെത്തിയെങ്കിലും കടയിലേക്ക് ചെന്നില്ല, പക്ഷേ കൂട്ടുകാരി ചെന്നിട്ട് രണ്ട് ഉഴുന്ന് വട പാഴ്സല് ചോദിച്ചു

അയാൾ വാച്ചിൽ നോക്കിയപ്പോൾ, ടൗണിലേക്കുള്ള കീർത്തി ബസ്സ് വരാൻ ഇനി അഞ്ച് മിനുട്ട് കഷ്ടിച്ചേയുള്ളു

ഇപ്പോഴെങ്കിലും അവളോട് മനസ്സിലുള്ളത് തുറന്ന് പറഞ്ഞില്ലെങ്കിൽ താൻ ശ്വാസം മുട്ടി മരിക്കുമെന്ന് തോന്നിയത് കൊണ്ടാണ് ,

അയാൾ കടയിലിരുന്ന ഒരു തുണ്ട് കടലാസ്സിൽ തനിക്കവളെ ഇഷ്ടമാണെന്നും മറുപടി എന്ത് തന്നെയായാലും വൈകുന്നേരം തിരിച്ച് വരുമ്പോൾ പറയണമെന്നും എഴുതിയിട്ട് അവളുടെ കൂട്ടുകാരിയുടെ കൈയ്യിൽ ഉഴുന്ന് വടയോടൊപ്പം ആ ലൗ ലെറ്ററും കൊടുത്ത് വിട്ടത്

കൂട്ടുകാരി, അവൾക്ക് കത്ത് കൊടുക്കുന്നത് കണ്ട് അവളുടെ പ്രതികരണമെന്താണെന്നറിയാൻ നെഞ്ചിടിപ്പോടെ അയാൾ കാത്ത് നിന്നു.

പെട്ടെന്നാണ് നീട്ടി ഹോണടിച്ച് കൊണ്ട് കീർത്തി ബസ്സ് വന്ന് സ്റ്റോപ്പിൽ നിർത്തിയത് ,ഉടനെ തന്നെ ,കൂട്ടുകാരി അവളുടെ കൈക്ക് പിടിച്ച് വലിച്ചുകൊണ്ട് ബസ്സിലേക്ക് ചാടിക്കയറി ,അപ്പോഴേക്കും അവൾ താൻ കൊടുത്ത തുണ്ട് കടലാസ്സ് ,വായിക്കാതെ ബാഗിലേക്ക് തിരുകി വയ്ക്കുന്നത് കണ്ടപ്പോൾ അയാളുടെ അങ്കലാപ്പ് ഒന്ന് കൂടെ വർദ്ധിച്ചു

ഒരു പക്ഷേ അവളത് വായിച്ചിരുന്നെങ്കിൽ, അവളുടെ മുഖത്തെ എക്സ്പ്രഷനിലൂടെ അവളുടെ റിയാക്ഷൻ എന്താണെന്ന് മനസ്സിലാക്കാമായിരുന്നു ഇനിയിപ്പോൾ വൈകുന്നേരം വരെ കാത്തിരിക്കണമല്ലോ എന്നോർത്ത് അയാൾ അക്ഷമനായി.

വൈകുന്നേരം സ്‌റ്റോപ്പിൽ നിർത്തിയ ബസ്സിൽ നിന്നിറങ്ങിയ അവൾ തൻ്റെ കടയിലേക്ക് വരുന്നത് കണ്ട്, നെഞ്ചിടിപ്പോടെ അയാൾ നിന്നു.

അവൾ അടുത്തെത്തിയപ്പോൾ അവളുടെ മറുപടിക്കായി അയാൾ കാതോർത്തു.

ഇന്നലെ വീട്ടുകാർ, ഒരു ഗൾഫുകാരനുമായിട്ട് എൻ്റെ നിക്കാഹ് ഉറപ്പിച്ചു ,കല്യാണം കഴിഞ്ഞ് ഞാനും ഗൾഫിലേക്ക് പോകും ,പിന്നെ നമ്മൾ തമ്മിൽ കാണില്ല,ഇന്നും കൂടി ജോലിക്ക് പോയാൽ മതിയെന്നാണ് എന്നോടവർ പറഞ്ഞത് ,ഇയാളെന്നെ കാണാൻ തുടങ്ങിയിട്ട് ഒത്തിരി ദിവസമായില്ലേ ?

ഈ കത്ത് രണ്ട് ദിവസം മുമ്പ് തന്നിരുന്നെങ്കിൽ …

പറഞ്ഞ് വന്നത് പൂർത്തിയാക്കാതെ അവൾ പെട്ടെന്ന് തിരിച്ച് പോയപ്പോൾ അയാൾ തരിച്ച് നിന്ന് പോയി.

അതായിരുന്നു അവളുമായുള്ള അവസാന കൂടിക്കാഴ്ച ,അതിന് ശേഷം ഇന്നാണവളെ കാണുന്നത് അന്ന് കണ്ടതിലും അവളൊരുപാട് ക്ഷീണിച്ചിട്ടുണ്ട് പുറംതിരിഞ്ഞ് നില്ക്കുന്നത് കൊണ്ടും ഹിജാബ് ധരിച്ചിരിക്കുന്നത് കൊണ്ടും ബസ്സ് വരുന്നുണ്ടോ എന്നറിയാൻ ഇടയ്ക്കിടെ അവൾ ഇടത്തോട്ട് തിരിഞ്ഞ് നോക്കുമ്പോൾ അവളുടെ മുഖത്തിൻ്റെ പാതി മാത്രമേ അയാൾക്ക് കാണാൻ കഴിയുമായിരുന്നുള്ളു.

പ്രതീക്ഷിച്ച് നിന്ന ബസ്സ് വന്നയുടനെ അവളതിൽ കയറി പോയി

തൊട്ട് പിറകെ അവളുടെ കൂട്ടുകാരി പതിവ് പോലെ കടയിലേക്ക് കയറി വന്നു.

നിങ്ങടെ ചങ്ങാതി ഇപ്പോൾ ബസ്സിൽ കയറി പോയതേയുള്ളു

അയാൾ അവളോട് പറഞ്ഞു

അതേയോ? എന്നിട്ട് നിങ്ങളവളോട് സംസാരിച്ചോ?

ഇല്ല ,ഇങ്ങോട്ട് വന്നില്ല, ദൂരേന്ന് കണ്ടതേയുള്ളു,

അല്ല ആ കുട്ടി കല്യാണം കഴിഞ്ഞ് ഗൾഫിൽ പോകുമെന്ന് പറഞ്ഞതല്ലേ?

പിന്നെന്താ ഇത് വരെ പോകാതിരുന്നത്?

അയാൾ ആകാംക്ഷയോടെ ചോദിച്ചു.

അപ്പോൾ നിങ്ങളിത് വരെ അവളുടെ കഥകളൊന്നുമറിഞ്ഞില്ലേ?

ഇല്ല ,എന്ത് കഥകൾ?

അയാൾ ജിജ്ഞാസയോടെ അവളുടെ മുഖത്തേയ്ക്ക് നോക്കി

അവളുടെ ഭർത്താവ് ഇപ്പോൾ ഗാർഹിക പീഡന കേസിൽ റിമാൻഡിലാ ,അയാളുമായിട്ടുള്ള വിവാഹബന്ധം വേർപെടുത്താനുള്ള അപേക്ഷ പള്ളി കമ്മിറ്റിക്ക് മുൻപിൽ വച്ചിരിക്കുവാ

ങ് ഹേ സത്യമാണോ?

അത്ഭുതത്തോടെ അയാൾ ചോദിച്ചു

വിശ്വാസമായില്ലെങ്കിൽ അവൾ കുറച്ച് കഴിഞ്ഞ് തിരിച്ച് വരുമല്ലോ?അപ്പോൾ ചോദിച്ച് നോക്ക്

അത്രയും പറഞ്ഞ് കൂട്ടുകാരി പോയപ്പോൾ

എത്രയും പെട്ടെന്ന് നിഷാന തിരിച്ച് വന്നാൽ മതിയെന്നയാൾ ഒരുപാടാഗ്രഹിച്ചു.

ഉച്ചകഴിഞ്ഞ് വന്ന ജനതാ ബസ്റ്റിലായിരുന്നു അവൾ സ്റ്റോപ്പിൽ വന്നിറങ്ങിയത്

അവൾ കടത്ത് കടവിലേക്ക് നടക്കുന്നത് കണ്ട് അയാൾ വേഗം അവളുടെ അടുത്തേയ്ക്ക് ചെന്നു

നിഷാന ഒന്ന് നില്ക്കു

അയാളുടെ ശബ്ദം കേട്ടതും തിരിഞ്ഞ് നോക്കാതെ അവൾ തല കുനിച്ച് നിന്നു

തൻ്റെ കൂട്ടുകാരി പറയുമ്പോഴാ ഞാൻ കാര്യങ്ങളൊക്കെ അറിയുന്നത് ,അയാളുമായി വേർപിരിയുമെന്ന് ഉറപ്പുണ്ടെങ്കിൽ മറ്റാരെങ്കിലുമായി തൻ്റെ വിവാഹം ഉറപ്പിക്കുന്നതിന് മുമ്പ് ഞാൻ പറയുവാ,

എനിക്കിപ്പോഴും തന്നെ ഇഷ്ടമാണ് ,തന്നെ എനിക്ക് വേണ്ടി ആലോചിക്കാനായി എൻ്റെ വീട്ടുകാരെ ഞാൻ അങ്ങോട്ടയക്കട്ടെ?

അയാൾ പ്രതീക്ഷയോടെ അവളുടെ മറുപടിക്കായി കാത്തു

അന്ന് ഇയാളെന്നെ ഇഷ്ടപ്പെടുമ്പോഴുള്ള സൗന്ദര്യമൊന്നും ഇപ്പോഴെനിക്കില്ല, അത് മാത്രമല്ല ആര് കണ്ടാലും വെറുപ്പോടും അറപ്പോടും മാത്രം മുഖം ചുളിക്കുന്ന രീതിയിലാണ് എൻ്റെ മുഖമൊഴിച്ചുള്ള ശരീരത്തിൻ്റെ ഓരോ ഭാഗവുമിരിക്കുന്നത് ,അതെൻ്റെ ഭർത്താവ് അയാളുടെ കൊള്ളരുതായ്മകളെ ഞാനെതിർത്തതിന് എന്നെ ഇല്ലാതാക്കാനായി മണ്ണെണ്ണയൊഴിച്ച് തീവച്ചപ്പോൾ ഉണ്ടായതാണ്,

പണ്ടെങ്ങാണ്ട് എന്നോട് തോന്നിയ ഇഷ്ടത്തിൻ്റെ പേരിൽ പാതിവെന്ത എൻ്റെ ശരീരത്തിൻ്റെ വൈരൂപ്യം നിങ്ങളെന്തിനാണ് സഹിക്കുന്നത് ,സുമുഖനായ നിങ്ങൾക്ക് സുന്ദരിയായൊരു പെൺകുട്ടിയെ കിട്ടും, ഞാൻ പോട്ടെ നേരം വൈകുന്നു

നിർവ്വികാരതയോടെ പറഞ്ഞിട്ട് ,അവൾ പോകാനൊരുങ്ങി.

നിഷാന.. ദുരന്തങ്ങൾ എല്ലാവരുടെയും ജീവിതത്തിലുമുണ്ടാകും

അന്ന് നിൻ്റെ സമ്മതം കിട്ടിയിരുന്നെങ്കിൽ നമ്മൾ തമ്മിലുള്ള വിവാഹം നടക്കുമായിരുന്നു ,ഒരു പക്ഷേ അതിന് ശേഷം നിനക്കിത് പോലൊരു ദുരന്തമുണ്ടായാൽ എനിക്ക് നിന്നെ ഉപേക്ഷിക്കാൻ കഴിയുമായിരുന്നോ? ശരീരത്തിലുണ്ടായിരിക്കുന്ന പൊള്ളലിൻ്റെ പാടുകൾ കാലക്രമേണ ചികിത്സകൊണ്ട് മാറ്റാവുന്നതേയുള്ളു ,

എനിക്കറിയേണ്ടത്, നിനക്കെന്നെ ഭർത്താവായി അംഗീകരിക്കാൻ കഴിയുമോ എന്ന് മാത്രമാണ്

നീയൊന്ന് മൂളിയാൽ മതി ,നാളെ എൻ്റെ വീട്ടുകാർ നിൻ്റെ വീട്ടിലെത്തും

അയാൾ തറപ്പിച്ച് പറഞ്ഞു

ഈ കലർപ്പില്ലാത്ത സ്നേഹത്തിന് ഞാനർഹയാണോന്ന് മാത്രമേ എനിക്ക് സംശയമുള്ളു

അവൻ്റെ വാക്കുകൾ വിശ്വസിക്കാനാവാതെ അവൾ മുഖം പൊത്തി കരഞ്ഞപ്പോൾ അയാൾ അവളെ തോളിൽ പിടിച്ചാശ്വസിപ്പിച്ചു

കരയണ്ടാ നിനക്ക് ഞാനുണ്ട്

ആ ഉറപ്പ് മതിയായിരുന്നു അവൾക്ക്

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : സജി തൈപ്പറമ്പ്.