എന്തിനായിരുന്നെടി നീയെന്നെ ച- തിച്ചത്. ഇനി നിന്നെയെനിക്ക് വേ- ണ്ട. നിനക്ക് പോകാം…

രചന : മിഥിലാത്മജ മൈഥിലി

മാനസി

❤❤❤❤❤❤❤

“എന്തിനായിരുന്നെടി നീയെന്നെ ചതിച്ചത്. ഇത്രയും കാലം സ്നേഹിച്ചു സ്വന്തമാക്കിയപ്പോ ഒരുപാട് സന്തോഷിച്ചതാ, പക്ഷെ…… നീയെന്നെ ചതിച്ചു.ഇനി നിന്നെയെനിക്ക് വേണ്ട. നമ്മുടെ രണ്ട് വീട്ടുകാരും ഇപ്പോൾ ഇവിടെയെത്തും അതുകഴിഞ്ഞ് നിനക്ക് പോകാം, ഇവനൊപ്പം.ഇവിടെ എന്ത് കുറവുണ്ടായിട്ടായി നീയിവനൊപ്പം അതും നമ്മുടെ ബെഡ്‌റൂമിൽ………….”

ബാക്കി പറയാനാവാതെ വെറുപ്പോടെ അവിനാഷ് മുഖം തിരിച്ചു, അപ്പോഴും അയാളുടെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകിയിരുന്നു .മറ്റൊന്നും പറയാതെ മാനസിയും സിദ്ധാർഥും തലകുനിച്ചു നിന്നു.അല്പസമയത്തിനകം തന്നെ മാനസിയുടെയും അവിനാഷിന്റെയും വീട്ടുകാർ എത്തി. അവസാനം “സിദ്ധാർഥിനൊപ്പം പോകാനാണ് താൻ ഇഷ്ടപെടുന്ന”തെന്ന മാനസിയുടെ തീരുമാന പ്രകാരം സിദ്ധാർഥിനൊപ്പം എന്നെന്നേക്കുമായി അവളാ വീടിന്റെ പടിയിറങ്ങി.

പിന്നീടുള്ള ദിവസങ്ങളിലൊന്നും അവിനാഷ് വീടിനു പുറത്തേക്കിറങ്ങിയില്ല, അപമാന ഭാരവും, നെഞ്ചിൽ കൊണ്ട് നടന്നവളുടെ ചതിയും അവനെ അത്രയും തളർത്തിയിരുന്നു. ഇനിയും ഇത് തുടർന്നാൽ അവൻ വിഷാദത്തിലേക്ക് വീണുപോകുമോ എന്ന് തോന്നിപോകുന്ന സമയം.

അപ്പോൾ അവന് താങ്ങും തണലുമായി നിന്നത് അവളായിരുന്നു “ഗായത്രി”,അവന്റെ മാമന്റെ മകൾ.

ഓരോ ദിനവും കൊഴിഞ്ഞുപോകേ അവിനാഷ് പഴയ ജീവിതത്തിലേക്ക് മടങ്ങി വന്നു.മാനസിയുടെ ഓർമ്മകൾ ഇടയ്ക്കൊക്കെ വേട്ടയാടുമെങ്കിലും അതിൽ നിന്നെങ്ങനെ മുക്തനാകാം എന്നവൻ പഠിച്ചു കഴിഞ്ഞിരുന്നു.

ആയിടയ്ക്കാണ് വീണ്ടും ഒരു വിവാഹത്തെ കുറിച്ച് അവന്റെ വീട്ടുകാർ അവനെ ഓർമിപ്പിച്ചത്.

ആദ്യമൊക്കെ അവനതിനെ എതിർത്തെങ്കിലും അവസാനം അമ്മയുടെ നിർബന്ധവും കണ്ണുനീരും കാരണം അവൻ സമ്മതം മൂളി.

വധുവായി അവർ കണ്ടെത്തിയത് ഗായത്രിയെ തന്നെയായിരുന്നു.

അധികം വൈകാതെ അവിനാഷും ഗായത്രിയും തമ്മിലുള്ള വിവാഹം കഴിഞ്ഞു.

കൈയിലൊരു ഗ്ലാസ് പാലുമായി പുഞ്ചിരിയോടെ മുറിയിലേക്ക് കയറിവന്ന ഗായത്രിയെ അൽപനേരം അവനൊന്നു നോക്കിയിരുന്നു

“ഗായത്രി, എനിക്കല്പം സംസാരിക്കാനുണ്ട്.”

അതുകേട്ട് എന്താണ് പറയാനുള്ളതെന്ന അർത്ഥത്തിൽ അവളവനെയൊന്ന് നോക്കി,ആ നോട്ടത്തിന്റെ അർത്ഥം മനസിലായതും അവൻ പറഞ്ഞുതുടങ്ങി,

“നിനക്കറിയാലോ ഒരുപാട് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഞാനും മാനസിയും വിവാഹിതരായത്.

എന്നിട്ടും ഒരുവർഷം മാത്രമായിരുന്നു അതിന്റെ ആയുസ്. എന്നെ വേണ്ടെന്നു വെച്ച് അവൾ പോയിട്ടിപ്പോൾ ഏകദേശം മൂന്നു മാസത്തോളം ആയിട്ടുള്ളു. ഇതെല്ലാം നിനക്കറിയാവുന്ന കാര്യങ്ങളാണ്.

അവളിപ്പോൾ എന്റെ മനസിലില്ല, എന്നാലും അവളെന്നോട് ചെയ്ത ചതി അതിപ്പോഴും എന്നെ വേദനിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ എനിക്ക് നിന്നെ സ്നേഹിക്കാനോ ഭാര്യയായി അംഗീകരിക്കാനോ കഴിയുന്നില്ല. ഒരിക്കലും എനിക്കതിനു കഴിയില്ല എന്നല്ല, എനിക്ക് കുറച്ച് സമയം വേണം എല്ലാം പൂർണമായി ഉൾക്കൊള്ളാൻ.അതുവരെയും നമുക്ക് ഈ മുറിക്കകത്ത് നല്ല സുഹൃത്തുകളായി കഴിയാം.”

അവിനാഷ് പറഞ്ഞതുകേട്ട് ഗായത്രിയൊന്ന് പുഞ്ചിരിച്ചു.

“എനിക്കത് അറിയാം ഏട്ടാ. ഏട്ടന് എന്നാണോ എന്നെ പൂർണമായും ഒരു ഭാര്യയെന്ന നിലയിൽ ഉൾക്കൊള്ളാനാകുന്നത് അതുവരെയും ഞാൻ കാത്തിരിക്കാം.”

ഗായത്രിയുടെ വാക്കുകൾ കേട്ടതും അതുവരെയും വിഷമത്തിലായിരുന്ന അവിനാഷിന്റെ മുഖത്തും ഒരു തെളിച്ചം വന്നു.

ദിവസങ്ങൾ ആഴ്ചകളും മാസങ്ങളുമായി. പൂർണമായി ഗായത്രിയെ ഭാര്യയായി കാണാനായില്ലെങ്കിലും അവർ തമ്മിൽ നല്ലൊരു ബന്ധം ഉടലെടുത്തിരുന്നു.

മാനസി സിദ്ധാർഥിനൊപ്പം പോയിട്ട് അഞ്ചു മാസം കഴിഞ്ഞു.

ഒരു ദിവസം രാത്രി ടിവിയിൽ വാർത്ത കണ്ടിരിക്കുമ്പോഴാണ് അവിനാഷിന്റെ നമ്പറിലേക്ക് പരിചിതമല്ലാത്തൊരു നമ്പറിൽ നിന്ന് കാൾ വന്നത്,

“ഹലോ ”

“അവിനാഷ് ഞാൻ സിദ്ധാർഥ് ആണ് എനിക്ക് താങ്കളോടല്പം സംസാരിക്കാനുണ്ട്.”

സിദ്ധാർഥ് എന്ന പേരുകേട്ടതും അവിനാഷ് ക്രോധത്താൽ മുഷ്ടി ചുരുട്ടി.

“എനിക്ക് നിന്നോടൊന്നും സംസാരിക്കാനില്ല, എന്റെ കൂടെനിന്ന് ചതിച്ചതല്ലേ നീ.ഇനിയെന്നെ വിളിക്കരുത്.”

വെറുപ്പോടെയും ദേഷ്യത്തോടെയും അത്രയും പറഞ്ഞുകൊണ്ട് അവിനാഷ് ഫോൺ കട്ട്‌ ചെയ്തു.വീണ്ടും സിദ്ധാർഥ് വിളിച്ചെങ്കിലും അവിനാഷ് ഫോണെടുക്കാൻ കൂട്ടാക്കിയില്ല.

“എനിക്കറിയാം എന്നോട് താങ്കൾക്ക് തീർത്താൽ തീരാത്ത വിരോധം ഉണ്ടെന്ന്. പക്ഷെ എനിക്കന്നു അതിനെ നിവൃത്തിയുണ്ടായിരുന്നുള്ളു. ചെയ്തുകൊടുത്ത സത്യത്തിൽ ബന്ധിതനായി പോയി. ഇപ്പോൾ എല്ലാം തുറന്നു പറയേണ്ട നേരം ആയി. ദയവു ചെയ്ത് എനിക്ക് പറയാനുള്ളത് കേൾക്കണം.”

സിദ്ധാർഥ് അയച്ച മെസ്സേജ് കണ്ട് അവിനാഷ് ആകെ ആശയകുഴപ്പത്തിലായി.ഇത്രയും മാസങ്ങൾക്ക് ശേഷം എന്തിനാകും വിളിക്കുന്നത്? എന്തായിരിക്കും അവന് പറയാനുണ്ടാകുക?

ഓരോന്ന് ആലോചിക്കുന്നതിനിടയിൽ വീണ്ടും സിദ്ധാർഥിന്റെ കാൾ വന്നു.

“എന്താണ് തനിക്ക് പറയാനുള്ളത്, അന്ന് ഞാൻ എല്ലാം നേരിൽ കണ്ട് ബോധ്യപെട്ടതല്ലേ? ഇപ്പോൾ ഞാൻ പുതിയൊരു ജീവിതം തുടങ്ങി, അതും ഇല്ലാതാക്കാനാണോ ഈ വിളി?”

“ഇല്ല അവിനാഷ്, നിങ്ങൾ മറ്റൊരു വിവാഹം കഴിച്ചത് ഞാൻ അറിഞ്ഞിരുന്നു. എനിക്ക് പറയാനുള്ളത് മാനസിയെ കുറിച്ചാണ്. ഒരുകാലത്തു നിന്റെത് മാത്രമായായിരുന്ന മാനസിയെ കുറിച്ച്.”

മാനസി എന്ന പേരുകേട്ടതും അവിനാഷ് ഒന്ന് വിറച്ചു. പലവിധ ചിന്തകൾ അവന്റെ മനസിലൂടെ കടന്നുപോയി.

“അവളെക്കുറിച്ചു ഇനിയെന്താണ് പറയാനുള്ളത്?

എന്നെ സ്നേഹിച്ചു വിവാഹം കഴിച്ചു ഒരു വർഷം തികയുന്നതിന് മുൻപ് നിന്റെ കൂടെ വന്നവളെ കുറിച്ച് എനിക്കൊന്നും അറിയാനില്ല.”

“നിന്നെ സ്നേഹിച്ചു നിന്റെ ഭാര്യയായവൾ,അതുമാത്രമാണ് എന്നും മാനസി.

അവളുടെ ലോകം തന്നെ നീയായിരുന്നു. എന്നിട്ടും നിന്നെ വിട്ടു പോയതെന്തിനെന്ന് നീയറിയണം അവിനാഷ്,അവളിലെ നന്മ എന്തെന്ന്.”

സിദ്ധാർഥിന്റെ വാക്കുകൾ കേട്ട് അവിനാഷിനു പുച്ഛം തോന്നി. മാനസി എന്നത് തന്റെ ജീവിതത്തിൽ കഴിഞ്ഞുപോയൊരു ഭാഗമാണെങ്കിലും സിദ്ധാർഥിനു പറയാനുള്ളത് കേൾക്കണമെന്ന് തോന്നി.അവിനാഷ് തിരിച്ച് ഒന്നും പറയുന്നില്ലെങ്കിലും സിദ്ധാർഥ് തുടർന്നു.

“മാനസിയും ഞാനും ഒരു തെറ്റും ചെയ്തിട്ടില്ല,

പക്ഷെ അങ്ങനെയൊക്കെ അഭിനയിക്കേണ്ടി വന്നു.

പറ്റുമെങ്കിൽ നാളെ വൈകുന്നേരം ബീച്ചിനടുത്തുള്ള കോഫി ഷോപ്പിൽ കാണാം.”

സിദ്ധാർഥ് ഫോൺ വെച്ചെങ്കിലും അവിനാഷ് ആശയകുഴപ്പത്തിലായി.മാനസിയും സിദ്ധാർഥും തന്റെ ബെഡ്‌റൂമിൽ നിന്ന് ഒരുമിച്ചിറങ്ങി വരുന്നത്,

തന്നെക്കണ്ടതും അവരിൽ ഉണ്ടായ ഭയവും താൻ കണ്മുന്നിൽ കണ്ടതാണ്, എന്നിട്ടും……….

ഉത്തരം കിട്ടാത്ത ഒരായിരം ചോദ്യങ്ങളുമായി അയാൾ കിടന്നു.

അവിനാഷ് ഉറപ്പായും നാളെ വൈകുന്നേരം തന്നെക്കാണാൻ വരുമെന്ന് ഉറപ്പിച്ചു സിദ്ധാർഥും ഉറങ്ങാനായി കിടന്നു.

ഓരോന്ന് ആലോചിച്ച് വളരെ വൈകിയാണ് അടുത്ത ദിവസം അവിനാഷ് ഉണർന്നത്. സിദ്ധാർഥിനെ കാണാൻ പോകുന്ന കാര്യം ഗായത്രിയോട് പറയണമോ വേണ്ടയോ എന്ന് ഒരുപാട് നേരം ആലോചിച്ചു.

അവസാനം പറയാമെന്ന തീരുമാനത്തിൽ എത്തി.

“ഗായത്രി എനിക്ക് നിന്നോടല്പം സംസാരിക്കാനുണ്ട്.”

“എന്താ ഏട്ടാ, എന്താണെങ്കിലും പറഞ്ഞോളൂ.എന്ത് പറ്റി മുഖമൊക്കെ വല്ലാതിരിക്കുന്നല്ലോ?”

“അത്…. അത് ഇന്നലെ രാത്രി സിദ്ധാർഥ് വിളിച്ചിരുന്നു. അയാൾക്ക് എന്നെയൊന്നു കാണണമെന്ന്.”

“അതിനെന്താ ഏട്ടൻ പോയിട്ട് വരൂ.”

“പോകണം പക്ഷെ നീയും എനിക്കൊപ്പം വരണം.”

“അതു വേണോ ഏട്ടാ? ”

“വേണം. ഒരിക്കൽ എല്ലാവരുടെയും മുന്നിൽ നാണം കെട്ടതാണ് ഞാൻ അവർ കാരണം, സ്വയം നഷ്ടപെട്ട അവസ്ഥയിൽ അന്ന് എന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് നീയാണ്,

അതുകൊണ്ട് എന്റെ കൂടെ നീയും വന്നെ പറ്റൂ.”

അന്ന് വൈകുന്നേരം സിദ്ധാർഥിനെ കാണാനായി അവിനാഷും ഗായത്രിയും ചെന്നു. കുറച്ച് കഴിയുമ്പോഴേക്കും സിദ്ധാർഥ് അവിടെയെത്തി, ഒപ്പം സുന്ദരിയായ ഒരു പെൺകുട്ടിയും.

“ഇത് തീർത്ഥ, ആറുവർഷത്തെ പ്രണയത്തിനോടുവിൽ ഞാൻ വിവാഹം കഴിക്കാൻ പോകുന്ന കുട്ടിയാണ്.”

സിദ്ധാർഥ് പരിചയപെടുത്തിയത് കേട്ട് അവിനാഷ് ഒന്ന് ഞെട്ടിയെങ്കിലും അത് പുറമെ പ്രകടിപ്പിക്കാതിരിക്കാൻ ശ്രദ്ധിച്ചു.ഗായത്രിയുടെ അവസ്ഥയും അത് തന്നെയായിരുന്നു

“ഇപ്പോൾ നിങ്ങൾ ആലോചിക്കുന്നത് മാനസിയേ കുറിച്ചാകും അല്ലെ?”

അവരിൽ നിന്നും മറുപടിയൊന്നും ഉണ്ടായില്ലെങ്കിലും സിദ്ധാർഥ് പറഞ്ഞു തുടങ്ങി,

അവിനാഷിനു അറിയാമല്ലോ മാനസി അവളെന്റെ കളികൂട്ടുകാരിയായിരുന്നു. എന്നും സിദ്ധു എന്ന് വിളിച്ചു കൈയ്യിൽ തൂങ്ങി നടന്നിരുന്നവൾ.

കുഞ്ഞിലേ തൊട്ട് എല്ലാത്തിനും ഒരുമിച്ചായിരുന്നു ഞങ്ങൾ. നിന്നെ അവൾക്കിഷ്ടമാണെന്ന് ആദ്യം പറഞ്ഞതും എന്നോടായിരുന്നു.പിന്നീട് നിങ്ങൾക്ക് വേണ്ടി അവളുടെ വീട്ടിൽ സംസാരിച്ചതും ഞാൻ ആയിരുന്നു. അവസാനം അവളുടെ വീട്ടുകാർ നിങ്ങളുടെ വിവാഹത്തിന് സമ്മതിച്ചപ്പോൾ സ്വർഗം കിട്ടിയ സന്തോഷമായിരുന്നു അവൾക്ക്.അധികം വൈകാതെ തന്നെ നിങ്ങളുടെ വിവാഹം കഴിഞ്ഞു.

എന്ത് സന്തോഷമായിരുന്നു അന്നത്തെ ദിവസങ്ങൾ.”

സിദ്ധാർഥിന്റെ വാക്കുകൾ ഇടറി തുടങ്ങിയത് കണ്ട് തീർത്ഥ അവന്റെ കൈയ്യിൽ തന്റെ വിരലുകൾ ചേർത്തുവെച്ചു. ഒരു ദീർഘ ശ്വാസമെടുത്തു അവൻ തുടർന്നു,

“നീയോർക്കുന്നുണ്ടോ അവിനാഷ് മാനസി ഇടയ്ക്കിടെ തലവേദന എന്ന് പറയുമായിരുന്നത്.

ഒരിക്കൽപോലും അവളത് കാര്യമാക്കിയില്ല നമ്മളും…….. അതായിരുന്നു എല്ലാത്തിനും തുടക്കം.”

സിദ്ധാർഥ് ഒന്ന് നെടുവീർപ്പിട്ടു.എത്രയൊക്കെ വെറുക്കുന്ന മുഖമാണ് മാനസിയുടേതെങ്കിലും സിദ്ധാർഥിന്റെ വാക്കുകൾക്കായി അയാൾ കാതോർത്തു.

“തലവേദന സഹിക്കാനാവാതെ വന്നൊരു ദിവസം അന്നവളെന്നെ വിളിച്ചു, അന്ന് നീ നാട്ടിലില്ല,

ജോലിയുടെ തിരക്കുകളിൽ പെട്ട് പുറത്ത് പോയിരിക്കുകയായിരുന്നു. ഞാൻ എത്തുമ്പോഴേക്കും അവൾ അബോധവസ്ഥയിലായിരുന്നു വേഗം ആശുപത്രിയിൽ കൊണ്ട്പോയി. വിശദപരിശോധനയ്ക്ക് ശേഷം റിസൾട്ട്‌ അറിഞ്ഞു

“അക്കോസ്റ്റിക് ന്യൂറോമ”, ഒരുതരം ബ്രെയിൻ ട്യൂമർ. മരുന്നുകൊണ്ടോ സർജറി കൊണ്ടോ രക്ഷയില്ലാത്തവിധം മൂർദ്ധന്യത്തിലെത്തിയിരുന്നു അത്.എന്തുചെയ്യണമെന്നറിയാതെ നിന്നുപോയി ഞാൻ.

വീട്ടുകാരോട് എല്ലാം പറയാമെന്നു പറഞ്ഞപ്പോൾ അവൾ സമ്മതിച്ചില്ല. പിന്നീട് നടന്നതെല്ലാം അവളുടെ നിർബന്ധപ്രകാരമായിരുന്നു നിന്നിൽ നിന്നകലാൻ, അവളില്ലായ്മയിൽ നീ തനിച്ചവാതിരിക്കാൻ…….

എനിക്കും അവൾക്കൊപ്പം നിൽക്കേണ്ടി വന്നു എല്ലാം എന്റെ തീർത്ഥയ്ക്കും അറിയാം.അത്രയും പറഞ്ഞുകൊണ്ട് മാനസിയുടെ ചികിത്സയുടെ രേഖകളെല്ലാം ടേബിളിൽ എടുത്തുവെച്ചു.

ഒരു തവണ ജോലിയുടെ കാര്യത്തിനായി ബാംഗ്ലൂർ പോയി വന്ന ശേഷം കാരണമില്ലാതെ തന്നോട് ദേഷ്യപ്പെടുന്നതും ഫോണിലൂടെയുള്ള അടക്കിപിടിച്ച സംസാരവും, കിടപ്പറയിൽ പോലും അവഗണിച്ചതും.

അതിന്റെയെല്ലാം അവസാനമെന്നോണം അവരെ രണ്ടുപേരെയും ബെഡ്‌റൂമിൽ കണ്ടതും അവിനാഷിന്റെ ഓർമയിൽ തെളിഞ്ഞു വന്നു .ഇന്നുവരെ അറിഞ്ഞതോ കണ്ടതോ ഒന്നുമല്ല സത്യമെന്ന് മനസിലായതും സമനില തെറ്റുന്നത് പോലെ തോന്നി അവിനാഷിന്.

“അവളിപ്പോ എവിടെയാണ്, എനിക്കവളെ കാണണം.”

യാന്ത്രികമായാണ് അവിനാഷ് അത് പറഞ്ഞത്.

എല്ലാം കേട്ട് ഗായത്രിയും വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരുന്നു.

“പറയാം. അന്ന് നിന്നെ വേണ്ടെന്നും എനിക്കൊപ്പം ജീവിക്കാനാണ് താല്പര്യമെന്നും പറഞ്ഞു എനിക്കൊപ്പം വന്ന അവളെയും കൊണ്ട് ഞാൻ പോയത് തീർത്ഥയുടെ അടുത്തേക്കായിരുന്നു. ”

സിദ്ധാർഥ് പറഞ്ഞു നിർത്തി. പിന്നീട് പറഞ്ഞത് തീർത്ഥയായിരുന്നു,

“അവൾ എനിക്കൊപ്പം താമസിക്കുമ്പോഴും അവിനാഷിനെ കുറിച്ചു മാത്രമായിരുന്നു ചിന്ത, ഓരോ വാക്കിലും അവൾക്ക് പറയാനുണ്ടായിരുന്നത് ഇയാളെക്കുറിച്ചായിരുന്നു. ഇങ്ങനെയൊരു ക്രൂരത ചെയ്യേണ്ടിവന്നതിൽ അവൾക്ക് ഒരുപാട് വിഷമമുണ്ടായിരുന്നെങ്കിലും ഇയാളുടെ നന്മയെ കരുതി അവളെല്ലാം സഹിച്ചു. ഗായത്രിയുമായുള്ള വിവാഹം കഴിഞ്ഞെന്നറിഞ്ഞപ്പോഴാണ് മാനസിയൊന്ന് ആശ്വസിച്ചത്.”

“എവിടെയാണ് മാനസി ഞങ്ങൾക്കവളെ കാണണം.

അവൾ പോയതിനു ശേഷം ഏട്ടൻ സമനില തെറ്റിയപോലെയായിരുന്നു, അന്നത് കണ്ടുനിൽക്കാനാവാതെ ഒരുപാടുവട്ടം ശപിച്ചിട്ടുണ്ട് ഞാൻ അവളെ. അതിനെല്ലാം കാലിൽ വീണ് മാപ്പ് പറയണം എനിക്ക്.”

ഗായത്രി വിതുമ്പി. എന്തു മറുപടി പറയണമെന്നറിയാതെ സിദ്ധാർഥും തീർത്ഥയും കുഴങ്ങി. ശേഷം ഒരു എൻവലോപ് എടുത്ത് അവിനാഷിനു നേർക്ക് നീട്ടി

“ഇത് മാനസി അവിനാഷിനുവേണ്ടി അവസാനമായി എഴുതിയ കത്താണ്.”

അവിനാഷ് അത് തുറന്നു വായിക്കാൻ തുടങ്ങി,

പ്രിയപ്പെട്ട ഏട്ടന്,

അങ്ങനെ വിളിക്കാനാണ് ഇന്നും എനിക്കിഷ്ടം.

ഒരുപാട് വേദനിപ്പിച്ചെന്നറിയാം, എല്ലാം ഏട്ടന്റെ നല്ലതിന് വേണ്ടിയാണ്. ഞാനില്ലാതായാൽ പിന്നെ ഏട്ടനും ഉണ്ടാവില്ലെന്നറിയാവുന്നത് കൊണ്ടാണ് ഞാൻ അത്രയും ക്രൂരത ഏട്ടനോട് ചെയ്തത്.എന്നോടുള്ള വെറുപ്പും ദേഷ്യവും കൊണ്ടെങ്കിലും ഏട്ടൻ മറ്റൊരു പെൺകുട്ടിയെ സ്വീകരിക്കുമെന്നറിയാമായിരുന്നു, അതുപോലെതന്നെ സംഭവിച്ചു. ഗായത്രി നല്ല കുട്ടിയാണ് ഏട്ടന് ചേരും. അടുത്തില്ലെങ്കിലും എന്നും ഏട്ടന്റെ കാര്യങ്ങൾ ഞാൻ അറിയുന്നുണ്ടായിരുന്നു.ഈ ജന്മം സ്നേഹിച്ചു കൊതി തീർന്നില്ല ഏട്ടാ.

സാരമില്ല നമുക്കിത്രയേ വിധിച്ചിട്ടുള്ളു എന്ന് സമാധാനിക്കാം.

ഏട്ടനോട് ചെയ്തതിനെല്ലാം മാപ്പ്. ഗായത്രിയെ വിഷമിപ്പിക്കരുത്. ഈ ജന്മം ഏട്ടന് വിധിച്ചത് അവളെയാണ്. ഇനിയൊരു ജന്മമുണ്ടെങ്കിൽ അന്നു ഞാൻ ഏട്ടന്റെതായിരിക്കും.ഇത് വായിക്കുമ്പോഴേക്കും ഞാൻ ഈ ലോകം വിട്ട് യാത്രയായിട്ടുണ്ടാകും. ഒരിക്കലും എന്നെക്കുറിച്ചോർക്കരുത്. ഗായത്രിക്കൊപ്പം സന്തോഷത്തോടെ കഴിയണം.

എന്ന്,

ഏട്ടന്റെ മാത്രം മാനസി.

അതിലെ ഓരോ അക്ഷരങ്ങളിലും നിറഞ്ഞു നിന്നത് തന്നോടുള്ള അടങ്ങാത്ത പ്രണയവും കരുതലുമാണെന്നും ഇപ്പോഴവൾ ജീവനോടെയില്ല എന്നതും അവിനാഷിനെ തളർത്തി.

❤❤❤❤❤❤❤

കാലചക്രം മുന്നോട്ട് കുതിച്ചുകൊണ്ടിരുന്നു.മാനസി ഒരു നോവായി അവിനാഷിന്റെ മനസ്സിൽ തന്നെയുണ്ടായിരുന്നു എങ്കിലും എല്ലാർത്ഥത്തിലും ഗായത്രിയെ പൂർണമായി ഭാര്യയായി അംഗീകരിച്ചു.അവർക്കിടയിലേക്ക് ഒരു കുഞ്ഞുമാലാഖയും കൂടിയെത്തി.

സിദ്ധാർഥിന്റെയും തീർത്ഥയുടെയും പ്രണയവും പൂവണിഞ്ഞു.

അവസാനിച്ചു

മാനസി ചെയ്തത് തെറ്റാണോ ശരിയാണോ എന്ന് വിലയിരുത്തുന്നില്ല ഞാൻ, മനസ്സിൽ തോന്നിയൊരു ആശയം ഇവിടെ പങ്കുവെയ്ക്കുന്നുവെന്ന് മാത്രം.

പ്രാണൻ പിടയുമ്പോഴും പ്രാണനായവനെ പുതിയൊരു ജീവിതം നല്കാൻ സ്വയം ഉമീതീയിൽ എരിഞ്ഞവളാണ് മാനസി.ഇങ്ങനെയും ചിലപ്പോൾ പ്രണയിക്കാം അല്ലെ.

ഇഷ്ടമായാലും ഇല്ലെങ്കിലും സ്റ്റിക്കർ ഒഴിവാക്കി എനിക്കായൊരു വരി കുറിക്കണേ…

രചന : മിഥിലാത്മജ മൈഥിലി