ഇനി മേലാൽ നീ എനിയ്ക്ക് മെസ്സേജ് അയക്കരുത്… അയാൾ പറഞ്ഞത് കേട്ട് അവൾ കരഞ്ഞു പോയി

രചന : സൂര്യകാന്തി (ജിഷ രഹീഷ് )

നേർത്ത കാറ്റ് തന്നെ തഴുകി കടന്നു പോവുന്നത്,ആ കല്ലറയിലെ മാർബിൾ ഫലകത്തിലെഴുതിയ പേരിൽ തന്നെ മിഴികളർപ്പിച്ചിരുന്നിരുന്ന അവളറിഞ്ഞില്ല…

ജെയ്സൺ…

ഇന്നാദ്യമായി ആ പേരറിഞ്ഞു…

“ഇള….?”

ദൂരെ മാറി നിന്നിരുന്ന നിഖിൽ അടുത്തെത്തി ചുമലിൽ കൈ വെച്ചപ്പോഴാണ് ഇതൾ മുഖമുയർത്തിയത്

ഏറെ നേരമായി അവൻ തനിക്കായി മാറിയിരിക്കുന്നു.. ഒരു നോട്ടം കൊണ്ടു പോലും ശല്യപ്പെടുത്താതെ

“പോവാം….”

പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു കൊണ്ടു അവൾ എഴുന്നേറ്റപ്പോൾ നിഖിൽ തലയാട്ടി…

നിഖിൽ അവൾക്ക് നേരെ കൈ നീട്ടി… ഒരിക്കൽ കൂടെ ആ മാർബിൾ ഫലകത്തിലേയ്ക്ക് നോക്കിയാണ് അവൾ അവന്റെ കൈത്തണ്ടയിൽ പിടിച്ചത്..

അത് വരെ പുകഞ്ഞു കൊണ്ടിരുന്ന കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി കാഴ്ചയെ മറച്ചിട്ടും അവൾ തിരിഞ്ഞു നോക്കിയില്ല..

താൻ കരയുന്നത് അയാൾക്ക് ഇഷ്ടമാവില്ല…

മതിൽക്കെട്ടിനു അടുത്തെത്തിയപ്പോൾ പിറകിൽ നിന്നും ആ പതിഞ്ഞ ചിരിയൊച്ച കേട്ടത് പോലെ അവൾക്ക് തോന്നി..

നിഖിലിന്റെ കൈയ്യിലെ പിടിവിട്ട് ഭ്രാന്തിയെ പോലെ തിരിഞ്ഞോടാൻ തുടങ്ങിയ ഇതളിന്റെ കൈയിൽ അവൻ ബലമായി പിടിച്ചിരുന്നു.. പതിയെ നിഖിൽ അവളെയൊന്നുലച്ചു.. സ്വബോധം വീണ്ടെടുത്തത് പോലെ അവൾ തല കുനിച്ചു..

“സോറി.. സോറി ഡോക്ടർ.. പോവാം..”

നിഖിൽ ഒന്നും പറയാതെ അവളെ ചേർത്ത് പിടിച്ചു നടന്നു..

അപ്പോഴുമാ നേർത്ത കാറ്റ് സെമിത്തേരിയിലെ മരച്ചില്ലകളെ ഉലയ്ക്കുന്നുണ്ടായിരുന്നു..

ഒന്നും പറയാതെ നിഖിൽ കാറിന്റെ ഡോർ തുറന്നു..

അവൾ കയറി ഇരുന്നതിന് ശേഷമാണ് അവൻ ഡ്രൈവിംഗ് സീറ്റിലേയ്ക്ക് ഇരുന്നത്…

മൗനം തിങ്ങി നിറഞ്ഞ കാറിനുള്ളിൽ, ഡ്രൈവിങ്ങിനിടെ നിഖിലിന്റെ നോട്ടം ഇതളിലെത്തുന്നുണ്ടായിരുന്നു..

കണ്ണുകളടച്ച് സീറ്റിലേയ്ക്ക് തല ചായ്ച്ചു ഇരിക്കുകയാണ്…

“ഇള.. ആർ യൂ ആൾറൈറ്റ്..?”

“യെ.. യെസ് ഡോക്ടർ.. ഐ ആം…”

മിഴികൾ തുറക്കാതെ തന്നെയാണ് അവൾ പറഞ്ഞത്… കവിളിലൂടെ ഒഴുകിയിറങ്ങുന്ന നീർതുള്ളികൾ അപ്പോഴാണ് നിഖിൽ കണ്ടത്..

പിന്നെയവനൊന്നും ചോദിച്ചില്ല..

കഴുത്തിലെ കുഞ്ഞു ഡയമണ്ട് പെൻഡന്റിൽ ഇതളിന്റെ വിരലുകൾ മുറുകിയിരുന്നു…

“നീ കണ്ടിരുന്നോ… ഞാനിതണിഞ്ഞത്..നിനക്കായി…?”

നിശബ്ദമായി അവളുടെ മനസ്സ് ചോദിച്ചു.. മറുപടിയില്ലാത്ത ചോദ്യം.. വെറുതെ…

പൊടുന്നനെ പോക്കറ്റിൽ നിന്നവൾ ഫോണെടുത്തു.. ധൃതിയിൽ സ്‌ക്രീനിൽ വിരലുകൾ ചലിച്ചു..

നിഖിലിന്റെ കണ്ണുകൾ അവളിലേയ്ക്കെത്തി.. നോക്കാതെ തന്നെ അവനറിയാമായിരുന്നു.. അവൾ നോക്കുന്ന ആ പ്രൊഫൈൽ…

‘ഗുപ്തന്റെ തൂലിക’

മഷിക്കുപ്പിയും മഷിത്തൂവലും ചിതറികിടക്കുന്ന കടലാസുകളും…പ്രൊഫൽ പിക്ക് .. മാസങ്ങളായി അനാഥമായി കിടക്കുന്ന ഐഡി….

പൊടുന്നെനെയവൾ പൊട്ടിക്കരഞ്ഞു.. നിഖിൽ ഒന്നും പറഞ്ഞില്ല.. ഒരു വാക്കും അവൾക്ക് ആശ്വാസമാവില്ലെന്ന് അവനറിയാമായിരുന്നു..

കരയട്ടെ.. കരഞ്ഞു തീർക്കട്ടെ വേദന…

ഇതൾ വീണ്ടും പതിയെ മിഴികളടച്ചു.. അവളെ ആദ്യമായി കണ്ടത് ഓർക്കുകയായിരുന്നു ഡോക്ടർ നിഖിൽ..

❤❤❤❤❤❤❤❤❤❤

ലോങ്ങ്‌ ലീവ് കഴിഞ്ഞു ഡ്യൂട്ടിയ്ക്ക് എത്തിയപ്പോൾ ആസിഫ് ഡോക്ടറാണ് പറഞ്ഞത്..

“നിഖിൽ..നമ്മുടെ ആൻസി ഡോക്ടറുടെ മകൾ ആക്സിഡണ്ടായി ഇവിടുണ്ട്..കോമ സ്റ്റേജിൽ ആയിരുന്നു.. ഇപ്പോൾ ഹെൽത്ത്‌ ഓക്കെയാണെങ്കിലും ഒന്നിനോടും പ്രതികരിക്കുന്നില്ല….താനൊന്ന് നോക്കിയേരെ..”

ആൻസി ഡോക്ടറെ കണ്ടുപരിചയമേയുള്ളൂ.. ഇതേ ഹോസ്പിറ്റലിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ്..

ആ കുട്ടിയ്ക്ക് തലയ്ക്കായിരുന്നു സാരമായ പരിക്ക്…ചുറ്റുമുള്ളതൊന്നിനോടും പ്രതികരിക്കുന്നില്ല…

ഡോക്ടർ നിഖിൽ ഇടയ്ക്കിടെ അവളെ ചെന്ന് നോക്കും.. കാര്യമായ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല.. സഹതാപമാണോയെന്നറിയില്ല,കണ്ടു കണ്ട് എന്തോ ഒരു അറ്റാച്ച്മെന്റ്..

അന്ന് അവളുടെ അരികിൽ ചെന്നതും ഡോക്ടർ നിഖിലിന്റെ ഫോൺ ശബ്ദിച്ചു.. റിങ് ടോൺ മ്യൂട്ട് ചെയ്യാൻ മറന്നു പോയിരുന്നു.. കോൾ എടുത്ത് സംസാരിക്കാൻ തുടങ്ങുന്നതിനിടെയാണ് ഇതളിന്റെ ചുണ്ടുകൾ വിറകൊള്ളുന്നത് പോലെ നിഖിലിന് തോന്നിയത്.. ഫോണിൽ സംസാരിക്കാൻ മറന്നവൻ അവൾക്കരികെയെത്തി വിളിച്ചു.. ഒരു പ്രതികരണവുമില്ല…

തോന്നിയതാവുമോ..?

പിന്നെയും രണ്ടുമൂന്നു ദിവസങ്ങൾ കടന്ന് പോയി.. അവൾക്കരികിൽ നിന്നും മടങ്ങാൻ തുടങ്ങുമ്പോഴാണ് വീണ്ടും നിഖിലിന്റെ ഫോൺ ശബ്ദിച്ചത്..

ഫോൺ സൈലന്റിൽ ഇടാൻ മറന്നു പോവുന്ന സ്വഭാവത്തെ പഴിച്ചു കൊണ്ടാണ് കോൾ എടുത്തത്..

സംസാരത്തിനിടെ യാദൃശ്ചികമായാണ് ഇതളിന്റെ മുഖത്ത് നോട്ടമെത്തിയത്..

ആ കണ്ണുകൾ… അത് നിറഞ്ഞിരിക്കുന്നത് പോലെ…

സംശയത്തോടെയാണ് നിഖിൽ അവൾക്കരികെയെത്തിയത്.. അവൻ അവളെയും ഫോണിലേയ്ക്കും മാറി മാറി നോക്കി.. പിന്നെ വീണ്ടും ഫോണിൽ ആ റിങ് ടോൺ പ്ലേ ചെയ്തു… ആ കണ്ണുനീർ തുള്ളികൾ കവിളിലേയ്ക്ക് ഒഴുകുന്നത് ഡോക്ടർ കണ്ടു.. ചുണ്ടുകൾ വിറകൊള്ളുന്നുണ്ട്…

അപ്പോഴാണ് ആ ചിന്തയെത്തിയത്…ആ റിങ് ടോൺ.. അതാണ് ഈ പ്രതികരണം…

അതിൽ കൂടുതൽ ഒന്നുമുണ്ടായില്ല.. ഇതളിന്റെ ഫോൺ അന്വേഷിച്ച് ഡോക്ടർ ആൻസിയുടെ മുൻപിലെത്തിയ നിഖിലിനെ അവർ സംശയത്തോടെയാണ് ആദ്യം നോക്കിയത്.. അത്ര താല്പര്യത്തോടെയല്ലെങ്കിലും ആക്സിഡന്റ് സ്പോട്ടിൽ നിന്നും റിക്കവർ ചെയ്ത ഇതളിന്റെ ഫോൺ ആൻസി ഡോക്ടർ നിഖിലിന് കൈമാറി…

ഉറങ്ങിക്കിടന്നിരുന്ന ഇതളിന്റെ ഫിംഗർ വെച്ച് ഫോൺ അൺലോക്ക് ചെയ്യുമ്പോൾ അവളുടെ കൈ വിറച്ചത് നിഖിൽ അറിഞ്ഞിരുന്നു..

‘ഗുപ്തന്റെ തൂലിക’

ആ പ്രൊഫൈലിലേയ്ക്ക് എത്താൻ നിഖിലിന് അധികസമയമൊന്നും വേണ്ടി വന്നില്ല.. പുതിയ പോസ്റ്റുകൾ ഒന്നുമില്ല… പലരുടെയും കഥയെ പറ്റിയുള്ള ചോദ്യങ്ങൾക്ക് മറുപടിയും ഇല്ല…

ഇൻബോക്സിൽ എത്തിയ നിഖിലിന് അവരുടെ ബന്ധത്തിന്റെ ആഴം മനസ്സിലാക്കാനാവുമായിരുന്നു..

“ഹായ്.. ”

മെസ്സേജ് അയച്ചവൻ എഫ് ബി ക്ളോസ് ചെയ്ത്.. ഡ്യൂട്ടിയ്ക്കിടെയവൻ പല തവണ എടുത്തു നോക്കിയെങ്കിലും മെസ്സേജ് സീൻ ചെയ്തിട്ടില്ല..

അവളുടെ ഫോണിൽ സേവ് ചെയ്തു വെച്ച നമ്പറിലേക്ക് വിളിച്ചെങ്കിലും സ്വിച്ചഡ് ഓഫ്‌ ആയിരുന്നു..

“ഗുപ്തൻ … തനിക്ക് അയാളെ കാണണ്ടേ…?”

ഇതളിനരികെയെത്തി,നിർവികാരമായ ആ മുഖത്ത് നോക്കി, പതിവ് പുഞ്ചിരി നൽകി, പരിശോധനയും കഴിഞ്ഞു പൊടുന്നനെയാണ് നിഖിൽ ചോദിച്ചത് ..

അവളുടെ കണ്ണുകൾ പിടഞ്ഞത് നിഖിൽ കണ്ടിരുന്നു..ആ മുഖത്തെ നേരിയ ഭാവമാറ്റവും…

“ഇങ്ങനെ കിടന്നാൽ ഗുപ്തനെ കാണാനൊക്കില്ലെടോ…”

തന്റെ നേർക്ക് ആ കണ്ണുകൾ നീളുന്നത് നിഖിൽ കണ്ടു..

“ഗുപ്തൻ തന്നെ കാത്തിരിക്കുന്നുണ്ട്..”

അവളുടെ മുഖത്തെ നിസ്സഹായത നിഖിലിന്റെ ഉള്ളുലച്ചു…

ഗുപ്തനെ പറ്റിയുള്ള സംസാരം, ആ റിങ് ടോൺ, പ്രൊഫൈൽ… പതിയെ അവളിൽ മാറ്റങ്ങളുണ്ടാക്കുന്നത് നിഖിൽ അറിയുകയായിരുന്നു…

എത്രത്തോളം,മുഖം പോലും കാണാത്ത ആ ആളെ അവൾ സ്നേഹിക്കുന്നുണ്ടെന്നും…

പക്ഷെ എത്ര ശ്രെമിച്ചിട്ടും ആളെ കണ്ടെത്താൻ നിഖിലിനായില്ല.. ആ പ്രൊഫൈലും നമ്പറും ഒന്നും ആക്ടീവായിരുന്നില്ല…

❤❤❤❤❤❤❤❤❤

ഇതൾ ആ ഓർമ്മകളിലായിരുന്നു.. ഗുപ്തനും അവളും മാത്രമുള്ള അവരുടെ ലോകത്തിൽ….

❤❤❤❤❤❤❤❤❤

“ഡീ…രാവിലെ തൊടങ്ങി ആ മൊബൈലിൽ കമിഴ്ന്നു കിടക്കുവല്ലേടി നീ.. മനുഷ്യനാകെ വട്ടു പിടിക്കുന്നു.. ഈവനിംഗ് നമുക്കൊന്ന് പുറത്ത് പോയാലോ..?”

ഇതളിന്റെ ചോദ്യം ശ്രെദ്ധിക്കാതെ, മൊബൈലിൽ തന്നെ കണ്ണും നട്ടിരുന്ന കീർത്തിയ്ക്ക് നേരെ പില്ലോയെടുത്തു എറിഞ്ഞവൾ…

“എന്റെ പൊന്നുമോളെ..ഞാനിതൊന്ന് വായിച്ചു തീർത്തോട്ടെ..”

കീർത്തി കെഞ്ചി..

“ഓ… അവളുടെയൊരു പൈങ്കിളിക്കഥ..”

“പൈങ്കിളീന്നൊന്നും പറയാതെടി.. മാജിക്കൽ റൈറ്റിംഗ്… വേണേൽ ഞാനാ ലിങ്ക് നിനക്ക് സെൻറ് ചെയ്ത് തരാം.. തുടങ്ങിയാൽ ശ്വാസം പിടിച്ചിരുന്നു വായിച്ചു തീർക്കും നീ..”

“ഓ വേണ്ടായേ.. ഇവിടെ ഉള്ള ഡ്രാമാ തന്നെ താങ്ങാൻ വയ്യ.. അതിന്റെ കൂടെ പുറത്തൂന്ന് പ്രണയകഥകൾ എടുക്കുന്നില്ല..”

ഇതൾ തൊഴുതു കൊണ്ടു പറഞ്ഞു..

കീർത്തി അവളെ നോക്കിയൊന്നു ചിരിച്ചു.. എന്നിട്ട് പിന്നെയും മൊബൈലിലേയ്ക്ക് മിഴികൾ നട്ടു.

ഒന്നാമതേ അക്ഷരവിരോധി.. പിന്നെ പ്രണയത്തോടുള്ള പുച്ഛവും..

പ്രശസ്ത ബിസിനസ്സ്മാൻ മോഹൻ കുരുവിളയുടെയും ഡോക്ടർ ആനി കുരുവിളയുടെയും ഏകമകൾ..

ഇതൾ ജനിച്ചു ഏറെ കഴിയും മുൻപേ തന്നെ , കോളിളക്കമുണ്ടാക്കിയ പ്രണയത്തിനൊടുവിൽ വിവാഹിതരായ രണ്ടുപേരുടെയും ജീവിതത്തിൽ നിന്നും പ്രണയം ഇറങ്ങിപ്പോയിരുന്നു.. കരിയറും ഈഗോയുമായി പരസ്പരം പോരടിക്കുന്നതിനിടെ തനിച്ചായി പോയ മകളെ അവർക്ക് ചേർത്ത് നിർത്താൻ കഴിഞ്ഞിരുന്നില്ല…

ഓർമ്മ വെച്ച നാളുകൾ മുതൽ പപ്പയുടെയും മമ്മയുടെയും യുദ്ധങ്ങൾ കണ്ടുവളർന്നവൾക്ക് പ്രണയത്തോടും വിവാഹത്തോടും പുച്ഛം മാത്രമേ ഉണ്ടായിരുന്നുള്ളൂ..

നാളുകൾ കഴിഞ്ഞിട്ടും കീർത്തി അയച്ച ലിങ്ക് അവൾ നോക്കിയത് പോലുമില്ല..

ഒരു പനിയുടെ പേരിൽ ഹോസ്റ്റലിൽ നിന്നും വീട്ടിലെത്തിയ നാളുകളൊന്നിൽ യാദൃശ്ചികമായാണ് അവൾ ആ കഥയുടെ ലിങ്ക് ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ കണ്ടത്..

മുൻവിധിയോടും പുച്ഛത്തോടുമാണ് വായിച്ച് തുടങ്ങിയത്…. പക്ഷെ…

ആദ്യത്തെ പാരഗ്രാഫ് കഴിഞ്ഞപ്പോൾ കൗതുകമായിരുന്നെങ്കിൽ, പിന്നീടത് മറ്റെന്തൊക്കെയോ വികാരങ്ങൾക്ക് വഴി മാറി.. അവളെ പോലെ ഒറ്റപ്പെട്ടു പോയൊരുവളുടെ കഥയായത് കൊണ്ടാവാം വായിച്ചു നിർത്തുമ്പോൾ മിഴികൾ ഈറനണിഞ്ഞത്..

ആൾക്കൂട്ടത്തിൽ തനിച്ചായി പോയൊരു മനസ്സിന്റെ വിങ്ങൽ എത്ര തീക്ഷ്ണമായാണ് അയാൾ വാക്കുകളാൽ കോറിയിട്ടത്..

അതേ കൗതുകത്തോടെയാണ് ആ എഴുത്തുകാരനെ തിരഞ്ഞത്..

ഗുപ്തന്റെ തൂലിക..

അതായിരുന്നു ഐഡി നെയിം..

തന്റെ നാട്ടുകാരനാണെന്ന് ഒഴികെ അയാളെ പറ്റി മറ്റൊന്നും ആ ഐഡിയിൽ നിന്നും കിട്ടിയില്ല..

കഥകളും കവിതകളും എഴുത്തുമായി ബന്ധപ്പെട്ട കാര്യങ്ങളും മാത്രമേ ആ ടൈം ലൈനിൽ കണ്ടുള്ളൂ..

വ്യക്തിപരമായതൊന്നും പങ്കുവെച്ചിട്ടില്ല..

അയാളുടെ അക്ഷരങ്ങൾ പതിയെ അവളെ കീഴടക്കി.. കഥകളിലെ കമന്റുകളിലെ മറുപടികളിൽ പോലും അയാൾ പിശുക്കനായിരുന്നു.. ചുരുക്കം ചിലർക്കൊഴികെ നന്ദിയെന്നോ സ്നേഹമെന്നോയുള്ള വാക്കുകൾ മാത്രം..

ഇതൾ ഓരോ കഥയും വായിച്ചു വിശദമായി തന്നെ…പ്രതികരണം കുറിച്ചെങ്കിലും അയാളുടെ മറുവാക്കുകളിൽ വ്യത്യാസമൊന്നും വന്നില്ല..

പക്ഷെ എപ്പോഴൊക്കെയോ അയാളുടെ എഴുത്തുകൾക്ക് തന്റെ അവസ്ഥയുമായി ബന്ധമുണ്ടെന്ന് ഇതളിനു തോന്നിയിരുന്നു.. എല്ലാവരും ചുറ്റുമുണ്ടായിട്ടും ഒറ്റപ്പെട്ട ഒരവസ്ഥ..

എത്രയൊക്കെ പരിശ്രമിച്ചിട്ടും അയാളെ പറ്റി മറ്റൊരു വിവരവും ഇതളിനു കിട്ടിയില്ല.. ആള് ചെറുപ്പക്കാരനാണെന്നും അവിവാഹിതനാണെന്നുമുള്ള ചില നുറുങ്ങുകളൊഴികെ…

പോസ്റ്റുകളിൽ ചിലരോടൊക്കെ അയാൾ സൗഹാർദ്ദപരമായി ഇടപെടുന്നത് കണ്ടെങ്കിലും ഇതളിന്റെ കാര്യത്തിൽ അത് നടന്നില്ല.. സഹികെട്ടവൾ ഒരിക്കൽ നെഗറ്റീവ് റിവ്യൂ പോലും ഇട്ടെങ്കിലും ഒരു കാര്യവും ഉണ്ടായില്ല..

ഒരു ദിവസം പത്തിരുപത് തവണയെങ്കിലും അവളാ പ്രൊഫൈൽ എടുത്തു നോക്കും.. ഒരുപാട് ആലോചനയ്ക്കൊടുവിലാണ് അവൾ ആ ഇൻബോക്സിലേക്ക് മെസ്സേജ് അയച്ചത്..

“ഹായ് ”

നോ റിപ്ലൈ..

“എനിക്ക് നിങ്ങളുടെ എഴുത്ത് ഒത്തിരി ഇഷ്ടമാണ്..”

നതിംഗ്..

“ഫ്രണ്ട്‌സ്..?”

എല്ലാം കണ്ടിട്ടുണ്ട്… പക്ഷെ ഒരു പ്രതികരണവുമില്ല

ഇതളിനു കലി കയറി..

ജാഡത്തെണ്ടി..

രണ്ടു ദിവസം കഴിഞ്ഞവൾ ഒരു ഗുഡ് മോർണിംഗ് മെസ്സേജ് അയച്ചു.. അതിനും പ്രതികരണമൊന്നും കാണാതിരുന്നപ്പോൾ മനസ്സിൽ തോന്നിയ ദേഷ്യമൊക്കെ തീർത്തു കൊണ്ടു വീണ്ടുമൊരു മെസ്സേജ് അയച്ചു.. അതിനും മറുപടിയുണ്ടായില്ല..

സോറി പറഞ്ഞവൾ വീണ്ടും മെസ്സേജ് അയച്ചു..

പിന്നെയും തുടരെ അങ്ങോട്ട് മെസ്സേജുകൾ പൊയ്കൊണ്ടിരുന്നെങ്കിലും തിരിച്ച് ഒന്നും വന്നില്ല..

അന്നവൾ,അയാളുടെ സ്റ്റാറ്റസിൽ ഒരു പെണ്ണിനു പിറന്നാളാശംസകൾ നേർന്നത് കണ്ടു..

കണ്ട പെണ്ണുങ്ങളെയൊക്കെ വിഷ് ചെയ്യാൻ നേരമുണ്ട്…വായ്‌നോക്കി…

“ഏതാ ആ പെണ്ണ്…?”

കണ്ടെങ്കിലും മറുപടിയൊന്നും ഉണ്ടായില്ല.. ദേഷ്യത്തോടെ ഇതൾ മൊബൈൽ ബെഡിലേയ്ക്ക് വലിച്ചെറിഞ്ഞു…

ഇടയ്ക്കെപ്പോഴൊക്കെയോ നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടെങ്കിലും അവൾ നോക്കിയില്ല..

വെക്കേഷനായിരുന്നു.. വീട്ടിലെത്തിയിട്ട് രണ്ടു ദിവസമായി..ഉച്ചയ്ക്ക് കഴിക്കാൻ താഴേയ്ക്ക് പോവാതെ അവൾ കിടന്നുറങ്ങി..

ഉണർന്നപ്പോഴാണ് അടുത്ത് കിടന്നിരുന്ന മൊബൈൽ എടുത്ത് നോക്കിയത്..

നോട്ടിഫിക്കേഷൻ കണ്ടെങ്കിലും സംശയത്തോടെയാണ് ഓപ്പൺ ചെയ്തത്..

അയാളുടെ മെസ്സേജ്..

“????”

“ബർത്ത്ഡേ സ്റ്റാറ്റസ് ഇട്ട ആ പെണ്ണേതാന്ന്..?”

മറുപടി അപ്പോൾ തന്നെ വന്നു..

“ഇട്സ് നൺ ഓഫ് യുവർ ബിസിനസ്…”

വായിൽ വന്നതെല്ലാം അവനെ വിളിച്ചു പറഞ്ഞവൾ ഫോൺ വീണ്ടും വലിച്ചെറിഞ്ഞു..

ഇനി അയാൾക്ക് മെസ്സേജ് അയക്കില്ലെന്ന് തീരുമാനിച്ചെങ്കിലും രണ്ടു ദിവസം കഴിയുന്നതിനു മുൻപേ ഇതൾ വീണ്ടും മെസ്സേജ് അയച്ചു… പിന്നെ മറുപടിയൊന്നും ഉണ്ടായില്ല..

ഒരു വൈകുന്നേരം, കണ്ണാടിയ്ക്ക് മുൻപിൽ നിൽക്കുമ്പോൾ തോന്നിയ ഒരു കുസൃതിയിലാണ് തന്റെ കണ്ണുകളുടെ പിക്ക് എടുത്ത് അയച്ചത്..

കണ്ടെങ്കിലും പ്രതികരണമില്ല.. അവൾക്ക് ദേഷ്യം വന്നു.. ഒരു സെൽഫി എടുത്ത് ഒന്നുമാലോചിക്കാതെ വീണ്ടുമങ്ങയച്ചു..

തെല്ലുനേരം കഴിഞ്ഞു നോട്ടിഫിക്കേഷൻ വന്നപ്പോൾ ആകാംക്ഷയോടെയാണ് തുറന്നത്.. വോയിസ്‌ മെസ്സേജ്…

“വാട്ട്‌ ദി ഹെൽ ഡൂ യൂ തിങ്ക് യൂ ആർ ഡൂയിങ് ? ഊരും പേരുമൊന്നും അറിയാത്ത ഒരാളുടെ ഇൻബോക്സിലേയ്ക്ക് ഫോട്ടോയെടുത്തു അയച്ചു കൊടുക്കാൻ മാത്രം വിഡ്ഢിയാണോടി നീ… ഇനി മേലാൽ എനിയ്ക്ക് മെസ്സേജ് അയക്കരുത്..”

മുഴക്കമുള്ള ആ ശബ്ദത്തിൽ നിറയെ ദേഷ്യവും പരിഹാസവുമായിരുന്നു..

ഇതളിന്റെ കണ്ണുകൾ നിറഞ്ഞു..

അയാൾ പറഞ്ഞതൊക്കെ ശരിയാണ്.. എന്ത് ധൈര്യത്തിലാണ് താൻ ആ പിക്ക് അയച്ചത്…

ഒരുപക്ഷെ അയാളൊരു ഫ്രോഡായിരുന്നെങ്കിലോ…?

ഒന്നും ആലോചിച്ചില്ല.. അയാളെ പറ്റി ഒന്നുമറിയില്ല… പക്ഷെ..

കരഞ്ഞു തളർന്നാണ് ഉറങ്ങിയത്.. പിറ്റേന്ന് അവൾ ഫേസ്ബുക്ക് തുറന്നതേയില്ല.. രണ്ടാം ദിവസം ഓപ്പൺ ചെയ്തെങ്കിലും പിന്നെ മെസ്സേജ് അയച്ചില്ല.. അയാളുടെ എഴുത്തുകൾ വായിച്ചെങ്കിലും പതിവുപോലെ അഭിപ്രായങ്ങൾ പ*റഞ്ഞില്ല..

ഏറെ പ്രിയപ്പെട്ടൊരാളെ നഷ്ടമായത് പോലെ മനസ്സ് വിങ്ങി.. വഴക്ക് പറഞ്ഞതല്ലാതെ മെസ്സേജുകൾക്കൊന്നും ഒരു മറുപടി പോലും പറഞ്ഞിട്ടില്ല ഇതേവരെ… എന്നിട്ടും..

ദിവസങ്ങൾ കടന്ന് പോയി.. വെറുതെ അയാളുടെ പ്രൊഫൈൽ എടുത്തു നോക്കുമെന്നതിലപ്പുറമൊന്നുമില്ല..

വെക്കേഷൻ അവൾക്ക് മടുത്തിരുന്നു.. തിരക്കുകളിൽ നിന്ന് തിരക്കുകളിലേയ്ക്ക് ഓടികൊണ്ടിരിക്കുന്ന മാതാപിതാക്കൾക്കിടയിൽ,അവൾ തന്റെ മുറിയിലും ബാൽക്കണിയിലുമായി ഒതുങ്ങി..

അന്നത്തെ പിറന്നാൾ ദിവസം.. വൈകിയാണ് ഉണർന്നത്.. ഫ്രണ്ട്സിന്റെയൊക്കെ ബർത്ത്ഡേ വിഷസ് കണ്ടെങ്കിലും എന്തിനോ കണ്ണുകൾ നിറഞ്ഞു…

എഫ് ബിയിൽ വെറുതെ സ്ക്രോൾ ചെയ്യുമ്പോഴാണ് ആ മെസ്സേജ് കണ്ടത്..

“ഹാപ്പി ബർത്ത് ഡേ ഇതൾ… ”

ആ ഐഡി..ഗുപ്തന്റെ തൂലിക..

വിശ്വസിക്കാനാവാതെ ഇതൾ വീണ്ടുമത് നോക്കി..

ഇൻബോക്സിൽ വെറുത നോക്കിയപ്പോൾ ഒരു വോയിസ്‌ മെസ്സേജ്..

“ഹാപ്പി ബർത്ത് ഡേ ഇതൾ…”

ആ പതിഞ്ഞ ശബ്ദം മനസ്സിലാണ് എത്തിയത്…

വീണ്ടും കണ്ണുകൾ നിറഞ്ഞത് സന്തോഷം കൊണ്ടായിരുന്നു..

“താങ്ക്സ്.. ഇറ്റ് മീൻസ് ഏ ലോട്ട് ടു മി.. മോർ ദാൻ യൂ ക്യാൻ അണ്ടർസ്റ്റാൻഡ് …”

തിരിച്ചൊന്നും പ്രതീക്ഷിച്ചില്ലെങ്കിലും ഒരു ചിരി പകരമായി കിട്ടിയപ്പോൾ മനസ്സ് നിറഞ്ഞു.

ഇത്രയും സന്തോഷം തോന്നിയ ഒരു പിറന്നാൾ ഓർമ്മയില്ല…

ഉച്ച കഴിഞ്ഞാണ് കോളിങ്ങ് ബെൽ കേട്ട് വാതിൽ തുറന്നത്…കയ്യിൽ ബൊക്കെയുമായി നിൽക്കുന്ന ഡെലിവറി ബോയിയെ കണ്ടപ്പോൾ അവൾ തെല്ലമ്പരന്നു..

“ഇതൾ.. ഇതൾ മാഡം…?”

“യെസ്…”

“ഇട്സ് ഫോർ യൂ…”

ചിരിയോടെ അയാൾ ആ ബൊക്കെ കയ്യിലേയ്ക്ക് തന്നപ്പോൾ ഇതൾ ഒന്നും പറഞ്ഞില്ല..

വെള്ളയും ചുവപ്പും റോസാപ്പൂക്കൾ നിറഞ്ഞ ബൊക്കെയിൽ അപ്പോഴാണവൾ ആ നോട്ട് കണ്ടത്…

ഹാപ്പി ബർത്ത് ഡേ ഇതൾ..

ഗുപ്തൻ …

ഹൃദയമിടിപ്പ് നിലച്ചു പോവുന്നത് പോലെ അവൾക്ക് തോന്നി..

ഗേറ്റിനരികിലെത്തിയ ഡെലിവറി ബോയിക്ക് പിന്നാലെ സ്വയം മറന്നവളോടി…തെല്ലു സംശയത്തോടെ നോക്കിയ അവനരികിലെത്തി കിതപ്പടങ്ങാതെ അവൾ ചോദിച്ചു..

“ഇ.. ഇത്..ആരാ..ഓർഡർ ചെയ്തത്..? ”

ആ പയ്യൻ തെല്ലു കൗതുകത്തോടെ അവളെ നോക്കി…

“അത് ഓൺലൈൻ ഓർഡർ ആയിരുന്നു മാഡം.. ”

ചിരിയോടെ കണ്ണിറുക്കി ഗേറ്റ് കടക്കുന്നതിനിടയിൽ അവൻ പറഞ്ഞു..

“ആരാധകനാവും..”

ചുണ്ടിൽ തെളിഞ്ഞ ചിരിയോടെ അവൾ ആ ബൊക്കെയിൽ കവിൾ ചേർത്തു…

രാത്രിയിലെ ബർത്ത് ഡേ പാർട്ടിയിൽ അവൾ ഉത്സാഹത്തോടെ ഓടി നടന്നു…രാത്രിയാണ് ആളെ വീണ്ടും ഓൺലൈനിൽ കണ്ടത് ..

“താങ്ക്സ് എഗൈൻ… ഒരിക്കലും പ്രതീക്ഷിക്കാത്ത ആ സമ്മാനത്തിന്…എന്നാലും എന്റെ അഡ്രെസ്സ്…?”

“ഞാനും ഈ നഗരത്തിൽ തന്നെയാടോ.. ഇവിടെ തന്റെ പേരെന്റ്സിനെ അറിയാത്ത ആരുമുണ്ടാവില്ല..”

“ഉം….”

“അന്ന്,തന്നെ വല്ലാതെ വേദനിപ്പിച്ചോയെന്നൊരു സംശയമുണ്ടായിരുന്നു..”

ഇതളിന്റെ മുഖം മങ്ങി…

“അതിനുള്ള പ്രായശ്ചിത്തമായിരുന്നോ..?”

“അല്ല..”

പിന്നെയവളൊന്നും ടൈപ്പ് ചെയ്തില്ല.. തെല്ലു നേരം കഴിഞ്ഞാണ് വീണ്ടും മെസേജ് വന്നത്.…

“ഫ്രണ്ട്‌സ്…?”

യെസ് എന്ന് ടൈപ്പ് ചെയ്യാൻ തെല്ലും ആലോചിക്കേണ്ടി വന്നില്ല ഇതളിന്…

ഉള്ളിലെപ്പോഴോ നാമ്പിട്ട് തുടങ്ങിയ പ്രണയം മറച്ചു വെച്ചവൾ, അവൻ വെച്ചു നീട്ടിയ സൗഹൃദത്തിൽ അഭയം കണ്ടെത്തി…

അവളുടെ സങ്കടങ്ങളും പരിഭവങ്ങളുമൊക്കെ ക്ഷമയോടെ കേട്ടെങ്കിലും വ്യക്തിപരമായ വിവരങ്ങളൊന്നുമയാൾ വെളിപ്പെടുത്തിയില്ല..

എല്ലാം, ‘തീർച്ചയായും ഒരിക്കൽ നേരിൽ കാണാം.. അന്ന് പറയാം ‘എന്നതിലൊതുക്കും…

ഇടയ്ക്ക് വിളിക്കും.. ഒരുപാട് സംസാരിക്കും..ആ ശബ്ദത്തിനെ പോലും അവൾ സ്നേഹിച്ചു പോയിരുന്നു.. അവളെന്തെങ്കിലും പൊട്ടത്തരങ്ങൾ പറയുമ്പോൾ മറുവശത്തു നിന്നുള്ള ആ പതിഞ്ഞ ചിരി കേൾക്കാൻ വേണ്ടി മാത്രം ഇതൾ പലതും മെനഞ്ഞുണ്ടാക്കും..

ആള് നല്ല ബിസിയാണ് മിക്കപ്പോഴും.. ജോലിയും എഴുത്തുമൊക്കെയായി.. എങ്കിലും ദിവസം ഒരു തവണയെങ്കിലും വിളിക്കും.. ആ കോളിനായി സെറ്റ് ചെയ്ത റിങ് ടോൺ മുഴങ്ങുന്നതും കാത്ത് അവളും…

ദിവസങ്ങളും മാസങ്ങളും കടന്നു പോയി… അടുത്ത പിറന്നാളിന് പൂക്കളോടൊപ്പം ഒരു ജ്വല്ലറി ബോക്സ്സും അവളെ തേടിയെത്തിയിരുന്നു.. ഒരു കുഞ്ഞു ഡയമണ്ട് പെൻഡന്റും മാച്ചിങ് ഇയർ സ്റ്റഡും…

ഒരു ദിവസം സ്റ്റാറ്റസ്സിൽ ഒരു പെണ്ണിന് ബർത്ത് ഡേ വിഷ് ഇട്ടത് കണ്ടതും അവൾ വിളിച്ചു..

“ഏതാ അവൾ…?”

“ഏതവൾ..? ”

കുസൃതിയോടെയായിരുന്നു മറുചോദ്യം…

“ആ പെണ്ണ്..”

“എടോ.. അവിടെ എഴുത്തിലൂടെ പരിചയമായ ചിലരുണ്ട്.. നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്ന ചിലർ.. അവരിൽ ഒരാൾ..”

തൃപ്തി വരാത്തത് പോലെ അവളൊന്നു മൂളി..

“താൻ കരുതുന്നത് പോലെ അവിടെ എനിയ്ക്കാരോടും പ്രണയമൊന്നുമില്ലെടോ ”

ചിരിയോടെയാണ് പറഞ്ഞത്…

“ആരോടും..?”

“എന്ത്..?”

“അല്ല.. ആരോടും പ്രണയം തോന്നിയിട്ടില്ലേ.?”

ആ ചിരിയായിരുന്നു മറുപടി…

“എനിക്കൊരു പ്രണയമുണ്ട്

അവൾക്കൊന്നും പറയാൻ കഴിഞ്ഞില്ല..

“നേരിട്ട് പറഞ്ഞിട്ടില്ല…ഇത് വരെ…”

അവളൊന്നും മിണ്ടിയില്ല…

“പറയണം… നേരിട്ട്…”

“ഉം..”

അവൾ വെറുതെ മൂളി…

“അപ്പോൾ നമുക്ക് നേരിട്ട് കാണണ്ടേ…?”

“ഏഹ്..?”

“അല്ല.. കാണണ്ടേന്ന്…?”

ഇതളിന്റെ മുഖം വിടർന്നു…

“വേണം.. എപ്പോഴാ..?”

“നെക്സ്റ്റ് സാറ്റർഡേ ഈവെനിംഗ്.. ബീച്ചിനടുത്തുള്ള കഫെയിൽ ആയാലോ…?”

“ഹേയ്.. ആം റെഡി..”

ഇതളിന്റെ ശബ്ദത്തിലെ എക്സൈറ്റ്മെന്റിന് ആ പതിഞ്ഞ ചിരിയായിരുന്നു മറുപടി..

പിന്നീടുള്ള ദിവസങ്ങളിൽ ആള് ബിസിയായിരുന്നു..

എന്താണ് ജോലിയെന്ന് പോലും പറഞ്ഞിട്ടില്ലിതു വരെ…ഇതൾ ആ ദിവസത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു..

എന്തണിയണമെന്നുള്ള കൺഫ്യൂഷനൊടുവിൽ, തൂവെള്ളയിൽ, നീലപ്പൂക്കൾ തുന്നിയ സൽവാറിൽ സുന്ദരിയായി അവളിറങ്ങി.. ഒരുപാട് കെഞ്ചിയാണ് മമ്മ കാർ എടുക്കാൻ സമ്മതം തന്നത്…

മനസ്സിൽ നിറയെ അയാളായിരുന്നു.. മെയിൻ റോഡിലേയ്ക്ക് കയറുമ്പോഴും അവൾ തന്റെതായ ലോകത്തിലായിരുന്നു.. വണ്ടി റോഡിലേയ്ക്ക് കയറിയതും പൊടുന്നനെ മുന്നിലൂടെ കടന്നുപോയ ബൈക്കിലെ ആള് തെറിച്ചു വീഴുന്നത് ഇതൾ കണ്ടിരുന്നു.. നിയന്ത്രണം തെറ്റിയ കാർ മുന്നിലെ വാഹനത്തെ ഇടിച്ചു തെറിപ്പിച്ചിരുന്നു.. മനസ്സിൽ ഇരുൾ മൂടുമ്പോഴും ഇതളിന്റെയുള്ളിൽ ആ പതിഞ്ഞ ചിരിയായിരുന്നു

❤❤❤❤❤❤❤❤❤❤

കാറിൽ മിഴികളടച്ചിരുന്നെങ്കിലും അവളുടെ കവിളിലൂടെ ഒഴുകിയിറങ്ങുന്ന നീർത്തുള്ളികൾ നിഖിലിനെ നോവിച്ചു.. ഗുപ്തൻ ആരാണെന്ന് താൻ തിരിച്ചറിയേണ്ടിയില്ലായിരുന്നുവെന്ന് അവനു തോന്നിപ്പോയി….

അന്ന് നിഖിൽ റൌണ്ട്സ് കഴിഞ്ഞു തിരിച്ചെത്തിയപ്പോഴാണ് ഡോക്ടർസ് റൂമിലെ മേശപ്പുറത്തു ഒരു പുസ്തകം കണ്ടത്.. അവനത് എടുക്കാൻ തുടങ്ങുമ്പോഴാണ് ഡോക്ടർ ജീവൻ വാഷിംഗ് റൂമിൽ നിന്നും പുറത്തേയ്ക്ക് വന്നത്..

“ഹാ നിഖിൽ.. റൌണ്ട്സ് കഴിഞ്ഞോ…?”

“ഉം…”

മൂളിക്കൊണ്ട് നിഖിൽ വീണ്ടും ആ പുസ്തകത്തിലേയ്ക്ക് നോട്ടം തിരിച്ചപ്പോഴാണ് ജീവൻ പറഞ്ഞത്..

“അത്.. അത് നമ്മുടെ ജെയ്‌സൺ എഴുതിയതാണ്..”

ദളങ്ങൾ…

ഞെട്ടലോടെയാണ് നിഖിൽ ആ എഴുത്തുകാരന്റെ പേര് ശ്രെദ്ധിച്ചത്…

ഗുപ്തന്റെ തൂലിക

(ഡോ. ജെയ്സൺ ജോസഫ് )

“ഗു… ഗുപ്‍തൻ..?”

“ഉം.. അവനാ പേരിലായിരുന്നു എഴുതാറുണ്ടായിരുന്നത്.. അവന്റെ വല്യ ആഗ്രഹമായിരുന്നു ഈ പുസ്തകം..”..

ജീവന്റെ വാക്കുകളിൽ വേദന നിറഞ്ഞിരുന്നു..

യാന്ത്രികമായാണ് നിഖിൽ പേജുകൾ മറിച്ചത്…

‘എനിക്കേറ്റവും പ്രിയപ്പെട്ടവൾക്ക്…’

“അവനൊരു കുട്ടിയെ ഇഷ്ടമായിരുന്നു.. നേരിട്ട് കാണുമ്പോൾ ഇഷ്ടം പറഞ്ഞു ആദ്യ കോപ്പി അവൾക്ക് കൊടുക്കണമെന്നായിരുന്നു അവന്റെ മോഹം…”

“ആൻ.. ആൻസി ഡോക്ടറുടെ മകളുടെ കാറിടിച്ചല്ലേ ഡോക്ടർ ജെയ്സൺ …?”

“ഉം… അവൻ സ്നേഹിച്ച പെൺകുട്ടിയെ കാണാൻ പോവുകയായിരുന്നു അന്നവൻ.. ആളാരാണെന്ന് എന്നോട് പോലും പറഞ്ഞിട്ടില്ല…”

നിഖിലിന്റെ ഉള്ളം വിറച്ചു…

അത്രമേൽ സ്നേഹിച്ചു പോയവർ…

അവൾ കാരണമാണ് അവൻ…

ഡോക്ടർ ജെയ്‌സൺ…

ഒരു ചെറു ചിരിയോടെയല്ലാതെ കണ്ടിട്ടില്ലിത് വരെ അയാളെ….

ആരുടെയൊക്കെയോ കാരുണ്യത്തിൽ പഠിച്ചു വളർന്നു ഡോക്ടറായവൻ..

ബഹുമാനമായിരുന്നു…

“ഡോക്ടർ…?”

അന്ന് പരിശോധനയ്ക്കിടെ തളർന്ന ശബ്ദത്തിൽ ഇതൾ വിളിച്ചപ്പോൾ നിഖിൽ തിരിഞ്ഞു നോക്കി..

“എനിയ്ക്ക്.. എനിക്ക് ഒന്നു കാണാൻ പറ്റുമോ… പ്ലീ.. പ്ലീസ് ഹെല്പ്..”

ആരെയെന്ന് നിഖിൽ ചോദിച്ചില്ല… അവളെയൊന്ന് നോക്കി..

“ഗുപ്തൻ… ഗുപ്‍തൻ ഞാനാണെങ്കിലോ..?”

ആദ്യം അമ്പരപ്പ് തെളിഞ്ഞ, ക്ഷീണിച്ച മുഖത്ത് പതിയെ ഒരു വരണ്ട ചിരി തെളിഞ്ഞു… നിഷേധാർത്ഥത്തിൽ ഇതൾ തലയാട്ടുമ്പോൾ നിഖിൽ ചിരിച്ചു..

“ഏറ്റില്ലല്ലേ..?”

“ങ്ങും ഹും…”

ഇതൾ നേർത്ത ചിരിയോടെ തലയിളക്കി…

ഗുപ്തൻ ആരാണെന്നും ഇതളും അയാളും തമ്മിലുള്ള ബന്ധം അറിയാമെന്നും നിഖിൽ പറഞ്ഞത് അവൾ വിശ്വസിച്ചു…ഹോസ്പിറ്റൽ വിട്ടിട്ടും നിഖിൽ ഇതളുമായുള്ള സൗഹൃദം തുടർന്നിരുന്നു

നിരന്തരമായ യാചനകൾ നീണ്ടപ്പോൾ അവൾ പൂർണ്ണ ആരോഗ്യം വീണ്ടെടുത്തു കഴിഞ്ഞാൽ ഗുപ്തനെ കാണാൻ പോവാമെന്ന് നിഖിൽ വാക്ക് കൊടുത്തിരുന്നു…

ആ യാത്ര അവസാനിച്ചത് ആ സെമിത്തേരിയിലായിരുന്നു.. ആ കല്ലറയ്ക്ക് മുകളിൽ അവൾക്കേറെ പ്രിയപ്പെട്ട ചുവപ്പും വെള്ളയും പനിനീർപ്പൂക്കൾക്കിടയിൽ ആ പുസ്തകമുണ്ടായിരുന്നു.. ആദ്യമായി കാണുമ്പോൾ അവൾക്ക് നൽകണമെന്ന് ഗുപ്തൻ ആഗ്രഹിച്ചത്..

അവളുടെ കഴുത്തിൽ ആ കുഞ്ഞു ഡയമൻഡ് പെണ്ടന്റും…

നിഖിൽ പേടിച്ചത് പോലെ അവൾ അലറി വിളിച്ചില്ല..കണ്ണുകൾ നിറഞ്ഞൊഴുകവേ അവൾ ആ കല്ലറയ്ക്കരികിൽ മുട്ട് കുത്തി നിന്നു.. പിന്നെ പതിയെ ഇരുന്നു ആ തണുത്ത മാർബിൾ ഫലകത്തിൽ കൈ വെച്ചു…

ഡോക്ടർ ജെയ്‌സൺ…

അവൾ കാണാൻ ഏറെ കൊതിച്ചിരുന്നയാൾ ആ കല്ലറയ്ക്കുള്ളിൽ….

❤❤❤❤❤❤❤❤❤

കാറിന്റെ തുറന്നിട്ട ഗ്ലാസ്സിലൂടെ കാറ്റ് ആ പുസ്തകത്തിന്റെ താളുകൾ മറിച്ചു…

എനിക്കേറെ പ്രിയ്യപ്പെട്ടവൾക്ക്….

ഗുപ്തന്റെ തൂലിക….

നിഖിലിന്റെ കണ്ണുകൾ അവൾക്ക് നേരെ നീണ്ടു..

അവൾ ഗുപ്തന്റെ മാത്രം ഓർമ്മകളുള്ളൊരു ലോകത്തിലായിരുന്നു..

എന്നെങ്കിലും അവൾ ആ ലോകത്തിൽ നിന്നും ഇറങ്ങിവരുമെന്ന് നിഖിൽ ആഗ്രഹിച്ചിരുന്നു… പ്രതീക്ഷിച്ചിരുന്നു..

അത്രമേൽ അവനും ആ പെണ്ണിനെ സ്നേഹിച്ചു തുടങ്ങിയിരുന്നു…

വരുമായിരിക്കും ഇല്ലായിരിക്കും … എന്നാലും ഡോക്ടർ നിഖിലും അയാളുടെ പ്രണയത്തിനായുള്ള കാത്തിരിപ്പിലായിരുന്നു…..ഗുപ്തന്റെ തൂലിക..

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : സൂര്യകാന്തി (ജിഷ രഹീഷ് )

Scroll to Top