സ്വന്തക്കാർക്ക് നമ്മൾ അന്യരാണെങ്കിലും ഈ ഭൂമിയിൽ നമുക്ക് ആരൊക്കെയോ ഉണ്ടെന്നൊരു തോന്നൽ…

രചന : Indu Rejith

സ്നേഹപ്പൊതി

❤❤❤❤❤❤❤

എടി പെണ്ണെ…… ഇങ്ങനെ ഇരിക്കുമ്പോൾ കഴിക്കാൻ കൊതി തോന്നുന്നതൊക്കെ വാങ്ങി കഴിക്കണം ഇല്ലെങ്കിലേ വയറ്റിൽ കിടക്കണ നിന്റെ കൊച്ചിന്റെ കാത് പഴുത്തു പോകും……

അരി ഊറ്റിയ വെള്ളം കാടി ബക്കറ്റിലേക്ക് കമത്തിക്കൊണ്ട് കമലേച്ചി അത് പറയുമ്പോൾ കറിക്കത്തികൊണ്ട് കയ്യിലിരുന്ന പൊട്ടുനെല്ലിക്ക നുറുക്കി കൂട്ടുകയായിരുന്നു ഗായത്രി….

ഒരിത്തിരി ഉപ്പുനീരുടെ ഉണ്ടെങ്കിലേ ദാ ഇവൻ ആരാ മുതലെന്ന് അറിയാവോ കമലേച്ചിക്ക്…..

ടി പെങ്കൊച്ചേ കണ്ട കാട്ടുകായ തിന്നാലൊന്നും കൊച്ചിന് ഒന്നും ചെല്ലില്ല….. കാശ് ഇത്തിരി ചിലവായാലെന്താ നിങ്ങടെ കൊച്ചിന് വേണ്ടിട്ട് തന്നെ അല്ലേ….. അവൻ ഇതൊന്നും ശ്രദ്ധിക്കില്ലേ……

അതെങ്ങനെയാ രണ്ടക്ഷരം പഠിച്ച പയ്യനാ

അവനൊരു ജോലി ആകുന്നത് വരെ നിനക്കൊന്ന് കാത്തിരുന്നുടാരുന്നോ….

ഇതിപ്പോ തന്തേടേം തള്ളേടേം കണ്ണിരു വീഴ്ത്തിട്ട്…. ഓരോരോ എടുത്ത് ചാട്ടങ്ങൾ……

അല്ലേടി ഉണ്ടക്കണ്ണി……

ഒരു ചിരി ആയിരുന്നു ഗായത്രിയുടെ മറുപടി…

കമലേച്ചി അത് പറയുമ്പോൾ അവൾക്ക് സങ്കടം തോന്നാറില്ല…….കാരണം എന്താണെന്നു അറിയില്ല………വേണ്ടപ്പെട്ടവരെ ഉപേക്ഷിച്ചിറങ്ങി പോയില്ലേ…..അപ്പോൾ ചിരിച്ചു കൊണ്ട് തന്നെ കേട്ടോണ്ട് നിക്ക തന്നെ….. കണ്ണീർ പൊടിഞ്ഞാൽ ജീവിതത്തിൽ എന്തോ പാളിച്ച ഉണ്ടെന്ന് മറ്റുള്ളോരു കരുതും…. അല്ലെങ്കിലും ആരെയെങ്കിലും ബോധ്യപ്പെടുത്താനാണല്ലോ ഈ കാട്ടിക്കൂട്ടലെല്ലാം…..

അതേ കമലേച്ചി എനിക്കിത്തിരി നാടൻ കോഴിക്കറി ചൂട് ചോറിൽ പിരട്ടി കഴിക്കാൻ ഒരു മോഹം…

നീ കൊള്ളാല്ലോടി ഒറ്റക്കാല് നിലത്തും മറ്റേത് തറയിലാണോ അന്തരീക്ഷത്തിലാണോ എന്ന് പോലും നിശ്ചയം ഇല്ലാതെ കൊത്തി പറക്കി നടക്കണ എന്റെ തളന്തി ചക്കിയേ ആണല്ലേ നിന്റെ നോട്ടം…..ഗർഭിണി ആയി പോയി അല്ലെങ്കിൽ നീ കേട്ടേനെ…

അപ്പോൾ എന്റെ കുഞ്ഞിന്റെ കാത്….

അവൾ പൊട്ടിച്ചിരിച്ചു…..

ഞാൻ ചേച്ചിയേ ഒന്ന് എരികേറ്റാൻ പറഞ്ഞതാ…..

വൈകിട്ട് ഏട്ടൻ കൊണ്ട് വരും ഞാൻ പറഞ്ഞ് അയച്ചിട്ടുണ്ട്……ഒരു കൊച്ചു കുഴിയലുമെടുത്ത്‌ പോര് അങ്ങോട്ട് പിള്ളാർക്ക് അത്താഴത്തിന് കൊടുക്കാല്ലോ…..

അതൊന്നും വേണ്ടടി പെണ്ണെ ഇപ്പോൾ നീ കഴിക്ക് ആശ തീരെ….

വൈകിട്ട് വിനോദ് എത്തുന്നത് വരെ അത്താഴം ഉണ്ണാതെ ഉമ്മറത്തെ നിലവിളക്കിനവൾ കൂട്ടിരുന്നു….. വേലിക്കലെ ചെമ്പരത്തികൾക്കിടയിൽ നിന്നും മിന്നാമിന്നി കുഞ്ഞുങ്ങൾ ഇരുട്ടിനു മൂക്കൂത്തികല്ലുമായി ഇളകി പറക്കുന്നുണ്ടായിരുന്നപ്പോൾ….

കൈയിലെ മൊബൈൽ വെട്ടത്തിൽ ഇരുട്ടിനു മീതെ വഴി തെളിച്ച് വിനോദ് തിണ്ണയിലേക്ക് കേറി വന്നു…..

ഒഴിഞ്ഞ കൈ കണ്ടപ്പോളേക്കും അവളുടെ കരിമിഴി പരിഭവത്തിന്റെ നനവ് ഇറ്റിച്ചിരുന്നു…

മറന്നുല്ലേ ഏട്ടാ…..

മറന്നതല്ല മുതലാളിയുടെ കുഞ്ഞിന് സുഖമില്ല..,.. എവിടെയൊക്കെയോ കാശ് തേടി രാപ്പകൽ അലയുവാരുന്നു ആ പാവം…. എന്നിട്ടും വൈകിട്ടെന്റെ ജോലിക്കൂലി വെച്ചു നീട്ടിയതാ…..

സഹായിക്കാൻ ആണെങ്കിൽ എന്റെ കൈയിലാണെ ഒന്നുല്ല…. ഇന്നത്തെ അധ്വാനത്തിന്റെ മിച്ചമായിട്ടുള്ളത് ആ കുഞ്ഞു ശരീരത്തിൽ എത്തും മരുന്നിന്റെയോ ആഹാരത്തിന്റെയോ രൂപത്തിൽ എത്തുമെങ്കിൽ അത്രയേ ഞാൻ ചിന്തിച്ചുള്ളൂ….

പിന്നെ വാവാച്ചി…..അച്ചായോട് പിണങ്ങല്ലേട്ടാ പൊന്ന്…. അച്ഛാ ഒരു കുഞ്ഞു ചേച്ചിക്ക് പേരറിയാത്ത എന്തോ അസുഖം ആണെന്ന് കേട്ടപ്പോൾ ആകെ സങ്കടം വന്നോണ്ടല്ലേ……പിന്നെ അച്ചായോടുള്ള പിണക്കത്തിന് കാതൊന്നും പഴുക്കാതെ നോക്കണേ….. മോളുട്ടി വരുമ്പോൾ നല്ല വെള്ളമൊട്ടിന്റെ രണ്ട് കുഞ്ഞിക്കമ്മൽ അച്ഛൻ കണ്ടു വെച്ചിട്ടുണ്ട് അത് നമുക്ക് ഇടാനുള്ളതാ.,…ആ ചേച്ചി പെണ്ണിന്റെ സൂക്കേട് വേഗം മാറാൻ കുഞ്ഞ് അമ്പോറ്റിയോട് പ്രാർത്ഥിക്കണേ ട്ടോ…..

അമ്മക്കിളി പിണക്കം മാറിയില്ലേ……

അവൾ ചിരിച്ചു….. എനിക്ക് സന്തോഷമെ ഉള്ളു ഏട്ടാ….ആ കുഞ്ഞിന് വേണ്ടി നമ്മളെകൊണ്ട് ആകുന്നത് ചെയ്തുല്ലോ….

പറഞ്ഞു തീർന്നതും കമലേച്ചിടെ പിള്ളാര്‌ കൈയിൽ ഒരു കൊച്ചു പാത്രവുമായി കേറി വരുന്നു…..

എന്റീശ്വര ഉച്ചയ്ക്ക് ഞാൻ കമലേച്ചിയോട് പറഞ്ഞതാ വൈകിട്ട് കുട്ട്യോളെ ഇങ്ങോട്ട് അയക്കണേ കോഴിക്കറിയുടെ പങ്ക് കൂട്ടി അവർക്കിന്ന് അത്താഴം കഴിക്കാല്ലോ എന്ന്…. പാവം പിള്ളേര് ആശിച്ചിട്ടുണ്ടാവും….എന്താ പറയേണ്ടത് എന്നൊരു നിശ്ചയം ഇല്ല….

ചേച്ചി ഇത് അമ്മ തന്നയച്ചതാ……

പാവങ്ങൾ തട്ടവുമൊക്കെ ആയിട്ട് പോന്നതാ ഈ ഇരുട്ടത്ത്‌…..

അവൾ നിസ്സഹായയായി അത് കൈ നീട്ടി വാങ്ങിച്ചു….

ഇതിൽ എന്താ കുലുങ്ങണെ…. മീനാക്ഷി….

അത് ചക്കിടെ നാലു മുട്ടയാ….. കോഴിക്കറി വെച്ച് തരാൻ മോഹമുണ്ട്…. ചക്കിയുടെ കഴുത്തിനു കത്തി വെയ്ക്കാൻ കൈ പൊങ്ങില്ല….കോഴിക്കറി കൊണ്ടു വന്നില്ലെങ്കിൽ ഇതെടുത്തു പൊരിച്ചു കഴിക്കാൻ പറഞ്ഞു…..

ഞങ്ങള കൊണ്ട് തന്നെന്നു വാവച്ചിയോട് പറയണേ ചേച്ചി……

ഒറ്റപ്പെട്ടുപോയവർക്ക് ചിലരുടെ ചെറിയ സമ്മാനം പോലും വലിയ സന്തോഷം തരും അല്ലേ ഏട്ടാ…..

തനിക്കെന്താടോ ഗായു…..

സ്വന്തക്കാർക്ക് നമ്മൾ അന്യരാണെങ്കിലും ഈ ഭൂമിയിൽ നമുക്ക് ആരൊക്കെയോ ഉണ്ടെന്നൊരു തോന്നൽ….. അത് തോന്നിപ്പിക്കാൻ ഇത്രയും നിസ്സാരമായ ഒരു കാര്യം തന്നെ ധാരാളം….

മുട്ടയിൽ കൂടോത്രം എന്നൊക്കെ കേട്ടിട്ടുണ്ട് മുട്ടയിൽ തിരിച്ചറിവ് ഇത് ആദ്യാണുട്ടോ…..

അവൾ അയാളിലേക്ക് ചാഞ്ഞു കിടന്നു…. തന്റെ വയറിൽ മെല്ലെ തഴുകി കൊണ്ട്….

നമുക്ക് നിസ്സാരമായി തോന്നുന്നത് പലതും മറ്റുള്ളവരിൽ ചിലപ്പോൾ ഒരു ആശ്വാസത്തിന്റെ കുളിരു പടർത്തിയേക്കാം…..

പങ്കിടുക….പങ്കുപറ്റുക അത്രയും മതി ഈ കൊച്ചു ജീവിതം പൂർണമാവാൻ…

ശുഭം…….

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Indu Rejith

Scroll to Top