കൂട്ടുകാര് പറഞ്ഞത് അവളുടെ നാട്ടിലുള്ള ഒരാളുമായി അവൾക്കെന്തോ ഇടപാടുണ്ടെന്ന…

രചന : Shincy Steny Varanath

നീയെന്താ നേരത്തെ കേറി കിടന്നത്? ഫോൺവിളിയൊന്നുമില്ലെയിന്ന്?

സാധാരണ 11 മണിവരെ കുറുകല് കേൾക്കുന്നതാണല്ലോ ഇവിടുന്ന്… നീ അത്താഴവും കഴിച്ചില്ലെന്ന് അമ്മ പറഞ്ഞു. എന്തു പറ്റി?

പതിവില്ലാതെ മകൻ്റെ മുറിയിലെ ലൈറ്റ് നേരത്തെ ഓഫായത് കണ്ട്, കേറി വന്നതാണ് സുരേഷ്.

ഒന്നൂല്ലച്ച… ഒരു തലവേദന… ഇപ്പോൾ കുറഞ്ഞു…

എന്നാൽ നീ എഴുന്നേറ്റ് വാ… നമ്മുക്ക് പുറത്തിരിക്കാം… 9 മണിയല്ലേ ആയുള്ളു.

സുരേഷ് വരാന്തയിലെ കസേരയിൽ പോയിരുന്നപ്പോഴെക്കും സന്ദീപും പുറകെ എത്തി.

എന്താട ഒരു മൂഡ് ഓഫ്? എന്താ പ്രശ്നം ? രണ്ട് ദിവസമായല്ലോ തുടങ്ങീട്ട്? പഠിക്കാൻ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?

പഠിക്കുന്നതിനൊന്നും കുഴപ്പമില്ലച്ച…

പിന്നെ, ശിൽപ്പയോട് പിണങ്ങിയോ?

ഉം…

എനിക്ക് തോന്നി, എന്നാ പറ്റി?

അവൾക്കിപ്പോൾ ഭയങ്കര തിരക്കാ ഞാൻ വിളിക്കുമ്പോൾ, എന്നെ ഒഴിവാക്കുന്ന പോലെ തോന്നുവ…

നീ ചോദിച്ചില്ലേ എന്താന്ന്?

ചോദിച്ചു, അവളൊന്നും പറയുന്നില്ല. ഇപ്പോൾ ഫോണെടുക്കുന്നുമില്ല. കൂട്ടുകാര് പറഞ്ഞത് അവളുടെ നാട്ടിലുള്ള ഒരാളുമായി അവൾക്കെന്തോ ഇടപാടുണ്ടന്ന… അവളുടെ ഇപ്പഴത്തെ കളികണ്ടാൽ എനിക്കും അത് ശരിയാണെന്നന്നാ തോന്നുന്നത്…

അവൾക്ക് വേണ്ടെങ്കിൽ നിനക്കും വേണ്ടട…

അത് പറ്റില്ല അച്ഛ… അവൾക്കിട്ടൊരു പണി കൊടുക്കണം… എത്ര കാശ് അവള് എൻ്റെ കൈയീന്ന് വാങ്ങീട്ടുണ്ട്. എന്തൊക്കെ സാധനം ഞാൻ വാങ്ങിക്കൊടുത്തിട്ടുണ്ട്? അവൾക്ക് ഞാൻ..

എന്നാ നിർത്തിയെ…പാഡ് വാങ്ങി വരെ കൊടുത്തിട്ടുണ്ടെന്ന് ഈയിടെ ഒരുത്തൻ പറയുന്ന കേട്ടു.

അതുപോലാണൊ… അന്ന് നിങ്ങൾ ഇഷ്ടത്തിലായപ്പോൾ നീ സന്തോഷത്തോടെ വാങ്ങിക്കൊടുത്തതല്ലേ? അവള് തട്ടിപ്പറിച്ചെടുത്തതോ പോക്കറ്റടിച്ചതോ അല്ലല്ലോ… അന്ന് അവളും സ്നേഹിച്ചിരുന്നു. പിന്നീടെവിടെയോ വച്ച് നിന്നോടവൾക്കുള്ള സ്നേഹം നഷ്ടപ്പെട്ടു.

വിവാഹത്തിന് ശേഷം ആകുന്നതിലും നല്ലത് ഇപ്പോൾ സംഭവിക്കുന്നതല്ലേ…

എന്നാലുമച്ഛ, ഞാൻ അവളെന്നും കൂടെയുണ്ടാകുമെന്ന് കരുതിയല്ലേ അങ്ങനെ ചെയ്തത്. ഇത് ചതിയല്ലേ… എന്നെ പൊട്ടനാക്കിയില്ലെ…

തത്കാലം നീ പൊട്ടനായീന്ന് നിനക്കിപ്പോൾ തോന്നും… ജീവിതകാലം മുഴുവൻ പൊട്ടനായില്ലല്ലോന്നോർക്കൂ. ഇത് മാത്രം ആലോചിച്ചിരുന്നാൽ പ്രതികാരം ചെയ്ത് ,ഇന്നൊരുത്തൻ കാണിച്ച പോലെ മണ്ടത്തരം കാണിച്ച് കൊലപാതകിയാകുന്നതിലും നല്ലത് നിന്നെ വേണ്ടാത്തിടത്തു നിന്ന് പിൻവാങ്ങുന്നതാണ്.

ഇന്ന് കണ്ടില്ലെ അവൻ്റെ അപ്പൻ തല കുനിച്ച് നിൽക്കുന്നത്… മക്കളെ വളർത്താനറിയാത്തവൻ എന്ന് നാട്ടുകാര് ആക്രോശിക്കുന്നത് കേട്ടില്ലെ…

അവൾക്കും ഈ പിൻമാറ്റത്തിന് പറയാൻ കാരണങ്ങൾ ഒരു പാടുണ്ടാകും… നിൻ്റെ ഏതെങ്കിലും പെരുമാറ്റം ഇഷ്ടപ്പെടാത്തതാകാം.

അതിൽ സത്യവും നുണയുമൊക്കെ കാണും.

കുടുംബത്തിൻ്റെ സമ്മർദ്ദം കാണും. നിന്നിലും നല്ലൊരു ചോയിസ് കിട്ടിയതുമാകാം. എന്തായാലും നിന്നോടൊരു സമയത്ത് Yes, പറഞ്ഞ പോലെ ഇപ്പോൾ No പറയാനും അവൾക്കു സ്വാതന്ത്ര്യമുണ്ട്.

ഒരിക്കൽ പറഞ്ഞ Yes, ഒരിക്കലും No പറയാനുള്ള സ്വാതന്ത്ര്യം കളയുന്നില്ല. നിനക്ക് വേണ്ടാന്ന് തോന്നിയാൽ നീയും No പറയില്ലേ…

എന്നാലുമച്ഛ…

ഒന്നുമില്ലെട… ഇതൊക്കെ ജീവിതത്തിലെ ചില പാഠങ്ങളായി കൂട്ടിയാൽ മതി.

നിൻ്റെ പെങ്ങൾക്കും ചിലപ്പോൾ ആരോടെങ്കിലും No പറയേണ്ടി വന്നാൽ, പ്രതികാരം ചെയ്യാൻ ഒരുത്തൻ വന്നാൽ നമ്മുക്ക് അത് സഹിക്കാൻ പറ്റുവോ… ഇന്ന് ആ കുട്ടിടെ അമ്മയുടെ സ്ഥാനത്ത് നിൻ്റെ അമ്മ വന്നാൽ നമ്മുക്ക് സഹിക്കുവോ…എല്ലാവർക്കും അവനവൻ്റെ സ്വാതന്ത്ര്യം കൊടുക്കണം.

കൊല്ലാനൊന്നും ഞാൻ ചിന്തിച്ചിട്ടില്ലച്ഛ… ഞങ്ങളൊന്നിച്ചുള്ള കുറച്ചു ഫോട്ടോയുണ്ടായിരുന്നു എൻ്റെ ഫോണിൽ. അത് വച്ചെന്തെങ്കിലും ചെയ്യാമെന്നാ കൂട്ടുകാര് പറഞ്ഞത്…

അയ്യേ… നീയിത്ര ചീപ്പാണോ… നമ്മുക്കുമില്ലേട ഒരു സ്റ്റാൻഡേർഡ്… ഇതൊരുമാതിരി വൃത്തികേടായിപ്പോയി…

നീയിനി കോളേജിൽ പോകുമ്പോൾ അവളോടൊരു നല്ല ഗുഡ് ബൈ പറഞ്ഞേര്… അവളുടെ മുൻപിൽ വച്ച് ഫോണിലെ ഫോട്ടോയും ഡിലീറ്റ് ചെയ്തേരെ…

വേണമെങ്കിൽ ,നിൻ്റെ അത്രയും തറയല്ല ഞാനെന്ന് രണ്ട് ഡയലോഗും പറഞ്ഞിട്ട് സ്ളോമോഷനിൽ ഇങ്ങ് പോര്.

ആഗ്രഹിച്ചിട്ട് നമ്മുക്ക് കിട്ടാത്തതെല്ലാം നശിപ്പിക്കുന്നത് മനുഷ്യന് ചേർന്ന പണിയല്ല.

അതോടൊപ്പം നമ്മളും നശിക്കും.

മറക്കുക എന്നത് അത്ര എളുപ്പമല്ല… ശ്രമിക്കുക… നടക്കാത്തതായി ഒന്നുമില്ല… എല്ലാം നല്ലതിനാണെന്ന് വിചാരിക്കുക. അവൾക്ക് പണികൊടുക്കാൻ ഉപദേശിച്ച കൂട്ടുകാരെം കൂട്ടി വേണമെങ്കിൽ രണ്ട് ദിവസം എവിടേലും യാത്ര പൊക്കൊ… മനസ്സൊന്ന് ഫ്രഷാകും. അതിനുള്ള ചിലവ് എൻ്റെ വക… സുരേഷ് മകനെ നോക്കി.

ഉം… കൂട്ടുകാരോട് പറയാം.

എന്നാൽ വാ…അത്താഴം കഴിക്കാം. അമ്മേടെ സീരിയൽ കഴിഞ്ഞ് കാണും…

പണ്ട് രമണിക്ക് വാങ്ങിക്കൊടുത്ത അത്രയും നാരങ്ങ മിഠായി എൻ്റെ മക്കൾക്ക് പോലും ഇത്ര കാലം കൊണ്ട് വാങ്ങിക്കൊടുത്തിട്ടില്ല, അത്രയും കുപ്പിവള മോൾക്കും വാങ്ങിക്കൊടുത്തിട്ടില്ല. എന്നിട്ടും ഗൾഫ്കാരനെ കണ്ടപ്പോൾ, മറക്കാൻ പറഞ്ഞേച്ചവൾ പോയി… ഞങ്ങൾക്കുണ്ടാകുന്ന മകൾക്കിടാൻ വച്ച പേര്, അവർക്കുണ്ടായ മോൾക്കു നൽകി അവള് വാക്കുപാലിച്ചു…

ദേവനന്ദ… ഇതു പോലെ വാങ്ങിക്കൊടുത്തതിൻ്റെ കണക്ക് അന്ന് അച്ഛനോട് പറഞ്ഞാൽ കെട്ടിയിട്ടടി കിട്ടുന്നല്ലാതെ ഒരു കാര്യവുമില്ലാത്തതുകൊണ്ട് ഇതുവരെ ആരോടും പറഞ്ഞുമില്ല.

ആ വാശിക്ക്, പഠിച്ച് നാട്ടിൽ തന്നെ ഒരു ജോലി വാങ്ങി, ഗൾഫിലെ പണിപോയ അവളുടെ കെട്ടിയോൻ്റ മുൻപിലൂടെ നടക്കുമ്പോൾ ഒരു സുഖമൊക്കെയുണ്ട്.

ഇതുപോലുള്ള പ്രതികാരത്തെക്കുറിച്ചൊന്നും അന്ന് അറിവില്ലല്ലോ… അല്ലേലും എന്തൊക്കെയായാലും പ്രണയത്തിൽ പക ചേരില്ലല്ലോ… പകയിൽ പ്രണയവുമില്ല… അതാണ് ഈ തലമുറയ്ക്ക് മനസ്സിലാകാത്തത്.

സന്ദീപ് അകത്തേയ്ക്ക് പോയപ്പോൾ, സുരേഷ് പഴയ കാലത്തേയ്ക്കൊന്ന് പോയി വന്നു.

മക്കൾക്ക് തുറന്നു സംസാരിക്കാൻ കഴിയുന്ന നല്ലൊരച്ഛനാകാൻ കഴിഞ്ഞതിൽ അയാൾക്കൊരഭിമാനം തോന്നി…

മകൻ്റെ മാറ്റം കൃത്യമായി മനസ്സിലാക്കി,

ഭർത്താവിനെ അറിയിച്ചതിൽ ആ അമ്മയ്ക്കും അഭിമാനിക്കാം…

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Shincy Steny Varanath

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top