തന്നെ കണ്ടു മുഖം തിരിക്കാന്‍ ശ്രമിച്ച അയാളുടെ മുഖത്തേക്ക് കാര്‍ക്കിച്ചു തുപ്പി തിരിഞ്ഞു നടന്നു..

രചന : Deepthypraveen

മാതൃകാദമ്പതികള്‍

❤❤❤❤❤❤❤❤❤

” അമ്മാളൂ..നിന്റെ കുസൃതി കുറച്ചു കൂടുന്നുണ്ട് ട്ടോ… ഞാന്‍ അച്ഛയോട് പറയാം.. ”

അമ്മ ശബ്ദമുയര്‍ത്തി പരിഭവിച്ച് അകത്തേക്ക് പോകുമ്പോള്‍ അമ്മയെ കതകിന് പിറകില്‍ നിന്നും ഭയപെടുത്തിയത് കുറച്ചു കൂടിപോയോ എന്ന ആശങ്കയില്‍ ഞാന്‍ നിന്നു…

” ചന്ദ്രേട്ടാ…ദേ നോക്കിയേന്നു പറഞ്ഞു അമ്മ കതകിന് പിന്നിലേക്ക് മറഞ്ഞപ്പോള്‍ അകത്തേക്ക് പോകണോ അവിടെ തന്നെ നില്‍ക്കണോന്ന് എനിക്കു നിശ്ചയമില്ലായിരുന്നു..

സാധാരണ തമാശ കാട്ടിയാലൊന്നും അമ്മ വഴക്കു പറയാറില്ല..ഇത് അമ്മ നന്നായി ഭയന്നിട്ടുണ്ട്..

അതിന്റെ പരിഭവമാണ്… അച്ഛയും അങ്ങനെ വഴക്കൊന്നും പറയാറില്ല.. ഇന്ന് എന്തായാലും വഴക്ക് ഉറപ്പാണ്..

അച്ഛയ്ക്ക് അമ്മയെ അത്ര ജീവനാണ്…

ബന്ധുക്കളും നാട്ടുകാരും അയല്‍ക്കാരും എല്ലാവരും അച്ഛയെയും അമ്മയെയും മാതൃകാദമ്പതികള്‍ എന്നു വിളിക്കുമ്പോള്‍ തനിക്കുണ്ടാകുന്ന അഭിമാനം കുറച്ചൊന്നുമല്ല…

ഓരോന്ന് ഓര്‍ത്തു വാതിലിന് പിന്നിലേക്ക് ആശങ്കയോടെ നോക്കി നില്‍ക്കുമ്പോഴാണ് അകത്തു നിന്നും അമ്മയുടെ അടക്കിപിടിച്ച ചിരിയും വെറുതെ ഇരിക്ക് ചന്ദ്രേട്ടാന്ന നാണം കലര്‍ന്ന ശബ്ദവും ഉയര്‍ന്നത്… അച്ഛ തന്നെ അമ്മയെ സമാധാനപെടുത്തിയെന്ന സന്തോഷത്തോടെ ഞാന്‍ പുറത്തേക്ക് ഇറങ്ങി..

അവിടെ മാവില്‍ രണ്ടു കുഞ്ഞുകുരുവികള്‍ കൊക്കുരുമി ഇരിക്കുന്നതു കണ്ടപ്പോള്‍ അച്ഛയെയും അമ്മയെയും ഓര്‍ത്തു.. ഇത്രയും പരസ്പരം സ്നേഹിക്കുന്നവര്‍ വേറെയും ലോകത്ത് ഉണ്ടാകുമോ…

പരസ്പരം ലോകം തീര്‍ത്തവര്‍..

ഉണ്ടാകും..

അമ്മയും താനും ആണ് അച്ഛയുടെ ലോകം..

അമ്മയ്ക്ക് തിരിച്ചും… ഒരിക്കല്‍ പോലും വഴക്കിടുകയോ പിണങ്ങുകയോ ചെയ്യുന്നത് കണ്ടിട്ടില്ല..

അമ്മയ്ക്കു ഇഷ്ടമില്ലാത്തത് അച്ഛയോ അച്ഛയ്ക്ക് ഇഷ്ടമില്ലാത്തത് അമ്മയോ ചെയ്യില്ല..പരസ്പരം മനസ്സറിഞ്ഞു പെരുമാറും..

തനിക്കും ഇതേ പോലെ സ്നേഹിക്കാന്‍ കഴിയുന്ന ആളെ കെട്ടിയാല്‍ മതി…

ഞാനും സ്വപ്നങ്ങളെ സ്നേഹത്താല്‍ നെയ്തെടുത്തു….

” അമ്മാളൂ…. അ…മ്മാളൂ… ”

ദുഃസ്വപ്നത്തിലെന്നവണ്ണം ഞെട്ടി ഉണര്‍ന്നു നോക്കിയപ്പോള്‍ അമ്മയാണ്…

” എന്താ അമ്മേ.. ”

ഞെട്ടിത്തരിച്ചു എഴുന്നേറ്റു അമ്മയെ പിടിച്ചു..

” അമ്മാളൂ..വിശക്കുണൂ….. വല്ലതും താ.. ”

തല ചൊറിഞ്ഞു കൊണ്ടു അമ്മ ചിണുങ്ങി…

” ഇപ്പോഴല്ലേ അമ്മയ്ക്ക് ഞാന്‍ ചോറ് വാരി തന്നത്… ”

ചൊറിഞ്ഞു കൊണ്ടിരുന്ന കൈ പിടിച്ചു താഴ്ത്തി വെച്ചിട്ടു അമ്മയെ കട്ടിലിലേക്ക് ഇരുത്താന്‍ ശ്രമിച്ചു…

” പോടീ.. നീ എനിക്കു ഒന്നും തരില്ല..മൂന്നു ദിവസമായി ഞാന്‍ ആഹാരം കഴിച്ചിട്ട്.. ”

അമ്മ തേങ്ങി കരയുന്നതു കണ്ട് എന്റെ നെഞ്ചു നൊന്തൂ.

” അമ്മ വാ..നമുക്കു കുളിച്ചിട്ടു കഴിക്കാം.. ”

അമ്മയെ കൈയ്യില്‍ പിടിച്ചു പുറത്തേക്ക് കൊണ്ടു പോകാന്‍ പോയപ്പോള്‍ കട്ടിലിലേക്ക് ഇരുന്നു ..

” ഞാന്‍ വരുന്നില്ല…. നീ ദുഷ്ടയാ.. ”

അമ്മ എന്നെ തുറിച്ചു നോക്കിയിരുന്നു ..പിന്നെ നോട്ടം ഭിത്തിയിലേക്ക് മാറ്റി ഓര്‍മ്മയില്‍ എന്തോ തിരയാന്‍ തുടങ്ങി..

” അത്. .. അത് ആരായിരുന്നു….

കട്ടി മീശയുള്ള. ആള്…

അയാള്.., ഏതായിരുന്നു….”

ജീവനറ്റ കണ്ണുകളും പാറിപ്പറന്ന തലമുടിയും വലിച്ചുവാരിയുടുത്ത സാരിയുമായി അമ്മ പ്രതീക്ഷയോടെ ഓര്‍മ്മകളില്‍ തിരഞ്ഞു കൊണ്ടേയിരുന്നു …

അപകടത്തില്‍ പെട്ടു ഓര്‍മ്മകള്‍ നഷ്ടമായ അമ്മയെയും പ്രായപൂര്‍ത്തിയായ മകളെയും യാതൊരു ദാക്ഷണ്യവും ഇല്ലാതെ വലിച്ചെറിഞ്ഞു പോയ അയാളുടെ മുഖം ഒരിക്കലും അമ്മയുടെ ഓര്‍മ്മയില്‍ തെളിയരുതെന്ന പ്രാര്‍ത്ഥനയോടെ ഞാന്‍ അമ്മയെ നോക്കി നിന്നു..

അമ്മയെ മുറിയില് അടച്ചു പൂട്ടിയിട്ടിട്ടാണ് ജോലിക്ക് പോകുന്നത്… കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞു വരുമ്പോള്‍ ആണ് അയാളെയും പുതിയ ഭാര്യയെയും യാദൃശ്ചികമായി കണ്ടത്…

ഒറ്റനോട്ടത്തില്‍ കണ്ടാല്‍ മാതൃകാദമ്പതികള്‍.. ആ വാക്ക് ഓര്‍ക്കവെ മനസ്സില്‍ പരിഹാസം നിറഞ്ഞു..

തന്നെ കണ്ടു മുഖം തിരിക്കാന്‍ ശ്രമിച്ച അയാളുടെ മുഖത്തേക്ക് കാര്‍ക്കിച്ചു തുപ്പി തിരിഞ്ഞു നടന്നു..

എന്റെ അമ്മയ്ക്ക് ഈ ഓര്‍മ്മ ഇല്ലാത്ത അവസ്ഥയാണ് നല്ലത്….

എന്നെങ്കിലും ഓര്‍മ്മയുണ്ടായാല്‍, അയാളെ ഓര്‍മ്മ വന്നാല്‍ ആ പാവം ഹൃദയം തകര്‍ന്നു മരിച്ചു പോയാലോ…

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Deepthypraveen