ആരുടെയെങ്കിലും അടുത്തു ചെന്നാല്‍ അവരെല്ലാം തന്‍റെ ശരീരത്തെക്കുറിച്ചു പറഞ്ഞു കളിയാക്കും..

രചന : ദിപി ഡിജു

ശലഭമായ്

**********

‘ടീ ദിവ്യേ…. നീ പിന്നെയും ഇവിടിരുന്ന ജിലേബി എടുത്തു തിന്നോ…??? നിന്നോടു ഞാന്‍ പലതവണ പറഞ്ഞിട്ടുണ്ട് മധുരവും എണ്ണയും ഉള്ളതു കഴിക്കല്ലേ എന്നു… നിനക്കെന്താടി പറഞ്ഞാല്‍ മനസ്സിലാവാത്തത്…??? ദേ അവന്‍ അടുത്ത ആഴ്ച്ച വരുമെന്നാണ് രാഗിണി പറഞ്ഞത്… നീ ഇങ്ങനെ ബോള്‍ പോലെ ഇരുന്നാല്‍ അവന്‍ നിന്നെ വേണ്ടെന്നു പറയുമേ…’

‘അല്ലേലും എനിക്കിപ്പോള്‍ കല്ല്യാണം ഒന്നും വേണ്ട അമ്മക്കുട്ടിയേ… ഞാന്‍ എന്‍റെ അമ്മയുടെ ചെല്ലക്കുട്ടിയായി ഇങ്ങനെ കഴിഞ്ഞോളാം…’

‘ഒന്നു പോയേടി പെണ്ണെ കൊഞ്ചാതെ….

കല്ല്യാണം കഴിക്കാതെ നീ പിന്നെ എന്തെടുക്കുവാന്‍ പോകുവാണ്…???’

‘സന്യസിക്കാന്‍… അല്ലാതെന്താ…??? എന്‍റെ അമ്മക്കുട്ടിയെ എനിക്കു ചില ലക്ഷ്യങ്ങള്‍ ഉണ്ട്…’

‘ഉവ്വ ഉവ്വ… അവള്‍ പിന്നെ ചന്ദ്രനില്‍ കാലുകുത്താന്‍ പോകുവല്ലേ…??? ലക്ഷ്യങ്ങള്‍ പോലും…’

ഒരു കുഞ്ഞുച്ചിരിയില്‍ അതിനുള്ള ഉത്തരം ഒതുക്കി അവള്‍ അവിടെ നിന്നും തന്‍റെ മുറിയില്‍ കയറി.

ലാപ്പ്ടോപ്പ് എടുത്തു തുറന്ന് ഒരാഴ്ച്ച മുന്‍പ് ആദ്യമായി തുടങ്ങിയ ഫേസ്ബുക്ക് അക്കൗണ്‍ഡിലേക്കും അതില്‍ പോസ്റ്റ് ചെയ്ത തന്‍റെ ചിത്രത്തിലേക്കും അതിനു താഴെ കിട്ടിയിരിക്കുന്ന കമന്‍റുകളിലേക്കും നോക്കി ഒന്നു ചിരിച്ചു.

”ഞങ്ങള്‍ക്കും കൂടി കുറച്ച് ഓക്സിജന്‍ ബാക്കി വയ്ക്കണേ… എല്ലാം കൂടി ആ വല്ല്യ ശരീരത്തില്‍ വലിച്ചെടുത്താല്‍ ഞങ്ങള്‍ ശ്വാസം മുട്ടി മരിക്കുമേ…”

”ഇതിനൊക്കെ പറ്റുന്ന ഡ്രസ്സുകള്‍ എവിടുന്നു കിട്ടുന്നു ഭഗവാനേ… ആ ടെയ്ലര്‍ തയ്ച്ചു ക്ഷീണിക്കുമല്ലോ…”

”അയ്യോ ദേ ആന വരുന്നു മാറി നടന്നോ…”

ഒരു പരിചയവും ഇല്ലാത്ത പലരും തന്‍റെ പ്രൊഫൈല്‍ പിക്ചറില്‍ കമന്‍റ് ചെയ്തിരിക്കുന്നു.

അവള്‍ ആ പിക് മാറ്റി ഒരു സിനിമാതാരത്തിന്‍റെ ഫോട്ടോ ഇട്ടു.

ദിവ്യ വീണ്ടും എഴുന്നേറ്റു കണ്ണാടിക്കു മുന്നില്‍ നിന്നു തിരിഞ്ഞും മറിഞ്ഞും നോക്കി.

‘നല്ല വണ്ണം ഉണ്ടല്ലേ… ശരിയാണ്… അവരെ ആരെയും പറഞ്ഞിട്ടു കാര്യമില്ല…’

ചെറുപ്പം മുതല്‍ കേള്‍ക്കുമ്പോള്‍ വല്ല്യ വിഷമം ഒന്നും തോന്നിയിരുന്നില്ല… സ്കൂളില്‍ തന്‍റെ വിളിപ്പേര് ‘ഗുണ്ടുമുളക്’ എന്നായിരുന്നു….

സ്കൂളിലും കോളേജിലും എല്ലാം മറ്റുള്ളവരില്‍ നിന്ന് അകന്നു കഴിയാനായിരുന്നു താല്‍പര്യം.

ആരുടെയെങ്കിലും അടുത്തു ചെന്നാല്‍ അവരെല്ലാം തന്‍റെ ശരീരത്തെക്കുറിച്ചു പറഞ്ഞു കളിയാക്കും..

അതിലും വലിയ പ്രയാസം ഒന്നും തോന്നിയില്ല…

പക്ഷേ…

ഫേസ്ബുക്കില്‍ ആണ് കുറച്ചു നാളുകള്‍ക്കു ശേഷം സന്ദീപേട്ടന്‍റെ ഫോട്ടോ കണ്ടത്…

അമ്മയുടെ കൂട്ടുകാരിയുടെ മോന്‍ ആണ്

കാനഡയില്‍ ഉപരി പഠനത്തിനു പോയതാണ്… ഇപ്പോള്‍ അവിടെ ജോലിയും ഉണ്ട്…

തന്നെ പോലെ തന്നെ തടിച്ചിട്ടായിരുന്നു സന്ദീപേട്ടനും… പക്ഷെ ഇപ്പോള്‍ വണ്ണമൊക്കെ കുറച്ച് ഒരു ഫിലിം സ്റ്റാറിനെ പോലെ ഉണ്ട്… കൂടെ ഉള്ള കൂട്ടുകാരികളും നല്ല മെലിഞ്ഞ സുന്ദരിമാര്‍…

‘സന്ദീപേട്ടന് ഫ്രണ്ട് റിക്വസ്റ്റ് അയച്ചിട്ടു ഇതു വരെ ആക്സപ്റ്റ് പോലും ചെയ്തില്ല… അതു പോലെ എന്നെയും ആക്സപ്റ്റ് ചെയ്യാന്‍ ബുദ്ധിമുട്ടാകുള്ളൂ… ഈ വണ്ണം കുറയ്ക്കാന്‍ എന്താ വഴി…???

ഡയറ്റ് ചെയ്തു… യോഗ ചെയ്തു… ഇന്‍റര്‍നെറ്റില്‍ കണ്ടതും അമ്മ പറഞ്ഞതുമായ എല്ലാം പരീക്ഷിച്ചു… മതിയായി…

ഇനി സന്ദീപേട്ടന്‍ മുഖത്തു നോക്കി ഇഷ്ടമല്ല എന്നു കൂടി പറയുന്നതു കേട്ടാല്‍… എന്‍റീശ്വരാ… ഭൂമി പിളര്‍ന്നു ഞാന്‍ താഴേയ്ക്ക് പോകുന്നതാണ് അതിനേക്കാള്‍ ഭേദം…’

കണ്ണാടിയില്‍ നോക്കി സ്വയം പതം പറഞ്ഞു കൂട്ടുകയായിരുന്നു ദിവ്യ.

‘ഒരാഴ്ച്ച കൂടി കഴിഞ്ഞാല്‍ സന്ദീപേട്ടന്‍ വരുമെന്നു… എന്തേലും പറഞ്ഞു മുടക്കണോല്ലോ എന്നെ കാണാന്‍ ഉള്ള വരവ്… ഹാ പിന്നെ ഞാന്‍ ബുദ്ധിമുട്ടേണ്ടി വരില്ല… സന്ദീപേട്ടന്‍ തന്നെ പറഞ്ഞോളും ഈ തടിച്ചിയെ വേണ്ടെന്നു…’

പറഞ്ഞപ്പോള്‍ ഒരു തുള്ളി കണ്ണുനീര്‍ ഇറ്റു വീണു.

‘ദിവ്യേ… അവര്‍ നാളെ വരും കേട്ടോ…’

‘ഈശ്വരാ… അവര്‍ എന്തിനാണ് ഇപ്പോള്‍ വരുന്നേ…??? ഇഷ്ടമല്ല എന്നു പറയാന്‍ ഇവിടെ വരെ വരണോ…???’

അമ്മയുടെ വാക്കുകള്‍ ദിവ്യയുടെ ഹൃദയതാളം കൂട്ടി.

‘എവിടെ ശാരദേ, ദിവ്യമോള്‍ എവിടെ…??’

സന്ദീപിനോടൊപ്പം സോഫയില്‍ ഇരുന്നു കൊണ്ടാണ് രാഗിണി ചോദിച്ചത്.

‘അവള്‍ അടുക്കളയില്‍ ഉണ്ട്… ചായ ഇടുവാ…

നിങ്ങള്‍ക്കുള്ള പലഹാരം എല്ലാം അവള്‍ തന്നെയാ ഉണ്ടാക്കിയത്… ഇന്നലെ തുടങ്ങിയ മേളം ആണ്…

മോന്‍ എന്താ ഒന്നും മിണ്ടാത്തേ…??’

‘ഹേയ് ഒന്നുമില്ല…’

‘എടീ… നീ ഇവിടെ എന്തെടുക്കുവാണ്…??? ദേ അവര്‍ അവിടെ തിരക്കുന്നുണ്ട്… വേഗം ചായയുമായി ചെല്ല്… അവര്‍ നിന്നെ കാണാനാണ് വന്നത്…’

‘ഞാന്‍ ചെല്ലണോ അമ്മേ… എനിക്കെന്തോ…’

‘ദേ… എന്‍റെ കൈയ്യില്‍ നിന്നു വാങ്ങും കേട്ടോ പെണ്ണേ…’

ചായയും ട്രേയില്‍ എടുത്തു വിറക്കുന്ന കൈകളോടെ അവര്‍ക്കു മുന്നിലേയ്ക്ക് ചെന്നു. രാഗിണി നോക്കി പുഞ്ചിക്കുന്നുണ്ട്. സന്ദീപ് ഫോണില്‍ നോക്കി തന്നെ ഇരിക്കുവാണു.

മുഖത്തേക്ക് നോക്കുന്നേ ഇല്ല.

‘താല്‍പര്യം ഇല്ലാതെ രാഗിണി ആന്‍റിയുടെ നിര്‍ബന്ധം കാരണം വന്നതാവുകയുള്ളൂ…’

ദിവ്യ മനസ്സില്‍ വിചാരിച്ചു.

സന്ദീപ് പലഹാരം എല്ലാം എടുത്തു കഴിക്കുമ്പോഴും ഫോണില്‍ തന്നെയാണ് മുഖം.

‘എന്താടാ… നിനക്ക് വല്ലതും സംസാരിക്കാനുണ്ടോ അവളോട്…’

‘ആ… ഉണ്ട് കുറച്ചു സംസാരിക്കാന്‍ ഉണ്ട്…’

‘എന്നാല്‍ നിങ്ങള്‍ ദാ… ആ മുറിയില്‍ ചെന്നു ഇരുന്നോളൂ…’

അകത്തെ മുറിയിലേക്ക് ശാരദ ചൂണ്ടി കാട്ടി.

ദിവ്യ നടന്നു ആദ്യം മുറിയില്‍ കയറി. പുറകെ സന്ദീപും.

‘ദിവ്യ ഞാനൊരു കാര്യം…’

‘വേണ്ട… സന്ദീപേട്ടന്‍ പറയാന്‍ പോകുന്നതു എന്താണെന്നു എനിക്കറിയാം… എനിക്ക് വണ്ണം കൂടുതല്‍ ആണ്… സന്ദീപേട്ടന്‍റെ സങ്കല്‍പം ഇങ്ങനെയൊന്നും അല്ല എന്നൊക്കെ അല്ലേ…???

എനിക്കറിയാം… അതു പ്രതീക്ഷിച്ചു തന്നെയാണ് ഞാനും നില്‍ക്കുന്നത്… പക്ഷേ അത് സന്ദീപേട്ടന്‍റെ നാവില്‍ നിന്നു കേള്‍ക്കാന്‍ ഉള്ള ശക്തി ഈ ദിവ്യയ്ക്ക് ഇല്ല…’

അവന്‍റെ മുഖത്തു നോക്കി പറയാന്‍ ഉള്ള ധൈര്യം കിട്ടാതിരുന്നതു കൊണ്ട് തിരിഞ്ഞു നിന്നാണ് അവള്‍ ഇത്രയും പറഞ്ഞൊപ്പിച്ചത്.

പറഞ്ഞു നിര്‍ത്തിയതും പിറകിലൂടെ അവളെ പുണരുന്ന കൈകള്‍ തട്ടി അവള്‍ ഞെട്ടി പിടഞ്ഞു.

അവളുടെ തോളില്‍ മുഖം ചേര്‍ത്തു വച്ച് അവളുടെ കാതില്‍ അവന്‍ മന്ത്രിച്ചു.

‘ഈ തടിച്ചിപാറുനെ ഇഷ്ടമല്ലെന്നു ആരാ പറഞ്ഞേ…?? എന്‍റെ മനസ്സില്‍ അന്നും ഇന്നും ഈ പെണ്ണു മാത്രമേ ഉള്ളൂ… നീ അല്ലാതെ ആരാടീ പെണ്ണെ എനിക്ക് ഇതു പോലത്തെ പലഹാരം ഒക്കെ ഉണ്ടാക്കി തരുന്നത്…??’

അവന്‍ കൈയ്യിലിരുന്ന ഉണ്ണിയപ്പം ഒന്നു കടിച്ചു ബാക്കി അവളുടെ വായിലേക്ക് വച്ചു കൊടുത്തു.

‘അപ്പോള്‍ ഞാന്‍ ഫേസ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റ് അയച്ചിട്ട് ആക്സപ്റ്റ് ചെയ്തില്ലല്ലോ…???

എന്നെ നോക്കാതെ ഫോണില്‍ നോക്കി ഇരിക്കുകയായിരുന്നല്ലോ…???’

‘എന്‍റെ പെണ്ണേ… നാട്ടിലേക്ക് വരാന്‍ ഉള്ള തിരക്ക് ആയിരുന്നതു കൊണ്ട് ഞാന്‍ ഫേസ്ബുക്ക് ലോഗിന്‍ ചെയ്തിരുന്നില്ല ഒരാഴ്ച്ചയായി… പിന്നെ നിന്നെ നോക്കാതെ ഞാന്‍ ചെയ്തോണ്ടിരുന്നത് ഇപ്പോള്‍ കാണിച്ചു തരാം… ദാ നോക്കിക്കോ…’

സന്ദീപ് നായര്‍ ഇന്‍ എ റിലേഷന്‍ഷിപ്പ് വിത്ത് ദിവ്യ നായര്‍

‘കണ്ടോടി…??? ഹാ… പിന്നെ ഞാന്‍ നിന്നോട് പറയാന്‍ വന്നത് മറ്റൊരു കാര്യം ആണ്… നീ എന്തിനാണ് നിന്‍റെ പ്രൊഫൈല്‍ പിക്ക് പെട്ടെന്ന് മാറ്റിയത്…???’

‘അത്… എന്‍റെ വണ്ണം… എല്ലാവരും…’

‘എടി… ബോഡി ഷേമിങ്ങ് ഇപ്പോള്‍ എല്ലാവര്‍ക്കും വെറുമൊരു നേരം പോക്കാണ്… വായില്‍ തോന്നുന്നതു അങ്ങോട്ടു ടൈപ്പ് ചെയ്തു വിടും… അത് ആര്‍ക്കെലും ഹര്‍ട്ട് ആകുമോ എന്നു പോലും നോക്കില്ല… നീ എന്തിനാണ് അവന്‍മാരെ ഒക്കെ പേടിക്കുന്നത്… യൂ ആര്‍ ദ ബെസ്റ്റ് ആസ് യൂ ആര്‍… നീ എപ്പോഴും നീ ആയി തന്നെ ഇരിക്കുക… ആരുടെയും മുന്‍പില്‍ ഈ പേരില്‍ തലകുനിക്കരുത് മനസ്സിലായോ… വാ ഞാന്‍ തന്നെ എടുത്തു തരാം ഒരു അടിപൊളി പിക്… അത് നീ പ്രൊഫൈല്‍ പിക് ആയി ഇട്ടോ.. കളിയാക്കുന്നവന്‍മാരോടു പോയി പണി നോക്കാന്‍ പറയൂ…’

അവളെ ചേര്‍ത്തു നിര്‍ത്തി കൊണ്ട് അവന്‍ അതു പറയുമ്പോള്‍ മനസ്സില്‍ തുളുമ്പി വന്ന സന്തോഷം ഒരു അരുവിയായി കണ്ണുകളിലൂടെ ഒഴുകുകയായിരുന്നു അവള്‍ക്ക്. അവള്‍ മനസ്സില്‍ പറഞ്ഞു.

‘യേസ്… ഐ ആം ദ ബെസ്റ്റ് ദ വേ ഐ ആം….’

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ദിപി ഡിജു