അയാൾക്കൊപ്പം കിടക്കുമ്പോഴും വിശപ്പുകൊണ്ട് തനിക്ക് വയറുകാളുന്നുണ്ടായിരുന്നൂ…

രചന : Aparna Nandhini Ashokan

അവളുടെ ശരീരത്തിൽ നിന്നും കിതപ്പോടെ എഴുന്നേറ്റു മാറികൊണ്ട് അയാൾ മുണ്ടൊന്നു കുടഞ്ഞുടുത്ത് പോകാനായി തയ്യാറായി.

“ഇന്നാടീ ഇതു പിടിച്ചോ ഇരുന്നൂറു രൂപയുണ്ട്..”

കീറതുണിക്കൊണ്ടു മറച്ച ടെന്റിനുള്ളിലേക്കു വരുന്ന തെരുവുവിളക്കിന്റെ അരണ്ട വെളിച്ചത്തിൽ നോട്ടിലേക്കു നോക്കി കിടന്ന് അവൾ ചിരിച്ചു.പെട്ടന്ന് നേരം വെളുത്താൽ തനിക്കും കുഞ്ഞിനും കഴിക്കാനെന്തേങ്കിലും വാങ്ങിക്കാമായിരുന്നൂ.

രണ്ടുപിടി അരിയിട്ടു വേവിച്ച കഞ്ഞിവെള്ളം മാത്രമാണ് മൂന്നുദിവസായീട്ട് ഞങ്ങളുടെ ഭക്ഷണം.വറ്റ് അധികമില്ലാതെ കഞ്ഞി വെള്ളം മാത്രം കൊടുത്തതിനാലാവാം ഇന്നലെ മുതൽ ഛർദ്ദി തുടങ്ങിയിട്ട് കുഞ്ഞ് തളർന്നു കിടപ്പാണ്.

അയാൾക്കൊപ്പം കിടക്കുമ്പോഴും വിശപ്പുകൊണ്ട് തനിക്ക് വയറുകാളുന്നുണ്ടായിരുന്നൂ.അവസാനം ഓക്കാനിക്കാൻ വന്നപ്പോഴും പോകാൻ നേരം അയാൾ തരുന്ന കാശു കിട്ടിയാൽ ഞങ്ങളുടെ വിശപ്പു മാറ്റാമല്ലോയെന്നു കരുതി ഇത്രനേരം എല്ലാം സഹിച്ചു കിടന്നത്.

അതിരാവിലെ തന്നെ അവൾ അടുത്തുള്ള ചായപീടികയിലേക്ക് ഓടിപോയി കുഞ്ഞിന് പാലും തനിക്ക് രണ്ട് പരിപ്പുവടയും വാങ്ങിച്ചു. പീടികത്തിണ്ണയിൽ ഇരുന്നു ചൂടുപാൽ ആറ്റുമ്പോഴാണ് ആരുടെയോ ഉച്ചത്തിലുള്ള ശബ്ദം കേട്ടത്.

“കുളിയും നനയുമില്ലാതെ വൃത്തികെട്ട മണവുമായി അലഞ്ഞുനടക്കുന്ന തെരുവു പെണ്ണുങ്ങൾക്കു ഇതേ ഗ്ലാസിൽ തന്നെയാണോടോ ചായ കൊടുക്കണേ. ഇനി മുതൽ തന്റെ കടയിലെ ചായയും ഭക്ഷണവും എനിക്ക് വേണ്ട..”

“അതൊരു ഭ്രാന്തി പെണ്ണല്ലേ സാറേ കഴിച്ചിട്ട് പൊക്കോട്ടെ”

ചായക്കടക്കാരന്റെ മറുപടി കേൾക്കാതെ ദേഷ്യപ്പെട്ട് നടന്നകന്നൂ പോകുന്ന അയാളെ അവൾ സംശയത്തോടെ നോക്കിയിരുന്നൂ. കഴിഞ്ഞ രാത്രി തന്റെ ശരീരത്തിന്റെ വിയർപ്പിൽ ആഴ്ന്നിറങ്ങിയ ആ മുഖം ഇതായിരുന്നെന്ന് അറിഞ്ഞപ്പോൾ അവളിലൊരു വരണ്ട ചിരി തെളിഞ്ഞു വന്നു.വയറുകാളുന്നത് വീണ്ടും അസഹ്യമായി തുടങ്ങി.കൈയിലിരുന്ന പരിപ്പുവട അവൾ ആർത്തിയോടെ കഴിക്കാനാരംഭിച്ചൂ. ഒരു ഭ്രാന്തിപെണ്ണിന്റെ ചിരിയോടെ.

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Aparna Nandhini Ashokan