അവൻ വിളിച്ചപ്പോൾ ഒരു ആവേശത്തിന് രജിസ്റ്റർ മാര്യേജ് ചെയ്തു അവൾ അവന്റെ ഒപ്പം പോ- യി..

രചന : Linith Seth Joshy

“വിധി”

❤❤❤❤❤❤❤

റോഡിൽ എന്തോ ആൾക്കൂട്ടം കണ്ടപ്പോൾ വിനു വണ്ടി ഒന്ന് സ്ലോ ആക്കി നോക്കി. എന്തോ അപകടം ആണെന്ന് തോന്നി..

അവൻ കാർ ഒതുക്കി നിർത്തി ഇറങ്ങി ആളുകളെ വകഞ്ഞു മാറ്റി ചെന്ന് നോക്കി.

തലയിൽ നിന്നും ചോര ഒലിപ്പിച്ചു കിടക്കുന്ന ഒരു പെണ്ണ്. അവളെ കുലുക്കി വിളിച്ചുകൊണ്ടു അലറി കരയുന്ന ഒരു കൊച്ചു പെൺകുട്ടി.. നാലു വയസ് ഉണ്ടാകും.

“ഏതോ വണ്ടി ഇടിച്ചിട്ടിട്ട് പോയതാണ്.. പാവം..”

ആരോ പറഞ്ഞപ്പോൾ അവൻ മുൻപോട്ട് ചെന്നു..

അവളെ തിരിച്ചു കിടത്തി. ഒറ്റ നോട്ടത്തിൽ ദേഹത്തിൽ വേറെ പരിക്കുകൾ ഒന്നുമില്ല. നെറ്റി പൊട്ടി ചോര നന്നായി ഒഴുകുന്നു..

“ചേട്ടാ തൊടണ്ട. പോലീസ് കേസ് ആകും..

പിന്നെ തലയിലും ആകും..”

ഒരാൾ അവനോടു പറഞ്ഞപ്പോൾ അവൻ ദേഷ്യത്തോടെ അവരെ ഒന്ന് നോക്കി.

“നിന്റെയൊക്കെ വീട്ടിൽ ഉള്ളവർ ഇതുപോലെ കിടന്നാലും നീയൊക്കെ നോക്കി നിക്കുമോടാ..?”

അവന്റെ അലർച്ചക്ക്‌ മുൻപിൽ അവർ തലകുനിച്ചു. ആക്സിഡന്റ് പറ്റിയവരെ എടുക്കാൻ പാടില്ല എന്നാണ് എന്നാൽ കാത്തു നിന്നാൽ അവളുടെ ജീവൻ പോകുമെന്നവന് തോന്നി..

അവൻ അവളെ കോ=രി എടുത്തു കാറിന് നേരെ നടന്നു. കുട്ടി അവളുടെ കൈ പിടിച്ചു കരഞ്ഞുകൊണ്ട് ഒപ്പം ചെന്നു..

ബാക് ഡോർ തുറന്ന് അവൻ അവളെ സീറ്റിൽ കിടത്തി. ആ കുട്ടിയേയും കയറ്റി കാർ വേഗത്തിൽ ഹോസ്പിറ്റൽ ലക്ഷ്യമാക്കി വിട്ടു..

അവിടെ എത്തി നിമിഷ നേരംകൊണ്ട് അവളെ അറ്റെൻഡർമാർ അകത്തേക്ക് കൊണ്ടുപോയി.

മുഴുവൻ ചോര ആയിരുന്നു വണ്ടിയിലും അവന്റെ ദേഹത്തും..

ഒരു മൂലക്ക്‌ ഇരുന്ന് ഏങ്ങി കരയുന്ന കൊച്ചു പെൺകുട്ടിയെ കണ്ടപ്പോൾ അവന്റെ ഹൃദയം നുറുങ്ങി..

അവൻ അടുത്ത് ചെന്ന് അവളുടെ തലയിൽ തലോടിയപ്പോൾ അവൾ പേടിയോടെ ആണ് അവനെ നോക്കിയത്.. അപ്പോൾ തന്നെ അവൾ വളർന്ന സഹചര്യം വളരെ മോശമായിരുന്നു എന്നവൻ മനസിലാക്കി..

“മോള് വിഷമിക്കണ്ട..അമ്മ ഇപ്പൊ വരും ട്ടോ..”

അവൻ അവളെ പിടിച്ചു അടുത്തിരുത്തി..

“മോൾക്ക് വിശക്കുന്നു പറഞ്ഞപ്പോ അമ്മ ന്നേം കൊണ്ട് വന്നതാ.. അമ്മേനെ കാണണം അങ്കിലെ..”

എങ്ങി കരഞ്ഞുകൊണ്ട് ആ കുട്ടി പറഞ്ഞപ്പോൾ അവൻ കരഞ്ഞുപോയി..

അവളുടെ കൈ പിടിച്ചു പുറത്തേക്ക് നടന്നു. ആദ്യം ഒരു കടയിൽ പോയി വേഷം മാറുകയാണ് ചെയ്തത്..

വാങ്ങി കൊടുത്ത കൊച്ചുടുപ്പ് മണത്തു നോക്കുന്ന പെണ്ണിനെ കണ്ടപ്പോൾ അവന്റെ ചങ്ക് പൊടിഞ്ഞു..

“എന്താ മോളുടെ പേര്..?”

“ചിഞ്ചു..”

നനഞ്ഞ പുഞ്ചിരിയോടെ കുട്ടി പേര് പറഞ്ഞു..

അവൾക്ക് ഭക്ഷണം വാങ്ങി കൊടുത്തപ്പോൾ ആ കൊച്ചു പെണ്ണ് ആർത്തിയോടെ കഴിക്കുന്നത് കണ്ടപ്പോൾ അവന് കരയാതിരിക്കാൻ ആയില്ല.

കൊച്ചു പെണ്ണ് അവന്റെ കൈ മുറുക്കെ പിടിച്ചു നടന്നപ്പോൾ അവന് വാത്സല്യം തോന്നി..

ഹോസ്പിറ്റലിൽ ചെന്നപ്പോൾ അവൾക്ക് ബോധം വീണിരുന്നു.. റൂമിലേക്ക് മാറ്റിയ അവളുടെ അടുത്തേക്ക് ചെന്നപ്പോൾ അവൾ മോളെ വാരി അണച്ച് കരഞ്ഞു..

“ഈ അങ്കിൾ എനിക്ക് ഉടുപ്പ് വാങ്ങി തന്നമ്മേ…”

അവൾ കൊഞ്ചലോടെ അവളോട് പറഞ്ഞപ്പോൾ അവൾ പേടിയോടെ ആണ് അവനെ നോക്കിയത്..

“പേടിക്കണ്ട.. ഞാൻ ആണ് ഇവിടെ എത്തിച്ചത്..

അല്ല.. എവിടേക്കാണ് പോകേണ്ടത്..?”

അവൻ ചോദിച്ചപ്പോൾ അവളുടെ മുഖം സങ്കടം കൊണ്ട് താണു.. അവൻ അവളോട് കാര്യങ്ങൾ ചോദിച്ചു.

കൂലിപ്പണി എടുത്തിട്ടാണ് അവളുടെ അപ്പനും അമ്മയും അവളെ പഠിക്കാൻ വിട്ടത്..

എന്നാൽ പഠിച്ചു കൊണ്ടിരുന്നപ്പോൾ തോന്നിയ ഒരു പ്രണയം..

അവൻ വിളിച്ചപ്പോൾ ഒരു ആവേശത്തിന് രജിസ്റ്റർ മാര്യേജ് ചെയ്തു അവൾ അവന്റെ ഒപ്പം പോയി.. അന്ന് നിലത്തു വീണു കിടന്നു കരയുന്ന അപ്പനെയും അമ്മയെയും മറന്നിട്ടാണ് അവൾ പോയത്..

ഷീറ്റ് കെട്ടി മറച്ച വീട് കണ്ടപ്പോൾ തന്നെ അവൾക്ക് തോന്നിയിരുന്നു എടുത്ത തീരുമാനം തെറ്റായിരുന്നോ എന്ന്..

അന്ന് രാത്രി മദ്യപിച്ചു വന്ന അവന്റെ അക്രമങ്ങൾ എതിർത്തപ്പോൾ അവൻ പ്രാന്ത് പിടിച്ചത് പോലെ അവളെ മർദിച്ചു. അവളിലെ പെണ്ണിനെ ഒരു ദയയും ഇല്ലാതെ കടിച്ചു കുടഞ്ഞു അവൻ

മദ്യത്തിനും കഞ്ചാവിനും അടിമ ആണ് അവൻ എന്ന് അത്ര നാളും അറിയാത്ത അവൾ അന്ന് അറിഞ്ഞു.. ദിവസങ്ങൾ കടന്നു പോയി.. ഇറങ്ങി ഓടാൻ പോലും അവൾക്ക് വയ്യായിരുന്നു.. ഓടിയാലും പോകാൻ ഇടം ഇല്ല.

അവസാനം വയറ്റിൽ ഒരു ജീവൻ കുരുത്തപ്പോൾ എങ്കിലും അവൻ മാറുമെന്ന് അവൾ കരുതി..

ഒരു മാറ്റവും ഉണ്ടായില്ല.. മകൾ പോയ വിഷമം സഹിക്കാൻ ആകാതെ അവളുടെ അപ്പനും അമ്മയും ആത്മഹത്യാ ചെയ്തത് അവൾ വൈകിയാണ് അറിഞ്ഞത്.. കരഞ്ഞു കരഞ്ഞു കണ്ണിലെ നീര് വറ്റിയിരുന്നു..

ഗർഭിണി ആയ അവളുടെ റൂമിലേക്ക് പൈസക്ക് വേണ്ടി ഒരു കൂട്ടുകാരനെ പറഞ്ഞു വിട്ട ഭർത്താവിനെ അവൾ കത്തി എടുത്തു വെട്ടുകയായിരുന്നു.. അവൻ മരണപെട്ടു.

അവളുടെ സാഹചര്യം എല്ലാം വച്ച് കോടതി ശിക്ഷ കുറച്ചു എങ്കിലും കുറച്ചു വർഷങ്ങൾ ജയിലിൽ കിടക്കേണ്ടി വന്നു. മകളെ ജയിലിൽ ആണ് പ്രസവിച്ചതും..

വർഷങ്ങൾ കഴിഞ്ഞു പുറത്തിറങ്ങി ജയിലിൽ പണി എടുത്തു കിട്ടിയ പൈസക്ക് ഒരു വാടക വീട് എടുത്തു അവിടെ നിന്നു.. ജോലി അന്വേഷിച്ചു എങ്കിലും കിട്ടിയില്ല.

ഉള്ള പൈസയും തീർന്നു വാടകയും മുടങ്ങി

ഭക്ഷണവും തീർന്നപ്പോൾ ആണ് ഒരു ജോലിക്ക് അലഞ്ഞത്.. അപ്പോൾ ആയിരുന്നു അപകടം നടന്നത്..

അത്രയും പറഞ്ഞു അവൾ നിർവികാരതയോടെ ഇരുന്നപ്പോൾ അവനും വാക്കുകൾ ഉണ്ടായിരുന്നില്ല..

ചെയ്ത തെറ്റുകൾക്ക് അവൾ വേണ്ടുവോളം അനുഭവിച്ചു എന്നവന് തോന്നി..

പുറത്തു പോയി ഡോക്ടറെ കണ്ടു വന്ന അവൻ ഇന്ന് വൈകുന്നേരം അവളെ ഡിസ്ചാർജ് ആകുമെന്ന് പറഞ്ഞു..

“എവിടേക്ക് പോകും ഇനി നീ..?”

“അറിയില്ല…”

അവൾ തലകുനിച്ചു..

“ഒരു പ്രണയം ഉണ്ടാക്കിയ പെല്ലാപ്പുകൾ അല്ലെ..? എല്ലാം പോയില്ലേ..? നിനക്കൊക്കെ എന്താണ് കുട്ടി? ആരേലും ഒന്നു ചിരിച്ചു കാണിച്ചാൽ അവർ എന്താണെന്ന് പോലും അറിയാതെ കൂടെ പോകും.. എല്ലാം നഷ്ടപ്പെടുത്തി അവസാനം അവൻ ചവുട്ടി മെതിക്കുമ്പോൾ ആരും ഇല്ലാതെ തെരുവിൽ.. ഛേ…”

അവന് ദേഷ്യം വന്നിരുന്നു..

“ന്റെ അമ്മ പാവം…ചീത്ത പറയണ്ട.. അങ്കിലെ…”

അവൾ അമ്മയുടെ കൈ പിടിച്ചു അവനെ കൊറുവുടെ നോക്കി.. അമ്മയെ കരയിച്ചതിന് ആണ്..

അവന് ചിരി വന്നു.

“ഒരു കാര്യം ചെയ്യാം.. എന്റെ വീട്ടിലേക്ക് പോരെ.. ഈ കുട്ടിയെക്കൊണ്ട് തെരുവിൽ പോയാൽ നിന്റെ അവസ്ഥ എന്താകും..?”

അവന്റെ ചോദ്യത്തിന് അവൾക്ക് ഉത്തരം ഉണ്ടായില്ല.. അവൾക്ക് പേടി തോന്നി.

അപ്പോഴേക്കും ഡോക്ടർ അവിടെക്ക്‌ വന്നു. പെൺ ഡോക്ടർ ആണ്.. കാണാൻ സുന്ദരി.

“ഡീ കാന്താരി… നിനക്ക് മിട്ടായി വേണോ…”

അവൾ ചിരിച്ചുകൊണ്ട് കൊച്ചിന് ഒരു ചോകലെറ്റ് എടുത്തുകൊടുത്തു.. അവൾ അത് വാങ്ങി ആകാംഷയോടെ നോക്കി..

“അല്ല..? ഇവിടെ നിന്നും ഇറങ്ങിയാൽ എവിടേക്ക് പോകും..?”

ഡോക്ടർ അത് ചോദിച്ചപ്പോൾ അവൾ ഒന്ന് അമ്പരന്നു..എന്നാലും അറിയില്ല എന്ന മട്ടിൽ തല കൊണ്ട് കാണിച്ചു..

“ഇയാള് കൊണ്ടുപോകാം എന്ന് പറഞ്ഞില്ലേ..?”

ഡോക്ടർ അത് ചോദിച്ചപ്പോൾ അവൾ വിനുവിനെ നോക്കി.. അവൻ ചിരിച്ചു.

“അതെ.. എന്റെ വീട്ടിൽ ഇഷ്ട്ടം പോലെ സ്ഥലം ഉണ്ട്.. പിന്നെ ഈ കൊച്ചു കാന്തരിയെ എനിക്ക് അങ്ങ് ഇഷ്ടപ്പെട്ടു..”

അവൻ കൊച്ചിനെ ഒന്ന് എടുത്തു വട്ടം കറക്കി. അവൾ പൊട്ടിച്ചിരിച്ചുകൊണ്ട് അവനെ മുറുക്കെ പിടിച്ചു..

“അപ്പോൾ സാറിന്റെ വീട്ടുകാർ എന്ത് പറയും.?

എന്നെപോലെ ഒരുവൾ.. അവിടെ വന്നാൽ..?”

അവളുടെ ചോദ്യം കേട്ടപ്പോൾ വിനു പുഞ്ചിരിച്ചു..

“വീട്ടുകാർ ഒന്നുമില്ല. ഒരു വീട്ടുകാരി ഉണ്ട്..

ആൾക്ക് സമ്മതം ആണോയെന്ന് നേരിട്ട് ചോദിച്ചോളൂ…”

അവൻ ഡോക്ടറെ കാണിച്ചു അത് പറഞ്ഞപ്പോൾ അവൾ ഞെട്ടലോടെ ഡോക്ടറെ നോക്കി..

ഡോക്ടർ ചിരിയോടെ അവളെ നോക്കി..

അപ്പോഴാണ് ഡോക്ടർ അവന്റെ ഭാര്യ ആയിരുന്നു എന്നവൾ മനസിലാക്കിയത്.

“എനിക്ക് വിരോധമൊന്നും ഇല്ല.. നിനക്ക് തുടർന്ന് പഠിക്കാം.. ഒരു ജോലി നേടാം.. ഇവളെ നന്നായി നോക്കണ്ടേ നമുക്ക്..?”

ഡോക്ടർ ചിരിയോടെ കുട്ടിയെ അവന്റെ കയ്യിൽ നിന്നും വാങ്ങിയപ്പോൾ അവളുടെ കണ്ണിൽ നിന്നും നീർതുള്ളികൾ താഴേക്ക് പതിച്ചു..

ശുഭം.

പ്രണയം മനോഹരം ആണ്..

എന്നാൽ സ്വപ്നങ്ങളെയും ജീവിതത്തിന്റെയും സ്നേഹിക്കുന്നവരെയും തഴഞ്ഞു കൊണ്ട് ആകരുത് പ്രണയത്തിനെ സ്വന്തമാക്കേണ്ടത്..

വിനുവും അവന്റെ ഭാര്യ ആയ ഡോക്ടറും കഥയിൽ മാത്രമേ ഉണ്ടാവുകയുള്ളു.. അതുകൊണ്ട് തന്നെ രണ്ടു തവണ ചിന്തിച്ചു വേണം ജീവിതത്തിലെ തീരുമാനങ്ങൾ എടുക്കാൻ.. പ്രത്യേകിച്ചും വിവാഹം.. വിദ്യാഭ്യാസവും ജോലിയും അല്ലെ ആദ്യം വേണ്ടത്..?

അപകടങ്ങളിൽ പെട്ട് കിടക്കുന്നവരെ കണ്ടാൽ സഹായിക്കാൻ മടി കാണിക്കരുത്.. ഒരുപക്ഷെ അവരെയും കാത്തു ചിഞ്ചു കുട്ടിയെപ്പോലെ ഉള്ളവർ വീട്ടിൽ ഉണ്ടാകില്ലേ..?

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Linith Seth Joshy