ഒരു പെണ്ണിനും സഹിക്കാൻ കഴിയാത്ത ഒരു ബന്ധം കൂടി എന്റെ ഭർത്താവിനുണ്ടെന്നു തിരിച്ചറിഞ്ഞപ്പോൾ

രചന : സജിത

ഇൻട്രോ ഫെസ്റ്റ്

ഞാൻ സജിത.

തൃശ്ശൂരിൽ നിന്നും ഏകദേശം ആറു കിലോമീറ്ററുകൾക്ക് അപ്പുറം നെട്ടിശ്ശേരി എന്ന ഗ്രാമത്തിൽ ജനിച്ചു.

ജീവിതസാഹചര്യങ്ങൾ എന്നെ സ്വപ്നം കാണാൻ ശീലിപ്പിച്ചില്ല.എന്റെ ഏഴാം വയസ്സിൽ അച്ഛനും പതിനഞ്ചാം വയസ്സിൽ അമ്മയും അവരുടെ കടമകൾ അവസാനിപ്പിച്ച് യാത്രയായി.

പിന്നീടൊരു രണ്ടു രണ്ടര വർഷം ചേച്ചിയുടെ കൂലിയില്ലാത്ത വേലക്കാരിയായി ജീവിച്ചു.പഠനം പോലും പാതി വഴിയിൽ നിന്ന് പോയ എനിക്ക് ഒന്നിലും സ്വന്തമായ അഭിപ്രായങ്ങളോ ആഗ്രഹങ്ങളോ പറയാനുള്ള ധൈര്യം ഇല്ലായിരുന്നു. പതിനെട്ടു വയസ്സ് തികയുന്നതിനു മുൻപായി ആദ്യം വന്ന കല്യാണ ആലോചനയ്ക്ക് തന്നെ ബന്ധുക്കൾ വാക്ക് കൊടുത്തു.

അങ്ങനെ പതിനെട്ടു വയസ്സിൽ ഒരു ഭാര്യയും പത്തൊൻപത് വയസ്സിൽ ഒരു പെൺകുട്ടിയുടെ അമ്മയുമായിതീർന്നു. അതിനിടയിൽ വന്നു പെട്ടത് എല്ലാ രീതിയിലും മോശമായ ഒരു ജീവിതത്തിൽ ആണെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. മുന്നോട്ട് പോകണമെങ്കിൽ സ്വന്തമായ ഒരു വരുമാനം ആവശ്യമാണെന്ന് മനസ്സിലാക്കിയ ഞാൻ എന്റെ മകൾക്ക് ഒന്നര വയസ്സുള്ളപ്പോൾ സ്റ്റിച്ചിങ് പഠിക്കാൻ പോയി.അതിനിടയിൽ വീട്ടിൽ നിന്ന് തന്ന സ്വർണമൊക്കെ ഭർത്താവ് നശിപ്പിച്ചിരുന്നു.

രണ്ടു മാസം കൊണ്ട് വീട്ടിലിരുന്നു തയ്ച്ചു കൊടുക്കാനുള്ള അവസ്ഥയിൽ എത്തിയപ്പോൾ ബാക്കി കയ്യിലുള്ള ഒരു കമ്മൽ വിറ്റ് ഒരു മെഷീൻ വാങ്ങി എന്റെ ജീവിതത്തോടുള്ള യുദ്ധം ആരംഭിച്ചു.

എന്നെങ്കിലും ആ മനുഷ്യൻ നല്ല രീതിയിൽ ആകുമെന്ന് കരുതി ആരോടും പരാതി പറയാനോ ആ വീട്ടിൽ നിന്നും ഇറങ്ങി പോകാനോ ശ്രമിച്ചില്ല.

ഇതിനൊന്നും എനിക്ക് ആരും ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. എന്റെ മോളെ നല്ല രീതിയിൽ തന്നെ പഠിപ്പിക്കണമെന്ന വാശിയിൽ അവൾക്ക് മൂന്നു വയസ്സ് ആകുമ്പോഴേക്കും തയ്ച്ചു കിട്ടുന്ന വരുമാനത്തിൽ നിന്നും മിച്ചം വച്ച പൈസ കൊണ്ട് ഞാൻ കമ്പ്യൂട്ടർ കോഴ്സ് ചെയ്തു.കോഴ്സ് പൂർത്തി ആകുമ്പോഴേക്കും വെറും 10th അടിസ്ഥാന യോഗ്യത ഉള്ള ഞാൻ ഈ കോഴ്സ് ന്റെ ബലത്തിൽ ഒരു ചെറിയ ജോലിക്ക് കയറി പറ്റി. ജോലി ചെയ്ത് കൊണ്ട് പ്ലസ് ടു വും ഡിഗ്രിയും എഴുതി എടുത്തു.അങ്ങനെ ഒരു അക്കൗണ്ടന്റ് പോസ്റ്റിലേക്ക് കയറിപ്പറ്റി.

ജീവിതം അപ്പോഴും മാറ്റമില്ലാതെ തുടരുന്നുണ്ടായിരുന്നു.ഒരു രീതിയിലും പോസിറ്റിവിറ്റി കാണാനില്ലാത്ത ആ ജീവിതത്തിൽ പിന്നെയും പിടിച്ചു നിന്നത് എന്റെ മകളെ ഓർത്തു മാത്രമായിരുന്നു. പത്തു വർഷങ്ങൾക്കിപ്പുറം ഒരു പെണ്ണിനും സഹിക്കാൻ കഴിയാത്ത ഒരു ബന്ധം കൂടി എന്റെ ഭർത്താവിനുണ്ടെന്നു തിരിച്ചറിഞ്ഞപ്പോൾ ഞാൻ പ്രതികരിച്ചു. അതി ശക്തമായി തന്നെ പൊട്ടിത്തെറിച്ചു.

അത് വരെ ഒതുക്കി വച്ചിരുന്ന എന്റെ എല്ലാ സഹനവും നഷ്ടപ്പെട്ടു. എനിക്ക് വേണ്ടി സംസാരിക്കാൻ ഞാൻ മാത്രമേയുള്ളു എന്ന അവസ്ഥയിൽ വന്നപ്പോൾ എന്റെ പ്രതികരണം ഭർത്താവിന്റെ വീട്ടുകാർക്ക് എന്റെ അഹങ്കാരമായി തോന്നി.

അത് വരെ നല്ലവൾ ആയിരുന്ന ഞാൻ സ്വന്തമായി നിലനിൽപ്പ് ആയപ്പോൾ ഭർത്താവിനെ തള്ളിപ്പറയുന്നവൾ ആയി. എന്റെ സ്വഭാവ ദൂഷ്യം മൂലമാണ് ആ മനുഷ്യൻ ചീത്തയായത് എന്ന് വരെ അവർ പറഞ്ഞു. അപ്പോൾ ഇറങ്ങിപോരാൻ നിന്ന എന്നെ കുറച്ചു സ്നേഹമുള്ള ആത്മബന്ധങ്ങളുടെ ഇടപെടൽ പിന്നെയും അവിടെ തുടരാൻ നിർബന്ധിതയാക്കി.

ആ മനുഷ്യൻ ഇനി നന്നായ്ക്കോളാം എന്ന വാക്ക് മറ്റുള്ളവരുടെ മുന്നിൽ വച്ചു നൽകിയപ്പോൾ വളർന്നു വരുന്ന മകൾക്ക് വേണ്ടി ഞാൻ പിന്നെയും തുടർന്നു. ബന്ധുക്കൾ ഞാൻ ഒരു ബാധ്യത ആയാലോ എന്ന പേടിയിൽ ഒന്നിലും അധികം ഇടപെടാതെ മാറി നിന്നു.പിന്നീടുള്ള മൂന്നു വർഷം അതിനേക്കാൾ ഭയങ്കരമായിരുന്നു.ഇത്രയും ആയിട്ടും ഞാൻ അവിടെ തുടർന്നപ്പോൾ എന്ത് ചെയ്താലും സഹിച്ചോളും എന്നൊരു ചിന്തയാകാം അയാളെ മുന്നോട്ട് നയിച്ചത്. ഒരു വിധത്തിലും ഒരു നല്ല കാര്യം പോലും ഓർത്തു വയ്ക്കാനില്ലാത്ത ആ ജീവിതത്തിൽ നിന്നും ഇറങ്ങി പോരുകയാണ് നല്ലതെന്നു ഞാൻ ഉറപ്പിച്ചു.

ഇറങ്ങി ചെല്ലാൻ സ്വന്തമായ വീടോ എന്നെ സ്വീകരിക്കാൻ ബന്ധുക്കളോ ഇല്ലാത്തതിനാൽ ആറ്‌ മാസത്തെ പ്ലാനിംങിനും തയ്യാറെടുപ്പുകൾക്കുമൊടുവിൽ 2019 മെയ് 29 നു ഞാൻ പതിമൂന്നു വയസ്സുള്ള എന്റെ മകളെയും കൂട്ടി അവിടെ നിന്നിറങ്ങി. പതിനാലു വർഷത്തെ ആ വനവാസം തീർത്തു അവിടെ നിന്നിറങ്ങുമ്പോൾ എന്റെ കഴുത്തിൽ താലി കെട്ടിയ ആ മനുഷ്യൻ പറഞ്ഞത് “നീ തെണ്ടിതിരിഞ്ഞു ഇങ്ങോട്ട് തന്നെ വരും” എന്ന് മാത്രമായിരുന്നു. എതിർത്തു ഒന്നും പറഞ്ഞില്ല. കാരണം മുന്നിൽ ജീവിക്കാമെന്ന ധൈര്യം മാത്രമായിരുന്നു.

അത്രയും വർഷം ജോലി ചെയ്തിട്ടും കയ്യിൽ ഉണ്ടായിരുന്നത് വെറും ഒരു മാസത്തെ സാലറി മാത്രമായിരുന്നു.അങ്ങനെ തൃശ്ശൂരിൽ നിന്നും ഞാൻ എന്റെ കസിൻ ബ്രദർ ന്റെ വീട്ടിലേക്ക് ആണ് നേരെ പോയത്. അവരെ ബുദ്ധിമുട്ടിക്കാൻ ഉദ്ദേശമില്ലായിരുന്നു. ഇറങ്ങാൻ തീരുമാനിച്ച ആ ആറു മാസം കൊണ്ട് ഞാൻ എറണാംകുളത്തു എനിക്ക് ജോലിയും മോൾക്ക് എട്ടാം ക്ലാസ്സിലേക്ക് അഡ്മിഷനും ശെരിയാക്കിയിരുന്നു. ഒരാഴ്ച്ച ചേട്ടന്റെ വീട്ടിൽ നിന്ന ശേഷം ഞാനും മോളും കൊച്ചിക്ക് വണ്ടി കയറി.

അവളെ സ്കൂൾ ഹോസ്റ്റലിൽ ആക്കി എന്റെ ഹോസ്റ്റലിലേക്ക് നടക്കുമ്പോൾ എന്റെ മോളുടെ ആശ്വാസവാക്കുകൾ ആണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ ധൈര്യം. ഞാൻ ആരുടെയോ കൂടെ ഓടിപ്പോയെന്ന വാർത്ത ഒക്കെ അവർ പരത്തിയിരുന്നു. അത് കേട്ട് വിഷമിക്കാൻ എനിക്ക് നേരമില്ലായിരുന്നു. ഞാൻ ശെരിയാണെന്ന വിശ്വാസം എനിക്ക് ഉള്ളിടത്തോളം അതിനൊന്നും ചെവി കൊടുക്കേണ്ട എന്ന ഒരു തീരുമാനത്തിൽ ഒരു വർഷം രണ്ടു സ്ഥലങ്ങളിൽ ആയി ഞങ്ങൾ മുന്നോട്ട് പോയി.

രണ്ടു വർഷങ്ങൾക്ക് ഇപ്പുറം ഒരു വാടക വീടെടുത്ത് ഒരുപാട് സന്തോഷത്തോടെ സമാധാനത്തോടെ ഞങ്ങൾ ജീവിക്കുന്നു.

എന്റെ ഏറ്റവും വലിയ ശക്തി എന്റെ മകൾ തന്നെയാണ്. ഓർമ വച്ച നാൾ മുതൽ എന്റെ ജോലിസ്ഥലത്തും ഞാൻ പോകുന്നിടത്തുമെല്ലാം സന്തത സഹചാരി ആയിരുന്ന അവളല്ലാതെ വേറെ ആരാണ് എന്നെ മനസിലാക്കുക. ഈ തീരുമാനം കുറച്ചു കൂടെ മുന്നെ ആകാമായിരുന്നു എന്ന് മാത്രമേ വിഷമമുള്ളു.ആ ചിന്ത വരുമ്പോൾ “എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ “എന്ന പ്രശസ്ത സിനിമ ഡയലോഗ് ഓർത്തു ആശ്വസിക്കും. തിരിഞ്ഞു നോക്കുമ്പോൾ ഒട്ടും ദേഷ്യമില്ല ആരോടും. എന്നെ ജീവിക്കാൻ പഠിപ്പിച്ചതിനും ഇപ്പോഴത്തെ ഈ സന്തോഷത്തിനും ഒരുപാട് നന്ദിയോടെ………

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : സജിത