അമ്മേ.. ഇന്ന് വൈകിട്ട് ഞാൻ വരുമ്പോൾ മീൻ കൂട്ടി ചോറ് തരണം… ഇല്ലെങ്കി ഇനി ഞാൻ അമ്മയോട് മി- ണ്ടില്ല..

രചന : Neeraja S

സ്നേഹാമൃതം….

❤❤❤❤❤❤❤❤

“അമ്മേ.. ഇന്ന് വൈകിട്ട് ഞാൻ വരുമ്പോൾ മീൻ കൂട്ടി ചോറ് തരണം… ഇല്ലെങ്കി ഇനി ഞാൻ അമ്മയോട് മിണ്ടില്ല.. ”

സങ്കടം കൊണ്ട് വിതുമ്പി..അവസാന വാക്ക് എന്ന നിലയിൽ പറഞ്ഞ് കൊണ്ട് ഉണ്ണിക്കുട്ടൻ സ്കൂളിലേക്ക് ഓടി…

കുറച്ച് ദിവസം ആയി വഴക്ക് തുടങ്ങിയിട്ട്.. ഇല്ലായ്മയുടെ കഥകൾ കുഞ്ഞുങ്ങൾക്ക് മനസ്സിലാവില്ല… അവരുടെ കാഴ്ചയിൽ മനഃപൂർവം വാങ്ങി കൊടുക്കാത്തതാണ്. ഒരു കരച്ചിൽ ഇടനെഞ്ചിൽ അലയടിച്ചു..

ഉണ്ണിക്കുട്ടന്റെ വാക്കുകൾ എപ്പോഴും ചെവിയിൽ മുഴങ്ങി കൊണ്ടിരുന്നു… കുറച്ച് കാശ് ഇരിപ്പുണ്ട്.

പക്ഷെ അതെടുത്താൽ പെട്ടെന്നൊരു ആശുപത്രി കേസ് വന്നാൽ എന്ത് ചെയ്യും… അത്യാവശ്യം ചോദിച്ചാൽ ആരുടേയും കൈയിൽ ഉണ്ടാവില്ല…

പക്ഷെ ഉണ്ണിക്കുട്ടൻ… അവന്റെ സങ്കടം..

എന്തായാലും നൂറു രൂപ എടുത്ത് മീൻ വാങ്ങുക തന്നെ.. ആരുടേയും ശ്രദ്ധയിൽ പെടാതെ സൂക്ഷിച്ചിരുന്ന കാശിൽ നിന്നും നൂറു രൂപ എടുത്ത് കൈയിൽ പിടിച്ചു..

മീനിനൊക്കെ എന്തൊരു വിലയാണ്… നൂറു രൂപയ്ക്കു നാലഞ്ച് മീനാണ് കിട്ടിയത്…

മീൻ വാങ്ങി തിരിച്ചു വരുന്ന വഴി ഒരു പട്ടിക്കുഞ്ഞു കൂടെ കൂടി… ഇവിടെ ബാക്കി ഉള്ളവർക്ക് മൂന്നും നേരം തിന്നാൻ തികയുന്നില്ല അപ്പോഴാണ്… ഓടിച്ചു നോക്കി.. വട്ടം കറങ്ങി കൂടെ പോരുന്നു..

ഒരു വടി എടുത്ത് വീശിയപ്പോൾ പേടിച്ച് തിരികെ ഓടി..

കുറച്ച് മീൻ ഇട്ട് ഉണ്ണിക്കുട്ടന്റെ അച്ഛന് വേണ്ടി കറിയും ബാക്കി മീൻ എടുത്ത് വറത്തും വച്ചു…

ഉണ്ണിക്കുട്ടൻ വരുമ്പോഴേക്കും കുളിച്ചിട്ടു വരാനായി പുഴ ലക്ഷ്യമാക്കി വേഗത്തിൽ നീങ്ങി…

കുളി കഴിഞ്ഞ് വരുമ്പോൾ ദൂരെ നിന്നേ കാണാമായിരുന്നു ഉമ്മറത്ത് ആരൊക്കെയോ ഇരിക്കുന്നു.. ചങ്കിൽ ഒരു ഇടിവാൾ മിന്നി..

ദൈവമേ ഉണ്ണിക്കുട്ടന്റെ അച്ഛൻ… ഇന്ന് നേരത്തെ വന്നിരിക്കുന്നു.. പരിവാരങ്ങളും കൂടെ ഉണ്ട്…

അടുക്കളയിൽ ചെന്നപ്പോൾ എത്ര ഒക്കെ ഒതുക്കിയിട്ടും കണ്ണ് നിറഞ്ഞു.. മീൻ കറിയും വറത്തതും അപ്രത്യക്ഷം ആയിരിക്കുന്നു.. കൂട്ടുകൂടി കുടിക്കുമ്പോൾ ടച്ചിങ്‌സ് വേണമല്ലോ… ഇനി പറഞ്ഞിട്ട് എന്ത് കിട്ടാൻ… ഉണ്ണിക്കുട്ടൻ വരുമ്പോൾ എന്ത് പറയും എന്നോർത്ത് സമാധാനം പോയി…

അടുത്ത വീട്ടിലെ മേരി ചേച്ചി ഒരു വലിയ ചൂരമീൻ വാങ്ങിക്കൊണ്ടു പോകുന്നത് കണ്ടു… പക്ഷെ അഭിമാനം സമ്മതിക്കുന്നില്ല..

പെട്ടെന്ന് ഒരു ബുദ്ധി തോന്നി… മുറ്റത്തു ഇറങ്ങി സ്പീഡിൽ ഓടി.. പട്ടിക്കുഞ്ഞിനെ കണ്ട സ്ഥലത്തേക്ക്.. ചെല്ലുമ്പോൾ പുള്ളി ഒരു മരത്തിന്റെ ചുവട്ടിൽ വളഞ്ഞു കൂടി കിടക്കുന്നു… കണ്ടതും ഓടി വന്ന് സന്തോഷ സൂചകമായി ചുറ്റിനും രണ്ട് വലം വച്ചു വീട്ടിലേക്കുള്ള വഴിയിലൂടെ ഓടി…

ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു കൊണ്ടുപോകാൻ വന്നതാണെന്ന്… മുൻപിൽ ഓടി അടുത്ത വളവിൽ കാത്തു നിന്നു…കാണുമ്പോൾ പിന്നെയും ഓടി…

ഒടുവിൽ വീട്ടിലെത്തി സന്തോഷത്തോടെ വീടിനു ചുറ്റും വലം വച്ച് ഓടി നടന്നു.

ഉണ്ണിക്കുട്ടന്റെ പങ്കിൽ നിന്നും കുറച്ച് ചോറ് എടുത്ത് രണ്ട് തുള്ളി വെളിച്ചെണ്ണയും ഒഴിച്ചിളക്കി കൊടുത്തു… കിടക്കാനായി ഒരു കാർഡ്ബോർഡ് എടുത്ത് വച്ചു കൊടുത്തു… തീറ്റ കഴിഞ്ഞ് എത്ര പെട്ടെന്നാണ് ഉറങ്ങിയത്… പാവം… ഉണ്ണിക്കുട്ടൻ വരാറായി… കളയാൻ സമയം തീരെ ഇല്ല…

ഒരു പാത്രവും എടുത്ത് മേരി ചേച്ചിയുടെ അടുക്കള വശത്തേക്ക്…

“ചേച്ചി…മേരി ചേച്ചി…. ”

“എന്താ നന്ദിനി…”

മറ്റുള്ളവർക്ക് ദോഷം വരാത്ത ചെറിയ നുണകൾ പറയാം എന്ന ഗാന്ധിജിയുടെ വാക്കുകളെ സ്മരിച്ചു കൊണ്ട്….

“ചേച്ചി വീട്ടിൽ ഒരു പട്ടിക്കുഞ്ഞു വന്നിരിക്കുന്നു…

തീരെ ചെറുതാണ്… ഓടിച്ചു വിടാൻ തോന്നിയില്ല… ”

“ചോറ് കൊടുത്തിട്ട് അതാണെങ്കിൽ കഴിക്കുന്നില്ല..

ചേച്ചി… മീൻ വെട്ടിയതിന്റെ വേസ്റ്റ് ഉണ്ടെങ്കിൽ.

“നന്ദിനി ഇപ്പോൾ വന്നത് നന്നായി… ഞാൻ അത് കളയാനായി തുടങ്ങുവായിരുന്നു… ”

“വേവിച്ചു കൊടുക്കണം കെട്ടോ.. കുഞ്ഞല്ലേ ദഹനക്കേട് പിടിക്കും… ”

കൊണ്ടുപോയ പാത്രത്തിൽ മീൻ വെട്ടിയ വേസ്റ്റും..

ചെറിയ ഒരു പാത്രത്തിൽ രണ്ട് മീൻ കഷ്ണവും അല്പം ചാറും മേരി ചേച്ചിയുടെ അനുകമ്പയായി എത്തിക്കഴിഞ്ഞു…

“ചേച്ചി… ഇനി മീൻ വെട്ടുന്ന വേസ്റ്റ് കളയണ്ട കെട്ടോ ഞാൻ വന്ന് എടുത്തോളാം… ”

ഉണ്ണിക്കുട്ടൻ വരുമ്പോൾ അടുപ്പത്തു ചട്ടിയിൽ ഒരു വലിയ ചൂരമീന്റെ തല കണ്ണില്ലാതെ.. മുങ്ങിക്കുളിച്ചു വേകുന്നുണ്ടായിരുന്നു… ചോറും മീൻ കറിയും വേറെയും… ഉണ്ണിക്കുട്ടന്റെ കണ്ണിൽ പൂത്തിരി കത്തി…

“നല്ല അമ്മ…. ”

കവിളിൽ ഒരു ചുടു ചുംബനം…

ഉറക്കം കഴിഞ്ഞെഴുന്നേറ്റ പട്ടിക്കുഞ്ഞു വീട്ടു കാവൽക്കാരന്റെ ജോലി സ്വയം ഏറ്റെടുത്തു മുറ്റത്ത്‌ വന്ന കോഴികളുടെ പിന്നാലെ പായുന്നുണ്ടായിരുന്നു

അമ്മ.. മഴയായി പെയ്യേണ്ടവൾ അല്ല… സൂര്യനായി ജ്വലിക്കേണ്ടവളാണ്.. കുഞ്ഞുങ്ങളുടെ ജീവിതത്തിൽ വെളിച്ചമായി സ്വയമെരിഞ്ഞു പ്രകാശിക്കേണ്ടവൾ.

ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യാതെ പോവല്ലേ….

രചന : Neeraja S