എന്നായാലും എന്നെ തേടി എന്റിച്ചായൻ വരുമെന്ന് എനിക്കുറപ്പായിരുന്നു… നമുക്ക് പോകാം…. അല്ലേ…..

രചന : ശ്രീതു ശ്രീ

ഇച്ചായന്റെ ദേവൂട്ടി

❤❤❤❤❤❤❤❤

“സാറ് പട്ടാളത്തിലാണല്ലേ…. ഒരു ചിരിയോടെ അവളെന്നോട് ചോദിച്ചു…

“മം… എന്താ സിസ്റ്ററെ ……?

“ഹേയ് ഒന്നൂല്ലാ……”എ ബി നെഗറ്റിവ് അല്ലെ……വളരെ റയർ ആയ ബ്ലഡ് ഗ്രൂപ്പാ…..

“മം….ഞാൻ തന്നെ റെയർ ഐറ്റമാ…..പിന്നെന്റെ ബ്ലഡ്‌ ന്റെ കാര്യം പറയണോ….

“”വേറൊന്നുമല്ല നാട്ടിലായിരുന്നേൽ ഇടയ്ക്കൊക്കെ വിളിക്കാരുന്നു…..ഈ ഹോസ്പിറ്റലിൽ കുറെ മേജർ സർജറിയൊക്കെ നടത്താറുള്ളതാ…..

എപ്പഴാ ആർക്കാ ആവശ്യം എന്നൊന്നും പറയാൻ പറ്റില്ലല്ലോ….

“… ഇനി അവധിക്കു വരുമ്പോളൊക്കെ രക്തധാനം നടത്തിയേക്കാം…. അല്ലെ??

“അത് നല്ലകാര്യാ…..അവൾ ചിരിച്ചു….

“”ഇവിടടുത്താണോ സാറിന്റെ വീട്??

“ഒരു നാലഞ്ച് കിലോമീറ്റെർ പോണം….

കാര്യം പറയുന്നതിനിടയിൽ അവൾ ബ്ലഡ് എടുക്കുന്നതിനു വേണ്ട കാര്യങ്ങളൊക്കെ ചെയ്തു കൊണ്ടിരുന്നു……ബ്ലഡ്‌ ബാഗിലേയ്ക്ക് പതിയെ എന്റെ ചുടുരക്തം ഒഴുകാൻ തുടങ്ങി……

“”ഏത് ഫോഴ്‌സിലാ സാറ്..?

“ബി എസ് എഫ് ലാ……

“വല്യ റിസ്ക്കുള്ള ജോലിയാ അല്ലെ സാറെ..

“നമ്മുടെ ജീവിതം തന്നെ വല്യ റിസ്ക്കല്ലേ….

അതേ..പിന്നെ … ഞാൻ സ്കൂളിലും കോളേജിലുമൊന്നും പഠിപ്പിക്കാൻ പോയിട്ടില്ല..കേട്ടോ…

“അതെന്താ അങ്ങനെ പറഞ്ഞേ?

“തന്റെ സാറ് വിളികേട്ട് മടുത്തിട്ട് പറഞ്ഞയാ..

“ഓ….സോറി.. ഞാൻ…

“അതിന് ഉടനെ സോറി പറയേണ്ട കാര്യമുണ്ടോ??

അതിനവളൊന്നും മിണ്ടിയില്ല….പിന്നെ ചോദിച്ചു…

“അപ്പൊ ഞാനെന്നാ വിളിക്കും…..

“മിക്കവാറും… എല്ലാരും എന്നെ ഇച്ചായാന്നാ വിളിക്കുന്നത്‌…..ചിലരൊക്കെ പേരും തനിക്കിഷ്ടമുള്ള വേറെന്തേലും വേണേലും വിളിച്ചോ….ഈ സാറ് വിളിമാത്രം വേണ്ട….

“എങ്കിൽ ഞാൻ ഇച്ചായാന്ന് വിളിച്ചോളാം….

അവൾ കലപില പിന്നെയും ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു…..

എനിക്കും ആ സംസാരവും രീതിയുമൊക്കെ ഇഷ്ടമായി……

എന്റെ ചരിത്രോം ഭൂമിശാസ്ത്രോമൊക്കെ അവൾ ചോദിച്ചിട്ടും ഞാനവളുടെ പേര് പോലും ചോദിച്ചില്ലല്ലോ എന്നോർത്തു….

അല്ല അതിനുള്ള അവസരം എനിക്കവള് തന്നുമില്ല….അവളെവിടെങ്കിലും ഒന്ന് ഫുൾ സ്റ്റോപ്പിട്ടാലല്ലേ എനിക്ക് തുടങ്ങാനാവൂ….

പട്ടാളക്കാരോടൊക്കെ ഒരു ആരാധനയൊ സ്നേഹമോ ഒക്കെ അവളിലുണ്ടെന്നെനിക്ക് തോന്നി.

അതിനിടയിൽ വേറാരൊ അവളെ വിളിച്ചു…

പകരം മറ്റൊരു നേഴ്സ് അവിടെ വരികയും ചെയ്തു

പേര് ചോദിക്കണം എന്ന് വിചാരിച്ചതാണ് പക്ഷെ കക്ഷി സ്ഥലം വിട്ടു…….

ബ്ലഡ്‌ ബാങ്കിൽ നിന്നും ഞാൻ പുറത്തേക്കിറങ്ങി നടന്നു… ആ വായാടിപെണ്ണിനെ അവിടൊക്കെ എന്റെ കണ്ണുകൾ തിരഞ്ഞു…… പക്ഷെ എവിടെ…

ഒരാഴ്ചയ്ക്ക് ശേഷം ഞാൻ അമ്മച്ചിയേയും കൊണ്ട് ഡോക്ടറെ കാണാൻ അവിടെത്തി…

“ഇച്ചായാ…….

“ങ്ഹാ…. താനോ?

“ഇതാരാ? അമ്മയാ?

“”മം… അമ്മച്ചിക്ക് ജേക്കബ് പീറ്ററിന്റെ ചികിത്സയാ….. ഹാർട്ട്‌ പ്രോബ്ലം ഉണ്ട്….

എല്ലാമാസവും ചെക്കപ്പ് ഉണ്ട്…..

“എത്രയാ നമ്പർ? ബുക്ക്‌ ചെയ്തിരുന്നില്ലേ?

“ബുക്കൊന്നും ചെയ്തിട്ടില്ല……

“ഇനി വരുമ്പോൾ എന്നോട് പറഞ്ഞാൽ മതി.

“എന്റെ നമ്പർ തരാം….

അവൾ നമ്പർ തന്നു…. സേവ് ചെയ്യാൻ പേര് ചോദിക്കാൻ തുടങ്ങിയപ്പോഴേക്കും

“”ദേവൂട്ടി……. ആരോ ഒരാൾ അവളുടെ അടുത്തേക്ക് വന്നു….

“ഞാൻ വരുന്നമ്മാവാ…..

അവൾ ഞങ്ങളോട് യാത്ര പറഞ്ഞിട്ട് അയാളേം കൊണ്ട് പോയി…..

“അവളെപ്പോലെ ആ പേരും എനിക്കിഷ്ടമായി

”ദേവൂട്ടി ”

ഫോൺ വിളികളിലൂടെ ആ സൗഹൃദം വളർന്നു.

പാട്ടും സിനിമയും രാഷ്ട്രീയവും തുടങ്ങി

അയലത്തെ വീട്ടിലെ പൂച്ചയുടെ കുസൃതികൾ വരെ അവളെന്നോട് പങ്കുവച്ചു

പഞ്ചാബിലായിരുന്നപ്പോൾ മിക്കവാറും വിളിക്കുമായിരുന്നു……

കാശ്മീരിലെത്തിയപ്പോൾ റേഞ്ച് ഞങ്ങളുടെ സംഭാഷണങ്ങൾക്ക് തടസ്സം നിന്നു………

എങ്കിലും കാശ്മീരിലെ മരം കോച്ചുന്ന തണുപ്പിലും അവളുടെ ഓർമ്മകൾ ഉള്ളിലെവിടോ പ്രണയച്ചൂട് പകർന്നു…..

അവളുടെ സ്വരങ്ങൾ നിലാവുറയുന്ന രാവുകളിൽ കാതുകളിലേതോ അനുരാഗവീണ മീട്ടി…….

പുൽക്കൊടിത്തുമ്പുകളിൽ ഊഞ്ഞാലാടുന്ന മഞ്ഞുതുള്ളികളെ കാണുമ്പോൾ…..

സൂര്യചുംബനമേറ്റവ തിളങ്ങുമ്പോൾ ……

ഒടുവിൽ തളർന്നു മണ്ണിന്റെ മാറിലമരുമ്പോൾ…….അവളെ ഞാനോർത്തു..

അതിലൊരു മഞ്ഞുതുള്ളിക്കെന്റെ ദേവൂട്ടീടെ മുഖമായിരുന്നോ…?? അവൾക്കായി മാത്രം ഉദിക്കുന്ന സൂര്യൻ ഞാനായിരുന്നുവോ ??…..

അതിനിടയ്ക്കൊക്കെ അവധിക്കു നാട്ടിൽ വരുമ്പോളൊക്കെ കണ്ണുകളും കഥകൾ പറഞ്ഞു

പുഞ്ചിരികൾ നദിയിലെ ഓളങ്ങൾ പോലെ ഇരുകരകളെയും കുളിരണിയിച്ചു…….

അച്ഛൻ നേരത്തെ മരിച്ചുപോയതിനാൽ അമ്മയും അനിയനും അമ്മാവനും കൂടെ അവളുടെ വീട്ടിൽ കല്യാണാലോചനകൾ തുടങ്ങിയിരുന്നു…..

എന്റെ കാര്യം അവള് തന്നെ അമ്മയോട് സൂചിപ്പിച്ചു….. ദേവികയുടെ വരനായി അലെക്സിനെ കാണാൻ അവരൊരിക്കലും ഒരുക്കമായിരുന്നില്ല…….

എനിക്ക് അവധി തീരാറായിരുന്നു….

ഉടനെ തന്നെ ഞങ്ങൾ രജിസ്റ്റർ മാര്യേജ് ചെയ്യാൻ തീരുമാനിച്ചു…..

എന്റെ വീട്ടിലും ആരോടും പറഞ്ഞില്ല……

കാശ്മീരിലേക്കുള്ള യാത്ര തിരിക്കാൻ മൂന്നു ദിവസം ബാക്കിനിൽക്കെയാണ് അവളുടെ അമ്മ വീട്ടിലുള്ള ബാക്കിയുള്ളവരോട് ഞങ്ങളുടെ ബന്ധം പറഞ്ഞത്…….

അവിടെ നടന്ന പുകില് പിന്നെ പറയേണ്ടല്ലോ…

സഹികെട്ടവൾ എന്നെ വിളിച്ചു… ഞാൻ ചെന്നപ്പോൾ തല്ലാൻ വരെ തയാറായി നിൽക്കുവായിരുന്നു അനിയൻ ……

അമ്മാവനും അവിടെത്തി…. എല്ലാവർക്കും മുന്നിലൂടവൾ എന്റരികിലേക്ക് നടന്നു…

“”നിനക്ക് പ്രേമിക്കാൻ നമ്മുടെ മതത്തിലെങ്ങാനും പെട്ടവരെ കിട്ടിയില്ലേ അസത്തെ??അവള് പോയേക്കുന്നു…. അമ്മാവൻ രോഷത്തോടെ അവളെ നോക്കി….

“സ്നേഹിച്ചപ്പോൾ ഞാൻ മതവും ജാതിയും ജാതകവും ഒന്നും നോക്കിയില്ല…. മനുഷ്യനാണോന്നെ നോക്കിയുള്ളു…..

ഇച്ചായൻ എന്നെ കൊണ്ടുപോകാൻ വന്നതാ

ഞാൻ കൂടെ പോകാനിറങ്ങിയതും…….

ആരെയും നിഷേധിക്കുന്നില്ല….. എന്റെ ശരി നിങ്ങൾക്കൊക്കെ തെറ്റാണേൽ ഞാൻ തിരുത്താൻ വരില്ല…. തിരിച്ചും അങ്ങനെ തന്നെ ആയിരുന്നാൽ മതി…..

ദേവൂട്ടീടെ വാക്കുകൾ എനിക്കഭിമാനമായി തോന്നി…

അത്രയും ഉറച്ച സ്വരത്തിൽ പറഞ്ഞിട്ടവൾ എനിക്കൊപ്പം ഇറങ്ങി വന്നു……..

എന്റെ ജീവിതത്തിലേയ്ക്ക്……

അമ്മച്ചിയ്ക്കും അപ്പച്ചനും അവൾ മകളായി..

അക്സയ്ക്കവൾ ദേവിയേച്ചി ആയി…..

ഈ ഇച്ചായന്റെ ദേവൂട്ടിയും……..,.

പിറ്റേദിവസം നല്ല മഴയായിരുന്നു……

മഴ കുറച്ചൊന്നടങ്ങിയപ്പോൾ ഹോസ്പിറ്റലിൽ നിന്നും ദേവൂട്ടിയെ വിളിച്ചു കൊണ്ടു വരാൻ ഞാനിറങ്ങി..

അവളിറങ്ങിവന്നപ്പോഴേക്കും മഴ വീണ്ടും ഉറച്ചു…..

മഴ തോർന്നിട്ട് പോയാമതിന്നു പറഞ്ഞപ്പോൾ അവൾക്കത് സമ്മതായിരുന്നില്ല…..

“നിങ്ങള് നാളെ പോവല്ലേ…. ഇനിയെന്നാ ഇങ്ങനെ….. അത്ര വല്യ മഴയാണോയിത്??

അല്ലേലും ഇച്ചിരി മഴ നനഞ്ഞൂന്ന് വച്ചിപ്പോ എന്നാ കൊഴപ്പം?

“നനയണം ന്ന് നിനക്കെന്നാ ഇത്ര വാശി??

“അതോ…. വെറുതെ…ഒരിഷ്ടം…. നാണം കലർന്നൊരു ചിരിയോടവൾ പറഞ്ഞു…….

“”പനിപിടിച്ചാൽ നോക്കാൻ ഞാൻ കാണൂല്ല കേട്ടോ…

“ഇച്ചായൻ നോക്കാനൊന്നും വരണ്ടാ…. ഇന്ന് മഴ നനഞ്ഞ് പനി വന്നിട്ടങ്ങു ചാവുന്നേ…….

“പൊതുസ്ഥലമാണെന്നൊന്നും ഞാൻ നോക്കില്ല…

അഹങ്കാരം പറഞ്ഞാ….

കേറ്…..

ഞാൻ അല്പം ഗൗരവത്തിൽ പറഞ്ഞു…..

അവളതൊന്നും കാര്യമാക്കാതെ വണ്ടിയിൽ കയറി….

“മഴയുടെ താളത്തിൽ പ്രണയത്തിന്റെ ശ്രുതിയലിഞ്ഞപ്പോൾ ഉള്ളിൽ കുളിര് കിനിയുന്ന ലയമായി മഴക്കാറ്റ് ഞങ്ങളെ തഴുകി കൊണ്ടിരുന്നു……..

വീട്ടിലെത്തിയപ്പോൾ മഴ നനഞ്ഞതിനു അവരുടെ വക നന്നായി കിട്ടി…….

പിറ്റേന്നുണർന്നപ്പോൾ ദേവൂട്ടിക്ക് പനിച്ചു തുടങ്ങിയിരുന്നു… എനിക്ക് പോകാതിരിക്കാനും കഴിയില്ലല്ലോ.

ചുംബനപ്പൂക്കൾ നൽകി ഞാനവളോട് യാത്ര ചോദിച്ചു.. നിറഞ്ഞു വന്ന മിഴികളിൽ അലയടിച്ച പ്രണയത്തെ ചുണ്ടുകൾ കൊണ്ടൊപ്പി

“ഇനിയും ഞാനിവിടെ നിന്നാലെന്റെ കണ്ട്രോളും പോവും ട്രെയിനും അതിന്റെ പാട്ടിന് പോവും…

മാറിക്കിടന്ന പുതപ്പ് നേരെയാക്കി പുതപ്പിച്ചിട്ടു ഞാനിറങ്ങി….

മാസങ്ങൾ കടന്നു പോയി…….

അവധിക്ക് നാട്ടിലേക്കു തിരിച്ചു..

ട്രെയിനിൽ ഇരുന്നപ്പോൾ അവളെന്നെ എവിടെത്തി എന്നറിയാൻ വിളിച്ചു….

“ചെങ്ങന്നൂർ എത്താൻ ഇനിയും ഒരു മണിക്കൂറോളം എടുക്കും…. അരമണിക്കൂർ കൂടി കഴിഞ്ഞിട്ട് വീട്ടീന്നിറങ്ങിയാൽ മതി… അവിടെ വന്നിരുന്നു വെറുതെ കാത്തിരുന്നു മുഷിയണ്ട…….

“വെറുതെയല്ലല്ലോ ഇച്ചായന് വേണ്ടിയല്ലേ.. ഞാനിറങ്ങുവാ…..പിന്നെ ഇച്ചായനെ കാത്തിരിക്കാൻ ഞാനല്ലേ ഉള്ളൂ……

ചെങ്ങന്നൂരെത്തിയപ്പോൾ അവളെ വിളിച്ചു

മറ്റാരോ ആണ് ഫോൺ എടുത്തത്…

അവിടടുത്തുള്ള ഒരു ഹോസ്പിറ്റലിലേക്ക് ചെല്ലാൻ പറഞ്ഞു…. നീറുന്ന നെഞ്ചുമായി ചെന്ന ഞാൻ കാണുന്നത് വെള്ളപ്പുതച്ചുറങ്ങുന്ന എന്റെ ദേവൂട്ടിയെ ആണ്

എന്നോടുള്ള പ്രണയത്തിരകൾ അലയടിച്ച മിഴികൾ അടഞ്ഞിരുന്നു……

“ആക്‌സിഡന്റ് ആയിരുന്നു….

“പോട്ടെടോ… തനിക്ക് വേണ്ടി അവൾ ദൂരേയൊരു നക്ഷത്രമായി കാത്തിരിപ്പുണ്ടാകും……..

“ഉണ്ടാവും സൂരജെ….ഞാനും അവൽക്കരികിലണയാൻ കാത്തിരിക്കുകയാ……

നിലാവെട്ടത്തിൽ ദൂരെ നിൽക്കുന്ന പൈൻ മരത്തിന്റെ ചോട്ടിലാരൊ നിന്ന് തനിക്ക് നേരെ കൈ വീശുന്നതായി അലെക്സിനു തോന്നി

സമയം കടന്നു പോയി…… പുലർച്ചെ അതിർത്തിയിൽ സംഘർഷം ഉണ്ടായി….

ഇരുഭാഗത്തുനിന്നും വെടിയുണ്ടകൾ പാഞ്ഞു……..

എവിടെനിന്നോ വന്ന വെടിയുണ്ട ഹൃദയഭാഗത്ത് ഏറ്റുവാങ്ങി മണ്ണിലേക്ക് ഇടറി വീഴുമ്പോൾ ആരോ പിറകിൽ നിന്നും അലെക്സിനെ താങ്ങി….

“ഇച്ചായാ….

” ഇച്ചായന്റെ ദേവൂട്ടി ഒരുപാട് കാത്തിരുന്നു അല്ലെ

“എന്നായാലും എന്നെ തേടി എന്റിച്ചായൻ വരുമെന്ന് എനിക്കുറപ്പായിരുന്നു……

“നമുക്ക് പോകാം……അല്ലേ…….??

“മം…..

അതിർത്തികളും വേലിക്കെട്ടുകളും ഇല്ലാത്ത ആകാശത്ത് ആ പ്രണയനക്ഷത്രങ്ങൾ ഇന്നും കണ്ണ് ചിമ്മാറുണ്ടാവും

പ്രണയം അനശ്വരമാണ്…. അതതിന്റെ യാത്ര അനസ്യൂതം തുടർന്നുകൊണ്ടിരിക്കുന്നു…

കപടതയില്ലാത്ത മനസുകളിലൂടെ……

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ശ്രീതു ശ്രീ