ഞങ്ങളുടെയൊക്കെ വാക്കു വില വെക്കാതെ അവന്റെയൊപ്പം ഇറങ്ങി വന്നതല്ലേ നീ. എന്നിട്ടിപ്പോ എന്തായി…

രചന : Akhil Krishna

”മീര ഇനിയെങ്കിലും ഞാൻ പറയുന്നത് നീയൊന്ന് കേൾക്ക് .ഒരു കള്ളന്റെ ഭാര്യയായിട്ട് നീ ജീവിതം ഇങ്ങനെ നശിപ്പിക്കരുത്. അവൻ ജയിലിലായാൽ പിന്നെ ആരാ നിനക്കുള്ളത്. ഒരു അനാഥൻ ആണെന്നു പറഞ്ഞപ്പോഴെ ഞങ്ങൾ പറഞ്ഞതാ ഇതു വേണ്ടാന്ന്. അപ്പോ നിനക്കവനില്ലാതെ പറ്റില്ല.

ഞങ്ങളുടെയൊക്കെ വാക്കു വില വെക്കാതെ അവന്റെയൊപ്പം ഇറങ്ങി വന്നതല്ലേ നീ. എന്നിട്ടിപ്പോ എന്തായി , അവനെ പോലീസ് വന്നു കൊണ്ടു പോകുന്നത് ഞാൻ എന്റെ കണ്ണു കൊണ്ട് കണ്ടതാ.

എന്താ നിനക്കൊന്നും പറയാനില്ലേ.”

കേട്ടതൊന്നും വിശ്വസിക്കാനാകാതെ തളർന്നു പോയിരുന്നു മീര.

“എന്താടി നിനക്കൊന്നും പറയാൻ പറ്റാത്തത്. എല്ലാവരെയും വേണ്ടാന്ന് വെച്ച് ഇറങ്ങി പോയവളെ ആ വഴിക്ക് വിടണം എന്നു തന്നെയാ കരുതിയിരുന്നത്. പക്ഷെ കൂടപിറപ്പല്ലേ അങ്ങനെ വേണ്ടാന്ന് വെക്കാൻ പറ്റില്ലല്ലോ . നീ ഞാൻ പറയുന്നത് കേൾക്ക് ,നല്ല വിദ്യാഭ്യാസമുള്ളവളാ നീ. ചെറിയ പ്രായവുമാണ് .ഇനിയും സ്വന്തം ജീവിതം ഇങ്ങനെ നശിപ്പിക്കരുത് ”

” ഇല്ല എട്ടാ.. ഞാൻ വരില്ല…..അഭിയേട്ടന് …

അഭിയേട്ടനു ഒരിക്കലും അതിനു കഴിയില്ല. ഇതിൽ എന്തോ ചതിയുണ്ട്. ”

“എന്ത് ചതി. ഞാനെന്റെ കണ്ണു കൊണ്ട് കണ്ടതാ. കണ്ണു നമ്മളെ ചതിക്കുമോ.എന്നിട്ട് ഇപ്പോഴും നിനക്ക് ആരുമില്ലാത്തവനോടാണ് കൂറ് അല്ലേടി… ”

വീടിന്റെ പുറത്ത് നിന്നു ഞാൻ എല്ലാം കേട്ടതുകൊണ്ട് ഒരു നിമിഷം ഞാനവിടെ തറഞ്ഞു നിന്നു പോയി.

എന്നാൽ മീരയുടെ മറുപടി അതെന്നിൽ ഒരു ചെറിയ സന്തോഷമേകിയിരിക്കുന്നു. ഞാൻ വീടിനകത്തേക്ക് കയറി ചെന്നതും മീര എന്റെയരികിലേക്ക് ഓടി വന്നു.

” അഭിയേട്ടാ …. എന്താ പറ്റിയത്….. എന്തിനാ അഭിയേട്ടനെ പോലീസ് പിടിച്ചത്?”

“താൻ പേടിക്കണ്ടാ ടോ ഒന്നുമില്ല. വിഷമിക്കാതെയിരിക്ക് ”

“കള്ളനെ പിന്നെ പോലീസ് പിടിക്കില്ലേ .. അല്ലേ ടാ… അഭി

“രഘൂ ….. നിർത്തെടാ….. നീയിവളുടെ ചേട്ടനാ അതായത് എന്റെ അളിയൻ. അതു കൊണ്ട് മാത്രമാണ് ഞാൻ നിന്നോട് ഇവിടെന്നു പോകാൻ പറയാത്തത്. നീയിവിടെ പറഞ്ഞതെല്ലാം ഞാൻ കേട്ടു.

“എന്താ ഞാൻ പറഞ്ഞതിൽ തെറ്റ് .പിന്നെ അളിയൻ, ആരോരുമില്ലാത്ത ഒരു ഊരുതെണ്ടിയെ അളിയൻ എന്നു വിളിക്കണ്ട ഗതികേട് നന്ദനത്തിലെ രഘുരാമനു വന്നിട്ടില്ല.”

” അതേ ടാ … ഞാൻ ഊരുതെണ്ടിയാ ആരോരുമില്ലാത്തവൻ. ചെറുപ്പത്തിലെ എല്ലാം നഷ്ടമായവൻ .സന്തോഷം വരുമ്പോ ഓടിച്ചെന്നു പറയാനോ ഒരു വിഷമം പറയുമ്പോ ആശ്വസിപ്പിക്കാനോ ആളില്ലാത്ത ഒരു അവസ്ഥയാ അത്. കുറച്ച് നേരം സംസാരിക്കാൻ ആരുമില്ലാതെയിരിക്കുമ്പോൾ ഒറ്റപെടലിനു വേദനയാ എന്നു പറയുന്നതല്ല.

ആർക്കു വേണ്ടി എന്തിന് വേണ്ടി ജീവിക്കുന്നു എന്നു തോന്നിപ്പോകുന്ന ഒരു ഇരുട്ടാണ് നീയീ പറഞ്ഞ അനാഥത്വം.അപ്പോഴാ നിന്റെയീ അനിയത്തി ജിവിതത്തിലേക്ക് കയറി വന്നത് .ഒന്നു മിണ്ടാൻ കൊതിച്ചിരിക്കുന്ന ആളോട് ഒരാൾ അതെല്ലാം കേൾക്കാനായി വന്നിരിക്കുമ്പോൾ അതാണെടാ അയാളുടെ ലോകം. ആദ്യമായി ആരോക്കയോ ഉണ്ടെന്ന ഒരു തോന്നലായിരുന്നു.അതുകൊണ്ട് തന്നെയാ ഞാൻ ഇവളെ ഇഷ്ടപ്പെട്ടു പോയതും.

അതാ അർഹതയെക്കുറിച്ചാലോച്ചിക്കാതെ നീ ഈ പറഞ്ഞ വീട്ടിലേക്ക് ഒരു പെണ്ണിനെ പോറ്റാനുള്ള യോഗ്യതയുമായി വന്നത്. എന്നാൽ നിങ്ങളെന്തു പറഞ്ഞു ,അനാഥനായത് കൊണ്ട് ഞങ്ങൾ തമ്മിൽ ചേരില്ലെന്ന് പറഞ്ഞപ്പോൾ സ്വന്തം പെങ്ങളുടെ മനസ്സ് കണ്ട ആങ്ങളെയെ ഞാനവിടെ കണ്ടില്ല.

ആരെയും വേദനിപ്പിക്കരുതെന്നു കരുതി ഞാൻ ഒഴിഞ്ഞു മാറാൻ ഒരുങ്ങിയപ്പോൾ ഈ നിക്കുന്ന നിന്റെ പെങ്ങൾ ആണു പറഞ്ഞത് അവൾ ഈ ജന്മം ജീവിക്കുന്നത് എനിക്കു വേണ്ടി മാത്രമായിരിക്കുമെന്ന് .അവളെ താലികെട്ടി കൂടെ കൂട്ടിയപ്പോൾ ഞാൻ കാരണം അവൾ ഒരിക്കലും വിഷമിക്കരുത് എന്നു തന്നെയാ ഞാൻ കരുതിയിരുന്നതും. നിങ്ങളൊക്കെ ജീവിക്കുന്ന പോലെ ഇവളെയും ഒരു രാജകുമാരിയെ പോലെ നോക്കണം.അതിനു വേണ്ടി തന്നെയാ ഞാൻ രാവും പകലുമില്ലാതെ കഷ്ടപ്പെടുന്നതും .എല്ലാം ഇവൾക്ക് വേണ്ടിയല്ലേ എന്നോർക്കുമ്പോ മനസ്സിനു വല്ലാത്തൊരു ആവേശമാണ് ”

” നിനക്കൊരുപാട് ന്യായം ഉണ്ടായിരിക്കും എന്നാൽ ഇന്ന് രാവിലെ ഞാൻ എന്റെ കണ്ണു കൊണ്ട് കണ്ടതാ നിന്നെ പോലീസ് പിടിച്ചു കൊണ്ടു പോകുന്നത്

” മീര ….നിനക്ക് തോന്നുന്നുണ്ടോ ഞാനങ്ങനെ ചെയ്യുമെന്ന് ”

” ഇല്ല അഭിയേട്ടാ… എനിക്കറിയാം എന്റെ അഭിയേട്ടനു ഒരിക്കലും അതിനാകില്ല.”

” കണ്ടോ രഘു . ഈ ലോകത്ത് എന്നെ ആരു മനസ്സിലാക്കിയാലും ഇല്ലെങ്കിലും ഇവളുടെ ഈ വാക്ക് മാത്രം മതി എനിക്ക് .പിന്നെ നീ ഇന്നു കണ്ടതു ശരി തന്നെയാ എന്നെ പോലീസ്‌ കൊണ്ടുപോയി.

ഇന്ന് ഷോപ്പിങ് മാളിൽ വെച്ച്‌ കാലിൽ എന്തോ തട്ടിയപ്പോഴാണ് ഞാൻ ആ മാല കാണുന്നത്. ഞാനത് നിലത്തു നിന്നും എടുത്തപ്പോഴേക്കും അത് അന്വേഷിച്ച് വന്നവരും നിന്നവരും എല്ലാവരും കൂടി എന്നെ കള്ളനാക്കി. ഞാൻ ആണയിട്ട് പറഞ്ഞിട്ടും

‘ അവരതു വിശ്വസിച്ചില്ല .അവർ എന്നെ പോലീസിലേൽപ്പിച്ചു.അങ്ങനെ നീ പറഞ്ഞതുപോലെ ഞാൻ കള്ളനായി.പക്ഷെ അവിടത്തെ എസ്.ഐ മാളിലെ സിസിടിവി പരിശോധിച്ചപ്പോൾ മനസ്സിലായി ആ മാല ഞാൻ മോഷ്ടിച്ചതല്ല എനിക്കത് നിലത്ത് കിടന്നു കിട്ടിയതാണെന്ന് അതുകൊണ്ട് തന്നെയാണ് ഞാനിവിടെ നിൽക്കുന്നതും ”

എന്തു ചെയ്യണമെന്നറിയാതെ രഘു പോകാൻ ഒരുങ്ങിയതും ഞാനവനെ ഒന്നുകൂടി വിളിച്ചു.

” രഘൂ….. എനിക്കറിയാം സ്വന്തം കൂടപ്പിറപ്പിന്റെ ജീവിതം നശിക്കും എന്നു തോന്നിയപ്പോഴാ നീയിങ്ങോട്ട് ഓടി വന്നത്.നിനക്ക് നിന്റെ പെങ്ങളെ ഭയങ്കര ഇഷ്ടമാണെന്ന് എനിക്കറിയാം. ഞങ്ങൾ എല്ലാവരെയും ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട്. ക്ഷമ ചോദിക്കുകയാ ഞാനിപ്പോൾ. എന്നാലും ഒരിക്കൽ കൂടി ഞാൻ ചോദിക്കുകയാ പെങ്ങളുടെ ഭർത്താവ് എന്നതിലുപരി ഒരു അനിയൻ ആയിട്ട് എന്നെ കണ്ടൂടെ ”

എനിക്കായ് ഒരു പുഞ്ചിരി സമ്മാനിച്ച് രഘു ഇറങ്ങി നടക്കുമ്പോൾ വേനൽ മഴ പെയ്തു തുടങ്ങിയിരുന്നു. ചുട്ടുപഴുത്ത മണൽ തരികളെ തണുപ്പിച്ചു ഒരോ കുഞ്ഞു പുൽനാമ്പിനും പുതുജീവനേകാനെന്ന പോലെ.

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Akhil Krishna