കൊണ്ടുപോയവന് അവളിലെ സുഖം മടുത്തപ്പോൾ അയാൾ മറ്റൊരാളെ തേടി ഇറങ്ങി..

രചന : Unais Bin Basheer

താലി (ചെറുകഥ )

❤❤❤❤❤❤❤❤❤

കോടതിമുറിയിൽ വെച്ചാണ് ഞാൻ അവളെ അവസാനമായി കണ്ടത്. മുഖത്തെ പ്രസന്നത മുഴുവൻ നഷ്ടപ്പെട്ടിരിക്കുന്നു. എന്നെ കണ്ടിട്ടും എന്നിലേക്ക് മിഴിയെറിയാതെ അലക്ഷ്യമായി കാണാത്ത ഭാവം നടിക്കുകയാണവൾ. എന്തായിരിക്കും അവളിപ്പോൾ ചിന്തിക്കുന്നത്.. പോയകാലത്തിലെ മധുരമൂറുന്ന ഓര്മകളാവുമോ.. ഹേയ് ആയിരിക്കില്ല.

ചിലപ്പോൾ വരാൻ പോകുന്ന സുഖങ്ങളെ കുറിച്ചുള്ള ചിന്തയിലായിരിക്കും.

നിനക്ക് ആരുടെ കൂടെ പോകണം. ന്യായാധിപന്റെ ആദ്യ ചോദ്യമുയർന്നു.

കോടതിമുറിയാകെ ഒരുനേരത്തെ നിശബ്ദത.

ഒടുവിൽ വെറും മാസങ്ങൾ മാത്രം പരിചയമുള്ള കാമുകന്റെ നേർക്ക് അവൾ വിരൽചൂണ്ടുമ്പോൾ

തോൽവിയുടെ ഭാരം പേറി ഞാനണിഞ്ഞ താലിമാല അവളുടെ കഴുത്തിലപ്പോഴും തിളങ്ങുന്നുണ്ടായിരുന്നു, തലതാഴ്ത്തി ഞാനും,

അപ്പോൾ നിങ്ങളുടെ കുട്ടി..

ന്യായാധിപന്റെ അടുത്ത ചോദ്യം.. നീണ്ട ഒരു മൗനമായിരുന്നു അവളിൽ. എനിക്കറിയാം വരാനിരിക്കുന്ന അവരുടെ മധുവിധുവിൽ എന്റെ മോൻ അവൾക്ക് തീർത്തും അരോചകം ആയിരിക്കുമെന്ന്..

അയാളുടെ ഇഷ്ടം.

വളരെ നേർത്ത ഒരു ശബ്ദത്തോടെ അവൾ മറുപടി പറഞ്ഞു..

അത് കേട്ടതും മാറ്റ് കുറഞ്ഞൊരു പരിഹാസ ചിരി എന്റെ ചുണ്ടിൽ നിറഞ്ഞിടുന്നു.. അയാൾ…

മനസ്സ് വീണ്ടും വീണ്ടും ആ വാക്ക് മന്ത്രിച്ചു കൊണ്ടിരുന്നു

അവളുടെ ആ വാക്കിൽ നിന്ന് തന്നെ എനിക്ക് മനസ്സിലാവും അവളിൽ നിന്നുമുള്ള എന്റെ ദൂരം എത്രയാണെന്ന്.

മാതൃസ്നേഹം അവസാനിക്കാൻ പോകുകയാണെന്നറിയാതെ അപ്പോഴും എന്റെ ഒന്നരവയസ്സുകാരൻ ഇടവിട്ടുവന്ന രണ്ടുപല്ലും കാട്ടി അവളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു..

കോടതി ചോദ്യഭാവേനെ എന്നെ നോക്കി..

നിങ്ങൾക്ക് എന്താ പറയാനുള്ളത്..

ഞാനെന്റെ മകനെ ഒന്നൂടെ ചേർത്ത് പിടിച്ചു,

എന്നിട്ട് പറഞ്ഞു.

ഏതൊരു മാതാവും സ്വന്തം മകൻ നന്മയുള്ളവനായി വളരാനാണ് ആഗ്രഹിക്കുക,

അതുകൊണ്ടാവും അവൾക്ക് ഇവനെ കൂടെ കൊണ്ടുപോവാൻ സാധിക്കാത്തത്.

എന്റെ മോൻ നന്മയുള്ളവനായി വളരണം. അതിന് അവൻ എന്റെ കൂടെ തന്നെ വേണം. ഇത്രയും പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു..

അതായിരുന്നു അവളുമായുള്ള അവസാന കൂടിക്കാഴ്ച.

നീണ്ട ഇരുപത്തഞ്ചു വര്ഷത്തിന് ശേഷം ദൈവം പിന്നെയും എന്തിനായിരിക്കും ഈ മുംബൈ തെരുവിൽ ഒരു വഴികച്ചവടക്കാരിയായി അവളെ എന്റെ കണ്മുന്നിൽ കൊണ്ടെത്തിച്ചത്…

അവളെന്നെ കണ്ടുകാണുമോ. അല്ലെങ്കിൽ എന്നെ തിരിച്ചറിയാൻ അവൾക്ക് കഴിഞ്ഞില്ലേ.. മനസ്സിൽ ഒന്നിനുപിറകെ ഒന്നായി സംശയങ്ങൾ ഉദിച്ചുവന്നു.

ലക്ഷ്മി..

തീർത്തും അപ്രതീക്ഷിതമായ എന്റെ വിളിയിൽ അവൾ ഒന്ന് ഞെട്ടി, ശേഷം ഇമവെട്ടാതെ എന്നെ നോക്കി. അല്പനേരത്തെ ചിന്തക്കൊടുവിൽ കുഴിഞ്ഞ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി.

നിര്വികാരമായിരുന്നു എന്നിൽ.

കണ്ണീരടങ്ങിയപ്പോൾ അവൾ പറഞ്ഞു തുടങ്ങി.

അവളുടെ കഥന കഥകൾ

കൊണ്ടുപോയവന് അവളിലെ സുഖം മടുത്തപ്പോൾ അയാൾ മറ്റൊരാളെ തേടി ഇറങ്ങി,

അവിടുന്നിങ്ങോട്ട് വഴിമുട്ടിപ്പോയ ജീവിതത്തെ ഉന്തിനീക്കാൻ അവളനുഭവിച്ച യാതനകൾ. പല നാട് പല ജോലി വിശപ്പിന് ഭാഷയും ദേശവും ഒന്നും പ്രശ്‌നമില്ലെന്ന് അവളറിഞ്ഞ നാളുകൾ.

എല്ലാം കേട്ടിരിക്കേണ്ട ഒരു കേൾവിക്കാരൻ മാത്രമായിരുന്നു ഞാൻ. ഓരോ വാക്കുകൾക്കൊപ്പവും മാപ്പെന്ന് അവൾ ആയിരം തവണ പറഞ്ഞുകാണും..

ശ്രീയേട്ടാ.. ചോദിയ്ക്കാൻ അർഹത ഇല്ലെന്നറിയാം എന്നാലും ചോദിക്കുവാ.. നമ്മുടെ മോൻ..

പറഞ്ഞു മുഴുവിപ്പിക്കും മുന്നേ അവൾ ഏങ്ങിക്കരഞ്ഞു..

അവൻ സുഖമായിരിക്കുന്നു ലക്ഷ്മി. ഇപ്പോൾ പ്രൈവറ്റ് സ്കൂളിൽ അദ്ധ്യാപകൻ ആണ്.

അവൻ ഇടക്കൊക്കെ മരിച്ചു പോയ അവന്റെ അമ്മയെ കുറിച്ച് ചോദിക്കും. ചിലപ്പോഴൊക്കെ ഒറ്റക്കിരുന്ന് കരയും.

അത് കേട്ടതും അവളുടെ ഞെട്ടലിനിക്ക് കാണാമായിരുന്നു. ജീവിച്ചിരിക്കെ സ്വന്തം മകന്റെ മനസ്സിൽ മരിക്കുന്നോരമ്മയുടെ ആധിയുടെ ഞെട്ടൽ.

അവനോട് ഞാൻ അങ്ങനെയാണ് ലക്ഷ്മി പറഞ്ഞത്. എന്റെ ഉള്ളിൽ നീ എന്നോ മരിച്ചതാണല്ലോ..

അവനുവേണ്ടി ഒരമ്മയെ കണ്ടെത്താൻ ഒരുപാട് ചിന്തിച്ചിതാ പക്ഷെ കഴിഞ്ഞില്ല. അല്ലേലും പെറ്റമ്മയോളം വരില്ലല്ലോ ഒരു രണ്ടാനമ്മയും..

ഇനിയൊരിക്കലും നിന്നെ കണ്ടുമുട്ടരുത് എന്നായിരുന്നു എന്റെ പ്രാർത്ഥന. പക്ഷെ ദൈവം എല്ലായിടത്തും എന്നെ തോൽപ്പിക്കകയാണ്..

ഈ നഗരത്തോട് ഞാനിന്ന് വിടപറയും. നാളെ അവന്റെ പിറന്നാളാണ് അതിനുമുന്നെ വീടണയണം.

ഇനിയൊരിക്കലും നിന്നെ കാണാൻ ഇടവരാതിരിക്കട്ടെ..

ഇത്രയും പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു.

ശ്രീയേട്ടാ…

ഇത് അവന് നൽകുമോ പിറന്നാൾ സമ്മാനമായിട്ട്..

മുറുക്കിപിടിച്ച കരം അവൾ എനിക്കുനേരെ നീട്ടി.

പതിയെ വിരലകത്തിയപ്പോൾ ഞാൻ കണ്ടു ഇരുപത്തഞ്ചു വര്ഷങ്ങള്ക്കുമുന്നേ ഞാൻ അവളുടെ കഴുത്തിൽ ചാർത്തിയ താലി..

ആശ്ചര്യമായിരുന്നു എന്നിൽ. എന്റെ കണ്ണുകൾ വിടർന്നു..

ഇതുവരെ കളഞ്ഞിരുന്നില്ലേ ഇത്..

അവൾ വശ്യമായി ഒന്നുചിരിച്ചു ശേഷം ഇല്ലെന്ന് തലയാട്ടി.

നീണ്ട ഒരു മൗനമായിരുന്നു പിന്നെ. എന്ത് പറയണം എന്നറിയാതെ അവളും ഞാനും മുഖാമുഖം നോക്കി നിന്നു,

ലക്ഷ്മി…

തെറ്റ് ചെയ്യാത്ത മനുഷ്യർ ഈ ലോകത്തുണ്ടാവില്ല. പക്ഷെ അത് തിരിച്ചറിയുന്നതും തിരുത്തുന്നതും ചുരുക്കം ചിലർ മാത്രമാണ്, അവരാണ് യഥാർത്ഥ മനുഷ്യർ,

അന്ന് ഹൃദയം കീറി മുറിച്ചിട്ടാണ് നീ എന്നെ ഉപേക്ഷിച്ചു പോയത്. അത് തെറ്റായിപ്പോയെന്ന് നീ മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ ആ തെറ്റിനെ പൊറുക്കാൻ എനിക്കാവും..

ഒരിക്കലൂടെ നമ്മുടെ മോനെ സാക്ഷി നിർത്തി ഈ താലി ഞാൻ നിന്റെ കഴുത്തിൽ ചാർത്തിക്കോട്ടെ, അതിന്റെ പവിത്രത മനസ്സിലാക്കി ഒരിക്കലൂടെ നിനക്കിതിന്റെ അവകാശി ആയിക്കൂടെ

പുതിയൊരു ജീവിതം മോഹിച്ചോ ദാമ്പത്യം കൊതിച്ചോ ഒന്നുമല്ല.. ഈ നഗരത്തിൽ നിന്നെ തനിച്ചാക്കി പോകാൻ മനസ്സ് അനുവദിക്കാഞ്ഞിട്ടാണ്.

ഇനി നിനക്ക് തീരുമാനിക്കാം..

പറഞ്ഞു തീർന്നതും ഒരു പൊട്ടിക്കരച്ചിലോടെ മാപ്പെന്ന് പറഞ്ഞു അവളെന്റെ നെഞ്ചിലേക്ക് വീണു.

അപ്പോഴും അവളുടെ കയ്യിൽ ഞാൻ അന്ന് കെട്ടിയ താലി തിളങ്ങുന്നുണ്ടായിരുന്നു.

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Unais Bin Basheer

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top