പെൺകുട്ടിക്ക് നല്ല പേടിയുണ്ട്, ഇപ്പോഴേ നല്ല കരച്ചിലാ…

രചന: ജിഷ്ണു രമേശൻ

ലേബർ റൂമിന്റെ വാതിൽ പകുതി തുറന്ന് കൊണ്ട് നഴ്സ് പറഞ്ഞു,

“പെൺകുട്ടിക്ക് നല്ല പേടിയുണ്ട്, ഇപ്പോഴേ നല്ല കരച്ചിലാ…ഇനി പ്രസവ സമയം ആവുമ്പോ പ്രശ്നമാകും… അവൾക്ക് ഭർത്താവിനെ കാണണം എന്നാ പറയുന്നത്…കഴിയുമെങ്കിൽ പ്രസവ സമയത്ത് കൂടെ ഉണ്ടായാൽ നല്ലതായിരുന്നു…”

അച്ഛനും അമ്മയും ബന്ധുക്കളുമടക്കം എല്ലാവരും കുട്ടനെ നോക്കി…

“ഈ സമയത്ത് ഞാൻ വേണം അവളുടെ കൂടെ,

പാവത്തിന് അതൊരു ആശ്വാസമാകും..ഞാൻ വരാം സിസ്റ്റർ..”

എന്നും പറഞ്ഞ് അകത്തേക്ക് കടക്കാൻ നോക്കിയ അവനോട് നഴ്സ് പറഞ്ഞു,

‘ ഇതിലെ അല്ല, ദാ ആ ഡോർ വഴി വരൂ… മാറാനുള്ള ഡ്രസ്സ് ഞാൻ എടുത്തു തരാം…’

അവൻ അകത്തേക്ക് കയറി.. നഴ്സ് പച്ച നിറത്തിലുള്ള ഫുൾ കവർ ഡ്രസ്സ് എടുത്തു കൊടുത്തു…അതും ധരിച്ച് അവൻ ലേബർ റൂമിലേക്ക് കയറി..

“കുട്ടേട്ടാ, എനിക്ക് സഹിക്കാൻ പറ്റുന്നില്ല വേദന, എന്റെയടുത്ത് വായോ..”

ഭാര്യയുടെ കരച്ചിൽ കേട്ട കുട്ടൻ അവളുടെ അടുത്തേക്ക് ചെന്ന് അവളെ സമാധാനിപ്പിച്ചു..

പുറത്ത് കുട്ടന്റെ അച്ഛനും അമ്മയും ബന്ധുക്കളും പേടിയോടെ നിൽക്കുകയാണ്…

“പൂജ മോൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാവും അതാവും കുട്ടനെ അകത്തേക്ക് വിളിപ്പിച്ചത്…

എന്റെ ദേവീ മോൾടെ കൂടെ ഉണ്ടാവണേ…!”

“ഇനിയിപ്പോ ബ്ലഡ് വേണ്ടി വരോ..! അവരൊന്നും പറഞ്ഞില്ലല്ലോ.” എന്നിങ്ങനെയുള്ള സംസാരം ലേബർ റൂമിനു വെളിയിൽ ഉയർന്നു പൊങ്ങി…

ഏകദേശം ഇരുപത് മിനിട്ടിനു ശേഷം ലേബർ റൂമിന്റെ വാതിൽ തുറന്നു…ഒരു സ്ട്രക്ചർ പുറത്തേക്ക് തള്ളിക്കൊണ്ട് വരുന്നുണ്ട്.. രണ്ടു കാൽപാദം പുറത്തേക്ക് കാണാം…

അത് കണ്ടതും പൂജയുടെ അമ്മ ” മോളെ” എന്ന് വിളിച്ചു കൊണ്ട് വാവിട്ട് കരയാൻ തുടങ്ങി..

ആശുപത്രി വരാന്തയിൽ ഉള്ളവരുടെയൊക്കെ നോട്ടം ലേബർ റൂമിന്റെ മുന്നിലേക്കായി…

പക്ഷേ പെടുന്നനെ ആ നിലവിളി നിലച്ചു…സ്ട്രക്ചറിൽ കൊണ്ടു വന്നത് പൂജയെ ആയിരുന്നില്ല കുട്ടനെ ആയിരുന്നു…

അതറിഞ്ഞ നിമിഷം തന്നെ കുട്ടന്റെ അമ്മ വലിയ വായിൽ നിലവിളിക്കാൻ തുടങ്ങി… കുട്ടന്റെ അച്ഛൻ സിസ്റ്ററോട് കാര്യം തിരക്കി…

“നല്ല ആളെയാ ഭാര്യയ്ക്ക് ധൈര്യം കൊടുക്കാൻ അകത്തേക്ക് വിട്ടത്… വന്നപാടെ ഭാര്യയെ കെട്ടിപിടിച്ച് ആശ്വസിപ്പിക്കുന്നു ഉമ്മ കൊടുക്കുന്നു എന്തൊക്കെ ആയിരുന്നു… പെണ്ണിന്റെ വലിയ വായിലുള്ള കരച്ചിലും കുറച്ച് ചോരയും കണ്ടപ്പോ ദേ കിടക്കുന്നു ഭർത്താവ്… ശോ അവിടെയുള്ള മരുന്നു കുപ്പിയും എല്ലാം പൊട്ടിച്ചു… ”

അത് കേട്ട എല്ലാരും അന്തം വിട്ട് നിന്നു..

“ഇങ്ങേരെ പെട്ടന്ന് ഐ സി യുവിൽ കേറ്റ്.. ബോധം പോവാൻ കണ്ട സമയം..”

കുട്ടനെയും കൊണ്ട് നഴ്സും അച്ഛനും ഐ സി യുവിലേക്ക്‌ പോയി…

കുറച്ച് കഴിഞ്ഞ് ഡോക്ടർ പുറത്തേക്ക് വന്നിട്ട് പറഞ്ഞു,

“പൂജയ്ക്ക് സുഖപ്രസവം ആയിരുന്നു, അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു… പെൺകുഞ്ഞാണ്.. ആ പിന്നേ, കുറച്ച് കഴിഞ്ഞ് കുഞ്ഞിനെ അതിന്റെ അച്ഛനെ കൊണ്ട് കാണിക്ക്‌…ഇങ്ങനെയൊരു മനുഷ്യനെ കണ്ടിട്ടില്ല ഞാൻ..ആൾക്ക് ചുഴലി വല്ലോം ഉണ്ടോ..! ബോധം കെട്ട് വീണ അയാളെ എഴുന്നേൽപ്പിക്കാൻ നോക്കിയ നഴ്സിന്റെ മാലയും മുടിയുമെല്ലാം വലിച്ച് പൊട്ടിച്ചു..”

അതും പറഞ്ഞ് ഡോക്ടർ മുറിയിലേക്ക് നടന്നു..

കുട്ടനെ വൈകുന്നേരം വാർഡിലേക്ക് മാറ്റി കിടത്തി.. പെട്ടന്ന് ചോരയും കരച്ചിലും കണ്ടപ്പോ ഉള്ള ഷോക്ക് ആണത്രേ…

ആ സംഭവത്തിന്റെ കളിയാക്കലും നാണക്കേടും കുട്ടനെ വിടാതെ പിന്തുടർന്നു…

നാല് വർഷത്തിന് ശേഷം രണ്ടാം പ്രസവത്തിനായി പൂജയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു.. വേദന വന്ന സമയത്ത് പൂജയെ സ്ട്രക്ചറിൽ കിടത്തി ലേബർ റൂമിലേക്ക് കൊണ്ടു പോയി… വേദന കൊണ്ട് കണ്ണുകൾ ഇറുക്കിയടച്ച് കരച്ചിൽ അടക്കുന്ന പൂജയുടെ കയ്യിൽ കുട്ടൻ അവൾക്ക് ധൈര്യം പകരാൻ പിടിച്ചിട്ടുണ്ട്…

അവളോടൊപ്പം ലേബർ റൂമിലേക്ക് കയറാൻ തുടങ്ങിയ കുട്ടനോട് പൂജ കരച്ചിൽ അടക്കി പിടിച്ചുകൊണ്ട് പറഞ്ഞു,

“എങ്ങടാ മനുഷ്യാ, എന്നെ ഒരിക്കൽ നാണം കെടുത്തിയത് പോരെ, ഞാൻ പോയി പ്രസവിച്ചിട്ട്‌ വന്നോളം… അവിടെ എവിടെയെങ്കിലും പോയിരിക്ക് എന്റെ കുട്ടേട്ടാ…”

ആദ്യ പ്രസവ സംഭവ വികാസത്തിന്റെ നാണക്കേടും ചമ്മലും മറയ്ക്കാൻ നോക്കിയ കുട്ടൻ പൂജയുടെ ഡയലോഗ് കേട്ട് കിളി പോയി നിന്നു…

വീണ്ടുമൊരു പെൺകുഞ്ഞിനെ പ്രസവിച്ച് പൂജ തന്റെ എക്സ്പീരിയൻസ് കൂട്ടുകയും ചെയ്തു…

അമ്മയെയും കുഞ്ഞിനെയും റൂമിലേക്ക് മാറ്റിയപ്പോ കുട്ടൻ അവളുടെ ചെവിയിൽ ഒന്നേ പറഞ്ഞുള്ളൂ,

” അടുത്ത പ്രസവത്തിന് നോക്കിക്കോ, നിന്റെ കൂടെ തന്നെ ഉണ്ടാവുട്ടാ ഞാൻ…”

“ങെ അപ്പൊ ഇതിനിയും നിർത്താൻ ഭാവമില്ല അല്ലേ..” എന്ന അർത്ഥത്തിൽ പൂജ കുട്ടന്റെ മുഖത്ത് തറപ്പിച്ച് നോക്കുന്നുണ്ടായിരുന്നു….

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ജിഷ്ണു രമേശൻ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top