എല്ലാവരും എന്നെ കളിയാക്കിയപ്പോഴും ഏട്ടൻ മാത്രമേ എന്നെ ആശ്വസിപ്പിക്കാൻ ഉണ്ടായിരുന്നുള്ളു..

രചന : ഷിജു കല്ലുങ്കൻ

ഡ്രൈവർ……

❤❤❤❤❤❤❤❤

“ഈ സ്‌കൂട്ടീടെ കാര്യമോർത്തിട്ട് എനിക്ക് ശരിക്കും സങ്കടമുണ്ട് പപ്പേ…

മോള് ഫോണിന്റെ ബാക്ക് ക്യാമറ ഓൺ ചെയ്തിട്ട് സ്കൂട്ടിയുടെ അടുത്തേക്കു കൊണ്ടുചെന്നു.

വെളുത്ത നിറമുള്ള സ്കൂട്ടിയുടെ മേൽ തെറ്റില്ലാത്ത തരത്തിൽ കറുത്ത വരകൾ വീണിട്ടുണ്ട് .അവിടവിടെ പെയിന്റ് മൊത്തമായി ഇളകിപ്പോയിരുന്നു. ഇടതുവശത്തെ മിറർ ഒടിഞ്ഞു തൂങ്ങിയിട്ടുണ്ട്. ഹെഡ്ലാമ്പിന്റെ ചില്ലിൽ നീളത്തിൽ പൊട്ടൽ.

“ഇതിലിപ്പോ ഇന്നത്തേത് ഏതാ മാളൂ..?” ഞാൻ ചോദിച്ചു.

“ഇന്ന് വലതുവശത്തെ കണ്ണാടി പൊട്ടി, വണ്ടിക്ക് പുതിയ പോറൽ കാര്യമായിട്ടൊന്നുമില്ല, പക്ഷേ മമ്മിക്ക് പോറൽ വീഴാതെ മിച്ചമുണ്ടായിരുന്ന വലതു കയ്യിൽ ഇന്നു കിട്ടി!”

“എവിടെ നോക്കട്ടെ..?”

മാളു ഫോണിന്റെ ഫ്രണ്ട് ക്യാമറയിലേക്ക് സ്വിച്ച് ചെയ്തുകൊണ്ട് ജോയ്‌സിയുടെ അടുത്തേക്കു ചെന്നു.

“ഓ… അങ്ങനെ നിങ്ങളിപ്പോ കാണണ്ട.. എന്നിട്ട് എന്നെ കളിയാക്കാനല്ലേ അപ്പനും മക്കളും കൂടെ..?”

“ഹേയ്…! കാണിച്ചേ പെണ്ണേ, മുറിവുണ്ടോ? അതോ പോറൽ മാത്രമേയുള്ളോ…?”

“ആഹ് അറിയില്ല, നല്ല നീറ്റലുണ്ട്.”

അവൾ തിരിഞ്ഞ് വലതു കയ്യുടെ ഉരത്തിനു താഴ്ഭാഗം കാണിച്ചു. ആ ഭാഗത്ത്‌ വസ്ത്രം കീറിപ്പോയിട്ടുണ്ട് പക്ഷേ ശരീരത്തിൽ പോറൽ മാത്രമേയുള്ളു.

“ഇതിപ്പോ എത്രാമത്തെ ഡ്രെസ്സാ കീറിപ്പോകുന്നേ…? ആട്ടെ ഇന്നത്തെ കലാപരിപാടിയിൽ മറ്റാർക്കെങ്കിലും പരിക്കുണ്ടോ…?”

“ഹേയ് ഇല്ല… ” അവൾ ചാടിപ്പറഞ്ഞു. “പക്ഷേ……”

“എന്തോന്നാണ് ഒരു പക്ഷേ…?”

“തെക്കേലെ തോമസു ചേട്ടന്റെ ഒരു പത്തു ലിറ്റർ പാല് മറിഞ്ഞു പോയിട്ടൊണ്ട്……”

“അതിനു നിനക്കെന്താ…?”

“അത്…”

“ഇങ്ങു കൊണ്ടു വാ ഫോൺ…. ഞാൻ പറയാം പപ്പേ…” അപ്പു ഫോൺ പിടിച്ചു വാങ്ങി.

“ഈ മമ്മിയോട്‌ എത്ര പറഞ്ഞാലും റോഡിന്റെ സൈഡ് ചേർത്തേ വണ്ടി ഓടിക്കൂ, നടുക്കുകൂടി പോയാൽ വേറെ വണ്ടി വരുമത്രേ…”

“ഉം..”

“ഇന്നു മമ്മി വണ്ടിയുമായി ചെല്ലുമ്പോ പാലും തലയിൽ വച്ചുകൊണ്ട് റോഡിന്റെ സൈഡ് ചേർന്ന് എതിരെ വരികയായിരുന്നു തോമസുചേട്ടൻ.

മമ്മിയുടെ വിറച്ചു വിറച്ചുള്ള ഓടിക്കൽ കണ്ടു പേടിച്ചിട്ട് തോമസുചേട്ടൻ റോഡിൽ നിന്ന് സൈഡിലേക്ക് എടുത്തു ചാടി…”

“എന്നിട്ട്…”

“…. എന്നിട്ടെന്താ… ചേട്ടനെക്കാൾ പേടി മമ്മിക്കല്ലേ…? സൈഡിലേക്കു ചാടിയ തോമസു ചേട്ടന്റെ മുകളിലേക്ക് മമ്മിയും ചാടി..!! പാവം സ്കൂട്ടി, ഡ്രൈവറില്ലാതെ റോഡിൽ മറിഞ്ഞു വീണ് കണ്ണാടിയും പൊട്ടി!!”

“… എന്നിട്ട് അയാൾക്കു വല്ലതും പറ്റിയോ…?”

“ഹേയ്… ചേട്ടനൊന്നും പറ്റിയില്ല പക്ഷേ പാലും പോയി, പാൽ പാത്രോം ചളുങ്ങിപ്പോയി… കാശു കൊടുത്താൽ മതീന്നു പറഞ്ഞു.”

ജോയ്‌സി ചാടിക്കയറിപ്പറഞ്ഞു, വളരെ നിഷ്കളങ്കമായ ശബ്ദത്തിൽ…

വഴക്കു പറയണം എന്നു വിചാരിച്ച ഞാൻ അറിയാതെ ചിരിച്ചു പോയി.

“ഉം… ഉം… പപ്പ ചിരിച്ചോ… പപ്പ പിന്നേം പിന്നേം ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്നതുകൊണ്ടാ മമ്മി ദിവസോം വണ്ടിയും കൊണ്ട് ഓരോ പൊല്ലാപ്പുകൾ ഒപ്പിക്കുന്നത്…” അപ്പുവിനു ദേഷ്യം വന്നു.

“ഞാനിപ്പോ എത്രവട്ടം പറഞ്ഞു എന്നെക്കൊണ്ട് ഇതൊന്നും ഓടിക്കാൻ പറ്റത്തില്ലായെന്ന്… നിങ്ങള് സമ്മതിക്കാത്തകൊണ്ടല്ലേ…?” ജോയിസിയുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു.

“ഡീ പെണ്ണേ, ഞാൻ നാട്ടിൽ ഇല്ലാത്തതുകൊണ്ട് വീട്ടിൽ ഏതാവശ്യത്തിനും നീ തന്നെയല്ലേ ഓടേണ്ടത്..? എല്ലാക്കാലത്തും മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തമായി ഒരു സ്‌കൂട്ടിയെങ്കിലും ഓടിക്കാൻ പഠിച്ചിരിക്കട്ടെ എന്നോർത്തല്ലേ ഞാൻ……” ഞാൻ അവളെ ആശ്വസിപ്പിക്കാൻ നോക്കി.

“നിങ്ങൾ നാട്ടിലുള്ളപ്പോ പഠിപ്പിച്ചിട്ടു പോയാൽ പോരാരുന്നോ…?”

“അതിനു നീ പഠിക്കാഞ്ഞിട്ടല്ലല്ലോ.. ഡ്രൈവിംഗ് സ്കൂളിൽപ്പോയി പഠിച്ചു ലൈസെൻസും എടുത്തതല്ലേ..?”

“ലൈസെൻസ് കിട്ടീന്നു വച്ച് ആരെങ്കിലും വണ്ടി ഓടിക്കാൻ പഠിക്കുമോ? ഒരു സ്‌കൂട്ടി മേടിച്ച് എന്നെ പഠിപ്പിച്ചിട്ട് നിങ്ങളു പോയാൽ മതിയായിരുന്നു.”

“അന്നു സ്കൂട്ടി മേടിക്കാൻ കാശുണ്ടായിരുന്നെങ്കിൽ ഞാൻ നിന്നേം പിള്ളേരേം ഇട്ടിട്ട് വിദേശവാസത്തിനു വരില്ലായിരുന്നല്ലോ…!”

“എന്നാ ഇനീപ്പോ നിങ്ങള് അവധിക്കു വരുമ്പോ പഠിപ്പിച്ചാൽ മതി….!”

“അതാ പപ്പേ നല്ലത്… ഇപ്പൊത്തന്നെ രണ്ടു സ്കൂട്ടി വാങ്ങാനുള്ള കാശ് നാട്ടുകാർക്കു നഷ്ടപരിഹാരം കൊടുത്തില്ലേ…?” മോനും ശരിവച്ചു.

അത്രയുമൊന്നുമില്ലെങ്കിലും നല്ലൊരു തുക നഷ്ടപരിഹാരം ഇനത്തിൽ കയ്യിൽ നിന്നും പോയിട്ടുണ്ടെന്ന് ഞാനുമോർത്തു.

പുത്തൻ സ്കൂട്ടി മേടിച്ച് വീട്ടിൽ എത്തിച്ച് ആദ്യത്തെ ദിവസം!പഞ്ചായത്തു റോഡിനോടു ചേർന്നുള്ള വീടിന്റെ മുറ്റത്ത് ഭാര്യയുടെ സ്റ്റാർട്ടപ്പ് പരീക്ഷണങ്ങൾ നടക്കുമ്പോഴാണ് ഇടവകപ്പള്ളിയിലെ വികാരിയച്ചൻ തന്റെ തേച്ചു കഴുകി കുട്ടപ്പനാക്കിയ ആൾട്ടോ കാറുമായി ഇടവകക്കാരെ സന്ദർശിക്കാൻ അതുവഴി പോകുന്നത്.

ജോയ്‌സിയെയും പുത്തൻ സ്കൂട്ടിയെയും ഒരുമിച്ചു കണ്ടപ്പോളുണ്ടായ സന്തോഷം കൊണ്ട് അച്ചൻ കാർ വീടിനു മുന്നിൽ നിർത്തി കുശലാന്വേഷണം നടത്തി.

“ജോയ്‌സിയെയ്…. കോളടിച്ചല്ലോടീ .. പുത്തൻ വണ്ടി നൈസായിട്ടൊണ്ട് കേട്ടോ… പള്ളിയിൽ കൊണ്ടു വാ ഞാൻ വെഞ്ചിരിച്ചു തരാം….”

സ്റ്റാർട്ടു ചെയ്തു നിർത്തിയിരുന്ന പുത്തൻ സ്കൂട്ടിയിൽ ബ്രേക്കും ആക്സിലേറ്ററുമൊക്കെ കണ്ടു പിടിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന ജോയ്‌സിക്ക് അച്ചന്റെ ഓഫർ ഇഷ്ടപ്പെട്ടു. പക്ഷേ പള്ളിയിൽ കൊണ്ടുചെന്നു വെഞ്ചരിക്കാനുള്ള ക്ഷമയൊന്നും അവൾക്കുണ്ടായില്ല. അച്ചനോടുള്ള നന്ദി സൂചകമായി വലതു കൈ പിടിച്ചിരുന്ന ആക്‌സിലേറ്ററിൽപ്പിടിച്ച് ഉഗ്രൻ ഒരു പിരി പിരിച്ചു.

കണ്ണടച്ചു തുറക്കും മുൻപേ ജോയ്‌സി മലർന്നടിച്ച് ദാ കിടക്കുന്നു മുറ്റത്ത്! സ്കൂട്ടി ഒറ്റക്കുതിപ്പിൽ അച്ചന്റെ ഓൾട്ടോയുടെ ബാക്ക് ഡോറിൽ ഇടിച്ച് ഡോറിനെ ‘റ ‘ ആകൃതിയിൽ ഉള്ളിലേക്കു മടക്കി വച്ചശേഷം ഒന്നുമറിയാത്ത പാവത്തെപ്പോലെ റോഡരുകിലേക്കു മറിഞ്ഞു വീണു നിശബ്ദനായി.

അങ്ങനെ സ്കൂട്ടിയുടെ ഉത്ഘാടനം വികാരിയച്ചന്റെ കാർ നന്നാക്കാനുള്ള കാശു കൊടുത്തുകൊണ്ട് വിദേശത്തിരുന്നു ഞാൻ നിർവ്വഹിച്ചു.

“പപ്പേ നമ്മുടെ സ്കൂട്ടിക്കു മാത്രം ഫോർ വീലറിന്റെ ടാക്സ് അടയ്ക്കേണ്ടി വരും അല്ലേ..?” ഇടയിൽ കയറി മോന്റെ ചളിയൻ ചോദ്യം.

“അതെന്തിനാ… അങ്ങനെയൊക്കെ മേടിക്കുവോ?” ജോയ്‌സിയുടെ നിഷ്കളങ്കമായ മറുചോദ്യം.

“പിന്നല്ലാതെ ഓട്ടത്തിൽ നമ്മുടെ സ്കൂട്ടിക്ക് നാലു കാലല്ലേ..? സ്കൂട്ടിയുടെ രണ്ടു ടയർ, പിന്നെ മമ്മിയുടെ രണ്ടു കാലും ഫുൾടൈം റോഡിൽ…. അപ്പോൾ ഫോർവീൽ..!!”

“നിന്നെ ഞാൻ….” ജോയ്‌സിക്ക് അതത്ര ഇഷ്ടപ്പെട്ടില്ല. “… ഈ ചെറുക്കൻ ഏതു നേരവും എന്നെയിങ്ങനെ കളിയാക്കുവാ കേട്ടോ…”

പരിഭവം നിറഞ്ഞ വാക്കുകൾ.

“എന്റെ പപ്പേ കളിയാക്കിയതല്ല, കഴിഞ്ഞ ദിവസം ഞാൻ ടൗണിൽ നിന്ന് ഓട്ടോയിൽ ഇങ്ങോട്ടു വരുവാ,

ദേ നമ്മുടെ വീടിന്റെ ഒരു കിലോമീറ്റർ അപ്പുറത്തു വന്നപ്പോൾ മനയത്തെ ജോബിച്ചേട്ടായി ബൈക്കിന്റെ ഹെഡ്ലൈറ്റൊക്കെയിട്ട് നിർത്താതെ ഹോണടിച്ച് ഞങ്ങൾക്കെതിരെ വരുന്നു. ഓട്ടോക്കാരൻ സൈഡ് ഒതുക്കിയിട്ടു ചോദിച്ചു ‘ എന്നാ പറ്റി? ആംബുലൻസാണോ അതോ ചെക്കിങ് ഉണ്ടോ ‘യെന്ന്.”

“എന്തായിരുന്നു …?” എനിക്കും ആകാംഷ അടക്കാനായില്ല.

“എന്താവാൻ…? ആ ചേട്ടായി പറയുവാ, രണ്ടുമല്ല ജോയ്‌സിച്ചേച്ചി സ്കൂട്ടിയുമായി ഇറങ്ങിയിട്ടുണ്ട് ജീവൻ വേണേൽ മാറിക്കോ എന്ന്…..”

മക്കൾക്കൊപ്പം ഞാനും അറിയാതെ ചിരിച്ചുപോയി.

“അവന്മാരു കളിയാക്കുന്നതാ എന്നെ..” ജോയ്‌സി തല താഴ്ത്തി. അവളുടെ കണ്ണിൽ നീർപൊടിഞ്ഞിരുന്നു.

ആദ്യത്തെ അപകടത്തിനു ശേഷം ചെറിയ ചെറിയ പോറലുകളും വീഴ്ചകളുമായി അവൾ പതിയെപ്പതിയെ വണ്ടി ഓടിക്കാൻ തുടങ്ങിയിരുന്നു.

കുഴപ്പമില്ലാതെ ഓടിക്കാൻ കഴിയും എന്ന ആത്മവിശ്വാസം ഉണ്ടായപ്പോഴാണ് വീടിനടുത്തുള്ള കടയിൽ വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ ഒരു ദിവസം വൈകുന്നേരം പോകുന്നത്.

ചെറിയ പലചരക്കു കടയുടെ മുന്നിൽ വണ്ടി പാർക്കുചെയ്തു വച്ചിട്ട് അവൾ സാധനങ്ങളും വാങ്ങി തിരിച്ചിറങ്ങി. ഇനി വണ്ടി തിരിക്കുക എന്ന അതിസാഹസികമായ കടമ്പയാണ് കടക്കേണ്ടത്.

വണ്ടിയിൽ കയറിയിരുന്ന് കാലുകൾ നിലത്തു കുത്തി പതിയെ പിന്നോട്ട് ഉരുട്ടിയിട്ട് ഹാൻഡിൽ വലത്തോട്ടു തിരിച്ചു. ആ തിരിക്കലിൽ ആക്‌സിലേറ്ററിൽ കൈ മുറുകിയത് അറിയാൻ അല്പം വൈകിപ്പോയി പാവം!

സ്‌കൂട്ടി ഒരു കുതിപ്പിന് കടയുടെ മുൻവശത്ത് നിരത്തി വച്ചിരുന്ന മിഠായി ഭരണികളും തകർത്തുകൊണ്ട് കടയ്ക്കുള്ളിലെത്തി തുറന്നു വച്ചിരുന്ന അരിച്ചാക്കുകൾക്കിടയിൽ സേഫ് ആയി ലാൻഡ് ചെയ്തു.

പിന്നെ അല്പം ചെരിഞ്ഞ് അപ്പോഴും ശക്തിയായി കറങ്ങിക്കൊണ്ടിരുന്ന പിൻചക്രത്തെ ഒരു മൈദച്ചാക്കിന്റെ പള്ളയ്ക്ക് പതിയെ തൊട്ടുവച്ചു.

ചിതറിത്തെറിച്ച മൈദ കാറ്റിൽപറന്ന് പലചരക്കു കടയ്ക്കുള്ളിൽ ഒരു ഭൂകമ്പം നടന്ന പ്രതീതി ജനിപ്പിച്ചു. നാട്ടുകാർ കഷ്ടപ്പെട്ടു വണ്ടി ഓഫ് ചെയ്ത് കടയ്ക്കു വെളിയിൽ കൊണ്ടു വരുമ്പോഴേക്കും കടയുടെ ഉടമസ്ഥനും രക്ഷപ്രവർത്തകരും സ്കൂട്ടിയും ഒരേ കളർ ആയിരുന്നു.

ചന്തികുത്തി ഒന്നു വീണതൊഴിച്ചാൽ കാര്യമായ പരിക്കുകളൊന്നും ജോയ്‌സിക്ക് ഉണ്ടായിരുന്നില്ല.

“പപ്പേ ഇന്നത്തെ പാലും പാത്രവും കൂടിയായപ്പോൾ മമ്മിയുടെ പത്താമത്തെ ആക്സിഡന്റാ…. പപ്പ ഇതെന്നാ ഭാവിച്ചാ മമ്മിക്ക് ഇങ്ങനെ വളം വച്ചു കൊടുക്കുന്നത്…?”

മോളുടെ വക.

“അവളു പതിയെപ്പതിയെ ഓടിക്കാൻ പഠിച്ചോളും,

നാട്ടുകാരുടെ കൂടെ നിങ്ങളുംകൂടി ഇങ്ങനെ നിരുത്സാഹപ്പെടുത്താത്തിരുന്നാൽ മതി.” ഞാൻ ഭാര്യയെ സപ്പോർട്ടു ചെയ്യുന്ന ഉത്തമ ഭർത്താവായി.

“പപ്പേ…. ഞങ്ങൾക്ക് ഒരു വണ്ടിയും ഡ്രൈവറും വേണമെന്ന് വല്ല്യ നിർബന്ധമൊന്നുമില്ല. അംഗഭംഗങ്ങളൊന്നുമില്ലാത്ത ഒരു മമ്മിയെ കിട്ടിയാൽ മതി….” മോന്റെ സങ്കടം എന്റെ മനസ്സിനെ അടിമുടി ഒന്നുലച്ചു.

“ജോയ്‌സി….” ഞാൻ പതിയെ വിളിച്ചു.

“ഉം…?”

“നിനക്ക് ഒരിക്കലും സാധിക്കില്ലയെന്ന് തോന്നുന്നുണ്ടോ..?”

“എനിക്കറിയില്ലേട്ടാ…. ഒരുപക്ഷെ എന്നെക്കൊണ്ട് പറ്റില്ലാരിക്കും… എന്നെ ഇതിനൊന്നും കൊള്ളില്ല എന്നൊരു തോന്നൽ….”

“സ്വയം തോറ്റുപോയവരെ വിജയിപ്പിക്കാൻ ലോകത്തിൽ ഒരു ശക്തിക്കും കഴിയില്ല….

നീയിനി പഠിക്കണ്ട…. സ്കൂട്ടി നമുക്കു വിൽക്കാം.. മോൻ പറഞ്ഞതു പോലെ അംഗഭംഗങ്ങളൊന്നുമില്ലാത്ത ഒരു ഭാര്യയെയാണ് എനിക്കും വേണ്ടത്.”

“ഉം…” അവൾ മൂളി.

അങ്ങനെ മൂന്നുമാസങ്ങളായി തുടർന്നുവന്ന ആ ഭാഗീരഥ പ്രയത്നം അവിടെ ഉപേക്ഷിച്ചു.

“ഉറങ്ങിപ്പോയോ….?” ജോയ്‌സിയുടെ ചോദ്യം കേട്ട് ഞാൻ ഞെട്ടി കണ്ണു തുറന്ന് ഓർമ്മകളുടെ ലോകത്തു നിന്നും തിരിച്ചു വന്നു.

“ക്ഷീണമുണ്ടാവും… ഉറങ്ങിക്കോ ഞാൻ വീട്ടിലെത്തുമ്പോൾ വിളിക്കാം.”

“ഉറങ്ങാനോ…. നല്ല കഥ..” ഞാൻ സീറ്റ്ബെൽറ്റ് അയച്ചിട്ട്‌ കാറിന്റെ സീറ്റിൽ അല്പം ചെരിഞ്ഞ് അവളെ നോക്കി.

മുന്നോട്ടു നോക്കിയിരുന്നു ശ്രദ്ധയോടെ ഡ്രൈവു ചെയ്യുന്നതിനിടയിൽ അവൾ എന്നെയൊന്നു പാളി നോക്കി.

“ഞാൻ ആലോചിക്കുവാരുന്നു ഇതു സ്വപ്നമാണോയെന്ന്..”

അവൾ ചിരിച്ചു.

“ഇതെന്റെയൊരു വാശിയായിരുന്നു, ഏട്ടൻ വരുമ്പോൾ പിക് ചെയ്യാൻ ഒറ്റയ്ക്കു വണ്ടിയോടിച്ച് എയർ പോർട്ടിൽ വരണം എന്നുള്ളത്. ”

“ജോയ്‌സീ….?”

“ഉം….?”

“ശരിക്കും അന്ന് നമ്മൾ തീരുമാനിച്ചതല്ലേ ഇനി നീ വണ്ടി ഓടിക്കുന്നില്ലായെന്ന്… പിന്നെ എന്തു സംഭവിച്ചു…?”

“അത്രയും നാൾ എല്ലാവരും കളിയാക്കുമ്പോഴും ഏട്ടനുണ്ടായിരുന്നു എന്നെ ആശ്വസിപ്പിക്കാൻ… അതുകൊണ്ട് വീഴാൻ എനിക്കു മടിയില്ലായിരുന്നു… താങ്ങാൻ ആളുണ്ടെന്ന ധൈര്യം…”

വണ്ടി ഒരു ജഗ്ഷനിൽ എത്തിയിരുന്നു. അല്പം സ്ലോ ആക്കിയ ശേഷം സിഗ്നലിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് അവൾ സ്പീഡെടുത്തു.

“അന്നു രാത്രി പെട്ടെന്ന് ഒറ്റക്കായിപ്പോയപോലെ തോന്നി. ഞാൻ തോറ്റു പോകുന്നു എന്ന തോന്നൽ ആദ്യമായി എന്റെ മനസ്സിലേക്കു വന്നു.ഞാൻ ആലോചിച്ചു.

പത്താം ക്ലാസ്സ്‌ മാത്രം പഠിച്ച അയല്പക്കത്തെ ജോഷി ടിപ്പർ ഓടിക്കുന്നു!

എട്ടു വയസ്സു പ്രായമുള്ള എന്റെ മോൾ എഞ്ചിൻ പോലുമില്ലാത്ത ഒരു സൈക്കിൾ ചവിട്ടിക്കൊണ്ട് എത്ര തിരക്കിലും ഈസിയായി ടൗണിൽ പോയി വരുന്നു.”

ഞാൻ അവളുടെ മുഖത്തേക്കു തന്നെ നോക്കിയിരിക്കുകയായിരുന്നു.

“ശരിക്കും ഇത് എന്നെക്കൊണ്ടു സാധിക്കില്ലേ…? പലവട്ടം ഞാൻ എന്നോടുതന്നെ ചോദിച്ചു.

ഒരുപാട് ആലോചിച്ചപ്പോൾ എനിക്കൊരു കാര്യം മനസ്സിലായി, എന്നൊക്കൊണ്ടു സാധിക്കില്ല എന്നു തീരുമാനിച്ചാൽ ഞാൻ തോറ്റു പിന്മാറുന്നത് ജീവിതത്തിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നു തന്നെയാണെന്ന്

പിറ്റേന്നു മുറുക്കിയൊരു പിടുത്തം പിടിച്ചു ആ സ്കൂട്ടിയുടെ ഹാൻഡിലിൽ. പിന്നെ ഇന്നു വരെ ജോയ്‌സിയുടെ വണ്ടി മറിഞ്ഞിട്ടില്ല…!!” അവൾ അഭിമാനത്തോടെ ചിരിച്ചു.

ഉള്ളിലേക്ക് തിരയടിച്ചു വന്ന സന്തോഷം കണ്ണുകളിൽ അശ്രുവായി പടരുന്നത് അവൾ കാണാതിരിക്കാൻ ഞാൻ വെറുതെ പറഞ്ഞു.

“മുന്നോട്ടു നോക്കി ശ്രദ്ധിച്ചു വണ്ടിയോടിക്ക്…. എന്റെ ജീവിതത്തിന്റെ കൂടി ഡ്രൈവിംഗ് സീറ്റിലാ നീയിപ്പോ ഇരിക്കുന്നേ..”

“ഏട്ടൻ ധൈര്യമായിരുന്നോ….. ഇവിടെ ഡ്രൈവിംഗ് സീറ്റിലുള്ളത് ഡ്രൈവർ ജോയ്‌സിയാ….. ഡബിൾ സ്ട്രോങ്ങ്‌!!”

ഞാൻ പുറത്തേക്കു മുഖം തിരിച്ച് നാട്ടുകാഴ്ചകൾ കണ്ടിരുന്നു. നിറഞ്ഞ മനസ്സോടെ, ചെറു പുഞ്ചിരിയുമായി…

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ഷിജു കല്ലുങ്കൻ