അവർ വരുന്ന സമയത്ത് നീ ഇങ്ങോട്ട് വന്ന് എന്നെ നാണം കെടുത്തരുത്.. അതു കേട്ട് ഞാൻ കരഞ്ഞു പോയി

രചന: ശ്രീഹരി

നിന്നെയും അനിയത്തിയേയും കണ്ടാൽ ഒരച്ഛന് ജനിച്ചത് തന്നെ ആണെന്ന് ഒരിക്കലും പറയില്ല എന്ന സ്ഥിരം കളിയാക്കലുകൾ എന്റെ ബാല്യം മുതലേ ഞാൻ കേൾക്കുന്നതാണ്…..

ആദ്യം കൂട്ടുകാരുടെ കളിയാക്കലുകൾ മാത്രം സഹിച്ചാൽ മതിയായിരുന്നു. അപ്പോഴാണ് ബന്ധുക്കൾക്കിടയിലും ഈ തരത്തിൽ ഉള്ള കുത്തു വാക്കുകൾ ഉണ്ടാകുന്നത്..

അത്യാവശ്യം വെളുത്തതായിരുന്നു അമ്മയും അച്ഛനും…ആദ്യ പ്രസവത്തിൽ തന്നെ അവർക്ക് ജനിച്ചത് രണ്ടു ഇരട്ട കുട്ടികൾ ആയിരുന്നു..ഞാൻ പാറു.അനിയത്തി മീനുവും..

അന്നേ എനിക്ക് കളർ കുറവും…മീനുവിന് നല്ല കളറും ഉണ്ടായിരുന്നു..വർഷങ്ങൾ മുൻപോട്ട് പോകുമ്പോൾ എനിക്ക് ഇരു നിറവും..മീനു അച്ഛനും അമ്മയെയും പോലെ വെളുത്തും വന്നു..

അമ്മ വീട്ടിൽ പോകുമ്പോഴും..കല്യാണത്തിന് പോകുമ്പോഴും എല്ലാവർക്കും കാര്യം മീനുവിനെ ആയിരുന്നു…

പഠിക്കുമ്പോൾ തന്നെ..നീ മാത്രം എന്താ കളർ കുറഞ്ഞു പോയത്‌..വീട്ടിൽ ബാക്കി എല്ലാവർക്കും നല്ല നിറം ഉണ്ടല്ലോ എന്ന് പറഞ്ഞു കൂട്ടുകാർ കളിയാക്കി ചിരിക്കുമ്പോൾ..അവരുടെ കൂടെ മീനുവും ഒപ്പം ചിരിക്കുന്നത് കാണുമ്പോൾ പലപ്പോഴും ഞാൻ ഉള്ളിൽ കരയുകയായിരുന്നു…

സ്കൂൾ കഴിഞ്ഞു ഞാൻ വരുന്നത് പോലും കാത്തു നിൽക്കാതെ..മീനു മറ്റു കൂട്ടുകാരുടെ കൂടെ വീട്ടിലേക്കു പോകുമ്പോൾ.. ഞാൻ ഒപ്പം നടക്കുന്നത് അവൾക്ക് കുറച്ചിൽ ആണെന്ന് എനിക്ക് അന്നേ മനസ്സിലായിരുന്നു.

പക്ഷെ അവൾ കാണിക്കുന്ന അകൽച്ച ഒരിക്കൽ പോലും അച്ഛനും അമ്മയും എന്നോട് കാണിച്ചിട്ടില്ല..രണ്ടു മക്കൾക്കും ഒരു പോലെ സ്നേഹം കൊടുത്താണ് അവർ ഞങ്ങളെ വളർത്തിയതും…പക്ഷെ ബന്ധുക്കൾക്കിടയിൽ എല്ലാവർക്കും കൂടുതൽ സ്നേഹം അവളോട് ആയിരുന്നു എന്ന് മാത്രം…

വെക്കേഷൻ സമയത്ത് ആയാൽ പോലും ബന്ധുക്കൾ വീട്ടിൽ വരുമ്പോൾ..സ്കൂൾ ഒക്കെ അടച്ചില്ലേ..

കുറച്ചു ദിവസം അവിടെ വന്നു നിൽക്കാൻ പറഞ്ഞു..മീനുവിനെ മാത്രം വിളിച്ചു കൊണ്ട് അവർ പോകുമ്പോൾ സന്തോഷം നിറഞ്ഞ നോട്ടത്തോടെ ഞാൻ അവളെ യാത്രയാക്കുകയാണ് ചെയ്തത്..

ഓരോ തവണ ബന്ധു വീട്ടിൽ നിന്നു മടങ്ങി വരുമ്പോഴും എന്നോടുള്ള അകൽച്ച മീനുവിന് കൂടി വരുന്നത് കണ്ടപ്പോഴേ എനിക്ക് മനസ്സിലായിരുന്നു..

ഓരോ കുറ്റങ്ങളും കുറവുകളും അവർ നല്ലത് പോലെ അവളോട്‌ പറഞ്ഞു കൊടുത്തിട്ടുണ്ടെന്നു…

അതൊക്കെ കൊണ്ടാണ് കോളേജിൽ ഉപരി പഠനത്തിന് പോകാൻ പോകുമ്പോൾ എന്നെയും മീനുവിനെയും രണ്ടു കോളേജിൽ ആയിട്ട് ചേർത്താൽ മതിയെന്ന് ഞാൻ വീട്ടിൽ പറയുന്നത്..

ഇത്രയും നാൾ ഒരുമിച്ചു ഒരേ സ്കൂളിൽ തന്നെ അല്ലേ പഠിച്ചത്..ഇപ്പൊ എന്താ ഇങ്ങനെ എന്ന് പറഞ്ഞു അച്ഛൻ എന്റെ വാക്കിനെ എതിർത്തപ്പോൾ…

അവൾക്ക് അതാണ് ഇഷ്ടം എങ്കിൽ അതങ്ങ് സമ്മതിച്ചാൽ പോരെ എന്ന് പറഞ്ഞു മീനു എന്നേ സപ്പോർട്ട് ചെയ്തപ്പോഴേ എനിക്ക് അറിയാമായിരുന്നു…അവൾ എന്നേ ഒഴിവാക്കാൻ ഒരു കാരണം തേടി നടക്കുവായിരുന്നെന്നു…

പലപ്പോഴും കോളേജിലെ കൂട്ടുകാർക്കിടയിൽ താൻ ഒറ്റ മോൾ ആ എന്നാ മീനു പറഞ്ഞിരിക്കുന്നത് എന്നറിഞ്ഞപ്പോൾ.. അതെന്നെ മാനസികമായും ശാരീരികമായും തളർത്തിയിരുന്നു…

ഒരിക്കൽ…ഇന്നെന്റെ കുറച്ചു ഫ്രണ്ട്‌സ് വീട്ടിൽ വരും.അവർ വരുന്ന സമയത്ത് നീ ഇങ്ങോട്ട് വന്നു എന്നേ നാണം കെടുത്തരുത് എന്ന് മീനു പറഞ്ഞപ്പോൾ…നിറ കണ്ണുകളോടെ ഞാൻ എന്റെ റൂമിൽ കയറി വാതിലടച്ചു…

അന്നാദ്യമായി നിറം കുറവായതിന്റെ പേരിൽ ഇങ്ങനെ അവഗണിക്കപ്പെടുമ്പോൾ..എനിക്ക് ഈശ്വരനോട് പോലും വെറുപ്പ് തോന്നിയിരുന്നു…

കല്യാണപ്രായം ആയപ്പോൾ…രണ്ടു മക്കളുടെയും കല്യാണം ഒരേ ദിവസം ഒരേ പന്തലിൽ തന്നെ വെച്ചു നടത്തണം എന്ന വാശി ആയിരുന്നു അച്ഛന്…അത് പ്രകാരം എന്നേ പെണ്ണ് കാണാൻ വന്ന കൂട്ടർക്കിടയിൽ..അവർക്ക് ഇഷ്ടപെട്ടത് പോലും മീനുവിനെ ആയിരുന്നു..

വന്ന രണ്ടു മൂന്ന് ആലോചന മുടങ്ങിയപ്പോൾ തന്നെ…ഇങ്ങനെ പോയാൽ എനിക്കും ഈ ആയുസ്സിൽ കല്യാണ യോഗം ഉണ്ടാവില്ല..അത് കൊണ്ട് ആദ്യം എന്റെ കാര്യം നടത്തി താ അച്ഛാ എന്ന് മീനു തമാശ രൂപേണ പറഞ്ഞപ്പോൾ…അത് എനിക്ക് വേദനിക്കാൻ അവൾ കാര്യമായി തന്നെ പറഞ്ഞതാണെന്ന് എനിക്ക് മനസ്സിലായിരുന്നു..

എനിക്ക് ഇപ്പൊ കല്യാണം ഒന്നും വേണ്ടച്ചാ..ഇനിയും കുറെ പഠിക്കണം..എനിക്ക് കെട്ടണം എന്ന് തോന്നുമ്പോൾ ഞാൻ അച്ഛനോട് പറയാം..ആദ്യം മീനുവിന്റെ കാര്യം നടക്കട്ടെ എന്ന് പറഞ്ഞു ഈ പ്രശ്‌നത്തിൽ നിന്നും തല ഊരാൻ നോക്കിയെങ്കിലും അച്ഛന്റെ വാശിക്കുള്ളിൽ അത് ഇല്ലാതായി പോയി..

അങ്ങനെയാണ് എന്റെ ഫോട്ടോ കണ്ടു ഇഷ്ടം ആയി എന്ന് പറഞ്ഞു ഉണ്ണിയേട്ടൻ എന്നേ പെണ്ണ് കാണാൻ വരുന്നത്…

കാണാൻ നല്ല സുന്ദരൻ..പോരാത്തതിന് നല്ല വെളുത്തിട്ടും..അപ്പോഴേ എന്റെ മനസ്സ് അസ്വസ്ഥമായിരുന്നു..

അത് കൊണ്ടാണ് പെണ്ണിനും ചെറുക്കനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ തന്നെ..എനിക്ക് സംസാരിക്കാൻ ഉണ്ടെന്ന് ഞാൻ ആദ്യം ചാടി പറഞ്ഞത്…

ഉണ്ണിയേട്ടനു ഞാൻ തുറന്നു സംസാരിക്കുന്നത് കൊണ്ടൊന്നും തോന്നരുത്..നമ്മൾ തമ്മിൽ ചേരില്ല..ഉണ്ണിയേട്ടനു നല്ല നിറവും സൗന്ദര്യവും ഉണ്ട്…എന്നേ പോലെ ഉള്ള ഒരു പെണ്ണ് ഒരിക്കലും ഏട്ടന് ചേരില്ല..അത് കൊണ്ട് ഈ ആലോചന ഇവിടെ വെച്ചു അവസാനിപ്പിക്കാം…അല്ലെങ്കിൽ നാളെ ഇനി ഏട്ടന്റെ ബന്ധുക്കാരുടെ കുത്തു വാക്കുകൾ കൂടി കേൾക്കാൻ എനിക്ക് കഴിയില്ല എന്ന് ഞാൻ പറഞ്ഞു നിർത്തിയപ്പോൾ…കുറച്ചു നേരം എന്തോ ആലോചിച്ചു ഒരു വാക്ക് പോലും തിരിച്ചു പറയാതെ ഉണ്ണിയേട്ടൻ തിരിച്ചു പോവുകയാണ് ചെയ്തത്..

അങ്ങനെ ഈ ആലോചനയും മുടങ്ങി എന്ന് വിചാരിച്ചു മനസ്സ് വിഷമിച്ചു ഇരിക്കുമ്പോഴാണ്…ചെറുക്കന് പെണ്ണിനെ ഇഷ്ട്ടമായി..അടുത്ത് തന്നെ വിവാഹം നടത്താം എന്ന് ഉണ്ണിയേട്ടന്റെ അച്ഛൻ വിളിച്ചു പറയുന്നത്…

അത് കേട്ടിട്ട് എന്നേക്കാൾ വലിയ അമ്പരപ്പ് ആയിരുന്നു മീനുവിന്..ഉണ്ണിയേട്ടനു എന്നേ പോലെ ഒരാളെ കെട്ടാൻ വട്ടുണ്ടോ..അതൊ കണ്ണിനു ഇനി വല്ല പ്രശ്നവും ഉണ്ടോ എന്നൊക്കെ ഉള്ള ചിന്തകൾ ആയിരിക്കും മീനുവിന്റെ മനസ്സിൽ എന്ന് എനിക്ക് അറിയാമായിരുന്നു…

ഒടുക്കം എല്ലാവരുടെയും മുൻപിൽ വെച്ചു താലി കെട്ടി..എന്നെയും മീനുവിനെയും അനുഗ്രഹിച്ചു അച്ഛനും അമ്മയും യാത്രയാക്കി..

ആദ്യരാത്രിയിൽ ഉണ്ണിയേട്ടൻ വന്നു അടുത്തിരുന്നപ്പോൾ തന്നെ…ഞാൻ ആദ്യം ചോദിച്ചത് പോലും എന്നോട് ഉണ്ണിയേട്ടനു സഹതാപം ആണോ..അത് കൊണ്ടാണോ എന്നേ കെട്ടാൻ തീരുമാനിച്ചത് എന്നായിരുന്നു…

അതിനുള്ള മറുപടി എന്നോണം ഉറക്കെ ഒരു ചിരി ആയിരുന്നു ഉണ്ണിയേട്ടൻ..സാവകാശം എന്റെ കൈകളിൽ പിടിച്ചു കൊണ്ട് ഉണ്ണിയേട്ടൻ പറഞ്ഞു..

ഒരു കുടുംബ ജീവിതത്തിൽ ഏറ്റവും അധികം വേണ്ടത് പരസ്പര സ്നേഹവും വിശ്വാസവും ആ..അവിടെ സൗന്ദര്യം എന്നത് വെറും മൂന്ന് വാക്കുകൾ മാത്രമാണ് പാറു..

സൗന്ദര്യം ഉള്ളതിനെ സ്നേഹിക്കാൻ ആർക്കും കഴിയും..എന്നാൽ സൗന്ദര്യം ഇല്ലാത്ത ശരീരത്തിലെ സൗന്ദര്യം നിറഞ്ഞ മനസ്സിനെ സ്നേഹിക്കാൻ കുറച്ചു പേർക്ക് മാത്രമേ കഴിയൂ..എനിക്ക് അത് പോലെ ഉള്ള ഒരാളാകാനാണ് ഇഷ്ടവും…

അന്ന് പെണ്ണ് കാണാൻ വന്നപ്പോൾ തന്നെ…എന്നോട് പറഞ്ഞ കുറച്ചു വാക്കുകളിൽ നിന്നു തന്നെ പാറു ഒരുപാട് വേദനകൾ അനുഭവിച്ചിട്ടുണ്ടെന്നു എനിക്ക് മനസ്സിലായിരുന്നു…എനിക്ക് വേണ്ടത് എന്റെ ഇഷ്ടങ്ങളും സ്വപ്നങ്ങളും മനസ്സിലാക്കുന്ന ഒരു ഭാര്യയെ ആ…എന്റെ മാതാപിതാക്കളെ സ്വന്തം പോലെ നോക്കുന്ന ഒരു മകളെ ആ…അത് അന്ന് ഞാൻ എന്റെ പാറുവിൽ കണ്ടു..

പിന്നെ ഈ സൗന്ദര്യം..അതൊക്കെ ഈശ്വരൻ തരുന്നത് അല്ലേ..അത് എപ്പോ വേണേലും തിരിച്ചു എടുക്കാനും ഈശ്വരന് കഴിയും..പിന്നെ പലരുടെയും പുറമെ കാണുന്ന സൗന്ദര്യം അവരുടെ അകമേ ഇല്ലെങ്കിൽ ഒരു കുടുംബ ജീവിതം തകരാൻ അതൊക്കെ തന്നെ ധാരാളം…

നമ്മൾ ജീവിക്കുന്നത് നമ്മുടെ ഇഷ്ടത്തിന് ആ..അതിൽ കുറ്റങ്ങളും കുറവുകളും പറഞ്ഞു ആരെങ്കിലും വരുമ്പോൾ പറഞ്ഞേക്കണം…

നിങ്ങളുടെ ഇഷ്ടത്തിന് അടുത്ത ജന്മം ജീവിക്കാം..ഇതിപ്പോ ഞങ്ങളുടെ ഇഷ്ടത്തിന് അങ്ങ് പോട്ടെ എന്ന്…

ഉണ്ണിയേട്ടൻ ചിരിച്ചു കൊണ്ട് അത് പറഞ്ഞു തീരുമ്പോൾ ഞാൻ വിതുമ്പി കൊണ്ട് ഉണ്ണിയേട്ടന്റെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു…സാവകാശം എന്റെ കണ്ണുകൾ തുടച്ചു എന്റെ നെറ്റിയിൽ ഒരു മുത്തം തന്നു കഴിഞ്ഞിരുന്നു ഉണ്ണിയേട്ടൻ..

ഒടുവിൽ ഒരു മാലാഖ കുഞ്ഞിന് ഞാൻ ജന്മം നൽകി…കൊച്ച് കൊച്ച് പിണക്കങ്ങളും അതിലേറെ ഇണക്കങ്ങളുമായി ഞങ്ങൾ കുടുംബ ജീവിതം മനോഹരമാക്കുമ്പോൾ…കുടുംബ കോടതിയിൽ ഡിവോഴ്സിന് വേണ്ടി കേറി ഇറങ്ങുവായിരുന്നു മീനുട്ടിയും ഭർത്താവും..

അവർക്ക് ജനിച്ച കുട്ടിക്ക് നിറവും സൗന്ദര്യവും ഇല്ല..അത് മറ്റാരുടെയോ കൊച്ചാണെന്നു പറഞ്ഞു ഭർത്താവും അവളും പരസ്പരം തമ്മി തല്ലുമ്പോൾ ഓരോ കുട്ടിയും ഈശ്വരന്റെ വരദാനമാണെന്നു മനസ്സിലാക്കാനുള്ള ബോധം അവർക്ക് ഇല്ലായിരുന്നു..

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ശ്രീഹരി