ആ പെണ്ണും അത്ര ശരിയല്ല സാറെ.. അതിന്റെ തള്ള ചാടിപ്പോയതാ, പിന്നെ ഇവളുടെ കാര്യം പറയണോ..

രചന : സൂര്യകാന്തി

ഊട്ടിപ്പൂവ്….

❤❤❤❤❤❤❤

തെല്ലകലെയായി തെളിയുന്ന നീലഗിരി കുന്നുകളിലേയ്ക്ക്,ക്യാമറ ഫോക്കസ് ചെയ്ത് പിടിച്ചു ,ക്ലിക്ക് ചെയ്യുമ്പോഴും നവീന്റെ മനസ്സിൽ തെളിഞ്ഞത് അവളുടെ മുഖമായിരുന്നു…

ഊട്ടിപ്പൂവിന്റെ മണമുള്ളൊരു പെണ്ണ്…

കനി…

ചാരനിറമുള്ള കണ്ണുകളിൽ തെളിയുന്ന കൂർത്ത നോട്ടം.. ഇരുനിറമാർന്ന കവിൾത്തടങ്ങളിലോ,

നേരിയ വയലറ്റ് നിറം കലർന്ന ചുണ്ടുകളിലോ ഒരു ചിരി തെളിഞ്ഞു കണ്ടിട്ടില്ല..

ഉടലഴകുകൾ തികഞ്ഞവളെങ്കിലും അതിലൊന്നും ശ്രെദ്ധ പതിഞ്ഞിരുന്നില്ല.. എന്തോ ഒളിപ്പിക്കാൻ ശ്രെമിക്കുന്ന ആ കണ്ണുകളാണ് എപ്പോഴും ശ്രെദ്ധയിൽ പെട്ടിരുന്നത്..

വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ എന്ന ലേബൽ സ്വയം അണിഞ്ഞതിൽ പിന്നെയാണ് കാഴ്ചകൾക്കും അപ്പുറമുള്ള ഉൾക്കാഴ്ച്ചയെ മനസ്സ് തേടികൊണ്ടിരുന്നത്…

ലോകമെമ്പാടും ചുറ്റിക്കറങ്ങിയിട്ടുണ്ടെങ്കിലും ഈ മലനിരകളോട് വിവേചിച്ചറിയാത്തൊരു ഇഷ്ടമുണ്ട്…ഉള്ളിലുരുണ്ട് കൂടിയ കാർമേഘങ്ങൾ പെയ്തൊഴിയാതെ,മനസ്സ് മടുക്കുമ്പോഴൊക്കെ വന്നു ചേരുന്നിടം.

പക്ഷെ ഒരു വ്യാഴവട്ടത്തിനപ്പുറം പൂക്കുന്ന നീലക്കുറിഞ്ഞിയെക്കാൾ പ്രിയം തോന്നിയത് ഊട്ടിപ്പൂക്കളെന്ന് അറിയപ്പെടുന്ന സ്ട്രോ ഫ്ലവർസിനോടാണ്….

മരണമില്ലാത്ത പൂക്കൾ…

കുറച്ചു ദിവസത്തേയ്ക്കെന്ന് അച്ഛനോട് മുൻകൂട്ടി പറഞ്ഞായിരുന്നു,രണ്ടു വർഷം മുൻപ്‌ ഈ മലനിരകളിലേയ്ക്ക് ഒരു ദിനം ബാഗും പാക്ക് ചെയ്ത് ഇറങ്ങിയത്…

സീസൺ ആയത് കൊണ്ടു റൂമൊന്നും കിട്ടിയില്ല… ഒരുപാട് വീടുകൾക്കിടയിലുള്ള ഒന്നിന്റെ മുകളിലെ മുറികളിലൊന്നു ഒഴിവുണ്ടെന്ന് അറിഞ്ഞപ്പോൾ കൂടുതൽ ഒന്നും ആലോചിച്ചില്ല.. ഫ്രഷാകാനും രാത്രി തങ്ങാനും ഒരിടം…

രാവിലെ ,തുളച്ചു കയറുന്ന തണുപ്പിനെ തടുത്തു നിർത്താനായി,സ്വെറ്റർ ഒന്നും കൂടെ വലിച്ചിട്ട് ആവി പറക്കുന്ന കോഫിയുമായി വരാന്തയിലേയ്ക്ക് ഇറങ്ങി.. മെല്ലെയൊരു സിപ്പ് എടുത്തപ്പോഴാണ് ആ ശബ്ദം തന്റെ കാതുകളിൽ എത്തുന്നത്…

തമിഴ് ഇടകലർന്ന മലയാളത്തിൽ ആരെയോ വഴക്ക് പറയുന്നൊരു സ്ത്രീശബ്ദം… ഏറെക്കഴിഞ്ഞിട്ടും അവരത് നിർത്താതെ തുടർന്ന് കൊണ്ടിരുന്നത് കൊണ്ടാണ് താനൊന്നു എത്തിനോക്കിയത്…

അപ്പുറത്തെ കൊച്ചുവീട്ടിൽ നിന്നാണ്.. വീടിന്റെ പുറക് വശത്തു നിൽക്കുന്ന തടിച്ച സ്ത്രീയെയും കടന്ന് തന്റെ കണ്ണുകൾ അവളിലെത്തി.. പത്ത് പതിനേഴ് വയസ്സ് പ്രായം തോന്നിയ്ക്കുന്നൊരു പെൺകുട്ടി.. നീളൻ പാവാടയും സ്വെറ്ററുമാണ് വേഷം… എണ്ണമയമില്ലാത്ത, പാറിപ്പറക്കുന്ന ചെമ്പൻ തലമുടി നീളത്തിൽ മെടഞ്ഞിട്ടിട്ടുണ്ട്..

മുക്കിൻ തുമ്പത്ത് തിളങ്ങുന്ന വലിയൊരു മൂക്കുത്തിയൊഴികെ,ചമയങ്ങളൊന്നുമില്ലാത്ത മുഖത്ത് നിർവികാരത മാത്രമേ കണ്ടുള്ളൂ..

അത്രയും വഴക്ക് കേട്ടിട്ടും ഒരക്ഷരം തിരിച്ചു പറയാതെ, വെറുതെ നോക്കി നിൽക്കുന്ന അവളെ കണ്ടപ്പോൾ എന്തോ ഒരതിശയം തോന്നി…

പൊടുന്നനെയാണ് അവൾ മുഖമുയർത്തിയത്.. എന്നെ കണ്ടതും നിമിനേരം അവളുടെ മുഖമൊന്നു വല്ലാതെയായി.. അവൾ അകത്തേയ്ക്ക് കയറിപ്പോയി…

അന്ന് മുഴുവനും അലഞ്ഞു തിരിഞ്ഞു നടന്നു..

ആൾക്കൂട്ടത്തിൽ ആരുമല്ലാതെ, തനിയെ നടക്കുമ്പോൾ കിട്ടുന്നൊരു മനസമാധാനം…

ഫോട്ടോഗ്രാഫിയേക്കാൾ ഇങ്ങോട്ടുള്ള യാത്രകൾ അതിനു വേണ്ടിയായിരുന്നു…

വൈകുന്നേരം തെരുവിലെ ഏതോ ഒരു തട്ടുകടയിൽ നിന്നും ചായ കുടിക്കുമ്പോഴാണ് അവളെ വീണ്ടും കണ്ടത്.. വേഷത്തിലോ ഭാവത്തിലോ വ്യത്യാസമില്ല.. പക്ഷെ കയ്യിൽ നിറഞ്ഞ് നിൽക്കുന്ന സ്വർണ്ണ വർണ്ണമാർന്ന പൂക്കൾ.. ഊട്ടിപ്പൂക്കൾ…

ആരെയും വാങ്ങാൻ നിർബന്ധിക്കുന്നില്ല..

ഇനിയിവൾ സംസാരിക്കില്ലേയെന്ന് ചിന്തിച്ച നിമിഷം,

പൂക്കൾ വാങ്ങി കാശ് കൊടുത്തയാളോട് അവളെന്തോ പതിഞ്ഞ ശബ്ദത്തിൽ പറയുന്നത് കേട്ടു…

പിറ്റേന്ന് രാവിലെയും ജനാലകൾ തുറക്കുമ്പോൾ ആ സ്ത്രീയുടെ ഉച്ചത്തിലുള്ള ശബ്ദമാണ് കാതുകളിൽ പതിഞ്ഞത്..

എത്തിനോക്കിയപ്പോൾ കണ്ടു ഒന്നും മിണ്ടാതെ നിൽക്കുന്നവളെ.. പക്ഷെ അടുത്ത നിമിഷം അവരുടെ മുഖത്തേയ്ക്ക് ഊക്കോടെ കൈവീശി അടിക്കുന്നവളെ കണ്ടു പകച്ചു പോയത് താനായിരുന്നു..

അനങ്ങാനാവാതെ നിൽക്കുന്ന അവരുടെ നേരെ ചൂണ്ടുവിരലുയർത്തി താക്കീത് പോലെ എന്തോ പറഞ്ഞു അവൾ അകത്തേയ്ക്ക് കയറിപ്പോയി..

മുറി പൂട്ടി പുറത്തേയ്ക്ക് ഇറങ്ങുമ്പോഴാണ് വീട്ടുടമസ്ഥനെ കണ്ടത്.. എന്തൊക്കെയോ സംസാരിച്ച കൂട്ടത്തിൽ കൗതുകം കൊണ്ടാണ് അടുത്ത വീട്ടുകാരെ പറ്റി ചോദിച്ചത്..

“നല്ല രീതിയ്ക്ക് പൊയ്ക്കൊണ്ടിരുന്ന ഒരു കുടുംബമായിരുന്നു സാറെ.. അപ്പനും അമ്മയും രണ്ടു കുട്ടികളും, ആറേഴ്‌ കൊല്ലം മുൻപ്,അമ്മ ഇവിടെ വന്ന ഏതോ ഒരുത്തന്റെ കൂടെ ഒളിച്ചോടിപ്പോയി..

അതോടെ ആ കുടുംബം തകർന്നു.. അയാള് മുഴുക്കുടിയനായി.. മൂത്ത ചെക്കൻ നാട് വിട്ടുപോയി.. മാവോയിസ്റ്റുകളുടെ കൂടെ ചേർന്നൂന്നൊക്കെയാ കേട്ടത്..

കുറച്ചു കഴിഞ്ഞപ്പോൾ അപ്പൻ വേറൊരു സ്ത്രീയെയും കൂട്ടി വന്നു, കൂടെ അവരുടെ രണ്ടു കൊച്ചുങ്ങളും..രാക്കമ്മയെന്ന രണ്ടാനമ്മ വന്നതോടേ, ആ കൊച്ചിന്റെ കാര്യം കഷ്ടത്തിലായി, പകലന്തിയോളം പണിയുമെടുക്കണം, ആ തള്ളയുടെ വായിലിരിക്കുന്നതൊക്കെ കേൾക്കണം.. കുറച്ചു കഴിഞ്ഞപ്പോൾ അപ്പനും കുടിച്ചു കുടിച്ചു ചത്തു..”

അയാൾ ശബ്ദം താഴ്ത്തി പറഞ്ഞു..

“ആ സ്ത്രീ, രാക്കമ്മ, അവരാള് ശരിയല്ല സാറെ.. ആ കൊച്ച് , കനി, അതിനെ പെഴപ്പിക്കാൻ നോക്കുവാണിപ്പോ.. കൊച്ചിനെ കാണാനിത്തിരി മെനയൊക്കെയുള്ളത് കൊണ്ടു പിന്നാലെ നടക്കുന്ന ചെറ്റകൾ വേറെ… അമ്മ വേലി ചാടിയത് കൊണ്ടു മോള് മതിൽ ചാടുമെന്ന് പറഞ്ഞു നടക്കുന്ന നാട്ടുകാര് തെണ്ടികളും..”

അയാൾ അമർഷത്തിൽ പറഞ്ഞു കൊണ്ടു എന്നെ നോക്കി..

“അതൊരു പാവം കൊച്ചാ സാറെ, ആരോടും ഒന്നും മിണ്ടത്തു പോലുമില്ല.. ഇതൊക്കെ കണ്ടു നിൽക്കാനല്ലാണ്ട് നമ്മള് എന്തോ ചെയ്യാനാ സാറെ..”

അയാളോട് യാത്ര പറഞ്ഞു പുറത്തേക്കിറങ്ങിയപ്പോൾ, പണ്ടെങ്ങോ നെഞ്ചിനുള്ളിൽ തറച്ചു കയറിയ കാരമുള്ളിന്റെ ചുറ്റും ചോരയൊഴുകുന്നുണ്ടായിരുന്നു, വർഷങ്ങൾക്കിപ്പുറവും…

ആൾക്കൂട്ടത്തിനിടയിൽ, തെരുവുകളിൽ, തടാകക്കരയിൽ പലവട്ടം താനവളെ കണ്ടു..

പതിയെ താനറിയാതെ തന്നെ മിഴികൾ അവളെ തിരഞ്ഞു തുടങ്ങിയിരുന്നു..

ആർക്കും മുന്നിലും വെളിപ്പെടുത്താതെ, കണ്ണുകളിൽ അവൾ ഒളിപ്പിച്ച ഭാവങ്ങൾ തന്റെ മിഴികൾ ഒപ്പിയെടുത്തിരുന്നു.. ക്യാമറക്കണ്ണുകളിൽ പല തവണ ആ രൂപം പതിഞ്ഞിരുന്നു..

എപ്പോഴൊക്കെയോ അവളുടെ കണ്ണുകളിൽ പൊടിഞ്ഞ കണ്ണുനീർതുള്ളികൾ ധൃതിയിൽ അവൾ തുടച്ചു മാറ്റുന്നതും …

അവളുടെ പിന്നാലെ ചുറ്റികറങ്ങിയിരുന്ന തന്റെ മിഴികളെ അവളും തിരിച്ചറിഞ്ഞിരുന്നുവെന്നതിന് തെളിവായിരുന്നു തന്നിലേയ്ക്ക് എത്തുന്ന കൂർത്ത നോട്ടങ്ങളും രൂക്ഷമുഖഭാവവും…

ആരെയും തന്നിലേയ്ക്ക് ഏത്താൻ അനുവദിക്കാതെ മൗനം കൊണ്ടു കോട്ട കെട്ടിയവൾ..

അന്ന് വൈകുന്നേരം,പതിവ് ചായയ്ക്കായി താൻ ഇരുന്നപ്പോഴാണ് ആ കാഴ്ച കണ്ടത്.. പൂക്കളുമായി നടക്കുന്ന കനിയുടെ അടുത്തേയ്ക്ക് ചെല്ലുന്ന ഒരാൾ… അലസമായി വസ്ത്രം ധരിച്ച, വെട്ടിയൊതുക്കാത്ത താടിയും മുടിയുമായി, സുന്ദരനായ ഒരു ചെറുപ്പക്കാരൻ..

ചായ കയ്യിലേയ്ക്ക് തരുന്നതിനിടയിൽ തന്റെ നോട്ടം പിന്തുടർന്ന ചായക്കടക്കാരൻ പറഞ്ഞു..

“അതാ പ്രാന്തൻ മുത്തുവാ സാറെ.. ഇവിടുത്തുകാരനൊന്നുമല്ല, വരത്തനാ.. ആകെയുള്ള പെങ്ങള് കൊച്ചിനെ ആരാണ്ടൊക്കെയോ പീഡിപ്പിച്ചെന്നോ, അവരെയൊക്കെ തട്ടിക്കളഞ്ഞെന്നോ, എന്നൊക്കെ കേട്ടു.. കേസൊന്നും തെളിഞ്ഞില്ല, കോടതി വെറുതെ വിട്ട്.. പ്രാന്തനല്ലേ..”

ഞാൻ ചായ കയ്യിൽ വാങ്ങിയപ്പോൾ,കയ്യിലെ വെള്ളം കുടഞ്ഞുകൊണ്ട് അയാൾ അവരെ നോക്കി തുടർന്നു …

“പ്രാന്തനാണേലും ഇവിടെല്ലാർക്കും അവനൊരു സഹായമാ, എല്ല് മുറിയെ പണിതോളും, തിന്നാനും കുടിയ്ക്കാനും മാത്രം കൊടുത്താൽ മതി..

ആരോടും ഒന്നും സംസാരിക്കത്തില്ലേലും ആ പെണ്ണിന്റെയടുത്ത് ഏതാണ്ടൊക്കെയോ പറയണത് കാണാം….”

അയാൾ അവരെ നോക്കിയൊന്ന് ചിരിച്ചു.. പിന്നെ ശബ്ദം താഴ്ത്തി..

“ആ പെണ്ണും അത്ര ശരിയല്ല സാറെ.. അതിന്റെ തള്ള ചാടിപ്പോയതാ… പിന്നെ ഇവളുടെ കാര്യം പറയണോ..”

അയാൾ വഷളൻ ചിരിയോടെ കണ്ണിറുക്കി കാണിച്ചതും കുടിച്ച ചായ തൊണ്ടയിൽ നിന്നും ഇറക്കാൻ പണിപ്പെട്ടുപോയിരുന്നു താൻ..

ധൃതിയിൽ പൈസയും കൊടുത്ത് ഇറങ്ങുമ്പോൾ കണ്ടു കനിയുടെ അടുത്ത് എന്തൊക്കെയോ കലപില സംസാരിക്കുന്ന പ്രാന്തൻ മുത്തുവിനെ..

അവൾ ഒന്നും തിരിച്ചു പറയാതെ അവൻ പറയുന്നതെല്ലാം കേട്ടു നിൽക്കുന്നുണ്ട്…

നടക്കുന്നിതിടെ തിരിഞ്ഞു നോക്കിയപ്പോൾ, കനിയുടെ കയ്യിലെ ഊട്ടിപ്പൂക്കളിൽ നിന്നൊരു പിടി വാരിയെടുത്ത് ചിരിക്കുന്ന മുത്തുവിനെ കണ്ടു..

അവളുടെ മുഖത്ത് ഭാവവ്യത്യാസം ഒന്നും കണ്ടില്ല…

രണ്ടു ദിവസം കഴിഞ്ഞു ആ മലനിരകളിൽ നിന്നും തിരികെയിറങ്ങുമ്പോൾ, സ്വർണ്ണവർണ്ണമാർന്ന, നേർത്ത ഇതളുകളുള്ള ഊട്ടിപ്പൂക്കളോടൊപ്പം കനി എന്ന പെണ്ണും മനസ്സിൽ തറഞ്ഞു കഴിഞ്ഞിരുന്നു.

മാസമൊന്ന് കഴിഞ്ഞിട്ടും മനസ്സിലെ കാർമേഘം പെയ്തൊഴിഞ്ഞു പോവാത്തത് തിരിച്ചറിഞ്ഞത് കൊണ്ടാവാം അച്ഛൻ പതിവില്ലാതെ ആ രാത്രിയിൽ തന്റെ മുറിയിൽ എത്തിയത്..

അച്ഛനരികെ കിടന്നപ്പോൾ താൻ പറഞ്ഞതൊക്കെയും അവളെ പറ്റിയായിരുന്നു.. ഊട്ടിപ്പൂവിന്റെ മണമുള്ള ആ പെണ്ണിനെ പറ്റി…

‘മനസ്സ് പറയുന്നത് പോലെ ചെയ്യൂ നിവി.. പക്ഷെ തീരുമാനങ്ങൾ തെറ്റായിരുന്നെന്ന് ഒരിക്കൽ തോന്നാൻ ഇട വരുത്തരുത്..”

ആ വാക്കുകളുടെ ബലത്തിലാണ് അവളെയും തേടി വീണ്ടും ആ കൊച്ചുവീടിന്റെ മുറ്റത്തെത്തിയത്..

പക്ഷെ ആൾ താമസമില്ലാത്ത പൂട്ടിക്കിടക്കുന്ന വീടും കരയിലകൾ നിറഞ്ഞ മുറ്റവുമായിരുന്നു എതിരേറ്റത്…

“ആ കൊച്ച് ഒരു രാത്രി എങ്ങോട്ടോ ഇറങ്ങിപ്പോയി സാറെ.. എന്തോ പ്രശ്നമൊക്കെ ഉണ്ടായെന്നാ കേട്ടത്… ഞങ്ങൾ ഇവിടെ ഇല്ലായിരുന്നു.. രാക്കമ്മയ്ക്ക് തലയ്ക്കു എന്തോ പരിക്ക് പറ്റി.. അവർ പിള്ളേരെയും കൊണ്ടു നാട്ടിലേയ്ക്ക് തിരിച്ചു പോയി..”

ഒന്നും പറയാനാവാതെ താൻ നിന്നു…

ആർക്കും അവളെ പറ്റി മറ്റൊന്നും തന്നെ അറിയില്ലായിരുന്നു.. നിസ്സഹായതയോടെ ആ മലനിരകളോട് യാത്ര പറയുമ്പോൾ മനസ്സാകെ ഇരുണ്ട മേഘങ്ങൾ നിറഞ്ഞിരുന്നു.. പെയ്തൊഴിയാതെ.

പിന്നെയും പല തവണ വന്നു പോയി ഇവിടേയ്ക്ക്..

വരാതിരിക്കാൻ ആവില്ലായിരുന്നു.. കണ്ണുകൾ തേടിയത് അവളെയായിരുന്നു..

ചാര നിറമുള്ള കണ്ണുകളും ആ കൂർത്ത നോട്ടവും ഉള്ളിൽ അങ്ങനെ നിന്നു..

❤❤❤❤❤❤❤❤

ഇത്തവണ നാട്ടിലേയ്ക്കുള്ള മടക്കം ഇതുവഴിയായത് കൊണ്ടാണ് ഇവിടെ ഒരു ദിവസം തങ്ങാമെന്ന് കരുതിയത്..

സീസണായത് കൊണ്ടു,മുറികളൊന്നും ഒഴിവുണ്ടാവില്ലെന്ന് അറിയാവുന്നതിനാൽ ,

ഇടയ്ക്കിടെയുള്ള യാത്രകൾക്കിടെ അവിടെ പരിചയപ്പെട്ട സന്തോഷേട്ടനെ വിളിച്ചു..

വീടിന്റെ ഒരു വശം അതിഥികൾക്കായി ഒരുക്കിയ കോട്ടേജാണ് കിട്ടിയത്..

തിരക്കുകളിൽ നിന്നൊഴിഞ്ഞു ശാന്തമായ ഒരിടം.. അവിടവിടെയായി കുഞ്ഞ് കുഞ്ഞ് വീടുകൾ..

വൈകുന്നേരം പുറത്തേക്കിറങ്ങുമ്പോൾ മുള്ളു വേലിയ്ക്കപ്പുറം നിറയെ പൂവിട്ടു നിൽക്കുന്ന പലതരം പൂച്ചെടികൾ കൊണ്ടു വസന്തം തീർത്ത മുറ്റവും ആ കൊച്ചു വീടും കണ്ടു..

വെറുതെ നടക്കാനിറങ്ങി തിരിച്ചെത്തുമ്പോൾ രാത്രിയായിരുന്നു…. നാളെ രാവിലെ തിരിച്ചു പോവണമല്ലോയെന്ന് കരുതി നേരത്തെ കിടന്നു…

തണുപ്പും കൂടുതലായിരുന്നു..

രാവിലെ എഴുന്നേൽക്കാൻ ഇത്തിരി വൈകിയെങ്കിലും ഫ്രഷായി പുറത്തേക്കിറങ്ങി.. അലസമായ നടത്തത്തിനൊടുവിലൊരു ചായയും കുടിച്ചു വീണ്ടും താമസസ്ഥലത്തേയ്ക്ക് നടന്നു..

മുറ്റത്ത് നിന്നും പുറത്ത് കൂടെ മുകളിലെ മുറിയിലേയ്ക്കുള്ള ഗോവണിപ്പടികൾ കയറാൻ തുടങ്ങുമ്പോഴാണ് അടുത്ത വീട്ടിലേയ്ക്ക് നോട്ടമെത്തിയത്.. വേഗമേറുന്ന നെഞ്ചിടിപ്പോടെ അങ്ങനെ നിന്നു പോയി…

വാതിൽ പൂട്ടി ഇറങ്ങുന്ന പെണ്ണിനെ കാത്ത് അക്ഷമയോടെ,മുറ്റത്ത് നിൽക്കുന്നയാൾക്ക് മുത്തുവിന്റെ ഛായയായിരുന്നു.. ആ പെണ്ണിന് കനിയുടെയും..

ഞാൻ ഗോവണിപ്പടികളിൽ അന്തം വിട്ട് നിൽക്കുന്നത് കണ്ടാണ് കോട്ടേജിന്റെ മുറ്റം വൃത്തിയാക്കി കൊണ്ടിരുന്ന സ്ത്രീ എത്തി നോക്കിയത്.

“അത് ഇവിടെ അടുത്തുള്ള തേയില ഫാക്റ്ററീലെ ജോലിക്കാരാ സാറെ..”

“അവര്.. അവർ..”

എന്റെ മുഖഭാവം കണ്ടു സംശയത്തോടെ എന്നെ നോക്കിയവർ പറഞ്ഞു..

“ഒരു കൊല്ലത്തോളമായി അവർ അവിടെ പൊറുതി തൊടങ്ങിയിട്ട്.. ആ ചെക്കന് എന്തോ ഇത്തിരി തകരാറുണ്ട്.. പക്ഷെ സ്നേഹള്ളോനാ, ആ പെങ്കൊച്ചിനെ പൊന്നു പോലാ നോക്കുന്നെ..”

അവരൊന്നു ചിരിച്ചു..

“എങ്ങാണ്ട്ന്നോ വന്നതാ, ആ പെങ്കൊച്ചിന്റെ രണ്ടാനമ്മ അതിനെ ആർക്കോ വിൽക്കാൻ നോക്കിയപ്പോൾ അവരെ അടിച്ചിട്ടോണ്ട് അതിനെയും കൂട്ടി രക്ഷപ്പെട്ടു വന്നതാ.. പാവത്തുങ്ങളാ….”

അവരോട് ഒന്നു ചിരിച്ചിട്ട്,ഒന്നും പറയാതെ ഞാൻ ഗോവണിപ്പടികൾ കയറി മുകളിലെത്തി..

അച്ഛനെ വിളിച്ചു നാളെയെ എത്തുകയുള്ളൂവെന്ന് പറഞ്ഞു…

വെറുതെ റൂമിൽ ചടഞ്ഞു കൂടിയിരുന്നു.. ഇടയ്ക്കിടക്ക് അടുത്ത വീട്ടിലെ അടഞ്ഞു കിടന്ന വാതിലിലേയ്ക്ക് എത്തി നോക്കി…

സന്ധ്യയാവാറായിരുന്നു അവർ തിരിച്ചെത്തുമ്പോൾ..

മുറ്റത്ത് നിന്നും അകത്തേയ്ക്ക് കയറാൻ തുടങ്ങുമ്പോൾ മുത്തുവിന്റെ കൈകൾ അവളെ ചുറ്റിപ്പിടിക്കുന്നത് ഞാൻ കണ്ടു.. അവനെ തിരിഞ്ഞു നോക്കിയ കനിയുടെ ചാരക്കണ്ണുകളിലെ പ്രണയവും

അവളുടെ കൊച്ചുലോകത്തിൽ അവൾ സന്തോഷവതിയാണ്…അത് മതി…

പെട്ടെന്നൊരു നാൾ കണ്ട, ഒരു വാക്ക് പോലും സംസാരിക്കാത്ത ഒരു പെൺകുട്ടിയെ പറ്റി ആവേശത്തോടെ സംസാരിച്ചതിനെയോ,അവളെ കാണാതായപ്പോൾ വേവലാതിയോടെ തിരഞ്ഞു നടന്നതിനെയോ പറ്റി ഒരിക്കലും അച്ഛൻ എന്നോട് ചോദിച്ചിരുന്നില്ല..

ഏഴാം വയസ്സിലാണ് പെട്ടെന്നൊരു നാൾ ഞാൻ ആ വാക്കുകൾ കേൾക്കുന്നത്.. സഹപാഠിയിൽ നിന്നും.

അമ്മയെ പറ്റി എന്തോ ചോദിച്ച, പുതുതായി ജോയിൻ ചെയ്ത ആനിടീച്ചറുടെ മുൻപിൽ തല കുനിച്ചു നിൽക്കുമ്പോൾ കേട്ടു,അടക്കി പിടിച്ച ചിരികൾക്കൊപ്പം ആ വാക്കുകൾ…

“അതിന് ഓന് അമ്മയില്ല ടീച്ചറെ, ഓന്റെ അമ്മ ആര്ടെയോ ഒപ്പം ഒളിച്ചോടിപ്പോയി..”

ചുറ്റും നിറഞ്ഞ പൊട്ടിച്ചിരികൾക്കൊപ്പം തല കുനിച്ചു നിന്നിരുന്ന തന്റെ കണ്ണുകളിൽ നിന്നും രണ്ടു തുള്ളികൾ ഇറ്റ് വീണിരുന്നു…

അപമാനത്തിന്റെ തീച്ചൂളയിൽ വെന്തുരുകിയ കാലം.. തനിയ്ക്കൊപ്പം അച്ഛനും..അമ്മയെന്ന വാക്കിനോളം വെറുപ്പ് തോന്നിയ മറ്റൊന്നില്ല..

ആരുടെയോ തെറ്റിന്, സ്വാർത്ഥതയ്ക്ക് കുത്തുവാക്കുകൾ മാത്രം കേൾക്കേണ്ടി വന്ന രണ്ടു ജന്മങ്ങൾ…താനും അച്ഛനും..

അച്ഛൻ തളർന്നില്ല.. താങ്ങായി തണലായി കൂടെ നിന്നു.. തലയുയർത്തി പിടിച്ചു തന്നെ നടക്കാൻ പഠിപ്പിച്ചു..

പിറ്റേന്ന് രാവിലെ ചായ കുടിയ്ക്കാൻ പോയി ധൃതിയിലാണ് കോട്ടേജിലേയ്ക്ക് നടന്നത്..

തിരിച്ചു പോകണം,നേരം വൈകും മുൻപേ..അച്ഛൻ കാത്തിരിപ്പുണ്ടാകും..

എന്തോ ആലോചനയിൽ നിന്നും പെട്ടെന്ന് മുഖമുയർത്തിയപ്പോഴാണ് എതിരെ വരുന്നവരെ കണ്ടത്…

കനിയും മുത്തുവും..

നീലയിൽ ചെറിയ വെളുത്ത പൂക്കളുള്ള സാരി ചുറ്റിയ അവളുടെ ,മെടഞ്ഞിട്ട നീണ്ട മുടിയിൽ മുല്ലപ്പൂക്കളോട് ഇടകലർന്ന കനകാംബരവും ഉണ്ടായിരുന്നു..

അരുണാഭമായ കവിൾത്തടങ്ങളും, നെറ്റിയിലെ ചുവന്ന വലിയ പൊട്ടും, സീമന്ത രേഖയിലെ സിന്ദൂരവും, കഴുത്തിൽ മഞ്ഞച്ചരടിലെ താലിയും…

ഈ പെണ്ണ് എന്റെ മനസ്സിൽ പതിഞ്ഞു പോയ,ഊട്ടിപ്പൂവിന്റെ മണമുള്ള ആ കനിയായിരുന്നില്ല…

മുത്തുവിനും മാറ്റങ്ങൾ ഉണ്ടായിരുന്നു.. വെട്ടിയൊതുക്കിയ താടിയും തലമുടിയും, വൃത്തിയുള്ള വസ്ത്രങ്ങളും മുഖത്തെ ചിരിയും…

എന്തൊക്കെയോ പറഞ്ഞു കൊണ്ടു എന്നെ കടന്നവർ നടക്കുമ്പോഴാണ് പൊടുന്നനെയവൾ മുഖമുയർത്തിയത്.. ഒരുമാത്ര അവളുടെ മുഖമൊന്നു ചുളിഞ്ഞത് ഞാൻ കണ്ടു..

മുൻപോട്ട് രണ്ടു മൂന്ന് ചുവടുകൾ വെച്ചിട്ടാണ് ഞാനൊന്ന് തിരിഞ്ഞു നോക്കിയത്..

ആ നിമിഷം അവളും ഒന്നു തല ചെരിച്ചിരുന്നു..

മിഴികൾ ഇടഞ്ഞ നിമിഷം അവളുടെ മുഖമൊന്നു വിടർന്നു.. കണ്ടതിൽ പിന്നെ ആദ്യമായി അവളുടെ മുഖത്തൊരു ചിരി തെളിയുന്നത് ഞാൻ കണ്ടു..

അന്ന് വരെ ഞാൻ കണ്ടതിൽ വെച്ചേറ്റവും മനോഹരമായൊരു ചിരി…

അടുത്ത നിമിഷം മുത്തുവിന്റെ കൈകൾ അവളുടെ ചുമലിലൂടെ ചുറ്റിയിരുന്നു.. ഒരിക്കൽ കൂടെ എന്നെ നോക്കിയവൾ അവരുടേതായ ലോകത്തിലേയ്ക്ക് മുഖം തിരിയ്ക്കുമ്പോൾ എന്റെ ചുണ്ടുകളെയും തേടിയൊരു പുഞ്ചിരി വിരുന്നെത്തിയിരുന്നു…

തിരികെയിറങ്ങുമ്പോൾ പതിയെയാണ് ഞാൻ വണ്ടിയോടിച്ചത്.. ചുണ്ടുകളിൽ തത്തിക്കളിച്ച മൂളിപ്പാട്ടോടു കൂടെ റോഡിനോരം ചേർന്നു വണ്ടി നിർത്തുമ്പോൾ താഴെയുള്ള മരച്ചില്ലകളിലേയ്ക്കായിരുന്നു എന്റെ ക്യാമറക്കണ്ണുകൾ പതിഞ്ഞത്..

ആ കിളിക്കൂട്ടിൽ കുഞ്ഞുകിളികളുടെ വായിലേയ്ക്ക് ആഹാരം വെച്ചു കൊടുക്കുന്ന അമ്മക്കിളിയെയും,അവരെ ചുറ്റിപ്പറ്റി മരച്ചില്ലയിൽ ഇരുന്നിരുന്ന ആൺകിളിയെയും ഞാൻ കണ്ടു…

ചിരിയോടെ വീണ്ടും വണ്ടി സ്റ്റാർട്ട്‌ ചെയ്ത് താഴ്‌വാരത്തിലേയ്ക്ക് ഇറങ്ങുമ്പോൾ എന്റെ മനസ്സിലെ കാർമേഘങ്ങൾ പെയ്തു തോർന്നു കഴിഞ്ഞിരുന്നു…

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : സൂര്യകാന്തി


Comments

Leave a Reply

Your email address will not be published. Required fields are marked *