എന്റെ കുഞ്ഞിന് വെച്ച ബിസ്ക്കറ്റ് മൊത്തം തിന്നു… ഇതാ ഞാൻ വീട്ടിലേക്കു വരാത്തത്…

രചന: തൻസീഹ്‌ വയനാട്

“അമ്മാ…… ഈ മഹേഷിനെ ഇവിടെ നിന്നൊന്നു കൊണ്ട് പോകോ…?എന്റെ കുഞ്ഞിന് വെച്ച ബിസ്ക്കറ്റ് മൊത്തം തിന്നു.ഇതാ ഞാൻ വീട്ടിലേക്കു വരാത്തത്.”

അരിഷത്തോടെ മഹേഷിന്റെ അനിയന്റെ ഭാര്യ മിത്ര പറയുന്നത് കേട്ട് അടുക്കളയിൽ നിന്നും സുമിത്ര ഓടി അവരുടെ മുറിയിലേക്ക് വന്നപ്പോൾ കണ്ട കാഴ്ച്ച ബുദ്ധിക്ക് സ്ഥിരത ഇല്ലാത്ത മൂത്തമകൻ കുഞ്ഞിന് വെച്ചിരുന്ന ബിസ്ക്കറ്റ് ആർത്തിയോടെ തിന്നുന്നത് ആണ്.

മിത്ര മഹേഷിനെ രൂക്ഷമായി നോക്കിക്കൊണ്ടു തൊട്ടപ്പുറത്തു നിൽക്കുന്നുണ്ട്.

“ഇതിനെ വിളിച്ചു കൊണ്ടു പോകുന്നുണ്ടോ അമ്മ….മനുഷ്യന് ഇടങ്ങേർ ഉണ്ടാക്കാൻ.എത്രവട്ടം രമേഷേട്ടനോട് പറഞ്ഞത് ആണ് വീട് മാറാം എന്ന്. അപ്പൊ അങ്ങേര് വീട്ടുകാരോടുള്ള സ്നേഹം..”

മിത്രയുടെ സ്വരം ഉറച്ചതായിരുന്നു.

“വീട് മാറുന്ന കാര്യം പറയാൻ മാത്രം ഇപ്പൊ എന്താ ഉണ്ടായത്..നീ അതികം കിടന്നു നിഗളിക്കണ്ട ബിസ്ക്കറ്റ് എടുത്തു എന്നല്ലേയുള്ളു.മഹേഷേ…ഇവിടെ നിൽക്കണ്ട നീ ഇങ്ങു വാ. നിനക്ക് ഞാൻ എന്തെങ്കിലും കഴിക്കാൻ തരാം”

കഴിക്കാൻ തരാം എന്നു പറഞ്ഞപ്പോൾ മഹേഷിന്റെ കണ്ണു വിടർന്നു.

“സത്യായിട്ടും കഴിക്കാൻ തരോ…?”

അവൻ ആശ്ചര്യത്തോടെ ചോദിച്ചു.

“തരാം നീ ….വാ..”

മഹേഷ് കയ്യിലുള്ള ബിസ്ക്കറ്റ് മൊത്തം വായയിലേക്ക് ഇട്ടു കൊണ്ടു ഇരുന്ന് ഇടത്തു നിന്നും എഴുന്നേറ്റു .സുമിത്രയുടെ അടുത്തേക്ക് നടക്കുന്നതിനിടയിൽ അനിയൻ രമേശിന്റെ കുഞ്ഞു കട്ടിലിൽ കിടക്കുന്നത് കണ്ടപ്പോൾ അവന്റെ അടുത്തേക്ക് ചെല്ലാൻ നിൽക്കുന്നതിന് മുൻപ് മിത്ര വന്നു കുഞ്ഞിനെ എടുത്തു.

“എന്റെ കുഞ്ഞിന്റെ അടുത്തേക്ക് വന്നിട്ട് വേണം അവനു കൂടി രോഗം പകരാൻ”

മിത്ര പിറുപിറുത്തു.

“ഇത്രക്ക് ദുഷ്ട്ട ആകരുത്. എല്ലാവരെയും ദൈവം ഒരു പോലെ സൃഷ്ട്ടിക്കും എന്നു വരില്ല..

നിനക്കും ഉണ്ടല്ലോ ഒരു മകൻ ”

അവളുടെ പിറുപിറുക്കൽ കേട്ട് സുമിത്ര പറഞ്ഞു.

“തള്ള ശപിക്കുകയാണോ…?നിങ്ങൾക്കോ ഈ ഗതി വന്നു.ഇനി എനിക്ക് കൂടി വരാൻ…”

“ശപിച്ചത് അല്ല പറഞ്ഞത് ആണ് ,ഒന്നു മനസ്സിലാക്കാൻ വേണ്ടി മാത്രം”

എന്നും പറഞ്ഞു കൊണ്ട് സുമിത്ര മഹേഷിനെയും വിളിച്ചു കൊണ്ടു ആ മുറിയിൽ നിന്നും ഇറങ്ങി.

അവർ ഇറങ്ങിയ ഉടനെ മിത്ര കതക് കൊട്ടിയടച്ചു.

കാതടപ്പിക്കുന്ന ശബ്ദം കാതിൽ വന്നു പതിഞ്ഞപ്പോൾ അവർ നിസ്സഹായമായി തിരിഞ്ഞു നോക്കി.

ആരുടെ മുമ്പിലും പതറാതെ വാക്കുകൾ കൊണ്ട് കസർത്തുമെങ്കിലും ആ മാതൃഹൃദയം കരയുകയായിരുന്നു ബുദ്ധി വളർച്ച ഇല്ലാത്ത തന്റെ മകനെ ഓർത്ത്.

ആദ്യത്തെ കണ്മണിയെ കൈക്കുമ്പിളിൽ എടുത്തു വളർത്തിയ മാതാപിതാക്കൾ അറിഞ്ഞില്ല അവന്റെ ബുദ്ധിവൈകല്യം.വളരും തോറും അവർ അത് മനസ്സിലാക്കി വന്നു.ആദ്യമാദ്യം വളരെ ഉപദ്രവകരിയായിരുന്നു. കുട്ടികളെ എല്ലാം ഉപദ്രവിക്കുന്നത് കൊണ്ടു സ്കൂൾ പഠനം നിർത്തി.

പിന്നീട് വൈലന്റ് ആകുന്നത് കുറഞ്ഞു വന്നു.എപ്പോഴും എന്തെങ്കിലും തിന്നാൻ കിട്ടണം.

മഹേഷിന്റെ ബുദ്ധി വൈകല്യം കാരണം അവൻ ജനിച്ചതിന് രണ്ടുവര്ഷങ്ങൾക്കു ശേഷം ജനിച്ച അനിയൻ രമേശ് ആദ്യം വിവാഹം ചെയ്‌തു.

ഇങ്ങനെ ഒരു ഏട്ടൻ ഉള്ള കാര്യം മിത്ര വീട്ടിലേക്കു വന്നതിനു ശേഷം ആയിരുന്നു അറിഞ്ഞത്.അതിന്റെ നീരസവും ദേഷ്യവും പ്രകടിപ്പിക്കാത്ത ദിവസങ്ങൾ ഇല്ല അവൾക്ക്.

2 വർഷങ്ങൾക്കു മുൻപ് ഭർത്താവ് മരിച്ചപ്പോൾ സുമിത്ര ഒന്നുകൂടി ഒറ്റപ്പെടുകകയായിരുന്നു.

“ഇനി താൻ കൂടി ഈ ലോകത്തിൽ നിന്നും പോയാൽ തന്റെ മകന് ആരാ കൂട്ടുള്ളത്?അവൻ എങ്ങനെ ജീവിക്കും ആരു നോക്കും അവനെ”

അവരുടെ ഹൃദയത്തെ വിങ്ങിപ്പൊട്ടി കണ്ണിൽ നിന്നും അശ്രുക്കൾ പൊഴിഞ്ഞു. ആർത്തു കരയാൻ കഴിയാതെ തേങ്ങൽ അടക്കി കൊണ്ടു പാത്രത്തിലെ ബാക്കി ചോറ് അവർ മഹേഷിന് വാരികൊടുത്തു….

ആ ചോറുരുളയിൽ അല്പം വിഷം ചേർത്തു രണ്ടുപേരും സമാസമം കഴിച്ചാലോ എന്നവർ ചിന്തിച്ചു.28 വയസ്സായ തന്റെ മകന്റെ നിഷ്കളങ്കമായ നോട്ടത്തിനു മുന്നിൽ അവർ ആ ചിന്തയെ ഉപേക്ഷിച്ചു.

രാത്രിയുടെ യാമങ്ങളിൽ മകന്റെ മുടി ഇഴകൾ തലോടി കൊണ്ടു ഒരു താരാട്ടു പാട്ടിന്റെ ഈണത്തിൽ അവർ അവനെ ഉറക്കി….

ഏറെ വൈകിയാണ് സുമിത്ര അന്ന് ഉറങ്ങിയത്.

സൂര്യൻ എണീക്കുന്നതിനു മുൻപ് എണീക്കുന്ന അവർ രാവിലെ 7 മണി ആയിട്ടും എഴുന്നേറ്റിട്ടില്ല.

മഹേഷ് എഴുന്നേറ്റു അവരെ ഉറക്കെ ഉറക്കെ വിളിക്കുന്നുണ്ട്.

“അമ്മേ …എഴുന്നേൽക്ക് അമ്മേ… അമ്മ എന്താ എണീക്കാത്തെ… നിക്ക് വിശക്കുന്നു അമ്മേ …എഴുന്നേക്ക്”

എത്ര വിളിച്ചിട്ടും സുമിത്ര എഴുന്നേറ്റില്ല. അവന്റെ വിളി കണ്ണുനീരിൽ കുതിർന്നു.

മഹേഷിന്റെ ശബ്ദം കേട്ട് മിത്രയും ഓടി വന്നു.

അമ്മ കുറച്ചു കഴിഞ്ഞാൽ എണീക്കും എന്നായിരുന്നു അവൾ കരുതിയത് .അതായിരുന്നു അവൾ വിളിക്കാൻ വരാതിരുന്നത്.

അവൾ വന്നു നോക്കിയപ്പോൾ അവരുടെ ശ്വാസം നിലച്ചതായി മനസ്സിലായി. എന്തു ചെയ്യണം എന്നറിയാതെ വെപ്രാളപ്പെട്ടു അവൾ നിന്നു.അവസാനം തൊട്ടടുത്ത അയൽവാസിയെ വിളിച്ചു പറഞ്ഞു

പിന്നീട് എല്ലാ കാര്യങ്ങൾക്കും ഓടി നടന്നത് അയൽവാസികൾ ആയിരുന്നു.ഗൾഫിലുള്ള രമേശിനെ വിളിച്ചു പറഞ്ഞതും അടുത്തുള്ള ബന്ധുക്കളെ അറിയിച്ചതും വേണ്ടത് എല്ലാം ചെയ്തതും.

കുറച്ചു നിമിഷങ്ങൾക്ക് ശേഷം ആ വീട്ടിൽ ജനം നിറഞ്ഞു.

സുമിത്രയെ കിടത്തിയിരിക്കുന്നതിന്റെ തൊട്ടടുത്തായി മഹേഷ് ഇരുന്നു അവളെ വീണ്ടും വിളിക്കുകയാണ് .

“അമ്മേ…….അമ്മ മരിച്ചിരിക്കാണോ?എല്ലാരും പറയുന്നു. എന്റെ അമ്മ എന്നെ വിട്ടു പോകുവാ.

സമ്മതികൂല ഞാൻ അമ്മ എന്നെ വിട്ടു പോകാൻ…”

അവിടെ കൂടിയവർ എല്ലാം സഹതാപത്തോടെ ആ കാഴ്ച നോക്കി നിന്നു .

കൂട്ടം കൂടി നിന്നവർ എല്ലാം സുമിത്രയുടെ നന്മകൾ മാത്രം പറഞ്ഞു.ഒപ്പം ഇനിയുള്ള മഹേഷിന്റെ അവസ്ഥ ഓർത്തു വിലപിച്ചു.

അതിൽ ആരൊക്കെയോ സമിത്രയുടെ മരണം സൈലന്റ് അറ്റാക്ക് ആക്കി.

അകത്തെ മുറിയിൽ കരഞ്ഞു കൊണ്ടിരുന്ന മിത്രയുടെ ഉള്ളിൽ ഇനി മഹേഷിന്റെ ചുമതല തന്റെ മേലേക്ക് വരുമോ എന്ന ഭയം ആയിരുന്നു.

മിത്രയുടെ വീട്ടിൽ നിന്ന് അവളുടെ അമ്മയും അനിയത്തിയും അച്ഛനും എത്തിയിരുന്നു.അനിയത്തി ലക്ഷ്മിയുടെ കയ്യിൽ മിത്രയുടെ കുഞ്ഞായിരുന്നു.

മഹേഷിന്റെ കരച്ചിൽ കേട്ടപ്പോൾ ലക്ഷ്മി കുഞ്ഞിനെ അമ്മക്ക് കൊടുത്തു അവിടേക്ക് ചെന്നു.

സുമിത്രയുടെ അരികിൽ ഇരുന്നു കരയുന്ന മഹേഷിനെ കണ്ടപ്പോൾ അവളുടെ കണ്ണൊന്നു നിറഞ്ഞു.

വൈകുന്നേരം ആയപ്പോഴേക്കും ഗൾഫിൽ ഉള്ള രമേശ് വീട്ടിലേക്കു എത്തിചേർന്നു

അവൻ വന്നതിനു ശേഷം ആയിരുന്നു അടക്കം തീരുമാനിച്ചത്.മൂത്തമകനു ബുദ്ധിക്ക് വളർച്ച ഇല്ലാത്തത് കൊണ്ട് തന്നെ അനിയനോട് കർമ്മം ചെയ്യാൻ പറഞ്ഞപ്പോൾ രമേശ് അതിനു സമ്മതിച്ചില്ല.

മഹേഷിനെ കൊണ്ടു തന്നെ ചെയ്യിക്കണം എന്നു പറഞ്ഞു.

“ഏട്ടൻ ചെയ്യണം ..അതാണ് അമ്മക്കും ഇഷ്ട്ടം.”

അവന്റെ വാക്കുകൾ ഇഷ്ടമായില്ലെങ്കിലും എല്ലാവരും ശരിവെച്ചു.

മഹേഷിനെ കുളിപ്പിച്ചു ഒറ്റമുണ്ട് ഉടുത്തു കർമ്മങ്ങൾ ചെയ്യാൻ കൊണ്ടു വന്നു. ആദ്യത്തെ പടികൾ എല്ലാം അവൻ പറഞ്ഞപോലെ ചെയ്തു.പക്ഷെ അവസാനം അമ്മക്ക് ചിത കൊളുത്താൻ നേരം അവൻ ചെയ്യില്ല എന്നു പറഞ്ഞു പിന്മാറി.

“ഇല്ല ഞാൻ എന്റെ അമ്മയെ കത്തിക്കില്ല. എനിക്ക് എന്റെ അമ്മയെ ഉള്ളു”…

മഹേഷ് പിന്തിരിഞ്ഞു നടക്കാൻ ഒരുങ്ങിയപ്പോൾ രമേശ് അവന്റെ കയ്യിൽ പിടിച്ചു ചിതക്ക് തീ കൊളുത്തി…….

ചിത കത്തുന്നത് കണ്ടപ്പോൾ അമ്മേ എന്നു വിളിച്ചു മഹേഷ് അതിലേക്കു ചാടാൻ നിന്നപ്പോൾ രമേശ് പിടിച്ചു വെച്ചു. അവന്റെ സങ്കടവും ദേഷ്യവും രമേശിന്റെ ദേഹത്തു അടിച്ചു കൊണ്ടു ആർത്തു കരഞ്ഞു തീർക്കുക ആയിരുന്നു മഹേഷ്..എല്ലാം സഹിച്ചു കൊണ്ടു ഉള്ളിൽ ഉരുകി തീരുക ആയിരുന്നു രമേശ്…

തൊടിയിൽ സുമിത്രയുടെ ചിതയുടെ കനൽ എരിയുന്നതിന് മുൻപ് തന്നെ വീട്ടിലെ ആളും ആരവുവും ഒഴിഞ്ഞിരുന്നു.

മിത്രയുടെ കുടുംബവും ചില ബന്ധുക്കളും മാത്രം ബാക്കിയായി.

എല്ലാവരും മൂകമായി ഇരിക്കുമ്പോൾ ഒരാൾ മാത്രം അമ്മേ എന്നു വിളിച്ചു കരഞ്ഞു…

“അമ്മേ…….അമ്മേ…വാ അമ്മേ…..”

ചിതയിൽ തീകൊളുത്തി മുതൽ താൻ അമ്മയെ കത്തിച്ചു എന്നു പറഞ്ഞു കരയുകയാണ് അവൻ.

കരയുന്ന അവന്റെ ശബ്ദം കേട്ടത് കൊണ്ട് രമേശ് അവന്റെ അടുക്കലേക്ക് ചോറുമായി വരുന്നതിനു മുമ്പ് ലക്ഷ്മി ചോറുമായി മഹേഷിന്റെ അടുത്തു എത്തിയിരുന്നു.

അവൾ അവനു ചോറ് വാരി കൊടുക്കുക ആയിരുന്നു.

ആദ്യത്തെ ഉരുള അവൾ നീട്ടിയപ്പോൾ അവൻ അമ്മ വാരി തന്നാലെ ഞാൻ കഴിക്കു എന്നു പറഞ്ഞു.

“മഹേഷേട്ടന്റെ അമ്മ പറഞ്ഞിട്ടാ ഞാൻ വന്നേ ,ഇനി മുതൽ മഹേഷേട്ടന്റെ അമ്മയാണ് ഞാൻ”

“ഇല്ല നീ എന്റെ അമ്മ അല്ല ….എന്റെ അമ്മക്ക് ഒരു പ്രത്യേക മണം ഉണ്ട്.എന്റെ അമ്മ എന്റെ മുടിയിൽ തലോടും അല്ലോ…..ഞാൻ എന്റെ അമ്മയെ കത്തിച്ചു. എന്റെ അമ്മക്ക് വേദനിച്ചിട്ടുണ്ടാവില്ലേ അപ്പൊ”

അവന്റെ വാക്കുകൾ കേട്ട് ലക്ഷ്മിയുടെ മിഴികൾ നിറഞ്ഞു.അവൾ അത് തുടച്ചു കൊണ്ടു ബാക്കിയുള്ള ചോറ് അവനു കൊടുത്തു.ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് അവൻ അത് കഴിച്ചു.

കഴിക്കുന്നതിനിടയിൽ മഹേഷ് അവളോട്‌ ചോദിച്ചു.

“ഞാൻ ഇനി അമ്മ എന്നു വിളിച്ചോട്ടെ..?”

“മഹേഷ്ട്ടൻ എന്നെ അമ്മ എന്നു തന്നെ വിളിച്ചോളൂ …ഞാൻ എന്നും മഹേഷേട്ടന്റെ കൂടെ ഉണ്ടാവും”

അവളുടെ വാക്കുകൾ കേട്ട് പിന്നിൽ നിന്ന രമേശിന്റെ കണ്ണു നിറഞ്ഞു. അവൻ കണ്ണുനീർത്തുള്ളികൾ തുടച്ചു കൊണ്ടു തിരിഞ്ഞു നോക്കിയപ്പോൾ ലക്ഷ്മിയുടെ അച്ഛനും ആ കാഴ്ച കണ്ടു നിൽക്കുക ആണ്.രമേശ് നിസ്സഹായമായി അയാളെ നോക്കിയപ്പോൾ അയാൾ അവനെ നോക്കി സ്വാർത്ഥതയില്ലാത്ത ഒരു പുഞ്ചിരി നൽകി.ആ പുഞ്ചിരിയിൽ പ്രതീക്ഷകളുടെ ഒരു വെട്ടം ഉണ്ടായിരുന്നു……

ആകാശത്ത് പ്രത്യക്ഷമായ പുതിയ നക്ഷത്രം മകന് കാവലായി വന്ന പുതിയ വസന്തത്തെ മതിവരാതെ നോക്കുക ആയിരുന്നു ആ നിമിഷം.

ലൈക്ക് കമന്റ്‌ ചെയ്യണേ

അവസാനിച്ചു…

രചന : തൻസീഹ്‌ വയനാട്


Comments

Leave a Reply

Your email address will not be published. Required fields are marked *