മക്കളെല്ലാം ജോലിക്കാര്യം പറഞ്ഞു പിരിഞ്ഞു പോകുകയാണ്. ഇനി ഞാൻ ഇവിടെ ഒറ്റക്കാവും

രചന : Aysha Akbar

“ഇനി കുട്ട്യോളും കൂടി പോയാ ജ്ജ് ഒറ്റക്കായില്ലേ……വീരാനെ ഇത്ര വേഗം പടച്ചോൻ വിളിക്കുന്ന് ഞാൻ കര്തീല സൈനാ…..”

ഒരു നെടുവീർപ്പിന്റെ സഹായത്താൽ അവരതിനെ ഭംഗിയായി പറഞ്ഞു നിർത്തി……..

കണ്ണ് നീർ ഉണങ്ങി നിൽക്കുന്ന തന്റെ കവിളുകളെ വീണ്ടും തഴുകാനെന്ന വണ്ണം മിഴികൾ പെയ്തു തുടങ്ങി……

കയ്യിലെ ഗ്ലാസിൽ അവസാനമായുണ്ടായിരുന്ന ഒരു മുറുക്ക്‌ കട്ടൻ ചായ കൂടി മോന്തിയിട്ട് തന്റെ ഉദ്ദേശം നടന്നെന്ന തൃപ്തിയോടെ പാത്തുമ്മാത യാത്ര പറഞ്ഞിറങ്ങി…….

അതേ അവർ പറഞ്ഞത് ശെരിയാണ്…. ഞാൻ ഒറ്റക്കാവാൻ പോകുകയാണ്…..

നല്ല പ്രായത്തിലെ തന്റെ ധൈര്യം കണ്ട് കുട്ട്യോൾടെ ഉപ്പ പല തവണ പറഞ്ഞിട്ടുണ്ട്…..

ബുദ്ധിള്ളോർക്കേ സൈനാ പേടിണ്ടാവു ന്ന്…….

ധൈര്യം കൂടുതൽ ഇല്ലെങ്കിലും ഒന്നിനെയും ഭയക്കാൻ തോന്നിയിട്ടില്ല…..

എന്നാൽ ഈ അറുപതിൽ ഞാൻ ഏകാന്തത യെ വല്ലാതെ ഭയക്കുന്നു…..

നഷ്ടപ്പെടലിന്റെ വേദനയെ ഒറ്റപ്പെടലിന്റെ വേദന കീഴ്പ്പെടുത്തുന്നു…

മരണം അവരെ കൊണ്ട് പോയതോടെ വല്ലാണ്ട് ഒറ്റപ്പെട്ടു ….

ഇനി മക്കൾ കൂടി പോയാൽ…….

ഞാൻ പഠിക്കാൻ മിടുക്കി ആയിരുന്നു എങ്കിലും എനിക്ക് ഒന്നും നേടാൻ ആയില്ല….

കുടുംബത്തിന്റെ ഉത്തരവാദിത്യം തന്റെ സ്വപ്നങ്ങളെ പാടെ തകർത്തെങ്കിലും മക്കളിലൂടെ അതെല്ലാം ഞാൻ സാധിച്ചെടുത്തു… പഠിക്കാൻ മൂന്നു പേരും മോശമായിരുന്നില്ലെന്നത് കൊണ്ട് തന്നെ അവരെയെല്ലാം പരമാവധി പഠിപ്പിച്ചു.. ഇന്നവരെല്ലാം നല്ല ജോലിക്കാരാണ്…….

എല്ലാവരും വിദേശത്തു കുടുംബവുമായി കൂടിയപ്പോൾ വല്ലാത്തൊരു അഭിമാനമായിരുന്നു…

നാലാള് കൂടുന്നിടതത്‌ മക്കളെല്ലാം വിദേശത്തു ആണെന്ന് പറയുമ്പോൾ ഒരു അഹങ്കാരമെന്നേ കീഴ്പ്പെടുത്തുകയായിരുന്നു…….ഇപ്പൊ ഇവിടെ നിന്നിറങ്ങിപ്പോയ പാത്തുമാത്ത ഉൾപ്പടെ പലരും തന്നെ അസൂയയോടെ നോക്കി കണ്ടിരുന്നു…..

എന്നാലിന്ന് അഭിമാനത്തിന് പകരം ആശങ്കയാണ് എന്നിൽ……

മക്കളെലാം ജോലിക്കാര്യം പറഞ്ഞു പിരിഞ്ഞു പോകുകയാണ്….. ഉമ്മാനോട് സ്നേഹമില്ലാനിട്ടല്ല….. എന്നാൽ അതിനേക്കാൾ പ്രിയപ്പെട്ടതായി അവർക്ക് മറ്റു പലതുമുണ്ട്……

ഇന്നലെ മൂത്ത മോൻ റഹീംമും ഇളയ മകൻ നവാസും എന്റെയടുത്തു വന്നു ഒത്തിരി നേരം പൊട്ടിക്കരഞ്ഞു…. ഉപ്പാന്റെ വേർപാടും ഉമ്മാന്റെ സങ്കടവും അവരെ വല്ലാതെ മുറിവേൽപ്പിച്ചിട്ടുണ്ട്..

എന്നാൽ ഉമ്മാന്റെ ഒറ്റപ്പെടലിനെ കുറിച് ആരും ചിന്തിക്കാത്തതെന്താണ്…….

“ചുറ്റും എളാമാരൂണ്ടല്ലോ….. എല്ലാരുടേം പൊര അടുത്തടത്തല്ലേ…… അതോണ്ട് ഒരു സമാധാനം ണ്ട്‌…… പിന്നെ ഉമ്മാക്ക്‌ ഭയങ്കര ധൈര്യാണേയ്……”

ഉമ്മാന്റെ ഭാവിയെപ്പറ്റി മൂത്ത മരുമോൾ അസീനാന്റെ സമാധനം ആണത്…..

ഓരോരുത്തർ ഓരോന്ന് പറഞ്ഞു സമാധാനിക്കുന്നു എങ്കിലും എന്റെ നെഞ്ചിലെ ചൂട് ആരും അറിയുന്നതേയില്ല…….

മക്കളും മരുമക്കളും എന്നെ ആശ്വസിപ്പിക്കുന്നതിനും പരിചരിക്കുന്നതിനും തിരക്ക് കൂട്ടുന്നു… പോകുന്നതിനു മുന്പേ ചെയ്യേണ്ടതെല്ലാം ചെയ്തു തീർക്കുന്നു…

പേര കുട്ട്യോളെ കൂടെ കൊറച്ചു നേരം ഇരുന്നാ ഉള്ളിലെ നോവ് തേല്ലോന്നടങ്ങും… പിന്നെ അവരും കൂടി പോയാൽ എന്താണെന്നാലോചിക്കുമ്പോ ഉള്ളിലെ മുറിവിനാഴം കൂടും……

ഇന്നവര് പോവാ…… എന്റെ കണ്ണിലെ കണ്ണുനീര് ഹൃദയത്തിലെ കടലാഴങ്ങളിൽ കൊണ്ട് പോയി ഒളിപ്പിക്കണം…. എന്നിട്ട് പുഞ്ചിരി തൂകിയെനിക്കവരെ യാത്രയാക്കണം….

കുട്ട്യോളെല്ലാം മാറ്റിയൊരുങ്ങി വന്നു…..

“വെല്ലിമ്മാടെ കുട്ട്യേള് ഇനി എപ്പളാ വരാ”

ചോദിക്കുമ്പോൾ ശബ്ദം ഇടറരുതേ എന്ന് വല്ലാണ്ട്‌ ആഗ്രഹിച്ചിരുന്നു…….

“അല്ല ഫസ്യേ……ജ്ജെന്താ ഒരുങ്ങാത്തത്”…..

എല്ലാവരും ഒരുങ്ങി വന്നിട്ടും രണ്ടാമത്തെ മരുമകൾ ഫസീലയും മക്കളും ഒരുങ്ങാത്തത് കണ്ട് ഞാൻ ചോദിച്ചു…..

“എല്ലാരും പോയാ പിന്നെ ഉമ്മ ഒറ്റക്കാവില്ലേ…..”

മറുപടി പറഞ്ഞത് രണ്ടാമത്തെ മകൻ ഹമീദായിരുന്നു.

“അയിനെന്താ ഹമിയേയ്….. നാല് പോറോ എളാമാർ ണ്ടലോ…. സഹായത്തിനാണെങ്കി ആ കുൽസൂ വെരും….. പിന്നെ ഇക്ക് പേടിയൊന്നുല്ലലോ…. ഇമ്മാടെ കുട്ട്യേൾ പൊയ്ക്കോളീം……..”

പറയുമ്പോൾ ഹൃദയം അലറി കരയുകയായിരുന്നു…… എങ്കിലും എന്റെ മക്കളുടെ സന്തോഷം എനിക്ക് വേണ്ടി മാറ്റി വെക്കാൻ ഞാൻ ഒരിക്കലും നിർബന്ധിക്കുകയുമില്ല…..

എന്റെ ഖൽബിന്റെ ഉള്ളിലെ വിങ്ങലിന്റെ ഭാരം അളക്കാനുള്ള കഴിവ് എന്റെ മക്കൾക്ക് പടച്ചോൻ കൊടുത്തിട്ടുമില്ല….

മനസ്സിലെ മുറിവിൽ നിന്നും രക്തം പൊടിഞ്ഞു തുടങ്ങിയിരുന്നു…..

“ജ്ജ് വേഗം മാറ്റിക്കോ ഫസ്യേ……”

ഞാൻ ഫസീലാടെ മുഖത്തേക്ക് നോക്കിയത് പറഞ്ഞപ്പോഴും അവൾ എന്നെ തന്നെ നോക്കി നിൽക്കുകയായിരുന്നു…… പിന്നെ പതിയെ വന്നു എന്റെ കൈകൾ അവളുടെ നെഞ്ചോട് ചേർത്തു പിടിച്ചു കൊണ്ട് ചോദിച്ചു “ചുറ്റും ഒരുപാട് പേരുണ്ടെങ്കിലും മനസ്സ് കൊണ്ട് ഉമ്മ ഒറ്റക്കാവില്ലേ……”

അവളുടെ മിഴികളിൽ ഉരുണ്ടു കൂടിയ കണ്ണ് നീരായിരുന്നു അവളെന്നെ മനസ്സിലാക്കിയതിനുള്ള അടയാളം…..

ആ കണ്ണുനീരിൽ എനിക്ക് കാണാമായിരുന്നു ഞങ്ങളുടെ മദ്രസ കഴിഞ്ഞുള്ള ഇറക്കവും ആ തോടും പാടവുമെല്ലാം….അവിടെ ഞാനും അവളും ഓടി കളിച്ചിരുന്നു…..

താഴ്ന്നു പറക്കുന്ന തുമ്പികളെ പിടിക്കാൻ ചാടിയിട്ടും കിട്ടാത്തത് കാണുമ്പോ ഞാൻ പറയും….

“ഞാൻ നീളം ഇല്ലാഞ്ഞിട്ടാണ് ആസ്യേ….”

അപ്പോൾ അവളെന്നെ ചേർത്തു പിടിക്കും….

ഞാൻ നിറ മിഴികളുയർത്തി അവളെ നോക്കും…

അങ്ങനെ നോക്കിയാലേ അവളെയെനിക്ക് കാണൂ……

“ഞാൻ നീളം ണ്ടായിട്ടും ഇക്ക് കിട്ടണില്ലലോ സൈനാ…..നമ്മക്ക് കിട്ടാനുള്ളത് നമ്മക്ക് കിട്ടും അത് നീളം ണ്ടായാലും ഇല്ലെങ്കിലും…..”നുണക്കുഴി കാട്ടിയുള്ള അവളുടെ ചിരിയിൽ ഞാനും പലതും മറന്നിരുന്നു…….

ഞങ്ങൾ പഠിച്ചത് ഒരുമിച്ചായിരുന്നു….. ഞങ്ങളുടെ വീടുകൾ നല്ലവണ്ണം അടുത്തല്ലെങ്കിലും നടന്നു പോവാവുന്നതേ ഉണ്ടായിരുന്നുള്ളു…. കാണാതിരുന്നാൽ വിങ്ങലുണ്ടാക്കുന്ന ബന്ധമായിരുന്നു ഞങ്ങളുടേത്…..

മഴ പെയ്യുമ്പോൾ ഒരു കുടയിൽ അവളെന്നെ തോളിലൂടെ കയ്യിട്ട് ചേർത്തു നിർത്തി ഞങ്ങൾ നടക്കുമ്പോൾ ഞങ്ങളിലെ ഞങ്ങളെ പരസ്പരം കൈമാറുമായിരുന്നു……

സുന്ദരമായ നിമിഷങ്ങളെ കുളിര്കാറ്റ് കൊണ്ടുപോയി….. എന്റെ കല്യാണം കഴിഞ്ഞു…..

ഞാൻ വിരുന്ന് വരുമ്പോഴൊക്കെ അവളോടി വന്നു അത് വരെ പറഞ്ഞു തീർക്കാൻ കഴിയാതെ പോയ കഥകളെല്ലാം പറഞ്ഞു തീർക്കും…

വിരുന്ന് വരുമ്പോൾ കൊണ്ട് വന്ന പലഹാരങ്ങളിൽ നിന്ന് അവൾക്കായൊരു പങ്ക് മാറ്റി വെക്കും…..

അവളുടെ വിവാഹവും കഴിഞ്ഞതോടെ കൂടിക്കാഴ്ചകൾ കുറഞ്ഞു….. പാടെ ഇല്ലാതായി എന്ന് വേണം പറയാൻ….. എനിക്ക് മൂത്ത മോൻ ജനിച്ചപ്പോൾ അവൾ കാണാൻ വന്നിരുന്നു…

എനിക്ക് രണ്ടാമത്തെ മകനും പെട്ടെന്ന് ജനിച്ചു… എന്നാൽ അവൾക്ക് അപ്പോഴും പടച്ചോൻ ഒരു കുഞ്ഞിനെ കൊടുത്തിരുന്നില്ല….അതിന്റെ വിശമം ഒത്തിരി നേരം കരഞ്ഞു തീർത്തിരുന്നു…..

പിന്നീട്പ്പഴോ ഉമ്മ പറഞ്ഞറിഞ്ഞു ആസ്യാക്ക് വിശേഷണ്ട് ത്രേന്ന്….. എനിക്ക് ഒത്തിരി സന്തോഷം തോന്നി…..അവളുടെ സങ്കടം കണ്ട എനിക്ക് അവളുടെ സന്തോഷം കൂടി കാണാൻ ആഗ്രഹമുണ്ടായിരുന്നു…..

അവൾ പ്രസവത്തിനായി വന്ന സമയത്ത് ഞാൻ അവളെ കണ്ടു… പഴയ ആസ്യയിൽ നിന്ന് അവൾ ഒരുപാട് മാറിയിരുന്നു……. ശരീരം മുഴുവൻ നീര് വന്നു വീർത്തിരുന്നു…… കാലൊന്നും താഴേക്ക് വെക്കാനായിരുന്നില്ല….. എന്നാലും അവളുടെ കൺകോണിലെ സന്തോഷത്തിന്റെ തിളക്കം എനിക്ക് മാത്രമായി കാണാനുണ്ടായിരുന്നു..

ഇനി അടുത്തത് കുട്ടീനെ കാണാൻ വരാന്ന് പറഞ്ഞു ഞാൻ ഇറങ്ങുമ്പോൾ അവളുടെ അദരങ്ങളിൽ ചുവപ്പ് കലർന്നിരുന്നു…. നുണക്കുഴികൾ വിരിഞ്ഞു നിന്നിരുന്നു…….

എന്നാൽ പിന്നീട് ഞാൻ ചെന്നപ്പോൾ കേട്ടത് പ്രസവത്തോടെ ആസ്യ ദുനിയാവിനെ പിരിഞ്ഞൂന്നാ….. തൊണ്ടക്കുഴിയിൽ നിന്നും വന്ന ഏങ്ങലുകൾ ശ്വാസത്തെ പിടിച്ചു നിർത്തുന്ന പോലെ തോന്നി….. മിഴികൾ അതിരുകളില്ലാതെ കവിഞ്ഞൊഴുകീ….

കുഞ്ഞിനെ അവളുടെ വീട്ടിലേക്ക് കൊണ്ട് വന്നിരുന്നു…. ഞാൻ അവളെ കാണാൻ പോയി…… ഞാൻ ഇരു കൈകളിൽ കോരിയെടുത്തു…. കുഞ്ഞിനെ കാത്തിരുന്ന ന്റെ ആസ്യാന്റെ മുഖം മനസ്സിൽ നോവ് തീർത്തു കൊണ്ടിരുന്നു…..കണ്ണുനീരിൽ കുതിർന്ന ചുംബനം ഞാൻ അവൾക്ക് നൽകി…..

പിന്നീട് ഞാൻ വീട്ടിൽ പോകുമ്പോഴെല്ലാം അവളുടെ അടുത്തേക്ക് പോയിരുന്നു…. എപ്പോഴെങ്കിലും കാണുന്ന മുഖമാണെങ്കിൽ കൂടി എന്നെ കാണുമ്പോൾ അവളുടെ കണ്ണിലെ തിളക്കം എന്നെ സന്തോഷിപ്പിച്ചിരുന്നു….അവൾക്ക് ഡ്രെസ്സും കളിപ്പാട്ടങ്ങളുമെല്ലാം വാങ്ങി ഞാൻ പോകുമായിരുന്നു

അവൾ ചിരിച്ചു കൊണ്ട് ഓടി വന്നു എന്നെ കെട്ടിപ്പിടിക്കുമായിരുന്നു…

മക്കൾ വളരും തോറും വീട്ടിലേക്കുള്ള എന്റെ വരവ് കുറഞ്ഞു…..പിന്നെ പിന്നെ തീരെ വരാതായി……മക്കളെല്ലാം പഠിച്ച് നല്ല ജോലിയൊക്കെയായി…..രണ്ട് പേർക്കും പെണ്ണന്വേഷിച്ചു തുടങ്ങിയപ്പഴേ എന്റെ മനസ്സിൽ ആ മുഖമായിരുന്നു….മൂത്ത മകന് വേഗം പെണ്ണ് ശെരിയായി….. രണ്ടാമത്തെ മകനു വേണ്ടി ഞാൻ അവളെ ചോദിച്ചു… അവർക്ക് പൂർണ സമ്മതമായിരുന്നു….. മോനും അവളെയിഷ്ടമായി…… പലരും പലതും പറഞ്ഞു….. ഒന്നുമില്ലാത്തോടത്ത് ന്നു വേണോ ഹമീദിനൊരു പെണ്ണിനെന്ന് പലരും ചോദിച്ചെങ്കിലും ന്റെ മനസ്സിൽ ഒരു മുഖമേ ഉണ്ടായിരുന്നുള്ളു…..

ഞാൻ വാങ്ങിയ വില കുറഞ്ഞ വസ്ത്രങ്ങൾക്ക് വിലമതിക്കാനാവാത്ത പുഞ്ചിരിയോടെ തന്നിലേക്ക് ഓടി വന്നിരുന്നവളെ…..

അതെ…ഇന്നവൾ തന്റെ മക്കളെക്കാളേറെ തന്നെ മനസ്സിലാക്കുന്നുണ്ട്…… എന്റെ മിഴികളിൽ കണ്ണ് നീര് ഉരുണ്ട് കൂടി… ചുളിഞ്ഞു തുടങ്ങിയ എന്റെ കൈകൾ ചേർത്തു പിടിച്ച അവളെ ഞാൻ കെട്ടിപ്പിടിച്ചു….. സങ്കടങ്ങളെല്ലാം ഞാൻ പേമാരി കണക്കെ പെയ്തു തീർത്തു…..

ഉപ്പ മരിച്ച അന്നാണ് ഉമ്മ ഇത്രയും കരഞ്ഞു കാണുന്നത്… ഉമ്മാന്റെ മനസ്സിൽ ഇത്ര വേദനയുള്ളതായി നമ്മളറിഞ്ഞില്ലല്ലോ…. കുറ്റബോധത്താലെന്റെ മക്കൾ മിഴികളോപ്പുന്നുണ്ടായിരുന്നു…

അപ്പോഴും അവളുടെ കൈകളെന്നെ തഴുകുന്നുണ്ടായിരുന്നു….. ആശ്വസിപ്പിക്കാനെന്ന പോൽ……….

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Aysha Akbar

Scroll to Top