ബ്ലാക്ക് & വൈറ്റ്, തുടർക്കഥയുടെ മൂന്നാം ഭാഗം വായിക്കൂ…

രചന : ശ്രീജിത്ത് ജയൻ .

“സർ എന്തിനാ എന്നെ ഫോളോ ചെയ്യുന്നത് ,

ചെറിയാൻ സാറിന്റെ മരണത്തെ കുറിച്ച് ചോദിക്കാൻ ആണെങ്കിൽ അതിന് ഇങ്ങനെയല്ല വരേണ്ടത്

കീർത്തി കൂടുതൽ ദേഷ്യത്തോടെ സംസാരിച്ചു.

“കേസിന്റെ കാര്യത്തിന് വേണ്ടി തന്നെയാണ് ഞാൻ തന്നെ ഫോളോ ചെയ്തത് , പക്ഷെ ഇപ്പോൾ വന്നത് തന്നെ പരിചയപെടാൻ വേണ്ടിയാണ് . ”

നന്ദൻ ഹസ്തദാനം നൽകുവാൻ വേണ്ടി കൈ ഉയർത്തി എങ്കിലും കീർത്തി അത് സ്വികരിക്കാതെ തിരിഞ്ഞു നടന്നു. നടന്നു നീങ്ങുന്ന കീർത്തിയെ ഒരു ചെറു ചിരിയോടെ നന്ദൻ നോക്കി നിന്നു .

ചെറിയാൻ ഫാമിലിയുടെ മരണത്തിന് പിന്നിൽ മറഞ്ഞിരിക്കുന്നത് ആരാണെന്നറിയാൻ നന്ദൻ ഒരുപാട് ശ്രമിച്ചെങ്കിലും അതിന് ഫലമുണ്ടായില്ല .

എല്ലാ വാതിലുകളും അടഞ്ഞപ്പോൾ നന്ദൻ ആ സംഭവം മറന്നു ഒപ്പം കീർത്തിയെയും .

“അപ്പൊ നാളെ ഏട്ടന് തിരിച്ച് ഡ്യൂട്ടിക്ക് പോവാം അല്ലെ ? ”

തന്റെ ഷൂസ് പോളിഷ് ചെയ്തുകൊണ്ടിരുന്ന നന്ദനോട് പാർവതി ചോദിച്ചു .

“മ് , എന്താ പതിവില്ലാതെ രാവിലെ തന്നെ ഒരു കുശലാന്വേഷണം ? ”

നന്ദൻ പാർവതിയുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി.

“അല്ല ഏട്ടാ നാളെ എന്റെ ഫ്രണ്ടിന്റെ ബർത്ത്ഡേ ആണ് , സോ അവൾക്ക് കാര്യമായി ഒരു ഗിഫ്റ് വാങ്ങാൻ കുറച്ചു കാശ് വേണമായിരുന്നു. ”

പാർവതി പതിഞ്ഞ സ്വരത്തിൽ ചോദിച്ചു. അപ്പോഴും നന്ദന്റെ മുഖഭാവം മാറുന്നുണ്ടോ എന്ന് പാർവതി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

ഷൂ പോളിഷ് ചെയ്തുകൊണ്ടിരുന്ന നന്ദൻ അത് ബെഡിൽ വച്ച ശേഷം പാർവതിയെ നോക്കി ചിരിച്ചു. നന്ദൻ പണം നൽകുമെന്ന ഉറപ്പിൽ പാർവതിയും .

“എത്ര വേണം ? ”

“ഒരു രണ്ടായിരം …..”

അത് കേട്ടതും നന്ദന്റെ മുഖത്തെ ഭാവം മാറി.

“ഡിഗ്രിക്ക് പോവാൻ തുടങ്ങിയപ്പോഴേ ഇങ്ങനെ ആണെങ്കിൽ മോള് പഠിപ്പ് നിർത്തിക്കോ , ചേട്ടൻ നല്ല വല്ല ചെക്കനെയും നോക്കാം .അല്ലെങ്കിലെ കഴിഞ്ഞ 6 മാസം എങ്ങനെയാ പിടിച്ചു നിന്നത് എന്ന് എനിക്കെ അറിയൂ . വീടിന്റെ ലോൺ , വീട്ട് ചെലവ് , നിന്റെ പേരിൽ ചേർന്നിരിക്കുന്ന കുറി ,

അങ്ങനെ…. നമ്മുടെ അച്ഛൻ ഒരു കൂലി പണിക്കാരൻ ആയിരുന്നു എന്ന് മോള് ഒന്ന് ഓർത്താൽ നന്നായിരിക്കും .ഏട്ടനും ഉണ്ട് ആഗ്രഹങ്ങൾ ,പക്ഷെ അതിന് പുറകെ പോയാൽ വീട്ടിലെ ആവശ്യങ്ങൾ നടക്കില്ല . അത് കൊണ്ട് ഇനി ഇതുപോലെ ഒരു സംസാരം ഉണ്ടാവരുത് .”

നന്ദൻ ദേഷ്യത്തോടെ ബെഡിൽ നിന്നും എഴുന്നേറ്റ് മുറിക്ക് പുറത്തേക്ക് നടന്നു. വാതിലിന് അരികിൽ എത്തിയപ്പോൾ നന്ദൻ എന്തോ ഓർത്തത് പോലെ പാർവതിയെ തിരിഞ്ഞു നോക്കി. നിറഞ്ഞു നിൽക്കുന്ന പാർവതിയുടെ കണ്ണുകൾ നന്ദനെ വേദനിപ്പിച്ചു.

“ഇന്നാ ഇത് വച്ചോ എന്റെ കയ്യിൽ ഇതേ ഒള്ളു . നമ്മൾ വാങ്ങി കൊടുക്കുന്ന സമ്മാനത്തിന്റെ വിലയിലേക്ക് നോക്കുന്ന ഒരാളും നമ്മളെ സുഹൃത്തായി കാണില്ല , അങ്ങനെ ഉള്ളവരെ ലൈഫിൽ ചേർത്തു നിർത്താനും പാടില്ല , കാരണം അവരുടെ കണ്ണിൽ എല്ലാവർക്കും ഒരു പ്രൈസ്സ് ടാഗ് ഉണ്ടാവും . ”

നന്ദൻ തന്റെ കയ്യിൽ ആകെ ഉണ്ടായിരുന്ന 500 രൂപ പാർവതിയെ ഏൽപിച്ച ശേഷം മുറിക്ക് പുറത്തേക്ക് പോയി. മിനിറ്റുകൾ കൊണ്ട് നന്ദനിൽ ഉണ്ടായ മാറ്റം പാർവതിയെ ഞെട്ടിച്ചു.

“ഇനി മനസ്സ് മാറി ഈ 500 തിരിച്ചു വാങ്ങുമോ , ദൈവത്തിന് അറിയാം ഇതിന് ആരുടെ സ്വഭാവം ആണെന്ന് .”

പാർവതി നന്ദൻ നൽകിയ പൈസയിലേക്ക് നോക്കിക്കൊണ്ട് സ്വയം പറഞ്ഞു.

“രമേശ് എന്താണ് സംഭവിച്ചത് , എങ്ങനെയാണ് സംഭവം നടന്നത് ? ”

“സന്ധ്യാ ഒരു വീട്ടിലെ നാല് പേരെയാണ് കൊല്ലപ്പെട്ടനിലയിൽ കാണാൻ കഴിയുന്നത് . നാല് പേരുടെയും തലയിലാണ് വെടി വച്ചിരിക്കുന്നത് .

കൃത്യം ചെയ്യാൻ ഉപയോഗിച്ചു എന്ന് കരുതുന്ന തോക്ക് പോലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല

സംഭവം നടന്ന് എന്ന് കരുതുന്ന വീടിന് മുൻപിൽ നിന്ന് കൊണ്ട് രമേശ് എന്ന റിപ്പോർട്ടർ പറഞ്ഞു.

“വാർത്തകൾ ഒരിക്കൽ കൂടി , മാധ്യമ പ്രവർത്തകനായ ഉമർ ഫാറൂഖും കുടുംബവും കൊല്ലപ്പെട്ടു.

ആ വാർത്ത കേട്ട് നന്ദൻ ഒന്ന് ഞെട്ടി. തലേ ദിവസം രാത്രിയാണ് കൊല്ലപ്പെട്ട ഉമർ ഫാറൂഖ് നന്ദനോട് നേരിൽ കാണണം എന്ന് ആവശ്യപ്പെട്ടത്. അദ്ദേഹത്തിന് തന്നോട് കാര്യമായി എന്തോ പറയാൻ ഉണ്ടെന്ന് തോന്നിയ നന്ദൻ അത് സമ്മതിച്ചു. ഫോണിലോടെ അയാൾ തന്നോട് പറഞ്ഞ വാക്കുകൾ നന്ദന്റെ മനസിലേക്ക് ഓടി വന്നു.

( തലേ ദിവസം രാത്രി )

കൊച്ചിയിൽ നിന്നും വീട്ടിലേക്കുള്ള യാത്രയിലാണ് നന്ദൻ. വഴിയിൽ വച്ച് തന്റെ ഫോൺ റിങ് ചെയുന്നുണ്ട് എന്ന് തോന്നിയ നന്ദൻ ബൈക്ക് റോഡിന് സൈഡിയിലേക്ക് നീക്കി നിർത്തിയ ശേഷം തലയിൽ നിന്നും ഹെൽമെറ്റ് മാറ്റി.

“ഹെലോ നന്ദകുമാർ സർ അല്ലെ ? ”

“അതേ , ഇത് ആരാണെന്ന് മനസിലായില്ല .”

നന്ദൻ തന്റെ ഫോണിൽ എഴുതി കാണിക്കുന്ന നമ്പർ നോക്കിയ ശേഷം പറഞ്ഞു .

“സർ എന്റെ പേര് ഉമർ ഫാറൂഖ് , ഞാനൊരു ജേർണലിസ്റ്റാണ് . കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചെറിയാൻ കൂട്ടക്കൊല കേസിനെ കുറിച്ച് പഠിക്കുകയായിരുന്നു ഞാൻ , അങ്ങനെയാണ് സാറിനെ കുറിച്ച് ACP യിൽ നിന്നും അറിയാൻ കഴിഞ്ഞത്. എനിക്ക് സാറിനോട് പ്രധാനപ്പെട്ട ചില കാര്യങ്ങൾ പറയാനുണ്ട് , പ്രധാനപ്പെട്ടത് എന്ന് പറഞ്ഞാൽ വളരെ പ്രധാനപ്പെട്ടത്. എനിക്ക് ഫോണിലൂടെ ഇത് പറയുന്നതിൽ കുറച്ചു ബുദ്ധിമുട്ടുണ്ട് , കൂടാതെ ഇത്തരത്തിൽ ഒരു സിൻഡിക്കേറ്റിനെ കുറിച്ച് ഫോണിലൂടെ പറയുന്നത് ഒട്ടും സുരക്ഷിതവുമല്ല ….”

“എനിക്ക് സർ പറഞ്ഞത് മനസിലായി , നമുക്ക് നാളെ രാവിലെ ഒരു 10 മണിക്ക് ഞങ്ങളുടെ ഓഫിസിന് അടുത്തുള്ള റെസ്റ്റോറന്റിൽ വച്ചു കാണാം

നന്ദൻ തന്റെ വാച്ചിൽ സമയം നോക്കിക്കൊണ്ട് പറഞ്ഞു .

“ഓകെ സർ താങ്ക്സ് .”

“സിൻഡിക്കേറ്റ് ”

ആ വാക്ക് നന്ദന്റെ കാതുകളിൽ മുഴങ്ങി.

കൂടുതൽ കാര്യങ്ങൾ അറിയാൻ വേണ്ടി നന്ദൻ സംഭവം നടന്ന സ്ഥലത്തേക്ക് പോയി .

വീടിന് ചുറ്റും ന്യൂസ് ചാനലുകാരെ കൊണ്ടും നാട്ടുകാരെ കൊണ്ടും നിറഞ്ഞിരുന്നു . നന്ദൻ വീടിന് ഉള്ളിലേക്ക് കയറാൻ തുടങ്ങിയതും ഒരു കോണ്സ്റ്റബിൾ നന്ദനെ തടഞ്ഞു. അയാൾക്ക് തന്നെ മനസ്സിലായിട്ടില്ല എന്ന് തോന്നിയ നന്ദൻ പോക്കറ്റിൽ നിന്നും തന്റെ ഐഡി കാർഡ് അയാൾക്ക് കാണിച്ചു കൊടുത്തു. അത് കണ്ടതും അയാൾ നന്ദനെ സലൂട് അടിച്ചു ഉള്ളിലേക്ക് കടത്തി വിട്ടു .വാതിൽ തുറന്ന് അകത്തേക്ക് കയറിയ നന്ദൻ ആദ്യം കണ്ടത് വാതിലിനോട് ചേർന്ന് കിടക്കുന്ന ഒരു സ്ത്രീയുടെ മൃതദേഹമാണ് .

അവിടെ നിന്നും കുറച്ചു നീങ്ങിയായി തറയിൽ ഉമറിന്റെ ബോഡിയും. നന്ദൻ ഒരു നിമിഷം ഉമറിനെ ദുഃഖത്തോടെ നോക്കിയ ശേഷം മറ്റ് ബോഡികൾ കിടക്കുന്ന സ്ഥാനങ്ങളിലേക്ക് പോയി. ഉമറിന്റെ മകന്റെ ബോഡി കിടന്നിരുന്നത് ഒരു മുറിയിൽ ആയിരുന്നു. ബോഡിക്ക് അരികിലായി ഫോണും ഹെഡ്‌സെറ്റും ഉണ്ടായിരുന്നു .അവിടെ മുഴുവൻ ഒന്ന് കണ്ണോടിച്ചശേഷം നന്ദൻ മുകളിലെ മുറിയിലേക്ക് നടന്നു.

സ്റ്റയർ കേസ് പാതി കയറി ചെന്നപ്പോൾ തന്നെ ഉമറിന്റെ മകളുടെ ബോഡിയും അവന് കാണാൻ കഴിഞ്ഞു. എല്ലാം കണ്ട് തിരിച്ചു ഹാളിലേക്ക് ചെന്നപ്പോഴാണ് നന്ദൻ ഒരു കാര്യം ശ്രദ്ധിച്ചത്. ഒരു ബുള്ളെറ്റ് പോലും പാഴാക്കാതെ എല്ലാവരുടെയും നെറ്റിയിൽ തന്നെ വെടിയുതിർത്ത ആ കൊലയാളി മനഃപൂർവം ഒരു വസ്തുവിലേക്ക് ഒരു കാരണവും കൂടാതെ പല തവണ വെടി വെച്ചിരിക്കുന്നു ,അത് മറ്റൊന്നും ആയിരുന്നില്ല ഇസ്‌ലാം മതത്തിന്റെ അടിസ്ഥാന ഗ്രന്ഥമായ ഖുർ‌ആൻ ആയിരുന്നു .

അവിടെ നിന്നും മറ്റെന്തെങ്കിലും കിട്ടുമോ എന്ന് നന്ദൻ അന്വേഷിച്ചു കൊണ്ടിരിക്കുമ്പോഴാണ് കാർത്തിക് അവിടേക്ക് വന്നത്.

“നീ ഇത് എപ്പോ എത്തി ? നിനക്ക് വിക്ടിംസിനെ നേരിട്ട് അറിയുമോ ? ”

പ്രതീക്ഷിക്കാതെ നന്ദനെ അവിടെവച്ച് കണ്ട കാർത്തിക് ചോദിച്ചു .

“ഇല്ല , പക്ഷെ ഇന്നലെ രാത്രി ഈ മരിച്ചു കിടക്കുന്ന ഉമർ എന്നെ വിളിച്ചിരുന്നു . എന്തോ പ്രധാനപ്പെട്ട കാര്യം പറയാൻ ഉണ്ടെന്നും പറഞ്ഞു .

പക്ഷെ അത് എന്താണെന്ന് പറയാൻ അയാൾക്ക് കഴിഞ്ഞില്ല .ചിലപ്പോൾ ആ രഹസ്യം തന്നെയായിരിക്കും ഈ കൊലകൾക്കും പിന്നിൽ. ”

നന്ദൻ മുൻവശത്തെ ഡോറിന്റെ ലോക്ക് പ്രവത്തിക്കുന്നുണ്ടോ എന്ന് പരിശോധിച്ചു കൊണ്ട് പറഞ്ഞു.

“നിനക്ക് എന്താ തോന്നുന്നത് ? ”

കാർത്തിക് മരിച്ചു കിടക്കുന്ന ഉമറിന്റെയും ഭാര്യയുടെയും ബോഡികളിലേക്ക് മാറി മാറി നോക്കിക്കൊണ്ട് ചോദിച്ചു.

“മരിച്ചിട്ട് അധികം നേരമായിട്ടില്ല ശരീരത്തിൽ ഇപ്പോഴും ചുടുണ്ട് . കാളിംഗ് ബെല്ലിന്റെ ശബ്‌ദം കേട്ട് ഉമറിന്റെ ഭാര്യ വാതിൽ പാതി തുറന്നതും പുറത്ത് നിന്നിരുന്ന കൊലയാളി അവരെ സൈലൻസർ ഘടിപ്പിച്ച പിസ്റ്റൽ കൊണ്ട് ഷൂട്ട് ചെയ്തു. അതിന് ശേഷം ഉള്ളിലേക്ക് തള്ളി കയറി ഉമറിന്റെയും .താഴെ എന്തോ വീഴുന്നത് പോലെയുള്ള ശബ്‌ദം കേട്ട് മുകളിൽ നിന്നും താഴേക്ക് വരാൻ തുടങ്ങിയ ഉമറിന്റെ മകളെയും അയാൾ കൊന്നു. ശേഷം ഒന്നും അറിയാതെ ഹെഡ്സെറ്റ് ഉപയോഗിച്ച് ഫോണിൽ കളിച്ചുകൊണ്ടിരുന്ന ഉമറിന്റെ മകനെയും .

എന്തിനെന്ന് അറിയില്ല അന്ന് ചെറിയാന്റെ വീട്ടിൽ ബൈബിൾ നശിപ്പിച്ചത് പോലെ ഇവിടെ ഖുർ‌ആനും നശിപ്പിച്ചിട്ടുണ്ട് . ഏറ്റവും അവസാനം ഉമർ അറിഞ്ഞ രഹസ്യം പോലീസ് അറിയാതെ ഇരിക്കാൻ ഉമറിന്റെ ഫോണും ലാപ്ടോപ്പും അയാൾ എവിടെ നിന്നും എടുത്തുകൊണ്ട് പോയി.

തറയിൽ രക്തത്തിൽ കിടന്നിരുന്ന ബുള്ളറ്റിന്റെ കെയ്‌സ് എടുത്തു നോക്കിക്കൊണ്ട് നന്ദൻ പറഞ്ഞു.

“നന്ദാ , നീ അന്ന് ചെറിയാൻ കേസിന് പിന്നിൽ ആരോ ഉണ്ടെന്ന് പറഞ്ഞപ്പോൾ ഞാനത് കാര്യമാക്കി എടുത്തില്ല . പക്ഷെ ഇപ്പൊ എനിക്കും തോന്നുന്നുണ്ട് , അതിന് ശക്തമായ ഒരു കാരണവുമുണ്ട്.

ചെറിയാൻ കേസിൽ ബോഡി ആദ്യമായി കണ്ട അതേ പെണ്കുട്ടി തന്നെയാണ് ഇവിടേയും സാക്ഷിയായി ഉള്ളത്. എനിക്ക് എന്തോ ആ പെണ്ണിനെ വല്ലാത്ത സംശയം , അത് കൊണ്ട് ACP യോട് അവളെ ആരും കാണാതെ ഉപയോഗിക്കാതെ കിടക്കുന്ന പഴയ കമ്മീഷണർ ഓഫീസിലേക്ക് കൊണ്ടുപോവാൻ പറഞ്ഞത് . വനിതാ സ്റ്റേഷനിലെ മേഴ്‌സി ചോദിക്കേണ്ട രീതിയിൽ ചോദിക്കുമ്പോൾ അവള് അറിയുന്നത് മുഴുവൻ പറയും .”

കാർത്തിക്കിന്റെ വാക്കുകളിൽ നിന്നും അവർ കീർത്തിയെ ഉപദ്രവിക്കാൻ പോവുകയാണെന്ന് നന്ദന് മനസ്സിലായി .

നന്ദൻ കാർത്തിക്കിനോട് ഒന്നും പറയാതെ വേഗം പുറത്തേക്ക് ഓടി. എത്രയും വേഗം പഴയ കമ്മീഷണർ ഓഫീസിൽ എത്തുക എന്നതായിരുന്നു നന്ദന്റെ ലക്ഷ്യം.

“സത്യം പറയുന്നതാണ് നല്ലത് ആരാ അവരെ കൊന്നത് ? ”

ACP ശ്രീരാജ് അല്പം ദേഷ്യത്തോടെ കീർത്തിയോട് ചോദിച്ചു .പക്ഷെ ഇത്തവണ കീർത്തി അല്പം തളർന്ന അവസ്ഥയിലായിരുന്നു ഉണ്ടായിരുന്നത് .

“സർ ഞാൻ പറഞ്ഞില്ലേ അറിയില്ലെന്ന് . അതെന്റെ കൂട്ടുകാരിയായ ജാസ്മിന്റെ വീടാണ് . അവളെ കാണാൻ വേണ്ടിയാണ് ഞാൻ അവിടെ പോയത് ,പക്ഷെ …..”

കീർത്തി കരയാൻ തുടങ്ങി.

“നിന്റെ മുതല കണ്ണുനീർ ഇവിടെയാർക്കും കാണേണ്ട . നീ അല്ലെ അവരെ കൊന്നത് ? ”

ശ്രീരാജ് മുൻപിൽ ഉണ്ടായിരുന്ന ടേബിളിൽ കൈകൊണ്ട് ഉറക്കെ അടിച്ചു.

“നോ , ഞാനല്ല . ഞാൻ അവിടേക്ക് ചെല്ലുമ്പോൾ ആരോ ഗേറ്റ് തുറന്ന് പുറത്തേക്ക് പോവുന്നുണ്ടായിരുന്നു ,പക്ഷെ മുഖം വ്യക്തമായി കണ്ടില്ല .”

കീർത്തി പേടികൊണ്ട് വിക്കിവിക്കി പറഞ്ഞു.

“ഒരു കള്ളം മറക്കാൻ അടുത്ത കള്ളം ,നിന്നോട് ഇങ്ങനെ ചോദിച്ചിട്ട് കാര്യമില്ല. മേഴ്‌സി ഇവൾക്ക് ഞാൻ ചോദിക്കുന്നത് തിരിയുന്നില്ല , വേണ്ടപോലെ ചോദിക്ക് .”

ശ്രീരാജ് കസേരയിൽ നിന്നും എഴുന്നേറ്റ് കുറച്ചുനീങ്ങി നിന്നു . വനിതാ സ്റ്റേഷനിലെ എസ്‌ ഐ മേഴ്‌സി കയ്യിൽ ഒരു ലാത്തിയുമായി കീർത്തിക്ക് നേരെ നടന്ന് വന്നു.

“നീ അല്ലെ അവരെ കൊന്നത് ?എങ്കിൽ പിന്നെ ആരാ അവരെ കൊന്നത് ? ”

“അറിയില്ല മേഡം ….”

കീർത്തി കരഞ്ഞു കലങ്ങിയ കണ്ണുകൾ കൊണ്ട് അവരെ നോക്കി .

“അറിയില്ല അല്ലെ ….”

മേഴ്‌സി കീർത്തിയുടെ പുറകിൽ ചെന്ന് നിന്ന് റാത്തി അവളുടെ കഴുത്തിൽ വച്ച് പുറകിലേക്ക് വലിച്ചു. ശ്വാസം കിട്ടാതെ കീർത്തി പിടഞ്ഞു.

“ഇനി പറ ആരാ അവരെ കൊന്നത് ?

എന്താ നിനക്ക് ഇതിലുള്ള റോൾ ? ”

കീർത്തിയുടെ കഴുത്തിൽ നിന്നും ലാത്തി മാറ്റിയശേഷം മേഴ്‌സി ചോദിച്ചു.

“എനിക്ക് ഈ കൊലയുമായി ഒരു ബന്ധവുമില്ല മേഡം , ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല …”

കീർത്തി ചുമച്ചുകൊണ്ട് പറഞ്ഞു .പക്ഷെ അവളുടെ മറുപടിയിൽ തൃപ്തി തോന്നാത്ത മേഴ്‌സി കീർത്തി ഇരുന്നിരുന്ന കസേരയിൽ ആഞ്ഞ് ചവിട്ടി. ശേഷം തറയിൽ വീണു കിടന്നിരുന്ന കീർത്തിയുടെ കാലിൽ ലാത്തികൊണ്ട് അടിക്കാൻ തുടങ്ങി.

“നിങ്ങൾ എന്താ ഈ ചെയ്യുന്നത് ? ”

കീർത്തിയെ തല്ലി കൊണ്ടിരുന്ന മേഴ്‌സിയെ തള്ളി മാറ്റിക്കൊണ്ട് നന്ദൻ ചോദിച്ചു.

“താൻ എന്തിനാ ഇവിടെ വന്നത് ? ഈ കേസ് ഹാൻഡിൽ ചെയ്യുന്നത് ഞാനാണ് .”

കീർത്തിയെ പിടിച്ച് എഴുനേല്പിക്കാൻ ശ്രമിച്ച നന്ദന്റെ തോളിൽ പിടിച്ചുകൊണ്ട് ശ്രീരാജ് ചോദിച്ചു.

“കൈ മാറ്റ് …”

“ഇല്ലെങ്കിൽ ……”

ശ്രീരാജ് നന്ദന്റെ ഷർട്ടിൽ കുത്തിപിടിച്ചതും നന്ദൻ അവന്റെ കവിളിൽ മുഷ്ടി ചുരുട്ടി ഇടിച്ചു.

അപ്പോഴേക്കും അവിടെ ഉണ്ടായിരുന്ന മറ്റു ചില പോലീസുകാർ അവരെ പിടിച്ചു മാറ്റി .

“എന്ത് ധൈര്യം ഉണ്ടായിട്ടാണ് നീ എന്നെ ഇടിച്ചത് , തന്റെ അതേ രംഗ് തന്നെയാണ് എനിക്കും .

തന്നെ ഞാൻ കാണിച്ചു തരാം .താൻ ഇനി യൂണിഫോം ഇടില്ല …..”

ശ്രീരാജ് ദേഷ്യത്തിൽ വിളിച്ചുകൂവി.

“എന്നെക്കുറിച്ചു ഒന്ന് അന്വേഷിക്ക് , എന്നിട്ട് മതി പോരിന് വിളിക്കുന്നത്. …..”

നന്ദൻ കീർത്തിയുമായി അവിടെ നിന്നും പുറത്തേക്ക് വന്നു.

“തനിക്ക് വേദനയുണ്ടോ ”

ഫോർട്ട് കൊച്ചി ബീച്ചിന് മുൻപിലുള്ള ഒരു ബെഞ്ചിൽ ഇരുന്നു കൊണ്ട് നന്ദൻ കീർത്തിയോട് ചോദിച്ചു .

“മ്…..”

“താൻ എങ്ങനെയാ എല്ലാ സ്ഥലത്തും എത്തുന്നത് ? എന്റെ മാത്രം സംശയമില്ല അവരുടെയുമാണ് അതുകൊണ്ടാണ് അവർ തന്നെ….”

നന്ദൻ കീർത്തിയുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു.

“അതിനുള്ള ഉത്തരം എനിക്കും അറിയില്ല .

ചെറിയാൻ സാറുമായി എനിക്ക് നല്ലൊരു അടുപ്പം ഉണ്ടായിരുന്നു . എന്റെ ഓര്ഫനേജിൽ അദ്ദേഹം ഇടക്ക് വരാറുമുണ്ട് , അങ്ങനെയാണ് ഞാൻ സാറിനെ പരിചയപ്പെടുന്നത്. പിന്നീട് സാർ മെമ്പറായിരുന്ന സംഘടനയുടെ ഭാഗമായി.സംഘടനയുടെ മീറ്റിങ് പലപ്പോഴും സാറിന്റെ വീട്ടിലാണ് നടക്കാറുള്ളത് . ശനിയാഴ്ച വൈകിട്ട്‌ ഞങ്ങൾ ഒരു തെരുവ് നാടകം നടത്തിയിരുന്നു ,

അതിന് സാർ വന്നില്ല ,ഞാൻ എത്ര വിളിച്ചിട്ടും സർ ഫോണും എടുക്കുന്നുണ്ടായിരുന്നില്ല .

അതുകൊണ്ടാണ് ഞായറാഴ്ച ക്ലിനിക്കിൽ നിന്നും ഇറങ്ങിയ ഞാൻ സാറിന്റെ വീട്ടിലേക്ക് പോയത് . ”

കീർത്തി എത്ര മാത്രം വേദന ഉണ്ടെന്ന് അവളുടെ മുഖത്ത് നിന്ന് തന്നെ വ്യക്തമായിരുന്നു .

“അപ്പൊ ഇന്നോ ? ”

“ജാസ്മിനും ഞാനും ഒരേ കമ്പനിയിലാണ് വർക്ക് ചെയ്യുന്നത്. ഞങ്ങൾ ഇന്ന് പുറത്ത് പോവാമെന്ന് പ്ലാൻ ചെയ്തിരുന്നു .അവൾക്ക് വണ്ടി ഇല്ലാത്തത് കൊണ്ട് ഞാൻ അവളെ വിളിക്കാൻ വേണ്ടിയാണ് അവിടേക്ക് പോയത്. ഞാൻ ഗേറ്റിന് അടുത്ത് എത്തിയതും ഒരാൾ ഗേറ്റ് തുറന്ന് പുറത്തേക്ക് നടന്ന് പോയി .

ഞാൻ കരുതി അവളുടെ ഉപ്പായെ കാണാൻ വേണ്ടി വന്ന ആരോ ആണെന്ന് .ഞാൻ ഒരുപാട് തവണ കോളിങ് ബെല്ലടിച്ചിട്ടും ഡോർ തുറക്കാതെ വന്നപ്പോൾ ഞാൻ അവളെ ഫോണിൽ വിളിച്ചു.

അവളുടെ ഫോൺ അടിക്കുന്ന ശബ്‌ദം എനിക്ക് കേൾക്കാൻ കഴിഞ്ഞു . സംശയം തോന്നിയപ്പോഴാണ് ഡോർ തുറക്കാൻ ശ്രമിച്ചത് .ഡോർ ലോക്ക് ചെയ്തിട്ടുണ്ടായിരുന്നില്ല .ഡോർ തുറന്ന് അകത്തേക്ക് കയറാൻ തുടങ്ങിയ ഞാൻ കണ്ടത് മരിച്ചു കിടക്കുന്ന അവളുടെ ഉമ്മയുടെ കാലുകളാണ്. അപ്പോൾ തന്നെ പുറത്തേക്ക് ഇറങ്ങിപ്പോയ ആളെ ഞാൻ റോഡിൽ പോയി നോക്കി എങ്കിലും അയാൾ പോയിരുന്നു. ഉടനെ തന്നെ ഞാൻ അപ്പുറത്തെ വീട്ടിൽ പോയി കാര്യങ്ങൾ പറഞ്ഞു.

അവരാണ് പോലീസിനെ വിളിച്ചത്.”

കീർത്തി അപ്പോഴും കൂട്ടുകാരി മരിച്ചു കിടക്കുന്നത് കണ്ടതിന്റെ ഷോക്കിൽ നിന്നും പുറത്ത് വന്നിട്ടില്ല എന്ന് നന്ദൻ മനസിലാക്കി.

“താൻ പറഞ്ഞത് ഞാൻ വിശ്വസിക്കുന്നു. താൻ എനിക്ക് ഒരു ഉപകാരം ചെയ്യണം ഒരിക്കലും ഇന്ന് നടന്നത് മറ്റാരോടും പറയരുത് . പ്രത്യേകിച്ച് തന്റെ കൂടെ താമസിക്കുന്ന കൂട്ടുകാരോട് . തനിക്ക് ഇനി ഒരിക്കലും ഇങ്ങനെ ഒരു അനുഭവം ഉണ്ടാവില്ല , ഇത് എന്റെ വാക്കാണ് .”

നന്ദൻ കീർത്തിയുടെ കണ്ണിലേക്ക് നോക്കി കൊണ്ട് പറഞ്ഞു .ശേഷം കീർത്തിയെ അവളുടെ ഫ്ലാറ്റിന് താഴെ ഡ്രോപ്പ് ചെയ്തു.

“ഞാൻ പറഞ്ഞത് ഓർമ്മ ഉണ്ടല്ലോ , ഇത്‌ ആരോടും പറയരുത് . പിന്നെ രാത്രിയിൽ ആരെങ്കിലും ഡോറിൽ തട്ടിയാൽ വാതിൽ തുറക്കരുത് അത് പോലെ ഒറ്റക്ക് എവിടെയും പോവാനും പാടില്ല.

എന്തെങ്കിലും ഉണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി .”

നന്ദൻ തന്റെ വിസിറ്റിംഗ് കാർഡ് കീർത്തിക്ക് നേരെ നീട്ടി. അത് വാങ്ങിയ ശേഷം ശരി എന്ന അർത്ഥത്തിൽ തലയാട്ടികൊണ്ട് കീർത്തി നടന്നു.

നന്ദൻ നേരെ പോയത് കാർത്തിക്കിനെ കാണാൻ ആയിരുന്നു. കീർത്തിയെ നന്ദൻ രക്ഷിച്ചു എന്നറിഞ്ഞ് ദേഷ്യത്തിലായിരുന്നു കാർത്തിക് അപ്പോൾ

“കാർത്തിക് …”

“നീ ആരാ എന്റെ കീഴിൽ ജോലി ചെയുന്ന ഒരു ഓഫീസറെ ഇടിച്ചു വീഴ്ത്തി , ഞാൻ ചോദ്യം ചെയ്യാൻ പറഞ്ഞ പ്രതിയെ രക്ഷിക്കാൻ? അതിന് അവള് നിന്റെ ആരാ?”

കാർത്തിക് നന്ദന്റെ ഷർട്ടിന്റെ കോളറിൽ കുത്തി പിടിച്ചുകൊണ്ട് ചോദിച്ചു.

“ആദ്യം ഞാൻ പറയുന്നത് നീ കേൾക്ക് . അവളല്ല ആ കൊലപാതകം ചെയ്തത് . ബോഡി ആദ്യം കണ്ടു എന്നല്ലാതെ ഈ കേസുമായി അവൾക്ക് വേറെ ഒരു ബന്ധവുമില്ല .പക്ഷെ കൊലയാളി ആരായാലും , ഇന്ന് അയാൾ അവളെ തേടി അവളുടെ ഫ്ലാറ്റിൽ ചെല്ലും . കാരണം കൊലയാളിയെ കണ്ട ഏക സാക്ഷി അവളാണ് .അത്കൊണ്ട് അവളെന്ന തെളിവ് നശിപ്പിക്കാൻ ഇന്ന് അവൻ വരും .”

കൊലയാളി കീർത്തിയെ തേടി വരുമെന്ന് നന്ദന് ഉറപ്പായിരുന്നു .അത് കൊണ്ട് തന്നെ ആരും അറിയാതെ അവളുടെ ഫ്ലാറ്റിൽ പോലീസ് ക്യാമ്പ് ചെയ്തു ഒപ്പം നന്ദനും

തുടരും….

കഥയെ പേടിയോടെ നോക്കി കാണുന്ന കൂട്ടുകാരോട്.

ഇതൊരു സാങ്കൽപിക കഥയാണ്. കൂടാതെ സാത്താൻ സേവിയിൽ നടക്കുന്ന ക്രൂരമായ കർമ്മങ്ങളെ കുറിച്ച് അമിതമായി ഒന്നും ഞാൻ ഈ കഥയിൽ എഴുതിയിട്ടില്ല. എന്റെ ചെറിയ അന്വേഷണത്തിൽ എനിക്ക് അറിയാൻ കഴിഞ്ഞ വിവരങ്ങൾ മുഴുവൻ എഴുതിയാൽ ആരും ഇത് വായിക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട് .

അത് കൊണ്ടാണ് ഞാൻ ഈ കഥയെ ഒരു റൊമാന്റിക് ത്രില്ലർ ആക്കിയത്. ഈ കഥ ഒരു ഹൊറർ സ്റ്റോറി അല്ല എന്ന് ഞാൻ ഉറപ്പ് നൽകുന്നു. അത്കൊണ്ട് പറന്ന് നടക്കുന്ന തീഗോളമോ സാത്താനോ ഈ കഥയിൽ ഇല്ല.

അന്ധവിശ്വാസങ്ങളുടെ പേരിൽ കുറ്റകൃത്യങ്ങൾ ചെയുന്ന ചിലരും അവരെ കണ്ടെത്താൻ ശ്രമിക്കുന്ന നായകനും , അതിലേക്ക് വഴികാട്ടിയായി ഒരു നായികയും. ഇതാണ് കഥ. എന്ന് വച്ചു സസ്‌പെൻസ് ഇല്ലായെന്ന് ഞാൻ പറയുന്നില്ല.പറഞ്ഞാലും നിങ്ങൾ വിശ്വസിക്കുമെന്ന് എനിക്ക് തോന്നുന്നില്ല .

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും….

രചന : ശ്രീജിത്ത് ജയൻ .

Scroll to Top